19/04/2026

പ്രണയിനി : ഭാഗം 16

രചന – ഗംഗ ശലഭം

” എവിടാടാ ചെക്കാ നീ?”

കാൾ എടുത്തുടനെ സൂരജ് ചോദിച്ചു.

“അങ്ങ് അമേരിക്കേല്….”
മറുപുറത്തു നിന്നും ചിരിയുടെ അകമ്പടിയോടെ മറുപടി വന്നു.

“എവിടെ? അമേരിക്കേലോ?”

“ഏയ്… ചുമ്മാ ഒരു രസത്തിന് പറഞ്ഞതാ….”

“രസവും സാമ്പാറും ഒക്കെ അവിടെ നിക്കട്ടെ…. എന്നാണാവോ ഇങ്ങോട്ട് വന്നൊന്ന് മുഖദർശനം തരുന്നത്?”

“നാളെ….!

“നാളെയോ? കളിയാക്കീതാ നീ?”

“അല്ലെന്ന്…. നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ ഈ സൂര്യ വിശ്വനാഥൻ സരോവരത്തിൽ എത്തിയിരിക്കും. എന്റെ ചേട്ടായിയേം അമ്മക്കുട്ടിയേം കാണാൻ. അമ്മയോട് പറയണ്ട. ഒരു സർപ്രൈസ് ആയിക്കോട്ടെ.”

“എന്നിട്ട് വേണം പെട്ടെന്ന് നിന്നെ കണ്ടിട്ട് ആ പാവത്തിന്റെ ബോധം പോവാൻ.”

സൂര്യയുടെ ചിരി ഉയർന്നു.

“അതൊരിച്ചിരി വെള്ളത്തിന്റെ ചിലവല്ലേ ഉള്ളൂ…? പിന്നെ വീഴാൻ നേരം നമുക്ക് രണ്ടിനും കൂടെ താങ്ങിയേക്കാം….”

“ഈ ചെറുക്കൻ….!”

സൂരജ് ചിരിച്ചു.

“അല്ല ചേട്ടായി…. ചിരിക്കും സംസാരത്തിനും അത്ര വോൾട്ടേജ് പോരല്ലോ? അമ്മ പിന്നെയും കല്യാണക്കാര്യം എടുത്തിട്ടോ?”

“ഹ്മ്മ്….”

സൂരജ് ഒന്ന് മൂളി.

“എന്നാപ്പിന്നെ ചേട്ടായിക്ക് ആ കൊച്ചിനെ കല്യാണം കഴിക്കരുതോ? എന്തായാലും മാഞ്ഞു പോവാൻ പറ്റാത്ത വിധത്തിൽ ഒന്നും നന്ദനേടത്തി ചേട്ടായിടെ മനസ്സിൽ കയറിക്കൂടിയിട്ടില്ലല്ലോ….?”

“സൂര്യ…. നമുക്ക് ഈ വിഷയം വിടാം.”

സൂരജിന്റെ ശബ്ദം പതിവില്ലാത്ത വിധം ഗൗരവം ആർജ്ജിച്ചത് കൊണ്ടാകും സൂര്യ പിന്നീട് അതേക്കുറിച്ചൊന്നും സംസാരിച്ചില്ല.

“നീ ട്രയനിൽ അല്ലെ ഇങ്ങോട്ട് വരുന്നത്?”

“മ്മ്…. ഇപ്പൊ ഞാൻ ഡലഹീലാ… കേരളത്തിൽ എത്തീട്ട് പിന്നെ ട്രെയിനിൽ…. ”

“എന്നാ റയിൽവേ സ്റ്റേഷനിൽ എത്താറാകുമ്പോ പറ….. ഞാൻ വരാം നിന്നെ കൂട്ടാൻ.”

“അത് വേണ്ട. ഞാൻ അങ്ങ് വന്നേക്കാം…..”

“ഓഹോ… അപ്പൊ ഇവിടെ വന്നിട്ടും കറങ്ങാൻ പ്ലാൻ ഉണ്ടെന്ന് സാരം.”

സൂരജ് ചിരിച്ചു.

“അത് പിന്നെ ഇല്ലാതിരിക്കോ? ഏതെങ്കിലും പുതിയ സ്ഥലത്തു വന്നാ അവിടെ ആകെ ഒന്ന് ചുറ്റിക്കറങ്ങാതെ ഞാൻ വീട്ടിൽ വന്ന ചരിത്രം ഉണ്ടോ?”

സൂര്യയുടെ ചിരി ഉറക്കെ ആയപ്പോൾ സൂരജും അതിൽ പങ്കു ചേർന്നു.

“ഇപ്പൊ ഞാൻ ദേ പറക്കാൻ തയ്യാറായി നിൽക്കുവാ… കേരളത്തിൽ എത്തീട്ട് ഇനി വിളിക്കാം…. ഇപ്പൊ വയ്ക്കട്ടെ….”

” എന്നാ ശരി മോനെ… സൂക്ഷിച്ച് പോര്……
നിന്നെ കാണുമ്പോ അമ്മ വല്ലാതെ എക്സൈറ്റഡ് ആകും എന്നുറപ്പാ….”

“അതുറപ്പല്ലേ? അത് നേരിട്ട് കാണാനല്ലേ ഞാൻ പറയണ്ട എന്ന് പറഞ്ഞത്.
പിന്നേ……..
ഞാനും എക്സൈറ്റഡ് ആണ്. ചേട്ടായീടെ ഉണ്ണിമോളേ കാണാൻ….”

സൂരജ് പെട്ടെന്ന് കാൾ കട്ട്‌ ചെയ്തു കളഞ്ഞു.

ചേട്ടായീടെ ഉണ്ണിമോൾ….!!!

സൂര്യയുടെ സ്വരം കാതിൽ മുഴങ്ങുന്നത് പോലെ….!

അങ്ങനെ അല്ലടാ കുഞ്ഞേ….
അവൾ…..

ഒരു നോവ് ഹൃദയത്തിൽ പടർന്ന് പിടിക്കുന്നു. സൂരജ് ഫോൺ പോക്കറ്റിലേക്കിട്ട് വീണ്ടും സോഫയിലേക്ക് ചാരി കിടന്നു.

***********

രാജലക്ഷ്മിയേ പറഞ്ഞ് സമ്മതിപ്പിക്കാൻ കൃഷ്ണയ്ക്ക് കുറച്ചധികം പ്രയാസപ്പെടേണ്ടി വന്നു.

“ജോസേട്ടൻ അവിടെ ഇല്ലാത്തപ്പോ ഞാൻ ഇങ്ങ് വന്നേക്കാം ലക്ഷ്മിയമ്മേ…”

കൃഷ്ണ അവർക്ക് ഉറപ്പ് കൊടുത്തു.

” എന്റെ കൊച്ചിനെ എനിക്ക് ദിവസം ഒരു നേരോങ്കിലും കാണണം. സമ്മതം ആണെങ്കിൽ പൊയ്ക്കോ….”

കണ്ണ് നിറയുമ്പോഴും, നെഞ്ച് വിങ്ങുമ്പോഴും ഗൗരവം വിടാതെ പറയുന്നവരെ കൃഷ്ണ വേദനയോടെ നോക്കി. ശേഷം പതിയെ തലയാട്ടി.

” പിന്നെ…. അടുത്ത ആഴ്ച അല്ലെ ഉണ്ണിമോളുടെ പിറന്നാള്? അതൂടെ കഴിഞ്ഞ് പോയാൽ പോരെ നിനക്ക്?”

കൃഷ്ണ പിന്നെയും തലയാട്ടി.

തീർത്തും അന്യയായ തനിക്ക് കടലോളം സ്നേഹം തന്നവരാണ്. അവരുടെ ഈ ആവശ്യം എങ്ങനെ അംഗീകരിക്കാതിരിക്കും?

*************

“അമ്മാ…. ഞാൻ ഇറങ്ങുവാണേ….”

അരവിന്ദൻ റൂമിൽ നിന്നും ഹാളിലേയ്ക്ക് ഇറങ്ങി നിന്ന് അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“ആഹാ… അരവിന്ദേട്ടൻ എങ്ങോട്ടാ?”

ഗീതയ്‌ക്കൊപ്പം കല്യാണിയും ഹാളിലേക്ക് വന്നപ്പോഴാണ് അവളവിടെ ഉണ്ടെന്ന് തന്നെ അരവിന്ദൻ അറിയുന്നത്.

“അവനേതോ കൂട്ടുകാരനെ കാണാൻ….
നാളെ കാലത്തെ അവൻ തിരുവനന്തപുരത്തേക്ക് തിരികെ പോകുവല്ലേ? അപ്പൊ ഇന്നിനി കൂട്ടുകാരന്മാരോട് കൊച്ച് വർത്താനം ഒക്കെ പറഞ്ഞിരുന്നിട്ട് രാത്രി നോക്കിയാ മതി.”

ഗീതയാണ് കല്യാണിക്ക് മറുപടി കൊടുത്തത്.

“സുമേഷേട്ടന്റെ വീട്ടിലേക്കാണോ?”

കല്യാണി പെട്ടെന്ന് ചോദിച്ചു.

“ആ…. അവിടെ തന്നെ. ഇവന്മാര് മെയിൻ ആയിട്ട് സഭ കൂടുന്ന സ്ഥലം അതല്ലേ?”

ഗീത ചിരിച്ചു.

“എന്നാ ഞാനും വരട്ടെ കവല വരെ. നടക്കണ്ടല്ലോ?”

കല്യാണിക്ക് ഉത്സാഹമായി.

“വേണ്ട. ഞാൻ ആ വഴിക്കല്ല…”

അരവിന്ദൻ ഒഴിഞ്ഞു മാറാൻ നോക്കി.

“അത് വരെ ആക്കിയേക്കെടാ…. ഇത്തിരി ദൂരമല്ലേ ഉള്ളൂ….?”

ഗീതയും പറഞ്ഞു.

” അതാണ്……. ഇത്തിരി ദൂരം അല്ലെ ഉള്ളൂ…? ഇങ്ങോട്ട് വന്നത് പോലെ തിരികെ അങ്ങോട്ട് പോയാ മതി.”

അരവിന്ദൻ മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കാനൊരുങ്ങി.

” ഞാൻ നല്ല കുട്ടിയായിട്ട് മിണ്ടാതെ, അനങ്ങാതെ പിറകിൽ ഇരുന്നോളാം. ഞാൻ അവിടെ ഉണ്ടെന്ന് അരവിന്ദേട്ടൻ അറിയുക പോലും ഇല്ല. ഒന്ന് അത് വരെ ആക്കിത്താ അരവിന്ദേട്ടാ…. ”

കല്യാണിയുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ഗീതയ്ക്ക് ചിരി പൊട്ടി എങ്കിലും അരവിന്ദന്റെ മുഖഭാവം കണ്ട് അവരത് ഒതുക്കി.

“ഒന്ന് കൊണ്ട് പോടാ…”

ഗീത ഒരിക്കൽക്കൂടി പറഞ്ഞതും മനസ്സിലാമനസ്സോടെ അരവിന്ദൻ സമ്മതം മൂളി.

അരവിന്ദന്റെ ബൈക്കിന് പിറകിൽ കയറി ഇരിക്കുമ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു കല്യാണിക്ക്.
പോകുന്ന വഴിയിൽ ഉടനീളം അവൾ അവനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അരവിന്ദനാകട്ടെ പലപ്പോഴും താല്പര്യം ഇല്ലാത്തത് പോലെ മൂളുക മാത്രം ചെയ്തു.

” എന്താ അരവിന്ദേട്ടാ? മുൻപത്തെ പോലെ എന്നോട് മിണ്ടിക്കൂടെ?
എനിക്ക് ഒരിഷ്ടം തോന്നി…. ഞാൻ അത് തുറന്ന് പറഞ്ഞു. അത് ഇത്രേം വലിയ തെറ്റാണോ? അന്യരെപ്പോലെ എന്നെ ഇങ്ങനെ ഒഴിവാക്കാൻ? ”

അരവിന്ദനോട് അത് ചോദിക്കുമ്പോൾ എത്ര വേണ്ട എന്ന് വച്ചിട്ടും കല്യാണിക്ക് തൊണ്ടയിടറി. കണ്ണ് നിറഞ്ഞു. വിതുമ്പൽ ഒളിപ്പിക്കാൻ ചുണ്ട് കൂട്ടിപ്പിടിച്ചു കല്യാണി.

എന്തിഷ്ടമായിരുന്നു അരവിന്ദേട്ടന് പണ്ട് തന്നെ. എന്ത് സംശയം ഉണ്ടെങ്കിലും ആദ്യം ഓടിപ്പോയി ചോദിക്കുന്നത് അരവിന്ദേട്ടനോടാണ്. എന്ത് ചോദിച്ചാലും ആളാ സംശയം തീർത്തു തരും. അത് കൊണ്ടാവണം വല്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു അന്നൊക്കെ. താൻ നന്നായി പഠിക്കുന്ന കൊണ്ടാവും അരവിന്ദേട്ടനും ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു തന്നോട്.

പിന്നീട് എപ്പോഴാണ് അരവിന്ദേട്ടനോടുള്ള ബഹുമാനത്തിൽ പ്രണയത്തിന്റെ വർണ്ണങ്ങൾ ചേർന്ന് തുടങ്ങിയത്?

കല്യാണി കണ്ണുകൾ പതിയെ മൂടി.

*************

ബാക്കി നാളെ ❤️