18/04/2026

നിഴലായ് : ഭാഗം 42

രചന – ശരണ്യ

രാമചന്ദ്രനും ആനിയും വൈശാഖും അമ്മുവും ആ വലിയ ഗേറ്റിന് മുന്നിൽ നിന്നു…മതിലിൽ എഴുതിയിരിക്കുന്ന പേര് ആനി വായിച്ചു… ” രാമവിലാസം ” ആനീ…നിനക്ക് നിന്റെ അപ്പൂപ്പന്റെ പേര് അറിയോ..?? രാമകൃഷ്ണൻ എന്ന് അല്ലേ… അപ്പോൾ അറിയാം…അതിൽ നിന്ന് വന്ന പേരാണ് രാമവിലാസം.. ഈ പേര് മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളു മോളെ… അമ്മാവാ..നമുക്ക് തിരികെ പോകാം… എനിക്ക് കാണണ്ട ഒന്നും…നീ എന്തിനാ മോളെ പേടിക്കുന്നത്….?? ഇത് എല്ലാം നിനക്ക് അവകാശപെട്ടത് ആണ്..ഇവിടെ ആരും നിന്നെ ഒന്നും പറയില്ല…കോടതി മുപ്പത് ദിവസം സമയം കൊടുത്തത് കൊണ്ട് മാത്രം ഇവർ ഇപ്പോഴും ഇവിടെ താമസിക്കുന്നു…അത് കഴിഞ്ഞാൽ എല്ലാം തിരികെ ഏൽപ്പിക്കണം… എന്നാലും എനിക്ക് എന്തോ പോലെ…അവരെ ഒക്കെ..വേണ്ട അമ്മാവാ… ഒന്നുമില്ല..നീ ഇങ്ങോട്ട് വാടി… വൈശാഖ് ഗേറ്റ് തുറന്നു…ഗേറ്റ് കഴിഞ്ഞു കുറച്ച് അധികം നടക്കാനുണ്ട്…
ഇന്റർലോക്ക് ചെയ്ത വഴിയിലൂടെ അവർ നടന്നു…ആ വീടും പരിസരവും നോക്കി കാണുകയായിരുന്നു ആനി… അമ്മാവാ.ഇത് പഴയ തറവാട് ആണോ…? നമ്മുടെ വീട് പോലെ അല്ലല്ലോ… ചേച്ചീ….ഈ വീട് പണ്ട് ഇങ്ങനെ അല്ലായിരുന്നു…വിച്ചേട്ടനും അച്ചുവും കൂടി നമ്മുടെ തറവാട് ഒന്ന് പുതുക്കി പണിതില്ലേ..അപ്പോൾ അസൂയ മൂത്ത് ആ ലക്ഷ്മി പിശാശ് ഈ വീട് ഫുൾ അഴിച്ചു പണിതു…

അമ്മു പറഞ്ഞത് കേട്ട് ആനി ആ വീട് ഒന്ന് നോക്കി…  ശരിയാണ്..അമ്മു പറഞ്ഞ പോലെ ഇതിപ്പോൾ ആ പഴയ തറവാട് അല്ല..ആധുനിക രീതിയിൽ പണി കഴിപ്പിച്ച വീട്… അല്ല അച്ഛാ സെക്യൂരിറ്റി എവിടെ പോയി…? സാധാരണ ഫുൾ ടൈം അയാൾ അവിടെ ഉള്ളത് അല്ലേ… ആഹ്..ആർക്ക് അറിയാം.. എല്ലാം കൈയ്യിൽ നിന്ന് പോയപ്പോൾ ആർഭാടം ഒക്കെ കുറച്ചു കാണും… ചേച്ചി എല്ലാം നോക്കി കണ്ടോ…ഇത് ഇപ്പോൾ ചേച്ചിയുടെ വീടാണ്…ഇത് പുതുക്കി പണിത ശേഷം ഇപ്പോൾ ആണ് ഇവിടെ ഒക്കെ ഞാൻ ഒന്ന്കാണുന്നത്… മൊത്തം മാറ്റി കളഞ്ഞു അല്ലേ വിച്ചേട്ടാ… അവർ മുറ്റത്ത് നിന്ന് എല്ലാം നോക്കി കണ്ടു…ഒരു കാർ അവിടെ കിടപ്പുണ്ടായിരുന്നു…അപ്പോഴാണ് വാതിൽ പൂട്ടി ഒരാൾ വരാന്തയിൽ നിന്ന് മുറ്റത്തേക്ക് വന്നത്…രാമചന്ദ്രനും വൈശാഖും അയാളെ നോക്കി ചിരിച്ചു…രാമേട്ടാ..ഞാൻ നിങ്ങളെ കാണാനായി വീട്ടിലേക്ക് വരാൻ ഇരിക്കുവായിരുന്നു… എന്താ അനിൽ കാര്യം…?? കുറച്ചു ഡോക്യൂമെന്റസ് എന്നെ ഏല്പിച്ചിരുന്നു അവിടെ കൊണ്ടുവന്ന് ആനിയുടെ കൈയ്യിൽ കൊടുക്കാൻ… അയാൾ പറഞ്ഞത് കേട്ട് ആനി അത്ഭുതത്തോടെ രാമചന്ദ്രനെ നോക്കി…

അനിൽ ചേട്ടാ..ഇതാണ് ആനി…വൈശാഖ് അടുത്ത് നിൽക്കുന്ന ആനിയെ അനിലിന് കാണിച്ചു കൊടുത്തു…ആനി അയാളെ നോക്കി ചിരിച്ചു… ഇതാണോ ആനി… ഒരു മിനിറ്റ്…ഞാൻ കാറിൽ നിന്ന് അതെല്ലാം ഒന്ന് എടുത്ത് കൊണ്ട് വരട്ടെ… എന്തായാലും നിങ്ങളെ കണ്ടത് നന്നായി.ഞാൻ ഇനി അങ്ങോട്ട് വരണ്ടല്ലോ… അവർക്ക് ആർക്കും കാര്യം ഒന്നും മനസ്സിലായില്ല… ഇത് ആരാ..?? മോളെ ഇതാണ്…രാജീവന്റെ പേർസണൽ സെക്രട്ടറി… അപ്പോഴേക്കും അയാൾ ഡോക്യൂമെന്റസ് അടങ്ങിയ ഫയലുമായി ആനിയുടെ അടുത്തേക്ക് വന്നു…ഫയലും ഒപ്പം കുറച്ചു താക്കോലുകളും അയാൾ ആനിയെ ഏൽപ്പിച്ചു…ആനി അയാളെ തന്നെ കണ്ണ് മിഴിച്ചു നോക്കി നിന്നു… അനിൽ ഇതൊക്കെ എന്താ…?? ഇത് ഈ വീടിന്റെയും പറമ്പിന്റെയും പിന്നെ ബാക്കി ഉള്ള പുരയിടത്തിന്റെയും ഒക്കെ ആധാരം..എല്ലാത്തിന്റെയും താക്കോലും ഉണ്ട്… ചേട്ടാ…എനിക്ക് ഒന്നും മനസ്സിലാകുന്നില്ല… മുപ്പത് ദിവസം സമയമുണ്ടല്ലോ…അതിന് മുന്നേ അവർ പോയോ…?? അയ്യോ..അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ…?? എന്ത് പറ്റി അനിൽ…? നീ കാര്യം പറ…

എനിക്ക് പി.എസ്.സി വഴി ഒരു ജോലി ശരിയായി..ഡ്രൈവർ ആയിട്ടാ…അടുത്ത ആഴ്‌ച്ച ജോലിക്ക് കയറണം..കേസ് നടന്ന ദിവസം വൈകിട്ട് അത് പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നിരുന്നു….ഞാൻ വന്നപ്പോൾ അവർ രണ്ടുപേരും എന്തോ തിരക്കിട്ട ചർച്ചയിൽ ആയിരുന്നു…ഞാൻ പറയുന്നത് ഒന്ന് നേരെ കേൾക്കാൻ കൂടി അവർ നിന്നില്ല..ലക്ഷ്മി മാഡം ആണെങ്കിൽ ഭയങ്കര ദേഷ്യത്തിലും.. ഞാൻ ഇറങ്ങിയതിന് തൊട്ട് പിന്നാലെ രണ്ടാളും കൂടി കാറിൽ കയറി എങ്ങോട്ടോ പോയി..രാത്രിയായപ്പോൾ എനിക്ക് ഒരു കാൾ വന്നു…അവർ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണെന്ന്… അയ്യോ എന്നിട്ട് ??? ഞാൻ അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോയി…രാജീവ് സർ ഐ.സി.യുവിൽ ആയിരുന്നു… മാഡത്തിനും കണക്കിന് കിട്ടിയിട്ട് ഉണ്ട്…
കാലിലും കൈയ്യിലും കമ്പി ഇട്ടിരിക്കുവാ…നല്ല ഇടി ആയിരുന്നു.. സാറിന് പിന്നെ പണ്ടേ സ്പീഡ് കൂടുതൽ ആണല്ലോ…ആ കാർ ഒന്ന് കാണണം എന്റെ രാമേട്ടാ..
ഇനി ആക്രി വിലയ്ക്ക് വിൽക്കാം… ആരെങ്കിലും കരുതി കൂട്ടി ചെയതത് ആണോ എന്ന് സംശയമുണ്ട്… ഫൈനാൻസിൽ എന്തോ തിരിമറി നടത്തിയതിന്റെ പേരിൽ പാർട്ട്നേഴ്‌സുമായി തെറ്റിയല്ലോ…ആകെ അത് മാത്രമേ കൈയ്യിൽ ഉണ്ടായിരുന്നുള്ളു ..ഇപ്പോൾ അതും ഏകദേശം പോയ മട്ടാ….അങ്ങനെ കിട്ടിയ പണിയാണോ എന്ന് അറിയില്ല..ഇതിന് മുന്നേ മാഡത്തിനെ ആരൊക്കെയോ ചേർന്ന് തല്ലിയല്ലോ…

ആ കോളേജിന്റെ പുറകിലെ റോഡിൽ വയ്ച്ചായിരുന്നു സംഭവം…അവരുടെ കഷ്ടകാലത്തിന് ആ ഭാഗത്ത് എങ്ങും ആരും ഇല്ലായിരുന്നു…അത് വഴി വന്ന ഏതോ വണ്ടിക്കാരാണ് ഹോസ്പിറ്റലിൽ എത്തിച്ചതും എന്നെ വിളിച്ചു പറഞ്ഞതും…കേസ് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ മാഡം പറഞ്ഞു ഒന്നും വേണ്ടെന്ന്… ഇപ്പോൾ എങ്ങനെയുണ്ട് ?? രാജീവൻ ഐ.സി.യു.വിൽ തന്നെയാണോ ? രാജീവ് സാർ ഇപ്പോഴും ഐ.സി.യു.വിൽ ആണ്..ഇന്ന് രാവിലെ ബോധം വന്നു.. ബോധം വന്നിട്ടും കാര്യമില്ല..
പഴയ പോലെ ഒന്നും പറ്റില്ല…ബെഡിൽ തന്നെ ജീവിതകാലം മുഴുവൻ കഴിച്ചു കൂട്ടേണ്ടി വരും…ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഞാൻ അവരുടെ മോനെ വിളിച്ചു പറഞ്ഞിരുന്നു ..അടുത്ത ദിവസം രാവിലെ ആ കൊച്ചൻ എത്തി…മറ്റന്നാൾ അവർ അവന്റെ ഒപ്പം ഡൽഹിക്ക് പോകുവാ… ബാക്കി ചികിത്സ ഒക്കെ അവിടെ നടത്താം എന്നാ അവൻ പറയുന്നത്… അല്ല അപ്പോൾ ഇതൊക്കെ ആനിയെ ഏൽപ്പിക്കാൻ നിന്നോട് പറഞ്ഞത് ആരാ…?? മാഡം…ഇന്നലെ വൈകിട്ട് ഞാനും ആ കൊച്ചനും കൂടി ഇവിടെ വന്ന് വേണ്ട സാധങ്ങൾ ഒക്കെ എടുത്തു…ബാക്കി ഒക്കെ അവന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് മാറ്റി…ഇവിടുത്തെ ലോക്കറിൽ നിന്ന് ഇന്നലെ അവരുടെ മോൻ എടുത്ത് തന്നതാ ഈ ഫയൽ…ഒന്ന് കൂടി ഇവിടെ വന്ന് ഫുൾ ക്ലിയർ ആക്കിയിട്ട് എല്ലാം ആനിയെ ഏല്പിക്കാമെന്ന് വിചാരിച്ചു… ഒരു മാസം സമയം ഉണ്ടല്ലോ…പതിയെ എല്ലാം തിരികെ ഏൽപ്പിച്ചാൽ പോരെ എന്നൊക്കെ ഞാനും ആ കൊച്ചനും ചോദിച്ചതാ..മാഡം ഒന്നും പറഞ്ഞില്ല… എല്ലാം ഇപ്പോൾ തന്നെ തിരിച്ചു കൊടുക്കണം എന്ന് നിർബന്ധമായിരുന്നു…
വയ്യെങ്കിലും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല…ആകെ മൊത്തം എന്തൊക്കെയോ വശപിശക്… ഹാ എന്തായാലും നടക്കാൻ ഉള്ളത് നടന്നു.. അപ്പോൾ ശരി ഞാൻ പോട്ടെ….കാറിന്റെ കീയും ഈ കൂട്ടത്തിൽ ഉണ്ട് കേട്ടോ…

അയാൾ പോയതും ആനി അവിടെ പടിയിൽ ഇരുന്നു…കൈയ്യിൽ ഇരിക്കുന്ന ഫയലിലേക്കും താക്കോലിലേക്കും അവൾ മാറി മാറി നോക്കി… മോളെ… രാമചന്ദ്രന്റെ വിളി കേട്ട് അവൾ മുഖമുയർത്തി അയാളെ നോക്കി… അമ്മാവാ…ഇതൊക്കെ…. ആനിയുടെ കണ്ണ് നിറഞ്ഞിരുന്നു… ഇതെല്ലാം നിനക്ക് അവകാശപ്പെട്ടത് ആണ് മോളെ… അയാൾ അവളുടെ അടുത്തായി പടിയിൽ ഇരുന്നു…ആനി രാമചന്ദ്രന്റെ തോളിലേക്ക് ചാഞ്ഞു… എത്രയൊക്കെ ക്രൂരത നമ്മളോട് ചെയ്തെന്ന് പറഞ്ഞാലും അവർക്ക് ഇങ്ങനെ ഒരു മോശം സമയം വന്നെന്ന് അറിയുമ്പോൾ എന്തോ പോലെ… ആനി അവളുടെ കണ്ണ് തുടയ്ച്ചു…അവൾ നോക്കിയപ്പോൾ അമ്മാവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. പക്ഷെ അപ്പോഴും ഉത്തരം കിട്ടാതെ ഒരു ചോദ്യം അവളുടെ മനസ്സിൽ അവശേഷിച്ചു. അന്ന് ലക്ഷ്മിയെ വഴിയിൽ വയ്ച്ച് ആരോ തല്ലിയതും…കോടതിയിൽ പോയ ദിവസം അവരെ രക്ഷിക്കാൻ ആളുകൾ എത്തിയതും…ആ ഗുണ്ടകൾ സ്വയമേ വന്ന് തെറ്റ് ഏറ്റു പറഞ്ഞതും…ഇപ്പോൾ രാജീവനും ലക്ഷ്മിയ്ക്കും ഇങ്ങനെ ഒരു അപകടം പറ്റിയതും എല്ലാം കൂട്ടി വായിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ആനി…പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു… ഇച്ചായൻ….. പക്ഷെ….എങ്ങനെ ഇതൊക്കെ…???

എത്ര ആലോചിച്ചിട്ടും അതിനുള്ള ഉത്തരം അവൾക്ക് കിട്ടിയില്ല.. തിരികെ പോകാനുള്ള ഒരുക്കത്തിലാണ് ആനി…എല്ലാം എടുത്ത് വയ്ച്ച ശേഷം അവൾ ആ മുറി ആകെ ഒന്ന് കണ്ണോടിച്ചു…അവൾ പോകുന്നതിന്റെ സങ്കടത്തിൽ മുഖം വീർപ്പിച്ച് ഇരിക്കുന്ന അമ്മുവിൽ ആനിയുടെ കണ്ണുകൾ പതിഞ്ഞു… അമ്മുക്കുട്ടീ…..എന്താടോ..??
നീ ഇങ്ങനെ സെന്റി ആകല്ലേ…എനിക്ക് ഇപ്പോൾ പോയെ പറ്റു..ഇവിടേക്ക് വരാൻ ലീവ് ചോദിച്ചപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞതാ ആദർശ് ചേട്ടൻ..പിന്നെ വിച്ചേട്ടൻ സംസാരിച്ച് ലീവ് ഓക്കേ ആക്കി… അത് കഴിഞ്ഞ് കൂടുതൽ ദിവസത്തേക്ക് ലീവ് വേണ്ട കാര്യം വിളിച്ചു പറഞ്ഞപ്പോഴും കൂടുതൽ ഒന്നും പറയാതെ ഞാൻ ചോദിച്ച അത്രയും ദിവസത്തേക്ക് ലീവ് തന്നു.. കേസ് കഴിഞ്ഞിട്ട് ഇപ്പോൾ ഒരുപാട്ദി വസമായില്ലേ… ഇനിയും ഞാൻ തിരിച്ചു പോകാതെ ഇരിക്കുന്നത് ശരിയല്ല മോളെ… എന്നാലും ചേച്ചിക്ക് കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരേ… അത് പറ്റില്ല ടാ…ഇപ്പോൾ തന്നെ നിന്റെ വിച്ചേട്ടൻ ഇല്ലാത്തത് കൊണ്ട് ഓഫീസിൽ എല്ലാവരും ഭയങ്കര ഉഴപ്പ് ആണ്… പിന്നെ നമുക്ക് ആതിരയുടെ കാര്യം ഒന്ന് സെറ്റ് ആക്കണ്ടേ…അങ്ങനെ ഒരുപാട് ഉണ്ട്…
ഞാൻ പോയാലും എന്നും എന്റെ അമ്മുക്കുട്ടിയെ വിളിക്കും..പിന്നെ എന്താ…?? നീ ചുമ്മാ എന്നെ കൂടി വിഷമിപ്പിക്കല്ലേ…ഏട്ടന്റെ കല്ല്യാണത്തിന് ഞാൻ വരും..അപ്പോൾ കുറച്ച് ദിവസം ഇവിടെ നിന്നിട്ടെ തിരികെ പോകൂ…

അപ്പോൾ ഒറ്റയ്ക്ക് ആയിരിക്കുമോ വരുന്നത് ?? അതോ എബി ചേട്ടൻ കൂടെ ഉണ്ടാകുമോ…?? അമ്മുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ആനിയ്ക്ക് മറുപടി ഇല്ലായിരുന്നു… അവൾ ബാഗ് എടുത്ത് താഴേക്ക് പോയി… പോകും മുൻപേ അമ്മമ്മയെ കാണാനായി ആനി അവരുടെ മുറിയിലേക്ക് ചെന്നു.. അവൾ അമ്മമ്മയുടെ അടുത്ത് കുറച്ചു നേരം ഇരുന്നു…ആനി പോകുന്നതിൽ മറ്റാരേക്കാളും സങ്കടം അവർക്ക് ആയിരുന്നു… കണ്ട് കൊതി തീർന്നില്ലല്ലോ മോളെ…. പോകാതെ പറ്റില്ല അമ്മമ്മേ.. ആകെ കുറച്ചു ദിവസം എന്ന് പറഞ്ഞു വന്നിട്ട് ഇപ്പോൾ തന്നെ ഒത്തിരി ദിവസം കഴിഞ്ഞു.. ഞാൻ ഇടയ്ക്ക് വരും അമ്മമ്മയെ കാണാൻ..പിന്നെ ഇനി നമുക്ക്വിച്ചേട്ടന്റെ കല്ല്യാണം അടിച്ചു പൊളിക്കണ്ടേ…. നിന്നെ അവന്റെ പെണ്ണായി ഒത്തിരി ആഗ്രഹിച്ചതാ..പിന്നെ അവന് അങ്ങനെ ഒരു ഇഷ്ടം ഉള്ള സ്ഥിതിക്ക്…ആഹ്..അതാകും വിധി… ആതി നല്ല കുട്ടിയാ..വിച്ചേട്ടന് അവൾ നന്നായി ചേരും… അവർ വാത്സല്യത്തോടെ അവളുടെ നെറുകെയിൽ തലോടി..അമ്മമ്മയുടെ ചുളിവ് വീണ കവിളിൽ ആനി ഉമ്മ വയ്ച്ചു… പോയിട്ട് വരാം… കണ്ണ് തുടയ്ച്ചു കൊണ്ട് അവൾ പുറത്തിറങ്ങി.. ആഹാ..ഇത് കൊള്ളാം.. എല്ലാവരും എന്തിനാ ഇങ്ങനെ സങ്കടപ്പെട്ട് നിൽക്കുന്നത്..?? നീ പോകുന്ന കാര്യം ആലോചിക്കുമ്പോൾ…നീ വന്നപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം ഈ വീട് ഉണർന്ന ഒരു പ്രതീതി ആയിരുന്നു… ശരിക്കും ദേവി ചേച്ചി വന്ന പോലെ ആയിരുന്നു ഞങ്ങൾക്ക്..

കുഞ്ഞമ്മേ…എല്ലാവരെയും കാണാൻ ഞാൻ ഇടയ്ക്ക് വരും…..പിന്നെ ഇനി ഏട്ടന്റെ കല്ല്യാണം…ദേ ഇവളുടെ കല്ല്യാണം…അതിന് എല്ലാം ഞാൻ ഇവിടെ ഉണ്ടാകും.. അവൾ സിന്ധുവിനെ നോക്കി ചിരിച്ചുകൊണ്ട് അവരുടെ കവിളിൽ തട്ടി.. ആനി പതിയെ രാമചന്ദ്രന്റെ അടുത്തേക്ക് ചെന്നു… ഇവിടെ വന്നപ്പോൾ ഞാൻ പോലും കരുതിയില്ല നിങ്ങളോട് എല്ലാം ഞാൻ ഇത്രയധികം അടുക്കുമെന്ന്.. അമ്മാവാ…ഒരു അച്ഛന്റെ സ്നേഹം വാത്സല്യം ഒന്നും ഞാൻ അനുഭവിച്ചിട്ടില്ല.. അതെല്ലാം എനിക്ക് നൽകിയത് അമ്മാവനാണ്… രാമചന്ദ്രൻ നിറ കണ്ണുകളോടെ ആനിയെ ചേർത്ത് പിടിച്ചു… നീ എനിക്ക് എന്റെ മോള് തന്നെയാ… അമ്മാവന്റെയും മകളുടെയും സ്നേഹം കണ്ട് ആനന്ദത്താൽ എല്ലാവരുടെയും കണ്ണ് നിറഞ്ഞു…ആനി ബാഗിൽ നിന്ന് ഫയലും താക്കോലും എടുത്ത് രാമചന്ദ്രന്റെ കൈയ്യിൽ ഏൽപിച്ചു… മോളെ എന്താ ഇത്…?? ഇത്ര കാലം എല്ലാം സ്വന്തം പോലെ കണ്ട് നോക്കിയത് അമ്മാവൻ അല്ലേ..ഇനിയും അങ്ങനെ തന്നെ മതി…അതാണ് അതിന്റെ ശരി… എന്നാലും മോളെ…. ഒരു എന്നാലും ഇല്ല… ആനി എല്ലാവരോടും യാത്ര പറഞ്ഞു… അശ്വിൻ ആയിരുന്നു അവരെ സ്റ്റേഷനിൽ കൊണ്ടാക്കിയത്…ട്രെയിൻ വന്നപ്പോൾ ആനിയും വൈശാഖും അവനോട് യാത്ര പറഞ്ഞ് ട്രെയിനിൽ കയറി.. നമ്മൾ വരുന്ന കാര്യം നീ ആതിരയോട് പറഞ്ഞോ?? ഇല്ല വിച്ചേട്ടാ…ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി…ഹാ പിന്നെ ഒരു കാര്യം ഞാൻ അവളോട് പറഞ്ഞു… എന്ത് കാര്യം…??

ഈ കാലന്റെ മനസ്സിൽ ഒരു പെൺകുട്ടി ഉണ്ടെന്ന്…പക്ഷെ അത് ആരാണെന്ന് പറഞ്ഞില്ല..അത് വിച്ചേട്ടൻ തന്നെ പറഞ്ഞാൽ മതി…. വൈശാഖ് അവളെ നോക്കി ചിരിച്ചു… റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ അവൾ വീട്ടിലേക്ക് വിളിച്ച് അവർ എത്തിയ കാര്യം പറഞ്ഞു… ആനീ…നീ ഫ്ലാറ്റിലേക്ക് വരുന്നോ…?? ഇപ്പോൾ വീട്ടിൽ പോയാലും അവർ ആരും അവിടെ കാണില്ലല്ലോ…അപ്പോൾ പിന്നെ അവർ വരുന്ന വരെ പുറത്ത് ഇരിക്കേണ്ടി വരില്ലേ…. അത് ശരിയാ..പക്ഷെ ഞാൻ വിചാരിച്ചത് ഓഫീസിൽ പോയി ലീവ് ക്യാൻസൽ ചെയ്തിട്ട് അവരുടെ ഒപ്പം വീട്ടിലേക്ക് പോകാമെന്നാ… അങ്ങനെ ആണോ…എന്നാൽ ഓക്കെ.. ബട്ട് ഈ ലഗേജ് ഒക്കെ ആയിട്ട് ഓഫീസിൽ പോകുന്നത് പാടല്ലേ..നമുക്ക് ഒരു കാര്യം ചെയ്യാം…ഇവിടുന്ന് ഫ്ലാറ്റിൽ പോയി ഒരു ചായ ഒക്കെ കുടിച്ചിട്ട് എന്റെ കാറിൽ ഓഫീസിലോട്ട് പോകാം… ആനി സമ്മതപൂർവ്വം തലയാട്ടി… അവർ ഒരു ഓട്ടോയിൽ നേരെ വൈശാഖിന്റെ ഫ്ലാറ്റിലേക്ക് പോയി… കുറച്ചു ദിവസമായി ആൾ അനക്കം ഒന്നും ഇല്ലായിരുന്നത് കൊണ്ട് ആകെ പൊടിയും വലയുമായിരുന്നു…ആനിയെ പിടിച്ച് ഹാളിലെ ഒരു ചെയറിൽ ഇരുത്തിയിട്ട് വളരെ പെട്ടെന്ന് അവൻ അവിടെ ഒക്കെ ഒന്ന് ക്ലീൻ ചെയ്തു…

ആഹാ..ആതി ലക്കി ആണ് കേട്ടോ… വിച്ചേട്ടന് എല്ലാ ജോലികളും അറിയാലോ…അവൾ നിങ്ങളെ കൊണ്ട് ജോലി ചെയ്യിച്ച് കൊല്ലും വിച്ചേട്ടാ… ആനി പറഞ്ഞത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു…വൈശാഖ് ഫ്രഷ് ആകാനായി റൂമിലേക്ക് പോയി..ആ സമയം കൊണ്ട് ആനി കിച്ചനിൽ കയറി ചായ ഇട്ടു…ആ വിടും കിച്ചനുമെല്ലാം വൈശാഖ് വളരെ വൃത്തിയായി വയ്ച്ചിരിക്കുന്നത് കണ്ടപ്പോൾ ആനിയ്ക്ക് വിജിയെ ഓർമ്മ വന്നു… ചെറുവയ്ക്കൽ തറവാട്ടിലും ഇത് പോലെയാണ്..എല്ലാം വളരെ അടുക്കും ചിട്ടയോടെയാണ് വിജി അമ്മായി സൂക്ഷിച്ചിരിക്കുന്നത്…. ചായ കുടിച്ച ശേഷം അവർ ഒരുമിച്ച് ഓഫീസിലേക്ക് പുറപ്പെട്ടു… നമ്മൾ വരുന്ന കാര്യം വിച്ചേട്ടൻ പറഞ്ഞിരുന്നോ..? ഈ വീക്ക് വരുമെന്ന് പറഞ്ഞിരുന്നു… ഇന്ന് എത്തുമെന്ന് പറഞ്ഞില്ല…എന്തേ..?? ഒന്നുമില്ല…ഇപ്പോൾ അങ്ങോട്ട് ചെല്ലുമ്പോൾ മോനെ കണ്ട് എല്ലാവരും ഞെട്ടും…പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒരു ഓട്ടമായിരിക്കും… ഹ…ഹ…തുടരും….