രചന – അയിഷ അക്ബർ
രാധു അടുക്കളയിലേക്ക് കയറിയതും വിവി മുറിയിലേക്ക് നടന്നു….
വിവി പോയതും മീരക്കെന്തോ വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു…..
രാധു വിശേഷങ്ങളോരോന്ന് മീരയോട് ചോദിക്കുമ്പോഴും അവൾ ചെറിയ ഉത്തരങ്ങളിലെല്ലാം ഒതുക്കി…..
ക്ഷേത്രത്തിലേക്ക് പോകണമെന്നുള്ളത് കൊണ്ട് തന്നെ മീര വേഗം കുളിച്ചു വരുമ്പോഴാണ് ഒരുങ്ങി വന്ന രാധുവിനെയവൾ കണ്ടത്….
അവളുടെ കൂടെ ദേവുവും ഉണ്ടായിരുന്നു…..
മോഡേൺ വസ്ത്രങ്ങൾ മാറ്റി വെച്ചു സെറ്റ് സാറിയുടുത്തു വന്ന അവളെ നോക്കി ഒരുനിമിഷം മീര നിന്നു….
അപ്പോഴാണ് വിവിയും അങ്ങോട്ട് വരുന്നത്….
രാധുവിനെ കണ്ടതും അവന്റെ മിഴികളിലും അൽപ നേരത്തേക്ക് അവൾ കുരുങ്ങി കിടന്നത് മീരയറിഞ്ഞതും അവൾക്ക് ഹൃദയം വല്ലാതെ നൊന്തു പോയിരുന്നു…..
ഇപ്പോഴാണ് നമ്മുടെയാ പഴയ രാധുവച്ചിയായത് അല്ലേ ഏട്ടാ…..
ദേവു ചിരിയോടെയത് പറഞ്ഞതും വിവി പതിയേ ഒന്ന് പുഞ്ചിരിച്ചു…..
അവന്റെ ചിരിയിൽ ഒത്തിരി അർഥങ്ങൾ അപ്പോഴേക്കും മീരയുടെ മനസ്സ് ഊഹിച്ചെടുത്തിരുന്നു…..
അവൾക്ക് ദേവുവിനോടടക്കം എല്ലാവരോടും ദേഷ്യം തോന്നിയിരുന്നു….
വിവി പിന്നീടൊരു വാക്കിനിടം കൊടുക്കാതെ കുളിക്കാനായി പുറത്തേക്കിറങ്ങി….
വിവിയുടെ പുഞ്ചിരിയിൽ രാധു വല്ലാതങ് പൂത്തു നിൽക്കുന്നതായി മീരക്ക് തോന്നിയതും അവൾ ഉള്ളിലെ ദേഷ്യം പുറത്ത് കാണിക്കാതെ മുറിയിലേക്ക് കയറി പ്പോയി….
അവൾ കയ്യിലുണ്ടായിരുന്ന തോർത്തു എറിഞ്ഞു കൊണ്ട് കട്ടിലിലേക്കിരുന്നു…
അവളുടെ കണ്ണുകൾ നിറയുന്നത് പോലെയവൾക്ക് തോന്നി…
പഴയ പ്രണയത്തിന്റെ അവശിഷ്ടങ്ങൾ ചികഞ്ഞെടുത് രാധു വിവിയുടെ മനസ്സിൽ കയറി കൂടുമെന്നവൾ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു….
തങ്ങൾക്കിടയിൽ അകലം നില നിൽക്കുന്നതോടൊപ്പം വിവി അവളിലേക്ക് ചാഞ്ഞു പോകില്ലെന്ന് ഒരിക്കലും തനിക്ക് പറയാനാവില്ല…..
അവൾ അലമാര തുറന്നു….
മുകളിലായി അവൾക്കിഷ്ടമുള്ള വസ്ത്രങ്ങളെല്ലാം അടുക്കി വെച്ചിരുന്നു…
അവയെല്ലാം വലിച്ചു കൊണ്ട് അതിനിടയിൽ നിന്നുമൊരു സാരിയവൾ കയ്യിലെടുത്തു…..
വയലറ്റ് നിറമുള്ള കരയിൽ സ്വർണ നൂലുകളാൽ തൂന്നിചേർത്ത ആ സെറ്റ് മുണ്ടുടുക്കാൻ അവൾ തീരുമാനിച്ചു..
അവനിഷ്ടപ്പെട്ട വേഷത്തിൽ ഒരുങ്ങുന്നതിനേക്കാൾ അവന്റെ കണ്ണുകളെ കീഴടക്കേണ്ടത് അവന്റെ ഭാര്യയായ താനല്ലേ എന്നവളോർത്തു….
എന്നാൽ ഇതെങ്ങനെയുടുക്കുമെന്നറിയാതെ അവൾ അല്പം ശങ്കിച്ചു നിന്നു….
ദേവുവിനെ വിളിച്ചാലോ….
വേണ്ട…. രാധു വന്നതിൽ പിന്നേ ദേവുവിന് നല്ല മാറ്റമുണ്ട്….. എപ്പോഴും രാധുവിനോടോപ്പമാണ്….
അവൾക്ക് ദേവുവിനോടൊരു നീരസം തോന്നി…..
അവൾ ഒരു തവണയുടുത്ത ഓർമയിൽ ആ സാറിയുടുത്തു തുടങ്ങി…..
വിവി കുളി കഴിഞ്ഞു വന്നതും മുറിയുടെ വാതിലിൽ തട്ടി….
വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്നവളെ കണ്ട് അവനൊരു നിമിഷം അന്താളിച്ചു നിന്നു…പിന്നേ അവളുടെ വേഷത്തിലേക്ക് കണ്ണുകൾ പായിച്ചു….
തന്നെ കണ്ടതും അവന്റെ കണ്ണുകൾ നിശ്ചലമായത് അറിഞ്ഞത് കൊണ്ട് തന്നെ മീരക്ക് വല്ലാത്തൊരു ആനന്ദം തോന്നിയിരുന്നു….
എന്നാൽ അവളോട്ടും പ്രതീക്ഷിക്കാതെ വിവി പൊട്ടി ചിരിക്കുകയാണ് ചെയ്തത്…..
അവളെന്തെന്നറിയാതെ അവനെ നോക്കി…..
എന്താ…..
അവൻ ചിറി നിർത്താത്തത് കൊണ്ട് തന്നെ അല്പം ഗൗരവത്തോടെയാണ് അവളത് ചോദിച്ചത്…..
അവനൊന്നും മിണ്ടുന്നില്ലെന്നത് കണ്ടതും അവൾ പുറത്തേക്ക് നടക്കാനൊരുങ്ങി…
പെട്ടെന്നാണ് അവനവളുടെ കയ്യിൽ പിടിച്ചത്…..
അവളെന്തെന്ന ഭാവത്തിൽ അവനെ നോക്കി….
അവന്റെ കൈ കുടഞ്ഞു കൊണ്ട് വീണ്ടും അവൾ നടക്കാൻ തുടങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്. വലിച്ചു അവനിലേക്ക് ചേർത്ത് നിർത്തി…..
അവന്റെ ശ്വാസം മുഖത്തേക്ക് പതിക്കുമ്പോൾ അവൾക്കാകെ ഇക്കിളിയാകുന്നത് പോലെ തോന്നി……
അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ കൊരുത്ത സമയം അവനവളെ പിടിച്ചു തിരിച്ചു നിർത്തിയത് കണ്ണാടിയുടെ മുമ്പിലേക്കായിരുന്നു…..
ഇങ്ങനെയാണോ സാരിയുടുക്കുക….
അവനത് ചോദിക്കുമ്പോഴാണ് അവൾ സാറിയിലേക്ക് നോക്കുന്നത്….
ഒട്ടും ശെരിയായിട്ടില്ലെന്നവൾക്ക് തന്നെ തോന്നി….
അവളുടെ മുഖം നിരാശയാൽ താണ് പോകുന്നത് അവൻ കണ്ടിരുന്നു…..
അവനവളോട് വല്ലാത്തൊരു സഹതാപം തോന്നി…..
അവൻ അവളിൽ നിന്നും നടന്നു പോകുന്നത് കാൻകെ അവൾക്ക് ആശ്വാസം തോന്നി….
അവനൊന്നു പുറത്ത് പോയിട്ട് വേണം തികട്ടി വന്ന കണ്ണുനീരോന്ന് ഒഴുക്കി കളയാനെന്ന് ഓർത്തിരിക്കുമ്പോഴാണ് അവൻ വാതിലിന്റെ കുറ്റിയിട്ട് അവളിലേക്ക് തന്നെ മടങ്ങി വന്നത്….
അവൾക്കെതിർവശമായി അവൻ നിൽക്കുമ്പോൾ എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും എന്ത് പറയണമെന്നറിയാതെ അവൻ നിന്നു….
മീര എന്തെന്നറിയാതെ അവനെ നോക്കി….
ഒരു വാക്കിനിടം കൊടുക്കാതെ അവൾ ഞൊറിഞ്ഞുടുത്ത കുത്തവനഴിക്കുമ്പോൾ
അവളാകെ ചൂളി പോയിരുന്നു…..
അവൾക്ക് ശ്വാസം വിലങ്ങുന്നതായി തോന്നി…
പെട്ടെന്നുള്ള അവന്റെയാ പ്രവർത്തി അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നത് അവളുടെ മുഖ ഭാവത്തിൽ നിന്നു വ്യക്തമായിരുന്നു….
അവളുടെ മുഖത്ത് നോക്കാൻ അവനെന്തോ കഴിയുന്നുണ്ടായിരുന്നില്ല….
അവന്റെ ശ്രദ്ധയത്രയും സാരിയെ മനോഹരമായി ഞൊറിഞ്ഞിടുക്കുന്നതിലായിരുന്നു…..
അപ്പോഴും അവളുടെ ഹൃദയ മിടിപ്പിന്റെ താളം അവന് ഉയർന്നു കേൾക്കുന്നത് പോലെ തോന്നിയിരുന്നു….
സാറിയുടുക്കുന്ന സമയങ്ങളിലൊക്കെയും തന്റെ ശരീരത്തിൽ തൊടാതിരിക്കാൻ അവൻ ശ്രമിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു……
മനോഹരമായി സാരി ഞൊറിഞ്ഞിടുത്ത ശേഷമാണ് അവൻ അവളിലേക്ക് നോക്കിയത്….
അപ്പോഴും ഉമിനീറിറക്കി അവന്റെ മുഖത്തു നോക്കാൻ കഴിയാതെ നില്കുകയായിരുന്നവൾ..
അവൻ അവളെ തന്നെ നോക്കി…..
പിന്നേ മേശ മേൽ വെച്ചിരുന്നൊരു കുഞ്ഞ് പൊട്ടെടുത് അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു….
അവൾ മിഴികളുയർത്തി അവനെ നോക്കി….
നാണത്താൽ ചുവപ്പ് പടർന്നിരുന്ന അവളുടെ കവിളുകളെ അവന് കാണുന്നുണ്ടായിരുന്നു….
അവൻ സിന്ദൂര ചെപ്പിൽ നിന്നും അല്പം സിന്ദൂരമെടുത് അവളുടെ സീമന്ത രേഖയിൽ ചേർത്തു…..
അവൻ അവൾക്കൊരു വാക്കിനിടം കൊടുക്കാതെ തോർത്തുടുത് തല അമർത്തി തുടച്ചു കൊണ്ട് അലമാരയിൽ നിന്നും അവനിടാനുള്ള വസ്ത്രങ്ങൾ തിരഞ്ഞ് തുടങ്ങി…..
അവൾ കണ്ണാടിയിലേക്ക് നോക്കി….
അത്ര മേൽ മനോഹരിയായി അവളെ അവൾക്ക് സ്വയം തോന്നി….
അവന്റെ ഓരോ പ്രവർത്തികൾ ഓർക്കും തോറും അവൾക്കുള്ളിലെ അവനോടുള്ള ഭ്രാന്തമായൊരു പ്രണയം ഉണർന്നു വരികയായിരുന്നു……
അല്പ നേരം കൂടി അവിടെ നിനോരോന്നാലോചിച്ചു അവൾ താഴെക്കിറങ്ങി വന്നു…..
അവളെ കണ്ടതും രാധുവിന്റെയും ദേവുവിന്റെയും കണ്ണുകൾ അവളിൽ കുരുങ്ങി ക്കിടന്നു…..
ആഹാ… ഏട്ടത്തി സുന്ദരിയായല്ലോ….
ദേവു അത് പറഞ്ഞ് കൊണ്ട് മീരയെ കെട്ടിപ്പിടിക്കുമ്പോൾ മീരയൊന്നു ചിരിച്ചു….
രാധു അവളെ തന്നെ നോക്കി നില്കുകയായിരുന്നു….
എല്ലാ വേഷവും അവൾക്കത്ര മേൽ ഇണങ്ങുമെന്ന് രാധുവിന്റെ മനസ്സിൽ തോന്നുമ്പോൾ എന്തോ ഒരു കുശുമ്പ് അവളിലും നിറഞ്ഞിരുന്നു….
അവൾ വിവിയുടേതാണെന്ന് ഓർത്തായിരിക്കാം ഒരുപക്ഷെ……
അല്ല ഏട്ടത്തി…. ഇത്ര ഭംഗിയിൽ സാറിയുടുക്കാൻ ഏട്ടത്തി എന്നാ പഠിച്ചത്…. സാറിയുടുക്കാൻ ഏട്ടതിക്ക് അറിയില്ലായിരുന്നല്ലോ….
ദേവു സംശയത്തോടെ അത് പറയുമ്പോൾ രാധുവും അവളെ നോക്കി…
ദേവു അത് ചോദിച്ചപ്പോഴേക്കും എന്തോ ഓർത്തെന്ന പോൽ മീരയുടെ മുഖത്ത് നാണത്തിൽ കലർന്നൊരു പുഞ്ചിരി വിരിഞ്ഞു….
അപ്പോഴാണ് കയ്യിൽ വാച് കെട്ടി കൊണ്ട് കോണിപ്പടികളിറങ്ങി വിവി വരുന്നത്…..
വിവി അവരുടെ അടുത്ത് കൂടെ പോയതും ദേവു ചിരിച്ചു കൊണ്ട് മീരയെ നോക്കി.
ഇനി ഏട്ടനാണോ ഉടുത് തന്നത്…..
ദേവു ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ രാധുവിനു ഹൃദയത്തിൽ വല്ലാത്തൊരു ഭാരം തോന്നി….
മീരക്കൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല….
അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക് നാണത്തിന്റെ കലർപ്പുള്ളത് കൊണ്ട് തന്നെ അതിന്റെ ഉറവിടം വിവിയിൽ നിന്നാണെന്ന് അവർക്ക് രണ്ട് പേർക്കും ഒരുപോലെ മനസ്സിലായിരുന്നു….
രാധുവിന്റെ മുഖം എന്തിനോ വേണ്ടി വാടിയിരുന്നു….
തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അവനെ നഷ്ടപ്പെടുത്തി കളയുമ്പോൾ താനറിഞ്ഞിരുന്നില്ല തന്റെ ഏറ്റവും വലിയ സന്തോഷം അവനെ ചുറ്റിയാണെന്നുള്ളത്…..
രാധു ഹൃദയത്തിൽ പടരുന്ന നോവിനെ മറച്ചു പിടിച്ചൊന്നു പുഞ്ചിരിച്ചു…..
(തുടരും )

by