രചന – ആതിര
ദിവസങ്ങളും മാസങ്ങളും പോയ്മറഞ്ഞു..ഇപ്പോൾ യദു നാട്ടിൽനിന്ന് പോയിട്ട് മൂന്ന്മാസം ആയിരിക്കുന്നു..ചാരുവും വരുണും ഇതിനോടാകം തന്നെ യദുവിന് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.. മൂന്ന് മാസങ്ങൾക്കിപ്പുറം വീട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് യദു..വീട്ടിൽ ആരോടും അവൻ വരുന്ന കാര്യം പറഞ്ഞിരുന്നില്ല.. “അമ്മേ…” യദുവിന്റെ ശബ്ദം കേട്ടതും രാധിക അടുക്കളയിൽ നിന്നും വെളിയിലേയ്ക്ക് നടന്നു.. അകത്തേക്ക് നടന്ന് വരുന്ന യദുവിനെക്കണ്ട് അവരുടെ മനസ്സ് നിറഞ്ഞു..അപ്പോഴേക്കും അങ്ങോട്ട് മുരളിയും എത്തിയിരുന്നു.. “നീ ഇന്നലെ വിളിച്ചപ്പോഴും വരുന്ന കാര്യം ഒന്നും പറഞ്ഞുപോലും ഇല്ലല്ലോ..??”(മുരളി) “എല്ലാർക്കും ഒരു സർപ്രൈസ് തരാമെന്നോർത്തു..” “നിങ്ങളൊന്ന് മാറിക്കേ.. ന്റെ കുഞ്ഞ് വന്നകാലെ നിൽക്കുവാ..വേഗം പോയി കുളിച്ചിട്ട് വാ..അമ്മ കഴിക്കാൻ എടുക്കാം..”
യദു ഫ്രഷ് ആയി വന്നപ്പോഴേക്കും രാധിക ദോശയും സാമ്പാറും ചമ്മന്തിയും വിളമ്പിയിരുന്നു.. രാവിലത്തെ ആഹാരം കഴിച്ചതിനു ശേഷം അവൻ ഭാഗിയുടെ വീട്ടിലേയ്ക്ക് പോയി.. ഉമ്മറത്തിരുന്ന് പത്രം വായിക്കുന്ന വിനയൻ അവനെ കണ്ട് അന്തംവിട്ടു.. “അല്ല നീയിതെപ്പോ വന്നു..” “ഇപ്പോ വന്നേയുള്ളൂ..” “മാലിനിയമ്മ എന്തിയെ..??” “നീ അകത്തേയ്ക്ക് ചെല്ല് ..അവൾ അടുക്കളയിലുണ്ട്..” രാവിലെ എന്നാ മാലിനിയമ്മേ കാഴിക്കാൻ..??അടുക്കളയിലേക്ക് ചെന്ന യദു ചോദിച്ചു.. തിരിഞ്ഞുനോക്കിയ മാലിനി യദുവിനെ കണ്ടു.. “അല്ല.. യദു നീ എപ്പോ വന്നു.. ഇന്നലെ സംസാരിച്ചപ്പോഴും രാധിക നീ വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ..” “ഞാൻ വരുന്ന കാര്യം ആരോടും പറഞ്ഞില്ല മാലിനിമ്മേ..” “നീ ഇരിക്ക് ഞാൻ കഴിക്കാനെടുക്കാം..” “അയ്യോ വേണ്ടമ്മേ ഇപ്പൊ കഴിച്ചിട്ട് ഇറങ്ങിയതെയുള്ളൂ..അല്ല ഭാഗി എന്തിയെ..??അവളെ കാണാൻ ഇല്ലല്ലോ..എഴുനെറ്റില്ലേ..??” “അവൾ അമ്പലത്തിൽ പോയിരിക്കുവാ..” “അമ്മേ…..” പറഞ്ഞ് തീർന്നതും ഭാഗി മാലിനിയെ വിളിച്ചുകൊണ്ട് അകത്തേയ്ക്ക് വന്നു..
യദു അവളെക്കാണാതെ മാറി നിന്നു.. സെറ്റും മുണ്ടും ആയിരുന്നു ഭാഗിയുടെ വേഷം..കറുത്ത കരയുള്ള സെറ്റും മുണ്ടും കറുത്ത നിറത്തിലെ ബ്ലൗസും..ആദ്യമായി ആണ് ഭാഗിയെ അവൻ ആ വേഷത്തിൽ കാണുന്നത്.. കരിമഷിയാൽ കറുപ്പിച്ച കണ്ണുകൾ.. നെറ്റിയിൽ കുഞ്ഞ് കറുത്തപൊട്ടും അതിനുമേലെ ചന്ദനവും.. മാസങ്ങൾക്കിപ്പുറം കാണുന്നകൊണ്ടോ ആ വേഷം ആയതുകൊണ്ടോ ഭാഗിയെ കണ്ണെടുക്കാതെ നോക്കി നിന്നുപോയവൻ.. “അമ്മ ആരോടാ സംസാരിച്ചത്..??” “ഞാൻ ആരോട് സംസാരിക്കാൻ.. ഞാൻ ചുമ്മ എന്നോട് തന്നെ ഓരോന്ന് പറയുവായിരുന്നു..” “എന്തോ എനിക്കങ്ങനെ തോന്നി.അമ്മ ആരോടോ സംസാരിക്കുന്നപോലെ..” ഭാഗി മുറിയിലേയ്ക്ക് നടന്നു..അവൾ പോയതും പിന്നാലെ യദുവും അവൾക്കൊപ്പം പോയി..കയ്യിലെ ഇലച്ചീന്ത് മുറിയിലെ മേശയിലേയ്ക്ക് വെച്ച് തിരിഞ്ഞു നില്കുന്നവളെ യദു പിന്നിൽ നിന്നും പുണർന്നു..
ഒച്ചയെടുക്കാനായി വാ തുറക്കുന്നതിന് മുന്നേ യദു അവളുടെ വാ പൊത്തി.. “പൊന്ന് ഭാഗി ഒച്ചവെയ്ക്കല്ലേ.. ഞാനാടി ഇത്..” അവന്റെ കൈകളെ അയച്ച് അവൾ തിരിഞ്ഞ് അവന്റെ നേർക്ക് നിന്നു..അപ്പോഴും അവന്റെ കൈകൾക്കുള്ളിലാണ് ഭാഗി.. അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു..മൂന്ന് മാസമായിരിക്കുന്നു ഒന്ന് നേരിട്ട് കണ്ടിട്ട്.. ഇടതടവില്ലാതെ അവളുടെ ചുണ്ടുകൾ അവന്റെ മുഖത്ത് പതിപ്പിച്ചുകൊണ്ടിരുന്നു..അതിലൊക്കെ നിറഞ്ഞ് നിന്നത് പരിഭവവും പ്രണയവുമായിരുന്നു.. “മതി പെണ്ണേ..” അവളെ ഒന്നൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു യദു.. “വരുമെന്നെന്നോടൊരു വാക്ക് പോലും പറഞ്ഞില്ലല്ലോ..” “അതുകൊണ്ടല്ലേ ന്റെ ഭാഗിയെ ഈ വേഷത്തിൽ കാണാൻ പറ്റിയത്.. സുന്ദരി ആയിട്ടുണ്ട് കെട്ടോ..എന്ത് ഭംഗിയാ ഇപ്പൊ ന്റെ പെണ്ണിനേകാണാൻ..” അവൾ കുറുകിക്കൊണ്ട് അവന്റെ നെഞ്ചിൽ പറ്റി നിന്നു..
“ഭാഗി…” “ഹ് മ്മ്..” “ഞാൻ നിന്നെ ശരിക്കും മിസ്സ് ചെയ്‌തേടി..” “ഞാനും…” അവളുടെ മുഖം കൈകുമ്പിളിൽ എടുത്തത്കൊണ്ട് അവന്റെ ചുണ്ടുകൾ നെറ്റിയിൽ പതിപ്പിച്ചു..വീണ്ടും തൻറെ നെഞ്ചിലേയ്ക്ക് തെന്നെയവളെ ചേർത്ത് നിർത്തി.. ഇടയ്ക്കെപ്പോഴോ തോന്നിയയൊരു കുസൃതി കൈവിരലുകളിലേയ്ക്കും പകർന്നു.. അരക്കെട്ടിൽ മുറുകിയ അവന്റെ വിരലുകൾ അവളിൽ കുസൃതിക്കാട്ടാൻ തുടങ്ങിയപ്പോൾ ഭാഗി അവനിൽ നിന്നും അകന്ന് മാറി.. “അയ്യട മോനെ ഇനി നിന്നാൽ ശരിയാവില്ല..മോൻ പൊക്കെ ഞാൻ ഡ്രസ് മാറിയിട്ട് വരാം..” “നീ മാറിക്കോ.. ദേ ഞാൻ ഇവിടെ ഒരറ്റത്ത് മാറി ഇരുന്നോളം..” നിഷ്കുവായി അവൻ പറഞ്ഞു..
“എല്ലാ വഷളത്തരവും കയ്യിലുണ്ട്. അങ്ങോട്ട് ഇറങ്ങന്റെ യദുവേട്ടാ..” അവനെ തള്ളി മുറിയ്ക്ക് പുറത്താക്കി ഭാഗി വേഗം ഡ്രസ്സ് മാറി വന്നു.. ഹാളിൽ വിനയനും യദുവും കാര്യമായ സംഭാഷണത്തിലാണ്..അവിടുത്തെ വിശേഷം ചോദിക്കലും പറച്ചിലും തന്നെ..വിനയൻ പതിയെ താൻ പട്ടാളത്തിലായിരുന്നപ്പോൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്ന സമയത്തെ കഥകൾ പറയാൻ തുടങ്ങി..വിനയന്റെ കത്തി കേട്ടിരിക്കുന്ന യദുവിനെക്കണ്ട് ഭാഗിയ്ക്ക് ചിരി അടക്കാനായില്ല.. “യദുവേട്ടാ..പോകാം വാ” “എങ്ങോട്ടാ.. അവൻ കുറച്ച് കഴിഞ്ഞ് വരും..ന്റെ പഴയകാല കാര്യങ്ങൾ ഒക്കെ ഞങ്ങൾ സംസാരിക്കുവാ..” “എന്റച്ഛാ..പാവമുണ്ട്.. എങ്ങനെ കത്തി വെച്ച് കൊല്ലണോ അതിനെ..യദുവേട്ടൻ വന്നേ ..ഇല്ലേൽ ഇന്ന് മുഴുവൻ ഇത് കേൾക്കേണ്ടി വരും..” ഭാഗി അവന്റെ കയ്യിൽ പിടിച്ച് വിളിച്ചോണ്ട് പോയി..
ഭാഗിയും യദുവും കൂടി അവന്റെ വീട്ടിലേയ്ക്ക് പോയി.. “രാധമ്മേ….” “ആഹാ ഭാഗി മോള് വന്നോ..അല്ല ഇന്നെന്താ മുഖത്തോരു പ്രത്യേക തിളക്കം..” രാധിക കളിയായി ചോദിച്ചു.. “ഒന്ന് പോ രാധമ്മേ..” വൈകിട്ട് അമ്പലത്തിലേയ്ക്ക് പോകാൻ ഒരുങ്ങുവാണ് ഭാഗി.. നീല കളർ ചുരിദാർ ആണ് വേഷം.. “അല്ല നീയതെങ്ങോട്ടാ..??” അവൾ ഒരുങ്ങുന്ന കണ്ട് മാലിനി ചോദിച്ചു.. “അമ്പത്തിലേയ്ക്ക്…” “നീയല്ലേ രാവിലെ പോയത്..??” “രാവിലെ പോയത് കൊണ്ട് വൈകിട്ട് പോകാൻമേലെ…” “അന്നാ നിക്ക് ഞാനൂടി വരാം.. ഇല്ലേൽ നീ ഒറ്റക്ക് തിരിച്ച് വരണ്ടേ” “വേണ്ടമ്മേ..യദുവേട്ടൻ ഉണ്ട്..” “ഹ മ്മ്..വേഗം പോന്നേക്കണം..” അവൾ ഒരുങ്ങി യദുവിനടുത്തേയ്ക്ക് ചെന്നു.. അവൻ മുറ്റത്ത് തന്നെ തന്റെ പഴയ ആ ഒന്നിന്റെ സൈക്കിളും കൊണ്ട് നിൽപ്പുണ്ട്.. “വാ ഭാഗി..” അവൻ അവളെ സൈക്കിളിൽ കയറാനായി വിളിച്ചു..
അവളുടെ കണ്ണ് സന്തോഷത്താൽ വിടർന്നു.. “ഇതിലാണോ നമ്മൾ പോകുന്നേ..ഹയ്യടാ..എനിക്ക് മേലാ.. ഹോ..ശരിക്കും സന്തോഷമായി..” “ടാ.. മോളേം കൊണ്ട് പതിയെ പോയാൽ മതി..” അവിടേയ്ക്ക് വന്ന രാധിക പറഞ്ഞു.. “ശരിയമ്മേ..ഞങ്ങൾ പോയിട്ട് വരാം..” സൈക്കിളിന്റെ പുറകിലിരുന്ന് ഭാഗി രാധികയെ കൈവീശി കാണിച്ചു.. “ഈശ്വരാ..ന്റെ കുഞ്ഞുങ്ങൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണേ..” അവരെ നോക്കി രാധിക പ്രാർത്ഥിച്ചു.. അമ്പലത്തിൽ എത്തിയപാടെ കുളത്തിൽ കാൽകഴുകി രണ്ടുപേരും അകത്തേക്ക് നടന്നു.. യദു ഷർട്ട് ഊരി കയ്യിൽ പിടിച്ചു.. വഴിപാട് കൗണ്ടറിൽ ചെന്ന് ഭാഗി വഴിപാട് എഴുതിച്ചു.. “യദുകൃഷ്ണൻ..രോഹിണി നക്ഷത്രം..ഒരു ഭാഗ്യസൂക്തം…” അതും വാങ്ങിയാണ് ഭാഗി അകത്തേയ്ക്ക് കയറിയത്..
ശ്രീകോവിലിന് മുന്നിൽ വഴിപാട് വെച്ചിട്ട് യദുവിന് ചാരെയവൾ നിന്നു..പൂജകഴിഞ്ഞ് നടതുറന്നു.. കളഭം ചാർത്തിയ കൃഷ്ണവിഗ്രഹം.. “ന്റെ കൃഷ്ണാ.. എന്നും എനിക്കെന്റെ യദുവേട്ടനൊപ്പം സന്തോഷത്തോടെ ജീവിക്കാൻ പറ്റണേ..ആ കൈകൊണ്ടൊരു താലിയാണ് ഈ ഭാഗിയുടെ സ്വപ്നം..എല്ലാം നല്ലരീതിയിൽ നടത്തിത്തരണേ ഏന്റെ കൃഷ്ണാ…” വഴിപാടും തീർത്ഥവും വാങ്ങിയവർ ഉപദേവതകളെ തൊഴുതിറങ്ങി.. “ഞാൻ സൈക്കിൾ എടുത്തിട്ട് വരാം..നീ ഇവിടെ നിലക്ക്..” അവളെ അവിടെ നിർത്തിയിട്ട് യദു സൈക്കിളെടുക്കാൻ പോയി.. “ഭാഗ്യശ്രീ…” വിളികേട്ടവൾ തിരിഞ്ഞുനോക്കി.. “സന്ദീപ് സർ..” സന്ദീപും കൂടെ അവന്റെ അമ്മയുമുണ്ടായിരുന്നു.. “എടോ.. ഇതെന്റെ അമ്മ..” അവൾ അവരെ നോക്കി ചിരിച്ചു.. “എങ്കിൽ നിങ്ങൾ സംസാരിച്ച് നിൽക്ക്..നാളത്തേയ്ക്ക് വഴിപാട് കുറിപ്പിച്ചിട്ട് അമ്മ വരാം..” “താൻ ഒറ്റയ്ക്കാണോ വന്നേ..” സന്ദീപ് സംസാരത്തിന് തുടക്കം കുറിച്ചു..
“അല്ല..യദുവേ…” “ഭാഗി….” അവൾ പറഞ്ഞ് തീരുന്നതിന് മുന്നേ യദു അവളെ വിളിച്ചുകൊണ്ട് അങ്ങോട്ടേക്ക് ചെന്നു.. സന്ദീപിനെ കണ്ടതും അവൻ അവിടെത്തന്നെ നിന്നു..ഭാഗിയോട് അവൻ സംസാരിക്കുന്നത് യദുവിന് ഇഷ്ടമായില്ല.. സന്ദീപിനോട് ഒന്നും തന്നെ പറയാതെ ഭാഗി യദുവിനടുത്തേയ്ക്ക് ചെന്നു.. “എന്താ നിന്നോടവൻ പറഞ്ഞത്..??” “സാർ പ്രേത്യകിച്ച് ഒന്നും ചോദിച്ചില്ല..ഒറ്റയ്ക്കണോ വന്നെന്ന് ചോദിച്ചു..” “സാറോ…?” “അതേ..ഇപ്പൊ കോളേജിൽ ഞങ്ങളെ പഠിപ്പിയ്ക്കുന്നുണ്ട്..” “ഹമ്മ്…” “സർ ആയാലും ശരി.. അവനോട് അത്രക്ക് മിണ്ടാൻ ഒന്നും പോകണ്ട. എനിക്ക് പണ്ടേ അവനെ ഇഷ്ടല്ല…” തന്റെ സംശയങ്ങൾ അവനോട് പറയണോ എന്ന് ഒരുവേള ഭാഗി ശങ്കിച്ചു..വേണ്ടന്നൊരുത്തരമാണ് അവളുടെ മനസ്സ് അപ്പോഴും പറഞ്ഞത്… “അതൊക്കെ വിട്ടേക്ക്..ആദ്യം പ്രസാദം തൊട്..അവൾ ഇലച്ചീന്ത് അവന് നേരെ നീട്ടി..യദു മുഖം വെട്ടിച്ച് നിന്നു..ഭാഗി ചിരിയാലെ മോതിരവിരലാൽ പ്രസാദം അവന്റെ നെറ്റിയിൽ തൊട്ടകൊടുത്തു..
അവനും തിരിച്ചവളുടെ നെറ്റിയിൽ ചന്ദനം ചാർത്തി.. ഇതെല്ലാം കണ്ടുകൊണ്ട് സന്ദീപ് നിൽപ്പുണ്ട്..എന്തുകൊണ്ടോ അവന് മനസ്സിനൊരു ഭാരം..മുന്നിൽ കാണുന്ന കാഴ്ചയ്ക്ക് എന്ത് നിർവചനം നല്കുമെന്നവൻ ആശയക്കുഴപ്പത്തിലായി.. എങ്കിലും അവന്റെ മനസ്സത് പ്രണയമെന്ന് മനസ്സിലാക്കിയരുന്നില്ല… സന്ദീപിന്റെ നിൽപ്പ് കണ്ട് അടുത്തേയ്ക്ക് വന്ന അവന്റെ അമ്മ അവന്റെ ദൃഷ്‌ടി പോയിടത്തേക്ക് നോട്ടം പായിച്ചു..പരസ്പരം എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് തൊട്ടുരുമ്മി പോകുന്ന യദുവിനെയും ഭാഗിയെയും അവർ കണ്ടു..എന്തോ ആ കാഴ്ച്ച അവർക്കും ഉൾക്കൊള്ളാനായില്ല.. സന്ദീപ് അപ്പോഴാണ് അമ്മയെ ശ്രദ്ധിച്ചത്..അമ്മയും അവരെ നോക്കുകയാണെന്ന് അവന് മനസ്സിലായി..
“അമ്മേ..അവർ കുഞ്ഞിലെ മുതൽ കൂട്ടുകാരാണ്.. അവന്റെ പെങ്ങളെപോലെയാണ് അവൾ..” “ഹമ്മ്..” അവർ അർത്ഥഗർഭമായി ഒന്ന് മൂളി.. സൈക്കിളിൽ അവനു പിറകിലിരുന്ന് പോകുന്ന ഭാഗിയെ അവർ നോക്കി.. ആ മുഖത്തെ ഭാവങ്ങൾ സന്ദീപിന്റെ വാക്കുകൾക്ക് ഒട്ടും യോജിക്കാത്ത പോലെ..പെങ്ങളും ആങ്ങളയും തമ്മിലുള്ള ബന്ധമില്ലെന്ന് ഒറ്റ നോട്ടത്തിൽ അവർക്ക് മനസ്സിലായി.. സൈക്കിൾ കണ്ണിൽ നിന്നും അകന്ന്പോകുന്നതിനൊപ്പം മനസ്സിൽ ചില ശക്തമായ തീരുമാനങ്ങളും ആ അമ്മ എടുത്തിരുന്നു .. ( തുടരും..)

by