രചന – ഗംഗ ശലഭം
അപ്പോഴേക്കും ടേബിളിന് പുറത്തിരുന്ന മൊബൈൽ സ്ക്രീൻ മിന്നി. മൊബൈൽ വൈബ്രെറ്റ് ചെയ്യുന്ന ശബ്ദവും കേട്ടു.
മീനു തലയെത്തിച്ച് അതിലേക്ക് നോക്കി ആക്കി ചിരിക്കുന്നു. അവളുടെ പിറകെ ഞാനും നോക്കി. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും എന്റെ ചുണ്ടിലും ഒരു ചിരി മിന്നി. ഞാൻ കയ്യെത്തിച്ചു മൊബൈൽ എടുത്തു.
” ചുമ്മാ വിളിച്ചതാഡോ…. ഒരു അഡ്വാൻസ് ഹാപ്പി മാരീഡ് ലൈഫ് ആശംസിക്കാമെന്ന് കരുതി. ”
ആളിന്റെ പതിഞ്ഞ ചിരി കേൾക്കുന്നുണ്ട്. എനിക്ക് അത് കേട്ടപ്പോ ടെൻഷൻ കൂടി.
“എന്താടോ ഒന്നും മിണ്ടാത്തെ? തിരക്കാവും അല്ലെ?”
എന്റെ വായിൽ ആരാണ്ടോ സിപ്പ് ഇട്ടത് പോലെ ആണ് എനിക്ക് തോന്നിയത്. എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ.
“വച്ചിട്ട് പോയോ? ”
സംശയത്തോടെ ചോദിക്കുന്നുണ്ട്.
“കല്യാണത്തിന് വരില്ലേ?”
ടെൻഷൻ കൂടി ഉച്ചി വരെ എത്തിയിരുന്നു. എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചു പോയതാണ്. അതിങ്ങനെയുമായി….
ചോദിച്ചു കഴിഞ്ഞ ശേഷമാണ് ചോദിച്ചത് എന്താണെന്ന് ബോധം വന്നത്. നാക്കു കടിച്ച് മീനുവിനെ നോക്കിയപ്പോ അവൾ കട്ടിലിൽ കിടന്ന് വയറു പൊത്തി ചിരിക്കുന്നു. കട്ടിലും അവൾക്കൊപ്പം കുലുങ്ങി ചിരിക്കുന്നുണ്ട്. മറുപ്പുറത്തു നിന്നും കേട്ടു ചിരി. എങ്കിലും ആ ചിരി പെട്ടെന്ന് കെട്ടു.
“വരും… എങ്ങനെ വരാതിരിക്കും? എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയുടെ കല്യാണം അല്ലെ?”
അത് വരെ എന്നെ വീർപ്പു മുട്ടിച്ചിരുന്ന ടെൻഷൻ ആ ഒറ്റ വാചകത്തിൽ ആവിയായിപ്പോയി.
‘എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടി…’
മനസ്സിൽ മഞ്ഞു വീണ തണുപ്പ്. അറിയാതെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.
“എന്നെ ആരോ വിളിക്കുന്നുണ്ട്. വയ്ക്കട്ടെ? താൻ അവിടെ ആകെ ടെൻഷനിൽ ആകുമെന്ന് തോന്നി. അതാ വിളിച്ചത്…. കാണാം….”
മറുവശത്തു ഫോൺ കട്ടായി. ഞാൻ എന്റെ ചുണ്ടിലെ ചിരി മായാതെ തിരിഞ്ഞു. കട്ടിലിന്റെ കുലുക്കം അപ്പോഴും നിന്നിട്ടില്ല. മീനുവിന്റെ ചിരിയും.
ഞാൻ കയ്യിലെ ഫോൺ ടേബിളിൽ കൊണ്ട് ചെന്ന് വച്ചു. അച്ഛന്റെ പഴയ ഫോൺ ആണ്. കാൾ ചെയ്യാൻ മാത്രം പറ്റുന്നത്. കല്യാണം ഉറപ്പിച്ചപ്പോ അച്ഛൻ എനിക്ക് തന്നതാണ്. അതും ആള് അച്ഛനോട് എന്റെ നമ്പർ ചോദിച്ചത് കൊണ്ട് മാത്രം. അച്ഛൻ പുതിയ ഒരെണ്ണം വാങ്ങുകയും ചെയ്തു.
“എന്താടി ഇത്ര ചിരിക്കാൻ?”
ഞാൻ അവളുടെ കൈയ്യിൽ ഒരടി കൊടുത്തു. ഈയിടെയായിട്ട് അവൾക്ക് എന്നെ കളിയാക്കൽ ഇത്തിരി കൂടുന്നുണ്ട്. എനിക്ക് ഒരു നാക്ക് പിഴ പറ്റിപ്പോയതല്ലേ? അതിനിപ്പോ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു?
” എന്നാലും എന്റെ ദേവൂസേ…. കല്യാണം കഴിക്കാൻ പോകുന്ന ആളോട് കല്യാണത്തിന് വരില്ലേ എന്ന് ചോദിക്കുന്ന ആദ്യത്തെ കല്യാണപ്പെണ്ണ് നീയാവും…”
അവൾ ചിരി നിർത്താൻ പാട് പെടുന്നുണ്ട്.
” അത്…. അത് പിന്നെ…. അപ്പോഴത്തെ ടെൻഷനിൽ…. ഞാൻ എന്താ ചോദിച്ചെന്ന് എനിക്ക് തന്നെ ബോധം ഉണ്ടായില്ലെടി….”
ഞാൻ നഖം കടിച്ച് നിന്നു. ആള് എന്ത് കരുതിക്കാണുമോ എന്തോ?
” ഹാ… സാരമില്ല. നിനക്ക് ബോധം ഇല്ല എന്ന് എന്നായാലും അങ്ങേര് അറിയേണ്ടതല്ലേ? ഇതിപ്പോ ഇത്തിരി നേരത്തെ അറിഞ്ഞു എന്ന് കരുതിയാ മതി. ഇനീപ്പോ പുള്ളിക്കാരൻ കല്യാണത്തിന് വരുവോന്നാ…”
അവള് താടീല് വിരൽ കുത്തി ആലോചിക്കുന്നുണ്ട്.
ഞാൻ അവളുടെ കയ്യിലിട്ട് ഒറ്റ തട്ട് കൊടുത്തു.
” നീ എണീറ്റ് പോയെ… അല്ലെങ്കിലേ മനുഷ്യൻ ഇവിടെ ആകെ ടെൻഷൻ അടിച്ചിരിക്കുവാ….”
“ഓഹോ… ഇപ്പൊ അങ്ങനായോ? എന്നാ പോയേക്കാം….”
അവളെണീറ്റു.
“ഡി… പെട്ടെന്ന് വന്നേക്കണം കേട്ടാ….”
പറഞ്ഞിട്ട് അവൾ വാതിൽക്കലേക്ക് നടന്നു.
വാതിൽക്കൽ ചെന്ന് പിന്നേം തിരിഞ്ഞു നിന്നു.
” ഡി….
ടെൻഷൻ ഒന്നും ആവണ്ട. നിന്റെ ആള് പാവം ആണെന്നാ എനിക്ക് തോന്നുന്നത്.”
“അതല്ലെടി…. ഞാൻ പോയാ പിന്നെ അമ്മ…?”
ഒരു നിമിഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു. അതവളു കാണാതിരിക്കാൻ അലമാരയ്ക്കുളിൽ തിരയുന്നതായി അഭിനയിച്ചു.
” എന്തോന്നാടി? പിന്നെ ഞാനും മധുവും എന്തിനാ? ദേ ഇന്ന് മുതൽ മാമിയെ ഞങ്ങൾ അങ്ങ് ദത്തെടുക്കുവാ…”
അവൾ അടുത്ത് വന്നു തോളിൽ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു.
അപ്പോഴേക്കും അച്ഛമ്മ മുറിയുടെ വാതിൽ കടന്ന് അകത്തേക്ക് വന്നു.
” എടി കൊച്ചേ? നേരം എത്ര ആയീന്നാ? എണീറ്റതേ ഒരു നേരത്തിന്. ഇത് വരെ കോവിലിൽ പോലും പോയില്ല. ഇന്ന് നിന്റെ കല്യാണം തന്നല്ലേ? അതെങ്ങനെ തള്ളേ കണ്ടല്ലേ മോളും പഠിക്കണത്?”
പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് അമ്മേം എന്തൊക്കെയോ പറഞ്ഞ് ദേഷ്യത്തിൽ എന്നെ നോക്കി അവർ പുറത്തേക്ക് ഇറങ്ങിപ്പോയി.
ഞാൻ മീനൂനെ നോക്കി. ഇതാണ് ഞാൻ പറഞ്ഞത് എന്ന അർത്ഥത്തിൽ…
” നീയിത് കാര്യമാക്കണ്ട. എക്സ്പൈറി ഡേറ്റ് കഴിഞ്ഞ സാധനമാ… അധികം വൈകാതെ ദൈവം പാക്ക് ചെയ്തോളും. നീയൊന്ന് അറിഞ്ഞു മൂപ്പരെ വിളിച്ചാൽ മതി.”
അവളെന്നെ നോക്കി കണ്ണ് ചിമ്മി.
“നീ പെട്ടെന്ന് റെഡിയായി വാ…. ഇല്ലേൽ തള്ള ഇനീം വന്ന് തുള്ളും.”
അവളതും പറഞ്ഞു പെട്ടെന്ന് പുറത്തേക്കിറങ്ങി പോയി.
ഞാനും പെട്ടെന്ന് തന്നെ തയ്യാറായി ഇറങ്ങി. പുറത്ത് എത്തിയതേ അമ്മ ഓടി വന്നേനെ കെട്ടിപിടിച്ചു.
“സുന്ദരി ആയിട്ടുണ്ട്.”
എന്നും പറഞ്ഞു എന്റെ നെറ്റിയിൽ ഉമ്മ വച്ചു. അമ്മയെ കെട്ടിപ്പിടിച്ചു ഞാനും ഒരുമ്മ കൊടുത്തു.
“മക്കള് കാപ്പി കുടിച്ചോ?”
“മ്മ്… മീനു കൊണ്ട് തന്നു.”
“എന്നാ പെട്ടെന്ന് കോവിലിൽ പോയിട്ട് വാ… മീനൂം മധുവും കൂടെ വരും.”
അമ്മ എന്റെ കൈ പിടിച്ചു പുറത്തിറങ്ങി.
“മധൂ….”
അമ്മ നീട്ടി വിളിച്ചതും മുറ്റത്ത് ആരോടോ സംസാരിച്ചു നിന്ന മധു പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.
അവൻ ലൈറ്റ് ബ്ലൂ കളർ കുർത്തയും മുണ്ടും ഒക്കെ ആയിട്ട് സുന്ദരനായിട്ടുണ്ട്.
” എടാ… നീ ഇവളേം മീനൂനേം കൂട്ടി കോവിലിൽ പോയിട്ട് വാ… കിഷോറിന്റെ കാറ് കാണൂലെ?”
“കാർ ഒണ്ട് മാമീ….”
അവൻ തല കുലുക്കി.
“നീ വാ…”
എന്നെ നോക്കി പറഞ്ഞിട്ട് മുണ്ടിന്റെ തലപ്പും പിടിച്ചവൻ മുന്നേ നടന്നു. അപ്പോഴേക്കും മീനുവും എവിടെ നിന്നോ ഓടി എത്തി.
ഞാനും മീനുവും കാറിന്റെ പിന്നിൽ ആണ് കയറിയത്. ഞങ്ങൾ ഡ്രൈവർ ആക്കീന്നും പറഞ്ഞു മധു അപ്പൊ തൊട്ട് പിറുപിറുക്കാൻ തുടങ്ങിയതാ… ഞങ്ങൾ അത് മൈൻഡ് ആക്കിയില്ല.
കാറിൽ ആയോണ്ട് അഞ്ച് മിനിറ്റ് മതി അമ്പലത്തിൽ എത്താൻ. പക്ഷെ കാറിൽ കേറിയത് മുതൽ എന്റെ വയറ്റിന് എന്തോ ഒരു വൈക്ലബ്യം. ഇതെനിക്ക് പണ്ട് മുതൽക്കേ ഉള്ളതാണ്. വല്ലാതെ ടെൻഷൻ ആയാൽ ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണമെന്ന് തോന്നും. എക്സാം ഒക്കെ വരുമ്പോ ഈ പ്രശ്നം കൊണ്ട് ഞാൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്.
“എന്താടി? ടെൻഷൻ പണി തന്നോ?”
ഒന്നും മിണ്ടാതെയുള്ള ഇരിപ്പ് കണ്ടപ്പോ മീനൂന് കാര്യം കത്തി. അവളെന്റെ ചെവിയിൽ മുഖം അടുപ്പിച്ചു ചോദിച്ചു.
ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.
” ഇങ്ങനാണേൽ നീ ചെക്കൻ താലി കെട്ടാൻ നേരത്ത്….’ഒരു മിനിറ്റ് ഒന്ന് ടോയ്ലെറ്റിൽ പോയി വരട്ടെ’ എന്ന് പറയുമല്ലോ? ”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി പല്ല് കടിച്ചു. കാര്യം അവള് ഓരോന്നൊക്കെ പറഞ്ഞെന്നെ കൂൾ ആക്കാൻ നോക്കുന്നതാണെന്ന് എനിക്ക് അറിയാം. പക്ഷെ അവള് ഉദ്ദേശിച്ച ഫലമല്ല കിട്ടുന്നത് എന്ന് മാത്രം. ദേഷ്യവും സങ്കടവുമൊക്കെ കടിച്ച് പിടിച്ച് ഞാൻ അമ്പലത്തിൽ എത്തും വരെ മിണ്ടാതിരുന്നു.
അമ്പലത്തിൽ ചെന്ന് കാറീന്ന് ഇറങ്ങിയപ്പോഴേ കണ്ടു ആൽമരത്തിന്റെ ചോട്ടിൽ ഇരിക്കുന്ന ആളിനെ.
അമ്മമ്മ….!
ഞാൻ അമ്മമ്മേടെ അടുത്തേക്ക് ഓടിച്ചെന്നു.
🦋🦋🦋🦋🦋🦋
അഭിപ്രായം പറയണേ….
ഒരു സാധാരണ കുടുംബകഥയാണ്.

by