17/04/2026

സത്യഭാമ : ഭാഗം 40

രചന – അയിഷ അക്ബർ

 

ഐ സി യു വിനു മുമ്പിലായി നിൽക്കുമ്പോൾ ഭാമ അങ്ങേയറ്റം നിർവികാരയായിരുന്നു….

അലമുറയിട്ട് കരയുന്ന യാശോധയെ അവൾ നോക്കിയില്ല…..

തന്റെ കണ്ണുകളിൽ പതിഞ്ഞു നിന്നത് അവൻ മാത്രമായിരുന്നു…..

ഒരു ജോലിക്കാരി പെണ്ണിനോട് തോന്നിയ ഇഷ്ടത്തിന് വേണ്ടി അങ്ങേയറ്റം സഞ്ചരിച്ച അവന്റെ മുഖം…..

അവൾക്ക് ഹൃദയം മുറിയുന്നത് പോലെ തോന്നി…..

മഹാദേവൻ പുറത്തേക്ക് വന്നതും എല്ലാവരും എഴുന്നേറ്റ് അയാളെ പൊതിഞ്ഞു…..

എന്തായി ദേവാ…. എന്റെ മോൻ……

വിശ്വൻ കരഞ്ഞു കൊണ്ടത് ചോദിക്കുമ്പോഴും എല്ലാവരുടെയും മുഖത്ത് അതേ ചോദ്യമായിരുന്നു….

മഹാദേവനു പെട്ടെന്നെന്ത് പറയണമെന്നറിയില്ലായിരുന്നു……

അയാളുടെ മുഖത്തെ നിരാശ അവരെയെല്ലാം വീണ്ടും കുത്തി നോവിച്ചു കൊണ്ടിരുന്നു…..

കുറച്ച് ക്രിട്ടിക്കൽ ആണ്….
ഇപ്പൊ ഒന്നും പറയാറായിട്ടില്ല…..
നല്ല ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്…. നമുക്ക് പ്രാർഥിക്കാം…..

പിറകിൽ നിന്നിരുന്ന അരുണത് പറയുമ്പോൾ എല്ലാവരുടെയും തേങ്ങലിന്റെ ശബ്ദം ഉയർന്നു കേട്ടു….

ഭാമ അതേ നിൽപ്പ് തന്നെയായിരുന്നു…..

മഹാദേവൻ അവളിലേക്ക് നോക്കി…..

വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന അവളുടെ കണ്ണുകളിൽ കാണുന്ന ദുഖത്തിന്റെ ആഴി അയാളെ വല്ലാതെ വേദനിപ്പിച്ചു…..

ഇങ്ങനെയൊരു രംഗം അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നത് കൊണ്ട് തന്നെ തീരുമാനങ്ങളിൽ പിഴവ് സംഭവിച്ചെന്ന് അയാൾക്ക് തന്നെ തോന്നിയിരുന്നു….

മോളേ….

അയാൾ അവളെ വിളിച്ചതും അയാളെ നോക്കി നിൽക്കുന്ന അവൾ പെട്ടെന്ന് താഴെക്കൂർന്നു വീണു….

മോളേ…..
മഹാദേവൻ അവളെ പിടിക്കുന്നതോടൊപ്പം രാജേഷ്വരിയും ഇരുന്നിടത് നിന്നും എഴുന്നേറ്റോടി വന്നു……

യാശോദ എഴുന്നേൽക്കാൻ നിന്നതും വിശ്വനവളുടെ കയ്യിൽ പിടിച്ചു…..

അവരെന്തെന്ന അർത്ഥത്തിൽ അയാളെ നോക്കി…

അങ്ങോട്ട് പോകേണ്ട എന്ന തരത്തിൽ വിശ്വൻ അവർക്ക് നേരെ തലയാട്ടി….

മഹാദേവനും രാജേഷ്വറിയും കൂടെ അവളെ പിടിക്കുമ്പോഴേക്കും നഴ്സുമാരാരൊക്കെയോ വന്നിരുന്നു…..

അവളെ സ്‌ട്രക്ചറിലേക്ക് കിടത്തി കൊണ്ട് പോകുമ്പോൾ കൂടെ രാജേഷ്വരിയാണ് പോയത്….

മഹാദേവനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് ആവശ്യമുള്ളത് കൊണ്ട് തന്നെ അയാൾക്ക് അവളോടൊപ്പം നിൽക്കാൻ കഴിഞ്ഞില്ല….

എങ്കിലും മനസ്സ് അവളോടൊപ്പമായിരുന്നു…

ഒരു ദുഖത്തിൽ നിന്നും കര കയറിയ അവളെ വീണ്ടും ദുഖത്തിലേക്ക് തള്ളിയിട്ടത് താനാണെന്ന ചിന്ത ഇതിനോടകം അയാളെ വരിഞ്ഞു മുറുക്കിയിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അൽപ സമയത്തിന് ശേഷം മഹാദേവൻ ഭാമയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവളുടെ മുടിയിഴകളിൽ തഴുകി രാജേഷ്വറിയിരിക്കുന്നുണ്ടായിരുന്നു……

ഗ്ളൂക്കോസ് ഞരമ്പുകളിലേക്ക് കയറുമ്പോഴും അവൾ കണ്ണു തുറന്നിട്ടുണ്ടായിരുന്നില്ല…..

അയാൾ പതിയേ വന്നവളുടെ അടുത്തായി നിന്നു…

മോൾക്ക്…. ഇപ്പൊ എങ്ങനെയുണ്ട്….

രാജേഷ്വരിയോടായി അത് ചോദിക്കുമ്പോൾ അയാളുടെ വാക്കുകൾ നനഞ്ഞു കുതിർന്നിരുന്നു…

ഉണരുമ്പോഴൊക്കെയും ഋഷിയെന്ന് പറഞ്ഞ് കരഞ്ഞു തളർന്നു വീണ്ടും മയക്കത്തിലേക്കാഴ്ന്നു പോകും…..

രാജേഷ്വരി അത് പറയുമ്പോൾ കുറ്റബോധമോ സങ്കടമോ എന്നറിയാത്ത ആ അവസ്ഥ അയാളെ തളർത്തിയിരുന്നു…..

അയാൾ കട്ടിലിനോരതായിരുന്നു…..

കൈ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു…..

ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല……അവൾക്ക് വേണ്ടി തന്നെയാണ് ഞാൻ…..

അയാൾ വിതുമ്പി തുടങ്ങിയിരുന്നു….

രാജേഷ്വരിയുടെ മനസ്സും മുറിയുന്നുണ്ടായിരുന്നു….

അരുണുമായുള്ള വിവാഹത്തോടെ അവൾ ഋഷിയെ മറക്കുമെന്ന് കരുതി…..
ജീവിത കാലം മുഴുവൻ അവളെ സന്തോഷവതിയായി കാണാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്….

എന്നാൽ……

അയാൾക്ക് വാക്കുകൾ മുഴുവനാക്കാൻ കഴിയില്ല….

വർഷങ്ങൾ ഒരാളിൽ ഇത്രയേറെ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ദേവാ…..

രാജേഷ്വരി പുച്ഛത്തോടെയത് പറയുമ്പോൾ മഹാദേവൻ തലയുയർത്തി അവളെ നോക്കി…..

അല്ലെങ്കിൽ മറ്റൊരാളെ വിവാഹം കഴിക്കുന്നതോട് കൂടി ആത്മാർത്ഥ പ്രണയം നശിച്ചു പോകുമെന്ന് നീയൊരിക്കലും പറയില്ലായിരുന്നു…..

നിന്റെ വേർപാടോടു കൂടി മാനസിക നില തെറ്റിയ ഞാനും എന്റെ സ്ഥാനത് മറ്റൊരാളെ കാണാൻ കഴിയാതിരുന്ന നീയും ഇത്ര കാലം അനുഭവിച്ച വേദനകളെല്ലാം എത്ര പെട്ടെന്ന് നീ മറന്നു…..

എന്റെ അച്ഛനെ കുറ്റപ്പെടുത്തുന്ന നീ നിന്റെ മകളുടെ കാര്യത്തിൽ അതേ തെറ്റ് തന്നെയല്ലേ ആവർത്തിച്ചത്…..

ചാട്ടുളി പോലെയുള്ള അവളുടെ ചോദ്യത്തിന് മുമ്പിൽ മഹാദേവനുത്തരമുണ്ടായിരുന്നില്ല……

ഋഷിയിൽ നിന്നവളെ അകറ്റിയാൽ അവൾ സന്തോഷമായിരിക്കുമെന്ന് കരുതി നീയത് ചെയ്തു….

അത് പോലെ തന്നെയായിരിക്കാം എന്റെ അച്ഛൻ എന്നെ നിന്നിൽ നിന്നകറ്റിയത്…..

എന്നിട്ട് ഞാൻ സന്തോഷമായിരുന്നോ…

ഇത്രയും കാലം മഠത്തിൽ തറവാട്ടിൽ ഒരു ഭ്രാന്തിയെ പോലെ കഴിയുകയായിരുന്നു…..

ചെയ്യുന്നതിലെ ശെരിയോ തെറ്റോ അറിയാനാവാതെ….

രാജേഷ്വരി ഇടറുന്ന വാക്കുകളാൽ പറഞ്ഞ് നിർത്തുമ്പോൾ മഹാദേവൻ ശില കണക്കെ യിരിക്കുകയായിരുന്നു….

അയാൾ പതിയേ ഭാമയിലേക്ക് നോക്കി….

ഋഷി ….. അബോധവസ്ഥയിലും അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു….

മോളേ… ലക്ഷ്മി….
അയാളവളുടെ മുടിയിഴകളിൽ തലോടി പതിയേ വിളിച്ചു…..

അവൾ പതിയേ കണ്ണുകൾ തുറന്നു….

അച്ഛാ…. ഋഷി…..

പറയുന്നതോടൊപ്പം അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു…..

കരയല്ലേ മോളേ….
അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി….

എന്നേ മഹേഷിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണവൻ……
പറഞ്ഞ് മുഴുവനാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല…..

വീണ്ടും അവളുടെ കണ്ണുകൾ ധാരയായി പെയ്തു തുടങ്ങി…..

നിന്റെ ഋഷിക്കൊന്നും സംഭവിക്കില്ല…..
പൂർണ ആരോഗ്യത്തോടെ നിനക്ക് ഞാൻ തിരിച്ചു തരും…..
അച്ഛൻ….. അച്ഛൻ നോക്കിക്കോളാം….

അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം അത് പറഞ്ഞ് നിർത്തുമ്പോഴും ഋഷിയുടെ അവസ്ഥ ആലോചിക്കുമ്പോൾ അയാൾക്ക് ഭയമായിരുന്നു……

യാതൊരു പ്രതീക്ഷയുമില്ലാത്ത അവന്റെ ജീവനെ കുറിച്ച് താൻ ഉറപ്പ് നൽകുമ്പോൾ അവനില്ലാതെ അവളുടെ ജീവിതം പൂർണമല്ലെന്ന തിരിച്ചറിവ് അയാൾക്ക് വന്നു കഴിഞ്ഞിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അരുൺ….. ഋഷിയുടെ ജീവൻ നമുക്കെങ്ങനയെങ്കിലും രക്ഷിച്ചേ മതിയാകു…..

അല്ലെങ്കിൽ ജീവിത കാലം മുഴുവൻ എന്റെ മകളുടെ കണ്ണിലേ ദുഃഖത്തിന്റെ കാരണക്കാരൻ ഞാനായി മാറും…..

അവൾക്ക് അവളുടെ ഋഷിയെ തിരിച്ചു കൊടുത്തേ മതിയാകു….

അതും പറഞ്ഞ് കണ്ണുകൾ അമർത്തി തുടക്കുന്ന മഹാദേവന്റെ തോളിൽ അരുൺ അമർത്തി പിടിച്ചു….

നമുക്ക് പ്രതീക്ഷയോടെ ശ്രമിക്കാം സർ…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഓപ്പറേഷന് വേണ്ടി അവനെ തീയേറ്ററിലേക്ക് മാറ്റുമ്പോഴും യാശോധയും വിശ്വനും ഗ്ലാസിന്റെയുള്ളിലൂടെ അവനെയൊന്നു നോക്കി….

ജീവച്ഛവമായി കിടക്കുന്ന മകനെ കണ്ട് യാശോദ തളർന്നിരുന്നു…..

ഓപ്പറേഷൻ കഴിഞ്ഞു പുറത്തെക്ക് വരുമ്പോഴുള്ള മഹാദേവന്റെയും അരുണിന്റെയും മുഖത്തെ ദുഃഖം വിശ്വനെ പാടേ തളർത്തിയിരുന്നു….

മഹാദേവാ…. എന്റെ മോൻ….

വിശ്വൻ വിറക്കുന്ന വാക്കുകളോടെ ചോദിക്കുമ്പോൾ മഹാദേവൻ അയാളുടെ കയ്യിൽ പിടിച്ചു….

ഓപ്പറേഷൻ കഴിഞ്ഞു….
എങ്കിലും വിചാരിച്ച റെസ്പോണ്ട് ഋഷിയിൽ നിന്നും കിട്ടിയിട്ടില്ല….

ശരീരത്തിൽ ശ്വാസമുണ്ടെന്ന് മാത്രം….

പറഞ്ഞ് പൂർത്തിയാക്കേണ്ടത് കടമയായത് കൊണ്ട് മാത്രം മഹാദേവൻ പറഞ്ഞൊപ്പിച്ചു…..

വിശ്വനും യാശോധയും അടുത്തുള്ള കസേരയിലേക്ക് തളർന്നിരുന്നു…..

ദേവാ….. സത്യ ഋഷിയെ കാണണമെന്ന് പറഞ്ഞ് ബഹളം വെക്കുകയാണ്….

രാജേഷ്വരി പരിഭ്രാമത്തോടെയത് പറയുമ്പോൾ മഹാദേവൻ വേഗം അവളുടെയെടുത്തേക്ക് നടന്നു..

വിശ്വനും യാശോധയും ഋഷിയെ കാണാൻ അകത്തേക്ക് കയറി….

അവന്റെ കിടപ്പ് അവരെ അക്ഷരാർത്ഥത്തിൽ തളർത്തി കൊണ്ടിരുന്നു…

എപ്പോ വേണമെങ്കിലും നിലചെക്കാവുന്ന ഹൃദമിടിപ്പിന്റെ ശബ്ദം മാത്രം അവനിൽ നിന്നു കേൾക്കുന്നുണ്ടായിരുന്നു ……
ഹൃദയമിടിപ്പിന്റെ വേഗത കുറയും തോറും അരുണിന്റെ മുഖത് വരുന്ന മാറ്റവും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

വിതുമ്പി കൊണ്ട് വിശ്വനും യാശോധയും പുറത്തേക്ക് കടക്കുമ്പോൾ ഭാമയെ കൂട്ടി മഹാദേവനും രാജേഷ്വരിയും അവിടെയെത്തിയിരുന്നു…..

ഭാമയുടെ കണ്ണുകൾ കരഞ്ഞു തളർന്നു കണ്ണുനീർ പോലും വറ്റിയിരുന്നു…..

(തുടരും )