രചന – രേഷ്ജ അഖിലേഷ്
കാറിൽ നിന്നിറങ്ങിയത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ മാധവൻ .
കാക്കി പാന്റ്സും ചാര നിറത്തിലുള്ള ടീഷർട്ടുമാണ് വേഷമെങ്കിലും അയാളെ തിരിച്ചറിയുവാൻ ഞൊടിയിട മതിയായിരുന്നു അവർക്ക്.
സി ഐ മാധവനെ കണ്ടപ്പോൾ എല്ലാവരും ഒന്ന് വിളറിയപോലെതന്നെ അയാൾക്കും ചെറിയൊരു ഭാവവ്യത്യാസം ഉണ്ടായി.
കുറച്ചു നാളുകൾക്ക് മുൻപ് ആ പരിസരത്ത് നടന്ന സംഭവമാണ് ഇരു കൂട്ടരുടെയും മനസ്സിൽ ഓടിയെത്തിയത്.
ജയൻ കള്ളുകുടിച്ചു വന്നു ബഹളം ഉണ്ടാക്കുന്നതല്ലാതെ പൊതുവെ ശാന്തമായ അന്തരീക്ഷം ആയിരുന്നു ആ പ്രദേശത്തു.
മുഖത്തും ദേഹത്തുമെല്ലാം നിറങ്ങൾ ആയിക്കൊണ്ട് വെള്ള നിറത്തിലുള്ള കുർത്തിയിട്ട ഒരു പെൺകുട്ടി ആ വീടുകൾക്കിടയിലേക്ക് ഓടി വന്നു.
പുറകിലായി അതെ പോലെ നിറങ്ങളിൽ കുളിച്ചു ഒരാണും. ഹോളി ആഘോഷം കോളേജിന് പുറത്തുവരെ എത്തി എന്ന് ആലോചിച്ചു നിൽക്കുന്ന പ്രദേശവാസികൾ.
“വിനീതമോളും ഇന്ന് വെള്ളേം ഇട്ടോണ്ട പോയിരിക്കണേ… ഈ തല തെറിച്ച പിള്ളേരെപ്പോലെ അവളും ഇങ്ങനെ ഓടുമോ എന്തോ ” അന്ന് അതു കണ്ടു നിന്നിരുന്ന ലത വേവലാതിപ്പെട്ടിരുന്നു.
കുട്ടികളുടെ ഓരോ പോക്രിത്തരങ്ങൾ എന്ന് വയ്യസ്സായവർ പിറുപിറുത്തു നിൽക്കവേ ആ പെൺകുട്ടിയുടെ കരച്ചിൽ… പുറകെ വന്ന പയ്യൻ അവളുടെ മേൽ നിറം ചാർത്താൻ ആയിരുന്നില്ല വന്നത്. മൂർച്ചയുള്ള കത്തികൊണ്ട് ദേഹത്ത് ചുവപ്പ് പടർത്തുവാൻ ആയിരുന്നു. കത്തികൊണ്ടവളെ കുത്തിയതും നാട്ടുകാർ ചിലർ ഓടി എത്തിയതു കണ്ട് ആ അക്രമി ഓടി രക്ഷപെട്ടു.
പെൺകുട്ടിയെ അന്ന് ആശുപത്രയിൽ എത്തിച്ചത് പ്രദീപിന്റെ മകൻ പ്രണവും മറ്റു നാട്ടുകാരും ചേർന്നാണ്. അതിന് ശേഷം സി ഐ മാധവനും സംഘവും വന്നു അന്വേഷണം നടത്തി. സംഭവം നടന്നതിന് സാക്ഷികളായവരെ ചോദ്യം ചെയ്തു.
വളരെ പരുഷമായ പെരുമാറ്റമായിരുന്നു അന്ന്. അതിന്റെ തുടർ അന്വേഷണത്തിനായിട്ട് ആണോ അയാൾ വന്നതെന്ന് എല്ലാവരും സംശയിച്ചു.
അവരുടെ മനസ്സിന്റെ വിചാരഗതികൾ മനസ്സിലാക്കിയിട്ടേന്നോണം മാധവൻ അവരുടെ ശ്രദ്ധ തിരിക്കാൻ കാറിൽ ഇരിക്കുന്നവരെ വിളിച്ചു.
വണ്ടിയിൽ നിന്നു ഒരു സ്ത്രീയും മറ്റൊരു ചെറുപ്പക്കാരനും ഇറങ്ങി വന്നു.
മൂവരും നടന്നു ഉമ്മറപ്പടിയിലേക്ക് എത്തുമ്പോഴാണ് പ്രദീപിന് അവരെ ക്ഷണിച്ചു അകത്തേയ്ക്കിരുത്തേണ്ടുന്ന ബോധം ഉണ്ടായത്.
“കയറി വരൂ ഭാരതിയമ്മേ… വഴിയൊന്നും തെറ്റിയില്ലല്ലോ അല്ലേ… ആദ്യായിട്ടല്ലേ ഈ വഴി…”
പ്രദീപിന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചിയാണ് ഭാരതി. പണവും പ്രതാപവും ഏറെ ഉള്ളതിനാൽ ഇന്ന് പലരും അവരെ ഭാരതിയമ്മ എന്നാണ് വിളിക്കുക.
“ഏയ് ഇല്ല്യാ… മാധവൻ ഉണ്ടായിരുന്നല്ലോ കൂടെ. മാധവൻ പോലീസിൽ ആണ്. ഇവന് അറിയാത്ത പരിസരം ഒന്നും ഇല്ല ഇവിടെ ” നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരോടുമായി ഭാരതി പറഞ്ഞു.
“ഇതാണെന്റെ ഭാര്യ രജനി… ഒന്നു രണ്ടു തവണ കുറേ കൊല്ലങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടെന്നു തോന്നുന്നു നിങ്ങൾ തമ്മിൽ .
ഇതാണ് ലത വിനീതയുടെ അമ്മ. അത് അനിയത്തി വിച്ചു…വിസ്മയ “.പ്രദീപ് ഓരോരുത്തരെയും പരിചയപ്പെടുത്തി .
“വരൂ അകത്തേയ്ക്കിരിക്കാം…” ലത ക്ഷണിച്ചു.
എല്ലാവരും അകത്തു ചെന്നിരുന്നു.
വിസ്മയ നേരെ ചെന്നത് വിനീതയുടെ മുറിയിലേക്കാണ്.
വിനീതയുടെ ഭാവി വരനെക്കുറിച്ച് വർണ്ണിക്കുവാനും വിനീതയെ കളിയാക്കുവാനും.
“മാധവാ… നമ്മളെയൊന്നു പരിചയപ്പെടുത്തു… പ്രദീപിന് പോലും എന്നെ മാത്രമേ പരിചയം ഉള്ളൂ ”
“ആ എന്നാപ്പിന്നെ അങ്ങനെ ആവട്ടെ.
ഞാൻ മാധവൻ .സർക്കിൾ ഇൻസ്‌പെക്ടർ ആണ്. .പയ്യന്റെ ചെറിയച്ഛനാ…ഇതാണ് പയ്യൻ.അഭിഷേക്…എഞ്ചിനീയർ ആണ്. ഇവന്റെ താഴെ ഒരാൾ കൂടിയുണ്ട് അവൻ ഒരാവശ്യത്തിന് ചെന്നൈ വരെ പോയിരിക്കാ… വന്നിട്ടില്ല.”
“സർ നെ അറിയാം കണ്ടിട്ടുണ്ട്. ഒരു പ്രശ്നം നടന്നിട്ട് സർ ഈ വഴി വന്നിട്ടുണ്ട്. സർ നെ കണ്ടപ്പോൾ ആദ്യം വിചാരിച്ചത് അതിനെപ്പറ്റി അന്വേഷിക്കാൻ വന്നതാണോ എന്നാണ് ”
“ഏയ്യ് നോ. ആ കേസ് ആദ്യം വലിയ സീരിയസ് ആയിരുന്നു. അതിനെക്കുറിച് പറയാതിരിക്കുന്നത ഭേദം. നമുക്ക് വിഷയത്തിലോട്ട് വരാം.”
“അങ്ങനെ ആവട്ടെ ”
“പ്രദീപ് എല്ലാം പറഞ്ഞു കാണുമല്ലോ. ഇവിടുത്തെ കുട്ടിയേക്കാൾ അഞ്ചാറ് വയസ്സ് വ്യത്യാസം ഉണ്ട് അഭിഷേകിനു… അത് വലിയ വ്യത്യാസം ഒന്നും അല്ല എന്നാലും പറഞ്ഞെന്നേയുള്ളൂ. ” പോലീസിൽ ആയതിനാലാകാം അയാളുടെ സംസാരരീതി അൽപ്പം ഉച്ചത്തിലായിരുന്നു.
ആരോടും ഒരു മമതയില്ലാത്ത പ്രകൃതക്കാരനാണ് മാധവനെന്ന് മുൻപേ അനുഭവം ഉള്ളതിനാലാകാം ലത അൽപ്പം ആശങ്കയോടെ അയാളെ തന്നെ നോക്കിയാണ് നിന്നത്.
പയ്യനെയും അമ്മയെയും ശരിക്കും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
“കുട്ടിടെ ഫോട്ടോ കണ്ടപ്പോഴേ ഞങ്ങൾക്കിഷ്ട്ടായി. പിന്നെ ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ. ജാതക കുറിപ്പ് വാങ്ങിക്കേം ചെയ്യാം എന്നും കരുതി.
വിനീതയുടെ അച്ഛന്റെ കാര്യോം പ്രദീപ് പറഞ്ഞു. അതൊന്നും ഞങ്ങൾക്ക് വിഷയമുള്ള കാര്യല്ല. പെൺകുട്ടയെ മാത്രം മതി ഞങ്ങൾക്ക് ” ഭാരതിയുടെ വാക്കുകൾ ലതയുടെ കാതുകളിൽ ആശ്വാസത്തിന്റെ അലകളുയർത്തി.
വേഷഭൂഷാതികൾ പോലെ അവരുടെ വാക്കുകളും ആകർഷണമുള്ളതായി തോന്നി ലതയ്ക്ക്.
ലത ഭാവി മരുമകനിലേക്ക് നോട്ടമയച്ചു. കണ്ടാൽ അറിയാം സമ്പന്നതയിൽ വളർന്നതിന്റെ ലക്ഷണങ്ങൾ. പാന്റ്സും ഷർട്ടും ആണ് വേഷം. പരിഷ്ക്കാരി ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി.
ഗൗരവം ഒന്നും ഇല്ലെങ്കിലും പുഞ്ചിരിക്കാൻ മടിയുള്ളതുപോലെ അവന്റെ മുഖം. ലതയുടെ നോട്ടം തന്നിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൻ ചെറുതായി ചിരിച്ചു.
പുഞ്ചിരിച്ചപ്പോൾ ഒന്നു കൂടി ഭംഗി ഏറിയ പോലെ…
ലതയ്ക്ക് പയ്യനെ നന്നേ ബോധിച്ച മട്ടായിരുന്നു.
“എന്നാൽ ഇനി പെണ്ണിനെ വിളിക്കാം അല്ലെ ”
പ്രദീപ് രജനിയോട് ആംഗ്യത്തിൽ വിനീതയെ കൊണ്ടുവരാൻ പറഞ്ഞു.
രജനി മുറിയിലേക്ക് കടക്കുമ്പോൾ നഖം കടിച്ചുകൊണ്ടിരിക്കുന്ന വിനീതയെ ആണ് കണ്ടത്.
കുറുമ്പിയായ വിച്ചു എന്തെങ്കിലും പറഞ്ഞൊപ്പിച്ചത് തന്നെയാകും വിനീതയുടെ പരിഭ്രമത്തിന് കാരണമെന്ന് രജനി ഊഹിച്ചു.
“ആന്റി… വിച്ചു പറയണത് നേരാണോ ”
“ഓഹ് ഈ വിച്ചൂനെ കൊണ്ടു തോറ്റു. നീയെന്തിനാ പെണ്ണേ ചേച്ചിയെ പേടിപ്പിക്കുന്നെ…
എന്റെ മോളെ… ഈ വായാടി എന്താ പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ പോലീസ്കാരൻ ഉണ്ട് കൂടെ… അന്ന് ഒരു ഹോളി ദിവസം മോള് കോളേജിൽന്ന് വരാൻ വൈകിയില്ലേ… ഇവിടെ ഒരു ചെക്കൻ ഒരു പെൺകുട്ടിയെ കത്തികൊണ്ട് കുത്തീട്ട് പ്രണവും അപ്രത്തെ രാഹുലും ഒക്കെ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ടു പോയത് പറഞ്ഞിരുന്നില്ലേ… അന്ന് ഈ വിച്ചും ഉണ്ടായിരുന്നു. അന്ന് സി ഐ വന്നത് കേസ് അന്വേഷിക്കാൻ ആയിരുന്നല്ലോ… അന്ന് എല്ലാരേം വിരട്ടിയത് നേരാ… നല്ല കാര്യം ചെയ്തിട്ട് അവസാനം ഇയാളുടെന്ന് തല്ലു വരെ കിട്ടേണ്ടതായിരുന്നുന്ന് പ്രണവ് വരെ പറഞ്ഞിട്ടുണ്ട്.
പക്ഷെ നീയിങ്ങനെ പേടിക്കണോ…
ഇത് കേസ് അല്ല കല്ല്യാണക്കാര്യ…
പിന്നെ നീ നിന്റെ ഭാവി ചെക്കനേം അമ്മായിഅമ്മയേം നോക്കിയാൽ പൊരെ…”
“ആന്റി…”
“എന്താ മോളെ… നീയിങ്ങോട്ട് വന്നേ…”
രജനി അവളുടെ സാരിയെല്ലാം ഒന്നുകൂടെ ശരിയാക്കി മുടിയെല്ലാം നേരെയിട്ടു കൊടുത്ത് അവളുമായി മുറിയിൽ നിന്നും പുറത്തേക്കു വന്നു.
ലത കയ്യിലുള്ള ട്രേ അവൾക്ക് നൽകി.
വിനീത മുറിയിൽ നിന്നും പുറത്തിങ്ങിയപ്പോൾ ആദ്യം കണ്ടത് ഭാരതിയെ ആയിരുന്നു. പിന്നീട് മാധവനെയും.ജോലി സംബന്ധമായി ആരോടോ ഫോണിൽ സംസാരിക്കുക ആയിരുന്നു മാധവൻ. ഇടയ്ക്കിടെ അയാളുടെ ശബ്ദം ഉയർന്നും താഴ്ന്നും കേട്ടു കൊണ്ടിരുന്നു. പേടിച്ചു പേടിച്ചാണ് ട്രേയുമെടുത്ത് വിനീത നടന്നു തുടങ്ങിയത്.
“ആദ്യം പയ്യന് കൊടുക്ക് മോളെ ചായ ”
എന്ന് പറഞ്ഞത് പ്രദീപ് ആയിരുന്നു.
മുഖത്തേയ്ക്കു നോക്കിയില്ലെങ്കിലും പതിയെ പരിഭ്രമിച്ചു കൊണ്ട് വിനീത അഭിഷേകിനു മുൻപിലെത്തിയതും മാധവന്റെ ശബ്ദം; ” ഷട്ട് അപ്പ് ബ്ലഡി… ”
പെട്ടന്ന് വിനീതയുടെ കൈ വിറച്ചു ട്രേയിലെ ചായ തുളുമ്പി.പക്ഷേ അഭിഷേകിന് മേൽ തൂവിയില്ല.
ചായ അഭിഷേകിന്റെ വസ്ത്രത്തിൽ തെറിച്ചുവോ എന്ന ആശങ്കയിൽ അവൾ നോക്കി.
രണ്ടു കണ്ണുകളും ചിമ്മിക്കൊണ്ട് അവൻ അവളോട് പുഞ്ചിരിച്ചു. അതവളിലും ആശ്വാസമേകി.
അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ മറുപടിയെന്നോണം മനോഹരമായി ചിരിച്ചു.
പെണ്ണിനും പയ്യനും പരസ്പരം ഇഷ്ട്ടമായി എന്ന് എല്ലാവർക്കും മനസ്സിലായി.
എല്ലാവർക്കും ചായ കൊടുത്ത് അവൾ രജനിയുടെയും ലതയുടെയും അരികിൽ പോയി നിന്നു.
കുസൃതിക്കാരിയായ അനിയത്തി അപ്പോഴും വിനീതയുടെ അരികിൽ നിന്നു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം വിനീതയെ ഏൽക്കാതെ പോയി.
വിനീതയുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു. എന്തെന്നാൽ ചെറുക്കനും പെണ്ണും ഒറ്റയ്ക്ക് സംസാരിക്കാനുള്ള ഒരു കീഴ് വഴക്കവും ഉണ്ടല്ലോ.
അങ്ങനെ ഒരു ചടങ്ങ് ആർക്കും ഓർമ്മവരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴേക്കും അവൾ ഭയപ്പെട്ടത് സംഭവിച്ചു.
ഭാരതി തന്നെയാണ് മകനെ ഉന്തിതള്ളി പുറത്തെ മാവിൻ ചുവട്ടിലേക്ക് ആദ്യം പറഞ്ഞു വിട്ടത്. വിനീതയോട് അവിടേക്കു ചെല്ലുവാനും അവർ നിർബന്ധിച്ചു. അൽപ്പം നാണവും പേടിയും എല്ലാമായി വിനീത വിയർത്തു. വിയർപ്പൊപ്പിമാറ്റികൊണ്ട് അവൾ അഭിഷേകിനു അരികിൽ ചെന്നു നിന്നു.
“എന്റെ പേര് അഭിഷേക്… ദിസ് ഈസ് ഫസ്റ്റ് ടൈം… താനും ആദ്യായിട്ടാണ് പെണ്ണുകാണാൻ നിന്നുകൊടുക്കുന്നത് എന്ന് തന്റെ മുഖം കണ്ടാൽ അറിയാം.
ആം ഐ റൈറ്റ്?..”
“അതെ… മുൻപ് കുറേ ആലോചനകൾ വന്നിരുന്നു… അങ്കിൾ പറഞ്ഞു കാണുമല്ലോ… അച്ഛൻ…” വിനീതയുടെ മുഖം വാടി
“ഐ നോ… താൻ അതിനെന്തിനാ ഡെസ്പ് ആവുന്നേ…”
“ഏയ്യ് അങ്ങനെ ഒന്നുല്ല…”
“ഓക്കേയ്…
എനിക്ക് തന്നെ ഇഷ്ട്ടായി. തനിക്കോ?”
“എനിക്ക് അങ്ങനെ ഒന്നുമില്ല. അമ്മയുടെ ഇഷ്ട്ടാ എന്റേം… ”
“ഓഹ്… അപ്പൊ തന്റെ അമ്മയ്ക്ക് എന്നെ ഇഷ്ട്ടായില്ലെങ്കിൽ…”
“ഏയ്യ് അതുണ്ടാവില്ലല്ലോ… മോളെ പൊന്നു പോലെ നോക്കുന്ന ഒരാളാവണം എന്നെ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ.ഇതിപ്പോ ഞങ്ങളെപ്പോലെ ഉള്ളവർക്കു സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധാന്നാ അമ്മ പറയണേ… ഇഷ്ട്ടാവാതിരിക്കാൻ എന്താ ഒരു കുറവ്…ഒരു പൂവ് മാത്രം ആഗ്രഹിച്ചിട്ട് ഒരു പൂക്കാലം കിട്ടിയ സന്തോഷമാ ആ മുഖത്ത്… ”
“താൻ ഹാപ്പി ആണോ ”
“പറഞ്ഞല്ലോ… അമ്മേടേം അനിയത്തീടേം സന്തോഷാ എനിക്കും വലുത്… പക്ഷേ…”
“എന്താ ഒരു പക്ഷേ… തനിക്കു വല്ല റിലേഷനും ?”
“ഏയ്യ് ഇല്ലാ… അതല്ല…”
“ഇനി ഉണ്ടെങ്കിലും കുഴപ്പമില്ല. കല്യാണം കഴിഞ്ഞാൽ താൻ എന്റെ മാത്രം ആവുലോ…” അഭിഷേക് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
“നിങ്ങള്ക്ക് ഇതിലുംനല്ല ചുറ്റുപാടുള്ള പെൺകുട്ട്യോളെ കിട്ടൂലോ… പിന്നെന്തിനാ എന്നെ ചൂസ് ചെയ്തേ… ” സംശയത്തോടെ അവൾ മനസ്സു തുറന്നു.
“ആഹാ അപ്പോൾ തനിക്കു ഞങ്ങളുടെ ഉദ്ദേശശുദ്ധിയിൽ സംശയം ഉണ്ടല്ലേ…”
“അയ്യോ… ഞാൻ അങ്ങനെയൊന്നും…
അറിയാലോ ഞങ്ങളുടെ അവസ്ഥ… അതുകൊണ്ട്…”
പറഞ്ഞു മുഴുവനാക്കും മുൻപേ വിനീത അഭിഷേകിന്റെ മുഖത്തേയ്ക്കൊന്നു നോക്കി. ഇത്രയും നേരം പ്രസന്നമായിരുന്ന അവന്റെ മുഖത്തു എന്തോ ഒരു തെളിച്ചമില്ലായ്മ. എന്തിലോ അവന്റെ മനസ്സും കണ്ണുകളും ഉടക്കിയത് അവൾ അറിഞ്ഞു.
അവന്റെ നോട്ടം തന്നിൽ അല്ലെന്നു മനസ്സിലാക്കിയ അവൾക് അവന്റെ നോട്ടത്തിൽ എന്തോ പന്തികേട് തോന്നി. തിരിഞ്ഞു നോക്കി.
തുടരും.

by