രചന – അമ്മൂസ്
അവൻ മറ്റെന്തോ കൂടി ക്ലാരയോട് പറയാൻ തുടങ്ങിയതും പുറത്തൊരു കാർ വന്നു നിന്നു.
കർത്താവേ ……അപ്പച്ചനും അമ്മച്ചിയും !!!
അവൻ തിരിഞ്ഞു നോക്കാതെ തന്നെ മനസ്സിൽ പറഞ്ഞു …..
ക്ലാര അവനെ ഒന്ന് നോക്കി ശേഷം പൂമുഖത്തേക്ക് നടന്നു ………
അന്ന സാറയുടെ അടുത്തായി എഴുന്നേറ്റ് ഇരുന്നു …….
സേവ്യർ പുറത്തേക്ക് നോക്കിയതും അമ്മച്ചിയും അപ്പച്ചനും അകത്തേക്ക് കയറി വന്നിരുന്നു …….
ക്ലാര അമ്മച്ചിക്ക് കേൾക്കാൻ പാകത്തിൽ എന്തൊക്കെയോ പറഞ്ഞുകൊടുത്തുകൊണ്ട് ആണ് അകത്തേക്ക് കയറി വന്നത് .
വന്നു കയറിയ ഉടനെ മുന്നിൽ നിൽക്കുന്ന സേവിയെ കണ്ടതും അവനെ അവരൊന്ന് അടിമുടി നോക്കി …….
ശേഷം അരികിലായി നിൽക്കുന്ന അന്ന യേയും സാറയേയും കൂടി ഒന്ന് കണ്ണ് പായിച്ചു
ശേഷം വർദ്ധിച്ച ദേഷ്യത്തോടെ അകത്തേക്ക് കയറിപ്പോയി ……
പിന്നാലെ കയറി വന്ന അപ്പച്ചൻ അവന്റെ അടുത്തേക്ക് വന്നു ……
അപ്പച്ചനെ കണ്ടതും അവനൊന്ന് ആശ്വാസമായി …….
എവിടാരുന്നെടാ ഇത്രയും ദിവസം ??
അവന്റെ അടുത്ത് വന്നതും അയാൾ ചോദിച്ചു .
വീട്ടിൽ ഇത്രയും പേര് നിന്നെ കാത്ത് ഇരിക്കുകയാണെന്ന് ഉള്ള ചിന്തി വല്ലതും ഉണ്ടോ നിനക്ക് ????
അത് അപ്പച്ചാ ……
സേവി എന്തോ പറയാൻ തുടങ്ങിയതും അയാൾ തടഞ്ഞു .
നീ എന്നോട് ഒന്നും പറയണ്ട …….
പിന്നെ ……ഒരു കാര്യവും ഇല്ലാതെ നീ ഒരിടത്ത് നിൽക്കില്ലന്ന് എനിക്ക് അറിയാം .
അവളുടെ ദേഷ്യമൊന്നു തണുക്കുമ്പോൾ അവൾക്ക് അടുത്തേക്ക് ചെല്ല് ……….
ഹ്മ്മ് …….. അവനൊന്നു മൂളി
അപ്പോഴാണ് ഇതെല്ലാം കണ്ട് നിൽക്കുന്ന സാറയേയും അന്നയേയും അയാൾ കാണുന്നത് ……
ഈ കുട്ടികൾ ….??
അത് അപ്പച്ചാ ….
അതൊക്കെ പറയാൻ കുറച്ച് ഉണ്ട് …..
ഞാൻ കുറച്ച് കഴിഞ്ഞു റൂമിലേക്ക് വരാം .
ഹ്മ്മ് …..അയാൾ ഒന്നു മൂളിയ ശേഷം അകത്തേക്ക് പോയി …..
ക്ലാരമ്മേ …….
ഇവർക്ക് റൂം ഒന്നു കാണിച്ചു കൊടുക്ക് …..
ഞാൻ ഇപ്പോ വരാം …..
അവർ സാറയേയും അന്നയേയും വിളിച്ച് ആ റൂമിലേക്ക് നടന്നു ……
അതേ സമയം അന്നയുടെയും സാറയുടെയും മനസ്സ് രണ്ട് ദിശകളിലേക്ക് ചലിക്കുകയായിരുന്നു …..
സുരക്ഷിതമായ ഒരു സ്ഥലത്ത് തന്നെയാണ് എത്തിയതെന്നുള്ള ചിന്തയോടെ അന്നയും .
അർഹിക്കാത്തയിടത്ത് വന്ന് കയറി അഭിമാനത്തിൽ ക്ഷതമേറ്റത് പോലെ സാറയും ചിന്തിച്ചു …….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
റൂമിലെ കട്ടിലിൽ കണ്ണടച്ച് ചാരിയിരിക്കുകയായിരുന്നു മേരി ……
സേവി മെല്ലെ അവർക്കടുത്തേക്ക് വന്നു
കട്ടിലിന്റെ അരികിലായിരുന്ന് അമ്മച്ചിയുടെ കാലിൽ മെല്ലെ തൊട്ടു .
അമ്മച്ചി കണ്ണുകൾ പതിയെ തുറന്നു .
അരികിൽ ഇരിക്കുന്ന സേവിയെ കണ്ടതും അവർ മുഖം തിരിച്ചു .
എന്റെ മേരിയമ്മക്ക് പിണക്കാണോ ……
അവർ ഒന്നും മിണ്ടിയില്ല .
അവനെ ശ്രദ്ധിക്കാതെ തിരിഞ്ഞിരുന്നു …..
അവൻ ഒരു കുഞ്ഞ് പുഞ്ചിരിയാലേ അവരുടെ അടുത്തേക്ക് ചേർന്നിരുന്നു ……
ഒന്ന് ക്ഷമിക്കെന്റെ മേരികുട്ടി …….
കുറച്ചു പ്രശ്നങ്ങൾ ഒക്കെയായി അവിടെ പെട്ട്പോയി …..
വീട്ടിലേക്ക് വരാൻ കഴിയാത്ത എന്ത് പ്രശ്നമാ നിനക്ക് അവിടെ ഉണ്ടായത് ….
ഒരു മയവുമില്ലാതെ അവർ ചോദിച്ചു …
അവൻ അമ്മച്ചിയെ ഒന്നും നോക്കി …..
എല്ലാം പറയാം ഞാൻ അപ്പോ വിശ്വസിക്കുമല്ലോ ….
ശേഷം ……സാറയെ കുറിച്ചും അന്നയെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ ക്കുറിച്ചുമെല്ലാം അവൻ മേരിയോട് പറഞ്ഞു .
എല്ലാം കേട്ട് മേരി കുറച്ച് നേരം അങ്ങനെ തന്നെയിരുന്നു ……
ആ കൊച്ചുങ്ങളെ തിരക്കി ഇനി ആരെങ്കിലും വരുമോ ടാ ………..
ഡേവിഡ് ഒഴിച്ച് മറ്റാരും വരുമെന്ന് എനിക്ക് തോന്നുന്നില്ല അമ്മച്ചി ……..
ഹ്മ്മ്മ് ………
നിനക്ക് ഇഷ്ടമാണെന്ന് പറഞ്ഞ ആ കൊച്ചിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ???
അവർ ആലോചനയോടെ പറഞ്ഞു ……
അമ്മച്ചി കണ്ടിട്ടുണ്ട് …..
അന്ന് പള്ളിപെരുന്നാളിന് എനിക്ക് ഇതുപോലെ ഒരു മരുമോള് കൊച്ചിനെ മതിയെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ ??
അവൻ അത് പറഞ്ഞതും അത്ഭുതത്തോടെ അവർ അവനെ നോക്കി …..
ആ കൊച്ച് ആണോ ഇത് ……
അതേ ……
അമ്മച്ചി പറഞ്ഞ സ്ഥിതിക്ക് അവളെ തന്നെ അങ്ങ് കെട്ടാന്ന് വച്ചു …..
ഒരു കള്ളച്ചിരി യോടെ അവൻ പറഞ്ഞു …….
ഹമ് …
എന്തായാലും കൊച്ചിനെ എനിക്ക് അങ്ങ് ബോധിച്ചു …..
നിനക്കിട്ട് രണ്ട് പൊട്ടിക്കണം എന്ന ഉദ്ദേശത്തോടെയാ കേറി വന്നത് …….
ആ കൊച്ചുങ്ങളെ കണ്ടപ്പോ ആരാന്ന് അറിയില്ലെങ്കിലും അവരുടെ മുന്നിലിട്ട് നിന്നെ തല്ലണ്ടെന്നു തോന്നി ……..
എന്റെ ദേഷ്യം ഇപ്പോഴും മാറില്ലായിരുന്നു
പക്ഷേ …….
ഒരു നല്ലകാര്യം ചെയ്ത സ്ഥിതിക്ക് ഞാൻ അതങ്ങ് മറക്കുവാ……
അവർ പറഞ്ഞു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു …….
ആ കുട്ടികള് ഹാളിൽ തന്നെ ഇരിക്കുവാണോ???
അവനെ നോക്കി മേരി ചോദിച്ചു .
ഇല്ലമ്മച്ചി……
ക്ലാരമ്മയോട് പറഞ്ഞ് അവർക്ക് ഒരു റൂം കൊടുത്തു …….
ഹ്മ്മ് …… അവരൊന്നു മൂളിക്കൊണ്ട്
അവിടേക്ക് നടന്നു ……
അമ്മച്ചി റൂമിൽ നിന്ന് പോയതും അവനൊന്നു
നീട്ടി ശ്വാസമെടുത്തു ……
പകുതി ആശ്വാസം ……
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
അന്ന ബാത് റൂമിൽ കയറിയിട്ട് കുറേ നേരമായി ……..
സാറ നീറുന്ന മനസ്സുമായി ജനൽ വഴി പുറത്തേക്കു നോക്കി നിന്നു……
ഇവിടുന്ന് പോകണമെന്ന് ഉണ്ട് …..
പക്ഷേ ഇങ്ങോട്ട് പോകും ????
ഡേവിഡിനെ ഭയക്കാതെ അന്നയേയും കൊണ്ട് സുരക്ഷിതമായി താമസിക്കണമെന്ന് തന്നെയാണ് മനസ്സിൽ…….
അതിന് ഇതിനേക്കാൾ പറ്റിയൊരു സ്ഥലം വേറേയുമില്ല .
പക്ഷേ ….ഇവിടെ വന്നത് മുതൽ എന്തോ ഒന്ന്
മനസ്സിനെ ആസ്വസ്ഥതപ്പെടുത്തുന്നു .
അവൾ എന്തെല്ലാമൊ ചിന്തിച്ചു കാടു കയറിയതും അന്ന ബാത്റൂമിൽ നിന്നും ഇറങ്ങി ……
അപ്പോൾ തന്നെ റൂമിലെ വാതിൽ തുറന്ന് ആരോ അകത്തേക്കും വന്നു .
ആരാന്ന് അറിയാൻ അവൾ തിരിഞ്ഞതും
അകത്തേക്ക് വരുന്ന മേരിയെ കണ്ട്
സാറയും അന്നയും അങ്ങനെ തന്നെ നിന്നും.
മേരി രണ്ട് പെൺകുട്ടികളെയും നോക്കികാണുകയായിരുന്നു ……
മഞ്ഞുതുള്ളികൾ പോലെ മനോഹര മായ രണ്ട് പെൺകുട്ടികൾ ……..
സാറയെ കാണാൻ എന്തൊരു ഐശ്വര്യമാണ് ……. അന്നയെ കാണാനും അതുപോലെ തന്നെ……
രണ്ട്പേർക്കും ഒരുക്കങ്ങൾ ഏതുമില്ലാ ……
മേരി അവർക്ക് അടുത്തേക്ക് വന്നു ……
അന്നയും സാറയും ചെറിയൊരു അങ്കലാപ്പോടെ അവരെ നോക്കി …..
കാരണം എത്ര സ്നേഹമായാലും സേവിക്ക് വരെ അമ്മച്ചിയെ പേടിയുണ്ട് …..
അവർ നടന്ന് സാറക്ക് അരികിൽ എത്തി .
അവൾ ചെറിയ പരിഭ്രമത്തോടെ അവരെ നോക്കിയതും അവർ കുഞ്ഞ് പുഞ്ചിരിയാലേ അവളുടെ നെറുകയിൽമെല്ലെ തലോടി …..
സാറ അത്ഭുതത്തോടെ അവരെ നോക്കി …..
അരികിലായി നിന്ന അന്നയേയും അവർ അടുത്തേക്ക് വിളിച്ചു .
മക്കള് രണ്ട് പേരും ഇവിടെ താമസിച്ചോ കേട്ടോ ……
സേവി എല്ലാം എന്നോട് പറഞ്ഞു .
ഇവിടെ ഒരുത്തനും നിങ്ങളെ ഉപദ്രവിക്കാനായി കയറി വരില്ല .
അത് ഈ മേരിയുടെ വാക്കാ ………
അന്നയും സാറയും അവരെ തന്നെ നോക്കിനിന്നു.
കുറച്ച് നേരം അവരോടു സംസാരിച്ച് വിശ്രമിക്കാൻ പറഞ്ഞ ശേഷം അവർ റൂമിൽ നിന്ന് പോകുമ്പോൾ
ഇരുവർക്കും അമ്മച്ചിയെ ഓർമ്മ വന്നു .
ഒരു നോവോടെ അവർ പരസ്പരം നോക്കി .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
അലക്സ് ഒരു ഫയലുമായാണ് സേവിയുടെ മുറിയിലേക്ക് ചെന്നത് …..
കുളിച്ചതിന് ശേഷം ഒരു കൈയാൽ തലയുടെ പിൻ ഭാഗം തുവർത്തി ബാത് റൂമിൽ നിന്നും ഇറങ്ങി വരുകയായിരുന്നു അവൻ …..
അപ്പോഴാണ് അപ്പച്ചൻ അകത്തേക്ക് കയറി വരുന്നത് അവൻ കണ്ടത് .
എന്താ അപ്പച്ചാ …….
ഇത് ഏതാ ഫയൽ ……
അയാളുടെ കൈയിലെ ഫയൽ കണ്ട് അവൻ ചോദിച്ചു .
അതൊക്കെ ഉണ്ട് നീ ചെയിൻജ് ചെയ്തിട്ട് പുറത്തേക്കു വാ …….
ഹ്മ്മ്മ് ……അവൻ മൂളി കൊണ്ട് അലമാര തുറന്നു .
അലക്സ് പുറത്തേക്ക് ഇറങ്ങി .
കുറച്ച് കഴിഞ്ഞതും സേവി റൂമിൽ നിന്നും ഇറങ്ങി വന്നു .
അപ്പച്ചനെ മുന്നിൽ കണ്ടതും അവൻ അയാളുടെ അടുത്തേക്ക് ചെന്നു ….
സേവിയെ കണ്ടതും അയാൾ ഫയൽ അവന് നേരെ നീട്ടി ……
ഇത് നീ പോയ അന്ന് മുതൽ ഇന്ന് വരെ ഉള്ള ഗോഡൗണിലെ കണക്കും കാര്യങ്ങളുമാണ് .
എത്രയും ദിവസം എല്ലാ വർക്കും ഒരു വിധം ഞാൻ ഒതുക്കിയിട്ടുണ്ട് .
ബാക്കി യെല്ലാം ഇന്ന് തന്നെ ക്ലിയർ ചെയ്ത് എനിക്ക് തരണം .
ബിസ്സിനസ്സ് ആണ് നമ്മുടെ ഒരു പിഴവ് പലപ്പോഴും ഒത്തിരി നഷ്ടങ്ങൾ ഉണ്ടാക്കും .
അവൻ അപ്പച്ചൻ പറയുന്നതെല്ലാം കേട്ട് തലയാട്ടി …….
ഗോഡൗണിൽ പോയി എല്ലാം ശ്രദ്ധിച്ചു നോക്കി ക്ലിയർ ആക്കി വരണം ഇന്ന് കേട്ടോ ….
മ്മ്മ് ……അവൻ മൂളി …….
അത് പറഞ്ഞ് അലക്സ് പോയി കഴിഞ്ഞതും അവൻ ആ ഫയലിലേക്ക് നോക്കി .
ജോലിയുടെ കാര്യത്തിൽ അന്നും ഇന്നും എല്ലാം അപ്പച്ചൻ ഒരുപോലെയാ നോ കോംപ്രമൈസ് …….
ഇന്ന് സാറകൊച്ചിനെയും കണ്ട് കൊച്ചുവർത്തമാനവും പറഞ്ഞ് അവളുടെ കൂടെ കൂടാം എന്ന് വിചാരിച്ചതാ ……
ഇതെല്ലാം നാളെ നോക്കാം എന്നായിരുന്നു മനസ്സിൽ ……
ഇനിയിപ്പോ അപ്പച്ചൻ പറഞ്ഞ സ്ഥിതിക്ക് പോയല്ലേ പറ്റൂ …….
അവൻ ഒന്ന് നെടുവീർപ്പെട്ട് ഫോൺ എടുത്ത്
ക്ലീറ്റസേട്ടനെ വിളിച്ചു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ജോലിയെല്ലാം കഴിഞ്ഞ് വൈകിട്ട് സേവി വന്ന് കയറുമ്പോൾ …….ഹാളിലൊന്നും ആരെയും കാണുന്നില്ല .
പ്രാർത്ഥനാ മുറിയിൽ മെഴുകുതിരി കത്തുന്നുണ്ട് …..
പ്രാർത്ഥനാ നേരം ഇത്ര പെട്ടന്ന് കഴിഞ്ഞോ ….
അവൻ മനസ്സിലോർത്തു .
ആ നിമിഷം അടുക്കള ഭാഗത്തുനിന്നും വല്ലാത്തൊരു വാസന അവന്റെ നാസികയിലേക്ക് തുളച്ചുകയറി ……
അവൻ അടുക്കളയിലേക്ക് പോകുന്ന വഴി സാറയുടെ മുറിയിലേക്ക് നോക്കാനും മറന്നില്ല . മുറി അടഞ്ഞു കിടക്കുകയാണല്ലോ …….
അവൻ അടുക്കളയിലേക്ക് എത്തിയതും അവിടെ കണ്ടകാഴ്ചയിൽ അവനൊന്നു അത്ഭുതപ്പെട്ടു …….
വിശേഷദിവസങ്ങളിൽ മാത്രം അടുക്കളയിൽ
പാചകത്തിന് കയറുന്ന അമ്മച്ചി ഇന്ന് എന്തെല്ലാമോ വച്ചുണ്ടാക്കുന്നു …..
കൂടെ ക്ലാരമ്മായും …….
അടുത്തായി തന്നെ സ്ലാബിൽ കയറിയിരുന്ന്
അമ്മച്ചി ഉണ്ടാക്കുന്ന പലഹാരങ്ങൾ കൈയിട്ട് വാരി തിന്നുകയാണ് അന്നയും എബിയും ……
രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നുണ്ട് …..ഇതെല്ലാം കണ്ട് ഒരു പുഞ്ചിരിയോടെ ഇരിക്കുകയാണ് സാറ .
അവളുടെ ചിരി കണ്ടതും അവൻ പരിസരം മറന്ന് അവളെ നോക്കി നിന്നുപോയി …..
ഇവൾക്ക് ഇങ്ങനെ ചിരിക്കാനറിയാമായിരുന്നോ …..
വികസിക്കുന്ന ചുണ്ടുകളും ചുരുങ്ങുന്ന കണ്ണുകളും കവിളിലെ കുഞ്ഞ് മറുകും നോക്കി നിന്നവൻ പറഞ്ഞു….
അവന്റെ ഹൃദയത്തിന്റെ തന്ത്രികളെവിടെയോ താളം തെറ്റി മിടിക്കുന്നത് പോലെ …….
Uffff…….. ഇവൾക്ക് എപ്പോഴും ഇങ്ങനെ ചിരിച്ചൂടെ …..
അവനത് മനസ്സിൽ പറഞ്ഞ് …..
അവളിൽ നിന്ന് കണ്ണെടുക്കാതെ നിന്നതും ……
അവൻ നിൽക്കുന്നിടത്തേക്ക് സാറ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു …
തുടരും ❣️

by