16/04/2026

യാമി : ഭാഗം 09

രചന – വൈദേഹി വൈഗ

“ദേവേട്ടനെന്തിനാ നിന്ന് പരുങ്ങണെ…. ” ..”പരുങ്ങാനോ.. ഞാനോ.. ഏയ്യ് നിനക്ക് തോന്നുന്നതാ… “… “എന്നാ ഞാൻ ചോദിച്ചതിന് ഉത്തരം താ… “…. “എന്താ ചോദിച്ചേ… ഞാൻ കെട്ടില്ലാരുന്നു…. ” …….”ചേച്ചി ഇന്ന് രാവിലെ ദേവേട്ടനെ കാണാൻ വന്നാരുന്നോ?? “…….. “മ്മ് വന്നിരുന്നു .. “…… “എന്നിട്ട്… എന്തിനാ വന്നേ… “……. “നമ്മള് തമ്മിലുള്ള കല്യാണത്തിന് അവൾക്കു സമ്മതം ആണെന്ന് പറഞ്ഞു .. ” …”വേറെ ന്താ പറഞ്ഞെ… “…. “നന്ദയോട് അന്ന് ചെയ്തു പോയത് അറിയാതെ ആണെന്നും… അതിന്റെ പേരിൽ നിന്നെ വെറുക്കരുതെന്നും പറഞ്ഞു…. ” എനിക്കെന്തോ സങ്കടം തോന്നി… എന്നെക്കാളും മുന്നേ ചേച്ചി സ്നേഹിക്കാൻ തുടങ്ങിയതല്ലേ ദേവേട്ടനെ.. “പിന്നെ എന്താ പറഞ്ഞെ…” “പിന്നൊന്നും പറഞ്ഞില്ല… കല്യാണക്കാര്യം സംസാരിക്കാൻ മനയ്ക്കൽ നിന്നു ആള് വരും എന്ന് പറഞ്ഞു അവള് പോയി…. ” “ഹ്മ്മ്…. ” ദേവേട്ടൻ ആൽത്തറയിൽ നിന്നെഴുന്നേറ്റ് കുറച്ചു മുന്നോട്ടു നടന്നു..

ഞാനും പിന്നാലെ നടന്നു.. “ദേവേട്ടാ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ… സത്യം പറയണം…. ” “ചോദിക്ക് ” “എന്നോട് ദേഷ്യം ഉണ്ടോ… അന്ന് ഹോസ്പിറ്റലിൽ നിന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി… അതിനു ശേഷവും വല്ലാതെ അവഗണിച്ചു… ഒന്നും വെറുപ്പ് കൊണ്ടായിരുന്നില്ല.. ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഞാൻ അന്ന് അങ്ങനൊക്കെ.. എന്നോട് ക്ഷമിക്കണം… ” “ഏയ്യ്.. എന്താ യാമി ഇത്.. ഞാൻ അല്ലേ നിന്നോട് മാപ്പ് പറയേണ്ടത്… ഒരു തെറ്റും ചെയ്യാത്ത നിന്നെ ഞാൻ അല്ലേ തള്ളിപ്പറഞ്ഞത്… ” “മ്മ്.. ചേച്ചിടെ കാര്യം ആലോചിക്കുംതോറും എനിക്കെന്തോ വല്ലാതെ സങ്കടം വരുന്നു… ഉള്ളിലെവിടെയോ വല്ലാത്തൊരു നീറ്റൽ… ചേച്ചിയോട് ഞാൻ ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ… ” “അതേ പറ്റി ഇനി ഒരു സംസാരം വേണോ യാമി… അതൊക്കെ കഴിഞ്ഞു .. ഇന്ന് നമ്മൾ ഒന്നിക്കുന്നതിൽ അവൾക്കു ഒരു എതിർപ്പും ഇല്ല.. അവള് തന്നെയാണ് വീണ്ടും ഈ കല്യാണക്കാര്യം എടുത്തിട്ടത്… ”

“എന്നാലും ദേവേട്ടാ.. എനിക്കെന്തോ ഒരു ഭയം പോലെ… എവിടെയോ എന്തോ ഒരു പന്തികേട്… ഈ കല്യാണത്തിന് പിന്നിൽ അവളെന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ എന്നൊരു പേടി… ” “ആഹാ.. താൻ ആള് കൊള്ളാലോ.. ഇത്രേം നാളു ചേച്ചിക്ക് വേണ്ടി എന്നേ തള്ളിപ്പറഞ്ഞിട്ട്.. ഇപ്പൊ ചേച്ചിയെ കുറ്റം പറയുന്നോ… ” “കുറ്റം പറഞ്ഞതല്ല ദേവേട്ടാ.. ഉള്ളിൽ ഒരു പേടി.. അരുതാത്തത് എന്തോ സംഭവിക്കും എന്നൊരു തോന്നൽ…. ” “ആ അതോക്കെ നിന്റെ വെറും തോന്നലാ.. അതൊക്കെ വിട് നി.. വെറുതെ കാട് കേറി ചിന്തിക്കേണ്ട … ” ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…. എത്രയൊക്കെ സന്തോഷിക്കുമ്പോഴും സ്വന്തം ചേച്ചിയെ വേദനിപ്പിച്ചു കൊണ്ടാണല്ലോ എന്നോർക്കുമ്പോൾ ഉള്ള് വല്ലാതെ നീറുന്നു… ഞാൻ ദേവേട്ടന്റെ അരികിൽ നിന്നു പതിയെ മുന്നോട്ടു നടന്നു…

ചെമ്പകത്തിന്റെ ചോട്ടിൽ ചെന്നു നിന്നു… അവിടെ വല്ലാത്തൊരു സുഗന്ധം ആണ്.. എന്ത്ര നിന്നാലും മതിവരാത്ത ഒരു ചുറ്റുപാടാണ് അമ്പലത്തിനു… അരയാലും ചെക്കിയും തുളസിയും… ഓരോ ചെടിക്കും എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ തോന്നും എനിക്ക്…. “യാമി.. നി എന്താലോചിച്ചു നിൽക്കുവാ… സന്ധ്യ ആയില്ലേ… മനയ്ക്കൽ പോണില്ലേ… ” ദേവേട്ടൻ വിളിച്ചപ്പോഴാണ് ഞാൻ ആലോചനയിൽ നിന്ന് ഉണർന്നത്.. ശരിയാണ്.. സന്ധ്യ അവറായി… അങ് പടിഞ്ഞാറു ആകാശം സിന്തൂരം അണിഞ്ഞിരിക്കുന്നു…. “ദേവേട്ടാ.. നമുക്ക് അമ്പലക്കുളത്തിൽ ഒന്നു പൊയാലോ… ” “വേണ്ട മോളേ… എന്റെ നന്ദ….. പലതും ഓർമ വരും എനിക്ക്…. ” “വേണം ദേവേട്ടാ… നമ്മൾ ഒന്നിക്കാൻ പോണത് ദേവേട്ടന്റെ നന്ദയോട് പറയണ്ടേ… പിന്നെ എനിക്ക് മാപ്പ് ചോദിക്കണം.. എന്റെ ചേച്ചി ചെയ്ത തെറ്റിന്… ” ഞാനും ദേവേട്ടനും അമ്പലകുളത്തിലേക്ക് നടന്നു… ഇവിടേക്ക് വന്നിട്ട് കുറേ ആയി… കുളത്തിൽ ഇപ്പൊ നിറയെ ആമ്പൽ ഉണ്ട്…

ഞങ്ങള് രണ്ടു പേരും ആ കുളപ്പടവിൽ ഇരുന്നു… പരസ്പ്പരം ഒന്നും മിണ്ടിയില്ല… ഇതിനോടകം തന്നെ മനസ്സിൽ ഒരായിരം വട്ടം ഞാൻ നന്ദയോട് മാപ്പ് പറഞ്ഞു… ഞാൻ ദേവേട്ടനെ നോക്കി.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്… ഇനിയും ഇവിടെ ഇരുന്നാൽ ദേവേട്ടൻ പൊട്ടിക്കരഞ്ഞു പോവും… “ദേവേട്ടാ.. നമ്മുക്ക് പോവാം.. ” “മ്മ്…. ” ഞങ്ങള് രണ്ടു പേരും എണീറ്റു പുറത്തേക്കു നടന്നു… ഇരുട്ടു വീഴാൻ തുടങ്ങിയിരിക്കുന്നു… “ദേവേട്ടാ.. എന്നാൽ ഞാൻ പോട്ടെ…. ” “ഇങ്ങനെ… നി വണ്ടി എടുത്തിട്ടുണ്ടോ… ” “ഇല്ല.. ഞാൻ പാടത്തൂടെ നടന്നാ വന്നേ.. ” “എങ്കിൽ ഈ സന്ധ്യക്ക്‌ നി പാടത്തൂടെ പോവണ്ട… കാറിൽ കേറിക്കോ… ഞാൻ മനയ്ക്കൽ കൊണ്ട് വിടാം…. ” “വേണ്ട ദേവേട്ടാ… ഞാൻ നടന്നോളാം… ” “മിണ്ടാതെ കേറു പെണ്ണേ….” കാറിൽ കേറി…. ഞാനായിട്ട് അങ്ങോട്ട്‌ കേറി മിണ്ടിയില്ല ദേവേട്ടനോട്… ദേവേട്ടൻ എന്തോ ആലോചനയിൽ ആണെന്ന് മനസിലായി… ഞാനും… എന്റെ ചിന്ത മുഴുവനും അമ്പിളി ചേച്ചിയിൽ ആയിരുന്നു…

അവളുടെ ഈ പെട്ടന്നുള്ള മാറ്റം… ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു മനയ്ക്കൽ എത്തിയത് അറിഞ്ഞില്ല… “നി ഇറങ്ങുന്നില്ലേ…. ” “ഹ… അല്ല ദേവേട്ടനും വാ… വീട്ടിൽ കയറിയിട്ട് പോവാം… ” “വേണ്ട യാമി… ഇപ്പോ വേണ്ട… ഞാൻ നാളെ നിന്റെ അച്ഛനെ വിളിച്ചോളാം… തീയതി കുറിക്കാൻ പോണ്ടേ… കല്യാണം അതികം വെച്ച് താമസിപ്പിക്കണ്ട…. ” കല്യാണം എന്ന് കേട്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ഞാൻ കാറിൽ നിന്നിറങ്ങി മനയ്ക്കലേക്ക് നടന്നു… ദേവേട്ടൻ തിരിച്ചു പോയി … ഉമ്മറത്തു അച്ഛനും വല്യമ്മാമയും ചേച്ചിയും നിൽപ്പുണ്ട്… “ആഹാ.. എത്തിയോ.. ഞാൻ നിന്നെ കൂട്ടാൻ ക്ഷേത്രത്തിലേക്ക് ഇറങ്ങാൻ തുടങ്ങുവാരുന്നു… ”

“ഞാൻ എന്താ കൊച്ചു കുട്ടിയാണോ അച്ഛാ… “….. “തണുപ്പ് കാലം അല്ലേ മോളേ.. പാടത്തു ഇഴജന്തുക്കൾ ഒക്കെ ഉണ്ടാവും… നി വണ്ടി എടുത്തിരുന്നില്ലലോ… അല്ല… ആരാ നിന്നെ ഇവിടെ കൊണ്ടാക്കിയിട്ട് പോയത്? “….. “ദേവേട്ടനാ അച്ഛാ… അമ്പലത്തിൽ വച്ചു കണ്ടതാ… “.. “ഹാ അതേയാലും നന്നായി… ” ഞാൻ അപ്പോൾ ശ്രദ്ധിച്ചത് ചേച്ചിയെ ആരുന്നു… അവളുടെ മുഖത്തു അങ്ങനെ ഭാവവ്യത്യാസം ഒന്നും കാണാൻ കഴിഞ്ഞില്ല… “ഹ എന്നിട്ട് നീയെന്താ യാമി ദേവേട്ടനോട് ഇങ്ങോട്ട് കയറാൻ പറയാഞ്ഞേ… അത്‌ മോശം ആയി പോയി.. ഇത്രേടം വരെ വന്നിട്ട്… ” “ഞാൻ പറഞ്ഞതാ ചേച്ചി.. പക്ഷെ ദേവേട്ടൻ കേൾക്കണ്ടേ…. ” ഞാൻ റൂമിലേക്ക്‌ ചെന്നു.. ഓരോന്ന് ആലോചിച്ചു ബാൽക്കണിയിൽ ഇരുന്നു… ***** ദിവസങ്ങൾ ഓരോന്നും ശരവേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു…

അതിനിടയിൽ കല്യാണത്തീയതിയും കുറിച്ചു… ഇനി ആകെ രണ്ടു ദിവസം മാത്രം ബാക്കി… സ്വർണവും ഡ്രെസ്സും ഒക്കെ എടുത്തു… എല്ലാറ്റിനും മുന്നിൽ അമ്പിളി ചേച്ചി ഉണ്ടായിരുന്നു.. യാധൊരു വിധത്തിലുള്ള സങ്കടവും അവളുടെ മുഖത്തു എനിക്ക് കാണാൻ കഴിഞ്ഞില്ല… അത്‌ എന്നിൽ ചെറിയൊരു പേടി ഉണ്ടാക്കിയെങ്കിലും ഒന്നും ഉണ്ടാവില്ലെന്ന് ഞാൻ സ്വയം ആശ്വസിച്ചു… ****** “യാമി… മോളേ… കതക് തുറക്ക്… സമയം അഞ്ചു മണി കഴിന്നു… മതി ഉറങ്ങിയത്…. ” ഞാൻ ഉറക്കച്ചടവോടെ പോയി വാതിൽ തുറന്നു.. “എന്താ അമ്മേ… ” “ഇന്ന് നിന്റെ കല്യാണം ആണെന്ന് വല്ല ബോധവും ഉണ്ടോ… ” പറയണ പോലെ ഇന്നാണല്ലോ എന്റെ കല്യാണം… “ഞാൻ കൊറച്ചു നേരം കൂടി ഉറങ്ങട്ടെ അമ്മേ… നിങ്ങളെയൊക്കെ വിട്ടു പോവാൻ മടിയാവുന്നു…. ”

“ഓ പിന്നെ നി അടുത്ത രാജ്യത്തേക്കല്ലേ പോവുന്നെ… ചെന്ന് കുളിക്കേടി പോത്തേ… എന്നിട്ട് അമ്പലത്തിൽ പോവാൻ നോക്ക്… വീഡിയോ കരോക്കെ ഇപ്പൊ ഇങ്ങെത്തും ” കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി തൊഴുതു വന്നു… അപ്പോഴേക്കും ബ്യൂട്ടീഷനുള്ള ചേച്ചി വന്നിരുന്നു… എന്നേ നന്നായി തന്നെ ചേച്ചി ഒരുക്കി… ചുവന്ന പട്ടുസാരി ഉടുത്തു… സ്വർണാഭരണവിഭൂഷിതയായി മുല്ലപ്പൂ ഒക്കെ ചൂടി… എന്നേ കണ്ടപ്പോ എനിക്ക് തന്നെ അതിശയം വന്നു പോയി.. ഇത്രേം സൗധര്യം ഉണ്ടായിരുന്നോ എനിക്ക്… “ഇളിച്ചോണ്ട് നിൽക്കാതെ താഴേക്കു വാ കൊച്ചേ… ” അമ്പിളി ചേച്ചി എന്നേം കൂട്ടി താഴേക്കു ഇറങ്ങി… മേക്കപ്പ് ചെയ്യുമ്പോൾ ഒരു സഹായത്തിനു അവളും ഉണ്ടായിരുന്നു അടുത്ത്.. എന്നത്തതിനേക്കാളും പ്രസന്നത അവളുടെ മുഖത്തിനു എനിക്കിന്ന് തോന്നി… താഴേക്കു ചെന്നു… പൂർവികരെ മനസ്സിൽ ധ്യാനിച്ച്.. എല്ലാവരുടെയും കൈയ്യിൽ നിന്നും അനുഗ്രഹം വാങ്ങി ഞാനാ വീടിന്റെ പടിയിറങ്ങി…

താൻ കളിച്ചു വളർന്ന വീട്ടിൽ ഞാൻ ഇനി വല്ലപ്പോഴും വന്നു പോകുന്ന ഒരഥിതി മാത്രം… എന്തോ എന്റെ കണ്ണു നിറഞ്ഞു പോയി… ചേച്ചിയും എന്റെ കൂടെ കാറിൽ കയറി… “ചേച്ചി.. ദേവേട്ടൻ എന്റെ കഴുത്തിൽ താലികെട്ടുമ്പോൾ നി എന്റെ അരികിൽ വേണം… “….. “ഞാൻ ഉണ്ടാവും മോളേ…” സമയം പോയിക്കൊണ്ടിരുന്നു…. നാട്ടിലെ അറിയപ്പെടുന്ന വലിയൊരു ഓഡിറ്റോറിയത്തിന് മുന്നിൽ കാർ ചെന്നു നിന്നു… അവിടുന്ന് താലപ്പൊലിയേന്തിയ കുഞ്ഞു മക്കളോടോപോവും ഞാൻ കതിര്മണ്ഡപത്തിലേക്ക് നടന്നു… ദേവേട്ടനും എന്റെ അരികത്തായി വന്നിരുന്നു… മുഹൂർത്തം അടുക്കുംതോറും എന്തോ വല്ലാത്തൊരു പരവേശം പോലെ.. തൊണ്ടയൊക്കെ വറ്റി വരണ്ടു… ‘താലി കെട്ടാൻ സമയമായി…. ” ആരോ വിളിച് പറയുന്നത് കേട്ടു… ദേവേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി.. നെറുകയിൽ ഒരുനുള്ള് സിന്തൂരവും… എന്റെ കണ്ണു നിറഞ്ഞു പോയി… വര്ഷങ്ങളായി ഞാൻ കാത്തിരുന്ന നിമിഷം… സകല ദൈവങ്ങക്കെയും വിളിച്ചു ഞാൻ പ്രാർത്ഥിച്ചു… ഒന്നിച്ചു ആയിരം പൂർണ്ണ ചന്ദ്രൻമ്മാരെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണേ എന്ന്…