രചന – കണ്ണന്റെ മാത്രം
ഗൗരി ലച്ചുവിന്റെ മുറിയിലേക്ക് വരുമ്പോൾ അവിടെ കല്ലുവും ലച്ചുവും മാത്രേ ഉള്ളൂ. ഗൗരിയെ കണ്ടതും ലച്ചു ചോദിച്ചു.
ഗൗരിയേച്ചി എവിടെ പോയി. ഞാൻ ഇവിടെ ഒക്കെ നോക്കി…
അത്.. അതുപിന്നെ ഞാൻ ഇവിടെ ഒക്കെ ഉണ്ടായിരുന്നു. ഗൗരി ഒരു ചെറുവിക്കലോടെ പറഞ്ഞു..
ഗൗരിയുടെ മറുപടി കേട്ടതും കല്ലു ഒരു സംശയത്തോടെ അവളെ നോക്കി. ഗൗരി അവളെ ന്നോക്കാതെ ലച്ചുവിനോടായി ചോദിച്ചു..
ദേവൂട്ടി എവിടെ വന്നില്ലേ…
ഇല്ല… അവള് അപ്പ വിളിച്ചിട്ട് തേജസിലേക്ക് പോയതാ. ഇപ്പൊ വരുവായിരിക്കും..
പിന്നെ അവർ കുറച്ച് നേരം കാര്യം പറഞ്ഞിരുന്നു. അപ്പോഴേക്കും ദേവൂട്ടിയും വന്നു. അതോടെ പിന്നെ അവിടെ ഒരു മേളം ആയിരുന്നു. കല്ലുവും ദേവൂട്ടിയും ലച്ചുവും കട്ടക്ക് നിക്കും കച്ചറ കാണിക്കാൻ. മൂന്നിന്റേം പാട് കണ്ടിട്ട് ഗൗരിക്ക് ചിരിക്കാനെ നേരം ഉണ്ടായിരുന്നുള്ളൂ. പെട്ടന്നാണ് ലച്ചുവിന് ഒരു കാര്യം ഓർമ വന്നത്..
ഗൗരിയേച്ചി ഞങ്ങൾക്ക് പാട്ടുപാടി തരാം എന്ന് പറഞ്ഞിട്ട് പാടി തന്നില്ലല്ലോ.. ഇപ്പൊ പാടി തായോ.. പ്ലീസ്..
ഇപ്പോഴോ പിന്നെ എപ്പോഴെങ്കിലും പോരെ മോളെ.. ഗൗരി ചോദിച്ചു.
പറ്റില്ല.. പറ്റില്ല ഇപ്പൊ തന്നെ വേണം.. ദേവൂട്ടിയും പറഞ്ഞു…
ഗൗരി ഒന്ന് മൂളിക്കൊണ്ട് കല്ലുവിനെ ഒന്ന് നോക്കി.. കല്ലു ഒന്ന് കണ്ണുചിമ്മി കാട്ടി..
കാർമുകിൽവർണ്ണന്റെ ചുണ്ടിൽ..
ചേരുമോടക്കുഴലിന്റെയുള്ളിൽ…..
……………
ഗൗരി പാടി നിർത്തി നോക്കിയതും ഒന്ന് വിറച്ചു പോയി.. വാതിൽക്കൽ ആയി കണ്ണനും ദേവും ഒരു ഇളം ചിരിയോടെ നിൽക്കുന്നുണ്ട്. പക്ഷേ ഗൗരിയെ വിറപ്പിച്ചത് അവരുടെ പിന്നിലായി അവളെ തന്നെ ഇമവെട്ടാതെ നോക്കുന്ന അച്ചുവിന്റെ കണ്ണിലെ ഭാവം ആണ്.. അവൾക്ക് ആകെ പരവേശം തോന്നി. അവൾ വേഗം മുഖം വെട്ടിച്ചു ലച്ചുവിനെ നോക്കി..
ഗൗരിയെ തന്നെ ഒരു ചിരിയോടെ നോക്കിയിരുന്ന കല്ലു അവളുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് അവൾ നോക്കുന്നിടത്തേക്ക് നോക്കിയപ്പോ കാണുന്നത് കണ്ണനെയും ദേവിനെയും അച്ചുവിനെയും ആണ്. അച്ചുവിന്റെ നോട്ടം കണ്ട കല്ലുവിന്റെ പുരികം ഒന്ന് ചുളിഞ്ഞു. അവൾ ഗൗരിയെയും അച്ചുവിനെയും മാറി മാറി നോക്കി.
അവർക്കിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി. ദേവൂട്ടിയുടെ ശബ്ദം ആണ് എല്ലാവരുടെയും ശ്രദ്ധ തിരിച്ചത്..
വൗ.. ഗൗരിയേച്ചി സൂപ്പർ ആയി. നല്ല അടിപൊളി ശബ്ദം.. ദേവൂട്ടി പറഞ്ഞു..
അതേ.. ഗൗരികുട്ടി ഇത്രേം നന്നായി പാടും എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു…. ദേവ് ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് ഗൗരിയുടെ അടുത്തു വന്നു അവളുടെ തലയിൽ ആയൊന്നു വാത്സല്യത്തോടെ തഴുകി…
ഗൗരിയേച്ചി പാട്ടുപടിച്ചിട്ടുണ്ടോ… ലച്ചു ചോദിച്ചു…
മ്മ്.. എന്റെ രാധുമ്മ ആണ് എന്റെ പാട്ടുടീച്ചർ.. ഗൗരി ഒരു ചിരിയോടെ പറഞ്ഞു..
ആഹാ.. കല്ലു അപ്പൊ നീയും പാട്ടു പഠിച്ചിട്ടുണ്ടോ.. ദേവ് ചോദിച്ചു.
അതുകേട്ടതും കണ്ണൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.
ഏയ്യ്… ഇല്ല… എനിക്ക് അതു സെറ്റ് ആവില്ല. രാധു കുറെ ട്രൈ ചെയ്യ്തു. പിന്നെ വിട്ടു.
ഇനീപ്പോ ഓഫീസിലെ എന്തേലും പരിപാടി ഒക്കെ വരുമ്പോൾ ഒഴിഞ്ഞു നിക്ക്.. ശെരിയാക്കി തരണ്ട് ട്ടാ.. ഞങ്ങൾ നിങ്ങളുടെ ഡാൻസും കണ്ടു. അതും പൊളി ആയിരുന്നു. ദേവ് ഒരു ചിരിയോടെ പറഞ്ഞു..
ഈ സമയത്തെല്ലാം അച്ചുവിന്റെ കണ്ണുകൾ ഗൗരിയിൽ മാത്രം ആയിരുന്നു. ബാക്കി ഉള്ളവരോട് സംസാരിക്കുന്നെങ്കിലും കല്ലു അച്ചുവിന്റെ ഗൗരിയുടെ മേലുള്ള നോട്ടം കാണുന്നുണ്ടായിരുന്നു.
ഗൗരിയെ ഒറ്റയ്ക്ക് കിട്ടുമ്പോൾ ചോദിക്കാം എന്ന് കല്ലു മനസ്സിൽ കരുതി…
ആ സമയത്താണ് ലച്ചുവിനെ സീത വിളിക്കുന്നത്..
ലച്ചു.. ദേ ശിവാനി ഒക്കെ വന്നിട്ടുണ്ട്. നിങ്ങൾ എല്ലാവരും താഴേക്ക് വായോ…. സീത പറഞ്ഞു.
ഓഹ്… ഇവളൊക്കെ എന്തിനാ ഇത്ര നേരത്തെ വന്നിട്ടുള്ളത്.. വൈകിട്ട് അല്ലെ ഫങ്ക്ഷൻ അപ്പൊ വന്ന പോരെ…
അച്ചുവേട്ടാ ഇതു ചേട്ടനുള്ള പണിയാണ്.. ദേവൂട്ടി ഒരു കള്ളചിരിയോടെ പറഞ്ഞു..
എനിക്കോ…. എന്തു പണി.. അവൻ ഒരു സംശയത്തോടെ ചോദിച്ചു…
ആ ശിവനിക്ക് ഏട്ടന്റെ മേൽ ഒരു കണ്ണുണ്ട്.. ഇതു ഒഫീഷ്യൽ ആയി അവതരിപ്പിക്കാൻ ഉള്ള വരവാണെന്നു തോന്നുന്നു….ലച്ചു പറഞ്ഞു.
അതുകേട്ടതും ഗൗരിയുടെ മുഖം വീർത്തു വന്നു. അവൾ അതേ മുഖത്തോടെ അച്ചുവിനെ നോക്കിയപ്പോ അവൻ ഒരു കുസൃതി ചിരിയോടെ അവളെ തന്നെ നോക്കി നില്പായിരുന്നു…
അവൾ മുഖം വെട്ടിച്ചുമാറ്റി പിണങ്ങിയത് പോലെ…
അച്ചുവിന് കൗതുകം തോന്നി അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട് അതിലേറെ സന്തോഷവും..
വാ… എന്തായാലും പോയി നോക്കാം… ലച്ചു പറഞ്ഞു.
നിങ്ങൾ പൊക്കൊ. ഞങ്ങൾ ഇവിടെ ഇരുന്നോളാം കല്ലു പറഞ്ഞു…
ചേച്ചിമാരെ അവർ ഇനി വൈകിട്ട് ഫങ്ക്ഷൻ കഴിഞ്ഞിട്ടേ പോകൂ. അതുവരെ ഇവിടെ ഉണ്ടാകും. എന്തായാലും ഉച്ഛഭക്ഷണതിനു നേരം ആയി. അപ്പൊ വായോ.. ദേവൂട്ടി പറഞ്ഞുകൊണ്ട് അവരെയും പിടിച്ചുവലിച്ചു താഴേക്ക് പോയി.
അവർ താഴേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു അത്യാവശ്യം ആഡംബരം തോന്നിക്കുന്ന മദ്യവയസ്കരായ സ്ത്രീയും പുരുഷനും കൂടെ മോഡേൺ ആയ രണ്ടു പെൺകുട്ടികളും ഒരു ചെറുപ്പകാരനും ഇരിക്കുന്നത്.
ചേച്ചിമാരെ അതാണ് വേദിക ആന്റി ആൻഡ് ബാലു അങ്കിൾ. നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർസ് ആണ്. ആ റോസ് കളർ ഓഫ്ഷോൾഡർ ഗൗൺ ഇട്ടതാണ് ശിവാനി.. അവളുടെ അടുത്തിരിക്കുന്നത് അവളുടെ ചേട്ടന്റെ ഭാര്യ അർച്ചന. മറ്റേത് ചേട്ടൻ ശിവജിത്.. ലച്ചു ഒതുക്കത്തിൽ ഗൗരിയോടും കല്ലുവിനോടും ആയി പറഞ്ഞു…
ആ എല്ലാവരും ഉണ്ടല്ലോ.. അവരെ കണ്ടതും ബാലു പറഞ്ഞു.
അപ്പോഴാണ് വേദികയും ശിവാനിയും ഒക്കെ ഇവരെ കാണുന്നത്. എല്ലാവരെയും കണ്ടതും അവരും ചിരിച്ചു. ലച്ചുവിന്റെ കൂടെ നിൽക്കുന്ന കല്ലുവിനെയും ഗൗരിയെയും അവർ ഒന്ന് സൂക്ഷിച്ചു നോക്കി.
ഗൗരി ശ്രദ്ധിച്ചത് ശിവനിയെ തന്നെ ആയിരുന്നു. അച്ചു ഇറങ്ങി വന്നത് മുതൽ അവളുടെ കണ്ണുകൾ അവന്റെ മേലിൽ നിന്നും മാറിയിട്ടില്ല. അവൻ പക്ഷേ അങ്ങോട്ട് നോക്കുന്ന കൂടി ഇല്ലായിരുന്നു. അതുകണ്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്.
എന്തായിരുന്നു എല്ലാരും കൂടി മുകളിൽ പരിപാടി.. വേദിക ഒരു ചിരിയോടെ ചോദിച്ചു.
ഞങ്ങൾ അവിടെ വെറുതെ കാര്യം പറഞ്ഞിരുപ്പായിരുന്നു. പിന്നെ ഗൗരിയേച്ചി പാട്ടുപാടി തന്നു. അതുകേട്ട ഇവർ വന്നേ.. ദേവൂട്ടി അച്ചുവിനെയും ദേവിനെയും കണ്ണനേം ചൂണ്ടിക്കാട്ടി പറഞ്ഞു..
ആഹാ നിങ്ങൾ അവിടെ പാട്ടൊക്കെ കേട്ട് ഇരിക്കായിരുന്നല്ലേ… ബാക്കി ഉള്ളവനെ ഈ ഓൾഡീസ് എല്ലാം കൂടി അടിമപ്പണി എടുപ്പിക്കായിരുന്നു.. രുദ്ര ഇല്ലാത്ത കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു..
ആരാടാ ഓൾഡീസ് ആദി അവന്റെ ചെവി പിടിച്ചുതിരിച്ചു കൊണ്ട് ചോദിച്ചു…
അയ്യോ.. ഞാനാ.. ഞാനാ ഓൾഡീ ചെവി വിട് മാമേ…. രുദ്ര ദയനീയമായി പറഞ്ഞു..
ഗൗരിമോളെ അപ്പൊ ഞങ്ങൾക്കും പാടി തരണം കേട്ടോ.. മഹി പറഞ്ഞു
അതിനു ഗൗരി ഒന്ന് ചിരിച്ചതേ ഉള്ളൂ.
അല്ല ചോദിക്കാൻ വിട്ടു ഏതാ ഈ കുട്ടികൾ. കണ്ടിട്ടില്ലല്ലോ ഇവരെ ഇതുവരെ.. ബാലു ചോദിച്ചു.
നമ്മുടെ ഓഫീസിൽ വർക്ക് ചെയ്യുന്ന കുട്ടികൾ ആണ്. ഞങ്ങൾ എല്ലാവർക്കും വലിയ കാര്യമാണ് ആ കുട്ടികളെ… തേജ ഒരു ചിരിയോടെ പറഞ്ഞു..
ഓഹ് ആണോ.. ഞാൻ കരുതി വല്ല ബന്ധുക്കളും ആവുമെന്ന്..വേദിക അതു അല്പം പുച്ഛത്തോടെ ആണ് പറഞ്ഞത്..
ആ സംസാരം ആർക്കും അത്ര പിടിച്ചില്ല.. എന്തോ മറുപടി പറയാൻ പോയ തേജയെ മുത്തശ്ശി കണ്ണുകാട്ടി വേണ്ട എന്ന് പറഞ്ഞു.
കല്ലുവിനും ഗൗരിക്കും എന്തോപോലെ തോന്നി. അവർ പതുക്കെ പുറകിലേക്ക് മാറാൻ നോക്കിയതും കല്ലുവിനെ ലച്ചുവും ഗൗരിയെ ദേവൂട്ടിയും കൈകോർത്തു പിടിച്ചു.
എല്ലാവരും വരൂ ഭക്ഷണം കഴിക്കാം എന്നിട്ടാവാം ഇനി സംസാരം. സന്ദർഭത്തിന് ഒരു അയവു വരുത്താൻ എന്നോണം സീത പറഞ്ഞു..
……………….
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു വന്ന് സോഫയിൽ ആയി ഇരുന്നു. ഗൗരിയും കല്ലുവും ലച്ചുവും ദേവൂട്ടിയും നടുമുറ്റത്തിന്റെ അവിടെ പോയി ഇരുന്നു. അപ്പൊ ബാക്കി ഉള്ള പിള്ളേര് പട മുഴുവൻ അവിടെ വന്നിരുന്നു. ശിവാനിയും വന്ന് ലച്ചുവിന്റെ അടുത്തായി ഇരുന്നു ലച്ചുവിനെ നോക്കി ചിരിച്ചുകാട്ടി..
അപ്പോഴാണ് ബാലു ഒരു സംസാരത്തിനു തുടക്കം കുറിച്ചത്..
ഞങ്ങൾ വന്നത് ഒരു പ്രൊപോസലും കൊണ്ടാണ്.. ശിവനിക്ക് അച്ചുനോട് ഒരു ഇഷ്ടം ഉണ്ട്.. എല്ലാവർക്കും താല്പര്യം ആണെങ്കിൽ നമുക്ക് ഇതു മുന്നോട്ട് കൊണ്ടുപോയാലോ..
ദേവൂട്ടി ശിവാനിയെ നോക്കിയപ്പോ അവിടെ അച്ചുവിനെ ഒന്ന് നോക്കും പിന്നെ നാണിച്ചു ചിരിക്കും പിന്നേം നോക്കും പിന്നേം ചിരിക്കും ഇതു തന്നെ പരിപാടി. അച്ചു ആണെങ്കിൽ ഈ പറഞ്ഞത് ഞാനുമായിട്ട് ഒരു ബന്ധവും ഇല്ല എന്നപോലെ ആണ് ഇരുപ്പ്…
അവർ ആകുമ്പോൾ പഠിപ്പുകൊണ്ടും എല്ലാം ചേരും. പിന്നെ കുടുംബരമായി ആണെങ്കിൽ ഞങ്ങളും അത്ര മോശം അല്ലല്ലോ.. വേദിക ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞു.
ഞങ്ങൾ കുട്ടികളുടെ ഇഷ്ടം നോക്കിയാണ് അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അല്ലാതെ സ്വത്തും പണവും കുടുംബപാരമ്പര്യവും നോക്കിയല്ല… മുത്തശ്ശൻ അതു ചിരിയോടെ ആണ് പറഞ്ഞതെങ്കിലും അതു തനിക്കുള്ള മറുപടി ആണെന്ന് വേദികക്ക് മനസിലായി. അവർ ജാള്യതയോടെ തല താഴ്ത്തി.
മുത്തശ്ശൻ ഇതു പറഞ്ഞപ്പോ കണ്ണൻ കല്ലുവിനെ ഒന്ന് നോക്കി ഇപ്പൊ എങ്ങനെ ഉണ്ട് എന്ന രീതിയിൽ.. അതിനു കല്ലു ഒന്ന് ഇളിച്ചുകാട്ടി..
അതേ കുട്ടികൾക്ക് താല്പര്യം ആണെങ്കിൽ ഇതു മുന്നോട്ട് കൊണ്ടുപോകാം ഇല്ലെങ്കിൽ ഇങ്ങനെ ഒരു സംസാരം നടന്നിട്ടില്ല എന്ന് കരുതിയ മതി… മുത്തശ്ശിയും പറഞ്ഞു.
ശിവാനിയുടെ ഇഷ്ടം ഞങ്ങൾ പറഞ്ഞല്ലോ.. ഇനി അച്ചുവിന്റെ താല്പര്യം അറിഞ്ഞാൽ മതി.. വേദിക ഉത്സാഹത്തോടെ പറഞ്ഞു.
ഒരു ഞെട്ടലോടെ ആണ് ഗൗരി അവിടെ നടന്ന സംസാരം മുഴുവൻ കേട്ടത്. ദേവൂട്ടി പറഞ്ഞ് അറിഞ്ഞെങ്കിലും ഇങ്ങനെ ഒരു സംസാരം അവൾ പ്രതീക്ഷിച്ചില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ നിറഞ്ഞ കണ്ണോടെ അച്ചുവിനെ നോക്കിയപ്പോ അവളെ തന്നെ നോക്കിയിരിന്നിരുന്ന അവൻ ഇരുകണ്ണും ചിമ്മികാട്ടി കരയരുത് എന്ന രീതിയിൽ തലയാട്ടി കാട്ടി..
ഇവരുടെ ഈ കാട്ടിക്കൂട്ടലുകൾ ദേവർമഠത്തിലെ ഡീറ്റെക്റ്റീവ് രുദ്രൻ കണ്ടു. അവന് അപ്പോഴാണ് ശ്വാസം നേരെ വീണത്. ഹോ ഭാഗ്യം രണ്ടാളും ഒരാളെ അല്ല നോക്കുന്നത്… അവൻ ഒരു ദീർഘനിശ്വാസത്തോടെ അത്മിച്ചു..എന്നാലും ഈ ഇടിയൻ പോലീസിന് ഇങ്ങനത്തെ ഭാവങ്ങൾ ഒക്കെ ഉണ്ടോ…. അവൻ ആലോചിച്ചു.
അച്ചു എന്താ നിന്റെ അഭിപ്രായം ഈ പ്രൊപോസലിനെ കുറിച്ച്.. ആദി ഒരു ചിരിയോടെ ചോദിച്ചു..
എല്ലാവരും അച്ചുവിന്റെ മറുപടി അറിയാനായി അവനെ നോക്കി..

by