19/04/2026

വേഴാമ്പൽ : ഭാഗം 11

രചന – അനീഷ ആകാശ്

 

ദേവൻ തൊട്ടടുത്ത് ഉണ്ടെന്ന് കേട്ടപ്പോൾ ഭദ്രക്ക് ടെൻഷൻ ആയി… പതിയെ ഇടങ്കണ്ണിട്ട് സൈഡിലേക്ക് നോക്കി..

മോതിരം സെലക്ട്‌ ചെയ്യുന്നതിലാണ് പുള്ളി കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നത്… തന്റെ വരവുപോലും അറിഞ്ഞിട്ടില്ലെന്നുള്ള മട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഭദ്രക്ക് ചിരി വന്നു…

“മാഡം ദാ ഈ മോതിരം ഒന്ന് ഇട്ടുനോക്കിക്കെ…. ”

സെയിൽസ്മാന്റെ സൗണ്ട് കേട്ടപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു…

അയാൾ മോതിരത്തിന്റെ ബോക്സിൽ നിന്ന് ഒരെണ്ണം എടുത്ത് ഭദ്രയുടെ കൈകളിൽ കൊടുത്തു…

“വേണ്ട ഇതല്പം വലുതാണ് ”

കൊടുത്ത മോതിരം ഇട്ട് നോക്കിയിട്ട് അവൾ പറഞ്ഞു…

“മാഡം വിരൽ കാണിക്കു ഞാനിതൊന്ന് ഇട്ടുനോക്കാം ”

ഒരു മോതിരം കൈയ്യിൽ എടുത്ത് കൊണ്ട് അയാൾ പറഞ്ഞു

മടിച്ചു കൊണ്ടാണെങ്കിലും അവൾ വിരൽ നീട്ടി…

“ദയെ….നിനക്കിഷ്ടമുള്ളത് സ്വയം ഇട്ടുനോക്കി സെലക്ട്‌ ചെയ്യാൻ അറിയില്ലേ…? ”

ദേവന്റെ സൗണ്ട് കേട്ടതും ഭദ്ര തിരിഞ്ഞ് നോക്കി…
പാവം ദയ ഒന്നും മനസിലാകാത്ത പോലെ ദേവനെ നോക്കി..

ദേവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൾക്ക് കാര്യം തിരക്കാനും പേടിയായി..

വെറുതെ ഇരിക്കുന്ന ദയയോടല്ല അപ്പോൾ പറഞ്ഞത്.. തന്നോട് ദേവേട്ടന് പറയാനുള്ളതാണ് ദയയോട് പറഞ്ഞത്..

നീട്ടിയ കൈ പിൻവലിച്ചു കൊണ്ട് അവൾ പറഞ്ഞു..

“ചേട്ടാ… മോതിരം ഇങ്ങു തന്നേക്ക് .. ഞാൻ ഇട്ടുനോക്കികൊള്ളം.. ”

“അതിനെന്താ മാഡം.. ദാ ഈ രണ്ടെണ്ണം ഇട്ടുനോക്കിക്കോ.. ഈ സെറ്റിൽ വലിപ്പം കുറഞ്ഞ രണ്ട് മോതിരം അതെ ഉള്ളൂ.. ”

അയാൾ കൊടുത്ത മോതിരങ്ങൾ അവൾ ഇട്ടുനോക്കി. അതിൽ ഇഷ്ടപെട്ട ഒരെണ്ണം അവൾ ദയയെ കാണിച്ചു

“ഇതുകൊള്ളാം ചേച്ചി.. നല്ല ഫാഷൻ. ഏട്ടന്റെ പേരുംകൂടി വന്നു കഴിയുമ്പോൾ സൂപ്പർ ആയിരിക്കും.. ”

“ചേട്ടാ ഇതുനോക്കിക്കെ നല്ല ഭംഗിയില്ലേ? ചേച്ചിക്ക് നന്നായി ഇണങ്ങും… ”

ദേവന്റെ അടുത്ത് മോതിരവുമായി ചെന്നുകൊണ്ട് ദയ ചോദിച്ചു…

“ഉം… കൊള്ളാം… ”

താല്പര്യമില്ലാത്ത രീതിയിൽ ദേവൻ മറുപടി കൊടുത്തു..

“ചേട്ടൻ സെലക്ട്‌ ചെയ്‌ത മോതിരം കാണിച്ചേ.. ചേച്ചിയെ കാണിച്ചിട്ട് വരാം.. ”

“അതിന്റെ ആവിശ്യമൊന്നും ഇല്ലാ.. ഞാൻ ഇടുന്ന മോതിരം എല്ലാവരെയും കാണിക്കേണ്ട കാര്യമെന്താ.. ”

നീരസത്തോടെയുള്ള അവന്റെ മറുപടി ഭദ്രക്ക് സങ്കടം ഉണ്ടാക്കി..

“നിങ്ങളുടെ സെലെക്ഷൻ ഇതുവരെ കഴിഞ്ഞില്ലേ മക്കളേ… ”

രാഘവമേനോൻ രണ്ടുപേരോടുമായി ചോദിച്ചു..

“കഴിഞ്ഞു… ദാ ഇതാ മോതിരങ്ങൾ.. ”

ദയ ഉത്സാഹത്തോടെ എല്ലാവരെയും കാണിച്ചു..

“ഞങ്ങൾ ഡിസ്റ്റർബ് ചെയ്യാതിരുന്നത് നിങ്ങളുടെ ഇഷ്ടത്തിന് എടുക്കട്ടേ എന്ന് കരുതിയാ.. ”

ദേവകി മോതിരങ്ങൾ കയ്യിലെടുത്ത് നോക്കികൊണ്ട് പറഞ്ഞു..

“രണ്ടും നല്ലത് തന്നെ.. അല്ലേ ദേവകി.. ”

സാവിത്രി ഒരു സപ്പോർട്ടിന് ചോദിച്ചു

“നന്നായിട്ടുണ്ട്.. ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു… ദയെ….. രണ്ടുപേരുടെയും പേരെഴുതി ഷോപ്പിൽ കൊടുക്കണം. മോതിരത്തിൽ എഴുതാൻ ഉള്ളതാ.. ”

“ഞാൻ അവരോട് ഒരു പേപ്പർ ചോദിക്കട്ടെ… ”

“ഇവർ എഴുതികൊടുക്കുന്ന നേരം നമുക്ക് അവിടെ ചെയറിൽ ഇരിക്കാം… ”

സാവിത്രി പറഞ്ഞ സ്ഥലത്തേക്ക് ദേവകിയും നടന്നു

സെയിൽസ്മാനോട് ഒരു പേപ്പറും വാങ്ങി ദയ ഇരുവർക്കും നടുവിലായി ഇരുന്നു

“ഏട്ടന്റെ പേര് ആദ്യം എഴുതാം അല്ലേ ചേച്ചി… ”

സമ്മതമെന്ന ഭാവത്തിൽ ഭദ്ര തലയാട്ടി

“ഏട്ടന്റെ പേര്…. ദേ.. വ.. ൻ

ഇനി ചേച്ചീടെ പേര്… മാ… ളു ”

“ദയ അങ്ങനെ എഴുതല്ലേ… അതെന്റെ വീട്ടിലെ പേരാണ്… ഒർജിനൽ നെയിം ഭദ്ര എന്നാണ്… ”

“ഭദ്രയോ….? ”

ഞെട്ടലോടെ ദയ ഭദ്രയെ നോക്കി… തിരിഞ്ഞു ദേവനെ നോക്കിയപ്പോൾ ശെരിയാണെന്നുള്ള അർത്ഥത്തിൽ അവൻ തലയാട്ടി…

“ചേച്ചി കൊച്ചേട്ടന്റെ കോളേജിൽ ആണോ പടിക്കുന്നത്? ”

അതെ എന്നർത്ഥത്തിൽ ഭദ്ര തലയാട്ടി..

“ഏട്ടനുമായി വഴക്കുണ്ടാക്കിയത് ഈ ചേച്ചി ആണോ? ”
സംശയത്തോടെ ദേവനോട് ചോദിച്ചു

ദേവനും അതെ എന്നർത്ഥത്തിൽ തലയാട്ടി…

“ഈശ്വരാ… കൊച്ചേട്ടൻ ചുമ്മാതല്ല ഈ റിലേഷനെ സപ്പോർട്ട് ചെയ്തത്.. കള്ളൻ … വീട്ടിൽ ചെല്ലട്ടെ ഞാൻ കാണിച്ചു കൊടുക്കാം..”

“ആലോജിച്ചിരിക്കാതെ എഴുതി കൊടുക്കടി… ”

ദേവൻ ദേഷ്യപ്പെട്ടപ്പോൾ പെട്ടന്ന് സ്ഥലകാല ബോധം കൈവരിച്ചിട്ട് എഴുതാൻ തുടങ്ങി…

എഴുതിയ പേപ്പർ സയിൽസ്മാന്റെ കൈയ്യിൽ കൊടുത്തിട്ട് അവൾ ഭദ്രയുടെ അടുത്ത് ഇരുന്നു..

“ചേച്ചി സോറി.. ആളറിയാതെ ഞാൻ എന്തൊക്കെയോ ചേച്ചിയെ പറഞ്ഞു.. ”

“എന്താ എനിക്ക് കാര്യം മനസിലായില്ല.. ”

“കാര്യമൊക്കെ ഞാൻ സാവകാശം ചേച്ചിയെ വല്യേട്ടൻ വീട്ടിൽ കൊണ്ടുവന്ന് കഴിയുമ്പോൾ പറയാം… അപ്പോൾ എന്നെ ഓടിക്കാതിരുന്നാൽ മതി.. ”

“ആയിക്കോട്ടെ… എന്താണെങ്കിലും ഞാൻ നിന്നോട് ക്ഷെമിച്ചിരിക്കുന്നു ”

“താങ്ക് യു ചേച്ചി… ”

സന്തോഷം കൊണ്ട് ദയ ഭദ്രക്ക് കെട്ടിപിടിച്ച് കവിളിലൊരു ഉമ്മ കൊടുത്തു…

“സോറി ചേട്ടാ… ചേട്ടനായിരുന്നു ആദ്യം കൊടുക്കേണ്ടിയിരുന്നത്.. പെട്ടെന്ന് എനിക്ക് ചേച്ചിയോട് അല്പം സ്നേഹം കൂടി പോയി… അതാ….ചേട്ടന് ഇനി എപ്പോൾ വേണമെങ്കിലും കൊടുക്കാമല്ലോ… ”

പെട്ടെന്നുള്ള ദയയുടെ വാക്കുകൾ കേട്ട് ഭദ്രക്ക് നാണം വന്നു.. ദേവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ നാണമൊക്കെ വന്നവഴിക്ക് പോയി.. മുഖം കുത്തി വീർപ്പിച്ചു വെച്ചേക്കുവാ..
ദയയെ ഒരു ദയയും ഇല്ലാതെ നോക്കുന്നത് കണ്ടപ്പോൾ ഭദ്രക്ക് പേടി തോന്നി…

“ഇവിടെ കണ്ടവന്മാർക്ക് വായിനോക്കാൻ ഇരുന്ന് കൊടുക്കാതെ എഴുന്നേറ്റ് അച്ഛന്റെ കൂടെ പോയിരിക്കടി… ‘

ദേവന്റെ ദേഷ്യം കണ്ടപ്പോൾ ദയ പതുക്കെ എഴുന്നേറ്റു..
ദേവൻ പറഞ്ഞത് കേട്ട് ഭദ്ര ചുറ്റും നോക്കിയപ്പോഴാണ് ഒരുത്തൻ തന്നെ നോക്കി നില്കുന്നത് കണ്ടത്…

“പറയുമ്പോൾ വീണ്ടും അവിടെ തന്നെ നിന്നോണം… ”
ദേവന്റെ മുഖത്തെ ദേഷ്യം ഇരട്ടിച്ചു..

ദയ പോയി കഴിഞ്ഞും വീണ്ടും പറയുന്നത് കേട്ടപ്പോൾ ഭദ്രക്ക് മനസ്സിലായി ഇതു തന്നോടാണ് പറയുന്നതെന്ന്..
വേഗം തന്നെ എഴുന്നേറ്റ് അവൾ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയിരുന്നു..അവിടുന്ന് ദേവകി വിളിച്ച് അവളെ അവരുടെ അടുത്ത് ഇരുത്തി..

അപ്പോഴാണ് അവൾ ദേവൻ ഇരുന്ന സ്ഥലത്തേക്ക് നോക്കിയത്.. അവിടെങ്ങും ആളെ കണ്ടില്ല. നോക്കിയപ്പോൾ തന്നെ നോക്കി ദേഹിപ്പിച്ചവനോട് എന്തൊക്കെയോ പറയുന്നത് കണ്ടു.. അയാളുടെ മുഖം കുനിഞ്ഞു ഇരിക്കുന്നു.. ദേവേട്ടന്റെ മുഖം കണ്ടിട്ട് ദേഷ്യത്തിൽ എന്തോ പറയുന്നത് പോലുണ്ട്. എന്താണെന്ന് വെക്തമാകുന്നില്ല…

മേനോനും രാഘവമേനോനും ബില്ല് അടക്കാൻ പോയപ്പോൾ ദേവകിയും ദയയും സാവിത്രിയും ഭദ്രയോടൊപ്പം പുറത്തേക്കിറങ്ങി..

“ചേച്ചി ഞങളുടെ ഒപ്പം പോരുന്നോ? ദേവേട്ടൻ രാത്രിയിൽ വീട്ടിൽ കൊണ്ട് വിടും… ”

“അയ്യോ…അങ്ങനെ പാടില്ല മോളെ… കല്യാണം കഴിയാതെ ചേച്ചിക്ക് ആ വീട്ടിൽ കേറാൻ പാടില്ല.. ”

സാവിത്രി മറുപടി കൊടുത്തു..

“അധികം താമസിയാതെ ഭദ്ര നമ്മുടെ വീട്ടിലേക്ക് വരില്ലേ.. അപ്പോൾ പിന്നെ എന്തിനാ ഇപ്പോഴേ നീ തിടുക്കം കൂട്ടുന്നത് . ”

ദേവകി ദയയോട്
പറഞ്ഞുകൊണ്ടിരുന്നപ്പോൾ ദേവൻ അവരുടെ അടുത്തേക്ക് വന്നു..

“അമ്മേ നമ്മൾ പോകുവല്ലേ… ”

“പോകാം മോനേ.. അച്ഛൻ വന്നോട്ടെ.. ”

“ഞാൻ വണ്ടി തിരിച്ചിടാം … ”

ദേവൻ വണ്ടിയുടെ അടുത്തേക്ക് പോയി..

അപ്പോഴേക്കും ബില്ല് പേ ചെയ്ത് അച്ഛന്മാർ എത്തി…

“ഇനി നിങ്ങൾ എങ്ങോട്ടാ? ”

രാഘവമേനോൻ ചോദിച്ചു….

“ഇന്ന് തന്നെ ഡ്രെസ്സും എടുക്കണമെന്ന് കരുതുന്നു… ടൈം പോയാൽ കടയിൽ കേറിയിട്ട് കാര്യമില്ല.. സ്ത്രീ ജനങ്ങൾക്ക് ഒരുപാട് നേരം വേണമല്ലോ ഡ്രെസ്സെടുക്കാൻ… ”

മേനോൻ പറഞ്ഞിട്ട് ദേവകിയെ നോക്കി…

“കേട്ടോ സാവിത്രി കടയിൽ ചെന്നാൽ ഇവരെല്ലാം മാറി ഒരു കസേരയിൽ ഇരിക്കും.. ഓരോരുത്തർക്കും വേണ്ടത് ഞാൻ സെലക്ട്‌ ചെയ്യണം…
എന്നിട്ട് ടൈം പോയെന്ന് പറഞ്ഞു വഴക്കും… ”

“ഇവിടുത്തെ കാര്യവും അതുപോലെ തന്നെയാ… ”

ദേവകിക്ക് സപ്പോർട്ട് കൊടുത്തുകൊണ്ട് സാവിത്രി പറഞ്ഞു..

“എങ്കിൽ ഞങ്ങൾ ഇറങ്ങുവാ… ഡ്രെസ്സും എടുത്തിട്ട് വേഗം പോകണം. മാളൂന് അമ്പലത്തിൽ പോകണമെന്ന് പറഞ്ഞിട്ടുണ്ട്.. ”

രാഘവമേനോൻ പറഞ്ഞു..

“അമ്പലത്തിൽ പോക്ക് മുടക്കണ്ട… നിങ്ങൾ വിട്ടോ.. ഞങ്ങളും ഇറങ്ങുവാ… ഇനി സൺ‌ഡേ കാണാം… ”

രാഘവമേനോന് കൈകൊടുത്തുകൊണ്ട് മേനോൻ പറഞ്ഞു…

എല്ലാവരും യാത്ര പറഞ്ഞു കഴിഞ്ഞപ്പോൾ ദേവനും വണ്ടിയുമായി വന്നു…

“എന്താ വണ്ടി റിവേഴ്‌സ് എടുക്കാൻ ഇത്ര താമസം.. ”

മേനോൻ വണ്ടിയിൽ കയറിക്കൊണ്ട് ദേവനോട് ചോദിച്ചു…

“ധ്യാനിന്റെ കോൾ ഉണ്ടായിരുന്നു… അതാ താമസിച്ചത്… ”

അച്ഛൻ തന്നോടല്പം ദേഷ്യത്തിലാണെന്ന് ദേവന് മനസിലായി..

അപ്പോഴേക്കും രാഘവമേനോന്റെ വണ്ടിയും ഇവരുടെ ഒപ്പം എത്തി..

കാറിലിരുന്ന് മേനോനെ നോക്കി കൈ കാണിച്ചിട്ട് വണ്ടി മുന്നോട്ട് എടുത്തു… ഭദ്ര പിൻസീറ്റിൽ ഇരുന്ന് ദേവനെ നോക്കുന്നുണ്ടായിരുന്നു.. പക്ഷേ ദേവൻ അവളെ കണ്ട ഭാവം നടിച്ചില്ല..

******************************

തിരികെ വീട്ടിലേക്ക് പോകുന്ന വഴി അമ്പലത്തിന്റെ മുന്നിലെത്തിയപ്പോൾ ഭദ്ര കാർ നിർത്താൻ പറഞ്ഞു..

“ഇനി കയറണോ മോളെ… ഇപ്പോൾ നട അടക്കും… ”

സാവിത്രി ഭദ്രയോട് ചോദിച്ചു…

“വേണം അമ്മേ… നട അടച്ചാലും സാരമില്ല ഞാൻ പ്രാർത്ഥിച്ചിട്ട് വരാം…
അച്ഛൻ മഹിയെട്ടനോട് ഒന്ന് അമ്പലത്തിൽ വരാൻ പറ… തിരിച്ച് മഹിയേട്ടൻ എന്നെ കൊണ്ടുവന്നാക്കും… ”

“ഉം… ശെരി…. മോള് പോയി തൊഴുതോ… ഞാൻ അവനോട് പറയാം. ”

ഭദ്ര അമ്പലത്തിലേക്ക് കയറി കഴിഞ്ഞപ്പോൾ രാഘവമേനോൻ വണ്ടി എടുത്തു…
*****************************
നട അടക്കാൻ ടൈം ആയതുകൊണ്ട് അമ്പലത്തിൽ അധികം ആളില്ലായിരുന്നു

തൊഴുത് വലം വെച്ചു വന്നപ്പോൾ അമ്പലമുറ്റത്ത് മഹി നിൽക്കുന്നത് കണ്ടു…

“മഹിയേട്ടൻ ഇപ്പോൾ വന്നതേ ഉള്ളോ? ”

“ഞാൻ വന്നിട്ട് കുറച്ചു നേരമായി.. കൊച്ചച്ഛൻ വിളിച്ചപ്പോൾ കവലയിൽ ഉണ്ടായിരുന്നു… ”

“കവലയിൽ വായിനോട്ടമാണോ? ”

“അയ്യോ അല്ലായേ…. ഇവിടുള്ളതിനെയൊക്കെ ആരേലും നോക്കുമോ? ”

“നോക്കിയതൊക്കെ ഞാൻ പറയണോ മാഷേ? ”

“വേണ്ടായേ… മഹതി വിളിച്ചതിന്റെ കാരണം പറഞ്ഞാലും ”

“എന്നെ ഒന്ന് വീട്ടിൽ വിടാൻ വേണ്ടി വിളിച്ചതാ.. ”

“അതിന് നിന്റെ അച്ഛൻ ഉണ്ടല്ലോ… അപ്പോൾ അതിനല്ല വിളിച്ചത്… ചുറ്റാതെ വേഗം കാര്യത്തിലേക്ക് വാ… ”

“കാര്യമൊക്കെ ഉണ്ട്… വീട്ടിലോട്ട് നടക്കുമ്പോൾ പറയാം… ”

“എങ്കിൽ വാ…”

മഹി അവളെയും കൂട്ടി നടന്നു…

അന്നത്തെ സംഭവങ്ങൾ എല്ലാം അവൾ മഹിയോട് പറഞ്ഞു..

കേട്ടപ്പോൾ തന്നെ മഹി ചിരി തുടങ്ങി…

“ആ സെയിൽസ്മാൻ ഇനി ജന്മത്തിൽ ഒരു പെണ്ണിനേയും വായി നോക്കില്ല… ”

“അതെങ്ങനെ മഹിയേട്ടനറിയാം? ”

സംശയത്തോടെ ഭദ്ര മഹിയെ നോക്കി…

“ദേവനെ എനിക്കറിയാമല്ലോ… ”

“അതല്ല മഹിയെട്ടാ പ്രശ്നം… എനിക്കൊരു താങ്ക്സ് പറയണമെന്നുണ്ടായിരുന്നു…”

പരിഭവത്തോടെ ഭദ്ര പറഞ്ഞു..

“നേരിൽ കണ്ടിട്ട് എന്താ പറയാതിരുന്നത്? ”

“അതിന് ആ കാട്ടുപോത്ത് മുഖം തരണ്ടേ… ”

“സാരമില്ല…ഞാനിപ്പോൾ ഫോൺ വിളിച്ചു തരാം.. ”

“അയ്യോ വേണ്ടാ…. എനിക്ക് പേടിയാ… ”

ഭദ്ര മഹിയെ തടഞ്ഞു..

“ഓക്കേ നീ സംസാരിക്കണ്ട ഞാൻ പറഞ്ഞോളാം…”

“എന്ത് പറയും… ”

“അതൊക്കെ ഞാൻ പറഞ്ഞൊപ്പിച്ചു കൊള്ളാം.. ”

ഭദ്രക്ക് മറുപടി കൊടുത്തിട്ട് മഹി ഫോണിൽ ദേവന്റെ നമ്പർ ഡയൽ ചെയ്‌തു

ദേവന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഭദ്രക്ക് ഹൃദയം നിൽകുന്നപോലെ തോന്നി….

തുടരും