19/04/2026

പരിണയം : അവസാന ഭാഗം

രചന  – രേഷ്ജ അഖിലേഷ്

ഭ്രാന്തനെപ്പോലെ അട്ടഹസിക്കുന്ന പ്രണവിന് മുൻപിൽ അവൾ വല്ലാതെ പേടിച്ചു പോയിരുന്നു.

“പ്രണവേട്ടന് ഭ്രാന്ത് ഉണ്ടോ… എന്തൊക്കെയാ ചെയ്തു കൂട്ടണെ…”

“ഫോണെടുത്തു വിളിക്കെടി നിന്റെ അഭിയേട്ടനെ…”

“ന്തിനാ…”

“നിനക്കിവിടുന്ന്… ഈ ഭ്രാന്തന്റെ കയ്യിൽ നിന്നു രക്ഷപെട്ടു പോണമെങ്കിൽ മതി…”

വിനീത വേഗം ഫോണെടുത്ത അഭിഷേകിനെ വിളിച്ചു.
“ഹെലോ അഭിയേട്ടാ…”

“ഹെല്ലോ… വിനീത… എന്താ കരയുവാണോ…”

“അത് പിന്നെ…”

വിനീതയുടെ കയ്യിൽ നിന്നും ഫോൺ തട്ടിപറിച്ചു പ്രണവ് സംസാരിക്കാൻ തുടങ്ങി.
“എടാ ചതിയാ… ഞാനും വിനീതയും ഇവിടെ ഉണ്ട്‌… സ്ഥലം ഞാൻ ഗൂഗിൾ മാപ് അയച്ചു തരാം… ഇങ്ങോട്ട് വാടാ നീ ”
മറുപടി പറയും മുൻപേ ഫോൺ കട്ട് ചെയ്തു അവൻ വിനീതയെക്കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങൾ അയച്ചു.

“ഇത്രയും നാൾ ഞാൻ മനസ്സിൽ കൊണ്ടു നടന്നത് ഇങ്ങനെയൊരു ദ്രോഹിയെ ആയിരുന്നല്ലോ ദൈവമേ…”

പ്രണവ് അമ്പരന്നുവെങ്കിലും അത് പുറത്തു കാണിച്ചില്ല.

പ്രണവ് വിനീതയെ ഫോണിൽ ഒരു ഫോട്ടോ.കാണിച്ചു. അഭിഷേകും മറ്റൊരു പെൺകുട്ടിയും ചേർന്നുള്ള ഫോട്ടോ.ഇത്തവണ ഞെട്ടിയത് വിനീതയായിരുന്നു. ഇരുവരും അഭിഷേകിന്റെ വരവിനായി കാത്തിരുന്നു.

അരമണിക്കൂർ കഴിഞ്ഞു അഭിഷേക് എത്തിയതും “എടാ…” എന്നു അലറി വിളിച്ചു കൊണ്ട് പാഞ്ഞു അടുത്ത് പ്രണവിന് മേൽ ആഞ്ഞു ചവിട്ടുകയായിരുന്നു.
പ്രതീക്ഷിക്കാതെയുള്ള ആക്രമണത്തിൽ പ്രണവ് മണ്ണിലേക്ക് വീണു. വീഴുമ്പോൾ അവന്റെ ഫോൺ പോക്കറ്റിൽ നിന്നും തെറിച്ചു വീണു.
പ്രണവ് എഴുന്നേറ്റു അഭിഷേകിന് മേൽ പ്രഹരിക്കാൻ ഒരുങ്ങിയതും പ്രണവിന്റെ ഫോൺ റിങ് ചെയ്തു.
വിനീത ഫോണെടുത്ത്‌ ഇരുവർക്കും നേരെ കാണിച്ചു.
പിന്നീട് അവിടെ നടന്നത് മൂവരുടെയും ജീവിതം മാറ്റി മറിക്കാൻ പോന്ന കാര്യങ്ങളായിരുന്നു.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ആഴച്ചകൾ കടന്നു പോയി വിവാഹഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.
വിവാഹദിനം അടുക്കും തോറും വിനീതയിൽ ആശങ്കയും കൂടി വന്നു. വിവാഹവസ്ത്രങ്ങളും ആഭരങ്ങളും അഭിഷേകിന്റെ വീട്ടുകാർ എത്തിച്ചു നൽകി. എല്ലാ ഒരുക്കങ്ങൾക്കും ചുക്കാൻ പിടിച്ച് ജയനും പ്രദീപും മുൻപന്തിയിൽ ഉണ്ടായിരുന്നു. പ്രണവ് പക്ഷെ മറ്റെന്തെല്ലാമോ തിരക്കിലായിരുന്നു.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
വിവാഹദിവസം രാവിലെ.

“ലതേ… വിനീത മോള് ഒരുങ്ങിക്കഴിഞ്ഞോ എന്ന് നോക്കിയിട്ട് വരാം ഞാൻ. വിച്ചു മാത്രല്ലേ ഉള്ളൂ അവിടെ ”
രജനി വിനീത ഒരുങ്ങിക്കൊണ്ടിരിക്കുന്ന മുറിയിലേക്ക് പോയി. ആളും ആരവങ്ങളും വലിയ തോതിൽ ഇല്ലെങ്കിലും അലങ്കാരങ്ങൾക്ക് ഒട്ടും കുറവില്ലായിരുന്നു.

“മോളെ…”

“ആ ആന്റി…”

“എന്താ മോളെ… മുഖത്തൊരു വാട്ടം… എന്തെങ്കിലും പറയാൻ ഉണ്ടോ ആന്റിയോട്..”

“ഏയ്യ് ഒന്നുമില്ല ആന്റി…പ്രണവേട്ടൻ എവിടെയാ.?”

“അവൻ രാവിലെ പോയതാ… ഇതു വരെ കണ്ടില്ല… മുഹൂർത്തം ആവുമ്പോഴേക്കും എത്തും.”

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“ലതേ… അവരെത്തി…” ഓഡിട്ടോറിയത്തിലേക് വരന്റെ കൂട്ടരുടെ വാഹനം കയറി വരുന്നത് കണ്ട് ജയൻ പറഞ്ഞു.
വണ്ടിയിൽ നിന്ന് വരൻ ഇറങ്ങുന്നതിനു പകരം ഇറങ്ങിയത് ഭാരതിയും മാധവനും ഭാരതിയുടെ ഇളയ മകനും ആയിരുന്നു.

അവരുടെ വരവ് അത്ര സുഖകരമായി തോന്നിയില്ല.

മാധവൻ പ്രദീപിനെ അരികിൽ വിളിച്ചു സ്വകാര്യമായി എന്തോ പറഞ്ഞു. ലതയും രജനിയും ജയനും ഒന്നും അറിയാതെ നിൽപ്പുണ്ടായിരുന്നു.
കുറച്ചു നിമിഷങ്ങൾക്കകം അത് എല്ലാവരും അറിഞ്ഞു.
പയ്യനെ കാണാൻ ഇല്ല.
മുകളിൽ വധുവിന്റെ വേഷമണിഞ്ഞ വിനീതയുടെ കാതിലും ആ വാർത്ത എത്തി.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ലത ഭാരതിയുടെ നേരെ കോപിതയായി.
“എന്റെ മോളുടെ ഭാവി എല്ലാരും കൂടെ ഇല്ലാതാക്കിയില്ലേ… പാവപ്പെട്ട ഞങ്ങളുടെ മകളെ ആലോചിച്ചു വന്നപ്പോഴേ ഞങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നു നിങ്ങളുടെ ചതി…” സമനില തെറ്റിയത് പോലെ ലത പരിതപിച്ചു.

“എന്തെങ്കിലും ഒന്നു ചെയ്തേ പറ്റു ഭാരതിയമ്മേ…” പ്രദീപ്‌ അവരോട് യാചിച്ചു.

“ഞങ്ങൾ കാരണം ഒരു പെൺകുട്ടിയുടെയും ജീവിതം നശിക്കാൻ പാടില്ല. എന്റെ ഇളയ മകൻ അഭിമന്യു വിനീതയെ വിവാഹം കഴിക്കും.”

കേട്ടു നിന്നവരുടെയെല്ലാം മുഖത്ത് അമ്പരപ്പ് പ്രകടമായി. താഴെക്കിറങ്ങി വന്ന വിനീത ആരെയെല്ലാമോ പ്രതീക്ഷിച്ചു പുറത്തേക്കു ഉറ്റു നോക്കി.

“ഏയ്യ് അതൊന്നും നടക്കില്ല ഏടത്തി… ശരിയാവില്ല…”

“വേണം മാധവാ… നമ്മള് കാരണം….”

“ഭാരതിയമ്മയുടെ നല്ല മനസ്സാ… അല്ലെങ്കിൽ…”പ്രദീപ് അവരെ പ്രശസംസിച്ചു.

“വിനീതയുടെ സമ്മതം അറിയണ്ടേ…” ലത ആരോടെന്നില്ലാതെ പറഞ്ഞു.

“വേണ്ടാ… അവള്ടെ സമ്മതം ഒന്നും വേണ്ടാ…” ജയൻ എതിർത്തു.

“അതെ… വേറെ ഒരു വഴിയും ഇല്ലാത്തോണ്ട് അവൾക്ക് സമ്മതം ആവും… അതിനി ചോദിക്കാനും പറയാനും നിന്നു മുഹൂർത്തം തെറ്റിക്കണ്ട…”

“അവൾക്ക് ഇതിനു സമ്മതമല്ല.ആര് പറഞ്ഞു വേറെ വഴിയില്ലെന്ന്…അങ്ങനെ വഴിയിൽക്കൂടി പോകുന്നവരെ പിടിച്ച് കെട്ടിയ്ക്കാൻ പറ്റുമോ…” രജനിയുടെ സ്വരം.

“രജനീ… എന്തൊക്കെയാ നീ പറയണേ…”

“നിർത്തിക്കോ പ്രദീപേട്ടാ ഈ നാടകം…”

ദേഷ്യത്തോടെ രജനി പ്രദീപിന് നേരെ ശബ്ദമുയർത്തി.

“അമ്മേ…”

പ്രണവ് അവിടെയ്ക്ക് കടന്നു വന്നു.
പ്രണവിന്റെ കടന്നു വരവ് മാധവനിൽ ഭീതി പടർത്തി. പ്രണവ് പ്രദീപിന്റെ മകനാണെന്ന് അയാൾക് അറിയില്ലായിരുന്നു.
ഈ സമയം ജയൻ പ്രണവിന്റെ കോളറിൽ ചെന്നു പിടിച്ചുകൊണ്ട് ആക്രോശിച്ചു.

“എവിടെടാ… അഭിഷേക്…”

“ജയേട്ടാ… വിടവനെ… നിങ്ങളെന്തിനാ അവന്റെ മേൽ പഴി ചാരുന്നത്…”

“ഛീ നിർത്തെടാ… ഈ കല്യാണം നടക്കരുതെന്ന് ആഗ്രഹിക്കുന്നത് നിന്റെ മോനല്ലേ… അതുകൊണ്ടല്ലേ നീ വിനീതയെ ആരുടെയെങ്കിലും തലയിൽ കെട്ടി വെയ്ക്കാൻ വെപ്രാളം കാണിക്കുന്നത്…”

“ദേ ജയേട്ടാ… വെറുതെ അനാവശ്യം പറയരുത് കേട്ടോ…”

“എന്നാൽ ഞാൻ പറയാം സത്യങ്ങൾ…”

അഭിഷേക് വരന്റെ വേഷത്തിൽ അവിടെക്കു കടന്നു വന്നു.എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവന്റെ പുറകിൽ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു.
വിനീതയുടെയും പ്രണവിന്റെയും ചുണ്ടിൽ സന്തോഷത്താൽ പുഞ്ചിരി വിരിഞ്ഞു.

“എടാ നീയിവളെ കെട്ടിയല്ലേ… ”
മാധവൻ ദേഷ്യം കൊണ്ടു നിന്ന് വിറച്ചു.

“എല്ലാവരും ക്ഷമിക്കണം… ഞാൻ ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ തുനിഞ്ഞിറങ്ങിയവനല്ല. ഞാൻ സ്നേഹിച്ച പെൺകുട്ടി ഇതാണ് ദിൽന.

“എന്തൊക്കെയാ മോനെ ഇവിടെ നടക്കുന്നത്…”

“അമ്മയ്‌ക്കൊന്നും അറിയില്ലേ അമ്മേ…”

“നീ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നെന്നു പറഞ്ഞു. അന്വേഷിച്ചപ്പോൾ ജാതിയും മതവും വേറെയാണെന്നറിഞ്ഞപ്പോൾ ഞാനും ആദ്യം എതിർത്തു. പിന്നീട് സമ്മതം പറഞ്ഞപ്പോഴേക്കും ഇവൾ മാറ്റാരെയോ സ്‌നേഹിച്ചുകൊണ്ട് നിന്നെ ചതിക്കുകയായിരുന്നുവെന്നും പറഞ്ഞത് നീ തന്നെയല്ലേ…അങ്ങനെയല്ലേ ദിൽനയെക്കാളും നല്ലൊരു പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന വാശിയോടെ വിനീതയെ കണ്ടു പിടിച്ചതും ”

“ശരിയാണമ്മേ… ചതിക്കായിരുന്നു… ഞാൻ വിനീതയെയോ ദിൽന എന്നെയോ ഒന്നും ആയിരുന്നില്ല ചതിച്ചത് … ഈ നിൽക്കുന്ന ചെറിയച്ഛനാ “.
മാധവൻ തല താഴ്ത്തി നിന്നു.

“അമ്മേ അമ്മയ്ക്ക് ഓർമ്മയുണ്ടോ ഒരിക്കൽ ഒരു പെൺകുട്ടികയെ ഈ പരിസരത്ത് വെച്ചു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്… അതെന്റെ ദിൽനയെ ആയിരുന്നു…”
വിനീതയുടെ അമ്മയോടായി അഭിഷേക് പറഞ്ഞു.

“അന്ന് ഞാനും രാഹുലും ചേർന്ന് ദിൽനയെ ആശുപത്രിയിൽ ആക്കിയപ്പോൾ അവിടെ വന്നത് അഭിഷേകിന്റെ ഈ ചെറിയച്ഛൻ ആയിരുന്നു. അവളുടെ ജീവൻ രക്ഷപ്പെട്ടതിൽ അയാൾക് എന്തോ വൈഷമ്മ്യം ഉള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നു. അന്ന് ദിൽനയുടെ ഫോൺ എന്റെ കയ്യിൽ കിട്ടിയിരുന്നത് എന്ത് കൊണ്ടോ അവിടെ ആരെയും ഏൽപ്പിക്കാൻ തോന്നിയില്ല. ലോക്ക് ആയിരുന്നുവെങ്കിലും അത് ഞാൻ സൂക്ഷിച്ചു. അവൾ ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ചു വരും വരെ അവളെ ഞാൻ ചെന്നു വിവരങ്ങൾ തിരക്കുമായിരുന്നു. പിന്നീട് ഞങ്ങൾ വലിയ കൂട്ടായി മാറി. ഫോൺ തിരിച്ചേൽപ്പിച്ചത് ഈ അടുത്താണ്.ഞാനും ദിൽനയും തമ്മിലുള്ള ബന്ധം ഇയാൾ വളച്ചൊടിക്കുകയായിരുന്നു.”

പ്രണവിന്റെ സംസാരവും കേട്ടു കഴിഞ്ഞിട്ടും ആർക്കും ഒന്നും മനസ്സിലായില്ല.

“ദിൽനയുടെ വീട്ടിൽ ചെന്ന് വിവാഹം ഉറപ്പിക്കാൻ പറഞ്ഞു വിട്ട ചെറിയച്ഛൻ അവളെയും അവളുടെ വീട്ടുകാരെയും ഭീക്ഷണി പെടുത്തി. അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. നടക്കില്ലെന്നായപ്പോൾ അവളെ വകവരുത്താൻ ഒരു വാടക കൊലയാളിയെയും ഏർപ്പാട് ചെയ്തു.
എന്നിട്ട് എന്നെ അറിയിച്ചത് മറ്റൊന്നായിരുന്നു. ദിൽനയ്ക് മറ്റൊരു ബന്ധം ഉണ്ടെന്ന്. ആശുപത്രിയിൽ മരണത്തോട് മല്ലിട്ടു കിടക്കുന്ന ഇവളെ എന്റെ മനസ്സിൽ ഒരു ചീത്ത സ്വഭാവക്കാരിയായി മാറ്റി.
പ്രണവുമായി അടുപ്പം ഉണ്ടായിരുന്നു എന്നും പ്രണവിന്റെ കൈകൊണ്ട് തന്നെ അവൾക് കുത്തേറ്റു എന്നും അവൾ മൊഴി മാറ്റി പറഞ്ഞതു കൊണ്ട് പ്രണവ് രക്ഷപ്പെട്ടു എന്നെല്ലാം ചെറിയച്ഛൻ എന്നെ വിശ്വസിപ്പിച്ചു. പ്രണവും ദിൽനയും കണ്ടുമുട്ടിയതിന്റെയെല്ലാം ഫോട്ടോസ് നിരത്തി എന്നെ കബളിപ്പിച്ചു. ദിൽനയെയും അതെ നാണയത്തിൽ തന്നെ ഒതുക്കി. എനിക്ക് ദിൽനയെ വേണ്ടെന്നും വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് ദിൽന മാത്രമാണ് തടസ്സമെന്നും കഥ മെനഞ്ഞു. ദിൽനയുടെ കയ്യിൽ നിന്നും വളരെ അവിചാരിതമായി പ്രണവ് എന്നെ കുറിച്ച് അറിഞ്ഞപ്പോഴാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചതിൽ ആർക്കെല്ലാം പങ്കുണ്ടെന്നു അറിഞ്ഞത്.”
അഭിഷേക് പിന്നേയും പല വാസ്തവങ്ങളും നിരത്തി.

മാധവനു ജയനുമായി മുൻപേ ഉണ്ടായിരുന്ന പരിചയത്തിന്മേലാണ് എല്ലാം തുടങ്ങുന്നത്. അഭിഷേക് ദിൽനയെ മറന്നു മറ്റൊരു പെൺകുട്ടിയിയെ സ്നേഹിക്കുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ കുട്ടിയെ വിവാഹം ചെയ്താൽ എന്തും സഹിച്ചു വീട്ടിൽ നിൽക്കുമെന്നും ജയനെപ്പോലെ മദ്യത്തെ മാത്രം സ്നേഹിച്ച ഒരാളുടെ മകൾ ആണെങ്കിൽ ആരും ഒന്നും ചോദ്യം ചെയ്യാൻ വരില്ലെന്നും അറിയാവുന്നതു കൊണ്ടു ജയനോട് അഭിഷേകിന് മറ്റൊരു പ്രണയം ഉണ്ടെന്ന് അറിയിച്ചു കൊണ്ട് കുറച്ചു കാശ് കൊടുത്തിട്ടാണ് ജയനെ കൂടെ നിർത്തിയത്. ജയൻ വിവാഹആലോചനയുമായി മുന്നിട്ടിറങ്ങിയാൽ എല്ലാവർക്കും സംശയം ആകുമെന്നതിനാൽ ജയൻ തന്നെയാണ് പ്രദീപ്‌ എന്ന വഴി തുറന്നു കൊടുത്തത്.
പ്രണവിന് വിനീതയോട് പ്രണയം ഉണ്ടെന്ന് ജോലി കിട്ടിയപ്പോൾ തന്നെ പ്രണവ് അച്ഛനോട് തുറന്നു പറഞ്ഞതാണ്. അത് എതിർത്തതുകൊണ്ടാണ് പ്രണവിന്റെ സ്വഭാവത്തിൽ കാര്യമായി മാറ്റങ്ങൾ ഉണ്ടായത്. പ്രദീപ്‌ വിനീതയുടെ കാര്യത്തിൽ അമിതമായി ഇടപെടുന്നത് എന്തു കൊണ്ടാണെന്നു ജയന് മനസ്സിലായിരുന്നു. പ്രണവിനെക്കാൾ നല്ല പയ്യനെ വിനീതയ്ക്ക് കിട്ടുമെന്നും അതോടെ വിനീതയും കുടുംബവും രക്ഷപ്പെടുമെന്നും പറഞ്ഞു പ്രണവിനെ തടയിട്ടു നിർത്തുവാൻ പ്രദീപിന് കഴിഞ്ഞു. എന്നാൽ പ്രണവും വിനീതയും ഇടപഴകാൻ അവസരം ഉണ്ടായാൽ തുറന്നു പറച്ചിലുകൾക്ക് ഇടയുണ്ടാകുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഒരിക്കൽ ലതയുടെ മനസ്സിൽ പ്രണവിനെ കുറിച്ച് മോശമായ ചിത്രം ഉണ്ടാക്കിയത്.
മദ്യപാനിയും വഴക്കാളിയുമായ ജയനെപ്പോലെ ഒരാളുടെ മകളെ മരുമകൾ ആയി സ്വീകരിക്കാൻ അയാൾക് താല്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു അയാളെക്കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്. അല്ലാതെ വിനീതയോട് ഇഷ്ടമില്ലാതെയല്ല.

ലത എല്ലാം കേട്ടു കഴിഞ്ഞു മനസ്സു മരവിച്ച പോലെ ആയി. ആരെ വിശ്വസിക്കണം എന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.

“എല്ലാവരും അവരവരുടെ പക്ഷം പറഞ്ഞു… നഷ്ടം ഞങ്ങൾക്ക് മാത്രം… ”

ലത വാവിട്ടു കരഞ്ഞു.

“ആന്റി… വിനീതയെ എനിക്ക് ഇഷ്ട്ടമായിരുന്നു… ആയിരുന്നു എന്നല്ല ഇപ്പോഴും. അവൾക് നല്ലൊരു ജീവിതം ഞാൻ കാരണം ഇല്ലാതാക്കരുത് എന്ന് വിചാരിച്ചു മാത്രമാണ് ഇതുവരെ ഒന്നും പറയാതെ ഇരുന്നത്…”

രജനി മകനെ പിന്തുണച്ചു.

“ലതേ നിനക്കറിയാലോ എനിക്ക് പെൺകുട്ടികളെ വല്ല്യേ ഇഷ്ട്ടാണ്… പ്രത്യേകിച്ച് നമ്മുടെ വിനീതയെ… ഇന്നലെയാണ് പ്രണവ് എന്നോട് എല്ലാം പറഞ്ഞത്. ഈ മുഹൂർത്തത്തിൽ തന്നെ നമുക്ക് കുട്ട്യോൾടെ വിവാഹവും നടത്താം.”

“വേണ്ടാ ചേച്ചി… പ്രദീപേട്ടന് ഇഷ്ടമില്ലാതെ… വേണ്ടാ ശരിയാവില്ല.”

“എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല.ജയേട്ടന്റെ കാരണം കൊണ്ടാണ് ഞാൻ എല്ലാത്തിനും മടിച്ചത്… പക്ഷേ… ഞാൻ അതിനൊന്നും ഇപ്പോൾ മുതൽ വില കൽപ്പിക്കുന്നില്ല… വിനീത മതിയെന്റെ മരുമകൾ ആയിട്ട്… ഞാനും കൂടി ചേർന്ന് മനപ്പൂർവം അല്ലെങ്കിലും ജീവിതം താറുമാറാക്കാൻ നോക്കിയതിന്റെ കുറ്റബോധം കൊണ്ടു മാത്രം അല്ല… അവളെ എനിക്കു മോളെ പോലെ തന്നെയാ…”

മാധവൻ അവിടെനിന്നും ഇറങ്ങിപ്പോയി. ബാക്കി എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നു.
വിനീതയും പ്രണവുമായുള്ള വിവാഹമേളത്തിന് നേരമായി.

“രജിസ്റ്റർ ഓഫീസിൽ പോയോ ഒപ്പിട്ടു എന്നല്ലേ ഉള്ളൂ… അഭിഷേകും ദിൽനയുടെ കഴുത്തിൽ താലി കെട്ടട്ടെ ഇവിടെ തന്നെ…”

പ്രദീപ് നിറഞ്ഞ മനസ്സാലെ പറഞ്ഞു.

അവിചാരിതമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന രണ്ടു ജോടികളുടെ വിവാഹവും സദ്യയും ഒരേ പന്തലിൽ നടന്നു.

പരസ്പരം തെറ്റിദ്ധരിച്ചതിന്റെ പിണക്കങ്ങൾ മാറി കുസൃതിയോടെ ചിരിക്കുന്ന യുവമിഥുനങ്ങളായി ദിൽനയും അഭിഷേകും.

ഒരുപാട് നാൾ പരസ്പരം സ്നേഹിച്ചിട്ടും ചില തെറ്റിദ്ധാരണകളുടെ പേരിൽ അറിയാതെ പോയ പ്രണയം ആയിരുന്നു പ്രണവിന്റെയും വിനീതയുടെയും എങ്കിലും അവന്റെ താലിയും അവൻ ചാർത്തിയ സിന്ദൂരവും അണിഞ്ഞു പ്രണവിനെ തൊട്ടുരുമ്മി നിൽക്കുന്ന വിനീത ഏവരുടെയും കണ്ണുകൾളെ വല്ലാതെ ആകർഷിച്ചു.
ഇരുവരും ഒന്നാകാൻ മാത്രമായി ജനിച്ചവരെന്ന് കണ്ടു നിൽക്കുന്നവർക്ക് തോന്നി.

അഭിഷേകും ദിൽനയും പ്രണവിനോടും വിനീതയോടും നന്ദി അറിയിച്ചു.
എല്ലാവരും പരസ്പരം സന്തോഷത്തോടെ പിരിയാൻ നേരമായി.

“ഈശ്വരാ എന്താപ്പോ ഇവിടെ നടന്നെ… ഭാഗ്യം എനിക്ക് പതിനെട്ടു ആകാഞ്ഞേ…അല്ലെങ്കിൽ ചിലപ്പോൾ എന്റേം കല്യാണം ഇവിടെ വെച്ചു നടന്നേനെ…”

അനിയത്തിക്കുട്ടിയുടെ കൗണ്ടർ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
മുരടനായ ജയന്റെ ചുണ്ടുകളും ചിരിക്കാൻ മടി കാണിച്ചില്ല.

പ്രണവിന്റെ നെഞ്ചോരം ചേർന്ന് ചിരിക്കുന്ന വിനീതയെ പ്രണവ് ഒന്നുകൂടി തന്നിലേക്കടുപ്പിച്ചു.

അവസാനിച്ചു.