രചന – അയിഷ അക്ബർ
അമ്പലത്തിൽ ഉത്സവം കൊടിയെറിയിരുന്നു…..
എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു…
ഏട്ടത്തി വരുന്നില്ലേ….
ദേവു മീരയോടത് ചോദിക്കുമ്പോൾ മീര ചിരിച്ചു കൊണ്ട് തലയാട്ടി….
അലമാര തുറന്ന് ഉള്ളതിൽ നിന്നൊരു ദാവണിയെടുത്തു മനോഹരമായവൾ ചുറ്റി….
ചുവന്ന ദാവണിയിൽ അവളുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു….
സദാ മെടഞ്ഞു വെക്കാറുള്ള മുടിയവൾ പരത്തിയിട്ടു…..
ഒരു കുഞ്ഞു പോട്ടെടുത്തു നെറ്റിയിൽ തൊട്ടു…..
അവൾ താഴെക്കിറങ്ങിയപ്പോഴേക്കും എല്ലാവരും ഒരുങ്ങി വന്നിരുന്നു….
നേരം സന്ധ്യയോടടുത്തിരുന്നു….
മാറ്റിയിറങ്ങിയ വിവിയോടൊപ്പമായി രാധുവും ദേവുവും മീരയും നടന്നു……
അമ്പലത്തിലേക്ക് കയറി തൊഴുതിറങ്ങിയ ശേഷം അവർ ഉത്സവത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയിരുന്നു…..
ഇരുട്ടിനെ തുളച്ചു കീറി എല്ലായിടത്തും വെളിച്ചം മാത്രം കാണപ്പെട്ടു…
ഉത്സവത്തിന്റെ കാഴ്ചകൾ മീരയുടെ കണ്ണുകൾക്ക് പുതുമയുള്ളതായിരുന്നു….
ഇങ്ങോട്ട് വാ….
ഉത്സവത്തിന്റെ ഭംഗിയിൽ നാലുപാടും നോക്കി അവിടെ തന്നെ നിന്ന മീരയുടെ കൈകളിൽ വിവി പിടിച്ചു വലിച്ചു…..
തിരക്കിൽ പെട്ടാൽ പിന്നേ കിട്ടാൻ പാടാ…. കൂടെ നടക്….
അവൻ ശാസനയോടത് പറയുമ്പോൾ അവൾക്ക് ഇതൊന്നും ശീലമില്ലായെന്ന അറിവിൽ തന്നെയായിരുന്നു…..
എങ്കിലും അവൾ വീണ്ടും നാലുപാടും നോക്കിയിരുന്നു…..
എല്ലാവരും അത്രമേൽ ഉത്സവത്തിന്റെ തിരക്കുകളിലേക്ക് മുഴുകിയിരിക്കുന്നു…..
പല തരത്തിലുള്ള വഴിയോര കച്ചവടക്കാർ…
വള, മാല, കമ്മൽ എന്നിവ കൂടാതെ കുട്ടികളെ ആകർഷിക്കാൻ പലതരം കളിക്കൊപ്പുകൾ…..
കളിക്കോപ്പുകൾ കാണുമ്പോൾ വിടരുന്ന കുട്ടികളുടെ കണ്ണിലെ തിളക്കം അവൾ ചെറു ചിരിയാലെ നോക്കി നിന്നു….
മജിഷ്യൻസ്, സർക്കസ്സുകാർ തുടങ്ങിയുള്ള ആളുകളുടെ പ്രവർത്തികളെ അവൾ കൗതുകത്തോടെ നോക്കി നിന്നു……
കൊച്ചു കുഞ്ഞുങ്ങളുടേത് പോലുള്ള അവളുടെ കണ്ണുകളിലെ തിളക്കം വിവി ചെറു പുഞ്ചിരിയാലെ നോക്കി കണ്ടു….
വെറുത്തിരുന്ന പലതിനോടും അവളടുത്തു വരുന്നതായി അവന് തോന്നി…..
ഏട്ടാ….. കരിമ്പ് ജ്യൂസ്…
നടന്നു കൊണ്ടിരിക്കുന്ന വിവിയുടെ കയ്യിൽ തൂങ്ങി ദേവു അത് പറയുമ്പോൾ അരികിൽ കരിമ്പു വിൽക്കുന്നയാളിലേക്ക് അവൻ നീങ്ങി…..
മൂന്ന് പേർക്ക് ജ്യൂസ് വാങ്ങി കൊടുത്ത് അവനും കുടിച്ചു…..
ഫാൻസി കടയുടെ അരികത്തായെത്തിയപ്പോൾ വേണ്ടതെല്ലാം തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു ദേവു….
വിവി….. പണ്ട് നീ വാങ്ങി തരാറുള്ളത് പോലെ കുറച്ച് കുപ്പിവളകൾ വാങ്ങി തരാമോ…..
രാധു വിവിയുടെ കണ്ണുകളിൽ നോക്കി അത് ചോദിക്കുമ്പോൾ വാക്കുകളിലെ വികാരം അവനളന്നെടുക്കാൻ കഴിയുന്നുണ്ടായിരുന്നു….
അവർക്കരികിലായി നിൽക്കുന്ന മീരയത് കേട്ടതും ദേഷ്യത്തോടെ അവളെ നോക്കി….
നിനക്ക്…. നിനക്കെന്താ വേണ്ടതെന്നു വെച്ചാലെടുത്തോ……
വിവിയവളോട് തിരിച്ചത് പറയുമ്പോൾ അവന്റെ വാക്കുകളിലും ഒരു നോവ് കലർന്നതായി മീരക്ക് തോന്നി…..
അതൊരു പക്ഷെ അവരുടെ പഴയ നിമിഷങ്ങളോർത്തായിരിക്കാം……
മീരക് ദേഷ്യമോ സങ്കടമോ എന്നറിയുന്നില്ലായിരുന്നു…..
എന്നാലത് രാധുവിൽ നിറച്ച സന്തോഷം അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…..
രാധു വിവിക്കിഷ്ടമുള്ള കറുത്ത കുപ്പി വളകൾ തന്നെ വാങ്ങി…..
അപ്പോഴും അവൾ ഇടക്കിടക്ക് വിവിയെ നോക്കുന്നുണ്ടായിരുന്നു….
പണ്ട് മുറിയിൽ അവൻ കൊണ്ട് വെച്ച കറുത്ത കുപ്പി വളകൾ മീരയുടെ മനസ്സിലേക്കോടിയെത്തി…
അന്നവൻ തന്നോടുള്ള ദേഷ്യത്താൽ അത് എറിഞ്ഞുടക്കുകയാണ് ചെയ്തത്…..
അന്നതിനോട് തനിക്ക് യാതൊരു താല്പര്യവും തോന്നിയിട്ടില്ല…..
എന്നാലിന്ന് അവനിഷ്ടപ്പെടുന്ന എല്ലാത്തിനോടും അടക്കാനാവാത്തൊരു പ്രണയമാണ്……
അവൻ തനിക്കായി വാങ്ങി തന്നിരുന്നെങ്കിലെന്ന് മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആഗ്രഹിക്കാൻ പോലും അർഹത യിന്നു തനിക്കില്ലെന്നത് വ്യക്തമാണ്…..
അവൾക്ക് വല്ലാത്ത നോവ് തോന്നി…..
നിനക്കൊന്നും വേണ്ടേ….
മീരയോടായി വിവിയത് ചോദിക്കുമ്പോൾ അവൾക്കായി എന്തെങ്കിലും വാങ്ങി കൊടുക്കണമെന്ന് അവന്റെ മനസ്സും അത്ര മാത്രം ആഗ്രഹിച്ചിരുന്നു….
എന്നാൽ താൻ വാങ്ങുന്നത് അവൾക്കിഷ്ടപ്പെടുമോയെന്നൊരു ഭയത്താൽ അവനതിന് മുതിർന്നിരുന്നില്ല……
അത്രയേറെ ഇഷ്ടപ്പെട്ടു അന്ന് വാങ്ങിയ കുപ്പി വളയുടെ ചില്ലുകൾ അവന്റെ മനസ്സിലും കിടന്ന് മുറിവുണ്ടാക്കുന്നത് കൊണ്ടായിരിക്കാം ഒരുപക്ഷെ…….
വേണ്ട…..
അവളോറ്റ വാക്കിലൊതുക്കുമ്പോഴും വാക്കുകളിൽ ഇടർച്ച വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..
ദേവുവും രാധുവും ഇഷ്ടമുള്ളത് വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ കുരുങ്ങി കിടന്നത് ആ കറുത്ത കുപ്പി വളകളിൽ തന്നെയായിരുന്നു…..
ഉത്സവ പ്പറമ്പിൽ നിന്നും അവരെയും കൂട്ടി വിവി നേരെ പോയത് ജാനകിയുടെ അടുത്തേക്കായിരുന്നു…..
ജാനകിക്കിഷ്ടപ്പെട്ട ശർക്കര ഉപ്പേരി വാങ്ങാനും അവർ മറന്നിരുന്നില്ല….
കാറിന്റെ ശബ്ദം കേട്ടതും ജാനകി ഉമ്മറത്തേക്കൊടി വന്നു…..
ദേവുവിനെയും വിവിയെയും ചേർത്ത് പിടിച്ചത് പോലെ തന്നെ മീരയെയും അവരങ്ങേയറ്റം സ്നേഹത്തോടെ ചേർത്ത് പിടിച്ചു……
അമ്മയെപ്പഴാ തിരിച്ചു വരുന്നത്….
അവരെ കെട്ടിപ്പിടിച്ചു മീരയത് ചോദിക്കുമ്പോൾ വിവിക്ക് എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി….
അമ്മയെ കുറ്റപ്പെടുത്തി അവൾ തന്നോട് പറഞ്ഞതവനോർത്തു….
അതിൽ നിന്നെല്ലാം വ്യത്യസ്തമായി അവരെ ചേർത്ത് പിടിച്ചു ഇത് വരെ കാണാത്തതിലുള്ള പരിഭവം പങ്കു വെക്കുമ്പോൾ അവന് ശെരിക്കും അവളോടൊരിഷ്ടം തോന്നിയിരുന്നു…..
തെറ്റുകൾ ആർക്കും പറ്റാം….. അവ തിരുത്താനുള്ള കഴിവല്ലേ ഓരോരുത്തർക്കും ഇല്ലാതെ പോകുന്നത്….
രാധു മോള് വന്നെന്ന് പറഞ്ഞിരുന്നു….
സുഖമാണോ മോളെ നിനക്ക്….
ജാനകി രാധുവിനോട് സ്നേഹത്തോടെയത് ചോദിക്കുമ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…..
മീര ജാനകിയോട് ഇത്ര ത്തോളം അടുത്തിട്ടുണ്ടെന്ന് രാധുവും വിചാരിച്ചിരുന്നില്ല….
ദേവുവും മീരയും ജാനകിയും കൂടി സംസാരിക്കുമ്പോൾ മീര പുറത്ത് നിന്നു വന്നൊരാളാണെന്ന് തോന്നുന്നുണ്ടായിരുന്നില്ല….
എന്റെ മരുമകളിതാ എന്ന് പറഞ്ഞ് ജാനകി എല്ലാവർക്കും അവളെ ചൂണ്ടി കാണിക്കുമ്പോഴും ജാനകിയുടെ മുഖത്തെ അത്രയും സന്തോഷം മീരയിലും ഉണ്ടെന്നത് രാധു ശ്രദ്ധിച്ചിരുന്നു…..
വിവിയും അത് തന്നെയായിരുന്നു അപ്പോൾ ശ്രദ്ധിച്ചു കൊണ്ടിരുന്നത്…..
സാധാരണ എന്റെ ഭാര്യയാണെന്ന് പറഞ്ഞാൽ പോലും മുഖം കനപ്പിക്കുന്നവളെ വളരേ ഉത്സാഹത്തോടെ കണ്ടത് അവനും അവിശ്വസനീയമായിരുന്നു…..
അവരവിടെ നിന്നു തിരിച്ചു പോരുമ്പോഴും ജാനകി പോരത്തതിലുള്ള വിഷമം എല്ലാവരിലും പറ്റി പിടിച്ചിരുന്നു…..
തന്റെ സ്വന്തം അമ്മയെ കാണാനിട്ടു കൂടി താനിത് പോൽ വേദനിച്ചിട്ടില്ലെന്ന് മീരയോർത്തു…..
ഓരോരുത്തരും നമുക്ക് നൽകുന്ന സ്നേഹത്തിനനുസരിച്ചു മനസ്സ് അവരെ വളരേ മനോഹരമായി തരം തിരിക്കുമെന്ന് അവളോർത്തു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീര രാവിലെ എഴുന്നേറ്റ് കുളിച്ച് ഉള്ളതിൽ നിന്നു നല്ലൊരു ചുരിദാറെടുത്തിട്ടു…..
ഒഴിഞ്ഞു കിടന്നിരുന്ന മൂക്കിന്മേൽ ഒരു കുഞ്ഞ് മൂക്കുത്തി വെച്ചു….
അപ്പോഴാണ് തന്റെ ആഭരണങ്ങൾക്കിടയിലായിരിക്കുന്ന ഒരു പൊതിയവളുടെ കണ്ണിൽ പെടുന്നത്…..
അവൾ സംശയത്തോടെ അതെടുത് തുറന്നതും അവളുടെ കണ്ണുകൾ വിടർന്നു വന്നിരുന്നു….
ഒട്ടും പ്രതീക്ഷിക്കാത്തൊരു സംഭവമായത് കൊണ്ട് തന്നെ അവ അവളെ മനോഹരമായൊന്നു പുഞ്ചിരിക്കാൻ നിർബന്ധിച്ചു…..
ഇന്നലെ തന്റെ മനസ്സിൽ കുരുങ്ങിക്കിടന്ന അതേ കറുത്ത കുപ്പി വളകൾ…..
ഇതിവിടെ എത്തണമെങ്കിൽ അത് തീർച്ചയായും അവൻ വെച്ചത് തന്നെയായിരിക്കുമെന്ന് അവൾക്കുറപ്പായിരുന്നു….
അവൾ വേഗം അവയെടുത് കൈകളിലിട്ടു……
അവൻ മുയിലേക്ക് വന്നതും അവളെയൊന്ന് നോക്കി…..
മ്മ്…….എങ്ങോട്ടാ….?
അവനവളെ നോക്കി പുരികമിയർത്തിയതും അവൾ പതിയെയൊന്ന് ചിരിച്ചു…..
ഞാൻ കൂടി നിങ്ങളുടെ കൂടെ വന്നോട്ടെ അമ്പലത്തിലേക്ക്…..
അവൾ അവനോടത് ചോദിക്കുമ്പോൾ അവൻ പ്രത്യേകിച് മറുപടിയൊന്നും പറഞ്ഞില്ല
….
മൗനത്തിൽ കലർന്ന സമ്മതത്തെ തിരിച്ചറിഞ്ഞു അവന്റെ ഒരുക്കം കഴിയും വരെയവൾ കാത്തിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടത്തി എങ്ങോട്ടാ…ദേവു അത് ചോദിക്കുമ്പോൾ രാധുവിന്റെ മുഖത്തും അതേ ചോദ്യമായിരുന്നു….
ഞാൻ അമ്പലത്തിലേക്കാ….
പറഞ്ഞിരുന്നേൽ ഞാൻ കൂടി വരുമായിരുന്നല്ലോ….
ഇനിയിപ്പോ വിവിയേട്ടന്റെ കൂടെ പ്പോയി വാ…..
ദേവു മീരയോടത് പറയുമ്പോൾ രാധുവിനെന്തോ ദേഷ്യം വന്നു…..
ദേവുവിനോട് പറഞ്ഞാൽ രാധു കൂടി കൂടെ വരുമെന്നുള്ളത് കൊണ്ട് തന്നെയാണ് മീര ആരോടും പറയാതിരുന്നത്…..
വിവിയുടെ കൂടെ പോകുന്ന മീരയെ നോക്കി രാധു വിന്റെ കണ്ണുകൾ ചുരുങ്ങി……
അമ്പലത്തിലേക്ക് അവനോടൊപ്പം നടക്കും വഴിയാണ് അവളാ വളക്കൈകൾ ഒന്ന് കുലുക്കിയത്….
വളകളുടെ ശബ്ദം കേട്ടതും അവൻ പതിയേ അവളിലേക്ക് തിരിഞ്ഞു നോക്കി……
ആ വളകൾ കണ്ടതും അവന്റെ മുഖത്ത് പറ്റിപ്പിടിച്ചു നിന്നൊരാ പുഞ്ചിരിയെ അവളറിയുന്നുണ്ടായിരുന്നു…..
ആരോ നമ്മുടെ അലമാരയിൽ കൊണ്ട് വെച്ചതാ….. എനിക്കുള്ളത് തന്നെയാകുമല്ലേ…..
അവൾ കുസൃതിയോടെയത് ചോദിക്കുമ്പോൾ അവനൊന്നും മിണ്ടിയില്ല….
പകരം ദൂരേക്ക് നോക്കി നടക്കുന്ന അവന്റെ കണ്ണുകളിലും ആ തിളക്കം അവൾ കണ്ടിരുന്നു…..
അലമാരയിൽ കൊണ്ട് വെക്കുന്നവർക്ക് എന്റെ കയ്യിൽ തന്നാലെന്താ…..
അവളത് ചോദിക്കുമ്പോൾ അവൻ നടത്തം നിർത്തി അവളെ നോക്കി….
അപ്പോഴും അവളുടെ മുഖത്ത് അതേ കുസൃതി ചിറി തന്നെയായിരുന്നു…..
കയ്യിൽ തന്നാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയിട്ടാവും….
ഓഹോ…..ഇഷ്ടപ്പെടുമോയെന്നറിയാതെ പിന്നെയെന്തിനാ വാങ്ങിയത്…..
അവൾ വീണ്ടും അത് ചോദിക്കുമ്പോൾ അവനവളുടെ കണ്ണുകളിലേക്ക് നോക്കി….
ഇന്നലെ ഈ കണ്ണുകൾ ആ കുപ്പി വളകളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഒരുപക്ഷെ കണ്ടിട്ടുണ്ടാവാം…..
അവൻ അവളുടെ കണ്ണുകളിൽ ഉറ്റ് നോക്കിയത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങിയിരുന്നു….
അവയിലെ പ്രണയത്തിന്റെ കണികകളെ അവൻ കാണാതിരിക്കാൻ വേണ്ടി തന്നെയാണ് അവൾ വേഗം കണ്ണുകൾ അവനിൽ നിന്നും പറിച്ചെടുത്തത്….
താൻ കുസൃതിയോടെ അവനെ ചോദ്യം ചെയ്യുമ്പോഴൊക്കെ അവന്റെ കണ്ണുകളിലെ വേറിട്ടൊരു ഭാവം തന്നെ കീഴ്പ്പെടുത്താറുള്ളത് പതിവാണ്……
അവനോടൊപ്പം തൊഴുതിറങ്ങുമ്പോഴും തങ്ങൾക്കിടയിൽ മൊട്ടിട്ട പ്രണയത്തെ ശക്തമാക്കണേ എന്ന് തന്നെയായിരുന്നു അവളുടെ പ്രാർത്ഥന….
ആ അമ്പല മുറ്റത്തു കൂടി നടക്കുമ്പോൾ അവന്റെ കൈകളിൽ പിടിച് നടക്കാൻ അവളുടെ ഹൃദയം അങ്ങേയറ്റം ആഗ്രഹിച്ചിരുന്നുവെന്നത് സത്യമാണ്…….
തിരിച്ചു വീട്ടിലേക്കെത്തുമ്പോൾ മുറ്റത്ത് നിന്നിരുന്ന കാറ് അവർക്കിരുവർക്കും പരിചിതമായിരുന്നു…..
(തുടരും )

by