രചന – ജ്വാലാമുഖി
ഇരുനിറത്തിൽ മെലിഞ്ഞൊരു പെൺകുട്ടി… നിഷ്കളങ്കമായ മുഖം…
രേണു…. !!! ഉണ്ണിയേട്ടന്റെ സ്വന്തം രേണു… !!
ഉള്ളിൽ തികട്ടി വന്ന തേങ്ങൽ ആരും അറിയാതെ ഞാൻ വിഴുങ്ങി…
തമ്പുരാട്ടിയും അമ്മയും കൂടെ ഞങ്ങളുടെ പുതിയ വിശേഷങ്ങളെ കുറിച്ചു വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു…
“പിന്നെ തമ്പുരാട്ടി..ഒരു കാര്യം പറയാൻ വിട്ടു. ധനു ന്റെ വിവാഹക്കാര്യത്തിലും ഇപ്പൊ ഒരു തീരുമാനം ആയിട്ടോ… വല്ല്യോപ്പെടെ മോനാ..കണ്ടപാടെ അവന് മോളെ വല്ല്യ ഇഷ്ടായി . എന്റെ കുട്ടി തന്നെ അല്ലെ അവനും… അതുകൊണ്ട് പേടിക്കാനും ഇല്ലാലോ… ”
“അത് നന്നായി ഭാമേ… ദൈവാനുഗ്രഹം ഉള്ള മോളാണ് ധനു… അവൾക്കു നല്ലതേ വരൂ….. ഭാമ അച്ഛൻ തിരുമേനിയെ കണ്ടു ഒന്ന് പറഞ്ഞേക്കൂ.. സന്തോഷം ആകട്ടെ… ”
“അതിനെന്താ തമ്പുരാട്ടി.. ഞാൻ തിരുമേനിയെ കാണാൻ കൂടെ വേണ്ടിയാ വന്നേ… ”
അതു പറഞ്ഞു അമ്മ തിരുമേനിയുടെ മുറിയിലേക്കു പടികൾ കയറി പോയി…
“ധനു ഒന്ന് നിൽക്കൂ കുട്ടി… അമ്മ ഒന്ന് കാണട്ടെ മോളെ… ”
ഞാൻ തമ്പുരാട്ടിയുടെ അരികിലായി ഇരുന്നു..
ഞങ്ങൾ സംസാരിച്ചോട്ടെ എന്ന് കരുതി ആകും രേണു മുറിക്കു പുറത്തേക്കു നടന്നു…
“മോളെ… ”
“ഉം… ”
“ന്റെ കുട്ടിക്ക് സങ്കടം ഉണ്ടല്ലേ… ”
“ഏയ്.. എന്തിന്.. ഇപ്പൊ എല്ലാവരും നല്ല സന്തോഷത്തിൽ ആണ്… അത് തന്നെയാ എനിക്കും ഇഷ്ടം… ”
“ഉള്ളിൽ ഒരു കടൽ തന്നെ ഒളിച്ചു വച്ചു അമ്മയുടെ മുന്നിൽ എന്തിനാ കുട്ടി ഈ നാടകം… ”
മറുപടി ആയി ഉതിർന്നു വന്ന കണ്ണുനീർ തുള്ളികൾ ഞാൻ സാരിത്തലപ്പിൽ ഒളിപ്പിച്ചു വച്ചു…
“ഉണ്ണി… ഇപ്പൊ കോളേജിൽ പോയി തുടങ്ങി… കുടിയും കൂട്ടുകെട്ടും ഒക്കെ നിർത്തി… പക്ഷെ ഉള്ളിൽ ഇപ്പോളും ധനു മോളാണ്… മോൾ പറഞ്ഞാൽ അവൻ എന്തും അനുസരിക്കും…ഇന്ന് അവനെ ഒരു മനുഷ്യൻ ആക്കിയത് മോൾ ആണ്… മോൾ അവനോട് ഒന്ന് സംസാരിക്കണം….. !!! രേണു അവൾ ഒരു പാവാ… !!
അതിന്റെ വിഷമം കാണുമ്പോൾ എന്റെ ഉള്ളു പിടക്കുവാ… ”
“ഞാൻ എന്തു സംസാരിക്കാൻ ആണ് തമ്പുരാട്ടി… എനിക്ക് അതിനുള്ള ധൈര്യം ഇല്ല… ”
“ഒരു ജീവിതം ഇപ്പൊ മോൾടെ കയ്യിലാ… ”
എന്റെ മൗനം സമ്മതം ആയി കണ്ടു തമ്പുരാട്ടി രേണുവിനെ വിളിച്ചു ഉണ്ണിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞു…
കുറച്ചു നാളുകൾ കാണാതെ ഇരുന്നത് കൊണ്ടാകാം എന്റെ ഉള്ളും ഉണ്ണിയേട്ടനെ ഒരു നോക്കു കാണാൻ കൊതിക്കുന്നുണ്ടായിരുന്നു….
മുറിയിലേക്കു കടന്നു വന്ന ആ രൂപം കണ്ടു ഞാൻ ശരിക്കും ഞെട്ടി…
ആ പഴയ ഗൗരവം ഒന്നും മുഖത്തില്ല… മീശയൊക്കെ ഒതുക്കി വെട്ടി.. താടിയൊക്കെ കളഞ്ഞു ഒരു മനുഷ്യക്കോലം വീണിരിക്കുന്നു…
ഉണ്ണിയേട്ടന്റെ കണ്ണുകൾ എന്നിൽ പതിഞ്ഞതും ആ ചുംബനം ഏറ്റ എന്റെ കവിൾ തടങ്ങൾ പൊള്ളുന്ന പോലെ എനിക്ക് തോന്നി… ഞാൻ പെട്ടന്ന് എന്റെ കവിളിൽ കൈകൾ വച്ചതു കണ്ടിട്ടാകണം ഉണ്ണിയേട്ടൻ എന്നെ നോക്കി കള്ളച്ചിരി ചിരി ചിരിച്ചത്…
“ധനു… എപ്പോ വന്നു.. ”
“കുറച്ചു നേരം ആയി… ”
“ഉണ്ണി… അവൾക്കു മോനോട് എന്തോ സംസാരിക്കണം എന്ന്…”
വരൂ എന്ന് പറഞ്ഞു കൊണ്ടു ഉണ്ണിയേട്ടൻ മുൻപേ നടന്നു …തമ്പുരാട്ടിയുടെ മുറിയുടെ പുറകിലെ വാതിൽ തുറന്നാൽ വിശാലമായ ഒരു പൂന്തോട്ടം ആണ്… നിറയെ പൂത്തു പടർന്നു നിൽക്കുന്ന മുല്ലയും അരളിയും തെച്ചിയും എല്ലാം അവിടം കൂടുതൽ മനോഹരിയാക്കുന്നു… പൂജക്ക് പറിക്കുന്ന പൂക്കൾ മാത്രമേ അതിൽ ഉള്ളു…
“ധനുനു… നീലത്താമര വേണോ… ”
“വേണ്ട… ”
ആർച്ചു പോലെ പടർന്നു പൂത്തു നിൽക്കുന്ന മുല്ലയുടെ ചുവട്ടിൽ ആയി ഞങ്ങൾ നിന്നു… അപ്പോളും ആ കണ്ണുകൾ എന്നിൽ കോർത്തു വലിച്ചു കൊണ്ടിരുന്നു…
“ധനു… നിന്നെ ഒന്ന് കാണാൻ കൊതിച്ചു നിൽകുവായിരുന്നു ഞാൻ..എത്രവട്ടം നിന്റെ വീടിന്റെ അതിലെ ഞാൻ വന്നു എന്നറിയോ..ഇന്ന് നിന്നെ എന്റെ മുന്നിൽ ഇങ്ങനെ കാണുമ്പോൾ കടിച്ചു തിന്നാൻ തോന്നുന്നുണ്ടെനിക്ക്… ഈ കുറച്ചു നാളുകൾ കൊണ്ടു ഒന്നെനിക്ക് മനസിലായി…നീ ഇല്ലാതെ ഉണ്ണിക്ക് ജീവിക്കാൻ കഴിയില്ല… എന്റെ ശ്വാസം പോലും നീ ആണ് ധനു…”
തളരാതിരിക്കാൻ പാടുപെട്ടിട്ടും ഞാൻ അതിൽ തോറ്റു പോകുന്നല്ലോ കണ്ണാ… ആ മുഖത്തേക്ക് ഒന്ന് തെളിച്ചു നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല… ആ ഞാൻ എങ്ങനെ ഉണ്ണിയെ പറഞ്ഞു മനസിലാക്കും…
ആ കൈകൾ എന്റെ തടിയിലേക്ക് നീണ്ടു വന്നു… ചൂണ്ടു വിരൽ കൊണ്ടു താടി പൊക്കി ആ മുഖത്തിനു നേരെ നിർത്തുമ്പോൾ എന്റെ കണ്ണുകൾ ഇടതടവില്ലാതെ കണ്ണീർ പൊഴിച്ചു കൊണ്ടിരിന്നു…
“ഇന്നി നിമിഷം വരെ ആ കുളപ്പടവിലെ ഓർമ്മകൾ ആടോ എന്റെ ജീവിതം… എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ചത് തന്നെ കണ്ടു മുട്ടിയതിനു ശേഷം ആണ്… ഇന്ന് നിന്റെ മുന്നിൽ നിൽകുമ്പോൾ ഉണ്ണിക്ക് യാതൊരു കുറ്റബോധവും ഇല്ല കാരണം… നീ പറഞ്ഞ പോലെ ഞാൻ എല്ലാം അനുസരിച്ചു.. ഇനി പറ….. വന്നൂടെ ഉണ്ണീടെ ജീവിതത്തിലേക്ക്…. !!!!””
ഞെട്ടിത്തരിച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി… പെട്ടെന്ന് ഞാൻ ആ വാ പൊത്തിപ്പിടിച്ചു…
“അരുത്…. ഇനി ഇങ്ങനെ ഒന്നും പറയരുത്… ഉണ്ണിയേട്ടനെ സ്നേഹിച്ചു കഴിയുന്ന ഒരു നല്ല പാതി ഈ ഇല്ലത്തുണ്ട്… അതു മറക്കരുത്… അവരും ഒരു സ്ത്രീ ആണ്… ആ മനസ്സും ജീവിതവും തകർത്തിട്ടു എനിക്ക് ഒന്നും വേണ്ട… ഇനി ഒരിക്കലും ആ മനസ്സിൽ ഞാൻ ഉണ്ടാകാൻ പാടില്ല… ”
“ധനു… നിനക്ക് എങ്ങനെ ഇങ്ങോനൊക്കെ പറയാൻ കഴിയുന്നു… ഈ നിമിഷം വരെ എത്ര സന്തോഷത്തോടെ ആണ് ഉണ്ണി നിന്നെ കാത്തിരുന്നത്… എന്നറിയോ നിനക്ക്… എന്നിട്ടും… ”
“ആരെയും വേദനിപ്പിച്ചു ഒന്നും നേടാൻ എനിക്ക് കഴിയില്ല ഉണ്ണിയേട്ട…പിന്നെ എന്റെ കല്യാണം തീരുമാനിച്ചു… അറ്റുപോയ ബന്ധങ്ങളിലെ ഒരു കണ്ണി…. ഇന്ന് എന്നിലൂടെ അവ വീണ്ടും തുന്നിച്ചേർക്കുന്നു… ”
“ഞാൻ സമ്മതിക്കില്ല… നീ എന്നെ ഇതുവരെ സ്നേഹിച്ചിട്ടില്ലേ പറ ധനു… ”
വലിയൊരു പൊട്ടിക്കരച്ചിലോടെ എന്റെ രണ്ടു തോളുകളും പിടിച്ചു കുലുക്കി കൊണ്ടു ഉണ്ണി അതു ചോദിക്കുമ്പോൾ അതിലേറെ സങ്കടം എനിക്കും വരുന്നുണ്ടായിരുന്നു…
ആ മാറിലേക്ക് വീണു പോയി ഞാനും.. കരഞ്ഞു തളർന്നു പരിസരം മറന്നു പോയ നിമിഷങ്ങൾ… പെട്ടന്ന് സ്വബോധം വീണപ്പോൾ എന്റെ മുടിയിഴകളിൽ വിരലോടിച്ചു കണ്ണുകളിൽ നീർച്ചാലുകൾ തീർത്ത ആ ശരീരത്തിൽ നിന്നും ഞാൻ അടർന്നു മാറി…
“ഉണ്ണിയേട്ട……..ഈ സ്നേഹം സത്യം ആയിരുന്നു എങ്കിൽ രേണുവിന്റെ കൂടെ നല്ല ഭർത്താവായി ജീവിച്ചു കാണിക്കൂ…. സ്നേഹം പൂർണ്ണതയിൽ എത്താൻ പരസ്പരം ഒന്നിക്കണം എന്നില്ല…. അതുകൊണ്ട് തന്നെ മരിക്കാത്ത കുറച്ചു ഓർമ്മകൾ ഉണ്ടല്ലോ നമുക്ക്… മരണം വരെ അതു മതി ധനു നു….. പക്ഷെ ഇനി അങ്ങോട്ട് ഉണ്ണിയേട്ടൻ നല്ലൊരു ഭർത്താവ് ആകണം അച്ഛൻ ആകണം… വർഷങ്ങൾ കഴിയുമ്പോൾ എന്നെങ്കിലും നമ്മൾ കണ്ടു മുട്ടും അന്നും നമ്മുടെ സ്നേഹം പരിശുദ്ധമായിരിക്കണം…. ”
അത്രയും പറഞ്ഞു ഞാൻ നടക്കുമ്പോൾ… തകർന്നു നിൽക്കുന്ന ആ മനുഷ്യനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായില്ല….
തിരിച്ചു തമ്പുരാട്ടിയുടെ മുറിയിൽ വന്നു എല്ലാം പറഞ്ഞു…. ആ കാല് തൊട്ടു വണങ്ങി പുറത്തേക്കു ഇറങ്ങുമ്പോൾ എന്നെ കാത്തു എല്ലാം കേട്ടു കൊണ്ടു രേണു നിൽപ്പുണ്ടായിരുന്നു…
“ധനു… ”
“പറയൂ ചേച്ചി… ”
“നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കു അറിയില്ല കുട്ടി … എന്നെങ്കിലും നീ ഈ വീട്ടിലേക്കു വന്നാൽ… ഉണ്ണിയേട്ടനെ കാണാൻ ഇട വന്നാൽ ഈ താലി അഴിച്ചു വെക്കേണ്ടി വരും എന്നൊരു പേടി ആയിരുന്നു എന്റെ മനസ്സ് നിറയെ… പ്രാര്ഥിക്കാത്ത ദൈവങ്ങൾ ഇല്ല… ഇന്ന് നീ എനിക്ക് തിരിച്ചു തന്നത് എന്റെ താലിയാണ്… എന്റെ ജീവിതമാണ്…. ”
ആ മുഖത്തെ കടപ്പാടും സന്തോഷവും കണ്ടതോടെ എന്റെ മനസ്സ് നിറഞ്ഞു…
ഇല്ലത്തു നിന്നു തിരിച്ചു പാടത്തൂടെ നടക്കുമ്പോൾ അമ്മയുടെ മുഖവും സന്തോഷത്താൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…
“ധനു… ”
“ഉം… ”
“മോൾ ചെയ്തത് തന്നാ ശരി… ”
അപ്പൊ അമ്മക്ക് എല്ലാം അറിയുമായിരുന്നോ… ഞാൻ ഒരു ഞെട്ടലോടെ അമ്മയെ നോക്കി…
“എനിക്ക് എല്ലാം അറിയാമായിരുന്നു… അതുകൊണ്ട് തന്നെ ആണ് അതിലൊന്നും അമ്മ ഇടപെടാതിരുന്നത്… മോൾടെ തീരുമാനം എന്തായാലും അമ്മ അതിൽ എതിരു നിൽക്കില്ലായിരുന്നു… കാരണം പ്രണയം എന്താണെന്നു അറിഞ്ഞവൾ ആണ് അമ്മ…
എന്റെ മോൾടെ മനസ്സ് നല്ലതാ… ആരെയും വേദനിപ്പിക്കാതെ .. ഒന്നും തട്ടിപ്പറിക്കാതെ… നേടേണ്ടതാണ് സ്നേഹം .. അതു അമ്മ പറഞ്ഞു തരാതെ തന്നെ മോൾ മനസിലാക്കി… അമ്മക്ക് അതുമതി… ”
അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോൾ ആരും കാണാതെ ഞാൻ ഒളിപ്പിച്ചു വച്ച സങ്കടം അലതല്ലി ഒഴുകുകയായിരുന്നു….
*****************
നീണ്ട എട്ടു വർഷങ്ങൾക്കു ശേഷമാണ്.. എന്റെ ഈ കൊച്ചു വീട്ടിലേക്കും.. പിന്നെ കീഴെക്കാവിൽ ഉത്സവം കാണാനും വരുന്നത്…
“ശരത്തേട്ടാ… പൂരത്തിന് വരുന്നില്ലേ… ”
“നീ പോയിട്ടു വാ ധനു … മോളേം കൂട്ടിക്കോ… ഞാൻ രാത്രി കാവടി കാണാൻ വരാം… ഇപ്പൊ ഒന്ന് ഉറങ്ങട്ടെ… ”
“ഉച്ചയുറക്കം പിച്ചയുറക്കം എന്നാ പറയാ…”
“എന്തേലും ഒക്കെ പറയട്ടെ… ”
“ചൂട് എടുക്കനുണ്ടെൽ ജനൽ തുറന്നു ഇട്ടോളൂട്ടോ.. ”
കുഞ്ഞാറ്റക്ക് അമ്മ ഉത്സവത്തിനായി തയ്ച്ചു വച്ച പാട്ടുപാവാട എടുത്തു അവളെ ഇടിയിച്ചു സുന്ദരി ആക്കി അമ്മയുടെ കൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ… പഞ്ചവാദ്യത്തിനു ഇടയിൽ എന്റെ ഓർമ്മകളും ഒരുപാട് പിറകോട്ടു പോയി…
ഈ അമ്പലപ്പറമ്പ് തന്ന ഒരുപാട് വ്യാമോഹങ്ങൾ ഉണ്ട് ധനുവിന്.. അതെല്ലാം ഓരോന്നായി മനസ്സിലേക്ക് തികട്ടി വന്നു…
പൂരപ്പറമ്പിൽ ഓടി നടക്കുന്ന കുഞ്ഞാറ്റക്ക് പിറകെ ഓടി അമ്മയും വയ്യാതെ ആയിരിക്കുന്നു…
ഇപ്പൊ കുഞ്ഞാറ്റക്കും അമ്മയ്ക്കും ഒരു പ്രായംആണ്…. രണ്ടും ഉത്സവപ്പറമ്പിൽ കൊച്ചു കുട്ടികളെ പോലെ ഓടി നടക്കുന്നു… കാഴ്ചകൾ കാണുന്നു… ബലൂൺ വാങ്ങുന്നു… അത് പൊട്ടുമ്പോൾ വീണ്ടും വാങ്ങുന്നു…
ഐസ് ക്രീം നുണഞ്ഞു പാടം കടക്കുമ്പോൾ ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു…
“അമ്മേ… ”
“എന്താടി.. ”
“എനിക്ക് ഇല്ലത്തേക്ക് ഒന്ന് പോണം… ”
“അതു വേണോ… ശരത്തിനോട് പറയാതെ… അതൊന്നും സാരമില്ല… ഏട്ടന് എല്ലാം അറിയാലോ… ഇതും ഞാൻ പറഞ്ഞോളാം… ”
“വേണ്ട ഇപ്പൊ പോണ്ട മോളെ.. നീ വൈകിട്ട് അവനേം കൂട്ടി ഇങ്ങ് പോരു… ”
അമ്മ പറഞ്ഞത് പോലെ… എന്നെ ഇത്രയും മനസ്സിലാക്കിയിട്ടുള്ളൊരു വ്യക്തി വേറെയില്ല… അപ്പോൾ അദ്ദേഹം അറിയാതെ പോകുന്നത് ശരിയല്ല… എന്തായാലും വൈകിട്ട് ഒന്ന് പോണം… എന്ന് മനസ്സിൽ ഉറപ്പിച്ചു…
വൈകിട്ട് ശരത്തേട്ടനെ കൂട്ടി ഇല്ലത്തേക്ക് നടക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു എനിക്ക്…
ഒരു മാറ്റവും ഇല്ലാതെ ഇക്കൊല്ലവും മാമ്പഴങ്ങൾ തൂങ്ങി ആടുന്ന നാട്ടുമാവും… ചെമ്പകവും… വിശാലമായ ആ മുറ്റം എന്നെ എട്ടു വർഷം പിറകിലേക്ക് കൊണ്ടു പോകുന്നു…
പടികൾ കയറി… ഉമ്മറത്തെ മണിയിലേക്ക് കൈ നീണ്ടതും.. അകത്തു നിന്നു ഒരു സ്ത്രീ ശബ്‌ദം…
“ആരാ… ”
“തമ്പുരാട്ടിയെ ഒന്ന് കാണാൻ… ”
“അകത്തേക്ക് വരൂ .. അന്തർജനം കിടപ്പിലാണ്… ”
അകത്തേക്കുള്ള വാതിൽ കടന്നതും ഉമ്മറത്തു തൂങ്ങി നിൽക്കുന്ന ഫോട്ടോയിലേക്ക് എന്റെ കണ്ണുകൾ പതിഞ്ഞതും… എന്റെ സകല നാടി ഞരമ്പുകളും തകർന്നു തളർന്നു പോയിരുന്നു…
“ഉണ്ണിയേട്ടാ…. ”
ഒരു വലിയ പൊട്ടിക്കരച്ചിലൂടെ ഞാൻ ശരത്തേട്ടന്റെ മാറിലേക്ക് വീണു പോയി…
ഒരു വിധം പിടഞ്ഞു എഴുന്നേറ്റു തമ്പുരാട്ടിയുടെ മുറിയിലേക്ക് ഓടി ഞാൻ…
ആ കാലുകളിൽ വീണു…
“എന്റെ ഉണ്ണിയേട്ടന്… എന്താ .. എന്താ.. പറ്റിയെ… ”
“മോളെ ധനു…. മോളെ ഒന്ന് കണ്ടിട്ട് പോണം എന്നായിരുന്നു എന്റെ അവസാനത്തെ ആഗ്രഹം… അതു നടന്നു… ”
“തമ്പുരാട്ടി… ഉണ്ണിയേട്ടൻ… ”
“ഉണ്ണി പോയിട്ടു ഇപ്പൊ ഏഴു വർഷം ആയി മോളെ… കീഴെക്കാവിൽ ഉത്സവത്തിന് ആരോ എന്റെ കുഞ്ഞിനെ വെട്ടി…. ”
“എന്റെ കൃഷ്ണ…. ”
“ഒന്നിനും പോകാതെ നല്ല രീതിയിൽ ജീവിച്ചു പോന്നതാ എന്റെ കുട്ടി… ”
“രേണു… ”
“കഴിഞ്ഞ വർഷം അവള്ടെ വേളി കഴിഞ്ഞു മോളെ… സമ്മതം ഉണ്ടായിട്ടല്ല… എത്ര കാലം എന്നുവച്ച അതിങ്ങനെ ഒറ്റക്ക്… അച്ഛൻ തിരുമേനി കൂടെ പോയപ്പോൾ മരണം കാത്തു കിടക്കുവാ ഞാനും… അതിനു മുന്ന് മോളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു.. ”
അപ്പോളേക്കും കുഞ്ഞാറ്റ ഓടി വന്നു തമ്പുരാട്ടിയുടെ അടുത്തിരുന്നു…
“വാവേ… ഇങ് അടുത്ത് വരൂ.. ”
തമ്പുരാട്ടി അവളെ ഉമ്മകൾ കൊണ്ടു മൂടി…
മടിക്കുത്തിൽ നിന്നും ഒരു കെട്ടു താക്കോൽ എടുത്തു കുഞ്ഞാറ്റെടെ കയ്യിൽ കൊടുത്തു..
“മുത്തശ്ശി കൂടെ പോയാൽ വല്ലപ്പോളും വാവ വരുമ്പോൾ മുത്തശ്ശിടേം മുത്തശ്ശൻറേം ഉണ്ണി മാമന്റേം അസ്ഥിത്തറയിൽ ഒരു തിരി ഈ കുഞ്ഞി കൈ കൊണ്ടു വക്കണം..”
അതു പറഞ്ഞു അവർ മോൾടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു…
ചങ്കു പൊട്ടുന്ന പോലെ തോന്നി എനിക്ക്…
ഏട്ടനേം മോളേം തമ്പുരാട്ടിയുടെ അടുത്ത് നിർത്തി ഞാൻ ഉണ്ണിയേട്ടന്റെ അസ്ഥിതറയിലേക്ക് ഓടി…
തുളസികൾ പടർന്നു നിൽക്കുന്ന ആ മണ്ണിൽ… കരിന്തിരി കത്തി കെട്ടൊരു ചിരാതിനു മേലെ ഞാൻ വീണു പോയി….
“എത്ര സന്തോഷത്തോടെ ആണ് ഉണ്ണിയേട്ട ഞാൻ ഒന്ന് കാണാൻ വന്നേ… എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിച്ചേ… ഉണ്ണിയേട്ടന്റെ കുഞ്ഞുങ്ങളെയും… രേണുവിനെയും കണ്ടു സന്തോഷത്തോടെ മടങ്ങാൻ വന്നതല്ലേ ഞാൻ… എന്നിട്ട്.. തന്നത് ഒരു തീരാ ദുഃഖം ആയല്ലോ ഉണ്ണിയേട്ടാ… ”
ഒടുവിൽ അന്ന് നീ എനിക്ക് കാണിച്ചു തന്ന ആ ദുസ്വപ്നം ഇന്ന് എനിക്ക് തീരാവേദന ആക്കിയല്ലൊ കണ്ണാ ….
കരഞ്ഞു തളർന്നു ബോധം മറഞ്ഞു കിടന്ന എന്നെ ഏട്ടൻ താങ്ങി വീട്ടിൽ എത്തിച്ചതൊന്നും ഞാൻ അറിഞ്ഞില്ല…
പാതി ചത്ത മനസ്സുമായി ഉമ്മറത്തു വന്നിരിക്കുമ്പോൾ കുഞ്ഞാറ്റ ആ താക്കോൽക്കൂട്ടം എന്റെ കയ്യിൽ വച്ചു തന്നു…
അസ്തമയ സൂര്യന്റെ കിരണങ്ങൾ ഏറ്റു ആ താക്കോൽകൂട്ടം തിളങ്ങി…
പെട്ടെന്ന് രമണി ചേച്ചി ഓടി വന്നു..
“ഭാമേ… ”
“എന്താ ചേച്ചി… ”
“ഇല്ലാത്തെ തമ്പുരാട്ടി…. തമ്പുരാട്ടി പോയി.. ”
ശരീരം ചലനമറ്റു ഞാൻ അവിടെ ഇരുന്നു പോയി…
“ധനു…. ”
“നമുക്ക് നാളെ തന്നെ തിരിച്ചു പോയാലോ… ”
“ഉം… ”
“ഇവിടെ നിന്നാൽ എനിക്കെന്റെ ധനുവിനെ നഷ്ട്ടപെടും എന്നെന്റെ മനസ്സു പറയുന്നു…. ”
ആ മാറിലേക്ക് ചാഞ്ഞു കൊണ്ടു… പോകാം എന്നൊരു മൗനാനുവാദം കൊടുത്തു….
അപ്പോളും ശരത്തേട്ടൻ ആ കൈകളാൽ എന്നെ ചേർത്തു പിടിക്കുന്നുണ്ടായിരുന്നു…. എന്നെ വിട്ടു നീ പോകരുതേ എന്ന് ആ കണ്ണുകൾ എന്നോട് യാചിക്കുന്നുണ്ടായിരുന്നു…. എല്ലാം കാണുന്ന കൃഷ്ണ… ഇനിയും പരീക്ഷണം അരുതേ കണ്ണാ… എന്ന് ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു…
( അവസാനിച്ചു… )

by