രചന – തപസ്യ ദേവ്
ഡേവിച്ചന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ പവിത്രയൊന്ന് പകച്ചു. അവൻ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു അവൾ ഒരടി അറിയാതെ പുറകിലേക്ക് വെച്ചു. ” ഡോ അവിടെ നിന്നേ താൻ എങ്ങോട്ടാ ഇടിച്ചു കേറി പോകുന്നത് ” പവിത്ര പതിയെ പഴയ അവസ്ഥയിലേക്ക് തിരികെ എത്തി. ” എന്റെ പവിത്ര കൊച്ച് പേടിച്ചു പോയോ… ഇതൊക്കെ അച്ചായന്റെ ഓരോ നമ്പർ അല്ലേ ” ഡേവിഡ് മീശ പിരിച്ചു കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.. ” ഇപ്പൊ പറഞ്ഞ കാര്യങ്ങൾ ഒക്കെ കേട്ട് ഞാൻ അങ്ങ് പേടിച്ചു പോയെന്നാണോ ഡേവിഡിന്റെ വിചാരം…. എന്റെ സമ്മതമില്ലാതെ ദേഹത്ത് തൊട്ടാൽ ആ കൈ വെട്ടും ഞാൻ ” പവിത്ര വീറോടെ ഡേവിച്ചനെ നോക്കി. ചുണ്ടിലെ ചിരി മായാതെ അവൻ അവളെ തന്നെ നോക്കി നിന്നു.
” ഇപ്പൊ പറഞ്ഞത് കേട്ട് ഞാനും പേടിച്ചെന്ന് പവിത്ര മേഡം കരുതണ്ട… ഏത് നിമിഷവും ഞാൻ പറഞ്ഞത് പോലൊരു സന്ദർഭം ഉണ്ടായെന്നു വരാം… സോ കെയർഫുൾ ആയിരുന്നോ… ” ” മിസ്റ്റർ ഡേവിഡ് തനിക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ ” പവിത്ര അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു. ” അച്ചായന്റെ നേരെ വിരൽ ചൂണ്ടുന്നോ… ഒരടി വെച്ച് തരും ഞാൻ കേട്ടോ ” അവൻ കൈ ഓങ്ങി കൊണ്ട് പറഞ്ഞു. ” ശ്ശേ.. പവിത്ര കലിയോടെ പുറത്തേക്ക് ഇറങ്ങി പോയി. പോയെന്ന് ഉറപ്പായതും ഡേവിച്ചൻ നെഞ്ചിൽ കൈ വെച്ചു കൊണ്ട് ദീർഘനിശ്വാസം എടുത്തു. ” ഹാവൂ രക്ഷപെട്ടു… ഹിറ്റ്ലറിന്റെ മുന്നിൽ പൂച്ചയായി ഇരുന്നിട്ട് കാര്യമില്ല. ഇങ്ങനെ എന്തേലും പറഞ്ഞു പിടിച്ചു നിൽക്കണം. കയ്യും കാലും കെട്ടിയിട്ട് കല്യാണം കഴിക്കുമെന്ന്.. ! അതും ഞാൻ ! നടന്നത് തന്നെ… ” ഡേവിഡ് ഉറക്കെ ചിരിച്ചു.
” പക്ഷേ ആലോചിക്കാവുന്നതാണ് ” അവൻ ചിരി നിർത്തി ആലോചനയോടെ പറഞ്ഞു. അവൻ ഫോൺ എടുത്തു രാജേഷിന്റെ നമ്പറിൽ വിളിച്ചു. ” നീ ജീവനോടെ ഉണ്ടോടാ നാറി ” ഫോൺ എടുത്ത ഉടനെ രാജേഷ് ചോദിച്ചത് അതാണ്. ” എടാ അളിയാ എനിക്ക് കല്യാണം കഴിക്കണം… ” ” ആഹ് പെട്ടെന്ന് പോയി കഴിച്ചോ… ഒറ്റത്തവണയെ കഴിക്കാവൂ ” രാജേഷ് ചിരിയോടെ പറഞ്ഞു ” നിന്റെ ചളി കേൾക്കാൻ അല്ല ഞാൻ വിളിച്ചത്… എനിക്ക് അവളെ കെട്ടണം ” ഡേവിഡിന്റെ ശബ്ദത്തിലെ വ്യത്യാസം അവൻ തിരിച്ചറിഞ്ഞു. ” അളിയാ നീ സീരിയസ് ആണോ ” ” അതേടാ… എങ്ങനെ എങ്കിലും അവളെ കൊണ്ടൊന്നു സമ്മതിപ്പിച്ചു ഞങ്ങടെ കെട്ടു നടത്തി താടാ ” രാജേഷിന്റെ നിർത്താതെയുള്ള പൊട്ടിച്ചിരി ആണ് അതിന് മറുപടിയായി കിട്ടിയത്.
” എടാ തെണ്ടി നീ ഇവിടെ ഉണ്ടാരുന്നേൽ ഇപ്പൊ ചവിട്ടി കൂട്ടി ഞാൻ കുളത്തിൽ താഴ്ത്തിയേനെ.. മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് കാര്യം പറയുമ്പോൾ അവൻ കിടന്നു അട്ടഹസിക്കുന്നു… ” ” മര്യാദക്ക് ഞാൻ നിന്നോട് പറഞ്ഞതല്ലേ നമ്മുക്ക് അവളോട് സംസാരിച്ചു ഒരു തീരുമാനത്തിൽ എത്താമെന്ന്… അപ്പൊ അവന് പ്രണയം കിട്ടിയില്ലെങ്കിലും വേണ്ടില്ല അവളുടെ സൗഹൃദം നഷ്ടപ്പെടുത്താൻ വയ്യാ… അങ്ങനാ ഇങ്ങനാ എന്നൊക്കേ കുറേ ഡയലോഗ്… ഇപ്പൊ എന്തുപറ്റി ” അല്പനേരം ഡേവിഡ് മൗനമായി നിന്നു. പിന്നെ സംസാരിച്ചു തുടങ്ങി. ” അത് പിന്നെ അങ്ങനൊക്കെ പറയാൻ എളുപ്പമാ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടും. ഉള്ളിൽ പ്രണയം വെച്ച് സൗഹൃദം നടിച്ചാൽ… ആ പ്രണയത്തിനും സൗഹൃദത്തിനും ഒരു സത്യം ഇല്ലാതാകും… ഞാൻ ആ രണ്ട് റിലേഷനിലും ആത്മാർത്ഥത ഇല്ലാത്തവൻ ആകും. എനിക്ക് വയ്യാ ഇഷ്ടപ്പെട്ട പെണ്ണിനെ സുഹൃത്തായി മാത്രം കാണാൻ ” ” അങ്ങനെ വഴിക്ക് വാടാ മോനേ… ഇത് നിന്റെ വായിൽ നിന്നു തന്നെ അധികം വൈകാതെ കേൾക്കാൻ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു…
” ഡേവിഡ് അതിന് ഉത്തരം കൊടുക്കാതെ ചിരിച്ചു കൊണ്ട് നിന്നു. ” ഇളിച്ചോണ്ട് നിൽക്കാതെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറ ” ഇതുവരെ നടന്ന കാര്യങ്ങൾ അവൻ രാജേഷിനോട് പറഞ്ഞു. ” ഓഹോ അപ്പൊ വെല്ലുവിളി വരെ ആയോ കാര്യങ്ങൾ ” ” അത് മാത്രമോ ഇതൊക്കെ പറയുമ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണണമായിരുന്നു… ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു ആ മൂക്ക്… എനിക്ക് അപ്പോൾ തന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി… പിന്നെ അതിന്റെ പരിണിതഫലം ഓർത്തപ്പോൾ സ്വയം കണ്ട്രോൾ ചെയ്തു… ” ” എടാ എടാ വൃത്തികെട്ടവനെ അവളുടെ ആങ്ങളയോട് ആണ് നീ ഇതൊക്കെ പറയുന്നത് ഓർമ്മ വേണം ” ” അതിനെന്താ നീ എന്റെ ചങ്ക് അല്ലേടാ ” ” ഉവ്വാ സുഖിച്ചു… എന്തായാലും നമ്മുക്ക് ശരിയാക്കാം എല്ലാം… നീ ടെൻഷൻ ആവേണ്ട കേട്ടോ… ഞാൻ പിന്നെ വിളിക്കാം ” ” ശരിയെടാ ” പുറത്ത് ഈ ഫോൺ സംഭാഷണം കേട്ടു നിന്ന പവിത്ര പെട്ടെന്ന് തന്നെ അവളുടെ മുറിയിലേക്ക് പോയി.
അവൾ കണ്ണാടിയിലേക്ക് നോക്കി. ശരിയാണ് കവിളുകൾ ചുവന്നിരിക്കുന്നു… അത് ദേഷ്യത്താൽ ആണോ മറ്റേതെങ്കിലും വികാരത്തിൽ ആണോ… ! അറിയാതെ തന്നെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിടർന്നു. അത് കണ്ടുകൊണ്ടാണ് സൗമ്യ അകത്തേക്ക് കയറി വന്നത്. ” ഇതെന്താ പവിത്രേച്ചി തന്നെ നിന്ന് ചിരിക്കുന്നത്…. ” സൗമ്യയുടെ സ്വരം കേട്ട് പവിത്ര ഞെട്ടി തിരിഞ്ഞു നോക്കി. ” ചിരിച്ചെന്നോ… ആര്… വെറുതെ നിന്ന് ചിരിക്കാൻ എനിക്ക് എന്താ വട്ടുണ്ടോ ” എത്ര മറക്കാൻ ശ്രമിച്ചിട്ടും ലജ്ജയുടെ ചുവപ്പ് രാശികൾ കവിളുകളിൽ തെളിഞ്ഞു നിന്നു. ” മ്മ് മ്മ് എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് ” സൗമ്യ കളിയാക്കി കൊണ്ട് ചിരിച്ചു. ” എന്ത് മനസ്സിലായെന്ന്… നിനക്ക് വേറേ പനിയൊന്നും ഇല്ലേ…എന്തിനാ എന്റെ പുറകേ നടക്കുന്നത് ” കപടഗൗരവത്തോടെ പവിത്ര സൗമ്യയെ നോക്കി.
” ഇവിടെ കുറച്ചു ബുക്സ് ഇരിക്കുന്നത് കണ്ട്… അത് എനിക്ക് ഒന്ന് വേണം അത് ചോദിക്കാൻ വന്നതാ ” ” ഏത് ബുക്ക്സ് ” ” ഞാൻ എടുത്തോളാം ” സൗമ്യ ഷെൽഫിൽ നിന്നും ബുക്ക് നോക്കി എടുക്കാൻ തുടങ്ങി. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വെപ്രാളമോ കള്ളത്തരമോ ഒക്കെ പവിത്രയുടെ മുഖത്ത് ഉണ്ടെന്ന് അവൾക്ക് തോന്നി. ” ഈ ബുക്സ് ഒക്കെ നിനക്ക് എന്തിനാ ” ” ആദിയേട്ടൻ പറഞ്ഞു ചുമ്മാ സമയം കളയാതെ pscക്ക് പ്രിപ്പയർ ചെയ്യാൻ ” ” ആഹ് നല്ല തീരുമാനം ചെല്ല് ” സൗമ്യ മുറിക്ക് പുറത്ത് ഇറങ്ങിയ ഉടൻ തന്നെ അവൾ വാതിൽ അടച്ചു കുറ്റിയിട്ടു. പത്മം പവിത്രയോട് മിണ്ടിയിട്ട് ദിവസങ്ങളായി. അവളും അമ്മയോട് മിണ്ടാനുള്ള ശ്രമങ്ങൾ ഒന്നും നടത്തിയില്ല. അത്രമാത്രം പത്മത്തിന്റെ വാക്കുകൾ അവളിൽ വേദന സൃഷ്ടിച്ചിരുന്നു. പിണങ്ങി നിന്നവരൊക്കെ അടുത്ത് വന്നപ്പോൾ അമ്മയ്ക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന് അവൾ വിശ്വസിച്ചു.
നേരെത്തെ പവിത്രയുടെ മുന്നിൽ ചെല്ലാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത് ഡേവിഡ് ആണെങ്കിൽ ഇപ്പോൾ നേരെ തിരിച്ചായി കാര്യങ്ങൾ. കഴിവതും ഡേവിഡിനെ അവൾ ഒഴിവാക്കി കൊണ്ടിരുന്നു. ആദിയും സൗമ്യയും അവരെ കൊണ്ട് ആവുന്നത് പോലെ പവിത്രയെയും ഡേവിഡിനെയും അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ” അതേ അവിടൊന്നു നിന്നേ ” ഡേവിച്ചനെ കണ്ടിട്ടും കാണാത്തത് പോലെ പോയ പവിത്രയെ അവൻ വിളിച്ചു നിർത്തി. ” എന്തുവേണം ” ” എന്ത് വേണം എന്ന് ഇയാൾക്ക് അറിയാല്ലോ. ” പവിത്ര താല്പര്യമില്ലാത്ത പോലെ തിരിഞ്ഞു നിന്നു. ” ഞാൻ ഒരു മിന്ന് പണിയാൻ ഞാൻ കൊടുത്തിട്ടുണ്ട് കേട്ടോ ” പവിത്രയുടെ അടുത്തേക്ക് വന്നു ചെവിയോരം അവൻ പറഞ്ഞു. ” അതിന് ഞാൻ എന്ത് ചെയ്യണം ” അവൾ ഞെട്ടലോടെ അകന്നു മാറിക്കൊണ്ട് അവനെ തീക്ഷ്ണമായി നോക്കി.
” ഒന്നും ചെയ്യണ്ട പക്ഷേ എന്റെ കൊച്ച് എപ്പോഴും ഒന്ന് മനസ്സ് കൊണ്ട് തയാറായി ഇരുന്നോണം മിന്നുകെട്ടിന് ” അതുപറഞ്ഞിട്ട് ചിരിയോടെ അവൻ അവിടെ നിന്നും പോയി. പിറ്റേദിവസം രാഘവനമ്മാവൻ ശ്രീശൈലത്തിൽ വരുമ്പോൾ പൂമുഖത്ത് ഇരുന്ന് പത്രം വായിക്കുന്ന ഡേവിച്ചനെ ആണ് ആദ്യം കണ്ടത്. ” ആഹാ ഇയാൾ ഇന്ന് ജോലിക്ക് പോയില്ലേ ” വന്ന ഉടനെ അവന്റെ തോളിൽ തട്ടി കുശലാന്വേഷണം നടത്തി. ” എണീറ്റപ്പോൾ നല്ല തലവേദന ഉണ്ടായിരുന്നു.. ഒരു ഗുളിക കഴിച്ചപ്പോൾ മാറി.. എന്നാലും പോകാൻ അങ്ങ് മടിച്ചു. പിന്നെ അവധി എടുത്തു ” അവൻ ചമ്മലോടെ പറഞ്ഞു. ” അമ്മാവൻ എന്താ രാവിലെ തന്നെ ” പവിത്രയും ഒപ്പം സാവിത്രിയും കൂടി അങ്ങോട്ടേക്ക് വന്നു. ” ദാ രണ്ട് പിടി ചീര തരാൻ വന്നതാ ഞാൻ… അവിടെ വാങ്ങിയപ്പോൾ ഇന്ദു പറഞ്ഞു ആദിക്ക് ചീര അവിയൽ വലിയ ഇഷ്ടമാണെന്ന്… അതാ രാവിലെ തന്നെ ഇങ്ങ് കൊണ്ടുവന്നത് ” സാവിത്രിയുടെ കയ്യിലേക്ക് ചീര കൊടുത്തിട്ട് രാഘവൻ ചാരുകസേരയിലേക്ക് ഇരുന്നു.
സാവിത്രി ചീരയുമായി അകത്തേക്ക് പോയി. ” നീ ഇപ്പോൾ പോകുന്നില്ലേ വായനശാലയിലേക്ക് ” ” രണ്ട് ദിവസമായി പോകുന്നില്ല… കൈമൾ സാറിന്റെ കയ്യിൽ താക്കോൽ കൊടുത്തുട്ടുണ്ട്. ഇനി ഇപ്പൊ പോകാൻ പറ്റില്ലല്ലോ ” ഡേവിഡിനെ പാളി നോക്കിക്കൊണ്ട് ആണ് അവൾ അത് പറഞ്ഞത്. ” ഓഹ് അത് ശരി ആണല്ലോ ഞാൻ അത് ഓർത്തില്ല… അല്ല എന്നാ പോകുന്നത് നീ ” ” അടുത്ത ആഴ്ച പോകാം എന്നാ കരുതുന്നത്… ” ഡേവിഡ് ഒന്നും മനസ്സിലാകാതെ അവരെ നോക്കി. ” അല്ല എവിടെ പോകുന്ന കാര്യമാ പറയുന്നത്…. ” അവൻ അമ്മാവനോട് ചോദിച്ചു. ” നീ ഇവിടെ ആരോടും പറഞ്ഞില്ലേ കുട്ട്യേ ” അദ്ദേഹം ആശ്ചര്യത്തോടെ അവളെ നോക്കി. ” ഇല്ല… അമ്മ മിണ്ടാതെ നടക്കുന്നത് കൊണ്ട് ഒന്നും പറയാൻ തോന്നിയില്ല ” അവൾ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
” ഇത്രേം നല്ലൊരു സന്തോഷവാർത്ത പറയാതെ മനസ്സിൽ വെച്ചോണ്ട് നടക്കുവാ… മോനേ നമ്മുടെ പവിത്ര…. പറഞ്ഞത് മുഴുവിക്കുന്നതിന് മുൻപായി മുറ്റത്ത് ഒരു കാർ വന്നു നിന്നു. കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ആളെ കണ്ട് പവിത്രയുടെ കണ്ണുകൾ വിടർന്നു. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും പവിത്രയുടെ കണ്ണുകൾ വിടർന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് കാണാൻ കാത്തിരുന്നവർ തന്നെ… ചിപ്പി… പുറകിലെ ഡോർ അവൾ തുറന്നു കൊടുക്കുന്നു.. ചിപ്പിയുടെ അമ്മ ആണ് പുറകിലെ സീറ്റിൽ നിന്നും ഇറങ്ങി വന്നത്. അവരുടെ കയ്യിൽ ടർക്കിയിൽ പൊതിഞ്ഞു കുഞ്ഞ് ഉണ്ടായിരുന്നു. പവിത്രക്ക് മുൻപേ പത്മം ഓടി ഇറങ്ങി രാജിയുടെ അടുത്തേക്ക് ചെന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ അവർ കൈ നീട്ടി. ചിപ്പിയെ ഒന്ന് നോക്കിയിട്ട് രാജി കുഞ്ഞിനെ പത്മത്തിന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
പവിത്രയും അവരുടെ അടുത്ത് വന്നു. ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അവൾ കാറിലേക്ക് തന്നെ വീണ്ടും നോക്കി. ഇനിയും പുറത്തേക്ക് ഇറങ്ങി വരാൻ മടിക്കുന്ന പ്രശാന്തിനെയാണ് അവൾ നോക്കിയത്. പത്മം ആകട്ടെ കുഞ്ഞിനെ കയ്യിൽ കിട്ടിയതും മറ്റൊരു ലോകത്ത് ആയിരുന്നു… പ്രശാന്ത് എവിടെ എന്ന് തിരക്കാനോ വന്നവരോട് കയറി ഇരിക്കാനോ പറയാൻ അവർ മറന്നിരുന്നു. മുൻപ് എപ്പോഴും കാണാറുള്ള തലക്കനം അമ്മയ്ക്കും മോൾക്കും ഇപ്പോൾ ഇല്ലെന്ന് പവിത്രക്ക് തോന്നി. മുഖത്തേക്ക് നോക്കാതെ പരസ്പരം കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന ചിപ്പിയെയും അമ്മയെയും അവൾ ശ്രദ്ധിച്ചു. പെട്ടെന്നാണ് ഡ്രൈവിങ് സീറ്റിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നത്. പ്രശാന്തിനെ പ്രതീക്ഷിച്ചു നിന്ന എല്ലാവരുടെ മുഖത്തും അപരിചിതനെ കണ്ട അമ്പരപ്പ് പ്രകടമായിരുന്നു.
” ചിപ്പി വന്ന കാര്യം പറയാതെ നിങ്ങൾ എന്താ ഇങ്ങനെ നിൽക്കുന്നത്… സമയം വൈകുന്നു ” അക്ഷമയോടെ ചെറുപ്പക്കാരൻ എല്ലാവരെയും നോക്കി. ” പ്രശാന്ത് എവിടെ ചിപ്പി ” പവിത്ര തന്നെ സംസാരത്തിന് തുടക്കം കുറിച്ചു. പവിത്രയുടെ ശബ്ദത്തിലെ കടുപ്പം തിരിച്ചറിഞ്ഞ ചിപ്പിയുടെ ഉള്ളിൽ ഭയം ഉടലെടുത്തു. അവൾ ഒരു ആശ്രയത്തിനു എന്ന വണ്ണം രാജിയെ നോക്കി. ” പ്രശാന്ത് ഇപ്പോൾ ഞങ്ങളുടെ കൂടെ അല്ല പവിത്ര താമസിക്കുന്നത്. ചിപ്പിയും പ്രശാന്തും രണ്ടിടത്ത് ആണ് ഇപ്പോൾ താമസിക്കുന്നത്. ” ” നിങ്ങൾ എന്താ ഈ പറയുന്നത്… എന്റെ മോൻ എവിടാ ” പത്മം ദേഷ്യത്തോടെ രാജിയെയും ചിപ്പിയെയും നോക്കി. ” നിങ്ങളുടെ മോനേ വല്ല ഭ്രാന്താശുപത്രിയിലും പോയി തിരക്ക് ഭ്രാന്ത് ആണ് അവന് ” ചിപ്പിയും ദേഷ്യത്തോടെ തന്നെ തിരിച്ചു പറഞ്ഞു.
” ചിപ്പി ” പവിത്രയുടെ വിളിയിൽ ശാസനയുടെ ധ്വനി ഉണ്ടായിരുന്നു. ” ചിപ്പി പറഞ്ഞതിൽ സത്യമുണ്ട് പവിത്ര… അമിതമായ ഡ്രഗ്സിന്റെ ഉപയോഗം പ്രശാന്തിന്റെ മനോനില തെറ്റിച്ചു. ഒരു വട്ടനെ പോലെയാണ് ഇപ്പോൾ അവന്റെ പെരുമാറ്റം. ഞങ്ങളെയൊക്കെ അവൻ ഉപദ്രവിക്കാൻ ശ്രമിച്ചു. അതുകൊണ്ട് അവനെ ഇപ്പോൾ ഒരു മെന്റൽ ഹോസ്പിറ്റലിലേക്ക് ഞങ്ങൾ മാറ്റി ” വളരെ ലാഘവത്തോടെ രാജി പറഞ്ഞ ഓരോ വാക്കുകളും അത് കേട്ട് നിന്നവരുടെ നെഞ്ചിൽ ഒരു ഈർച്ച വാൾ കണക്കെ തറച്ചു കയറി. രാഘവനും ഡേവിഡും അവരുടെ അടുത്തേക്ക് ചെന്നു. ” നിങ്ങൾ എന്താ ഈ പറയുന്നത് ഞങ്ങളുടെ കൊച്ചനു ഭ്രാന്ത് ആയെന്നോ… തങ്കം പോലെ ഇരുന്ന അവനെ ആ സ്ഥിതിയിൽ എത്തിച്ചത് നിങ്ങളുടെ മോള് അല്ലേ ” അയാൾ വർദ്ധിച്ച രോക്ഷത്തോടെ അവരുടെ നേരെ തട്ടിക്കയറി.
” ഹേയ് മിസ്റ്റർ അങ്ങോട്ട് മാറി നിന്നേ വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കല്ലേ ” ചിപ്പിയുടെ ഒപ്പം വന്ന ചെറുപ്പക്കാരൻ രാഘവന്റെ നെഞ്ചിനു പിടിച്ചു പുറകിലേക്ക് തള്ളി. വീഴാൻ പോയ അയാളെ ഡേവിഡ് താങ്ങി നിർത്തി. ” ഞങ്ങൾ ഒരു പ്രശ്നത്തിന് വന്നതല്ല… പ്രശാന്തിന്റെ കൂടെ ചിപ്പിക്ക് ഇനി ഒരു ജീവിതം ഇല്ല… ഇത് രാഹുൽ എന്റെ കൂട്ടുകാരിയുടെ മകൻ ആണ്.. യൂകെയിൽ സെറ്റിൽഡ് ആണ് ഇവർ. രാഹുലും ചിപ്പിയും തമ്മിൽ ഇഷ്ടത്തിൽ ആണ്… രാഹുലിന്റെ കൂടെ യൂകെയിൽ പോവുകയാണ് ചിപ്പി. കുഞ്ഞ് അവർക്ക് ഒരു ബാധ്യത ആണ്.. പ്രശാന്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അവന്റെ കയ്യിൽ കുഞ്ഞിനെ കൊടുക്കാൻ സാധിക്കില്ല. അതുകൊണ്ട് കുഞ്ഞിനെ നിങ്ങളെ ഏൽപ്പിക്കാൻ വന്നതാണ് ഞങ്ങൾ ” യാതൊരു മനസ്താപവുമില്ലാതെ രാജി പറയുന്നത് കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു എല്ലാവരും.
ജനിച്ചിട്ട് ഇരുപത്തിയെട്ട് പോലുമാകാത്ത സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പുതിയ ജീവിതം തുടങ്ങാൻ പോകുന്ന ചിപ്പിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു പവിത്ര. കുറച്ചെങ്കിലും കുറ്റബോധമോ വിഷമമോ അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. ” നിങ്ങളും ഒരു അമ്മയല്ലേ രാജി… മകളെ പറഞ്ഞു മനസ്സിലാക്കി കൂടെ.. പൊടിക്കുഞ്ഞിനെ ഉപേക്ഷിച്ചു പോകരുതെന്ന് അവളോട് പറയ്… പ്രശാന്തിന്റെ അസുഖം ഒക്കെ മാറി വരുമ്പോൾ അവന്റെ ഭാര്യയും കുഞ്ഞും ഇവിടെ വേണം ” പത്മം അപേക്ഷ പോലെ രാജിയോട് പറഞ്ഞു. ” പിന്നെ ആ വട്ടന്റെ കൂടെ ജീവിക്കാൻ എന്റെ പട്ടിയെ കിട്ടും. ഞാൻ രാഹുലിന്റെ ഒപ്പം പോവാണ്. കുഞ്ഞിനെ നിങ്ങൾ എടുത്തോ ” ചിപ്പി രാഹുലിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കാറിലേക്ക് കയറാൻ ഒരുങ്ങി. ” ചിപ്പി ഒന്ന് നിന്നേ ” പവിത്രയുടെ പിൻവിളിയിൽ മുൻപോട്ട് നടക്കാനാകാതെ അവൾ നിന്നുപോയി.
പവിത്ര അവളുടെ മുന്നിലേക്ക് ചെന്നു നിന്നു. കൈ വീശി ഒരു അടി അവളുടെ കരണത്ത് അടിച്ചു. അടി കിട്ടിയ കവിൾ പൊത്തിപ്പിടിച്ചു കൊണ്ട് ചിപ്പി പകയോടെ അവളെ നോക്കി. ” നീ വട്ടൻ എന്ന് വിളിക്കുന്ന എന്റെ അനിയന് ജന്മനാ ഭ്രാന്ത് ഉണ്ടായിരുന്നില്ല. ഇവിടെ നിന്നും നിന്റെ വീട്ടിൽ പൊറുക്കാൻ വന്നപ്പോൾ മുതലാണ് അവൻ വട്ടനായത്. പിന്നെ നിന്നേ ഞാൻ തല്ലിയത് അതിനല്ല…. പ്രശാന്തിന്റെ കൂടെ ജീവിക്കാൻ വയ്യാ കുഞ്ഞിനെ മാത്രം മതി എന്ന് നീ പറഞ്ഞിരുന്നെങ്കിൽ നിന്നോട് എനിക്ക് മതിപ്പ് തോന്നിയേനെ… എന്നാൽ ഒരു ആപത്ത് കാലം വന്നപ്പോൾ ഭർത്താവിനെയും നൊന്ത് പ്രസവിച്ച ചോരകുഞ്ഞിനെയും കളഞ്ഞിട്ട് വേറൊരുത്തന്റെ കൂടെ ലൈഫ് എൻജോയ് ചെയ്യാൻ പോകുന്ന നിനക്ക് ഒരു തല്ലെങ്കിലും ഞാൻ തരണ്ടേ… ഒന്ന് നീ ഓർത്ത് വെച്ചോ ചിപ്പി നീ ഈ ചെയ്യുന്ന മഹാപാപത്തിന്റെ ശിക്ഷ നിനക്ക് ഒരിക്കൽ കിട്ടിയിരിക്കും ” ” എടി എന്റെ മോളേ നീ കൈ വെക്കും അല്ലേ… നിന്നെ ഞാൻ കാണിച്ചു തരാം ” രാജി പവിത്രയുടെ നേരെ ചീറി കൊണ്ട് അടുത്തു.
പവിത്രയുടെ കൈ ചിപ്പിയുടെ അടുത്ത കവിളിൽ വീണു. ചിപ്പിയും ചിപ്പിയെ പിടിച്ചു കൊണ്ട് നിന്ന രാഹുലും ഞെട്ടി പോയി. ” ഇത് നിന്റെ തള്ളയ്ക്ക് ഉള്ളതാ… മക്കൾ തെറ്റായ വഴിയിൽ കൂടെ സഞ്ചരിക്കുമ്പോൾ അവർക്ക് നേർവഴി കാട്ടി കൊടുക്കാതെ കൊള്ളരുതായ്മക്ക് ഒക്കെ കൂട്ട് നിൽക്കുന്ന നിന്റെ ഈ പിഴച്ച തള്ളയ്ക്ക് ഉള്ള സമ്മാനം. ഇനി ഈ വീടിന്റെ മുറ്റത്ത് നിന്നും ഇറങ്ങിക്കോ അമ്മയും മോളും പുതിയ കാമുകനും… കുഞ്ഞിന്റെ പേരും പറഞ്ഞു ഒറ്റ ഒരെണ്ണം ഈ പടി കടന്നു വന്നുപോയേക്കരുത്… ഈ കുഞ്ഞിന് ഇനി അച്ഛനും അമ്മയും എല്ലാമായി പവിത്ര മാത്രം മതി… പവിത്ര മാത്രം… !!! അവളെ നോക്കി പല്ല് കടിച്ചിട്ട് അമ്മയും മോളും കാറിൽ കയറി. കണ്മുന്നിൽ നിന്ന് ആ കാർ മറയുന്നത് വരെ എല്ലാവരും മുറ്റത്ത് തന്നെ നിന്നു.
കുഞ്ഞിന്റെ കരച്ചിൽ ആണ് എല്ലാവരെയും യാഥാർഥ്യത്തിലേക്ക് തിരികെ എത്തിച്ചത്. പത്മം വാവയെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നിട്ടും കുഞ്ഞ് കരച്ചിൽ നിർത്താതെ വന്നപ്പോൾ പവിത്ര അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. തന്റെ നെഞ്ചോട് അടുക്കി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു. അല്പ സമയം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിലും നിലച്ചു. പത്മം ഡേവിഡിനെ വിട്ട് കുഞ്ഞിന് കുറുക്കി കൊടുക്കാനുള്ള ബേബി ഫുഡ് വാങ്ങിപ്പിച്ചു. അത് കൊടുത്തു കഴിഞ്ഞപ്പോൾ കുഞ്ഞിന് ആശ്വാസമായി. ശശിധരൻ വഴി പ്രശാന്ത് ഏത് ഹോസ്പിറ്റലിൽ ആണെന്ന് പവിത്ര മനസ്സിലാക്കി. അവനെ കാണാൻ അവൾ തയാറായി ഇറങ്ങി. പത്മത്തിനെ കൂടെ കൂട്ടിയില്ല… ഒരിക്കലും അവർക്ക് ഇതൊന്നും താങ്ങാൻ കഴിയില്ലെന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നു. ” ഞാനും വരാം ” ഒപ്പം ചെല്ലാമെന്ന് ഡേവിഡ് പറഞ്ഞപ്പോൾ മറിച്ചൊന്നും പറയാൻ അവൾക്ക് തോന്നിയില്ല. അവിടെ എത്തിയപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറമായിരുന്നു പ്രശാന്തിന്റെ രൂപം.
മാനസിക നില തെറ്റിയ മനോരോഗിയെ പോലെ പെരുമാറുന്ന അവനെ കണ്ടതും തന്റെ നെഞ്ച് പൊടിയുന്നത് പോലെ പവിത്രക്ക് തോന്നി. അനിയൻ ആയിരുന്നെങ്കിലും മകനെ പോലെ ആയിരുന്നു അവനെ കണ്ടിരുന്നത്. ഉള്ളിൽ സ്നേഹം നിറച്ചു വെച്ചിട്ട് പുറമേ കർക്കശകാരിയായ ചേച്ചിയായി പെരുമാറിയത് അവന്റെ നന്മയെ കരുതി മാത്രമായിരുന്നു. എന്നാൽ ഇന്ന് എല്ലാം വൃഥാവിലായി. ഉടനെ ഒരു റിക്കവറി പ്രശാന്തിന് സാധ്യമല്ല എങ്കിലും പഴയ പ്രശാന്ത് ആയി പതിയെ അവൻ മാറുമെന്ന ഡോക്ടറുടെ ഉറപ്പിൽ ആണ് പവിത്രയും ഡേവിച്ചനും വീട്ടിലേക്ക് തിരിച്ചത്. വീട്ടിലേക്കുള്ള യാത്രയിൽ തീർത്തും നിശബ്ദ ആയിരുന്നു പവിത്ര. ആകെ തകർന്ന പോലുള്ള അവളുടെ ഇരിപ്പ് ഡേവിച്ചനും സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
വീട്ടിൽ എത്തിയപ്പോൾ രാഘവൻ പറഞ്ഞു എല്ലാവരും പവിത്രക്ക് എൽ ഡി സി പോസ്റ്റിൽ ജോലി കിട്ടിയ കാര്യം അറിഞ്ഞു കഴിഞ്ഞിരുന്നു.കണ്ണൂർ ആണ് പോസ്റ്റ് കിട്ടിയിരിക്കുന്നത്. പത്മത്തിനും സൗമ്യക്കും ഒക്കെ ഈ വാർത്ത ഒരു അത്ഭുതം ആയിരുന്നു. പവിത്ര അങ്ങനെ എക്സാം അറ്റൻഡ് ചെയ്യുന്ന കാര്യങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല. ഡേവിഡിനും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനും ഒരുപാട് സന്തോഷം തോന്നി… ഇത്രയും ബുദ്ധിമുട്ടുകൾക്ക് ഇടയിലും എല്ലാവരും സ്വപ്നം കാണുന്ന ഗവണ്മെന്റ് ജോലി അവൾ നേടിയെടുത്തതിൽ അഭിമാനവും. മുന്നോട്ടുള്ള ദിവസങ്ങളിൽ പ്രശാന്തിന്റെ മോള് പവിത്രയുമായി നന്നായി ഇണങ്ങി കഴിഞ്ഞിരുന്നു. പുറത്ത് നിന്ന് നോക്കി കാണുന്നവർക്ക് അവർ ശരിക്കും അമ്മയും കുഞ്ഞും തന്നെ ആയിരുന്നു. കുഞ്ഞിന് പ്രാർത്ഥന എന്ന് അവർ പേരിട്ടു.
മുരളി കുഞ്ഞിനെ ഏറ്റെടുത്തതിൽ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ചിപ്പിയുടെ കയ്യിൽ തന്നെ കുഞ്ഞിനെ തിരികെ ഏൽപ്പിക്കാൻ അയാൾ ആവശ്യപ്പെട്ടെങ്കിലും പവിത്ര തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. പോകുമ്പോൾ പ്രാർത്ഥന മോളെയും കൊണ്ടുപോകാൻ പവിത്ര തീരുമാനിച്ചു. ആരും മറിച്ചു ഒരു അഭിപ്രായം പറഞ്ഞില്ല. പവിത്ര പോകുന്ന ദിവസം എല്ലാവരും ശ്രീശൈലത്തിൽ എത്തി. ഇത്തവണ രാജേഷിന്റെ ഒപ്പം അവന്റെ ഭാര്യയും മകനും ഉണ്ടായിരുന്നു. അവസാന നിമിഷത്തിലും ഡേവിഡിന്റെ കാര്യത്തിൽ പോസിറ്റീവ് ആയൊരു തീരുമാനം പവിത്രയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിൽ ആദിക്കും രാജേഷിനും ഒക്കെ വിഷമം ഉണ്ടായിരുന്നു. ഡേവിഡിന്റെ ഉള്ളിലും ദുഃഖം ഉണ്ടായിരുന്നെങ്കിലും പുറമേ അവൻ സന്തോഷവാനായി നിന്നു. ഇറങ്ങാനുള്ള സമയമായി… രാജേഷ് റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാമെന്ന് പറഞ്ഞത് കൊണ്ട് കൊണ്ടുപോകാനുള്ളതൊക്കെ അവന്റെ വണ്ടിയിൽ എടുത്തു വെച്ചു.
പോകാനായി പവിത്ര കുഞ്ഞിനേയും എടുത്തു ഇറങ്ങി. അവളുടെ പുറകേ ഒരു ബാഗുമായി പത്മവും ഇറങ്ങി വന്നു. പവിത്ര അമ്പരപ്പോടെ അമ്മയെ നോക്കി. ” എന്താടി നോക്കുന്നത്… നീ എവിടാണോ അവിടെ ഈ അമ്മയും കാണും നിനക്ക് ഇട്ടിട്ട് പോകാൻ പറ്റുമായിരിക്കും പക്ഷേ എനിക്ക് എന്റെ മോളേ കാണാതെ ഇരിക്കാൻ പറ്റില്ല ” കെറുവോടെ പറഞ്ഞിട്ട് പത്മം കാറിൽ പോയിരുന്നു. പവിത്ര ചിരിയോടെ അത് നോക്കി നിന്നു. ശേഷം സാവിത്രി അമ്മയോടും അമ്മാവനോടും അമ്മായിയോടും സൗമ്യയോടും ഒക്കെ യാത്ര പറഞ്ഞു. ” ആദി ഈ വീട് നിന്നെ ഞാൻ ഏൽപ്പിക്കുക ആണ്.. അതുപോലെ തന്നെ ഇടയ്ക്കിടെ പ്രശാന്തിന്റെ വിവരങ്ങൾ പോയി തിരക്കണം എന്നെ വിളിച്ചു പറയണം ” പവിത്ര ആദിയുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ” എല്ലാം ഞാൻ നോക്കിക്കോളാം… പവിത്രേച്ചി സമാധാനമായി പോയി വാ ” അവളുടെ കൈകളിൽ മുറുകെ പിടിച്ചു ആദി ഉറപ്പ് നൽകി.
പിന്നെ ഒന്നും മിണ്ടാതെ പവിത്ര കുഞ്ഞുമായി വണ്ടിയിലേക്ക് കയറാനായി നടന്നു. തന്റെ നേരെ പ്രതീക്ഷയോടെ നീളുന്ന ഡേവിഡിന്റെ നോട്ടത്തെ അവഗണിച്ചു കൊണ്ടായിരുന്നു അവളുടെ നടപ്പ്. ആദിയും സൗമ്യയും സങ്കടത്തോടെ അവനെ നോക്കി… നിറഞ്ഞു വന്ന മിഴികൾ അവരിൽ നിന്നും ഒളിപ്പിക്കാൻ അവൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ഡോർ തുറന്നു അവൾ കുഞ്ഞിനെ പത്മത്തിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു. തിരിഞ്ഞു അവൾ ഡേവിഡിനെ നോക്കി… കണ്ണുതുടച്ചു കൊണ്ട് നിൽക്കുന്ന ഡേവിച്ചനെ കണ്ടതും അവളുടെ നെഞ്ചോന്നു പിടഞ്ഞു. പവിത്ര ഡേവിച്ചന്റെ അടുത്തേക്ക് വന്നു. ഒരു നിമിഷം രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു. ” മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൂടെ ഡേവിച്ചാ… എന്നെ കാത്ത് എന്തിനാ സമയം പാഴാക്കുന്നത്.. ഇപ്പോൾ എനിക്ക് മറ്റൊരു ചുമതല കൂടിയുണ്ട്.. പ്രാർത്ഥന മോള്… അവൾക്ക് വേണ്ടിയാണ് ഇനി എന്റെ ജീവിതം ” ” എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല പവിത്ര… എന്റെ ജീവിതത്തിൽ ഒരു പെണ്ണേയുള്ളൂ അത് താൻ മാത്രമാ… കുഞ്ഞിനെ ഓർത്താണ് താൻ പുറകോട്ട് വലിയുന്നതെന്ന് എനിക്ക് അറിയാം.
പക്ഷേ താൻ എന്നെ മനസ്സിലാക്കിയിട്ടില്ല തന്റെ ഇഷ്ടങ്ങൾ തന്നെയാണ് എന്റെ ഇഷ്ടവും… താൻ മകളായി കാണുന്ന കുഞ്ഞ് എന്റെയും മോള് ആയിരിക്കും…. അതിനിയും എങ്ങനെ തന്നെ പറഞ്ഞു ബോധ്യപ്പെടുത്തും എന്ന് അറിയില്ല… പക്ഷേ ഒന്നുണ്ട് താൻ നോക്കി ഇരുന്നോ തന്റെ പുറകേ ഞാൻ അവിടെ എത്തിയിരിക്കും… തന്നിൽ നിന്നും ഒരു മോചനം എനിക്ക് സാധ്യമല്ല… താൻ എവിടാണോ അവിടെ ഞാനും കാണും ” ഇടറുന്ന സ്വരത്തിൽ ആണ് അവൻ പറഞ്ഞു നിർത്തിയത്. ” അങ്ങനെ ആണല്ലേ… ശരി ഞാൻ കാത്തിരിക്കാം.. ” പവിത്ര പറഞ്ഞത് എന്താണെന്ന് മനസ്സിലാകാതെ അവൻ എടുത്തു ചോദിച്ചു. ” എന്താ ” ” ഡേവിച്ചന്റെ വരവിനായി ഞാൻ കാത്തിരിക്കാമെന്ന്… !! പുഞ്ചിരിയോടെ പവിത്ര അവനെ നോക്കി.
ഡേവിഡിന് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല. ഒരു പകപ്പോടെ ആ നിൽപ്പ് നിൽക്കുമ്പോൾ പവിത്ര കാറിൽ കയറി കഴിഞ്ഞിരുന്നു. പവിത്രയുടെ മുഖത്തെ നിറഞ്ഞ സന്തോഷവും ചിരിയും കണ്ട രാജേഷിനും ആദിക്കും കാര്യം മനസ്സിലായി. ആദി ഡേവിഡിന്റെ തലയ്ക്കു ഒരു തട്ട് കൊടുത്തപ്പോൾ ആണ് അവൻ സ്വബോധത്തിലേക്ക് വന്നത്. അവൻ പവിത്രയെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും വണ്ടി മുന്നോട്ട് എടുത്തിരുന്നു. പവിത്ര തല പുറത്തേക്ക് ഇട്ട് ഡേവിഡിനെ കൈ വീശി കാണിച്ചു. അവനും ചിരിയോടെ കൈവീശി കാണിച്ചു. പാതിവഴിയിൽ താങ്ങായി തന്റെ പ്രിയപ്പെട്ടവൻ എത്തുമെന്ന ശുഭപ്രതീക്ഷയിൽ പവിത്ര തന്റെ ജീവിതയാത്രക്ക് ആരംഭം കുറിച്ചു… പുതിയ ജീവിതം സ്വപ്നം കണ്ടൊരു യാത്രക്ക് തുടക്കം കുറിക്കുക ആയിരുന്നു അവിടെ… ഒപ്പം പുതിയ ചുമതലകളും… !! ശുഭം

by