Karimizhi

The World of Malayalam Stories

ചെറുകഥകൾ

അന്തക്ഷോഭം കൊണ്ടു അവൻ ഇപ്പോൾ മരിച്ചു പോകും എന്ന അവസ്ഥയിലായി. അമ്മയെ ഒന്നു കണ്ടിരുന്നെങ്കിൽ…ഒരിക്കൽ…ഒരിക്കൽ മാത്രം……

രചന – മിനി ജോർജ്

മനസ്താപം

അന്തക്ഷോഭം കൊണ്ടു അവൻ ഇപ്പോൾ മരിച്ചു പോകും എന്ന അവസ്ഥയിലായി. അമ്മയെ ഒന്നു കണ്ടിരുന്നെങ്കിൽ…ഒരിക്കൽ…ഒരിക്കൽ മാത്രം……

ഇനി തിരിച്ചു പോകാൻ വയ്യ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് ഉണ്ടായത്. അതിൻ്റെ സമ്മർദ്ദത്തിൽ വീട്ടിലേക്കൊരു തിരിച്ചു പോക്ക് അവനിനി വയ്യ.

ഓർക്കും തോറും അവനു ശ്വാസം മുട്ടി തുടങ്ങി. പലവട്ടം പ്രണവിനോട് പറഞ്ഞതാണ് കളിക്കാൻ ഇല്ല ഇല്ല എന്ന്. കൂട്ടുകാരെല്ലാം നിർബന്ധിച്ചപ്പോൾ, അവരെല്ലാം കളിയുടെ മാസ്മര ലഹരിയിൽ സ്വയം മറന്നപ്പോൾ അവനും നിയന്ത്രണം വിട്ടുപോയി എന്ന് പറയുന്നതാവും നല്ലത്.

അമ്മയുടെ ഫോൺ ആണ്. ഗെയിമിൻറെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തുടരുന്നതിന് പേ ചെയ്താലെ പറ്റു എന്നായി. അമ്മയുടെ അക്കൗണ്ടിൽ ക്യാഷ് ഉണ്ട്.. കുറച്ചെടുത്താൽ അറിയില്ല….

അവനാണ് അമ്മക് ഗൂഗിൾ പെ ചെയ്യാൻ പറഞ്ഞു കൊടുക്കുന്നത്.
അതുകൊണ്ട് തന്നെ എളുപ്പമായി.

പോകെ പോകെ കളിയിലെ വാശി കേറി കേറി എത്ര എടുത്തു വെന്ന് പോലും അവനു മനസ്സിലായില്ല.

എല്ലാവരും പിരിഞ്ഞു പോയപ്പോൾ അവൻ ബാലൻസ് എടുത്തു നോക്കി . വെറും ആയിരം രൂപ…..

നാൽപ്പതിനായിരം രൂപ ഒറ്റ ദിവസം കൊണ്ട് പോയിരിക്കുന്നു. ഉള്ളംകാൽ മുതൽ ഉച്ചി വരെ അവനു തരിച്ചു കേറി. ദൈവമേ അച്ഛൻ വീടുപണിക്ക് വേണ്ടി കുറേശ്ശെ അയച്ചു കൊടുക്കുന്ന കാശാണ്. ഇനി എന്തു ചെയ്യും .

പൈസ പോയെന്നറിഞ്ഞൾ അമ്മ അടിക്കും. മാത്രല്ല എങ്ങനെ അമ്മേടെ മുഖത്ത് നോക്കും?
എന്തൊരു പാപിയാണ് താൻ.
പാവം അച്ഛൻ …ആണും പെണ്ണുമായി ഒരൊറ്റ മോൻ.അവനു ഒന്നിനും കുറവ് വരാതിരിക്കാൻ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി ഉരുകി തീരുകയാണ്.

എന്നിട്ടു താനോ….ഓർക്കും തോറും അവൻ്റെ ധൈര്യമെല്ലാം ചോർന്നു പോകാൻ തുടങ്ങി. ഇല്ല ഇനി അമ്മേടെ മുന്നിലേക്കില്ല…മരിയ്കണം.. എത്ര യും വേഗം.

അലഞ്ഞലഞ്ഞ് എത്തിയത് പണിതീരാത്ത ഒരു കെട്ടിടത്തിലാണ്. ആരും കാണാതെ ഇതിനുള്ളിൽ മരിക്കുക തന്നെ…….

വിശപ്പും ദാഹവും അവൻറെ പ്രഞ്ജയെ ഒന്നു കൂടി തളർത്തി.

ഇരുട്ടാണ് സർവത്ര..പേടികൊണ്ട് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാത്തവനായിരുന്നു.. പക്ഷേ ഇപ്പൊൾ അവനു പേടിയേക്കാൾ പൈസ പോയെന്ന് അറിയുമ്പോൾ അമ്മയ്കുണ്ടാകുന്ന സങ്കടമായിരുന്നു മുന്നിൽ.

ഇപ്പൊൾ അമ്മ തന്നെ തിരയുന്നുണ്ടാകും. കാണാതെ കരയുന്നുണ്ടാകും. കരഞ്ഞു തളർന്നു കാണും. ചിലപ്പോൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടാകും അതൊക്കെ ഓർത്തപ്പോൾ ഇനിയൊരിക്കലും അവരെ നേരിടാൻ വയ്യല്ലോ എന്ന അവസ്ഥ വന്നു.

തിരഞ്ഞു കണ്ടു പിടിക്കും മുൻപു എങ്ങനേലും മരിയ്കണം…….അമ്മെ… എൻ്റെ അമ്മ എന്നോട് ക്ഷമിക്കണം…അവൻ വാവിട്ടു കരഞ്ഞു.

ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുകയാണ്.. ഒരു വട്ടം ഓൺ ചെയ്താലോ? അല്ലെങ്കിൽ വേണ്ട…വേണ്ടെ വേണ്ട..

എങ്ങനെ മരിക്കും അവൻ ഇരുട്ടിന്റെ ഇത്തിരി വെളിച്ചത്തിൽ ആകെ നോക്കി . മുകളിൽ ഒരു കുറ്റിയുണ്ട്. ഒരു വള്ളി കിട്ടിയെങ്കിൽ..

പെട്ടെന്നുള്ള ആവേശത്തിൽ അവൻ അവിടെല്ലാം പരതാൻ തുടങ്ങി. കുറെ നേരത്തെ പരതലിനൊടുവിൽ കയ്യിൽ പണിക്കാർ ഇട്ടിട്ടുപോയ ഒരു കയറുകഷണം തടഞ്ഞു.

ഇതു മതി, അവൻ ഒരു വിധം വലിഞ്ഞു കേറി കുറ്റിയിൽ കയറിട്ടു. അറ്റം കുരുക്കി തലയിൽ ഇടും മുൻപേ ഒരലർച്ച അവൻ ഞെട്ടലോടെ കേട്ടു.

“ഇറങ്ങടാ താഴെ…ഇറങ്ങാൻ”

അവൻ ഞെട്ടിപ്പോയി. ആരോ ഇതൊക്കെ കാണുന്നു. ആളെ വ്യക്തമല്ല. ഒരു രൂപം ഓടി അടുത്തു വന്നു. ഒരു വിധത്തിൽ അവനെ പിടിച്ചിറക്കി.

അയാൾ അയാളുടെ ഫോണിൻ്റെ ലൈറ്റ് തെളിച്ചു. കരഞ്ഞു കരഞ്ഞു തളർന്ന അവൻ്റെ മുഖത്തിനു നേരെ തിരിച്ചു.

“എന്ത് പണിയാ ചെക്കാ കാണിക്കുന്നത്?
കുട്ടിക്കളി കളിക്കാ?”

അയാള് അവൻ്റെ മണ്ടക്കൊരു കിഴുക്കു കൊടുത്തു.

പേടിയാണോ, ആശ്വാസമാണോ അവനപ്പോൾ തോന്നിയതെന്നു പറഞ്ഞു കൂടാ..ഒരാൾ കൂടെ ഉള്ളതൊരു സമാധാനം പോലെ. ആ ഒരാൾ ആരായാലും താൻ ഒറ്റക്കല്ല.

“എന്തിനാടാ ചെക്കാ ഇങ്ങനൊക്കെ ചെയ്തത്…പറയെടാ”..ആയാൾ അലറി.

“ചേട്ടാ ഞാൻ… ഞാൻ.

.അവൻ കരഞ്ഞു കൊണ്ട് നടന്നതെന്താണെന്ന് പറഞ്ഞു.

അയാൾ ഒരു നിമിഷം അവനെ ചേർത്ത് നിർത്തി..

“നീ ചെറുതാണ്. ഇങ്ങനൊന്നും ചിന്തിക്കരുത്…. ചീത്ത പ്രവർത്തികൾ കൊണ്ട് വീടും വീട്ടുകാരും ഉപേക്ഷിച്ചാണ് എന്നെ.
നീ അങ്ങനാകരുത്. ഫോൺ തുറക്ക്.”

“വേണ്ട ചേട്ടാ എനിക്ക് പേടിയാണ്..”

“തുറക്കെടാ…നിൻ്റെ അമ്മ എന്തുപോലെ വിഷമിയ്കുന്നുണ്ടാകും എന്ന് നിനക്കൂഹിക്കാൻ പറ്റുമോ..അവരെ നീ വിഷമിപ്പിക്കരുത്.നിൻ്റെ അച്ഛൻ നീ ഇല്ലാതായാൽ ..എത്ര വിഷമിക്കും…നീ ഫോൺ തുറക്ക്.നിനക്കൊന്നും വരില്ല..”

അവൻ ഫോൺ ഓപ്പൺ ചെയ്തു.
തുരുതുരെ മെസ്സേജുകൾ ..കോളുകൾ……

“ഇതിൽ ഏതാണ് അമ്മയുടെ നമ്പർ. ആയാൾ ചോദിച്ചു.

അവൻ നമ്പർ എടുത്തു കൊടുത്തു. അയാൾ അതിൽ
മെസ്സേജ് ഇടാൻ തുടങ്ങി.

“ചേച്ചി നിങ്ങളുടെ മോൻ എൻ്റെ കൂടെ ഉണ്ട്. ഫോണിൽ ഗെയിം കളിച്ചു ,നിങ്ങളുടെ പൈസ കളഞ്ഞതിൻ്റെ പേരിൽ അവൻ മരിയ്കാൻ നിൽകുകയാണ്. അവനെ ചീത്ത പറയില്ല എങ്കിൽ സ്ഥലം പറഞ്ഞു തരം.”

മറുപടി പെട്ടെന്ന് വന്നു…”എനിക്കൊന്നും വേണ്ട അവനെ മതി.”

അയാൾ സ്ഥലം ടൈപ്പു ചെയ്തു. ഫോൺ അവൻറെ കയ്യിൽ കൊടുത്തു.

പത്തു മിനിറ്റിനകം ആരൊക്കെയോ ഓടികെതച്ച് വരുന്ന ശബ്ദം കേട്ട് അയാൾ പെട്ടെന്ന് അവിടെ നിന്നും ഓടിപോയി.

വെളിച്ചവും ബഹളവും അവൻ്റെ അരികിലെത്തി. അവൻ്റെ അമ്മ അവനെ കണ്ടതെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു .അവരോടൊപ്പം താഴേക്ക് പോകുമ്പോൾ അവൻ തിരിഞ്ഞ് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

കയർ കഴുത്തിൽ ഇടാൻ തുടങ്ങുമ്പോൾ തട്ടിത്തെറിപ്പിച്ച ആ കൈകളെ…

LEAVE A RESPONSE