19/04/2026

പല്ലവി : ഭാഗം 41

രചന – അമ്മു സജീവ്

 

ഭക്ഷണം ഒക്കെ കഴിച്ചു രണ്ട് പേരും കൂടി ബാൽക്കണിയിൽ ഇരുന്നു ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു…

ബാൽക്കണിയിൽ ഇരുന്നാൽ റോഡിലൂടെ പോകുന്നവരെ നന്നായി കാണാൻ പറ്റുമായിരുന്നു..

അതുകൊണ്ട് തന്നെ ഇടയ്ക്കിടെ നന്നായി കളക്ഷൻ എടുക്കുന്നുമുണ്ട് രണ്ടും…

അന്നേരമാണ് ഒരു ബൈക്ക് അതുവഴി പോകുന്നത് ശ്രദ്ധിച്ചത്…
നല്ല പരിചയം ഉള്ള മുഖം കണ്ട് നോക്കിയതും അച്ചുവിനാകെ ഒരു പേടി വന്നു..

കഴിഞ്ഞ ദിവസം അനിസാറിന്റെ വീട്ടിൽ വച്ചു അവളെ നോക്കി പേടിപ്പിച്ച ആ ചേട്ടൻ…

ബൈക്ക് ഓടിക്കുന്നതിനിടയിൽ ആ ചേട്ടൻ ചെറുതായൊന്നു തല വെട്ടിച്ചതും അച്ചു വേഗം പുറകിലേക്കാഞ്ഞു…

എന്നിട്ട് ഒരു ദീർഘ നിശ്വാസം എടുത്തു നേരെ നോക്കിയത് അമ്മുവിന്റെ മുഖത്തേക്കാണ്…

അവളെ നോക്കി നന്നായൊന്ന് ഇളിച്ചു കാണിച്ചു..

ഇനിയും അവിടിരുന്നാൽ വഴിയേ പോകുന്ന പണി ഓട്ടോ പിടിച്ചു വരും എന്നറിയാവുന്നത് കൊണ്ടു അച്ചു അവളുടെ വീട്ടിലേക്കോടി…

🍂

സ്വയം പ്രഖ്യാപിത കവിയത്രിയായ അച്ചു വഴിയിലൂടെ അവളുടേതായ ഭാഷയിൽ ഏതൊക്കെയോ പാട്ട് പാടിക്കൊണ്ട് വരുവാണ്…

“അരെഹ്‌ വാഹ്ഹ്….. കാലകേയൻ പാടുവോ ഇതുപോലെ……”

അങ്ങനെ പാട്ടും പാടി നേരെ വീട്ടിലേക്ക് ചെന്നു കേറിക്കൊടുത്തു..

ചെന്നപ്പോൾ അമ്മിണി മോൾ അവിടിരുന്നു പത്രം വായിക്കുന്നു…

അച്ചുവിനെ കണ്ടു പത്രം മാറ്റിയിട്ടു അവളെ അടിമുടി നോക്കുന്നുണ്ട്….

” ഈശ്വരാ.. പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ….. എന്താ കുട്ടാ ഇങ്ങനെ നോക്കുന്നെ…. “( അച്ചു )

” നീ ക്ലാസിനു പോകുവാന്ന് പറഞ്ഞല്ലേ ഇവിടുന്ന് പോയെ…
എന്നിട്ട് ബാഗ് എവിടെ?? ഈ ഡ്രസ്സ്‌ അല്ലല്ലോ നീ ഇട്ടത്.. ആരുടെ കൂടെയാടി കുരുത്തം കെട്ടതേ നീ ഊരു തെണ്ടാൻ പോയത്…?? “( അമ്മ)

” അമ്മമാരായാൽ ഇങ്ങനെ വേണം.. എന്തൊരു വിശ്വാസം… ഈ ടോപ്പ് അമ്മു ചേച്ചിയുടെയാ.. ഞാൻ ഇന്ന് കോളേജിൽ പോയില്ല… അവിടെ അമ്മു ചേച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നു ഞാൻ.. “( അച്ചു )

” അതെന്താ നീ ഇന്ന് പോകാഞ്ഞത്… “( അമ്മ )

” ഇതെന്താ.. സി ബി ഐ ഡയറിക്കുറിപ്പോ?? എന്തൊക്കെ ചോദ്യങ്ങളാ…
ഇപ്പൊ എന്താ അറിയണ്ടേ ഞാൻ എന്താ പോകാഞ്ഞതെന്നോ??
ഞങ്ങളുടെ പ്രിൻസിപ്പാളിന്റെ തലേൽ തേങ്ങ വീണത് കൊണ്ട് എല്ലാർക്കും അവധിയാ…. ”

അതും പറഞ്ഞു നന്നായൊന്ന് പുച്ഛിച്ചിട്ട് അച്ചു റൂമിലേക്ക് പോയി..

അവളെ പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാവുന്നത് കൊണ്ട് ലക്ഷ്മി പിന്നെ ഒന്നും പറയാൻ നിന്നില്ല..

ഒന്ന് കുളിച്ചു ഫ്രഷ് ആയി ഫോണിൽ റീൽസ് കണ്ടു കൊണ്ടിരിക്കുവാണ് അച്ചു..

കുറെ കഴിഞ്ഞപ്പോഴാണ് ജിത്തുവിന്റെ അലർച്ച കേട്ടത്..

അങ്ങോട്ട്‌ ചെന്നു നോക്കിയതും കാണുന്നത് ഉറഞ്ഞു തുള്ളി നിൽക്കുന്ന ജിത്തുവിനെയാണ്…

അമ്മ വന്നു കാര്യം തിരക്കിയപ്പോഴാണ് അച്ചുവിന് അപകടം മണത്തത്..

വേറൊന്നുമല്ല.. ജിത്തു പൊന്നേ കരളേ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന അവന്റെ റൂം ഒറ്റ ദിവസം കൊണ്ട് അവൾ തകിടം മറിച്ചത്..

അച്ചുവിനെ കണ്ട് ജിത്തു ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു തിരിച്ചതും അവന്റെ കൈയ്ക്ക് ഒരു കടി കൊടുത്തു.

വേദന കൊണ്ട് അവൻ കൈ കുടഞ്ഞതും കിട്ടിയ തക്കത്തിനു അച്ചു റൂമിൽ കയറി വാതിൽ അടച്ചു…

” ഡീ നീ ഇങ്ങോട്ട് ഇറങ്ങി വാ.. ശെരിയാക്കി തരുന്നുണ്ട് ഞാൻ… “( ജിത്തു )

” പോടാ മരപ്പട്ടി…. ഭരണം ഒക്കെ നിന്റെ കെട്ട്യോളോട് കാണിച്ചാൽ മതി.. കേട്ടോടാ പേടിത്തൊണ്ടൻ പോലീസെ…. “(അച്ചു )

” ഡീ…… നിന്നെ ഞാൻ എടുത്തോളാം… ”

അവളുടെ റൂമിന്റെ ഡോറിൽ ഒരു ചവിട്ട് കൊടുത്തിട്ട് ജിത്തു അവന്റെ റൂം വൃത്തിയാക്കാൻ തുടങ്ങി…

( അമ്മുവിനെ പോലെയൊന്നുമല്ലാട്ടോ ന്റെ ജിത്തു… പുള്ളിക്ക് നല്ല അടുക്കും ചിട്ടയുമായി ലേശം വൃത്തി പ്രാന്ത് ഉള്ളതാ….

അമ്മു വന്നിട്ട് വേണം ഇതൊക്കെ ഒന്ന് മാറ്റിയെടുക്കാൻ…)

🍂

ശർദ്ധിയും മറ്റു അസ്വസ്ഥതകളും ഒരുവിധം മാറിയതും രോഹിണി വീണ്ടും ജോലിക്ക് പോയി തുടങ്ങി…

അതുകൊണ്ട് തന്നെ മടിപിടിച്ചു വീട്ടിലിരിക്കാതെ അമ്മു ഇപ്പോൾ ക്ലാസ്സിന് പോകുന്നുണ്ട്…

ജോലി തിരക്ക് കൊണ്ടു തന്നെ ഇടയ്ക്ക് മാത്രേ ജിത്തുവിനെ അടുത്ത് കിട്ടാറുള്ളു…
എങ്കിലും ഫോൺ കാളിലൂടെയോ മെസ്സേജിലൂടെയോ അവളുടെ എല്ലാ കാര്യങ്ങളും അവൻ തിരക്കുമായിരുന്നു..

ദിവസങ്ങൾ കഴിഞ്ഞു പോകുന്തോറും അവരുടെ ബന്ധവും ആഴമേറിയതായി വളർന്നു കൊണ്ടേയിരുന്നു…

അമ്മുവിനെ അവളുടെ സ്വന്തം കാലിൽ നിർത്താൻ പ്രാപ്തയാക്കിയിട്ടേ വിവാഹം നടത്തൂ എന്ന ജിത്തുവിന്റെ ഉറച്ച തീരുമാനത്തിൽ അമ്മുവിന് മുട്ട് മടക്കേണ്ടി വന്നു…

അതുകൊണ്ട് തന്നെ പുള്ളിക്കാരി ഇപ്പോൾ പഠിത്തത്തിൽ ഉഴപ്പാറില്ല..

എല്ലാ പി എസ് സി പരീക്ഷകളും ജിത്തു തന്നെ മുൻകൈ എടുത്ത് അവളെ കൊണ്ടു എഴുതിക്കുമായിരുന്നു…

കോളേജിൽ ഇലക്ഷൻ അടുക്കാറായത് കൊണ്ട് എല്ലാവരും നല്ല തിരക്കിലാണ്…

എബിൻ ആണ് പാർട്ടി പ്രസിഡന്റ്‌..
അതുകൊണ്ട് തന്നെ പ്രചാരണത്തിനും മറ്റുമായി അവൻ നല്ല തിരക്കിലായിരുന്നു…

മറിയാമ്മയുടെ കൂട്ടുകാർ എന്ന ഒറ്റ കാരണം കൊണ്ട് ഒരു കാര്യവും ഇല്ലാണ്ട് എല്ലാ മീറ്റിങ്ങിലും അമ്മുവിനെയും ചിന്നുവിനെയും അച്ചുവിനെയും വിളിച്ചോണ്ട് പോയി മുന്നിൽ ഇരുത്തും…

എന്തിനാണെന്ന് മാത്രം ഇതുവരെയും മനസിലായില്ല… അപ്പൊ നിങ്ങൾ കരുതും പിന്നെ എന്തിനാ പോയി ഇരിക്കുന്നെന്ന്…

വേറൊന്നുമല്ല.. പ്രസംഗം ഒക്കെ കേട്ട് ചെവി അടിച്ചു ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ നല്ല ആവി പറക്കുന്ന കട്ടനും നല്ല ചൂട് പഴംപൊരിയും വാങ്ങി തന്നാൽ നമ്മുടെ ആരുടെ ആയാലും മനസ് ചെറുതായൊന്നു ചാഞ്ചാടി പോകില്ലേ…

അത്ര മാത്രേ ഞങ്ങൾക്കും സംഭവിച്ചുള്ളൂ… അതിനാണ് ലവള് ഞങ്ങളെ കൈക്കൂലി വീരത്തികൾ ആക്കിയത്..

മ്ലേച്ഛം… മ്ലേച്ഛം……

അങ്ങനെ ഞങ്ങൾ നാലുപേരും മാവിൻ ചോട്ടിലെ സ്റ്റോൺ ബെഞ്ചിൽ ആസനസ്തകൾ ആയിരിക്കുകയായിരുന്നു…

മരിയ ആണേൽ ഫോണിൽ നോക്കി ശോകം അടിച്ചിരിക്കുകയാണ്.. കാര്യം എന്താന്ന് അറിയാൻ അവളെ മാന്തി ഇരുന്നപ്പോഴാണ് കാര്യം മനസിലായത്..

എബിനെ വിളിച്ചിട്ട് കിട്ടുന്നില്ല.. ഒന്നുകിൽ ബിസി അല്ലെങ്കിൽ എൻഗേജ്ഡ് ആയിരിക്കും.

” തേച്ച്.. തേച്ച്… ചേച്ചിയെ എബി ചേട്ടൻ തേച്ച്… അയ്യോ എന്റെ ചേച്ചിക്ക് ഇനി ആരുണ്ടേയ്…. ഞാൻ ഇതെങ്ങനെ സഹിക്കും…. ”

അതും പറഞ്ഞു അച്ചു അവിടെ കിടന്നു മോങ്ങാൻ തുടങ്ങി…

” എന്തൊക്കെയാടി ഈ പറയുന്നേ… നീ അവളെ വിഷമിപ്പിക്കാതെ… ഫോൺ ബിസി എന്നല്ലേ പറഞ്ഞേ??.. നീ വിഷമിക്കണ്ടടി.. ഇതെന്തോ അവിഹിതം ആവാനാ ചാൻസ്… “( ചിന്നു )

” ആഹ്… എഹ്ഹ്ഹ്ഹ്……. എടൊ പരട്ടെ… തനിക്ക് ഞാൻ വെച്ചേപ്പുണ്ട്….. ”

അതും പറഞ്ഞു മരിയ ചവിട്ടി തുള്ളി സെമിനാർ ഹാളിലേക്ക് പോയി…..

ഇതെല്ലാം കണ്ടു പകച്ചു പണ്ടാരം അടങ്ങി നിക്കുവാണ് നമ്മുടെ അമ്മു..
അവളുടെ കിളികളെല്ലാം കൂടും കുടുക്കയും എടുത്തു ഫ്ലൈറ്റ് പിടിച്ചു പോയിന്നാ തോന്നുന്നേ…

” ആഹാ എന്താ ഒരു മനസുഖം… ”

അതും പറഞ്ഞു രണ്ടൂടി സയാമീസ് പരട്ടകളെ പോലെ തോളിൽ കയ്യിട്ട് നടന്നു പോകുന്നു…

തുടരും…………