രചന – ജ്വാലാമുഖി
ആ ശബ്ദം പോലും എന്തൊരു മധുരമാണ്… ഞാൻ അവരെ കണ്ണു ചിമ്മാതെ നോക്കി നിന്നു…
“ഉണ്ണി എന്തുണ്ടെലും എന്നോട് വന്നു പറയും… അച്ഛൻ തിരുമേനിയോട് മാത്രമേ അവൻ അൽപ്പം അകലം ഇട്ടിട്ടുള്ളു… അക്കൂട്ടത്തിൽ മോളെ കുറിച്ചും എന്നോട് പറഞ്ഞിരുന്നു… ”
“ഉം…. !!”
“ഇപ്പൊ കുറച്ചു ദിവസം ആയി.. ഫുൾ ടൈം അവൻ അമ്പാടി ടെ ഒപ്പം ആണ്… ”
ആരാണ് അമ്പാടി എന്ന അർത്ഥത്തിൽ ഞാൻ നെറ്റിചുളിച്ചത് അവർക്ക് മനസിലായികാണണം…
“അമ്പാടി.. അന്ന് മോൾ അവന് കൊടുത്ത അണ്ണാൻ കുഞ്ഞിന് ഉണ്ണി ഇട്ട പേരാണ്… ”
“എനിക്ക് അതിനെ വഴിയിൽ കിടന്നു കിട്ടിതാ… ”
“ഉവ്വ് എല്ലാം പറഞ്ഞു.. പിന്നെ അവന് എതിരെ സാക്ഷി പറയാൻ ഉള്ള ഒരേ ഒരു ദൃക്‌സാക്ഷി മോൾ ആണ്… ”
“ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല തമ്പുരാട്ടി … ”
“അവൻ ഒരു ശുദ്ധ പാവം ആണ് മോളെ… കൂട്ടുകാർക്കു വേണ്ടി ചാകാനും മടിക്കില്ല… ”
“ഉം… ”
“എന്റെ ഉണ്ണി ഇങ്ങനെ ഒന്നും ആയിരുന്നില്ല മോളെ… അവൻ പഠിപ്പിച്ച കോളേജിൽ അവന്റെ പിറകെ നടന്നിരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു ആവണി…. ഗുരു ശിഷ്യ ബന്ധം ഒക്കെ ഇന്നത്തെ കുട്ട്യോൾക്ക് മനസിലാകില്ലല്ലോ… ആ കുട്ടി അവനെയേ കെട്ടു എന്ന വാശിയിൽ ആയിരുന്നു… ”
ഓരോന്ന് പറയുന്നതിനിടയിൽ വരമ്പത്തൂടെ ഞങ്ങളുടെ കാലുകളും ചലിക്കുന്നുണ്ടായിരുന്നു …
“അവൾക്കു ഒരു തരം വാശി ആയിരുന്നു…. അവൻ സ്റ്റാഫ് റൂമിൽ ഒറ്റക്ക് ഇരിക്കുമ്പോൾ കൂടെ ചെന്നിരിക്കലും ഞോണ്ടാലും… വലിയ വീട്ടിലെ കുട്ടി ആണെന്നുള്ള അഹങ്കാരം ആയിരുന്നു അവൾക്ക്… ഒരിക്കൽ സഹികെട്ടപ്പോൾ അവൻ അവള്ടെ മുഖത്തു കൈ വച്ചു…. അവളുടെ ഫ്രഡ്സ് ഒക്കെ അത് കണ്ടു… ആ നാണക്കേടിൽ കോളേജിന്റെ മൂന്നാം നിലയിൽ നിന്നും അവൾ എടുത്തു ചാടി… ”
“അയ്യോ.. ”
എന്റെ കാലുകൾ കൂച്ചുവിലങ്ങു ഇട്ടപോലെ നിശ്ചലമായി….
“അന്ന് ഒരുപാട് കേസും കൂട്ടവും ഒക്കെ ആയി… ഒടുവിൽ ആ ജോലിയും പോയി നാട്ടിൽ വന്ന ഉണ്ണി… ഒരു പ്രാന്തനെ പോലെ ആയിരുന്നു…. അവനെ അതിൽ നിന്നൊക്കെ ഒന്ന് മാറ്റി എടുക്കാൻ വേണ്ടി ആണ് രേണുകയെ അവന് വേണ്ടി ഞങ്ങൾ കണ്ടു വച്ചത്… അച്ഛൻ തിരുമേനിയുടെ സുഹൃത്തിന്റെ മകൾ ആണ് രേണു… വിവാഹം കഴിഞ്ഞിട്ടും അവർ തമ്മിൽ യാതൊരു അടുപ്പവും ഇല്ലായിരുന്നു… ആവണി… ആ കുട്ടിയോടുള്ള കുറ്റബോധം ആയിരുന്നു മനസ്സു നിറയെ… ഒടുവിൽ ഒരു ദിവസം രേണു വീട്ടിൽ നിന്നും ഇറങ്ങി പോയി…ആ കുട്ടി അതുവരെ ഒന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല .. അന്നാണ് ഞങ്ങൾ എല്ലാം അറിയുന്നത്… പാവം ആയിരുന്നു ആ കുട്ടി… ഇപ്പോളും നിയമപരമായി അവൾ ഇന്നും ഉണ്ണീടെ വേളി തന്നെ ആണ്… ”
ഒന്നും ഉൾകൊള്ളാൻ ആകാതെ എനിക്ക് ചങ്കുപൊട്ടി ഒന്ന് കരയണം എന്ന് തോന്നി… പക്ഷെ ഈ അമ്മക്ക് മുന്നിൽ എനിക്ക് അതിനും നിവർത്തി ഇല്ലാതെ പോയല്ലോ ദേവി…
“മോളെ.. ”
ഞാൻ തല ഉയർത്തി തമ്പുരാട്ടിയെ നോക്കി…
“ഈ കുറച്ചു ദിവസങ്ങൾ ആയി… അവൻ എപ്പോളും മോളെ കുറിച്ചു എന്നോട് പറയുന്നുണ്ട്… ”
അതിനുള്ള മറുപടി എന്റെ കയ്യിൽ ഇല്ല അമ്മേ…. !!!
“അവന്റെ ഉള്ളിൽ എന്തോ ഒരു ഇഷ്ടം ഉള്ള പോലെ.. ”
“അങ്ങനെ ഒന്നും ഇല്ല തമ്പുരാട്ടി… ”
“ഉവ്വ് മോളെ… എന്റെ ഉണ്ണിയെ എനിക്ക് നന്നായി അറിയാം… ആണായും പെണ്ണായും എനിക്ക് ആകെ ഉള്ള ഒരു മോനല്ലേ അവൻ.. അവന്റെ ശ്വാസത്തിൽ പോലും ഒരു പതർച്ച വന്നാൽ എനിക്ക് അറിയാം കുട്ടി… ”
“ഞാൻ സാക്ഷി പറയും എന്നൊരു ശങ്ക… അതായിരിക്കും അങ്ങനെ ഒക്കെ… ”
“ഏയ്.. എന്തായാലും അമ്മ മോളെ കണ്ട കാര്യം മോൾ അവനോട് പറയാൻ നിൽക്കരുത്… ”
“ഇല്ല തമ്പുരാട്ടി… ”
“പിന്നെ… ഈ തമ്പുരാട്ടി വിളി വേണ്ട… മോൾക്ക് എന്നെ അമ്മേ എന്ന് വിളിച്ചൂടെ… ”
അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു… സത്യത്തിൽ അമ്മേ എന്ന് ഞാൻ എന്റെ മനസ്സിൽ നൂറു വട്ടം അവരെ വിളിച്ചിരുന്നു… പക്ഷെ അതിൽ ഉപരി ദേവി എന്നാകും ഉചിതം..
പാടം കടന്നു… എന്റെ വീടിന്റെ പടിക്കൽ എത്തിയപ്പോൾ അമ്മ ഒന്ന് നിന്നു…
“ഇതല്ലേ മോൾടെ വീട്… ”
“ഉം… ”
“വിളിക്കുന്നില്ലേ… ”
“അയ്യോ… വരൂ… നമ്മുടെ വീട്ടിൽ ഒക്കെ കയറുമോ എന്ന് അറിയില്ലല്ലോ… അതാ വിളിക്കാതിരുന്നേ… ”
“അതൊക്കെ പണ്ടത്തെ കാലത്തു അല്ലെ.. ഇപ്പൊ അങ്ങനെ ഒന്നും ഇല്ല കുട്ടി… ”
ഒതുക്കു കൽ കടന്നു അവരുടെ തൂവെള്ള പാദങ്ങൾ വീടിന്റെ കറുത്ത സിമെന്റ് ഇട്ട പടികളിൽ ചവിട്ടുമ്പോൾ.. ആ പടികൾക്ക് പോലും മോക്ഷം കിട്ടി എന്നെനിക്കു തോന്നി…
“അമ്മ ഇല്ലേ ഇവിടെ… ”
കമ്പനിയിൽ പോകാൻ തിരക്കിട്ടു ഇറങ്ങാൻ നേരത്താണ് ഉമ്മറപ്പടിയിൽ തമ്പുരാട്ടി നിൽക്കുന്നത് അമ്മ കാണുന്നത്…
“ആഹാ ഇതാരാ അംബിക തമ്പുരാട്ടിയോ… കുടിക്കാൻ എന്തെങ്കിലും എടുക്കു മോളെ.. ”
“ഭാമ ക്ക് പോകാൻ സമയം ആയി അല്ലെ… ”
“ഉവ്വ്… നേരത്തിനു എത്തിയില്ലേൽ നല്ല വഴക്കു കേൾക്കും… ”
“എങ്കിൽ വൈകിക്കണ്ട ഇറങ്ങിക്കോളു.. ഞാൻ ധനുവിനോട് സംസാരിച്ചു നടന്നതാ ഇന്ന് ഡ്രൈവർ ഇല്ല അപ്പോ ഒരു നടത്തം നല്ലതാണല്ലോ എന്ന് ചിന്തിച്ചു… ഇവിടെ എത്തിയപ്പോൾ ധനുന്റെ വീടൊക്കെ ഒന്ന് കാണാം എന്നോർത്തു… ”
“അതിനെന്താ… സന്തോഷേ ഉള്ളു… അദ്ദേഹം ഉണ്ടായിരുന്ന കാലത്തു ആ ഇല്ലത്തെ പൊതിച്ചോർ ഒരുപാട് കഴിച്ചിട്ടുണ്ട് ഞാൻ…പിന്നീട് തടിമില്ലിൽ ജോലി അയേപ്പിന്നെ ആണ് ഒരു അകലം വന്നത്… ”
“ഭാമ.. ഒരു ദിവസം ധനുവിനെ കൂട്ടി ഇല്ലത്തേക്ക് വരണം… അച്ഛൻ തിരുമേനി ധനു നെ കുഞ്ഞു നാളിൽ കണ്ടതാ… ഇല്ലത്തെ മുറ്റത്തു ഉണ്ണിയോട് അടംപിടിച്ചു നടന്ന ആ കൊച്ചു കുട്ടി… പിന്നെ തിരുമേനിക്ക് ഇവിടം വരെ ഒന്നും വരാൻ വയ്യാ… അതോണ്ടാ… ”
“അതിനെന്താ… നാളെ ഞായറാഴ്ച അല്ലെ… ഞാനും മോളും കീഴെക്കാവിൽ വരുന്നുണ്ട് അപ്പോൾ ഇല്ലത്തേക്ക് വരാം… ഇപ്പൊ ഞാൻ ഇറങ്ങട്ടെ… ”
അതും പറഞ്ഞു അമ്മ ഓടി… കയ്യിലെ ബാഗ് ഇടക്കിടെ അനുസരണ ഇല്ലാതെ ഊർന്നു വീണത് വീണ്ടും തോളിലേക്ക് തിരുകി കയറ്റി അമ്മ ഓടുന്നത് നോക്കി നിൽകുവായിരുന്നു തമ്പുരാട്ടി…
“ധാ ചായ… ”
ഉമ്മറത്തെ കസേരയിൽ ഇരുന്നു കൊണ്ടു തമ്പുരാട്ടി ചായ ഊതി കുടിച്ചു…
“ഈ ചെടികൾ മുഴുവൻ ധനു നട്ടതാണോ.. ”
“ഉം… വീട്ടിൽ നേരം പോകണ്ടേ… ഇപ്പൊ ഇതൊക്കെ പരിചരിക്കൽ ആണ് എന്റെ മെയിൻ പണി… ”
“ധനു എത്ര വരെ പഠിച്ചു…? ”
“ബി കോം കഴിഞ്ഞു… ”
“പിന്നെ എന്താ പേടിക്കാഞ്ഞേ… ”
“ജോലിക്ക് പോകണം എന്നായിരുന്നു ആഗ്രഹം.. അമ്മ വിട്ടില്ല.. പിന്നെ ജാതകത്തിൽ ചെറിയൊരു പാപം ഉള്ളതോണ്ട് അമ്മ കല്യാണം ആലോചന തുടങ്ങി… ”
“അപ്പൊ ധനുനു പറഞ്ഞൂടെ ഇപ്പൊ കല്യാണം വേണ്ട എന്ന്… ”
“എന്നെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിച്ചാൽ എന്റെ അമ്മക്ക് ഒന്ന് സമാധാനം ആയി ഉറങ്ങാലോ… ഇനിയും പഠിക്കണം എങ്കിൽ അതിനുള്ള വരുമാനം വേണ്ടേ .. രണ്ടു വയർ കഴിഞ്ഞു ബാക്കി ഉള്ളത് അമ്മ എന്റെ കല്യാണത്തിന് വേണ്ടി മിച്ചം വക്കുവാ… എല്ലാം അറിഞ്ഞിട്ടും ഇനിയും എനിക്ക് അമ്മയെ കഷ്ടപെടുത്താൻ വയ്യ… ”
“വല്ല്യ വീട്ടിലെ കുട്ടി ആയിരുന്നു ഭാമ… ആന വരെ ഉണ്ടായിരുന്ന ഒരു നായർ തറവാട്… എന്നിട്ടാണ് ആരോരും ഇല്ലാത്ത ആശാരി ചെക്കന്റെ കൂടെ അവൾ ഇറങ്ങി പോന്നത്…”
“ഉം… അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്… ”
“ഗിരി… അവൻ നല്ലൊരു മിടുക്കൻ ആയിരുന്നു ട്ടോ… പൊന്നു പോലെ തന്നാ അവൻ ഭാമയെ നോക്കിയിരുന്നത്… തിരുമേനിക്ക് അവനെ വല്ല്യ ഇഷ്ടം ആയിരുന്നു… ”
“ഉം… ”
“ഓരോ വിധി… ”
അതും പറഞ്ഞു തമ്പുരാട്ടി മുറ്റത്തേക്കു ഇറങ്ങി… തുളസിത്തറയിലെ പടർന്നു നിൽക്കുന്ന തുളസിയിൽ ഇന്നും ഒരു ഇതൾ എടുത്തു തലയിൽ ചൂടി …
“നല്ല ഐശ്വര്യം ഉള്ള വീട് … വീട്ടിലെ സ്ത്രീകളുടെ മനസ്സ് പോലെ ആണ് ആ വീടിന്റെ ഐശ്വര്യം… ”
ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു തമ്പുരാട്ടിയുടെ അടുത്തേക്ക് നടന്നു…
“ഇനി ഞാൻ ഇറങ്ങട്ടെ മോളെ.. നാളെ ഭാമ അങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്… മോളും വരണം… ”
അവരുടെ അഴിഞ്ഞു കിടക്കുന്ന നിതംബം മറക്കുന്ന കേശഭാരവും… ഭൂമിയെ പോലും നോവിക്കാതെ ഉള്ള നടപ്പും ഞാൻ നോക്കി നിന്നു…
ഇങ്ങനെ ഒരു സാധു സ്ത്രീയുടെ മകൻ എങ്ങനെ ഗുണ്ട ആയി… സാഹചര്യം അതാണല്ലോ മനുഷ്യനെ മൃഗം ആക്കുന്നത്…
തിരിച്ചു വീട്ടിൽ കയറി പണികൾ ഒക്കെ തീർത്തു…
****
നാമം ജപിക്കുമ്പോൾ പിറുപിറുത്തു കൊണ്ടു വരുന്ന അമ്മയെ കണ്ടു ഞാൻ എഴുന്നേറ്റു നിന്നു…
“എന്തു പറ്റി അമ്മേ … ”
“ഒന്നുല്ല… നീ ഇതൊക്കെ അകത്തേക്ക് വെക്കൂ… ഞാൻ ഒന്ന് കുളിക്കട്ടെ… ”
എന്തോ കാര്യം ആയിട്ട് ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു… എന്താണ് അമ്മക്ക് പറ്റിയത് എന്ന് ഒരു പിടിയും കിട്ടുന്നില്ല…
അമ്മ കുളി കഴിഞ്ഞു വരുമ്പോളേക്കും ചായ ഞാൻ മേശമേൽ വച്ചിരുന്നു…
അതും എടുത്തു ഉമ്മറത്തു വന്നിരുന്നു… കണ്ണുകൾ തുടക്കുന്നത് ഞാൻ കണ്ടു…
“അമ്മ… ”
“ഉം… ”
“എന്താ അമ്മക്ക് വയ്യേ …. എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ അമ്മേ… എന്താ ഉണ്ടായേ കാര്യം പറ…. ”
“ഞാൻ ഇന്ന് ഹരിയേട്ടനെ കണ്ടിരുന്നു… ”
ഓഹ്… ഇപ്പൊ കാര്യം മനസിലായി… അമ്മേടെ മുറച്ചെറുക്കൻ ആയിരുന്നു ഹരി അങ്കിൾ…. അമ്മ അന്ന് അച്ഛന്റെ കൂടെ ഇറങ്ങി പോന്നിട്ടും ഹരി അങ്കിൾ വിവാഹം ഒന്നും കഴിക്കാതെ നില്കുന്നത് അമ്മയോടുള്ള ഇഷ്ടം കൊണ്ടാണ് എന്ന് അമ്മ പല വട്ടം പറഞ്ഞിട്ടുണ്ട്…
ഈ ലോകത്തു അമ്മക്ക് ഞാനും അച്ഛനും ആണ് എല്ലാം… മറിച്ചൊരു ജീവിതം അമ്മക്ക് കഴിയില്ല.. അത് എനിക്കും നന്നായി അറിയാം…
“അതിനാണോ ഇങ്ങനെ വിഷമിക്കണേ… ”
“ഏയ്… അമ്മ ധനു നു ഹൽവ വാങ്ങിയിട്ടുണ്ട്.. പോയി അതെടുത്തു മുറിക്കു… ”
“ഓഹ് ശമ്പളം കിട്ടി അല്ലെ.. ”
“ഉം… ”
ശമ്പളം കിട്ടുന്ന ദിവസം എനിക്കുള്ള സ്വീറ്റ്‌സ് അമ്മ മറക്കില്ല..
******
രാവിലെ കുളിച്ചു സുന്ദരി ആയി ഞാനും അമ്മയും കൂടെ അമ്പലത്തിലേക്ക് നടന്നു..
“ചേച്ചിയും അനിയത്തിയും കൂടെ എങ്ങോട്ടാ .. ”
തിരിഞ്ഞു നോക്കിയപ്പോൾ ശീലു ആണ്…
“അമ്പലത്തിലോട്ടാണ് ശീലു… നീ എവിടെ പോണു .. ”
“പാല് വാങ്ങാൻ പോവാ… ഇന്നെന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെടി… ”
“ആഹാ…. ഞാൻ പ്രാര്ഥിക്കാട്ടോ… ”
“ആയിക്കോട്ടെ… ”
ഭഗവതീടെ നടക്കൽ എത്തിയതും വല്ലാത്ത ഒരു ഊർജ്ജം ആയിരുന്നു മനസ്സിന്…
“നല്ലോണം പ്രാർത്ഥിക്കൂ ധനു… ”
എപ്പോ അമ്മേടെ കൂടെ അമ്പലത്തിൽ പോയാലും ഈ ഡയലോഗ് അമ്മ സ്ഥിരം പറയും ..
ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു … കുങ്കുമവും മഞ്ഞൾപ്രസാദവും എടുത്തു തൊട്ടു… മൂന്ന് വട്ടം പ്രദക്ഷിണം ചെയ്തു പുറത്തോട്ടിറങ്ങി…
തിരിച്ചു അമ്മയോടൊപ്പം എനിക്ക് പരിചയം ഇല്ലാത്ത വഴികളിലൂടെ നടക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഭാരം പോലെ തോന്നി…
വലിയൊരു ഇരുനില ഓടിട്ട വീട്… അകലെ നിന്നെ ആ വീട് എന്റെ ഹൃദയമിടിപ്പ് കൂട്ടി ….
മുറ്റം നിറയെ ചെടികൾ..
ഒരു സൈഡിൽ പടർന്നു വളർന്നു നിൽക്കുന്ന നാട്ടുമാവ്… അതിൽ മാമ്പഴം കുല കുത്തി നിൽക്കുന്നു…
നീണ്ടു കിടക്കുന്ന വിശാലമായ മുറ്റത്തിന് അരികിൽ നല്ല ഭംഗിയുള്ള ഓറഞ്ച് നിറത്തിലുള്ള ചെമ്പകം നിറയെ വിടർന്നു നില്കുന്നു… വല്ലാത്തൊരു മണവും….
പെട്ടന്ന് ഉമ്മറത്തേക്ക് വന്ന തമ്പുരാട്ടി ഞങ്ങളെ കണ്ടു ഓടി അടുത്തേക്ക് വന്നു…
“ആഹാ… ഞാൻ ഇപ്പൊ കൂടെ വിചാരിച്ചുള്ളു നിങ്ങൾ വരില്ലേ എന്ന് … ”
ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോളും ആ വീടിന്റെ അടുക്കും ചിട്ടയും ഞാൻ നോക്കി കാണുകയായിരുന്നു…
ഹാളിൽ ഒരു മൂലയ്ക്ക് സ്റ്റൂളിൽ മഞ്ഞ പട്ടുവിരിച്ചു വലിയൊരു കൃഷ്ണ വിഗ്രഹം ഇരിക്കുന്നു.. അതിൽ ചാർത്തിയിരിക്കുന്ന മുല്ലമാലയുടെ സുഗന്ധം അകത്തെല്ലാം ഒഴുകി നടക്കുന്നു…
ആ വലിയ നാലുകെട്ടിന്റെ ഉള്ളിലെ തണുപ്പ് വല്ലാത്തൊരു ഏകാഗ്രത തരുന്നു…
എല്ലാം നോക്കി കാണുന്നതിന് ഇടയിൽ …. പ്ലേറ്റിൽ തമ്പുരാട്ടി ഞങ്ങൾക്കായുള്ള വിംഭവങ്ങൾ നിരത്തി…
ചക്കട… ഉണ്ണിയപ്പം… അവിലോതുണ്ട… അങ്ങനെ വിഭവങ്ങൾ നിരന്നു വന്നു…
“നിങ്ങൾ കഴിക്കു… ഞാൻ തിരുമേനിയോട് താഴേക്കു വരാൻ പറയാം .. ”
“വേണ്ട തമ്പുരാട്ടി… വിരോധം ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടോളാം… ”
“എന്ത് വിരോധം… നിങ്ങൾ വരൂ… ”
തമ്പുരാട്ടിയുടെ പിന്നാലെ ഗോവണി പടികൾ കയറി തിരുമേനിയുടെ മുറിയിലേക്ക് നടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ കതകു പോലും അടക്കാതെ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഗൗതമിനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു…
മുറിയിൽ ജനലിനോട് ചേർന്നു ഇട്ടിരിക്കുന്ന വലിയ ചാരു കസേരയിൽ കണ്ണടച്ചു ഇരിക്കുകയായിരുന്നു തിരുമേനി…
“ഉറങ്ങിയോ… ധാ ഭാമയും മോളും വന്നിരിക്കുന്നു… ”
തിരുമേനി കണ്ണു തുറന്നു ഞങ്ങളെ നോക്കി…
നരവീണ പുരിക കോടികൾ ഉയർത്തി അദ്ദേഹം ആലോചിച്ചു… പിന്നെ ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു…
“കാൽ തൊട്ടു വണങ്ങു മോളെ.. ”
അമ്മ എന്റെ കാതിൽ പറഞ്ഞു…
ഞാൻ ആ കാൽ തൊട്ടു തൊഴുതു…
“നന്നായി വരട്ടെ കുട്ടി… !!”
തിരുമേനി വിറയാർന്ന ശബ്ദത്തോടെ കുറെ നേരം സംസാരിച്ചു….
“ധനു… മോള് നീലത്താമര കണ്ടിട്ടുണ്ടോ… ”
“ഇല്ല… ”
“വരൂ… ”
അമ്മയും തിരുമേനിയും പഴയ കഥകൾ ഓരോന്നും പറഞ്ഞു ഇരുന്നു… തിരുമേനി ആണെങ്കിൽ ഒരാളെ കത്തിവെക്കാൻ കിട്ടിയ സന്തോഷത്തിൽ ആണെന്ന് തോന്നുന്നു…
ഞാൻ തമ്പുരാട്ടിയുടെ കൂടെ നടന്നു .. വലിയ ഇടനാഴി കടന്നു… കുളപടവിലേക്ക് നടന്നു…
അവിടെ വിരിഞ്ഞു നിൽക്കുന്ന നീലത്താമരകൾ കണ്ടു എന്റെ കണ്ണു മിഴിച്ചു പോയി…
“മോൾക്ക് വേണോ… ”
ഞാൻ ഒന്നും മിണ്ടിയില്ല…
“ഞാൻ ഉണ്ണിയോട് പറിച്ചു തരാൻ പറയാം… ”
“ഏയ് വേണ്ട… ”
“അതൊന്നും കുഴപ്പമില്ല… ഇവിടെ വച്ചു മോളെ അവൻ പേടിപ്പിക്കില്ല… ”
എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടു അവർ പോയി..
ഞാൻ ആ കല്പടവിൽ ഇരുന്നു…
പെട്ടന്ന് എന്തോ വലിയ ശബ്ദത്തോടെ വെള്ളത്തിലേക്ക് വീണതും ഞാൻ ഞെട്ടി പിറകോട്ടു മറിഞ്ഞു…
“അയ്യേ ഇത്രേം പേടിത്തൊണ്ടി ആണോ ഈ ധനു…. ”
എന്ന് പറഞ്ഞു അയാൾ കുളത്തിൽ നിന്നും നിവർന്നു… എന്നെ നോക്കി കളിയാക്കി…
“ഇങ്ങനെ ഒക്കെ വന്നു ചാടിയാൽ ആരായാലും പേടിക്കില്ലേ… ”
“ഉവ്വോ…. പിന്നെ എങ്ങനെ ആണ് ചാടണ്ടേ… താൻ കാണിച്ചു താ… ”
ഞാൻ മുഖം വീർപ്പിച്ചു ചരിഞ്ഞിരുന്നു…
അക്കരെ വരെ നീന്തി ഒരു പിടി നീലത്താമരകളുമായി അയാൾ എനിക്ക് നേരെ വരുന്നുണ്ടായിരുന്നു…
ശരിക്കും ഒരു ഗന്ധർവനെ പോലെ….
തുടരും……

by