രചന – രോഹിണി ആമി
ആരോ കാറിന്റെ ഡോർ തുറക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്… വീട്ടിൽ എത്തിയെന്ന് മനസ്സിലായി.. ഹരിയാണ് ഡോർ തുറന്നു പിടിച്ചിരുന്നത്… ഒന്ന് നോക്കുക കൂടി ചെയ്യാതെ മുന്നിൽ നടന്നിരുന്ന വിഷ്ണുവിനെ പിന്തുടർന്നു.. ആരതി ഉഴിഞ്ഞു വിളക്ക് കയ്യിൽ തന്നു… അതും കയ്യിൽ നിൽക്കാത്ത ഒരു വിളക്ക്.. എന്തു ഭാരവാ ഇതിന്… കാൽ ഒന്നു പൊക്കി സ്റ്റെപ്പിൽ വെക്കണമെങ്കിൽ സാരി കുറച്ചു പൊക്കണം… ആരും സഹായിക്കുമെന്ന് തോന്നുന്നില്ല… വീട്ടിലേക്ക് കയറാൻ താമസിച്ചപ്പോൾ വിഷ്ണു അകത്തേക്ക് കയറി പോയി…. രണ്ടും കല്പ്പിച്ചു അകത്തേക്ക് കയറി.. ഭാഗ്യം സാരി ചതിച്ചില്ല.. വിളക്ക് പൂജാമുറിയിൽ വെച്ചതും എങ്ങോട്ട് പോകണമെന്നറിയാതെ താളം ചവിട്ടി നിന്നു…. മറ്റുള്ളവർക്ക് മുന്നിൽ താനൊരു കാഴ്ചവസ്തു പോലെ തോന്നി.. എല്ലാ കണ്ണുകളും ഉഴിഞ്ഞു നോക്കുന്നുണ്ട്.. ഒളിക്കാൻ ഒരിടം കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു…
അതാണ് ഏട്ടന്റെ മുറി.. ഒന്ന് റസ്റ്റ് എടുത്തിട്ട് വരാൻ പറഞ്ഞു വല്യമ്മ …. ഒരു പെൺകുട്ടിയാണ്… ഞാൻ ഈ വീട്ടിലെ അച്ഛന്റെ അനിയന്റെ മകൾ ആണ്… മീനു..അവൾ സ്വയം പരിചയപ്പെടുത്തി… ചെറിയൊരു ചിരി കൊടുത്തു…. പിന്നെ അവൾ കാട്ടിത്തന്ന റൂമിലേക്ക് നടന്നു… തനിക്ക് മാത്രമായിട്ട് ഒരു റൂം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി… മുറിയിൽ ഒരു ചെയറിൽ ഇരുന്നു… പിന്നെ മുടിയിലെ പൂവും അലങ്കാരങ്ങളും അഴിച്ചെടുക്കാൻ തുടങ്ങി…. മുടിയെക്കാൾ കൂടുതൽ ഹെയർ പിൻ ആയിരുന്നു… ചിലതൊക്കെ ഊരിയെടുക്കാൻ പാടു പെട്ടിട്ട് അവസാനം വലിച്ച് പറിക്കേണ്ടി വന്നു… പൊന്നുപോലെ സൂക്ഷിച്ചിരുന്ന മുടി പറിഞ്ഞു കയ്യിലിരുന്നിട്ടും ഒരു വിഷമവും തോന്നിയില്ല.. മനസ്സിൽ അതിലും വലിയ യുദ്ധം നടക്കുകയാണ്… മുടി കുടഞ്ഞു വിടർത്തി ഉച്ചിയിൽ കെട്ടിവെച്ചു… വാടിയ മുല്ലപ്പൂവിന്റെ ഗന്ധം ആ മുറിയിൽ നിറഞ്ഞു… പണി പാതിയേ തീർന്നുള്ളു.. ശരീരത്തിലേക്ക് നോക്കി ഒരു ദീർഘശ്വാസം വിട്ടു.. തനിയെ അഴിക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഇടാൻ മെനക്കെടില്ലായിരുന്നു..
ആഹാ… സഹായിക്കാൻ വന്നതാ ഞാൻ.. എല്ലാം അഴിച്ചോ… മീനു ആയിരുന്നു.. ഡ്രസ്സ് ഒക്കെ ഏട്ടൻ വാങ്ങി വെച്ചിട്ടുണ്ട്.. പക്ഷേ…. അവൾ താടിയിൽ വിരൽ കുത്തി പദ്മയെ മുഴുവൻ നോക്കി…. ചേച്ചിക്ക് അത് പാകമാകുമോന്ന് അറിയില്ല.. മറ്റേ ചേച്ചിക്ക് ഇത്രയും വണ്ണം ഇല്ലല്ലോ.. സ്ലിം അല്ലേ… പിന്നെ എന്തോ ഓർത്തത് പോലെ തലയിൽ കൊട്ടി.. ഓ ഞാൻ എന്തൊരു പൊട്ടിയാ അല്ലേ.. ഹരിയേട്ടന്റെ റൂമിൽ ഉണ്ടാവില്ലേ ചേച്ചിക്ക് ഉള്ളത്… ഞാൻ ഇപ്പോ വരാം….
അവൾ ധൃതിയിൽ വെളിയിലേക്ക് പോയി… മീനു പറഞ്ഞത് ശരിയാണെങ്കിലും പദ്മയ്ക്ക് എന്തോ ഒരു വിഷമം തോന്നി.. ചേച്ചി നിൽക്കേണ്ട ഇടത്താണ് താൻ ഇപ്പോ…… ചേച്ചിക്ക് വാങ്ങി വെച്ചിരിക്കുന്ന പുതുമണം നിറഞ്ഞ ഡ്രസ്സിലേക്ക് കയ്യോടിച്ചു.. എല്ലാം നല്ല ഡാർക്ക് കളർ ഡ്രസ്സ്… ചേച്ചി വിഷ്ണുവേട്ടനോട് സ്വന്തം ഇഷ്ടങ്ങളും പങ്കിട്ടിട്ടുണ്ട് എന്നതിനുള്ള ഉദാഹരണം.. ചേച്ചി സ്ലിം ആണ്.. അധികം മോഡേൺ അല്ലെങ്കിലും ഏതു വേഷവും ചേരും… എല്ലാ വേഷവും പരീക്ഷിക്കാറുണ്ട്.. മുടി സ്മൂത്തിനിംഗ് ഒക്കെ ചെയ്ത് ഒതുക്കി വെട്ടി നിർത്തിയിരിക്കുകയാണ്… .. താൻ മുഖത്തും മുടിയിലും ആദ്യമായി എന്തെങ്കിലും തേച്ചെങ്കിൽ അതീ വിവാഹത്തിന് വേണ്ടി മാത്രമാണ് … ചേച്ചിയേ വെച്ചു നോക്കുമ്പോൾ വണ്ണം ഉണ്ടെന്നല്ലാതെ കൂടുതൽ ഒന്നും ഇല്ല… ചിന്തിച്ചു നിന്നപ്പോൾ മീനു ഒരു ബാഗും എടുത്ത് വന്നു.. ചേച്ചിക്ക് വാങ്ങിയ ഡ്രസ്സ് അതുപോലെ എടുത്ത് ബെഡിൽ അടുക്കി വെച്ചു….. അത് മാറ്റിയിട്ടു തന്റെ ഡ്രസ്സ് വെക്കാൻ ആണെന്ന് തോന്നുന്നു… എല്ലാം പയ്യെ നോക്കി കണ്ടു പദ്മ.. മുറിയിലേക്ക് വന്ന വിഷ്ണുവിനെ രണ്ടാളും ശ്രദ്ധിച്ചില്ല…
മീനുവേ…. അതൊന്നും മാറ്റേണ്ട… അവിടെ ഇരുന്നോട്ടെ..
രണ്ടാളും തിരിഞ്ഞു നോക്കി… വിഷ്ണു തിരിഞ്ഞു നിന്ന് മൊബൈൽ ചാർജ് ചെയ്യാൻ വെക്കുന്നുണ്ടായിരുന്നു….
അപ്പോ ഈ ചേച്ചീടെ ഡ്രസ്സ് എവിടെ വെയ്ക്കും….
ഇപ്പോൾ എവിടാണോ വെച്ചേക്കുന്നത് അവിടെ തന്നെ ഇരുന്നോട്ടെ.. എല്ലാം കൂടി അതിൽ കുത്തിനിറച്ചു വെക്കണ്ട….. അത്രയും പറഞ്ഞു രണ്ടാളെയും നോക്കാതെ വെളിയിലേക്ക് പോയി…
എങ്കിൽ ചേച്ചി പോയി കുളിച്ചിട്ടൊക്കെ വാ.. ഞാൻ പൊക്കോട്ടെ… മീനു ചോദിച്ചു.. പദ്മ തലയാട്ടി.. ഒരു ചുരിദാർ എടുത്തു കുളിക്കാൻ പോയി… കുളിച്ചിട്ട് കുറച്ചു നേരം മുറിയിൽ തനിച്ചിരുന്നു .. പിന്നെ വെളിയിലേക്കിറങ്ങി… എല്ലാവരും പോയിതുടങ്ങിയിരുന്നു… അടുക്കളയിലും കുറച്ചു നേരം മീനുവിനൊപ്പവും എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു…. അച്ഛനും അമ്മയുമൊക്കെ വന്നുവെന്ന് മീനു ആണ് പറഞ്ഞത്… അവരെ കണ്ടപ്പോൾ എന്തോ വലിയൊരു ആശ്വാസം തോന്നി.. രണ്ടാളെയുമൊന്ന് തനിച്ചു കിട്ടിയപ്പോൾ അവൾ ചോദിച്ചു..
വിഷ്ണുവേട്ടൻ ആണ് വരൻ എന്ന് അച്ഛൻ എന്താ എന്നോട് പറയാതെ ഇരുന്നത്.. അറിഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു.. എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നുന്നു അച്ഛാ… ഞാനും അങ്ങോട്ട് വന്നോട്ടെ കുറച്ചു ദിവസത്തേക്ക്…… പദ്മ പ്രതീക്ഷയോടെ അച്ചനോട് ചോദിച്ചു…..
എന്തുപറ്റി മോളേ… ആരെങ്കിലും എന്തേലും പറഞ്ഞോ.. എല്ലാവരും കൂടി ചേർന്നെടുത്ത തീരുമാനം അല്ലായിരുന്നോ ഇത്…. ആരും എതിരും പറഞ്ഞില്ല…. അമ്മ അവളുടെ തോളിൽ പിടിച്ചു ചോദിച്ചു..
എന്നോട് ആരും പറഞ്ഞില്ലല്ലോ അമ്മേ.. ഞാൻ വിചാരിച്ചു ഹരി…. അവൾ മുഴുമിപ്പിച്ചില്ല.. അമ്മയുടെ കൈ തോളിൽ മുറുകുന്നത് അറിഞ്ഞു പദ്മ പറഞ്ഞു… ഇല്ലമ്മേ… പേടിക്കേണ്ട…ഞാൻ ആരെയും മനസ്സിൽ പ്രതിഷ്ഠിച്ചില്ല.. അച്ഛനും അമ്മയും അറിയാത്തതൊന്നും എന്റെ ജീവിതത്തിൽ നടന്നിട്ടില്ല … പക്ഷേ ഇത് വേണ്ടിയിരുന്നില്ല.. ഉൾക്കൊള്ളാൻ ഇപ്പോഴും സാധിക്കുന്നില്ല…
അവളൊന്നു ശ്വാസം വലിച്ചു വിട്ടു. എന്നിട്ട് പറഞ്ഞു…
നിങ്ങൾക്ക് രണ്ടാൾക്കും അറിയുമോന്നു അറിയില്ല.. വിഷ്ണുവേട്ടനും ചേച്ചിയ്ക്കും പരസ്പരം ഇഷ്ടമായിരുന്നു… എനിക്കത് കുറച്ചു ദിവസങ്ങൾ കൊണ്ടു മനസ്സിലായതാണ്.. പദ്മ തല കുനിച്ചു നിന്നു…
ഇഷ്ടമായിരുന്നെങ്കിൽ അവൾ ഇങ്ങനെ ചെയ്യുമായിരുന്നോ മോളേ.. അവനെ പറഞ്ഞു മനസ്സിലാക്കി അവളുടെ ഇഷ്ടം നേടിയെടുക്കണമായിരുന്നു.. അതല്ലായിരുന്നോ വേണ്ടത്…. അല്ലാതെ നാട്ടുകാർക്ക് മുന്നിൽ ഇങ്ങനെ നമ്മളെയും അവരെയും നാണംകെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ….
അതൊന്നും എനിക്കറിയില്ല അച്ഛാ… ചിലപ്പോൾ ചേച്ചി അങ്ങനെ ചെയ്തത് അച്ഛൻ വാശി പിടിച്ചത് കൊണ്ടാവില്ലേ… കുറച്ചു കൂടി സമയം കൊടുത്തിരുന്നേൽ ചേച്ചി അങ്ങനെ ചെയ്യില്ലായിരുന്നു…. എന്റെ മനസ്സ് അങ്ങനാ പറയുന്നേ…
രണ്ടു പെണ്മക്കളുടെയും വിവാഹം ഒരേ സമയം മുടങ്ങിപ്പോകുന്ന ഒരു അച്ഛന്റെ വേദന നിനക്ക് മനസ്സിലാവില്ല മോളേ… മറ്റൊരു വിവാഹം പിന്നീട് നിങ്ങൾക്ക് നടക്കുമായിരിക്കും.. പക്ഷേ നാട്ടുകാരുടെ നാവിനു കൂച്ചുവിലങ്ങിടാൻ ആരെക്കൊണ്ടും സാധിക്കില്ല… എനിക്ക് എന്റെ മക്കളുടെ ഭാവി സുരക്ഷിതമാവണം അത്രയുമേ ഉള്ളു… ഈ രണ്ടു ആണ്മക്കൾ നിങ്ങൾക്കും നിങ്ങൾ അവർക്കും ഒരു തുണയാകുമെന്ന് കരുതി… ഇപ്പോഴും അച്ഛന്റേം അമ്മയുടേം വാക്കിന് വില കൊടുക്കുന്ന മക്കൾ വളരെ ചുരുക്കം ആണ്.. ഞാൻ അവരിൽ കണ്ട ഏറ്റവും വലിയ ഗുണം അതായിരുന്നു… അവർ എന്റെ മക്കൾക്ക് നല്ലൊരു പാതി ആയിരിക്കും എന്നെനിക്ക് വിശ്വാസമുണ്ടായിരുന്നു…… പിന്നെ നിങ്ങൾ ഇപ്പോൾ പറയുന്ന ഈ പുരോഗമനവാദം ഒക്കെ അച്ഛന് മനസ്സിലാവാൻ പാടാ.. പഠിപ്പും വിവരവും ഒക്കെ അത്രയ്ക്കേ ഉള്ളൂ.. വിവാഹത്തിന് ജാതകം നോക്കുന്നത് നിങ്ങളുടെ തലമുറയ്ക്ക് പുച്ഛം ആയിരിക്കാം.. പക്ഷേ അതിലൊക്കെ കുറച്ചു സത്യങ്ങളുണ്ട്.. അതിപ്പോൾ മനസ്സിലാവണമെന്നില്ല…. എല്ലാം അറിഞ്ഞുകൊണ്ടല്ലേ ഈ വിവാഹം നടന്നത് .. വേറൊരു കുടുംബത്തിൽ ചിലപ്പോൾ നിനക്ക് ഉത്തരം മുട്ടിയെന്ന് വരും മോളേ . അച്ഛന്റെ ശബ്ദം ഇടറി… പദ്മ അച്ഛന്റെ കയ്യിൽ മുറുക്കി പിടിച്ചു…
നീ ഹിമയെപ്പോലെ അല്ല.. അച്ഛന്റെ വേദന മനസ്സിലാക്കാൻ നിനക്ക് കഴിയും.. ഹരി ഈയൊരു കാര്യം എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ചപ്പോളെ അച്ഛന് മനസ്സിലായതാ നിങ്ങൾ തമ്മിൽ മനസ്സ് കൊണ്ടു അടുത്തിട്ടില്ലെന്ന്.. മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ സ്വന്തം പെണ്ണിനെ ചേട്ടന് വേണ്ടി ആലോചിക്കില്ലല്ലോ.. മോള് വേറൊന്നും ആലോചിച്ചു വിഷമിക്കരുത്.. കുറച്ചു സമയം എടുത്തിട്ടാണെങ്കിലും വിഷ്ണുവിന് നിന്നെയും നിനക്ക് വിഷ്ണുവിനെയും അംഗീകരിക്കാൻ സാധിക്കും… മോള് വിഷമിക്കല്ലേ.. എല്ലാം ശരിയാകും….. അച്ഛൻ പദ്മയുടെ കവിളിൽ തലോടി… നെറ്റിയിൽ ഉമ്മ വെച്ചു… അച്ഛന്റെ നെഞ്ചിൽ തല ചായിച്ചു വെച്ചു നിൽക്കുമ്പോളും മനസ്സ് ഒട്ടും സമാധാനപ്പെടുന്നില്ലെന്ന് പദ്മ തിരിച്ചറിഞ്ഞു…..
അച്ഛൻ വിഷ്ണുവിന്റെ കൈ എടുത്തുപിടിച്ചു എന്തൊക്കെയോ പറയുന്നുണ്ട്.. മുഖം കണ്ടാൽ അറിയാം ക്ഷമ പറച്ചിൽ ആണ്… അയാൾ ആശ്വസിപ്പിക്കും രീതിയിൽ അച്ഛന്റെ തോളിൽ തട്ടുന്നുണ്ട്.. കെട്ടിപ്പിടിക്കുന്നുണ്ട്… രണ്ടാളും പോകാനിറങ്ങിയപ്പോൾ വീണ്ടും മനസ്സിൽ വേദന നിറഞ്ഞു… അവർക്കൊപ്പം സ്വന്തം വീട്ടിൽ പോകാൻ പറ്റിയിരുന്നെങ്കിൽ…. ഒരു രാത്രികൂടി സ്വന്തം മുറിയിൽ ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ… പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ എന്നുള്ള അച്ഛന്റെ കണ്ണുകൾ കൊണ്ടുള്ള ഓർമപ്പെടുത്തലിൽ പദ്മ അറിയാതെ തലകുലുക്കി… കണ്മുന്നിൽ നിന്നും അവരുടെ കാർ ദൂരേക്ക് മായും വരെ നോക്കിനിന്നു…
തനിക്ക് പ്രത്യേകിച്ച് ഒന്നും ആ വീട്ടിൽ ചെയ്യാനില്ലെന്ന് തോന്നി… ഓരോ ചെറിയ കാര്യങ്ങൾ ചെയ്യാനും ഒരുപാട് ആളുകളുണ്ട്.. അതിലിനി ഇടിച്ചുകയറി ചെന്നിട്ട് ഒന്നും ചെയ്യാനില്ല…
കൊച്ചു പോയി റസ്റ്റ് എടുത്തോ.. രാവിലെ മുതൽ നിക്കുവല്ലേ…. അമ്മയാണ്… ആദ്യമായിട്ടാ എന്നോട് സംസാരിക്കുന്നത്.. ആ മുഖത്തു ദേഷ്യം ഒന്നുമില്ല. പക്ഷേ എന്തോ ഒരു മങ്ങൽ ഉണ്ട്….. അവൾ നോക്കുന്നത് കണ്ടിട്ടാവണം അവർ പറഞ്ഞു…
ഇനി ഈ വീട്ടിൽ ഹിമയുടെ കാര്യം സംസാരിക്കേണ്ടെന്ന് എല്ലാവരും കൂടി ഒരുമിച്ച് എടുത്ത തീരുമാനം ആണ്… ആ.. ഇനി ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. നടക്കാൻ ഉള്ളത് നടന്നു.. ഇങ്ങനെ ഒക്കെ ആവണം എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാവും.. നിന്നോട് എനിക്ക് ദേഷ്യം ഒന്നുമില്ല.. പക്ഷേ നിനക്ക് എങ്കിലും പറയാമായിരുന്നു എല്ലാം.. നിന്റെ അച്ഛനോടെങ്കിലും….
പദ്മക്ക് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു തനിക്കൊന്നും അറിയില്ലെന്ന്.. തന്നോട് ചേച്ചി ഒന്നും പറഞ്ഞിട്ടില്ലെന്ന്… പക്ഷേ… ആര് വിശ്വസിക്കും …എങ്ങനെ വിശ്വസിപ്പിക്കും…
നിന്നെ കെട്ടാൻ വിഷ്ണു തയ്യാറായിരുന്നില്ല കൊച്ചേ… എനിക്കീ ജാതകത്തിലും നേരത്തിലും ഒക്കെ വല്യ വിശ്വാസം ആണ്… അത് ആര് തിരുത്താൻ ശ്രമിച്ചാലും മാറില്ല.. എന്റെ കാര്യങ്ങളിൽ എല്ലാം സത്യമായിട്ടുണ്ട്.. നടന്നിട്ടുമുണ്ട്.. അതുകൊണ്ടും കൂടി ആവാം…
എന്റെ വിഷ്ണുവിന് ഒരുപാട് ആലോചനകൾ വന്നതാ.. പക്ഷേ പല കാരണങ്ങൾ കൊണ്ടും അത് മാറിപ്പോയി.. ഇനിയൊരു പെണ്ണുകാണൽ ഇല്ലെന്ന് പറഞ്ഞിരുന്നപ്പോളാ നിങ്ങളുടെ ആലോചന വന്നത്… നല്ല പൊരുത്തം ആയിരുന്നു.. അപ്പോളാ നിന്റെ അച്ഛൻ പറഞ്ഞത് ഒരേ വീട്ടിലേക്ക് മക്കളെ കൊടുക്കാനാ ആഗ്രഹം എന്ന്.. എങ്കിൽ പിന്നെ ഹരിയ്ക്കും കൂടി ആലോചിച്ചു.. അവനും ചേട്ടന്റെ കല്യാണം ഒന്ന് കണ്ടാൽ മതിയെന്നേ ഉള്ളൂ.. അതിനു വേണ്ടി അവൻ ഏത് പെണ്ണിനെ കാണിച്ചു കൊടുത്താലും കെട്ടും..
വിഷ്ണുവിന്റെ ജാതകം നോക്കിയ ആൾ പറഞ്ഞതാ ഒരുപാട് തടസ്സങ്ങൾ വരും എന്ന്.. അതേപോലെ സംഭവിച്ചു… ഇനിയൊരു കല്യാണത്തിന് അവൻ നിന്നു തരില്ലെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം… അത്രയ്ക്ക് മടുപ്പായിട്ടുണ്ട് അവന്… അപ്പോൾ ഹരി തന്നെയാണ് ഇങ്ങനൊരു അഭിപ്രായം മുന്നോട്ട് വെച്ചത്… ആദ്യമൊന്നും വിഷ്ണു സമ്മതിച്ചില്ല.. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന് മുന്നിൽ അവൻ നിന്നു തന്നു എന്നേയുള്ളു… ഹരിയോട് മോൾക്ക് ദേഷ്യം ഒന്നും തോന്നരുത്.. മോൾടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥയും ചേട്ടന്റെ വേദനയും ഒക്കെ കണ്ടപ്പോൾ അവന് അതായിരിക്കും തോന്നിയത്… വിഷ്ണുവിന്റെ ജാതകത്തിലെ ദോഷം പോലെ ഹരിയുടെ ജാതകത്തിൽ ഇല്ല… അവന് ഇനിയും സമയമുണ്ട്…. വിഷ്ണുവിന് നല്ലൊരു ജീവിതം അത്രെ എല്ലാവരും ആഗ്രഹിച്ചിട്ടുള്ളു… അല്ലാതെ ചേച്ചി പോയാൽ അനിയത്തി എന്നൊന്നും വിചാരിച്ചിട്ടില്ല… എല്ലാം നീ അറിഞ്ഞിരിക്കണം എന്നു തോന്നി.. അതുകൊണ്ടാ പറഞ്ഞത്.. അമ്മ ഒന്നു താടിയിൽ പിടിച്ചു കുലുക്കി.. പദ്മ ഒന്ന് ചിരിക്കാൻ ബുദ്ധിമുട്ടി…
കുറച്ചു നേരം തനിച്ചിരുന്നു… ഇതിലിപ്പോൾ ആരാ തെറ്റ് ചെയ്തത്.. ഓരോരുത്തരുടെയും ഭാഗത്തു നിന്ന് നോക്കുമ്പോൾ അവർ ചെയ്തത് ശരിയാണ്… എങ്കിലും എന്തോ ഒന്ന് അവളിൽ ദഹിക്കാൻ കഴിയാതെ കിടന്നു… വീട്ടിൽ നിന്നും കൊണ്ടുവന്ന ബാഗ് തുറന്നു മൊബൈൽ എടുത്തു ഓൺ ചെയ്തു… ചേച്ചി പോയെന്ന് അറിഞ്ഞപ്പോളേ സ്വിച്ച്ഓഫ് ചെയ്തതാണ്.. ചോദിക്കുന്നവരോട് മറുപടി പറയാൻ തന്റെ കയ്യിലില്ല..
വീർപ്പുമുട്ടി നിന്ന കുറച്ചേറെ മെസ്സേജുകൾ പുറത്തേക്ക് ചാടി.. പഴയ ഗ്രൂപ്പിൽ നിന്നാണ്…. പണ്ടേ അധികം കൂട്ടുകാരില്ല.. ഉള്ളവർ അവിടേം ഇവിടെയും ഒക്കെ ആയോണ്ട് കല്യാണത്തിന് വന്നിട്ടുമില്ലായിരുന്നു… ബി എഡിന് ചേർന്നിട്ട് മാസങ്ങളെ ആയിട്ടുള്ളൂ., പരിചയം ഒക്കെ ആയി വരുന്നതേ ഉള്ളൂ….
അവൾ ഓരോ മെസ്സേജും ഓപ്പൺ ചെയ്തു.. വായിച്ചപ്പോൾ മനസ്സിലായി ഇന്നത്തെ ചർച്ചാവിഷയം താൻ ആണെന്ന്…
ഫോട്ടോയും ഉണ്ട് വിഷ്ണുവിനൊപ്പം നിൽക്കുന്നത് .. തൊട്ടപ്പുറത്തു ഹരിയുടെ മുഖത്തേക്ക് ഒരു ആരോ മാർക്കും… അവൾ താഴേക്ക് സ്ക്രോൾ ചെയ്തു… ചിലർ പൊട്ടിച്ചിരിക്കുന്ന സ്മൈലി ഇട്ടിട്ടുണ്ട് ചിലർ വിഷമിച്ചിരിക്കുന്ന സ്മൈലി…
ചേട്ടനും അനിയനും ഒരേ വീട്ടിലാണോ… ഭാഗ്യം..
ഇത്രയ്ക്ക് കെട്ടാൻ മുട്ടി നിൽക്കുവായിരുന്നോ ഇവൾ.. ചേട്ടൻ എങ്കിൽ ചേട്ടൻ… ഹല്ല പിന്നെ.. പിന്നെ കുറേ പൊട്ടിച്ചിരിക്കുന്ന സ്മൈലി..
പെണ്ണുങ്ങളെ പറയിക്കാൻ വേണ്ടി ഓരോന്ന് ഇറങ്ങും.. പഠിപ്പ് ഒക്കെ കണ്ടപ്പോൾ വിവരവും ഉണ്ടായിരിക്കും എന്നാണ് വിചാരിച്ചത്…
കേട്ടിട്ടില്ലേ മിണ്ടപ്പൂച്ച കലമുടയ്ക്കും…
പദ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ആരാവും ഫോട്ടോ ഒക്കെ ഗ്രൂപ്പിൽ ഇട്ടത്.. ഇതൊക്കെ അവർ എങ്ങനെ അറിഞ്ഞു…. കുറച്ചേറെ ചോദ്യങ്ങൾ സ്വയം ചോദിച്ചു… സത്യമെന്തെന്ന് അറിയാതെ എന്തെല്ലാം മോശവാക്കുകളാണ് പറയുന്നത്… വാട്സ്ആപ്പ് ഫേസ്ബുക് ഒക്കെയും അൺഇൻസ്റ്റാൾ ചെയ്തു. മൊബൈൽ ഡാറ്റാ ഓഫ് ചെയ്തു വെച്ചു… കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… കുറച്ചു സമയം അങ്ങനെ ഇരുന്നിട്ട് കണ്ണ് അമർത്തി തുടച്ചു മുഖം കഴുകി പുറത്തേക്ക് ഇറങ്ങി… എതിരെ ഹരി വരുന്നുണ്ടായിരുന്നു.. ഹരി ഒന്ന് ചിരിച്ചു .. കലങ്ങിയ കണ്ണുകൾ കണ്ടിട്ട് സൂക്ഷിച്ചു നോക്കി.. ഒരു ചിരിയോ നോട്ടമോ ഹരിക്ക് തിരിച്ചു കിട്ടിയില്ല … മുന്നിലൂടെ പോയത് ഹരി ആണെന്ന് അവൾക്ക് മനസ്സിലായോന്ന് പോലും സംശയമാണ്… അത്രയും സംഘർഷത്തിലായിരുന്നു ആ മനസ്സ്….
ഓടി വരും..

by