രചന – ആദർശ് മോഹനൻ
ഇയാളെന്റെ ഭർത്താവ് തന്നെയാണോ, അതോ തട്ടിക്കൊണ്ട് വന്നതാണോ? മുഖം കണ്ടിട്ട് നല്ല തറവാട്ടിൽ പിറന്ന പയ്യനാണല്ലോ, ഏഹ് ഞാൻ….. ഞാനിത് എവിടെയാണ്? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ ”
തലക്കകത്ത് ഒരു വിങ്ങലും വേദനയും തോന്നിയപ്പോഴാണ് തലയ്ക്ക് ചുറ്റും കെട്ടിയിട്ട വെള്ളത്തുണിയിലേക്ക് ശ്രദ്ധ ഒരിക്കൽ കൂടെ പതിഞ്ഞത്. ഉഫ്, വേദന സഹിക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ എന്ന ആത്മഗതവുമായി ഞാനയാൾക്ക് മുൻപിലേക്ക് വേച്ചു വേച്ചു നടക്കാൻ ശ്രമിക്കുമ്പോഴേക്കും അയാൾ എന്റെയരികിലേക്ക് ഓടിപ്പാഞ്ഞെടുത്തു .
” എന്താ ഹൃതിക ഇത്, ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ റസ്റ്റ് എടുക്കാൻ, കിടന്നോളു കുറച്ച് കഴിയുമ്പോൾ മരുന്ന് എടുത്ത് തരാം ”
എന്നേ താങ്ങി പിടിച്ചവൻ ബെഡിൽ കിടത്തുമ്പോഴും ഉള്ളിൽ ഒരായിരം സംശയങ്ങൾ നുരഞ്ഞു പൊന്തിയിരുന്നു,
“ഞാൻ….. എന്റെ പേര്,…. എന്റെ പേര് ഹൃതിക എന്നായിരുന്നോ? ഇയാൾ ഇയാളെന്റെ ഭർത്താവാണോ? ഞാനിപ്പോൾ എന്റെ വീട്ടിൽ അല്ലേ ഉള്ളത്? ”
എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു, തൊണ്ടക്കുഴിയിൽ നിന്നും ഒരക്ഷരം പോലും പുറത്തേക്കടർന്നു വീണില്ലെന്ന് മാത്രമല്ല അയാളുടെ കരുതലിലും വിലക്കലിലും അനുസരണയുള്ള ഒരു കുഞ്ഞു കുട്ടിയായി മാറിപ്പോകുകയിരുന്നു ഞാൻ
ആകെ ഓർമയുള്ള മുഖം അയാളുടേത് മാത്രമാണ് , പിന്നീട് ഓർമയുള്ളത് ഹോസ്പിറ്റലിൽ എന്നേ പരിപാലിച്ച നേഴ്സ്, ക്ലീൻ ഷേവ് ചെയ്തു അങ്ങിങ്ങായി മുടി നരച്ച കണ്ണട വെച്ച ഒരു നാല്പത്തിയഞ്ചോളം വയസ്സ് പ്രായം തോന്നിക്കുന്ന ഡോക്ടറിനെയും ആണ്, സ്കാനിംഗ് റിപ്പോർട്ട് നോക്കി ഡോക്ടർ അയാളോട് പറയുന്നത് അവ്യക്തമായാണേലും ഞാൻ കേട്ടതാണ്
” ബ്രെയിൻ ന് ഇൻജുറി ഉള്ളതുകൊണ്ട് ഭൂതകാലമെല്ലാം ഓർമയിൽ ഉണ്ടാകണം എന്നില്ല, അച്ഛൻ, അമ്മ, സുഹൃത്തുക്കൾ, എന്തിനേറെ സ്വന്തം പേര് പോലും ഓർമയിൽ ഉണ്ടാകില്ല, നിങ്ങൾ വേണം എല്ലാം ശരിയാക്കാൻ ”
എന്തിനെന്നില്ലാതെ അയാളുടെ കണ്ണുകൾ വിതുമ്പാൻ നിൽക്കുന്നത് കണ്ടപ്പോൾ എന്തിനായിരുന്നു അതെന്നു എനിക്ക് അപ്പോഴും മനസ്സിലായിരുന്നില്ല, ആകാംഷയോടെ അയാൾ ഡോക്ടറിനോടായത് ചോദിക്കുന്നുണ്ടായിരുന്നു…
” ഡോക്ടർ, എന്റെ…. എന്റെ ഹൃതിക്ക് ഒരിക്കലും ഇനി ഓർമ തിരിച്ചു കിട്ടില്ലേ….. ” എന്ന്
അയാളെ തോളിൽ തട്ടി ആശ്വസിപ്പിക്കും വിധത്തിൽ, നമുക്ക് ശ്രമിക്കാം ആദിയെന്ന് പറയുമ്പോഴും പാതി വിരിഞ്ഞ ഡോക്ടറുടെ പുഞ്ചിരിയിൽ നീണ്ടൊരു നിരാശയുടെ നിഴൽവെട്ടം നന്നേ കണ്ടതാണ് ഞാൻ…
അപ്പോഴും ഞാനറിഞ്ഞിരുന്നില്ല എന്നേ കുറിച്ച് ആയിരുന്നു അവർ സംസാരിച്ചത് എന്ന്, ഒരിക്കലും ഓർത്തെടുക്കാനാവാത്ത ഭൂതകാലത്തിലേക്ക് എന്നേ തള്ളിയിട്ടതാരാണ്, ഇതെന്ത് വിധി, തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം അപരിചിതരെ പോലെ കാണേണ്ട അവസ്ഥ, ലോകത്ത് ഒരാൾക്കും അങ്ങനെ ഒരവസ്ഥ ഉണ്ടാകല്ലേ ഈശ്വരാ എന്ന് മാത്രമായിരുന്നു ഉള്ളിലെ പ്രാർത്ഥന….
ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോഴേക്കും അയാൾ ഒരു പാത്രത്തിൽ നിറയെ ചൂടുവെള്ളവുമായി മുറിയിലേക്ക് കടന്നു വന്നു, എന്തിനെന്ന അർത്ഥത്തിൽ ഞാനയാളെ നോക്കിയപ്പോൾ,
” തോളിലെ ചതവിൽ ആവി പിടിക്കണം ന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് ”
അയാളത് പറഞ്ഞപ്പോഴാണ് തോളിലുള്ള നീര് ഞാൻ ശ്രദ്ധിക്കുന്നത് തന്നെ, മേലാകെ തളർന്നിരിക്കുമ്പോഴും ഉള്ളിലൂടെ എന്തോ ഒരു മരവിപ്പ് കടന്നു പോയി, എന്റെ പള്ളയ്ക്കടിയിലൂടെ അയാൾ കയ്യിട്ട് എന്നേ താങ്ങി ചാരി കിടന്ന തലയിണയിലേക്ക് തലയെടുത്തു വെച്ചപ്പോൾ ഉള്ളിൽ പെട്ടെന്നൊരു ഞെട്ടലനുഭവപ്പെട്ടു, ഇയാൾ ശരിക്കും എന്റെ ഭർത്താവ് തന്നെയാണോ എന്ന ചോദ്യം പിന്നെയും പിന്നെയും എന്നേ അലട്ടിക്കൊണ്ടിരുന്നു…
തുണി ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ് തോളിൽ നിന്നും നൈറ്റി മാറ്റി ബ്രായുടെ വള്ളിയിൽ അയാളുടെ വിരൽ സ്പർശമേറ്റപ്പോഴേക്കും ഞാനാ കൈകൾ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു,
” ഞാൻ ചെയ്തോളാം ” എന്ന്
വേദന നിറഞ്ഞ അവന്റെ കണ്ണുകളിൽ നിന്ന് ഒരിറ്റ് നീര് വീഴാൻ പാകത്തിൽ നിൽക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു, എന്റെ തോളിൽ നിന്നും കണ്ണടർത്തി മാറ്റി മുറിയിലേ എന്തൊക്കെയോ അലസമായി തിരയുകയായിരുന്നു അവൻ, ആ കണ്ണുകളെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാനത്രെമേൽ പ്രിയപ്പെട്ടവളാണ് അവന് എന്ന്, എങ്കിലും അതങ്ങീകരിക്കാൻ എന്റെ മനസ്സ് മാത്രം തയ്യാറാകുന്നില്ല എന്നതാണ് യാഥാർഥ്യം, എനിക്കയാൾ ഒരപരിചിതൻ മാത്രമായിരുന്നു അന്നേരം അലമാരിയിൽ നിന്ന് നീല നിറത്തിൽ ഉള്ള നൈറ്റി എടുത്തവൻ കട്ടിലിലേക്ക് ഇട്ടു..
“കുളി കഴിഞ്ഞാൽ ഇതെടുത്ത് ഉടുത്താൽ മതി ” എന്നും പറഞ്ഞു മുറി വിട്ടിറങ്ങിയ മുഖം വാടിക്കലങ്ങിയത് കണ്ടപ്പോൾ എന്തോ തെറ്റ് ചെയ്ത പോലൊരു പ്രതീതിയുളവായതാണ് മനസ്സിലന്നേരം, മുറി വിട്ടിറങ്ങുന്ന അവനോടായി ഞാൻ പറഞ്ഞു
” എനിക്ക് എന്റെ അമ്മയെ ഒന്ന് കാണണം ” എന്ന്
കേട്ടിട്ടും കേൾക്കാത്ത പോലെയവൻ പോയപ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചാണ് വന്നത്
ഒരു വെള്ളത്തോർത്തും കയ്യിലൊരു കുപ്പിയിൽ എണ്ണയുമായി അവൻ വീണ്ടും കടന്നു വന്നു, മേശയ്ക്ക് മുകളിലത് വച്ചിട്ട് എന്റെ അരികിലായവൻ വന്നിരുന്നിട്ട് പറഞ്ഞു
“അമ്മയും അച്ഛനും ബഹ്റൈൻ ൽ അല്ലേ, കുളി കഴിഞ്ഞു നമുക്ക് വീഡിയോ കോൾ ചെയ്യാം ട്ടോ, ഇപ്പോൾ ഈ എണ്ണ തേക്ക് ”
വാത്സല്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയ അവന്റെ കണ്ണിലെ തിളക്കം കണ്ടപ്പോൾ ഈ ഭൂമിയിൽ എനിക്കാരോക്കെയോ ഉണ്ടെന്ന തോന്നലുള്ളിൽ ഉളവായി…
കയ്യിൽ എണ്ണയെടുത്തു തലയിൽ തേക്കുമ്പോൾ തോളിനു വല്ലാത്ത വേദന പോലെ തോന്നി , എന്റെ മുഖത്ത് ആ വേദന പ്രതിഫലിച്ചു കണ്ടതിനാലാവണം എണ്ണയവൻ കൈകളിലെടുത്ത് എന്റെ തലയിലേക്ക് പുരട്ടി തന്നത്, ഇത്തവണ അനുസരണക്കേട് കാട്ടാതെ ഞാൻ അറിയാതെ ഇരുന്നുകൊടുക്കുകയായിരുന്നു എന്നതാണ് സത്യം,
കുളിമുറിയിലേക്ക് കടക്കുന്നത് വരേ അവനെന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു, വാതിൽക്കൽ എത്തിയപ്പോൾ ഞാനൊന്ന് തിരിഞ്ഞ് നോക്കി, എന്റെ മനസ്സ് വായിച്ചെടുത്തെന്നോണം നേർത്ത പുഞ്ചിരിയോടെയവനെന്നോട് പറയുന്നുണ്ടായിരുന്നു
” പേടിക്കേണ്ട ഞാനുള്ളിലേക്ക് വരില്ല, വാതിൽ കുറ്റി ഇടാതെ ഇരുന്നാൽ മതി “എന്ന്
നേർത്തയൊരു ചമ്മലോടെ ഞാൻ ഉള്ളിലേക്ക് കയറി, എനിക്ക് ഇരുന്ന് കുളിക്കാൻ വേണ്ടി നേരത്തെ തന്നെയവൻ സ്റ്റൂൾ കൊണ്ടിട്ടിട്ടുണ്ടായിരുന്നു, അതിൽ കയറിയിരുന്നു കൊണ്ട് ഞാൻ കുളി തുടങ്ങി, ഇടയ്ക്ക് ബാലൻസ് കിട്ടാതെ എന്റെ കൈ തട്ടി ബക്കറ്റ് കാലിലേക്ക് മറിഞ്ഞു വീണപ്പോൾ ശബ്ദം കേട്ടവൻ ഉള്ളിലേക്ക് വന്നു, ഒരു ഒറ്റമുണ്ട് മേലാട പോലെയണിഞ്ഞിരുന്ന ഞാൻ എന്റെ ഇരുകൈകളും കൊണ്ട് മാറ് മറച്ചവനെ നോക്കിയപ്പോൾ സത്യത്തിൽ ചിരിയാണ് എനിക്ക് വന്നത്, എന്റെ ചുരിദാറിന്റെ ഷോൾ എടുത്ത് കണ്ണിൽ കെട്ടിയിട്ടാണ് മൂപ്പര് ഉള്ളിലേക്ക് കടന്നു വന്നത്, പിന്നീട് വെള്ളം കോരി ഒഴിച്ചു തന്നതും തലയിൽ സോപ്പിട്ടു തന്നതും ഒക്കെ അവനായിരുന്നു, കുളി കഴിഞ്ഞ് തോർത്തി മുറിയിലേക്ക് കടന്നു വന്നിട്ടും അവനാ കെട്ട് അഴിച്ചിരുന്നില്ല, ഉടുപ്പ് മാറ്റി ഇട്ട് ഞാനാണ് ആ കെട്ട് അഴിച്ചു മാറ്റിയത്.
അവൻ പറഞ്ഞ വാക്ക് പാലിച്ചു എന്റെ അച്ഛനെയും അമ്മയെയും വീഡിയോ കോളിൽ ഇട്ട് തന്നു, അതിന് മുൻപ് സ്ക്രീനിൽ എന്റെ വികൃതമായ മുഖം കണ്ടപ്പോൾ വല്ലാത്തൊരു മരവിപ്പ് ആണെനിക്ക് ഉള്ളിൽ തോന്നിയത് ഞാനിത്രക്ക് വിരൂപയാണോ മുഖത്തെ ഒരു വശം പാണ്ഡു പിടിച്ച് അത് നേരെ കഴുത്തിലേക്ക് ഊർന്നിറങ്ങിയിട്ടുണ്ട്. ഒരു വെള്ള ടൈലിലേക്ക് ചായപ്പാത്രത്തിലെ ചായ തട്ടി വീണ പോലെ, പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കാനേ പോയില്ല, തീർത്തും അപരിചിതരായി തോന്നിയെങ്കിലും അവരെ കണ്ടപ്പോൾ എന്റേതെന്നു തോന്നിയവരോട് സംസാരിക്കും പോലെ വാ തോരാതെ ഞാനവരോട് സംസാരിച്ചപ്പോൾ ഞാനറിയാതെ തന്നെ എന്റെ കണ്ണാകെ നിറഞ്ഞൊഴുകി, എനിക്കെന്താണ് സംഭവിച്ചതെന്ന് അവരോടാണ് ഞാൻ ചോദിച്ചു മനസ്സിലാക്കുന്നത്..
ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ എറണാകുളത്തേക്ക് പോയതാണ്, റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി വന്ന ഒരു കാർ എന്നേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നമ്മ പറയുമ്പോൾ അമ്മയുടെ വാക്കുകൾ പതറിപ്പോകുന്നത് ഞാൻ ശ്രദ്ധിച്ചു, ആദിയെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നെന്നും അവന്റെ വീട്ടിൽ സമ്മതിക്കാത്ത കാരണം അവൻ നിന്നെയും കൊണ്ട് വേറെ വീടെടുത്തു താമസിക്കുകയായിരുന്നു എന്നും അമ്മ പറഞ്ഞു…
അത് കേട്ടപ്പോൾ മുതൽ ഉള്ളിലൊരു അസ്വസ്ഥത ആയിരുന്നു, എനിക്ക് വേണ്ടി ജന്മം തന്നവരെ ഉപേക്ഷിക്കുവാൻ മാത്രം എന്ത് പ്രത്യേകതയാണ് എന്നിൽ ഉള്ളത് എന്നറിയാൻ ഉള്ളിൽ വെമ്പൽ പൂണ്ടതാണന്നേരം, പക്ഷെ അവനോട് ചോദിക്കാൻ ഉള്ള മടി കൊണ്ട് ഒന്നും ചോദിച്ചില്ല..
വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് ഈ വീട്ടിൽ മുഖം നോക്കാൻ ഒരു കണ്ണാടി ഇല്ല, അല്ല അവൻ മനപ്പൂർവം കൊണ്ട് വെക്കാത്തതാണ് എന്റെ പ്രതിബിംബം ഞാൻ കാണാതിരിക്കാൻ, എന്റെ മനസ്സ് വേദനിക്കാതിരിക്കാൻ, ഒരു കണ്ണാടി തപ്പി ആ വീടാകെ ഞാനലഞ്ഞു നടന്നു അവസാനം വീടിന്റെ പിന്നാമ്പുറത്തെ മൂലക്ക് നിന്നും ഒരു പൊട്ടിയ കണ്ണാടി ചില്ലെനിക്ക് കിട്ടി, എന്റെ സ്വരൂപം ഒരിക്കൽ കൂടി ഞാൻ കണ്ടപ്പോൾ ഹൃദയ ഭാരം കൂടിയത് പോലെ തോന്നി, മുഖത്തെ പാണ്ഡിനെ കുറിച്ച് ചോദിച്ചപ്പോൾ മരുന്നിന്റെ ഇൻഫെക്ഷൻ കാരണം സംഭവിച്ചതാണ് എന്നാണ് അമ്മയെന്നോട് പറഞ്ഞത്, എന്നാലും എന്നേക്കാൾ എത്രയോ ഭേദമുള്ള പെൺകുട്ടികളെ അവന് കിട്ടും എന്നിട്ടും എന്തിനവൻ എന്നേ തിരഞ്ഞെടുത്തു, ഒന്നിനും കൊള്ളാത്ത എന്നേ ആരുമല്ല അറിയില്ല എന്ന് പറഞ്ഞവന് ഉപേക്ഷിക്കാമായിരുന്നു, എന്ത് കൊണ്ടവനത് ചെയ്തില്ല, ഇത്രമാത്രം സ്നേഹിക്കാൻ എന്നിൽ എന്താണ് ഉള്ളത് എന്നറിയാൻ ഉള്ള പൂതി കൂടിക്കൂടി വന്നു..
മുറിയ്ക്കുള്ളിലെ പെയിന്റിംഗ്സും സെറ്റിയും, ഉമ്മറത്തുള്ള പൂന്തോട്ടവും എല്ലാം ഞാൻ ചുറ്റി നടന്നു കണ്ടു, എല്ലാം എല്ലാം തനിക്ക് പ്രിയപ്പെട്ട നിറങ്ങളും വസ്തുക്കളും ആണെന്ന് തോന്നിയന്നേരം,
അപ്പോഴേക്കും ഇവയെക്കാൾ എല്ലാം പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു തനിക്കവൻ, ഉമ്മറത്തുള്ള പൂന്തോട്ടം നിറയെ ചുവന്ന കടലാസ്സ് റോസുകളാൽ സമ്പന്നമായിരുന്നു, വേലിക്കലെ ചെമ്പരത്തിപ്പൂവിന് ചുറ്റും ചിത്രശലഭങ്ങൾ പാറി നടക്കുന്നുണ്ടായിരുന്നു..
അവനപ്പോഴും പുറത്ത് അയയിൽ ഞാൻ മാറിയിട്ട ഉടുപ്പും അടിവസ്ത്രങ്ങളും കഴുകി തിരുമ്മി അയയിലേക്ക് കോർത്തിടുന്നുണ്ടായിരുന്നു, അടിപ്പാവടയൊന്നു കുടഞ്ഞുകൊണ്ട് എന്റെ മുഖത്ത് നോക്കിയവനൊന്ന് പുഞ്ചിരിച്ചപ്പോൾ ഉള്ളിലൊരു തരം ചമ്മലായിരുന്നു, ആഹ് എന്തിന് നാണിക്കണം സ്വന്തം ഭാര്യയല്ലേ എന്നുള്ളിൽ പറഞ്ഞുകൊണ്ട് ഞാനകത്തേക്ക് പോയി…
ഭക്ഷണം പാകം ചെയ്ത് അവൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നേ വല്ലാത്തൊരു ഏകാന്തതയാണ്, എന്തേലും വാങ്ങിക്കണമെങ്കിൽ എന്റെ Atm കാർഡ് വാങ്ങിക്കൊണ്ടാണ് അവൻ പുറത്തേക്ക് പോകാറുള്ളത്… അപ്പോഴാണെനിക്ക് മനസ്സിലായത് എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് ഉം അതിൽ നാലഞ്ച് ലക്ഷം രൂപയും ഉണ്ടായിരുന്നു എന്ന കാര്യം.. ഇനി അവനെന്നെ വിലക്ക് വാങ്ങിയതാണോ, ആദ്യമായ് എന്റെ കണ്ണിൽ സംശയത്തിന്റെ നിഴലനക്കം ഉണ്ടായി, എന്റെ സ്വത്തുക്കൾ കണ്ട് പിറകെ കൂടിയതായിരിക്കുമോ അവൻ? ഈ സ്നേഹപ്രകടനങ്ങൾ എല്ലാം എല്ലാമൊരു അഭിനയം മാത്രമാണോ? പക്ഷെ ആ ചിന്തകൾക്കെല്ലാം വെറും പത്ത് മിനിറ്റ് ന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യവും
രാത്രിയായപ്പോൾ അത്താഴം കഴിഞ്ഞ് അവൻ നേരെ ചെന്നത് റൂമിലേക്ക് ആണ് കിടക്കവിരിയും തലയിണയും നേരെയാക്കി അവനെന്റെ മുഖത്ത് നോക്കി ചോദിച്ചു കിടക്കുന്നില്ലേ എന്ന്, എന്തോ ഭയം തോന്നിയെങ്കിലും കിടക്കുമ്പോൾ അവൻ അപ്പുറത്ത് ഉള്ളത് ആശ്വാസം തന്നെയാണ് എന്നെനിക്ക് തോന്നിയതാണന്നേരം, പക്ഷെ എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചാണവൻ റൂമിൽ നിന്ന് തലയിണയും പൊക്കിയെടുത്ത് കൊണ്ട് സോഫയിൽ വന്നു കിടന്നത്..
ലൈറ്റ് ഓഫ് ആയതും എന്റെ കിളി പറന്നു പോയതും ഒരുമിച്ചായിരുന്നു പേടിച്ചു പേടിച്ചു കുറച്ച് നേരം ഞാൻ തള്ളി നീക്കി, രണ്ടും കല്പ്പിച്ചു ഞാൻ ലൈറ്റിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിചെന്നതും ചോദ്യഭാവത്തിൽ അവനെന്നെയൊന്നു നോക്കി…
” എ…. എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ്, മു…. മുറിയിൽ വന്നു കിടക്കാമോ? ”
ചോദ്യം കേട്ടതും അവന്റെ ചുണ്ടിൽ നേർത്തൊരു മന്ദഹാസം പടർന്ന് കയറുന്നത് ഞാൻ കാണാത്ത പോലെ നടിച്ചു, അടിയിൽ എനിക്കായാണ് ഞാൻ പായ വിരിച്ചു തലയിണയിട്ടത്, അവനതിൽ ചോദ്യോത്തരങ്ങൾക്കൊന്നും ഇടവരുത്താതെ കമിഴ്ന്നടിച്ചു കിടന്നു..
മുകളിൽ കയറിക്കിടക്കുന്നതോണ്ട് എനിക്ക് വിരോധം ഒന്നുമില്ല കേട്ടോ എന്ന് ഞാൻ പറയാനാഗ്രഹിച്ച വാക്കുകൾ അപ്പാടെ വെള്ളം തൊടാതങ്ങു വിഴുങ്ങി കിടന്നുറങ്ങുകയായിരുന്നു ഞാൻ..
പലപ്പോഴും ഞാനാവനോട് ദേഷ്യപ്പെട്ടു പെരുമാറാറുണ്ട്, എന്നേ കുറിച്ച് തന്നെയോർത്ത് അമർഷം പൂണ്ട് എന്റെ കലിയെല്ലാം വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു അവനെ മനപ്പൂർവം വേദനിപ്പിക്കാറുണ്ട്, എങ്കിലും അവന്റെ ചുണ്ടിലെയാ പുഞ്ചിരിക്ക് ഇന്നേവരെയൊരു കോട്ടവും സംഭവിട്ടില്ല, എന്തൊക്കെയോ ആലോചിച്ചു ദുഖിച്ചിരിക്കുമ്പോഴെല്ലാം അപ്പോഴും താങ്ങായി അവൻ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു, എന്റെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ തള്ളവിരലിലായിരിക്കും ആ നനവ് ചെന്നവസാനിക്കുക, അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്ന അവൻ എനിക്ക് വേണ്ടിയാന്നേരം വാചാലനാകാറുണ്ടൊരുപാട്
എന്നും വീട്ടിൽ അവനാണ് ഭക്ഷണം പാചകം ചെയ്യാറുള്ളത്,
അവൻ ചിരവയിൽ നാളികേരം ഇരുന്നു ചിരകുന്നതും, പച്ചക്കറിയരിയുന്നതും, പാത്രം കഴുകി വൃത്തിയാക്കുന്നതും എല്ലാം…… എല്ലാം ഞാൻ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്, അന്നൊരിക്കലവൻ കുടംപുളി ഇട്ട് വെച്ച വരാല് കറിയിൽ നിന്നും ഒരു കുടംപുളി പുറത്തേക്ക് എടുത്ത് എനിക്ക് നീട്ടി, വേണ്ടെന്ന് പറഞ്ഞപ്പോൾ അത് ചുണ്ടോട് ചേർത്തവൻ പുളിയിറക്കുന്നത് കണ്ടപ്പോൾ എന്റെ വായിൽ നിന്നും വെള്ളമൂറിയിറങ്ങിയതാണ്, അവൻ ഈമ്പി വെച്ച കുടംപുളി കഷ്ണം പിഞ്ഞാണത്തിന് മേലെ വച്ചിട്ടവൻ അരി വെന്തോ എന്ന് നോക്കാൻ പോയി, കൊതിയോടെ ഞാനത് പെട്ടെന്ന് എടുത്തു വായിലിട്ടതും അവൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു,
“എങ്ങനെയുണ്ട് നല്ല രസമില്ലേ ”
ഈശ്വരാ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിൽ അവന് മുൻപിൽ ഇളിഭ്യയായി ഒന്നിരുന്നു കൊടുത്തേ ഉള്ളോ ഞാൻ , നാട് ചുറ്റി കാണിക്കാനും സുഹൃത്തുക്കളുടെ വീട്ടിൽ പോകുമ്പോഴും മറ്റെന്തു പരിപാടിക്ക് പോകുമ്പോഴും സാരിയും ചുറ്റി ഉടുപ്പിച്ചു അണിയിച്ചൊരുക്കി അവനെന്നെയും കൂടെ കൂട്ടാറുണ്ട്, എല്ലാവരെയും അവനെനിക്ക് പരിചയപ്പെടുത്തി തരാറുണ്ട്, അവരുടെ മുൻപിൽ വച്ച്, ഇത് ഹൃതിക എന്റെ ഒരോയൊരു ഭാര്യ എന്ന് അഭിമാനത്തോടെയവൻ പറയുമ്പോൾ എന്തെന്നില്ലാതെ എന്റെ കണ്ണുകൾ നിറയാറുണ്ട്
ദിവസങ്ങൾ കടന്നു പോയി, സ്വന്തമായി എല്ലാം ചെയ്യാനുള്ള ശേഷിയായിട്ടും എന്തിനെന്നില്ലാതെ ഞാനവനെ ആശ്രയിച്ചു കൊണ്ടേ ഇരുന്നു, നമ്മുടെ പ്രണയം അതെങ്ങനെ ആയിരുന്നു എന്നവനോട് ചോദിക്കാൻ പലതവണ മനസ്സ് വെമ്പിയപ്പോഴും ചോദിക്കാൻ മടി തോന്നി, സത്യത്തിൽ ഓർക്കുമ്പോൾ തന്നെ നാണം ആയിരുന്നു, എന്തെന്നാൽ അപ്പോഴേക്കും അവനെ ഒരിക്കൽ കൂടെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു..
അവന് പ്രിയപ്പെട്ടതെല്ലാം എനിക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു, അവനൊപ്പം ഉള്ളപ്പോൾ എന്റെ ഭൂതകാലത്തെ കുറിച്ചുള്ള ആശങ്കകൾ തെല്ല് പോലും അലട്ടിയിട്ടില്ലായിരുന്നു
ഷെൽഫിൽ ഇരുന്ന പുസ്തകങ്ങൾക്കിടയിൽ അവനെഴുതിയിട്ട ലേഖനങ്ങൾ, ഓരോ കുറിപ്പുകളും മാറി മാറി വായിച്ചു അതിലെ ഓരോ കഥാപാത്രങ്ങളോടും എന്തെന്നില്ലാത്ത അസൂയ തോന്നിയെനിക്ക് അവന്റെ ഭാവനകൾക്ക് അവന്റെ മനസ്സിനോളം സൗന്ദര്യമുണ്ടായിരുന്നു, അതിലെ ഓരോ കഥാപാത്രങ്ങൾക്കും ജീവനുള്ളത് പോലെ തോന്നിയിരുന്നു..
അങ്ങനെയിരിക്കുമ്പോഴാണ് അടുക്കി വെച്ചിരുന്ന പുസ്തകക്കെട്ടിനിടയിൽ ആ ഡയറി ഞാൻ കാണുന്നത്, തുറന്ന് നോക്കിയപ്പോഴാണ് മനസിലായത് ഞാനെഴുതിയായിരുന്ന എന്റെ സ്വന്തം ഡയറി ആയിരുന്നു അത് എന്ന്..
ആർത്തിയോടെ ഞാനതെടുത്തു നെഞ്ചോടു ചേർത്തു , എന്റെ ഭൂതകാലത്തേക്കാളുമുപരി ഞങ്ങൾ തമ്മിലുള്ള പ്രണയരംഗങ്ങൾ തിരയുകയായിരുന്നു ഞാൻ, അക്ഷമയായി ഞാൻ ഓരോ അക്ഷരങ്ങളും വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അവന്റെ മാസ്സ് എൻട്രി എങ്ങനെയായിരിക്കും എന്ന് മാത്രമായിരുന്നു ഉള്ളിലെ ചിന്ത…….. ആകാംക്ഷയോടെ ഞാനാ ഡയറി മെല്ലെ മറിച്ചു നോക്കി
കോളേജിലെ അദ്ധ്യയന വർഷാരംഭത്തിൽ മികച്ചൊരു ഏറ്റുമുട്ടലിൽ ആയിരുന്നു ആ പ്രണയത്തിന്റെ തുടക്കം, ബസിന് പിറകിൽ ശല്യമാണെന്ന് തോന്നിയ ഒരു വൃദ്ധന് നേരെ ഓങ്ങിയ എന്റെ കൈകളെ വട്ടം കേറി പിടിച്ചു കൊണ്ടായിരുന്നു അവനെന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്, ആ വൃദ്ധൻ അന്ധനായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് ആൾക്കൂട്ടത്തിൽ വച്ച് എന്നേ കണ്ണ് പൊട്ടുന്ന കണക്കിന് ശകാരിച്ച അവനോട് തോന്നിയ അമർഷം, പിന്നീട് അവൻ സ്വന്തം ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നത് എന്നറിഞ്ഞപ്പോൾ മുതൽ അരിച്ചു കയറിയ കോപം, ഇതെല്ലാം അവനോട് നേരിൽ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഉള്ളിലങ്ങനെ പൊട്ടിത്തെറിക്കാൻ പാകത്തിന് കെട്ടികിടക്കുന്നുണ്ടായിരുന്നു, നാട്ടിലെ പ്രമാണിയുടെ മകളും പോരാത്തേന് ഏതൊരു ആണിനേയും ആകർഷിച്ചേക്കാവുന്ന സൗന്ദര്യം ഇതെല്ലാം കണ്ടിട്ടായിരിക്കണം പിറകെ നടക്കാൻ ആവശ്യത്തിലധികം ആണുങ്ങൾ ഉണ്ടായിരുന്നു, പിറകെ നടന്നിട്ടുള്ള പൂവാലന്മാർക്ക് പിറകിൽ ഒരെണ്ണം കൂടെ കൂടുതൽ ഉണ്ടെന്ന് അറിഞ്ഞത് ചെല്ലുന്നിടത്തെല്ലാം അവന്റെ ഇളിച്ച മോന്ത കാണാൻ തുടങ്ങിയതിൽ പിന്നെയാണ്..
പിറകിലൂടെ ഒലിപ്പിച്ചു നടക്കുമ്പോഴും എന്നോട് ഇഷ്ട്ടമാണ് എന്ന് പറയുന്ന ആ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരുന്നു, എന്തിനെന്നോ എനിക്ക് പ്രതികാരം ചെയ്യണമായിരുന്നു അവനോട് നാലാളുടെ മുൻപിൽ വച്ചെന്നെ കൊച്ചാക്കി വിട്ട അവനെ പബ്ലിക് ആയി തന്നെ നാണം കെടുത്തണം എന്നത് എന്റെയൊരു വാശിയായിരുന്നു……………
അങ്ങനെ ഒരു ദിവസം ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അവനെന്റെ അരികിൽ വന്നെന്നോട് അവന്റെ ഇഷ്ട്ടം പറഞ്ഞു, കൂട്ടുകാരികളോടോത്തു അവന്റെ തൊലിയുരിച്ചു വിട്ടെന്നു മാത്രമല്ല, നാലാളുടെ മുൻപിൽ അവന്റെ തല കുമ്പിട്ട് നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി, എന്റെ കോപം മുഴുവനും അവന്റെ മുമ്പിൽ അലറി തീർത്തപ്പോഴും, കാത് കേൾക്കാത്ത പൊട്ടനെ പോലെയെന്നേ നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രമായിരുന്നു അവനും ചെയ്തത്
വെയിലും മഴയും അവനൊരു പ്രശ്നമേ ആയിരുന്നില്ല, വാലാട്ടി പട്ടിയായി അവനെ പിറകെ നടത്താൻ എനിക്കും എന്റെ കൂട്ടുകാരികൾക്കും ഉണ്ടായിരുന്ന ഉത്സാഹത്തിന് തെല്ല് പോലും കുറവുണ്ടായിരുന്നില്ല, ഒരു ദിവസം കോളേജ് വിട്ട് വീട്ടിൽ പോകും വഴിയാണ്, പുറത്ത് നല്ല മഴയുണ്ടായിരുന്നു, ബസ് സ്റ്റോപ്പിലേക്കെത്താൻ അര കിലോമീറ്റർ ദൂരത്തോളം നടക്കണം. കോളേജ് ലേക്ക് ഇറങ്ങുമ്പോൾ കുടയെടുക്കാൻ മറന്നു എന്നാണ് ഞാൻ വിചാരിച്ചിരുന്നത്, പക്ഷെ ബാഗ് തുറന്നപ്പോൾ ഉള്ളിൽ കൂടെയുണ്ടായിരുന്നു ഇന്നെങ്കിലും അവന്റെ ശല്യമില്ലാതെ നടന്നു പോകാമല്ലോ എന്ന് കരുതി കോളജിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ കോരിച്ചൊരിയുന്ന മഴയും കൊണ്ടവൻ എന്റെ പിറകെ തന്നെ കൂടിയതാണ്, അവന്റെ മുഖത്ത് നോക്കി ആവശ്യത്തിലധികം പുച്ഛം വാരി വിതറിയിട്ടോണ്ട് ഞാൻ നടന്നു നീങ്ങി, വീട്ടിൽ എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് ആ കുട അത് എന്റെ അല്ലായിരുന്നു എന്ന്……. അത് അവന്റെയായിരുന്നു എന്നും ഞാനറിയാതെ അവനതെടുത്ത് എന്റെ ഇട്ടതാണ് എന്നും മനസ്സിലാക്കാൻ അധികം സമയമൊന്നും വേണ്ടി വന്നില്ലായിരുന്നു എനിക്ക്
എന്നാലും അവനോട് അങ്ങനെ പെരുമാറിയതിൽ ഒരല്പം പോലും ദുഃഖം തോന്നിയിരുന്നില്ല എനിക്ക്, എന്റെ പ്രീതി പിടിച്ചു പറ്റാനും ഉള്ളിൽ എന്റെയുള്ളിൽ സഹതാപ തരംഗം സൃഷ്ടിച്ചെടുക്കാനുമുള്ള അവന്റെ അടവുകൾ ആണിതെന്ന് ഞാൻ സ്വയം വിശ്വസിച്ചു, പിറ്റേ ദിവസം ക്ലാസ്സിൽ പോകും വഴി ബസ് സ്റ്റോപ്പിൽ വച്ച് ആ കുട അവന് മുൻപിൽ വലിച്ചെറിഞ്ഞു കൊണ്ട് നിന്റെ ഈ അടവുകൾ ഒക്കെ ചിലവാകുന്നിടത്ത് പ്രയോഗിച്ചാൽ മതി ഇങ്ങനെയുള്ള ചീപ് ഷോയിലൊന്നും മയങ്ങിവീഴുന്ന പെണ്ണല്ല ഈ ഹൃതിക എന്നൊരു ഡയലോഗും കാച്ചി തിരിച്ചു നടക്കുമ്പോൾ എന്റെ കൂട്ടുകാരികൾ ഒന്നടങ്കം പറഞ്ഞു.
“കണക്കായിപ്പോയി അൽപ്പം കുറഞ്ഞെങ്കിലെ ഉള്ളോ” എന്ന് , അത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ നേർത്തയൊരു പുഞ്ചിരിയോടെ വീണ്ടും അവനെന്റെ പിറകിൽ കൂടിയപ്പോൾ ഞാനറിയാതെ തന്നെ എന്റെ കഴുത്ത് അവന് നേരെ ഇടയ്ക്കിടയ്ക്ക് വെട്ടിച്ചെരിഞ്ഞുകൊണ്ടിരുന്നത് എന്തിനാണെന്ന് എനിക്ക് അപ്പോഴും മനസ്സിലായിരുന്നില്ല………………
ലൈബ്രറിയിലും, കാന്റീൻ ലും, എന്തിനേറെ പ്രിൻസിപ്പൽ ന്റെ ഓഫീസ് ലേക്ക് പോകുമ്പോഴും അവനെന്റെ നിഴൽ പോലെ പിറകെ കൂടിയപ്പോൾ ഉള്ളിൽ സഹതാപം മാത്രമാണ് തോന്നിയത്, അങ്ങനെ ആദ്യമായിട്ടൊരല്പം ദയവ് തോന്നിയപ്പോൾ ആണ് അവനോടായി ഞാനത് ചോദിച്ചത്
” എടൊ താൻ പഠിക്കാൻ അല്ലേ ഇങ്ങോട്ട് വരുന്നത്? ” എന്ന്
“അല്ല ” ആ മറുപടി കേട്ടപ്പോൾ ഞാനാകെ അയ്യട എന്നായി പോയി
“പിന്നേ ? ”
” തന്നെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ കോളേജിലേക്ക് വരുന്നത്, അല്ലാതെ പഠിക്കാൻ വേണ്ടിയിട്ടൊന്നുമല്ല ” എന്ന അവന്റെ ആ മറുപടി കേട്ടപ്പോൾ ഉള്ളിലെ ദേഷ്യം കെട്ടടങ്ങാൻ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു,
അവനെ പറ്റി ആദ്യമായി അന്വേഷണം നടത്തിയപ്പോൾ മനസ്സിലായി അവന് എന്നോട് ഇഷ്ട്ടം തോന്നിത്തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല എന്ന്, ഞാൻ ഒറ്റ ഒരാൾ കാരണമാണ് അവൻ ഇവിടെ പഠിക്കാനായി വന്നത് എന്ന്, ചെറുപ്പം മുതലേ നൃത്തം പരിശീലിക്കുന്നിടത്ത് മുതൽ ശ്രദ്ധിക്കുന്നതാണ് അവനെന്നെ, പല സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ടെങ്കിലും ചിലങ്കയണിഞ്ഞു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അവന്റെ കയ്യിൽ ഉള്ളത്രയും എന്റേൽ കാണില്ല എന്നറിഞ്ഞത് ക്ലാസ്സിലുള്ള ഒപ്പം പഠിക്കുന്ന കുട്ടികളുടെ സംസാരത്തിൽ നിന്നാണ്,
പിന്നീടൊക്കെ പിറകെ നടക്കുമെങ്കിലും ദേഷ്യപ്പെടാറില്ല ഞാനവനോട്, അവനെന്നെ പിന്തുടരുന്നത് മെല്ലെ മെല്ലെ ആസ്വദിച്ചു തുടങ്ങിയിരുന്നു എന്നതാണ് സത്യം, അങ്ങനെയിരിക്കെ കോളേജ് ആനിവേഴ്സറി ഫങ്ക്ഷന് പ്രോഗ്രാം നടന്നുകൊണ്ടിരിക്കുമ്പോളാണ് അത് സംഭവിച്ചത്,
ഞങ്ങൾ ഡാൻസ് കളിച്ചു കൊണ്ടിരിക്കുമ്പോൾ സ്റ്റേജിനു സൈഡിൽ നിന്നുകൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ ഞങ്ങളെ നോക്കി കാണിക്കുന്നുണ്ടായിരുന്നു അവൻ ഞൊടിയിടയിലവൻ സ്റ്റേജിനുള്ളിലേക്ക് കേറി വന്ന് നേരെ എന്റെ കാലിലേക്ക് അടി തെറ്റി വീണപ്പോൾ എല്ലാവരും പറയുന്നുണ്ടായിരുന്നു അവൻ കുടിച്ചിട്ടാണ് വന്നത് മനപ്പൂർവം പ്രോഗ്രാം അലമ്പാക്കാൻ വേണ്ടിയാണു സ്റ്റേജിൽ കേറിയത് എന്ന്……..
എന്തോ ദേഷ്യവും സങ്കടവും ഒരുമിച്ചാണ് വന്നത്, കൂട്ടുകാരികൾ എല്ലാം കൂടെ എന്റെ കയ്യും പിടിച്ചു അവന്റെ അരികിലേക്ക് ഉറഞ്ഞു തുള്ളി ചെന്നു ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ എന്റെ ഉറ്റ സുഹൃത്ത് മായ അവന്റെ കരണം പുകച്ചൊരു അടിയാണ് അടിച്ചത്..
” നിനക്ക് നാണമാകില്ലേ, പ്രതികാരം ചെയ്യേണ്ടത് ഇങ്ങനെയല്ല, ഇവളെ ഇഷ്ടപ്പെടാനും മാത്രം എന്ത് യോഗ്യതയാണ് നിനക്ക് ഉള്ളത്, ഇവള്ടെ വീട് നീ കണ്ടിട്ടുണ്ടോ, ഇവള്ടെ തൊഴുത്തിന്റെ അത്രയേ വരൂ നിന്റെ വീട്, മേലാൽ ഇങ്ങനെ പിറകെ നടന്നു മോൻ സമയം കളയേണ്ട ഇനി ”
അവളത് പറഞ്ഞപ്പോൾ എന്റെ ചോര തിളച്ചു കയറിയത് എന്തിനായിരുന്നു എന്നെനിക്ക് അപ്പോഴും അറിയില്ലായിരുന്നു, കുമ്പിട്ട് നിന്ന അവന്റെ തല കണ്ടപ്പോൾ അവനോടൊരു തരി ദേഷ്യം പോലും മനസ്സിൽ തോന്നിയിരുന്നില്ല, മറിച്ച് മായയുടെ അറുത്തുമുറിച്ചുള്ള സംസാരത്തിനോട് വെറുപ്പ് തോന്നിയതാണ് അന്നേരം, എല്ലാം കണ്ടും കേട്ടും നിന്ന അവൻ ഒന്നിനും പ്രതികരിക്കാൻ നിന്നില്ല , നേരെ എന്റെ അരികിലേക്ക് വന്നു കൈ നീട്ടി പിടിച്ചു ആ കൈവെള്ളയിൽ കിടന്ന എന്റെ കമ്മലും പിരിയും ഉണ്ടായിരുന്നു അവന്റെ ഉള്ളംകയ്യിൽ, ഡാൻസ് കളിച്ചു കൊണ്ടിരിക്കുമ്പോൾ ഊരിപ്പോയതായിരുന്നു അത്
” കാലിൽ തറയ്ക്കേണ്ടന്ന് കരുതി എടുക്കാൻ കേറിയതാണ്, ഇന്നേ വരേ കുടിച്ചിട്ടില്ല, ഇനി ഇനിയൊരിക്കലും പിറകെ നടക്കാനും ശല്യം ചെയ്യാനും ഞാൻ വരില്ല ”
ചുരുങ്ങിയ വാക്കുകൾ കൊണ്ടവനത് പറഞ്ഞു കൊണ്ട് എന്നിൽ നിന്നകന്നു പോകുമ്പോൾ ഉള്ളിലൊരു നീറ്റലനുഭവപ്പെട്ടു ആദ്യമായിട്ട് അവന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് വെന്തുരുകിയത് എന്തിനായിരുന്നെന്നും എനിക്ക് മനസ്സിലായിരുന്നില്ല
പിന്നീടുള്ള ദിവസങ്ങളിൽ എന്തോ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്തു, അവനെ മിസ്സ് ചെയ്ത് തുടങ്ങിയപ്പോഴാണ് ഞാൻ സ്വയം മനസ്സിലാക്കിയത് എപ്പോഴൊക്കെയോ ഞാനും അവനെ സ്നേഹിച്ചിരുന്നു എന്ന്..
ക്ലാസ്സിലേക്കവൻ വരാതെ ആയി എന്നാലും അവനിരിക്കുന്നിടത്തേക്ക് വെറുതേയിടക്കങ്ങനെ തിരിഞ്ഞ് നോക്കാറുണ്ട് ഞാൻ, ആ ബെഞ്ചിൽ ഒഴിഞ്ഞു കിടക്കുന്നയിടത്ത് അവനുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകും ഇടയ്ക്ക്,
എന്നും പോകാറുള്ള ഇടങ്ങളിൽ അവനെ തിരഞ്ഞു നടന്നെങ്കിലും നിരാശയായിരുന്നു ഫലം..
അങ്ങനെയിരിക്കെ ആണ് റോഡിൽ വച്ച് അവിചാരിതമായി ഞാനവനെ കണ്ട് മുട്ടുന്നത്, എന്റെ മുഖത്ത് നോക്കി മെല്ലെയൊന്നു പുഞ്ചിരിച്ചു കൊണ്ട് എന്നേ ക്രോസ്സ് ചെയ്ത് പോകാൻ നിന്ന അവന്റെ കൈകളിൽ ഞാൻ പിടുത്തം ഇട്ടു
” കോളേജിലേക്ക് വരണം, എന്റെ പിറകെ നടക്കാൻ അല്ല പഠിക്കാൻ വേണ്ടി വരണം, ഇനിമുതലങ്ങോട്ട് ഒപ്പം നടക്കാൻ ഞാനുണ്ടാകും ഈ ജീവിതകാലം മുഴുവനായും കൂടെ ”
ലോകം കീഴടക്കിയ ആനന്ദത്തിൽ അവനെന്നെ കോരിയെടുത്തു വട്ടം കറങ്ങി,
ഓരോ വാക്കുകളും ആവേശത്തിലാണ് ഞാൻ വായിച്ചു തീർത്തത് നീണ്ട മൂന്ന് വർഷം ഞാനാസ്വദിച്ച പ്രണയനിർഭരമായ ഓരോ നിമിഷവും നേരിൽ കാണുന്ന പോലെ തോന്നിയെനിക്ക്
3 വർഷo മുഴുവനുമുള്ള ആ ഡയറി മൊത്തമായി വായിച്ചു തീർന്നതും ഞാനറിഞ്ഞ ആദിക്ക് ഒരുപാട് മാറ്റമുള്ളത് പോലെ തോന്നി പെട്ടെന്നവൻ ഹാളിലേക്ക് കടന്നു വന്നപ്പോൾ ഡയറി യഥാ സ്ഥാനത്തേക്ക് എടുത്ത് വച്ചു,
ഷോ കേസിൽ ഉള്ള ആ വെള്ളിമണിയിൽ അലംകൃതമായ കിലുങ്ങുന്ന ചിലങ്കയിൽ മെല്ലെയൊന്ന് ഞാൻ താളം പിടിച്ചു..
അവനതോന്നും ശ്രദ്ധിക്കാതെ ഡൈനിങ്ങ് ടേബിളിലേ ഫ്ലവർവെയ്സ് ലേക്ക് ഉമ്മറത്ത് നിന്നുമവൻ അറുത്തെടുത്തു കൊണ്ട് വന്ന കടലാസ്സ് റോസ് ഭംഗിയായി കുത്തി നിറയ്ക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി..
” എന്ത് കൊണ്ട് കടലാസ്സ് റോസ്? , അത്രക്ക് ഇഷ്ടമാണോ ഈ പൂവ്, മുറ്റത്ത് പൂന്തോട്ടത്തിൽ റോസാപ്പൂക്കൾ ഉണ്ട്, സീനിയ ഉണ്ട് സുഗന്ധം പരത്തുന്ന ഒട്ടനവധി പൂക്കളുണ്ട്, എന്നിട്ടും “?
ചോദ്യം കേട്ടതും അവനാ ചുവന്ന കടലാസ്സ് റോസ് പൂക്കൾ എനിക്ക് നേരെ നീട്ടിയിട്ട് എന്നോടായത് മണത്തു നോക്കാൻ പറഞ്ഞു, പല തവണ ഞാനത് മണത്തു നോക്കി,
” ഇല്ല, യാതൊരു വിധ സുഗന്ധവും എനിക്ക് തോന്നിയില്ല ”
അത് പറഞ്ഞപ്പോൾ അവൻ മെല്ലെയൊന്നെന്നേ നോക്കി പുഞ്ചിരിച്ചു
“എല്ലാ പൂക്കളെയും മൂക്ക് കൊണ്ട് മാത്രം ശ്വസിക്കുന്നത് കൊണ്ട് തോന്നുന്നതാണ്, നീയീപറഞ്ഞ സുഗന്ധം വമിക്കുന്ന പൂക്കളില്ലേ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ അതിന്റെ സുഗന്ധം പരത്താനുള്ള ശേഷി നഷ്ട്ടപ്പെടും, പക്ഷെ, ഈ കടലാസ് റോസ് അങ്ങനെ അല്ല, ഒരുപാട് നാൾ വാടാതെ വിരിഞ്ഞു തന്നെ നിലകൊള്ളും ദിവസങ്ങൾ പിന്നിട്ടാലും അതിന് വല്ലാത്തൊരു തരം സുഗന്ധം ആയിരിക്കും മത്തു പിടിപ്പിക്കുന്നൊരു തരം സുഗന്ധം വാടാത്ത പൂവിന്റെ വറ്റാത്ത ഗന്ധമാണത്തിന്, പിന്നേ ഇതൊന്നും എന്റെ വാക്കുകൾ അല്ല കേട്ടോ നിന്റെ വാക്കുകൾ ആണ്, നീയെന്നോട് പറയാറുള്ള വാക്കുകളാണിത്, നിനക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പൂവണിത് ”
അവനത് പറഞ്ഞവിടെ നിന്നും പോയപ്പോൾ വീണ്ടും ഞാൻ കണ്ണടച്ചത് മണത്തു നോക്കി, ഇല്ല അവൻ പറഞ്ഞ സുഗന്ധം അപ്പോഴും ആസ്വദിക്കാൻ സാധിച്ചില്ലായിരുന്നു എനിക്ക്..
ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം രാത്രിയിൽ എന്തോ മുറുമുറുപ്പ് ശബ്ദം കെട്ട് ഞാൻ ഉണർന്നു , നിലത്ത് പായയിൽ പിച്ചും പേയും പറയുന്ന അവനെ കണ്ടപ്പോൾ മെല്ലെ കട്ടിലിൽ നിന്നും എണീറ്റു അവന്റെ അരികിലായി ചെന്ന് കിടന്നു, തൊട്ടു നോക്കിയപ്പോൾ വല്ലാത്ത ചൂട് തോന്നി, ആ പനിച്ചൂടിൽ മെല്ലെ അവന്റെ തോളോട് എന്റെ തല ചായ്ച്ചു കൊടുത്തു, ഒരു കുഞ്ഞു കുട്ടിയെ പോലെ ചുണ്ടനക്കി ആരുടെയോ അടുത്ത് പരിഭവം പറയുന്ന പോലെയാണ് എനിക്ക് തോന്നിയത് ആ കോലന്മുടിയിലൂടെ മെല്ലെ ഞാനെന്റെ വിരലുകളോടിച്ചു, അവൻ നിശ്ബ്ദനാകും വരേ അവന് കൂട്ടിരുന്നു..
പിറ്റേ ദിവസം കാലത്തേക്ക് ഉള്ള ഭക്ഷണം റെഡിയാക്കി ജോലിക്ക് പോകാൻ തുനിഞ്ഞ അവനെ ഞാൻ വിലക്കി..
“ഇന്ന് ഒരു ദിവസമെങ്കിലും ലീവ് എടുത്തൂടെ “?
ആ ചോദ്യം കേട്ടതും നേരെ എന്റെ അരികിലേക്ക് പാഞ്ഞടുത്തു കൊണ്ടവനത് ചോദിച്ചപ്പോൾ അൽപ്പം വേദനയും അതിനേക്കാൾ അളവറ്റ സന്തോഷവും ഉള്ളിൽ തോന്നി
” എന്തെ, വയ്യേ നിനക്ക് “?
വാടിത്തളർന്ന എന്റെ മുഖം കണ്ടിട്ടാകണം അവനത് ചോദിച്ചത്, ആ ചുട്ടു പൊള്ളുന്ന കൈകൾ കൊണ്ട് എന്റെ നെറ്റിയിൽ വെച്ചിട്ട് അവൻ സ്വയം പറയുന്നുണ്ടായിരുന്നു ഏയ് ചൂടൊന്നും കാണാൻ ഇല്ലല്ലോ എന്ന്..
” ഓഫീസിൽ തിരക്കുണ്ട് ലീവ് എടുക്കാൻ പറ്റില്ല പറ്റിയാൽ ഉച്ചക്ക് വരാം ഞാൻ ”
മനസ്സ് കൊണ്ട് ഞാനവനെ ചീത്ത വിളിച്ചതാണ് അന്നേരം, എടാ പൊട്ടാ പനി എനിക്കല്ല നിനക്കാണ്, എന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു എനിക്ക്, എന്തോ അതിനുള്ള അധികാരം ഇപ്പോഴും കൈവരിച്ചിട്ടില്ല എന്ന ഉൾബോധം എന്നേ പിറകോട്ടു വലിക്കുകയായിരുന്നു..
അന്ന് മുഴുവൻ ഇരുന്ന് അവന്റെ കൈപ്പടയിൽ എഴുതിയ കുത്തിക്കുറിപ്പുകൾ എല്ലാം വായിച്ചപ്പോൾ എന്തൊക്കെയോ പന്തികേട് തോന്നിയെനിക്ക്, അവൻ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കും പോലൊരു തോന്നൽ, മുൻപ് വായിച്ച എന്റെ ഡയറി ഒരിക്കൽ കൂടി ഞാനെടുത്തു വായിച്ചു അവന്റെ ഷെൽഫിൽ ഇരുന്ന പുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് ഓരോന്നും വായിച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകളാകെ കലങ്ങി തുടുത്തു, നെഞ്ച് പൊളിയുന്ന പോലെ തോന്നി തലയ്ക്കു ചുറ്റും എന്തൊക്കെയോ വട്ടമിട്ടു പറക്കും പോലെ, കണ്ണടയ്ക്കുമ്പോൾ എന്തൊക്കെയോ ചിത്രങ്ങൾ മിന്നി മറിഞ്ഞു പോകുന്നുണ്ടായിരുന്നു..
അന്നവൻ പതിവിലും നേരത്തെയാണ് വീട്ടിലേക്ക് വന്നത്, വന്നു കേറിയതും ഞാനെന്റെ ഉള്ളിലെ ചോദ്യങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചു വെക്കുവാൻ തുടങ്ങി, ഭാവഭേദമില്ലാതെ വീട്ടിലേക്ക് കയറി വന്ന ആദിയോടായി ഞാൻ ചോദിച്ചു
” എന്റെ അമ്മ അനിത, അച്ഛൻ മോഹനൻ, ആണല്ലേ “?
“ആണല്ലോ, അതെന്താ അങ്ങനെ ചോദിക്കാൻ “?
എന്റെ മുഖത്ത് നോക്കാതെയാണ് അവനാ മറുചോദ്യം ചോദിച്ചത്. കാത്തു നിൽക്കാൻ ഉള്ള ക്ഷമയില്ലാതെ ഞാൻ നേരിട്ട് കാര്യത്തിലേക്ക് കടന്നു
” നിങ്ങൾ നന്നായി കഥകൾ എഴുതും അല്ലേ, എനിക്ക് വേണ്ടി ഒരു കഥ എഴുതാമോ? പത്താം വയസ്സിൽ അനാഥയായി തീർന്ന ഒരു പാണ്ഡത്തി പെണ്ണിന്റെ കഥ? ”
അത് കേട്ടതും അവന്റെ മുഖം വാടിയതും ഒരുമിച്ചായിരുന്നു എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്ന അവന് നേരെ വീണ്ടുo ഞാൻ വാചാലയായി
” അച്ഛനും അമ്മയും ഇല്ലായിരുന്നു അവൾക്ക്, ചെറുപ്പത്തിലേ മരിച്ചു പോയതാണ്, അവളെ നോക്കി വളർത്തിയത് അവളുടെ അച്ഛമ്മയാണ് , ചെറുപ്പം മുതലേ വിരൂപയായത് കൊണ്ട് കാണാൻ ഭംഗിയില്ലാത്തത് കൊണ്ട് കൂട്ടുകാരാരും ഇല്ലായിരുന്നു അവൾക്ക്, പാണ്ഡുപകരും എന്ന് പറഞ്ഞ് പെൺകുട്ടികൾ പോലും ക്ലാസ്സിൽ ബെഞ്ചിൽ ഒപ്പം ഇരിക്കില്ല എന്ന് പറഞ്ഞപ്പോൾ അവൻ മാത്രം അവൾക്ക് താങ്ങായി അവൾക്ക് കൂട്ടായി, എന്നും ഒറ്റക്ക് ഇരുന്ന് ഭക്ഷണം കഴിക്കാറുള്ള അവളുടെ പാത്രത്തിൽ കയ്യിട്ട് വാരാൻ അവനുണ്ടായിരുന്നു എന്നത് അവൾക്കും ഒരു ആശ്വാസമായിരുന്നു, കാവിലെ ഉത്സവത്തിനും നാട്ടിലെ കല്യാണങ്ങൾക്കും പങ്കെടുക്കാൻ സ്വതവേ വിമുഖത കാണിച്ച അവളെ പുറം ലോകത്തേക്ക് കൈപിടിച്ച് നയിച്ചത് അവനായിരുന്നു, ഇടയ്ക്ക് കണ്ണാടി നോക്കി നിരാശപ്പെടാറുള്ള അവൾക്ക് നേരെ നോക്കി അവൻ ഇടയ്ക്കിടെ പറയാറുണ്ട്,
ഫിസിക്സ്ൽ നമ്മൾ പഠിച്ചിട്ടില്ലേ കണ്ണാടിയിൽ കാണുന്ന നമ്മുടെ പ്രതിബിംബം യഥാർത്ഥ പ്രതിബിംബം അല്ലത്രേ, അത് മിഥ്യ പ്രതിബിംബമാണത്രെ, തോളോട് ചേർത്തു നിർത്തിയവൻ ഒന്നുകൂടെയവളോട് പറയാറുണ്ട്, “ഹൃതികയുടെ സൗന്ദര്യം കാണണമെങ്കിൽ അത് ആദിയുടെ കണ്ണിലൂടെ നോക്കണം “എന്ന്,
ചെറുപ്പം മുതലേ നൃത്തം ഒരു ഹരമായിരുന്ന അവന്റെ ചുവടുകളെ അവൾ അഗാധമായി പ്രണയിച്ചിരുന്നു, തനിക്ക് അഡ്മിഷൻ കിട്ടിയ സ്കൂളിലും കോളജിലുമൊക്കെ അവനും ഒപ്പമുണ്ടായിരുന്നു, എന്തെന്നാൽ അവൾ ഒറ്റപ്പെട്ടു പോകുന്നത് ഒരിക്കലുമവന് സഹിക്കാനാകില്ലായിരുന്നു, അവന്റെ സൗഹൃദം വളർന്നു പ്രണയമായി തീർന്നത് അവളോടവൻ മനപ്പൂർവം പറയാത്തതായിരുന്നു, കാരണം കുട്ടിക്കാലത്ത് അവൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ അവനോടവൾ ഒന്നും മറയ്ക്കാതെ പങ്കുവെക്കാറുണ്ടായിരുന്നു , തന്റെ വൈരൂപ്യത്തെ മുതലെടുക്കാൻ ശ്രമിച്ചത് തന്റെ രക്തബന്ധത്തിൽ ഉള്ളവർ തന്നെയായിരുന്നു എന്നും പറഞ്ഞവൾ കരയാറുള്ളപ്പോഴൊക്കെ അവനവളെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു, തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ അവൾ മറ്റൊരു അർത്ഥത്തിൽ എടുക്കുമോ എന്നവൻ ഭയന്നു, എങ്കിലും മനസ്സിലവൻ ഊട്ടിയുറപ്പിച്ചിരുന്നു സമയമാകുമ്പോൾ അച്ഛമ്മയോട് സമ്മതം വാങ്ങി അവളെയും തന്റെ ജീവതിതത്തിൽ കൂടെ കൂട്ടാം എന്ന്..
ഇതിനിടയിൽ അവൾക്ക് തന്നെ ഇഷ്ടമായിരുന്നോ എന്ന് അന്വേഷിച്ചു കൂടെയില്ല അവൻ, അവനറിയാതെ അവളവനെ പ്രാണനേക്കാൾ അധികം പ്രണയിച്ചിരുന്നു, അവൻ കൂടെയുള്ള നിമിഷങ്ങൾ സ്വർഗ്ഗതുല്യമായിരുന്നു എന്നവൾ വിശ്വസിച്ചിരുന്നു അവന്റെ വളർച്ചയിൽ അവൾക്ക് ഉൾഭയം ഉണ്ടായിരുന്നു പതിയെ പതിയെയവൻ തന്നിൽ നിന്നും അകന്നു പോകുമോ എന്നുള്ള ഭീതിയവളെ അളവില്ലാതെ അലട്ടിയിരുന്നു, ഏതെങ്കിലും പെണ്ണിനോടവൻ സംസാരിക്കുന്നത് കാണുമ്പോൾ അവളുടെ ഉള്ളിൽ കുശുമ്പ് മുളപൊട്ടാറുണ്ട്, സുന്ദരികളായ അവന്റെ കൂട്ടുകാരികളോടെല്ലാം എന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു, അവസാനം അവൾ ഭയന്നത് തന്നെ സംഭവിച്ചു പഠനം പൂർത്തിയാക്കി അവളെ തനിച്ചാക്കി അവൻ ബഹ്റൈനിലേക്ക് തന്റെ ബിസിനസ് നോക്കി നടത്താൻ അച്ഛന്റേം അമ്മയുടെയും അരികിലേക്ക് അവൻ പറന്നു,
അച്ഛമ്മയുടെ വിയോഗവും അവന് വേറെ വിവാഹാലോചനകൾ നടക്കുന്നു എന്ന വാർത്തയും അവളിലേക്ക് എത്തി ചേർന്നത് ഒരുമിച്ചായിരുന്നു, ഈ ലോകത്ത് തനിക്കെന്ന് പറയാൻ ആരുമില്ലെന്ന് തോന്നിയ അവൾ ജീവനൊടുക്കാൻ തീരുമാനിച്ചു, ഹൈവേയിലെ ചീറിപ്പാഞ്ഞോടി കൊണ്ടിരുന്ന വാഹനങ്ങളുടെ മുൻപിലേക്കവൾ എടുത്ത് ചാടി, വിവരമറിഞ്ഞു ഓടിപ്പാഞ്ഞവൻ വന്നപ്പോഴേക്കും അവളുടെ ഭൂതകാലത്തെ അവൾ അപ്പാടെ മറന്നു പോയിരുന്നു..
അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനായി സാധനങ്ങൾ എടുക്കാൻ അവനവളുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ ഉണ്ടായിരുന്ന കാഴ്ച്ച കണ്ടവൻ സ്വയം ഞെട്ടിയതാണ്
അവളുടെ ചുവരുകളിൽ മുഴുവൻ അവന്റെ പേര് മാത്രമായിരുന്നു, താൻ പങ്കെടുത്ത ഓരോ പ്രോഗ്രാമുകളുടെയും ചിത്രങ്ങളാൽ സമ്പന്നമായിരുന്നു ആ മുറി, അവളുടെ തലയിണയുടെ വിരിപ്പ് പോലും അവന്റെ ചിത്രം കൊണ്ട് നെയ്തതായിരുന്നു,
തന്റെ ചിത്രങ്ങളടങ്ങുന്ന ആ ആൽബം അവൻ മറച്ചു നോക്കിയപ്പോൾ ആദ്യത്തെ വരിയിൽ അവളിങ്ങനെ കുറിച്ചു വെച്ചിട്ടുണ്ടായിരുന്നു
” ഓരോ പ്രഭാതത്തിന് വേണ്ടിയും ഞാൻ കാത്തിരിക്കാറുണ്ട് ഉണർന്നു കഴിഞ്ഞാൽ എനിക്കവന്റെ നിഴലിനെ പ്രണയിക്കാമല്ലോ ” എന്ന്
അതെല്ലാം പെറുക്കിക്കൂട്ടി അവളെയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് ചേക്കേറിയവൻ ആരും തേടി വരാത്ത ഒരിടത്തേക്ക് അവളുടെ സ്വപ്നത്തിൽ അവൾ നെയ്തു കൂട്ടിയ ഒരു കൊച്ച് മാളികയിലേക്ക്, ഓർമ നഷ്ട്ടപ്പെട്ട അവൾക്ക് വേണ്ടി അവനവന്റെ അച്ഛനെയും അമ്മയെയും വരേ ദാനം ചെയ്തു, ആ അച്ഛനും അമ്മയും അവളുടേതാണ് എന്നവൻ അവളെ ധരിപ്പിച്ചു, താൻ കാൽക്കാശിനു ഗതിയില്ലാത്തവൾ ആണെന്ന് തനിക്ക് തോന്നാതിരിക്കാൻ അവൻ തന്റെ അക്കൗണ്ട് ലേക്ക് ആവശ്യത്തിലധികം തുകയും ഇട്ട് കൊടുത്തു അവളുടെ സന്തോഷത്തിന് ഇരട്ടി മാധുര്യമേകാൻ മൂന്നു വർഷത്തെ ഡയറി ഉറക്കമൊളിച്ചു കൊണ്ടവൻ എഴുതി തീർത്തു, വിരൂപയായ അവളെയവൻ സുന്ദരിയായി ചിത്രീകരിച്ചു അവനവൾക്ക് മുൻപിൽ എത്രത്തോളം ചെറുതാകാമോ അത്രത്തോളമവൻ ചെറുതായി, അവൾക്ക് രാജകീയമായ ഒരു ഭൂതകാലത്തെ നെയ്തു കൊടുത്തു. കാരണം അവളുടെ സന്തോഷത്തിന് വേണ്ടി ഏതറ്റം വരെയും അവൻ പോകാൻ തയ്യാറാണ്
ഒന്ന് മാത്രമവന് മാറ്റാൻ കഴിഞ്ഞില്ല അവന്റെ കയ്യക്ഷരം, ഒന്ന് മാത്രമവന് ഒളിച്ചു വെക്കാൻ സാധിച്ചില്ല അവന്റെ ഡയറി, കാരണം അതിൽ നിറയെ ഈ പാണ്ടത്തിപ്പെണ്ണിനോടുള്ള പ്രണയത്തിന്റെ ഒരിക്കലും വായിച്ചു കൊതിതീരാത്ത മധുമുള്ള ഓർമ്മകൾ മാത്രമായിരുന്നു..
പറഞ്ഞു തീർന്നതും വറ്റാത്ത നീരുറവപോലെ തോർന്നിറങ്ങുന്നുണ്ടായിരുന്നു അവന്റെ കണ്ണുകൾ,
എന്തിനാ….. എന്തിനാ എന്നേ ഇത്രത്തോളം സഹിച്ചത് സ്നേഹിച്ചത്…..? എന്ന എന്റെ ചോദ്യത്തിന് നീയെന്നെ സ്നേഹിച്ച പോലെ ഈ ഭൂമിയിൽ എന്റെ അമ്മ മാത്രമേ എന്നേ സ്നേഹിച്ചിട്ടുള്ളു എന്നാണവൻ മറുപടി തന്നത് ഉൾനെഞ്ചകം വെന്ത് മറിഞ്ഞപ്പോൾ അവനെയൊന്ന് വാരിപ്പുണരാനെനിക്ക് കൊതി തോന്നി ദയനീയ ഭാവത്തിൽ ഞാനവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആദ്യമായവനോട് ആവശ്യപ്പെട്ടു..
” ആദി………. എന്നേ…… എന്നെയൊന്നു കെട്ടിപ്പിടിക്കാമോ….. ” എന്ന്
ചിലമ്പിച്ച സ്വരത്തിൽ “മേല്…….. മേലാകെ വിയർപ്പാണ് പെണ്ണെ” എന്നവൻ പറയും മുമ്പേ ആ നെഞ്ചിന്കൂട്ടിലെ രോമക്കാട് എന്റെ കണ്ണീരിനാൽ നനഞ്ഞൊട്ടിയതാണ്..
ഒന്നിറുക്കി പിടിച്ചു പതറിയ സ്വരത്തിൽ ഞാനവനോടായി പറഞ്ഞു
” ആദി നിന്റെ വിയർപ്പിന് വല്ലാത്തൊരു സുഗന്ധമാണ് വാടാത്ത കടലാസ്സ് റോസ് പൂവിന്റെ വറ്റാത്തയാ സുഗന്ധം… ”
ഇരു കൈകൾകൊണ്ടവനെന്റെ കവിളുകളെ മൂടിയപ്പോൾ മേശ വലിപ്പിൽ ഇരുന്ന തുറന്നു വെച്ച അവന്റെ ഡയറിയിലെ ആദ്യത്തെ വരികൾ ഞാൻ വായിച്ചെടുത്തു
” ഇരുട്ടാണെനിക്ക് ഇഷ്ട്ടം ഇരുട്ടിൽ ഞാൻ തന്നെയാണല്ലോ എന്റെ നിഴൽ, എന്തെന്നാൽ അവൾക്ക് പ്രണയം എന്റെ നിഴലിനോടായിരുന്നത്രെ ”
അവസാനിച്ചു…………………………………

by