രചന – മിയ അവ
സന്തോഷം കൊണ്ട് വിടർന്നു നിന്ന മുഖം പെട്ടെന്ന് വാടുന്നത് മായ ശ്രദ്ധിച്ചു.
“അത് കൊള്ളാലോ.. എന്താ..അവിടെ വല്ല രഹസ്യം ഉണ്ടോ ഞാൻ അറിയാൻ പറ്റാത്തതായി…മ്മ്…”
അവളെയൊന്ന് താഴ്ന്നു നോക്കി കള്ളച്ചിരിയോടെ മായ ചോദിച്ചത് കേട്ട് പാറു ചുണ്ട് കോട്ടി.
” പോ ചേച്ചി.. എനിക്കെന്ത് രഹസ്യം ഉണ്ടാവാനാ… പക്ഷെ…”
“പിന്നെന്താ ഒരു പക്ഷെ… ഏഹ്…”
“അത്.. ചേച്ചി.. എന്റെ വീട് ചേച്ചി കരുതുന്ന പോലെയൊന്നും അല്ല……”
“അതിന് ഞാൻ പ്രേത്യേകിച്ചു ഒന്നും കരുതിയില്ലെങ്കിലോ…”
എന്ത് പറയുമെന്ന് അറിയാതെ വിളറി നിൽക്കുന്ന പാറുവിനെ നോക്കി മായ സൗമ്യമായി പുഞ്ചിരിച്ചു.
“എന്തേ.. ഇനി പോവാലോ…”
” അത് വേണോ ചേച്ചി…”
“വേണം..കുറെ ആയി വിചാരിക്കുന്നു ഒരിക്കൽ അവിടെ വരണമെന്ന്.. ഇന്ന് എന്തായാലും എനിക്ക് കാണണം നിന്റെയാ സ്വർഗം..നീയീ ഫയൽ വെച്ചിട്ട് പെട്ടെന്ന് വന്നേ.. നമുക്ക് വേഗം ഇറങ്ങാം… ഇല്ലേൽ നിന്റെ അമ്മ പേടിക്കില്ലേ… മ്മ്…”
അതിന് നേർത്ത ഒരു പുഞ്ചിരി മാത്രമായിരുന്നു പാറുവിന്റെ മറുപടി.
“എന്താടാ…”
“ഏയ്.. ഒന്നുല്ല ചേച്ചി.. ഞാൻ ദേ വരുന്നു…”
“മ്മ്…”
“അപ്പോ ഇറങ്ങിയാലോ…”
ഫയൽ വെച്ചിട്ട് വന്ന പാറുവിനെ നോക്കി മായ ചോദിച്ചു.
“ഇറങ്ങാം ചേച്ചി….”
കാറിൽ മായയ്ക്കൊപ്പം യാത്ര ചെയ്യുമ്പോഴും പാറു തീർത്തും നിശബ്ദമായിരുന്നു. ഫ്രീ ആയിട്ട് അൽപ്പം സമയം കിട്ടിയാൽ ഒരുപാട് കഥകൾ പറയുന്ന പാറുവിന്റെ ഈ മൗനം മായയിലും ഒരു നോവുണർത്തി.
“ടാ..പാറുസേ…”
“ഓ.. എന്താ ചേച്ചി…”
“എന്ത് പറ്റി ഞാൻ കൂടെ വരുന്നെന്നു പറഞ്ഞത് തൊട്ടാണല്ലോ മുഖം വാടിയത്… എന്താ ഞാൻ വരുന്നത് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടാണോ…”
“അതൊന്നും അല്ല ചേച്ചി.. ഞാൻ അവിടെ എത്തിയിട്ട് എല്ലാം പറയാം…”
“മ്മ്…”
വണ്ടി വീണ്ടും മുന്നിലുള്ള ഇരുളിനെ ഭേദിച്ച് മുന്നോട്ട് നീങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒരു ഇടുങ്ങിയ വഴി ചൂണ്ടി പാറു പറഞ്ഞു.
“ചേച്ചി… ദേ ആ കാണുന്ന വഴിയിൽ കൂടി വേണം പോവാൻ… കാർ അത് വഴി പോകുവോ അറിയില്ല… ഇടുങ്ങിയ വഴിയാ…”
“ഓഹ്… ഇട്സ് ഓക്കേ നമുക്ക് കാർ ഇവിടെ സൈഡ് ആക്കിയിട്ട് നടന്നു പോവാം… എന്തായാലും അമ്മയെ കാണാലോ….”
അപ്പോഴും പാറു തെളിമയില്ലാതെ ഒന്ന് പുഞ്ചിരിച്ചു. റോഡിന്റെ അരികിലേക്കായി കാർ ഒതുക്കി നിർത്തി രണ്ടുപേരും ഇറങ്ങി. ഇരുട്ട് വീണു ഭീതി ഉണർത്തുന്ന ആ ഇടുങ്ങിയ വഴിയിലൂടെ ഫോണിലെ വെളിച്ചം വെച്ച് രണ്ടു പേരും കൂടി നടന്നു. മായ വിചാരിച്ചതിലും കുറച്ചധികം നടക്കാനുണ്ടായിരുന്നു അവിടേക്ക്.
“ഇത്രയും ദൂരം ദിവസവും രാത്രിയിൽ നീ ഒറ്റയ്ക്ക് ആണോ പാറുസേ നടന്നു പോവാറ്…”
“പിന്നല്ലാതെ… എനിക്ക് കൂട്ടിന് വേറെ ആര് വരാനാ…”
“അച്ഛനോ.. ഏട്ടനോ.. അങ്ങനെ ആരും ഇല്ലേ…”
അവളെ നോക്കിയൊന്ന് ചിരിച്ചെങ്കിലും പാറു അതിന് മറുപടിയൊന്നും പറഞ്ഞില്ല.
ചെങ്കല്ല് നിറഞ്ഞ ഒരു കുടുക്കു വഴിയിൽ കൂടി കുറച്ചു ദൂരം കൂടി നടന്നപ്പോൾ അരികിലായ് ഒരു കുഞ്ഞു വെട്ടം കണ്ടു മായ. നേർത്ത ഒരു കുഞ്ഞു പൊട്ടു പോലെ മങ്ങിയ ഒരു വെട്ടം.
“.. അവിടെ എന്തോ ഒരു വെളിച്ചം കാണുന്നുണ്ടല്ലോ…”
“ഉവ്വ്.. അതാ എന്റെ വീട്…”
കേട്ടത് വിശ്വാസം വരാത്തത് പോലെ മായ അവളെ നോക്കി.
“എന്താ…”
“ആ കാണുന്ന കുഞ്ഞു വെളിച്ചമില്ലേ.. അതെന്റെ വീട്ടിലെയാ..വീടെന്ന് പറയാനില്ല ഒരു കുഞ്ഞു ഷെഡ്.. അത്രയേയുള്ളൂ…”
അപ്പോഴേക്കും അവർ ആ വെളിച്ചത്തിന്റെ തൊട്ട് അരികിൽ എത്തിയിരുന്നു. മായ തന്റെ ഫോണിലെ വെളിച്ചത്തിൽ അവിടെയാകെയൊന്ന് നോക്കി. ഇഷ്ടിക കൊണ്ട് കെട്ടിയുണ്ടാക്കിയ.. നാല് ചുവരുള്ള ഒരു ഒറ്റമുറി വീട് ആയിരുന്നു അത്. അതിന് മുകളിൽ മേൽക്കൂരയായി പനയോല വിരിച്ചിരിക്കുന്നു. മുന്നിൽ അത്ര ഉറപ്പില്ലാത്ത ഒരു ഡോറും. ഉമ്മറം എന്ന് പറയാൻ പോലും ഒരു സ്ഥലം അവിടെ ഇല്ലെന്ന് തോന്നി മായയ്ക്ക്. മുന്നിൽ ഒരു ചെറിയ തിണ്ണ പോലൊരു സ്ഥലത്തു രണ്ടു പലക കിടപ്പുണ്ട്. പാറു ആ പലക രണ്ടെണ്ണം എടുത്തു അവിടെ തിണ്ണയിലേക്ക് വെച്ചു.
“ഇരിക്ക് ചേച്ചി… ഇവിടെ ഇതേ ഉള്ളു ഇട്ടു തരാൻ… ചെയർ ഒന്നും ഇല്ല…”
മായ അപ്പോഴും മുന്നിലെ കാഴ്ചയിൽ സ്തംഭിച്ചു നിൽക്കുവായിരുന്നു.
“എന്ത് പറ്റി ചേച്ചി.. ഇത്രയും വിചാരിച്ചില്ല ല്ലേ …”
“ടാ..നീ ഇവിടെ…ഇങ്ങനെ ഒരു അവസ്ഥയിലാണെന്ന്..ഒരിക്കൽ പോലും പറഞ്ഞില്ലല്ലോ നീ..”
“പറഞ്ഞാൽ നിങ്ങൾ എനിക്ക് നിങ്ങളുടെ കമ്പനിയിൽ ജോലി തരുമായിരുന്നോ ചേച്ചി… അത്രയും റിപ്യൂട്ടഡ് ആയൊരു കമ്പനിയിൽ ഈ ചെറ്റ കുടിലിൽ നിന്ന് വരുന്ന എന്നെ അടുപ്പിക്കുവായിരുന്നോ നിങ്ങൾ….”
“പക്ഷെ….ഇന്റർവ്യൂ ടൈമിൽ…. യെസ്..ഞാൻ ഓർക്കുന്നു… അന്ന് വെൽ ഡ്രസ്സ്‌ഡ് ആയി.. കാഴ്ചയിൽ തന്നെ റിച് എന്ന് തോന്നിക്കുന്ന തരത്തിൽ ആണ് നീ വന്നിരുന്നത്…എന്റെ പപ്പ അന്ന് നിന്നെ കണ്ടപ്പോൾ തന്നെ നിന്റെ ഡാഡിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞിരുന്നു.. ബിക്കോസ് അത്യാവശ്യം റിച് ആയ ആളാണെങ്കിൽ അദ്ദേഹവുമായി പാർട്ണർഷിപ് നടത്താൻ പറ്റിയാലോന്ന് ഒക്കെ പറഞ്ഞപ്പോ പപ്പയുടെ ബിസ്സിനെസ്സിലേക്ക് ഉള്ള പാർട്ണറെയല്ല ഈ കമ്പനിയിലേക്ക് ഒരു ഓഫീസ് അഡ്മിനിസ്ട്രേറ്ററെയാണ് നോക്കുന്നതെന്ന് പറഞ്ഞു വിലക്കിയത് ഞാനാ….ഒരുപക്ഷെ അന്ന് പപ്പ അന്വേഷിച്ചിരുന്നെങ്കിൽ…..”
“ഞാൻ അന്ന് തന്നെ പുറത്തു ആവുമായിരുന്നു… അല്ലേ ചേച്ചി…”
“മ്മ്…പക്ഷെ എപ്പോഴൊക്കെയോ എനിക്ക് മനസ്സിലായിരുന്നു നീ ഞങ്ങൾ വിചാരിച്ച പോലെ അത്ര റിച്ച് ഒന്നും അല്ലെന്ന്..ഒരിക്കൽ വരുന്നുണ്ടെന്ന് ഞാൻ പറയുമ്പോഴൊക്കെ നീ ഒഴിഞ്ഞു മാറുന്നതിൽ നിന്ന് ഞാൻ ഊഹിച്ചിരുന്നു പലതും..അതാ വരണ്ടെന്ന് നീ പറഞ്ഞിട്ടും നിർബന്ധിച്ച് കൂടെ കൂടിയത് ഇന്ന്…എന്നാൽ ഇങ്ങനെയൊരു കണ്ടിഷൻ സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചില്ലയിരുന്നു ടാ….”
“മ്മ്..എനിക്കറിയാം ചേച്ചി.. ചേച്ചിയ്ക്ക് ഏറെക്കുറെ എന്നെ മനസ്സിലായി തുടങ്ങിയിട്ടുണ്ടെന്ന്.. അതാ കള്ളങ്ങൾ പൊളിയുമെന്ന് അറിഞ്ഞിട്ടും വരണ്ടെന്ന് പറഞ്ഞ് കൂടുതൽ എതിർക്കാത്തിരുന്നത്… ഹാ പിന്നെ അന്നും ഇന്നും ഞാൻ ഇടുന്ന ഡ്രസ്സ് ഒക്കെ ഞാൻ ട്യൂഷൻ എടുത്തു കൊടുക്കുന്ന വീട്ടിലെ ചേച്ചിമാർ തരുന്നതാണ്….പക്ഷെ അവിടെ ജോലിക്ക് കയറിയേരെ എന്നും വൈകിയല്ലേ എത്തുന്നത്… അതോണ്ട് ഇപ്പോ ട്യൂഷൻ എടുക്കാൻ പറ്റാറില്ല കുട്ടികൾക്ക്.. എന്നാലും ചില വീട്ടിലുള്ള ചേച്ചിമാർ എന്റെ അവസ്ഥ മനസ്സിലാക്കി ഇപ്പോഴും ഇടയ്ക്കൊക്കെ ഓരോന്ന് വാങ്ങിച്ചു തരും…”
“മ്മ്… അപ്പോ ഇവിടെ വേറെ ആരും ഇല്ലേ കൂടെ.. അമ്മ.. അച്ഛൻ…”
“അമ്മയെ കണ്ടതായി എനിക്ക് ഓർമ്മയില്ല ചേച്ചി…പ്രസവത്തോടെ തന്നെ മരിച്ചുന്നാ എല്ലാരും പറഞ്ഞറിഞ്ഞത് …ഞാൻ ഓർമ്മ വെച്ചത് മുതൽ ദേ ഇവിടുന്ന് കുറച്ചുമാറി ഒരു തെരുവുണ്ട്… ഈ പഴയ സാധനങ്ങൾ തൂക്കി വിൽക്കുന്നവരാണ് അവിടെ താമസിക്കുന്നത്.. അവരോടൊപ്പമായിരുന്നു ഞാൻ കുഞ്ഞിൽ.. അവിടെ ഒരുപാട് അമ്മമാരുടെ കൈകളിലൂടെയാണ് ഞാൻ വളർന്നത്… അച്ഛൻ ഉണ്ട് ഇപ്പോഴും.. പേരിനുമാത്രം…എന്നും മദ്യപിച്ച് ബോധം മറയാറാവുമ്പോൾ കിടക്കാൻ ഏതെങ്കിലും പാതി രാത്രി ഇവിടെ വന്നു കേറും .. പകൽ ഉറക്കം വിട്ടു എപ്പോഴാ എഴുന്നേറ്റു പോവുന്നതെന്ന് പോലും എനിക്കറിയില്ല… ഇങ്ങനെയൊരു മകളുണ്ടെന്ന് പോലും അയാൾ ഓർക്കാറില്ല.. അമ്മയ്ക്ക് ഏതോ അവിഹിതത്തിൽ ഉണ്ടായതാ ഞാനെന്ന് പറഞ്ഞു ജനിച്ചപ്പോ തൊട്ടേ എന്നെ അയാൾക്ക് കണ്ണിൽ കണ്ടൂടാ…”
ചിരിയും കുറുമ്പും മാത്രം നിറഞ്ഞു നിന്നിരുന്ന ആ മുഖത്തിന്റെ ഉള്ളറകളിൽ മറഞ്ഞു നിന്ന നിസ്സഹായതകളെ ഓരോന്നായി കേട്ടറിയുകയായിരുന്നു മായ.
” ആ തെരുവിലെ ആളുകളുടെ കൂട്ടത്തിൽ ഒരു പെരിയപ്പ ഉണ്ട് .. ഞാൻ കുറച്ചു വളർന്നപ്പോൾ പെരിയപ്പ എന്നെ ഒരു വീട്ടിൽ വേലയ്ക്ക് ആക്കിത്തന്നു..അന്ന് എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് കാണും..ഒരു മുത്തശ്ശനും മുത്തശ്ശിയും മാത്രമായിരുന്നു ആ വീട്ടിൽ. നല്ല പണക്കാരൊക്കെയാണെങ്കിലും മക്കളൊക്കെ വിദേശത്തെവിടെയോ ആയതുക്കൊണ്ട് ഇവിടെ ഇവർ മാത്രമായി… അത്രയും ചെറുപ്പത്തിൽ വീട്ടു ജോലിക്ക് എത്തിയ എന്നെ കണ്ടപ്പോ പാവം മുത്തശ്ശനും മുത്തശ്ശിയ്ക്കും സഹതാപം…അവരാ എന്നെ സ്കൂളിൽ വിട്ടു പഠിപ്പിച്ചത്… ആ പാവങ്ങളുടെ കരുണ കൊണ്ട് പണമില്ലെങ്കിലും നിങ്ങളുടെ കമ്പനിയിൽ ജോലി കിട്ടാനുള്ള ക്വാളിഫിക്കേഷൻ എനിക്കുന്നുണ്ടായി…”
പാറു വിരസമായൊന്ന് ചിരിച്ചു കൊണ്ട് മായയെ നോക്കി.
(തുടരും )
കഴിഞ്ഞ പാർട്ടിൽ ചിലർക്കൊക്കെ കൺഫ്യൂഷനായതോണ്ട് എങ്ങനെ തുടരണന്നൊരു സംശയണ്ട്.. പാറുവിന്റെ ഇടയ്ക്കുള്ള ചിന്തകളിലൂടെ പാസ്റ്റ് പറയാനായിരുന്നു പ്ലാൻ…

by