രചന – ആയിഷ അക്ബർ
കതിർ മണ്ഡപത്തിലിരിക്കുമ്പോൾ അണിഞ്ഞൊരുങ്ങി വരുന്ന അതി സുന്ദരിയായ വീണയിലായിരുന്നു കാശ്ശിയുടെ കണ്ണുകളത്രയും തങ്ങി നിന്നത്……
ചെറു പുഞ്ചിരിയോടെ അവൾ കതിർ മണ്ഡപത്തിലേക്ക് കയറി തന്റെ അനിയൻ കിരണിന്റെ അരികിലായിരുന്നതും തലക്കെന്തോ ഒരു പ്രഹരമേറ്റത് പോലെയവന് തോന്നി…..
താൻ ഹൃദയത്തിൽ ചുമന്നവൾ….
അവളുടേ ഓരോ ചിരിയിലും നിറഞ്ഞു നിന്നിരുന്നത് കാശിയോടുള്ള പ്രണയം മാത്രമായിരുന്നു….
പിന്നെന്താണ് സംഭവിച്ചത്….
അവൻ ജാനകിയിലേക് പതിയേ നോക്കി….
അമ്മക്ക് തന്റെ മുഖത്ത് നോക്കാൻ ഉള്ള പ്രയാസത്തെ മനസ്സിലാക്കിയത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് നോട്ടത്തെ പിൻവലിച്ചു…..
അപ്പോഴേക്കും തനിക്കും കിരണിനും നേരെ പൂജാരി താലി വെച്ചു നീട്ടിയിരുന്നു..
വിറക്കുന്ന കൈകളാൽ ആ താലി വാങ്ങിയപ്പോഴേക്കും കെട്ടി മേളം കൊട്ടി തുടങ്ങിയിരുന്നു….
തനിക്കരികിലായിരിക്കുന്നവളെ നോക്കുക പോലും ചെയ്യാതെ താലി ആ കഴുത്തിലേക്ക് കെട്ടുമ്പോഴും ചതി നടന്നതെവിടെയെന്ന ചോദ്യം അവന്റെ ഹൃദയത്തെ കൊളുത്തി വലിച്ചു കൊണ്ടിരുന്നു…
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖത്ത് പരന്ന പ്രകാശം താൻ കണ്ടിരുന്നു…..
വീണയുടെ കൈ കിരണിന്റെ കൈയിലേക്ക് വെച്ചു കൊടുക്കുന്നതോടൊപ്പം തന്നെ തന്റെ കയ്യിലേക്കും ഒരു കൈ മുത്തശ്ശൻ ചേർത്ത് വെച്ചിരുന്നു…..
അവളുടേ മുഖം കാണാനോ മുഖത്തേക്ക് നോക്കാനോ മനസാഗ്രഹിച്ചിരുന്നില്ല…..
മനസ്സിൽ ഒറ്റ മുഖമേ ഉണ്ടായിരുന്നുള്ളു…
താൻ അങ്ങേയറ്റം സ്നേഹിച്ചവളുടെ……
മുഖത്ത് നോക്കാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് മിഴികളെ താഴെക്കൂന്നി നിന്നത്..
എന്നാൽ തന്റെ കയ്യിനു മുകളിൽ ചേർത്ത് വെച്ച ആ കൈ കണ്ടതും അവൻ പെട്ടെന്നു മുഖമുയർത്തി അവളെ നോക്കി…….
അവന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നിപ്പോയി …..
അപ്പോഴാണ് ചുറ്റും കൂടിയവരിൽ നിന്നുയരുന്ന അടക്കം പറച്ചിലുകളും അവൻറെ കാതിലേക്ക് എത്തിയത്…….
കറുത്തിരുണ്ട അവളുടേ ആ കൈകളിൽ അണിഞ്ഞ സ്വർണ നിറങ്ങൾ എടുത്ത് കാണുന്നുണ്ടായിരുന്നു…..
കയ്യിന്റെ കറുപ്പ് നിറത്തേക്കാൾ ഒട്ടും കൂടുതലോ കുറവോ ആയിരുന്നില്ല അവളുടേ മുഖത്തിന്റെ നിറവും….
അവന്റെ മുഖത്ത് പെട്ടെന്ന് വിരിഞ്ഞോരാ ഞെട്ടൽ അവൾ കണ്ടെങ്കിലും ആ മുഖത്തു മുഴുവൻ നിർവികാരതയായി അവന് തോന്നി……
എന്റെ മക്കൾക്ക് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ……
രണ്ട് വധൂ വരന്മാരെയും ആശിർവധിച്ചു കൊണ്ട് ഏറെ സന്തോഷത്തോടെ മുത്തശ്ശനത് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷത്തിനതീരില്ലായിരുന്നു……
അവൻ പതിയേ അച്ഛന്റെ മുഖത്തേക്ക് നോക്കി….
ശങ്കരന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങളെതുമില്ലായിരുന്നെങ്കിൽ കൂടി അയാൾക്കാരികിൽ നിന്നിരുന്ന ജാനകി പല വിധ ഭാവങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയവന് തോന്നി..
കിരൺ കെട്ടിയ താലി കഴുത്തിലണിഞ്ഞു നിൽക്കുന്ന വീണ അതിലേറെ തന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു….
കിരണിന്റെ മുഖം നിലാവ് പോൽ തിളങ്ങിയിരുന്നു..
വീണയുടെ ചിരിയിലും ഒരു നാണത്തിന്റെ കലർപ്പില്ലേ…
മനസ്സ് കൈ വിട്ട് പോകാതെ അവൻ സ്വയം പിടിച്ചു നിന്നു..
കാശി…അവള്… അവളൊരു പാവമാണ്…
നോക്കി ക്കൊണെ…
ഇടരുന്ന വാക്കുകളാൽ മുത്തശ്ശനത് പറയുമ്പോഴും തന്റെ മനസ്സിൽ കറുത്തിരുണ്ട ആ രൂപം തെളിഞ്ഞു നിന്നു….
ആരെ യാണ് കുറ്റപ്പെടുത്തേണ്ടത്..
ആർക്ക് മേലാണ് പഴി ചാരേണ്ടത്…..
മനസ്സിൽ ചിന്തകൾ കിടന്നുരുളുമ്പോൾ കാശി നന്നായി വിയർക്കുന്നുണ്ടായിരുന്നു….
അവന്റെ കണ്ണുകൾ അറിയാതെ വീണയിലുടക്കിയ സമയം അവൾക്കും തന്റെ മിഴികളെ നേരിടാനൊരു പ്രയാസം അവന് തോന്നി…
നവ വധൂ വരന്മാരിറങ്ങുമ്പോൾ രണ്ട് കാറുകൾ തയ്യാറായി നിന്നിരുന്നു…..
തന്റെ കൂടെ കയറുന്നവളെ കാണുമ്പോൾ ഹൃദയം പേരറിയാത്ത നോവിനെ പേറി…..
തനിക്ക് ഭൂതകാലത്തിലേക്ക് ഓടിപ്പോകാൻ കഴിയുമെന്ന വണ്ണം ഈ ഭൂമിയോന്ന് നിശ്ചലമായിരുന്നെങ്കിൽ എന്നവൻ അതിയായി ആഗ്രഹിച്ചു…..
കാറിൽ കയറി ഇരിക്കുമ്പോഴും അവൻ തലക്ക് കൈ കൊടുത്ത് താഴേക്ക് നോക്കിയിരുന്നു….
അൽപ സമയം ഇരുന്നിട്ടും കാറ് ചലിക്കാത്തത് കണ്ടാണ് അവൻ പതിയേ മുഖമൊന്നുയർത്തി നോക്കിയത്……
മുമ്പിലുള്ള കാറിൽ പുഞ്ചിരിയോടെ തൊട്ടുരുമ്മി യിരിക്കുന്ന കിരണിനെയും വീണയെയും കാണുമ്പോൾ ഹൃദയം വല്ലാതെ പിടക്കുന്നുണ്ടായിരുന്നു….
എന്താ പോകാത്തത്…..
ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന പയ്യനോടത് ചോദിക്കുമ്പോൾ അവൻ പിറകിലേക്ക് തിരിഞ്ഞു….
മുമ്പിലുള്ള വണ്ടികളിൽ ആരെങ്കിലും കയറാൻ ബാക്കിയുണ്ടായിരിക്കും സർ….
അവനത് പറയാൻ വേണ്ടിയാണ് പിറകിലേക്ക് തിരിഞ്ഞതെങ്കിലും പെട്ടെന്ന് അവന്റെ മുഖത്ത് പടർന്ന ഞെട്ടൽ കാശി കാണുന്നുണ്ടായിരുന്നു…..
അവനല്പ നേരം കാശിയിലേക്ക് നോക്കി നിന്നു….
ഇരു നിറമെന്നവനെ പറയാൻ കഴിയില്ല…. ഒരിളം വെളുത്ത നിറം……
വെട്ടിയൊതുക്കിയ കട്ടി മീശയും താടിയും അവക്കിടയിലെ പ്രത്യേകത നിറഞ്ഞ അധരങ്ങൾ…
അവ പുഞ്ചിരിക്കുമ്പോൾ ഏറെ ഭംഗി കൂടുമായിരിക്കുമെന്നവനൂഹിച്ചു…..
പക്ഷെ കാശി ചിരിച്ചു കാണാത്തത് കൊണ്ട് തന്നെ ആ ഭംഗിയെ തിരിച്ചറിയാൻ അവനായിരുന്നില്ല……
വെള്ള നിറത്തിലുള്ള മുണ്ടും ജുബ്ബയുമാണ് വരാനായ അവന്റെ വേഷം….
ജുബ്ബയുടെ കൈ മടക്കി വെച്ചത് കൊണ്ട് തന്നെ അവന്റെ ഉറച്ച കൈതണ്ടകൾ കാണുന്നുണ്ടായിരുന്നു..
പൌരുഷം നിറഞ്ഞ സുന്ദരനായ അവനെ കണ്ടപ്പോഴായിരുന്നില്ല ഡ്രൈവർ സീറ്റിലിരുന്നവനിൽ ഞെട്ടൽ നിറഞ്ഞത്….
അവന്റെ അരികിലായിരിക്കുന്ന വധുവിന്റെ മുഖത്തേക്ക് നോക്കിയപ്പോഴായിരുന്നു അവന്റെ മുഖം മാറിയത്….
പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന അവളുടേ ഒരു ഭാഗമേ അവൻ കണ്ടുള്ളുവെങ്കിലും കറുത്തിരുണ്ട അവളെ കണ്ട് അവൻ കാശിയെ നോക്കുമ്പോൾ തന്നോടുള്ള സഹതാപം അവന്റെ മുഖത്ത് പടർന്നതായി കാശിക്ക് തോന്നി….
എങ്കിലും കണ്ടില്ലെന്ന വണ്ണം അവൻ പുറത്തേക്ക് നോക്കിയിരുന്നു……
അവനെന്നത് ഇനി താൻ നേരിടേണ്ട ഒത്തിരി മുഖങ്ങളുടെ നേർ കാഴ്ചയാണെന്ന് കാശ്ശിക്കറിയാമായിരുന്നു…
തങ്ങളെ ഇരുവരെയും ഒരുമിച്ച് കാണുന്ന ആരുടെയും മുഖം ഒരു നിമിഷത്തേക്കാണെങ്കിൽ പോലും മാറുമെന്ന് അവനറിയാമായിരുന്നു….
ഒന്നുറക്കെ കരഞ്ഞു തന്റെ ഉള്ളിലെ ഭാരത്തെ കഴുകി തീർക്കാൻ അവന് തോന്നിയെങ്കിലും കരഞ്ഞു ശീലമില്ലാത്തത് കൊണ്ട് തന്നെ അവനതിനു കഴിഞ്ഞില്ല……
അവൻ കണ്ണുകൾ ഇറുക്കെയടച്ചു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ഓർമകളിൽ നിറഞ്ഞു നിന്നതത്രയും തന്റെ സ്വപ്നങ്ങളിലെ രാജ കുമാരിയായ വീണയായിരുന്നു…..
അമ്മ അച്ഛനോടൊപ്പം ഒളിച്ചോടി വന്നതായത് കൊണ്ട് തന്നെ ആ നാട്ടിൽ അമ്മയുടെ സ്വന്തമെന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല….
വർഷങ്ങൾക്കിപ്പുറം വാശിയും വിദ്വേഷങ്ങളും മറന്ന് അമ്മ കുടുംബത്തോടൊപ്പം കൂടുമ്പോഴും താനോ കിരണോ ഒരിക്കൽ പോലും ഇങ്ങോട്ടേക്കു വന്നിട്ടുണ്ടായിരുന്നില്ല….
താൻ ബിസ്സിനെസ് തിരക്കുകളിൽ പെട്ടപ്പോൾ കിരൺ പഠിത്തവുമായി തിരിഞ്ഞു…..
എന്നാൽ വിധി അവളെ എന്നിലേക്ക് അയക്കുകയായിരുന്നു….
അമ്മയുടെ ഇളയ സഹോദരൻ ശ്രീധരന്റെ മകളായിരുന്നവൾ….
വീണ….
ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു ദേവതയെ പോലെ അവളെ തോന്നും…..
നീണ്ട മിഴികളും ഉയർന്ന മൂക്കും ചുവന അദരങ്ങളും അവളുടേ ഭംഗി വരച്ചു കാട്ടിയിരുന്നു……
ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ അവൾ തന്റെതാണെന്ന് മനസ്സിൽ നിന്നാരോ പറയും പോലെ…
അല്ലെങ്കിലും അവളെ കണ്ടാൽ ആരാണ് ആഗ്രഹിക്കാത്തത്….
അത്രയേറെ സുന്ദരിയായിരുന്നില്ലേ അവൾ……അത്രയേറെ ദൂരെ നിന്ന് പഠിക്കാനെന്ന് പറഞ് അവൾ ഞങ്ങളുടെ നാട്ടിലേക്ക് വന്നത് ഞങ്ങൾ തമ്മിൽ കണ്ട് മുട്ടാൻ തന്നെയെന്ന് ഞാനുറപ്പിച്ചിരുന്നു…..
ഹോസ്റ്റലിൽ നില്കുകയായിരുന്ന അവൾ അധിക ദിവസവും ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു…..
വീട്ടിലേക്ക് കയറി വരുമ്പോൾ അവളുടേ ചെരിപ്പുകൾ മുറ്റത്തുണ്ടോ എന്നാണ് തന്റെ മിഴികൾ തിരയാറുള്ളത്…..
മുറ്റത്ത് അവളുടേ ചെരിപ്പുകൾ ഇല്ലെങ്കിൽ വരുന്ന നിരാശയെ ഇല്ലാതാക്കാൻ അവളുടേ ചെരിപ്പ് അവിടെ കാണുമ്പോഴുള്ള ആനന്ദത്തിന് മാത്രമേ കഴിവുണ്ടായിരുന്നുള്ളു….
അവളുടേ കിലു കിലെയുള്ള സംസാരങ്ങളും ചിരിയുമെല്ലാം തന്നെ അത്ര മേൽ പ്രണയവാനാക്കിയിരുന്നു….
ആ മിഴികളിലേക്ക് നോക്കുമ്പോൾ ചുറ്റുമുള്ളതിനെ കുറിച്ചോർക്കാത്ത വിധം അവളിലേക്ക് ഞാൻ ചേക്കേറിയിരുന്നു…
ഓർമകളുടെ കുത്തൊഴുക്കിൽ നിന്നും താനുണർന്നത് കാറ് ശക്തിയായി ബ്രേക്ക് ചവിട്ടിയപ്പോഴായിരുന്നു…
ആ വലിയ വീടിന്റെ മുറ്റത്ത് കാറ് നിൽക്കുമ്പോഴും ഹൃദയത്തിലേ കനൽ കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല…..
മുന്നോട്ട് ഇനിയും ജീവിതമുണ്ടെന്ന് ഓർക്കുമ്പോൾ തന്റെ ശ്വാസം നിലച്ചു പോയെങ്കിലെന്ന് മനസ് ആഗ്രഹിച്ചു കൊണ്ടിരുന്നു..
(തുടരും )

by