19/04/2026

ഞാൻ ആമി : ഭാഗം 06

രചന – സുധീ മുട്ടം

“അഖീ…..

ഉറക്കെയുള്ള അലർച്ച കേട്ടതും നന്ദിത ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു അമ്പരപ്പോടെ നോക്കി…

” ആമി കരയുന്നു….

നെഞ്ചിലൊരു കനൽ നീറ്റിയതും പെട്ടന്നവളെ കുലുക്കി വിളിച്ചു..

“ആമീ … ഡീ… ആമി…

അപ്പോഴും മിഴികൾ പൂട്ടി കരയുകയായിരുന്ന ആമിയെ വീണ്ടും വീണ്ടും പേരെടുത്തു വിളിച്ചു കൊണ്ടിരുന്നു…

” അഖിൽ… അഖിൽ….

“അഖിലിന് എന്ത് പറ്റി…

” അത്…. അത്….

സ്വപ്നമാണെന്ന് തിരിച്ചറിവ് വന്നതോടെ വാക്കുകൾ തൊണ്ടക്കുഴിയിൽ ഉടക്കി നിന്നു…കണ്ടത് സ്വപ്നം ആണെന്ന് അറിഞ്ഞെങ്കികും ഉള്ളിലൊരു ഭയം ആഴത്തിൽ വേരൂർന്ന് ഇറങ്ങിയിരുന്നു….

“എന്ത് പറ്റിയെന്ന് പറയെടീ….

” അത്… ഞാനൊരു സ്വപ്നം കണ്ടു…അഖിലിനും എനിക്കും ആക്സിഡന്റ് ആകുന്നതായി….

പറയുമ്പോൾ കണ്ട സ്വപ്നത്തിന്റെ ഭീകരത മുഖത്ത് നിഴലിച്ചിരുന്നു…

“ഇതാണ് പറയുന്നത് പ്രാർത്ഥിച്ചിട്ട് കിടക്കണമെന്ന്….

ആമി മറുപടിയൊന്നും കൊടുക്കാതെ ഒരു വശത്തേക്ക് ചരുഞ്ഞു കിടന്നു…അഖിലിനെയൊന്ന് വിളിച്ചു ആ സ്വരമൊന്ന് കേൾക്കണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും രാത്രിൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി വേണ്ടെന്ന് വെച്ചു.. എങ്കിലും അവളുടെ കരിനീലനയനങ്ങൾ പെയ്ത് കൊണ്ടിരുന്നു…

” ആമീ…..

അവളെ ചേർത്തു പിടിച്ചു നന്ദിത അലിവോടെ വിളിച്ചു…

“നിനക്ക് അഖിലിനോട് സംസാരിക്കണോ?

മനസ്സ് അറിഞ്ഞത് പോലെയുള്ള ചോദ്യം..വേണ്ടെന്ന് ശിരസ്സാട്ടിയെങ്കിലും ഫോൺ എടുത്തു നീട്ടി…തെല്ലൊരു മടിയോടെയെങ്കിലും ഫോൺ വാങ്ങി എഴുന്നേറ്റു.. ആ സ്വരമൊന്ന് കേട്ടില്ലെങ്കിൽ ഉള്ളിലെരിയുന്ന ചൂടിന്റെ ശക്തി കുറയില്ലെന്ന് തോന്നി….

സുഖ നിദ്രയിൽ ആയിരുന്ന അഖിൽ ഫോൺ ശബ്ദിക്കുന്നത് കേട്ടു ഉറക്കമുണർന്നു…ആരായിരിക്കും വെളുപ്പാൻ കാലത്തെന്ന് ചിന്തിച്ചു ഫോൺ കയ്യിലെടുത്തതും ആമിയെന്ന പേരു കണ്ടതോടെ ഉറക്കമെങ്ങോ പോയി മറഞ്ഞു…വെപ്രാളത്തോടെ ഫോൺ ചെവിയോട് ചേർത്തു….

” എന്തു പറ്റി ആമി… enything series….

“ഒന്നൂല്ലാ അഖി…വെറുതെ വിളിച്ചതാ… ആ സ്വരമൊന്ന് കേൾക്കാനൊരു ആഗ്രഹം…

” ആമിയുടെ സ്വരത്തിനു വല്ലാത്ത ആശങ്കയും കിതപ്പും ഉണ്ടല്ലോ? എന്താണെങ്കിലും പറയൂ ആമി….

“ഒന്നൂല്ലാ അഖി…

” നമ്മൾ പരസ്പരം ഒന്നിച്ചു ജീവിക്കണ്ടവരാ…പരസ്പരം ഷെയർ ചെയ്യണം സങ്കടം ആയാലും സന്തോഷമായാലും…ആമിക്കൊരു സങ്കടം വന്നാൽ അത് എന്റെയും കൂടിയല്ലേ….

അത്രയും പറയുമ്പോഴേക്കും അവന്റെ സ്വരം ഇടറിയിരുന്നു….

അറിയാൻ കഴിയുന്നുണ്ട് അവളുടെ ഓരോ സ്പന്ദനവും….ആശങ്ക നിറഞ്ഞ രൂപവും മനസ്സിൽ തെളിയുന്നുണ്ട്….

“ഞാൻ പറയാം അഖി…

നടന്നത് വിവരിക്കുമ്പോൾ അവനിലാദ്യം ചിരിയും പിന്നെ ആമിക്കുള്ള സ്നേഹവും തെളിഞ്ഞ് നിന്നു….

” അങ്ങനെയൊന്നും സംഭവിക്കില്ല ആമി…നമ്മൾ മക്കളുമായി ഏറെക്കാലം ജീവിച്ചിരിക്കും…

“അത് പിന്നെ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ്…

” അതൊക്കെ പഴമക്കാർ പറയുന്നതല്ലേ… ആ പഴമക്കാർ തന്നെ മറ്റൊന്ന് കൂടി പറഞ്ഞിട്ടുണ്ട് വെളുപ്പിനെ കാണുന്ന സ്വപ്നങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ലെന്ന്‌‌.

“മ്മം….

” എങ്കിൽ സമാധാനമായി കിടന്ന് ഉറങ്ങിക്കോളൂ…..

“മ്മം…

” സമാധാനമായി കിടന്ന് ഉറങ്ങാനൊരു സമ്മാനം തരട്ടെ…

“മ്ം…

അതിനു ഒരു മൂളൽ ആയിരുന്നു മറുപടി….

” ചക്കരയുമ്മ..പഞ്ചാരയുമ്മ..എന്റെ ചക്കരപ്പെണ്ണിന് കെട്ടിപ്പിടിച്ചു ചക്കര ചുണ്ടത്ത് പഞ്ചാരയുമ്മ…..

ആമിയിലൊരു കോരിത്തരിപ്പുണ്ടായി…നേരിട്ട് അനുഭവിച്ച പ്രതീതി…ആദ്യമായി കിട്ടിയ ചുംബനത്തിൽ…

ചൊടികളെ മൃദുവായി തടവി…അഖിൽ ഫോൺ വെച്ചതൊന്നും അറിഞ്ഞില്ല..മെല്ലെ മെല്ലെ വീണ്ടുമൊരു സ്വപ്നലോകത്തിലായി…അവിടെ അവളും അഖിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ….

നന്ദിത ഒരു ചെറു പുഞ്ചിരിയോടെ ആമിയെ നോക്കിയ ശേഷം മിഴികളടച്ചു…

രാവിലെ വൈകി ഉണർന്നതെങ്കിലും ആമി ഉത്സാഹവതി ആയിരുന്നു.. നേർത്തൊരു പുഞ്ചിരി ചുണ്ടിൽ കളിയാടിയിരുന്നു….

രാത്രിയിൽ നടന്നതിനെ കുറിച്ചൊന്നും വീണ്ടും ചോദിക്കാനായി നന്ദിത മിനക്കെട്ടില്ല… ഇരുവരും കോളേജി‌ലേക്ക് പുറപ്പെട്ടു…

വൈകുന്നേരം ആയപ്പോഴേക്കും ചായ കുടിയും കഴിഞ്ഞ് ഇരിക്കുമ്പോൾ ആമി ആ ചോദ്യം എടുത്തിട്ടു….

“അന്ന് അഖിലിനു ഒപ്പം വന്ന അവിനാശിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ….

നന്ദിതയിൽ അമ്പരപ്പ് നിറഞ്ഞു…

” എന്തേ പതിവില്ലാത്തൊരു ചോദ്യം…

ആമിയിൽ കുസൃതിച്ചിരി തെളിഞ്ഞു….

“ഒന്നൂല്ലാ… വെറുതെ എങ്കിലും പറയ്….

” ആളെ കണ്ടിട്ട് ഒരു ജെന്റിൽ മാൻ ലുക്കുണ്ട്..കാണാനും തെറ്റില്ല..ബട്ട് ആളുടെ സ്വഭാവം എങ്ങനെ ആണെന്ന് മാത്രം അറിയില്ല….

“നല്ല ക്യാരക്റ്റർ ആണെന്ന് അഖിൽ പറഞ്ഞിരുന്നു….

” മ്ം… അതുപോട്ടെ..ഇതെന്താ പതിവില്ലാത്തൊരു ചോദ്യം….

“കാര്യമുണ്ട്…അമ്മക്ക് നിന്നെ ഇഷ്ടമായി…അവിനാശിനായി ആലോചിക്കാൻ ആഗ്രഹമുണ്ട്… എല്ലാം അറിഞ്ഞൊന്ന് വെയ്ക്കാൻ പറഞ്ഞു.. അത്രയേയുള്ളൂ….

ഒരു ചെറു ചിരിയോടെ ആമി പറയുമ്പോൾ നന്ദിതയിൽ നിരാശ കലർന്നു….

” ആമി… നിനക്ക് അറിയാമല്ലോ എന്നെക്കുറിച്ചും വീട്ടിലെ അവസ്ഥയെ കുറിച്ചും…ഒരു ജോലി കിട്ടിയട്ട് വേണം അച്ഛനും അമ്മക്കുമൊരു തണലാകാൻ….

സ്വരം നന്നേ ഇടറിയിൽ…കണ്ണുകളിൽ നനവും….

“അതോർത്തൊന്നും വിഷമിക്കണ്ടാ…വിവാഹം കഴിഞ്ഞാലും അവർ പഠിപ്പിക്കും…ജോലിക്കും വിടും‌.ശമ്പളം മുഴുവനും നിനക്ക് വീട്ടിലും കൊടുക്കാം.. അവർക്കൊരു തരി സ്വർണ്ണം പോലും വേണ്ടാ..നിന്നെ മാത്രം മതിയെന്ന്….

എന്ത് പറയണമെന്ന് അറിയില്ലായിരുന്നു… കേട്ടത് വിശ്വസിക്കാനും കഴിയുന്നില്ല…

അവിനാശിനെ ആദ്യ കാഴ്ചയിലെ ഇഷ്ടപ്പെട്ടു…മോഹിക്കാൻ അർഹത ഇല്ലെന്ന് ഓർത്ത് അവിടെ ഇഷ്ടങ്ങൾ കുഴിച്ചു മൂടി….ഇപ്പോഴവ ചിറക് വിരിച്ച് പറന്നുയരുന്നതായി നന്ദിതക്ക് തോന്നി….

” അവർ വീട്ടിൽ വന്ന് ചോദിക്കട്ടെ ആമീ…..

“അതാ… അതിന്റെ ശരി….

ആമി തലകുലുക്കി….ആ സംഭാഷണം അവിടെ അവസാനിച്ചു….

💓💓💓💓💓💓💓💓💓💓💓💓

” നന്ദിതക്ക് സമ്മതമാണ് അഖി…വീട്ടിൽ ചെന്ന് ആലോചിക്കുക..പിന്നെ അവളുടെ കണ്ടീഷൻസ്….

രാത്രിൽ അഖിൽ വിളിച്ചപ്പോൾ ആമി നന്ദിതയെ കുറിച്ചും ഡിമാന്റ്സിനെ കുറിച്ചും പറഞ്ഞു…

“യാ… ഷുവർ..ആമി… എല്ലാം സ്പീഡാക്കാം…

ചെറു ചിരിയോടെ അഖിൽ പറഞ്ഞു അവസാനിപ്പിച്ചു…

💓💓💓💓💗💗💗💗💗💗💗

ദിവസങ്ങൾ വളരെ വേഗം കടന്നു പോയി… ആമിയുടെ സെമിസ്റ്റർ എക്സാം കഴിഞ്ഞു വിവാഹം.. ഒപ്പം നന്ദിതയുടേയും..ഒരേ ആഡിറ്റോറിയത്തിൽ..ഒരേ മുഹൂർത്തത്തിൽ…കാര്യങ്ങൾ അങ്ങനെ തീരുമാനിക്കപ്പെട്ടു….

വിവാഹം കഴിയും വരെ നാല് യുവ മിഥുനങ്ങളും ഫോൺ വഴിയും ഇടക്ക് നേരിൽ കണ്ടും പ്രണയിച്ചു കൊണ്ടിരുന്നു…..

💓💓💓💓💓💓💓💓💓💓💓💓💓💓💓

” അമ്മേ ഗൾഫിലേക്ക് പോകാനുള്ള വിസയെത്തി…അടുത്ത ആഴ്ച പോകണം….

മാസങ്ങളായി ഗൾഫിലേക്ക് പോകാനായി ട്രൈ ചെയ്യുന്നു….ഇന്നാണ് എല്ലാം ശരിയായത്…

“എന്ത് പറ്റി അമ്മക്ക്…

സ്നേഹത്തോടെ അമ്മയെ ചേർത്തു പിടിച്ചു…

” എന്റെയൊരു സ്വപ്നമല്ലേ നമുക്കൊരു നല്ലൊരു വീട് വേണമെന്നത്….

“എന്നാലും രണ്ടു വർഷം നിന്നെ പിരിഞ്ഞു ഇരിക്കുന്നത് ഓർക്കുമ്പോൾ…

അമ്മയുടെ വാടിയ മുഖം കയ്യിലെടുത്തു… മാതൃവാത്സല്യം തിരയടിക്കുന്നത് ആ കണ്ണുകളിൽ തെളിഞ്ഞ് കണ്ടു…

” രണ്ടു വർഷം പെട്ടെന്ന് പോവില്ലേ അമ്മേ…ഗൾഫിൽ നിന്ന് വന്നിട്ട് നല്ലൊരു വീട് വെയ്ക്കണം..അത് കഴിഞ്ഞ് അമ്മ ആഗ്രഹിച്ചത് പോലെ എന്റെ വിവാഹം… എന്താ സന്തോഷമായില്ലേ…

മകനെ പിരിയുന്നതിൽ നല്ല ദുഖമുണ്ട്…പക്ഷേ അവന്റെ ആഗ്രഹങ്ങൾ ,സ്വപ്നങ്ങൾ.. എല്ലാം ഓർത്തപ്പോൾ മീനാക്ഷി അമ്മ ഒന്നും പറഞ്ഞില്ല…

ദിവസങ്ങൾ പിന്നെയും ഓടിയകന്നു…ശനിയാഴ്ച പോകണം…അതിനു മുന്നായി ആ പെൺകുട്ടിയെ കാണണം.. മനസ്സിലെ പ്രണയം തുറന്നു പറയണം.. കാത്തിരിക്കാൻ സമ്മതമാണോന്ന് ചോദിച്ചറിയണം….

ഗൾഫിലേക്ക് പോകാനുള്ള തിരക്കിനിടയിൽ കുറച്ചു ദിവസങ്ങളായി ആളെ കാണാൻ കഴിഞ്ഞിരുന്നില്ല..പക്ഷേ ഇന്ന് കാണണം.. സംസാരിക്കണം….

കോളേജ് ജംക്ഷനിൽ എത്തുമ്പോൾ ഇന്ന് ആ പതിവ് മുഖം കണ്ടില്ല…മനസ്സ് അസ്വസ്ഥമായി എങ്കിലും വൈകുന്നേരം വരെ പ്രതീക്ഷിച്ചു.. കാണാൻ കഴിഞ്ഞില്ല.നിരാശയോടെ ആകാശ് വീട്ടിലേക്ക് നടന്നു….

രാത്രിൽ കിടന്നിട്ട് ഉറക്കം വന്നില്ല…പറയാതിരുന്ന പ്രണയത്തെ കുറിച്ച് ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു…. അതങ്ങനെ അവനെ പൊള്ളിച്ചു കൊണ്ടിരുന്നു….

അടുത്ത ദിവസം പറയാതിരുന്ന പ്രണയത്തിന്റെ പൊള്ളിക്കുന്ന ഓർമ്മകളുമായി ആകാശ് പ്രവാസലോകത്തേക്ക് യാത്രയായി….

തുടരും