രചന – ആർദ്ര അമ്മു
ദേവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ട് അഭിക്ക് തോന്നിയതിന്റെ ഇരട്ടി ദേഷ്യവും പകയും അവനു വിവേകിനോടും ഗോവിന്ദനോടും തോന്നി. അവന്റെ അമർഷം മനസ്സിലാക്കാൻ അവന്റെ വാക്കുകൾ തന്നെ മതിയായിരുന്നു. ഒരു വിധം അവനെ പ്ലാനും മറ്റും പറഞ്ഞു സമാധാനിപ്പിച്ച് അഭി കാൾ കട്ട് ചെയ്തു. എന്തായി ദേവിനോടെല്ലാം പറഞ്ഞോ???? ശിവനന്ദൻ അവനോടായി ചോദിച്ചു. മ്മ് അവനെല്ലാത്തിനും കൂടെയുണ്ട്. വാ നമുക്ക് വേറെയും പണിയുണ്ട്. അച്ഛന് പിറകെ നടക്കുമ്പോൾ ഡെഡ് ബോഡിയിൽ കെട്ടിപിടിച്ചു കരയുന്ന ശ്രീയെ ചങ്ക് പൊട്ടുന്ന വേദനയിൽ അവൻ കണ്ടില്ല എന്നു നടിച്ചു. കർമ്മങ്ങൾ ചെയ്യുമ്പോൾ തന്റെ ചെറിയച്ഛൻ ജീവനോടെയുണ്ട് എന്ന് വിളിച്ച് പറയാൻ അവന്റെ മനസ്സ് കൊതിച്ചു. പക്ഷെ ഹരിയുടെ ജീവന് ആപത്തൊന്നും സംഭവിക്കാതിരിക്കാൻ അവൻ ശാസനയോടെ നാവിനെ വിലക്കി. ജീവിച്ചിരിക്കുന്ന ആൾക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുമ്പോൾ അവന്റെ കയ്യും ചുണ്ടുകളും വിറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിൽ പകയാളുകയായിരുന്നു.
ശവസംസ്കാരവും മറ്റും കഴിഞ്ഞു ശ്രീലകം തറവാട് മൂകമായി നിന്നു. കളിയും ചിരിയും അലയടിച്ചു കൊണ്ടിരുന്ന തറവാട്ടിൽ തേങ്ങലുകൾ മാത്രമായി. താറവാട്ടിലെ കുളക്കടവിൽ ഇനി നടത്തേണ്ട പ്ലാനിങ്ങുകളെ പറ്റി ചർച്ച നടത്തുകയാണ് വിവേകും ഗോവിന്ദനും. ഇന്ന് തന്നെ ആ പരട്ട കിളവനെ കണ്ട് ശ്രീക്കുട്ടിയെ എനിക്ക് വിവാഹം ചെയ്തു തരണമെന്ന് പറയണം ഇനിയും വൈകിക്കൂട. ആരെയാ വിവി നിനക്ക് കല്യാണം കഴിക്കേണ്ടത്????? ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ കാണുന്നത് ചിരിയോടെ പടിക്കെട്ടിൽ നിൽക്കുന്ന അഭിയേയും ശിവനന്ദനേയുമാണ്. വിവേക് മറുപടി ഒന്നും പറയാതെ ദേഷ്യത്തിൽ മുഖം തിരിച്ചു. നിനക്കെന്നോട് ദേഷ്യമാണോ വിവി???? അഭിയുടെ ചോദ്യത്തെ അവൻ പാടെ അവഗണിച്ചു. ഗോവിന്ദാ നിങ്ങൾ സംസാരിക്കുന്നത് ഞാൻ കേട്ടു.
വിവേകിനെ കൊണ്ട് ശ്രീക്കുട്ടിയെ കല്യാണം കഴിപ്പിക്കണം അത് വഴി ഹരി സമ്പാദിച്ച കോടിക്കണക്കിനു സ്വത്തുക്കൾ കൈക്കലാക്കണം എന്നല്ലേ നിങ്ങളുടെ ആഗ്രഹം. എന്നാൽ ഇനി മുതൽ ഞങ്ങളുമുണ്ട് കൂടെ. ശിവനന്ദന്റെ വാക്കുകൾ കേട്ട് അവർ ഞെട്ടി അയാളെ നോക്കി. ഹഹഹ ഞെട്ടി പോയല്ലേ???? നിങ്ങളൊക്കെ ഇത് പ്ലാൻ ചെയ്യുന്നതിന് മുന്നേ ഞാനും ഇവനും സ്വത്തിനു വേണ്ടി പലതും പ്ലാൻ ചെയ്തതാ. അവർ വിശ്വാസം വരാതെ അയാളെ നോക്കി. വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ???? എന്നാൽ അതാണ് സത്യം. പഠിപ്പെല്ലാം കഴിഞ്ഞു ഞാൻ ബിസ്സിനെസ്സ് നോക്കി നടത്താൻ തുടങ്ങിയപ്പോൾ സന്തോഷമായിരുന്നു മനസ്സിൽ.
എന്നാൽ ഹരിയോട് അച്ഛൻ എന്റെ കൂടെ ഫാമിലി ബിസ്സിനെസ്സ് നോക്കി നടത്താൻ പറഞ്ഞപ്പോൾ ഇതുവരെ കയ്യിൽ അടക്കി വെച്ചത് നഷ്ടമാവുമോ എന്ന് ഞാൻ പേടിച്ചു. പക്ഷെ അവൻ അതിൽ താല്പര്യമില്ല എന്ന് പറഞ്ഞൊഴിഞ്ഞു മാറിയപ്പോൾ ഞാൻ അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നു. എന്നാൽ ആ സന്തോഷത്തിന് അധികനാൾ ആയുസില്ലായിരുന്നു. ഹരി സ്വന്തമായി ബിസ്സിനെസ്സ് സാമ്രാജ്യം പടുത്തുയർത്തി അവിടെ എന്റെ വീഴ്ച തുടങ്ങി. അവന്റെ കമ്പനി പേരെടുക്കാൻ തുടങ്ങി. എന്നേക്കാൾ ഉയരങ്ങളിൽ എന്റെ അനുജനായ അവൻ എത്തിയപ്പോൾ പലരും ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കാൻ തുടങ്ങി. എന്തിനേറെ അച്ഛൻ പോലും എന്നെക്കാൾ അവനെ ഉയർത്തി കാണിക്കാൻ തുടങ്ങി.
അത് കൂടി ആയപ്പോൾ എനിക്കവനോടുള്ള പക വളരാൻ തുടങ്ങി. അയാളുടെ മുഖത്തെ രൗദ്രഭാവത്തെ നോക്കി കാണുകയായിരുന്നു വിവേകും ഗോവിന്ദനും. പക്ഷെ പുറമെ ഞാനൊന്നും കാണിച്ചില്ല ഒരവസരത്തിനായി കാത്തിരുന്നു. വാശി ആയിരുന്നു എനിക്ക് അവന്റെ സ്വത്തുക്കൾ കൂടി ഏത് വിധേനയും കൈക്കലാക്കാനുള്ള വാശി. അത് ഞാൻ എന്റെ മകനിലേക്കും പകർന്നു നൽകി. പക്ഷെ അത് ഞങ്ങൾ രണ്ടും പ്രകടിപ്പിക്കാതെ മനസ്സിൽ കൊണ്ടു നടന്നു. അവന്റെ വിശ്വാസം നേടിയെടുത്ത് കൂടെ നിന്ന് അവനുള്ള കുഴി തോണ്ടുക അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ശ്രീക്കുട്ടിയെ ഇവൻ സ്വന്തം പെങ്ങളെ പോലെ കൊണ്ടുനടന്നതും നിങ്ങളെ ശത്രുക്കളെ പോലെ കണ്ടതുമെല്ലാം ഇതൊക്കെ മനസ്സിൽ കണ്ടായിരുന്നു. എംബിഎ കഴിഞ്ഞു വന്ന അഭിയെ ഹരിക്കൊരു സഹായം എന്ന പേരിൽ അവന്റെ കമ്പനിയിൽ നിർത്തിയത് പോലും കൂടെ നിന്ന് ചതിച്ചു സ്വത്ത് തട്ടിയെടുക്കാനായിരുന്നു.
പക്ഷെ അതിന് മുന്നേ അവനെ കാലൻ കൊണ്ടുപോയില്ലേ?????? പല്ല് ഞെരിച്ചു കൊണ്ടയാൾ പറഞ്ഞു നിർത്തി. ഇതെല്ലാം കേട്ട് വിവേകും ഗോവിന്ദനും ഒരു നിമിഷം മൗനമായിരുന്നു. ഇപ്പൊ എന്തിനാ ഞങ്ങളുടെ കൂടെ കൂടുന്നത്??????? വിവേക് സംശയത്തോടെ ചോദിച്ചു. സിമ്പിൾ നമ്മുടെ രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. നമുക്ക് വേണ്ടത് അയാളുടെ സ്വത്തുക്കളാണ്. എന്ത് സഹായത്തിനും കൂടെ ഞങ്ങളുണ്ട്. ശ്രീക്കുട്ടിയെ വിവേകിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ഞങ്ങൾ മുൻപന്തിയിൽ നിൽക്കാം പക്ഷെ ഒരേ ഒരു ഡിമാൻഡ്. സ്വത്തുക്കൾ കിട്ടുമ്പോൾ ഫിഫ്റ്റി – ഫിഫ്റ്റി. എന്ത് പറയുന്നു സമ്മതമാണോ???? അഭി ചോദിച്ചു. അളിയൻ ഇപ്പൊ എടുത്തു ചാടി തീരുമാനം പറയണ്ട. നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി. ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് ആവശ്യങ്ങളുണ്ടാവും. അത്രയും പറഞ്ഞയാൾ അഭിയേയും കൊണ്ട് തിരികെ നടക്കാനൊരുങ്ങി. സമ്മതം…………. ഗോവിന്ദന്റെ ശബ്ദം കേട്ട് പെട്ടന്നവർ തിരിഞ്ഞു. അളിയൻ നന്നായി ആലോചിച്ചിട്ട് തന്നെയല്ലേ സമ്മതം പറഞ്ഞത്.
അവസാനം സ്വത്ത് വീതിക്കലിനുള്ള സമയം വരുമ്പോൾ പിന്നെ തർക്കിച്ചിട്ട് കാര്യമില്ല. ഇല്ല ഞാൻ പൂർണ്ണ മനസ്സോടെയാണ് സമ്മതിച്ചത് ഒന്നിച്ചു നിന്നാൽ നേട്ടങ്ങൾ മാത്രമാണുള്ളതെങ്കിൽ പിന്നെന്താ ആലോചിക്കാനുള്ളത്. എന്നാൽ കൊടളിയാ കൈ. ശിവനന്ദൻ അയാൾക്ക് നേരെ കൈ നീട്ടി. അയാൾ തിരികെ കൈ കൊടുത്തു. ഈ അഭി വിവേകിന് നേരെ കൈ നീട്ടി ഒരു സംശയത്തോടെ അവൻ തിരികെ കൈ കൊടുത്തു. എന്നാൽ ഞങ്ങൾ അകത്തോട്ട് ചെല്ലട്ടെ അളിയാ നമുക്ക് ബാക്കി കാര്യങ്ങൾ രാത്രി സംസാരിച്ചു തീരുമാനിക്കാം. അങ്ങനെ ആവട്ടെ. തിരികെ നടക്കുമ്പോൾ ശിവനന്ദന്റെയും അഭിയുടെയും ചുണ്ടിൽ പകയുടെയും ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വിജയിച്ചതിന്റെയും ഒരു പുഞ്ചിരി തത്തി കളിച്ചു. ആ ചിരിയോട് തന്നെ അഭി ഫോണെടുത്ത് ദേവ് എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു. ശ്രീലകം തറവാട്ട് മതിലിനു സമീപത്തതായി നിർത്തി ഇട്ടിരുന്ന കാറിലെ കോ ഡ്രൈവിംഗ് സീറ്റിലിരുന്ന ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട ഋഷി ഫോണെടുത്തു നോക്കി. * PLAN 1 SUCCEEDED * അത് വായിച്ച ഋഷിയുടെ ചുണ്ടിലേക്കും ആ ചിരി പടർന്നു. ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ കാർ മുന്നോട്ടെടുത്തു.
അവർ പോയി കഴിഞ്ഞതും വിവേക് ഗോവിന്ദന് നേരെ ദേഷ്യത്തിൽ തിരിഞ്ഞു. അച്ഛനെന്തിനാ അവരോട് സമ്മതം അറിയിച്ചത്. അവരെ കൂടെ കൂട്ടാനാണോ അച്ഛന്റെ പ്ലാൻ????? എല്ലാം അറിഞ്ഞാൽ അവർ കൂടെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ???? എനിക്കവരെ അത്ര വിശ്വാസം പോര. എടാ വിവി നീ എന്നെപറ്റി എന്താ കരുതിയത്??? ഒന്നും മുന്നിൽ കാണാതെ ഞാൻ ഇത് ചെയ്യോ??? നമ്മുടെ രഹസ്യങ്ങൾ ഒന്നും തന്നെ അവരറിയാൻ പോവുന്നില്ല. പിന്നെ അവരിപ്പോ നമ്മുടെ കൂടെയുള്ളത് നമ്മുടെ നല്ലതിന് തന്നാ. ഒന്ന് ശ്രീക്കുട്ടിയുടെ കാര്യത്തിൽ ഒരു തടസ്സവുമില്ലാതെ നമുക്ക് മുന്നോട്ട് പോവാം രണ്ടു ആവശ്യങ്ങളെല്ലാം കഴിയുമ്പോൾ യാതൊരു സംശയവും വരാത്ത രീതിയിൽ എളുപ്പം അവരുടെ തലയിൽ കുറ്റങ്ങൾ കെട്ടി വെക്കാം. പിന്നെ നീയും കണ്ടതല്ലേ ശിവന്റെ കണ്ണിലെ ഹരിയോടുള്ള വെറുപ്പ്. സ്വന്തം അനിയൻ മരിച്ചെന്നറിഞ്ഞ വല്ല വിഷമവും അവന്റെ മുഖത്തുണ്ടോ???? അവരും നമ്മുടെ കൂടെ നിൽക്കുന്നത് കൊണ്ട് നഷ്ടം ഒന്നുമില്ലല്ലോ. മ്മ്മ്മ്. വിവേക് ഗൗരവത്തിൽ മൂളി.
അന്ന് വൈകിട്ട് ഗോവിന്ദനും വിവേകും ശ്രീധരന്റെ മുറിയിലെത്തി. താൻ ജീവിച്ചിരിക്കെയുള്ള മകന്റെ മരണത്തിൽ തകർന്നയാൾ ഇരിക്കുകയായിരുന്നു. അച്ഛാ……………. ഗോവിന്ദൻ അയാളെ വിളിച്ചു. അയാൾ തലയുയർത്തി നോക്കി. എനിക്കച്ഛനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. എന്തായാലും നാളെ പറഞ്ഞാൽ മതി എനിക്കിപ്പോ ഒന്നും കേൾക്കാനുള്ള മനസ്സില്ലാ. അയാൾ വളരെ അസ്വസ്ഥനായിരുന്നു. അങ്ങനെ അല്ല മുത്തശ്ശാ ഇതിന്ന് തന്നെ മുത്തശ്ശൻ അറിയണം. മുത്തശ്ശൻ ഇതൊന്ന് നോക്കിയേ?????? ഫോൺ അയാൾക്ക് കാണാവുന്ന വിധത്തിൽ പിടിച്ചുകൊണ്ട് വിവേക് പറഞ്ഞു. അതിലെ ഫോട്ടോ കണ്ടയാൾ നടുങ്ങി. ഇരുണ്ട ഒരു മുറിയിൽ ബോധമില്ലാതെ കിടക്കുന്ന തന്റെ മകൻ. ഞെട്ടിക്കൊണ്ടയാൾ എഴുന്നേറ്റു.
ഞെട്ടണ്ട മുത്തശ്ശാ അമ്മാവൻ ജീവനോടെ തന്നെയുണ്ട്. പക്ഷെ ഇനി ജീവിക്കണോ എന്ന് ഞങ്ങൾ തീരുമാനിക്കും. എന്റെ മകനെ എന്ത് ചെയ്തെടാ മഹാപാപികളെ നീയൊക്കെ കൂടെ???? ഒന്നും ചെയ്തിട്ടില്ല മുത്തശ്ശാ അമ്മാവൻ ജീവനോടെ സുരക്ഷിതമായി തന്നെയുണ്ട് ഇന്നിവിടെ സംസ്കരിച്ചത് ഏതോ അനാഥ ശവമാണ്. പക്ഷെ യഥാർത്ഥത്തിൽ മകന്റെ ചിത ഇവിടെ കത്തണ്ടങ്കിൽ ഞങ്ങൾ പറയുന്നത് കേൾക്കണം. എത്രയും വേഗം ശ്രീക്കുട്ടിയെ മുത്തശ്ശൻ എനിക്ക് വിവാഹം ചെയ്തു തരണം. ഇല്ല അതൊരിക്കലും നടക്കില്ല. എങ്കിൽ പിന്നെ സ്വന്തം മകന്റെ ജീവൻ നഷ്ടമായി എന്ന് കൂട്ടിക്കോ. തളർന്നയാൾ ബെഡിൽ തലക്ക് കൈ കൊടുത്തിരുന്നു പോയി. മുത്തശ്ശന് തീരുമാനം പറയാൻ ഞാനീ വിളിക്കുന്ന കാൾ കണക്റ്റാവുന്നത് വരെ സമയം തരാം. ഈ ഒരു ഫോൺ കോളിലാണ് മുത്തശ്ശന്റെ മകന്റെ ജീവനിരിക്കുന്നത്. വിവേക് ഫോൺ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു. കാൾ റിങ് ചെയ്തു കൊണ്ടിരുന്നു. പ്രതികരിക്കാൻ പോലുമാവാതെ ശില പോലെ അയാളിരുന്നു. ഓരോ റിങ്ങിലും ഹൃദയം പിടച്ചു കൊണ്ടിരുന്നു.
മകന്റെ ജീവൻ തിരിച്ചു പിടിക്കാൻ കൊച്ചുമകളെ ബലി കൊടുക്കേണ്ടി വരുന്നു ഹൃദയം നുറുങ്ങുന്ന വേദന ആ വൃദ്ധന് തോന്നി. വേണ്ട………. ഞാൻ….. ഞാൻ നിങ്ങൾ പറയുന്നതെല്ലാം അനുസരിക്കാം. നെഞ്ചു പൊട്ടുന്ന വേദനയിൽ പറഞ്ഞു കൊണ്ടയാൾ കിടക്കയിലേക്ക് വീണു. എല്ലാം കണ്ടു പുച്ഛത്തോടെ എല്ലാം നേടിയെന്ന ഭാവത്തിൽ അവർ കാൾ കട്ട് ചെയ്തു പുറത്തേക്കിറങ്ങി. ഇതെല്ലാം കേട്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. എന്നിട്ട്??????? പതിഞ്ഞ ശബ്ദത്തിൽ ശ്രീ ചോദിച്ചു. അവരുടെ കൂടെ നടന്ന് ചെറിയച്ഛനെ കണ്ടെത്താൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷെ നടന്നില്ല. ദിവസങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ നിന്നെ അവന് കല്യാണം ചെയ്തു കൊടുക്കാൻ വരെ തീരുമാനിച്ചു. ഒന്നും മിണ്ടാനാവാതെ എല്ലാത്തിനും സപ്പോർട്ടായി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. കല്യാണം നടക്കുന്നതിന് മുന്നേ ചെറിയച്ഛനെ കണ്ടെത്തണം പക്ഷെ അത് സാധ്യമായിരുന്നില്ല.
ഞാനും അച്ഛനും ദേവും എല്ലാവരും കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല. അതിനിടയിൽ എന്നെയും ചെറിയച്ഛനെയും കൂടെ നിന്ന് ചതിച്ചതാരാണെന്ന് കണ്ടെത്താൻ ശ്രമിച്ചു. ഓഫീസിലെ ജീവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി തുടങ്ങി. പക്ഷെ അവന്റെ കയ്യിൽ നിന്ന് സത്യങ്ങൾ കണ്ടെത്തണമെങ്കിൽ ഞങ്ങൾക്ക് സമയം ആവശ്യമായിരുന്നു. കല്യാണ ദിവസം അടിക്കും തോറും ഞങ്ങളെക്കാൾ ഏറ്റവും ടെൻഷൻ അനുഭവിച്ചത് ദേവായിരിന്നു. അവസാനം മുത്തശ്ശനെ തല്ക്കാലം എല്ലാം അറിയിച്ചിട്ട് ശ്രീക്കുട്ടിയേയും ചെറിയമ്മയെയും ഇവിടുന്ന് ഋഷിയുടെ വീട്ടിലേക്ക് മാറ്റാമെന്ന് അവൻ തന്നെയാണ് എന്നോട് പറഞ്ഞത്. അത് പ്രകാരം കല്യാണത്തലെന്നു രാത്രി ദേവ് കാറുമായി ഇവിടെ എത്തി.
പക്ഷെ എല്ലാം മുത്തശ്ശനോട് പറയാൻ വന്ന ഞാൻ കാണുന്നത് പാർവതി അപ്പയുടെ കൂടെ പുറത്തേക്കു ബാഗുമായി ആരും കാണാതെ പോകുന്ന നിന്നെയും ചെറിയമ്മയെയുമാണ് കാണുന്നത്. എല്ലാം കണ്ടു ബാൽക്കണിയിൽ നിൽക്കുന്ന മുത്തശ്ശനെ കൂടി കണ്ടപ്പോൾ നിങ്ങളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തുകയാണെന്ന് എനിക്ക് മനസ്സിലായി. ശ്രീ ഞെട്ടലോടെ മുത്തശ്ശനെ നോക്കി. നിറഞ്ഞ കണ്ണുകളോടെ അയാളുടെ അടുത്തായി ഇരുന്നു തോളിലേക്ക് ചാഞ്ഞു. പിന്നെന്തുണ്ടായി????? ആമി ആകാംഷയോടെ ചോദിച്ചു. ഞാൻ അപ്പോൾ തന്നെ ദേവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഇവിടെ നിന്ന് നിങ്ങൾ ദേവരാജങ്കിളിന്റെ വീടെത്തുന്നത് വരെ അവൻ നിങ്ങളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. നിങ്ങൾ സേഫായി അവിടെ എത്തിയതിനു ശേഷം അവൻ എന്നേ വിളിച്ചു ലൊക്കേഷനും വീട്ടുപേരും മറ്റും പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞാണ് ദേവരാജ് അങ്കിളിന്റെ വീടാണെന്ന് മനസ്സിലായത്.
പിറ്റേന്ന് തന്നെ ഞാനും ദേവും അങ്കിളിനെ നേരിൽ കണ്ടെല്ലാം സംസാരിച്ചു. എന്തിനും കൂടെയുണ്ടെന്ന് അങ്കിൾ വാക്ക് തന്നു. അങ്ങനെ ഞങ്ങളുടെ പ്ലാൻ പ്രകാരമാണ് നിന്നെ കൃഷ്ണനങ്കിളിന്റെ വീട്ടിൽ നിർത്തിയതും മംഗലത്ത് ഹോസ്പിറ്റലിൽ അപ്പോയ്ന്റ് ചെയ്തതും. അപ്പൊ ഐഷുവിന് എല്ലാം അറിയാമായിരുന്നോ????? ശ്രീ അഭിയെ നോക്കി ചോദിച്ചു. അച്ചുവിനെയും അങ്കിളിനെയും ദേവമ്മയെയും ഞാനും ദേവും കൂടി എല്ലാം അറിയിച്ചിരുന്നു. ഞങ്ങളെ കൂടാതെ ഇതെല്ലാം അറിയാവുന്നത് ദേവരാജ് അങ്കിളിനും അച്ചുവിന്റെ വീട്ടുകാർക്കും പിന്നെ ദേവിന്റെ വീട്ടുകാർക്കും മാത്രമാണ്. അപ്പൊ അച്ഛനെ എങ്ങനെയാണ് കണ്ടെത്തിയത്???? ശ്രീയുടെ ചോദ്യം കേട്ട് അഭിയോന്ന് ചിരിച്ചു. ചെറിയച്ഛനെ കണ്ടെത്തിയതിന്റെ ഫുൾ ക്രെഡിറ്റും നിന്റെ ഭാവി കെട്ട്യോനാണ്. അവൻ പറയും ഇനിയെല്ലാം അല്ലേടാ???? അവന്റെ വാക്കുകൾ കേട്ട് ഋഷി ചിരിയോടെ തന്നെ കൂർപ്പിച്ചു നോക്കുന്ന ശ്രീയെ നോക്കി. തുടരും……………………….

by