Karimizhi

The World of Malayalam Stories

തുടർക്കഥകൾ

പരിണയം : ഭാഗം 04

രചന – രേഷ്ജ അഖിലേഷ്

” ടാ…വിടെടാ…അവളെ ”

പെട്ടന്നുള്ള ശബ്ദത്തിൽ പ്രണവും വിനീതയും ഒരുപോലെ ഞെട്ടി. താഴെ നിൽക്കുന്ന ആളെ കണ്ടതും പ്രണവ് ദേഷ്യത്തോടെ വിനീതയുടെ കയ്യിൽ നിന്നും പിടുത്തം വിട്ടു മുറിയിലേക്ക് പോയി.
പ്രദീപ്!
“മോള് പൊയ്ക്കോ ”

പ്രദീപ് പറഞ്ഞതും തലയാട്ടിക്കൊണ്ട് അവൾ പോയി.

അവളുടെ പുറകെ പ്രദീപും അവളുടെ വീട്ടിലേക്കു നടന്നു. ലതയെ മുറ്റത്തേയ്ക്ക് വിളിച്ചു മാറ്റി നിർത്തി.

“അഭിഷേകിന്റെ വീട്ടുകാർ പിന്നീട് വിളിച്ചിരുന്നോ ”

“ഉവ്വ്… മോതിരം മാറൽ ചടങ്ങിന് ഡേറ്റ് നോക്കിയിട്ട് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.”
“ഹും… ജയേട്ടനോട്?…’

“ആ… പറയണം”

“പിന്നെ… ലതേ… വിനീതയെയും വിച്ചൂനേം ഒന്നും പ്രണവിന്റെ അടുത്തേയ്ക് വിടണ്ട… അറിയാലോ നിനക്ക്… അവൻ ഇപ്പൊ പഴയ ആളല്ല. അവൻ മോശം ആണെന്നല്ല… ഇവരും എന്റെ മക്കളെ പോലെയല്ലേ അതുകൊണ്ട്…” മുഴുവിപ്പിക്കാൻ കഴിയാതെ പ്രദീപ്‌…

“ഏയ്യ്… എന്താ പ്രദീപേട്ടൻ പറയണേ… നമ്മുടെ പ്രണവ്…”

“കാലം വല്ലാത്തതാ ലതേ…” അതും പറഞ്ഞ് പ്രദീപ്‌ തിരിഞ്ഞു നോക്കാതെ പോയി.

നെടുവീർപ്പോടെ ലത പ്രദീപ്‌ പോകുന്നതും നോക്കി നിന്നു.
ലത വിനീതയെയും വിസ്മയയെയും അയൽവീട്ടിലേക്കു പോകുന്നത് വിലക്കി.

രാത്രി പ്രണവ് വിനീതയെ ഫോണിൽ വിളിച്ചിരുന്നു എങ്കിലും അവൾ പകലത്തെ ദേഷ്യത്തിൽ കാൾ എടുത്തില്ല എന്ന് മാത്രമല്ല മെസ്സേജ് ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ദിവസങ്ങൾ കഴിഞ്ഞു പോയി. വിവാഹനിശ്ചയത്തിനുള്ള ദിവസം അടുക്കാറായി. ഇനിയും കാര്യങ്ങൾ മറച്ചു വെച്ചാൽ ശരിയാകില്ലെന്ന കാരണത്താൽ ലത ജയനോട് എല്ലാം പറയാൻ ഒരുങ്ങി.

“വിനീത മോൾക്ക്‌ ഒരു ആലോചന വന്നിട്ടുണ്ട് ”

“ആഹാ എന്നിട്ട്…”
“പയ്യൻ എഞ്ചിനീയർ ആ… അമ്മയും അനിയനും മാത്രേള്ളൂ… നല്ല പണക്കാരാ…”

“ഊം ”

“അടുത്ത പതിനെട്ടാം തീയതി മോതിരം മാറാമെന്ന പറയുന്നേ…”

“ഓഹോ അതുവരെ എത്തിയല്ലേ…”

“പെണ്ണുകാണാൻ വന്നിരുന്നു അവര്… പക്ഷെ അവർക്ക് ഇഷ്ടവുംന്ന് അറിയില്ലായിരുന്നു. അതോണ്ടാ പറയാഞ്ഞേ…”

“ഹും…”

“ഒന്നും പറഞ്ഞില്ല…”

“ഞാൻ എന്തു പറയാനാ… എന്തായാലും മോളായിപ്പോയില്ലേ… എന്നോട് കൂറില്ലെങ്കിലും… തീരുമാനിച്ചോ… സ്ഥാനതു ഞാൻ വന്നു നിന്നോളം…”
ആദ്യമായിട്ടാണ് ജയനിൽ നിന്നും ആശ്വാസം ഉണ്ടാകുന്ന വിധത്തിലുള്ള സംസാരം. ലതയ്ക്കു സന്തോഷം ആയി. നല്ല രീതിയിൽ പ്രതികരിയ്ക്കും എന്ന് കരുതിയതല്ലല്ലോ.
വിവരം മക്കളോട് പറയുവാൻ അവർ അകത്തേയ്ക്ക് നടന്നു.

അർത്ഥഗർഭമായി ചിരിച്ചു കൊണ്ട് ജയൻ മുറ്റത്തു തന്നെ നിന്നു.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

വിവാഹനിശ്ചയത്തിന് എല്ലാ സഹായസഹകരങ്ങളും നൽകികൊണ്ട് പ്രദീപും വീട്ടുകാരും ഉണ്ടായിരുന്നു. പ്രണവ് ഒഴികെ.
ജയനും ഈ കാര്യത്തിൽ വലിയ സഹകരണമായിരുന്നത് എല്ലാവർക്കും സന്തോഷവും അതിശയവുമായി തോന്നി.
അച്ഛൻ ആകെ മാറിപ്പോയതിൽ വിനീതയ്ക്ക് മാത്രം മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിഞ്ഞില്ല.
മോതിരം മാറൽ ചടങ്ങ് തടസ്സങ്ങളൊന്നും ഇല്ലാതെ നന്നായി കഴിഞ്ഞു. അഭിഷേകിന്റെ ബന്ധുക്കളും വിനീതയുടെയും പ്രദീപിന്റെയും കുടുംബവും ചേർന്ന് ആകെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ ചടങ്ങിന്.
വിവാഹനിശ്ചയം കഴിഞ്ഞന്നു രാത്രിയിൽ അഭിഷേക് വിനീതയെ വിളിച്ചു. വിവാഹമുറപ്പിച്ചതിനാൽ ഒരുമിച്ചു കറങ്ങാൻ പോകാൻ അഭിഷേക് അവളെ നിർബന്ധിച്ചു.
വിനീതയ്ക്ക് അതിൽ താല്പര്യമില്ല താനും. അവളുടെ അമ്മ ലതയും അതിനോട് എതിർപ്പ് കാണിച്ചു.പക്ഷേ ഭാരതിയമ്മ ലതയെ ഫോണിൽ വിളിച്ചപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.

“ലതേ… കുട്ട്യോൾ നാളെ ഭാര്യാഭർത്താക്കന്മാർ ആവാൻ പോവല്ലേ… അവരൊന്നു പുറത്തു പോയി ചുറ്റി ഫുഡ്‌ കഴിച്ചിട്ടൊക്കെ വന്നോട്ടെ… അപരിചിതത്വം ഒന്ന് മാറേം ചെയ്യും…”
അവരെ മുഷിപ്പിക്കണ്ട എന്ന് കരുതി അവസാനം ലത തന്നെ വിനീതയെ അനുനയിപ്പിച്ചു അഭിഷേകിനൊപ്പം വിട്ടു.
സംസാരിച്ചിരിക്കാം എന്ന് പറഞ്ഞു ക്ലാസ്സ്‌ ഇല്ലാത്തപ്പോഴെല്ലാം അഭിഷേക് വീട്ടുകാരുടെ അനുമതിയോട് കൂടിത്തന്നെ പല തവണ പുറത്ത് കൊണ്ടു പോയി.
റെസ്റ്റോറന്റിൽ പോയി കോഫി കുടിക്കുമ്പോഴും ബീച്ചിൽ സൂര്യാസ്തമയം കാണുമ്പോഴും അഭിഷേകിനു തന്നോടെന്തോ പറയാൻ ഉള്ളതായി വിനീതയ്ക്ക് തോന്നി.
ഭാവി വധു എന്ന രീതിയിലുള്ള അമിത സ്വാതന്ത്ര്യങ്ങൾ ഒന്നും തന്നെ അഭിഷേകിൽ നിന്നും ഒരിക്കൽ പോലും വിനീതയ്ക്കുണ്ടായില്ല. അത് അവനോടുള്ള ബഹുമാനവും വിശ്വാസവും വളർത്തിയെടുത്തു അവളിൽ.

ഒരുമിച്ചു നിന്നു ഒരുപാട് ഫോട്ടോകൾ എടുക്കുന്ന അഭിഷേക് അവൾക് ഒരു കൗതുകമായി തോന്നി.

“എടോ… വിനീതാ…”

“എന്താ അഭിയേട്ടാ.”

“തനിക്കു ആരോടെങ്കിലും മുൻപ് അഫ്‌യർ ഉണ്ടായിരുന്നോ?”

വിനീത ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ തിരകളെ നോക്കിയിരുന്നു.

“എന്താടോ പറയാത്തെ?”

“ഞാൻ അഭിയേട്ടനോട് ഈ ചോദ്യം ചോദിച്ചാലോ?”

“നിഷേധിക്കില്ല. ഉണ്ടായിരുന്നു… അവൾ…”

“ഉം മതി… വേണ്ട അറിയണ്ട… വിവാഹം കഴിഞ്ഞാൽ പിന്നെ അതു മതി ഒരു വഴക്കുണ്ടാകാൻ… കല്യാണത്തിന് മുൻപ് കാമുകിയെ കുറിച്ച് വർണ്ണിക്കുമ്പോൾ എനിക്ക് ഒന്നും തോന്നില്ലായിരിക്കാം… ഇപ്പോഴും നമ്മൾ പരസ്പരം മനസ്സിലാക്കി കൊണ്ടു വരുന്നതല്ലേ ഉള്ളൂ… അതുകൊണ്ട് പ്രശ്നം ഇല്ല… പക്ഷേ ഭാവിയിൽ ഒരു യുദ്ധത്തിനു സ്കോപ് ഇല്ലാതില്ല…”

“ഹഹഹ… താൻ കൊള്ളാലോ… ദീർഘവീക്ഷണം… ഊം… കൊള്ളാം…

പക്ഷേ എന്റെ ചോദ്യത്തിനു ആൻസർ കിട്ടിയില്ല… ഉണ്ടായിരുന്നോ…?”

“ഊം… പക്ഷേ പ്രണയം എന്നൊന്നും പറയാൻ കഴിയുമോ ആവോ… അറിയാലോ ഞങ്ങളുടെ ചുറ്റുപാട്… എന്തോ എപ്പോഴും കാണാനും മിണ്ടാനും തോന്നിയിരുന്നു… സാധാരണ ആൺകുട്ടികളല്ലേ മുൻകൈ എടുത്തു സ്നേഹം തുറന്നു പറയുന്നത്… അത് പ്രതീക്ഷിച്ചിരുന്നു… അപ്പോഴും ഒരേ സമയം അർഹത ഇല്ല എന്ന് കരുതി സ്നേഹം ഒളിപ്പിച്ചു വെയ്ക്കാനും ശ്രമിച്ചു… പക്ഷേ ഞാൻ ഉദ്ദേശിക്കുന്നത് പോലൊരിഷ്ട്ടം അയാൾക് എന്നോടില്ലെന്നും… അയാളുടെ ഹൃദയം മറ്റൊരാൾ മുൻപേ കവർന്നെടുത്തതാണെന്നും ഈയിടെയാണ് അറിഞ്ഞത്…”

“ഓ അത് ശരി… ഞാൻ വിചാരിച്ചു തന്റെയാ അങ്കിൾ ന്റെ മോനുമായി തനിക്കു…

അഭിഷേകിന്റെ വാക്കുകൾ കേട്ടപ്പോൾ വിനീതയുടെ ഹൃദയം ശക്തിയായി മിടിച്ചു.അവൾ അവന്റെ മുഖത്തേക്കു ചോദ്യരൂപേണ നോക്കി.

“ഏയ്യ് താൻ പേടിക്കണ്ട… കല്യാണത്തിന് മുൻപ് സംശയം തുടങ്ങിയോ എന്ന് പേടിക്കണ്ട… അന്ന് അയാളെ കണ്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നി അതാ… അയാൾ തന്നെ നോക്കുന്നത് കണ്ടിട്ട് തോന്നിയത് അയാൾക് തന്നെ കൈവിട്ടു പോയതിന്റെ ഒരു ഭാവത്തോടെ ആയിരുന്നു. അയാളുടെ കെണിയിൽ വീണ പെൺകുട്ടികളിൽ ഒരാൾ താനും എന്ന് ചിന്തിച്ചു പോയി.”

“എന്ത്… എന്താ അഭിയേട്ടൻ പറയുന്നത്… പ്രണവേട്ടനെ മുൻപ് അറിയുന്ന പോലെയാണല്ലോ സംസാരം… പക്ഷേ പ്രണവേട്ടൻ ഒരിക്കലും അങ്ങനെ ഒരാളല്ല…”

“ഏയ്യ് കൂൾ വിനീത… കൂൾ… നമുക്ക് ഈ സബ്ജെക്ട് വിടാം… നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.”

അഭിഷേക് വിഷയം മാറ്റാനായി ശ്രമിച്ചു. അവൾ പക്ഷേ ആ സംഭാഷണത്തിൽ നിന്നും പുറത്തു വന്നിട്ടില്ലായിരുന്നു. അവൾ വല്ലാതെ അസ്വസ്ഥ ആയതുപോലെ അഭിഷേകിനു തോന്നി. അവർ പിന്നീടൊന്നും സംസാരിച്ചില്ല. വീട്ടിൽ എത്തിയിട്ടും ആ ചിന്തയിൽ തന്നെ ആയിരുന്നു അവൾ.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

രണ്ടു ദിവസങ്ങൾക്കു ശേഷം.

ക്ലാസ്സ്‌ കഴിഞ്ഞു കോളേജിൽ നിന്നും ഇറങ്ങിയതാണ് വിനീത. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്.
അറിയാത്ത നമ്പർ ആയതു കൊണ്ട് അറ്റൻഡ് ചെയ്യാൻ അവൾ മടിച്ചു.
തുടരെ കോളുകൾ വന്നു കൊണ്ടിരുന്നപ്പോൾ അവൾ അറ്റൻഡ് ചെയ്തു.

“ഹെല്ലോ… ഇതാരാ?”

“ഞാനാ… പ്രണവ്…”

“പ്രണവേട്ടനോ… ഇതേത് നമ്പർ ”

“നീയെന്റെ മറ്റേ നമ്പർ ബ്ലോക്ക്‌ ചെയ്തിരിക്കല്ലേ…”

വിനീത മിണ്ടിയില്ല.

“എന്താ ഒന്നും മിണ്ടാതെ…നീയിപ്പോ എവിടെയാ…”

“ഞാൻ കോളേജിന് മുമ്പിൽ ബസ്സ്റ്റോപ്പിൽ ഉണ്ട്‌ ”

“എന്നാൽ ഞാൻ അങ്ങോട്ട്‌ വരാം.”

ഫോൺ ബാഗിൽ തിരിച്ചു വെച്ചു നിമിഷങ്ങൾക്കകം പ്രണവിന്റെ ബുള്ളെറ്റ് അവൾക്കു മുൻപിൽ എത്തി.

“എന്തിനാ വന്നേ… അല്ല എന്തിനാ ഇന്ന് ലീവ് എടുത്തത്…”

“അത് ഒരാളെ കാണാൻ ഉണ്ടായിരുന്നു…”

“ഓ… ഏതെങ്കിലും പെണ്ണ് ആയിരിക്കും…” അഭിഷേക് പ്രണവിനെ കുറിച്ച് പറഞ്ഞത് അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്നു.

“അത് നിനക്കെങ്ങനെ അറിയാം…” അർഥംഗർഭമായാണ് വിനീത സംസാരിച്ചതെന്ന് തോന്നി.

വിനീത അവനെ പുച്ഛത്തോടെ നോക്കി.

“വാ കയറ്… ഞാൻ വീട്ടിലാക്കാം…”

“വേണ്ട… എനിക്ക് ബസ് വരും ”

“വലിയ പണക്കാരന്റെ ഭാര്യ ആകുവാൻ പോകുന്നതിന്റെ ജാഡ ആയിരിക്കും… പഴയതൊന്നും മറക്കരുത് വിനീ…”

പ്രണവിന്റെ സംസാരത്തിൽ വിനീതയുടെ മനസ്സലിഞ്ഞു. അവൾ അവന്റെ പുറകിൽ ഇരുന്നു.
വണ്ടി കുറച്ചു മുൻപോട്ടു പോയതും അവന്റെ ഫോണിൽ ഒരു കോൾ വന്നു.
“ദിൽന “!

പുറകിലിരുന്ന് അവൾ ആ പേര് കണ്ടു. അഭിയേട്ടൻ പറഞ്ഞതെത്ര ശരിയാണെന്നു അവൾ ആലോചിച്ചു.
അമ്മ ആന്റിയുടെ വീട്ടിൽ പോകരുത് എന്ന് പറഞ്ഞതിന്റെ കാരണവും അവൾ മനസ്സിലാക്കി. വണ്ടിയിൽ കയറിയത് എത്ര മണ്ടത്തരമായെന്നു ചിന്തിച്ചു കൊണ്ടിരിക്കവേ പ്രണവ് വണ്ടി ഒരു ഉൾപ്രദേശത്തേയ്ക്കു തിരിക്കുന്നത് അവൾ അറിഞ്ഞു.

“ഏയ്… പ്രണവേട്ടാ… ഇതെങ്ങോട്ടാ…”

“മിണ്ടാതിരിക്കെടി അവിടെ ”

“ശ്ശേ… അപ്പോൾ അഭിയേട്ടൻ പ്രണവേട്ടനെ പറഞ്ഞതെല്ലാം ശരിയായിരുന്നു അല്ലേ… ”

“ആഹാ അവള്ടെ ഒരു അഭിയേട്ടൻ… അവൻ ആരാടി നിന്റെ… ആ മഹാൻ എന്താണാവോ എന്നെക്കുറിച്ച് പറഞ്ഞത്…”

വിനീത ചുറ്റുവട്ടത്തേയ്ക്ക് കണ്ണോടിച്ചു. ഒരു കുന്നിൻ പ്രദേശം ആയിരുന്നു അത്. ചുറ്റും പൊന്തക്കാടുകൾ… അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി… പ്രണവിനെ നോക്കി അവൾ പല്ലു ഞെരിച്ചു. കണ്ണുകൾ ചുവന്നു.

അവൻ വണ്ടി നിർത്തിയതും അവൾ ഇറങ്ങി അവനിൽ നിന്നും ദൂരെ നിന്നു.

“എന്താടി… തറപ്പിച്ചു നോക്കുന്നേ…”

അവന്റ ഫോൺ വീണ്ടും മുഴങ്ങി. ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങവേ അവൾ അവിടെ നിന്നും പോകാൻ ഒരുങ്ങിയെങ്കിലും അവൻ അവളെ തടഞ്ഞു നിർത്തി.

ഫോൺ ഓഫ്‌ ചെയ്ത് അവൻ അവളെ മുറുകെ പിടിച്ചു..
“ഛെ… ഇത്രയും വൃത്തിക്കെട്ട ഒരാളെ ആണല്ലോ ഞാൻ പ്രണവേട്ടാ എന്ന് വിളിച്ചു പുറകെ നടന്നത്… അറിഞ്ഞില്ല ഞാൻ…അഭിയേട്ടൻ പറയുംവരെ…”

“ഹഹഹ… മിണ്ടിപ്പോകരുത് അഭിയേട്ടൻ പോലും… അറിഞ്ഞില്ലത്രേ… നിന്നെ ഞാൻ അറിയിച്ചു തരാം… ഹഹഹ “.

ഭ്രാന്തനെപ്പോലെ അട്ടഹസിക്കുന്ന പ്രണവിന് മുൻപിൽ അവൾ വല്ലാതെ പേടിച്ചു പോയിരുന്നു.

തുടരും.

 

LEAVE A RESPONSE