രചന – അയിഷ അക്ബർ
ദിവസങ്ങൾ മുന്നോട്ട് പോകും തോറും അവളാ വീടിന്റെ വെളിച്ചമാകുകയായിരുന്നു…. അവളുടെ നിഷ്കളങ്ക മായ ചിരിയും പെരുമാറ്റവും അച്ഛനെയും അമ്മയെയും അത്രമേൽ അവളിലേക്ക് ചേർത്ത് പിടിച്ചിരുന്നു.. രാത്രി കയറി വരുന്ന എന്നെക്കാൾ അവളാ വീടിന്റെ സ്വന്തമായി മാറിയിരുന്നു….. അവളുടെ മുഖത്തും പ്രകാശം പരന്നു കാണപ്പെട്ടു….. ഞാൻ വാങ്ങി കൊടുത്ത ദാവണി ചുറ്റി അമ്മയുടെ കൂടെ അമ്പലത്തിലവൾ പോവുമ്പോൾ അവിടെ നിന്നും കുറച്ചു മാറിയുള്ള പള്ളിയിലേക്കും പോവാറുണ്ടവൾ…… പലരും അവളെ പെണ്ണ് ചോദിക്കുമ്പോഴും സീതയുടെ മനസ്സിൽ അവളെ സിദ്ധുവിനായി കാത്തു വെച്ചിരിക്കുകയായിരുന്നു… അതേയ്…. ഒരു കാര്യം പറയാനുണ്ട്…… കട്ടിലിൽ കിടക്കുകയായിരുന്ന ഞാൻ നോക്കുമ്പോൾ വാതിലിനോരം അവളുണ്ടായിരുന്നു….. ഞാൻ എന്താണെന്ന ഭാവേന അവളുടെ മുഖത്തേക്ക് നോക്കി….
എനിക്ക് വെറുതെയിരുന്നു മടുത്തു…എന്തെങ്കിലുമൊരു ജോലി….. മുഴുവൻ പറയാനവൾക്കെന്നെ വല്ലാത്ത ഭയമുണ്ടെന്നെനിക്ക് തോന്നി….. ഇവിടെ ഇഷ്ടം പോലെ ജോലിയുണ്ടല്ലോ… അതൊന്നും പോരെ…. ഞാൻ വളരേ ലാഘവത്തോടെ പറഞ്ഞു കൊണ്ട് വീണ്ടും ഫോണിലേക്ക് തന്നെ നോക്കി… അതൊന്നും ചെയ്യാൻ അമ്മ സമ്മതിക്കുകയില്ലേയ്….. ഹാ…. എന്നാ നാളെ മുതൽ ബിന്ദു ചേച്ചിയോട് വരണ്ടായെന്ന് പറയാം….. ഇപ്പൊ പോയി കിടന്നോ… ഗൗരവത്തോടെയാണെങ്കിലും അവളെ കളിയാക്കിയതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു…… ഒരു മറുപടിയും കിട്ടാത്തതിന്റ നിരാശ അവളുടെ മുഖത്ത് പടർന്നിരുന്നു….. അമ്മയുടെ കൂടെ കഥ പറഞ്ഞിരുന്നും അച്ഛന്റെ കൂടെ വയലിൽ പോയൊക്കെ അവൾ സമയം തള്ളി നീക്കിയിരുന്നു…..
അത് വരെ സംസാരിച്ചു കൊണ്ടിരിക്കുകയാണെങ്കിലും എന്നെ കണ്ടാലുടൻ സംസാരം അവൾ നിർത്തും മുഖത്ത് പോലും നോക്കാൻ പ്രയാസപ്പെട്ടു ഒരു മൂലയിൽ ചാരി നിൽക്കും….. ഒരു ദിവസം വീട്ടിൽ വന്ന് കയറിയപ്പോൾ അവിടെ ഒരു അഥിതി ഉണ്ടായിരുന്നു.. എല്ലാവരുടെയും മുഖത്ത് സന്തോഷം അലതല്ലി…. മോൾക്ക് വീട്ടിലിരുന്നു മുഷിഞ്ഞു തുടങ്ങി സിദ്ധു.. അവൾ തുന്നലൊക്കെ പഠിച്ച കുട്ടിയല്ലേ…. അവള്ക്കൊരു നേരം പോക്കാകുമല്ലോ….. ഞാനെന്തെങ്കിലും പറയുന്നതിന് മുന്പേ അമ്മ പറഞ്ഞു തുടങ്ങിയിരുന്നു….. അവൾക്ക് വേണ്ടി ആ തയ്യൽ മെഷിൻ അവർ വാങ്ങിയപ്പോഴും അതിലവളോടുള്ള സ്നേഹത്തിന്റെ അളവ് എന്നെ പോലെ തന്നെ അവളും അറിഞ്ഞിരുന്നു.. ദാ ഇത് കൊണ്ട് പോയി സൂക്ഷിച് വെക്കു….. കയ്യിലുള്ള പേപ്പറുകൾ അവൾക്ക് നീട്ടി ഞാനത് പറയുമ്പോൾ തെല്ലൊരാകാംക്ഷയോടെ അവളെന്നെ നോക്കി.. കയ്യിൽ വാങ്ങിയ പേപ്പറുകൾ നിവർത്തി നോക്കിയ ശേഷം അവളുടെ മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു…. എന്താ മോളേ… എന്താ അത്….. ഇതെന്റെ സർട്ടിഫിക്കറ്റുകൾ ആണമ്മേ…..
ഇതെങ്ങനെ കിട്ടിയെന്ന അർത്ഥത്തിൽ അവരെല്ലാവരും എന്നെ നോക്കി…. ടി ടി സി ക്ക് ഒരു സീറ്റ് ശെരിയാക്കിയിട്ടുണ്ട്…. നാളെ മുതൽ ക്ലാസ് തുടങ്ങും…പോകാൻ തയ്യാറായിക്കോ…. കേട്ടത് വിശ്വസിക്കാനാവാതെ അവൾ നിൽക്കുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു… ജോസഫ്വേട്ടനെ കൊണ്ട് അവളുടെ വീട്ടിൽ നിന്നെടുപ്പിച്ചതാണെന്ന് പറഞ്ഞാൽ അവിടുത്തെ നനവുള്ള ഓർമ്മകൾ അവളുടെ സന്തോഷത്തെ തല്ലി കെടുത്തുമോയെന്ന് ഞാൻ ഭയന്നിരുന്നു……അത് കൊണ്ട് തന്നെയാണ് മറ്റൊരു ചോദ്യത്തിനും സമയം കൊടുക്കാതെ ഞാനവിടെ നിന്നും പോന്നത്….. അവൾ അച്ഛനെയും അമ്മയെയും ഒക്കെ ചേർത്ത് പിടിച് കരയുന്നുണ്ടായിരുന്നു… സന്തോഷം കൊണ്ടാവാം അവരുടെ മിഴികളും നിറഞ്ഞത്…… അവളുടെ മുടി വാർന്നു കെട്ടി അവളെ ഒരുക്കുന്ന തിരക്കിലായിരുന്നമ്മ…
അത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ വന്ന ഞാനൊത്തിരി നേരം കാത്തിരുന്നു…… മൊബൈലിൽ വെറുതെ കുത്തികൊണ്ടിരിക്കുന്ന സമയത്താണ് അവളിറങ്ങി വന്നത്….. കറുത്ത നിറത്തിലുള്ള സാരിയായിരുന്നവളുടെ വേഷം…. കണ്ണിമ വെട്ടാതെ നോക്കി നിൽക്കാനല്ലാതെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല…… ഭക്ഷണം കൊണ്ടമ്മ വന്നതും ഞങ്ങളെല്ലാവരും കഴിച്ചു തുടങ്ങിയിരുന്നു…. ഞങ്ങളൊരുമിച്ചായിരുന്നു ഇറങ്ങിയതും….. ബൈക്കിന്റെ പുറകിൽ കയറി ശീലമില്ലാത്ത അവൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നിയിരുന്നു… മാത്രമല്ല….എന്റെ പിറകിലിരിക്കാനുള്ള മടിയും ഞാനറിഞ്ഞിരുന്നു… അവളെ കോളേജിൽ വിട്ട് ഞാൻ പോരുമ്പോൾ അവളുടെ കയ്യിൽ തിരിച്ചു പോരാനുള്ള രൂപയും കൊടുത്തിരുന്നു…… അന്ന് ഞാൻ വീട്ടിലേക്ക് വന്നു കയറുമ്പോൾ തന്നെ അവളുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….
അവൾ പറയുന്ന കാര്യങ്ങളൊക്കെ ശ്രദ്ധയോടെ അച്ഛനുമമ്മയും കെട്ടു കൊണ്ടിരുന്നു…. ഞാൻ കുറച്ചു നേരം വാതിലിനോരം നിന്ന് പറയുന്നതെന്താണെന്നതിന് ചെവി കൊടുത്തു.. പറഞ്ഞു തീരാത്ത അവളുടെ കോളേജിലെ വിശേഷങ്ങളായിരുന്നു… എന്റെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു….എന്നെ കണ്ടതും ബ്രേക്ക് ചവിട്ടിയത് പോലെ ആ ശബ്ദം നിലച്ചു…… എന്റെ കണ്ണുകൾ പതിയെ അവളെ തേടി എത്തുമ്പോഴും എന്തെന്നറിയാത്ത ഒരു ഭാവത്തിലായിരുന്നവൾ… അമ്മയും അന്നയും ബിന്ദുവും കൂടി മാറാല തട്ടി എല്ലാം ഒതുക്കി വെക്കുന്നതിനിടയിലാണ് അന്നയത് കണ്ടത്… കണ്ടപാടേ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയിരുന്നവൾക്ക്… അവളതിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ബിന്ദു വന്നത് കയ്യിൽ വാങ്ങിയത്….. അയ്യോ…. പോന്നു കൊച്ചേ… അതിലൊന്നും തൊടരുത്….
സിദ്ധു കൊച്ചറിഞ്ഞാൽ പിന്നെ എല്ലാവരുടെയും തല വെട്ടും…… ബിന്ദു ചേച്ചി അത് പറയുമ്പോഴും അതെന്താണെന്നറിയാൻ വേണ്ടി സീതയും അതിലേക്കെത്തി നോക്കി.. അവരുടെ മുഖത്തൊരു ദുഃഖം പടർന്നതോടൊപ്പം ഒരു നെടുവീർപ്പോടെ അവരതെല്ലാം ഉള്ളിലൊതുക്കി…. സിദ്ധു കെട്ടിയ താലി കഴുത്തിൽ കെട്ടി സിന്ദൂരം കൊണ്ട് നെറ്റി ചുവപ്പിച്ച അവളുടെ അടുത്തായി പുഞ്ചിരിച്ചു കൊണ്ടവനും നിൽക്കുന്നുണ്ടായിരുന്നു… ആ കല്യാണ ഫോട്ടോയിലേക്ക് നോക്കും തോറും അവൾക്ക് ദേഹമാകെ തളരുന്നതായി തോന്നിയിരുന്നു….. കണ്ണ് നിറയുന്നത് അവരിൽ നിന്നും മറക്കാൻ പാട് പെട്ടെങ്കിലും അതെല്ലാം വിഫലമായിരുന്നു….. അയ്യോ… എന്തിനാ മോള് കരയണേ….. ബിന്ദു ചേച്ചി അത് ചോദിക്കുമ്പോൾ സീതയുടെ ശ്രദ്ധയും അവളിൽ പതിഞ്ഞിരുന്നു…
കണ്ണിൽ കരട് വീണതാണെന്ന് പറഞ്ഞു അവിടെ നിന്നും രക്ഷപ്പെടുമ്പോൾ കരട് വീണത് കണ്ണിലല്ല അവളുടെ ഹൃദയത്തിലാണെന്ന് സീതക്ക് വ്യക്തമായിരുന്നു…. അവൾ മുറിയിലെത്തി കട്ടിലിലേക്ക് ചാഞ്ഞു കൊണ്ട് പൊട്ടി കരയുമ്പോഴും എന്തിനാണെന്നവൾക്ക് തന്നെ അറിയില്ലായിരുന്നു… ഒരു ഫോട്ടോ അവളെ ഇത്ര മേൽ വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവരെ രണ്ട് പേരെയും ഒരുമിച്ച് കണ്ടാൽ…. ഓർക്കുമ്പോൾ തന്നെ അവളുടെ ശ്വാസം നിലച്ചു പോകുന്നതായി തോന്നിയിരുന്നവൾക്ക്….. അടുക്കളയിൽ അപരചിതമായൊരു ശബ്ദം കേട്ടിട്ടാണ് അന്നയങ്ങോട്ട് വന്നത്…. നീയെപ്പോഴാ മോളേ വന്നത്…. ഞാൻ ഇന്നലെയാണപ്പച്ചീ… പറഞ്ഞു കൊണ്ടവൾ തിരിഞ്ഞത് അന്നയുടെ മുഖത്തേക്കായിരുന്നു… ഇത് വരെ കണ്ടിട്ടില്ലാത്ത അവളെ അന്ന ആരെന്ന ഭാവത്തിലാണ് നോക്കിയത്…. കോട്ടന്റെ സാരിയായിരുന്നു വേഷം…… നീളൻ മുടി കെട്ടാതെ അഴിഞ്ഞു കിടന്നിരുന്നു… മോളേ….. ഇതാണ് ആമി… അമ്മ പറഞ്ഞിട്ടില്ലേ…. എന്റെ ആങ്ങളയുടെ മോള്…. അവളെ മനസ്സിലായെന്ന വണ്ണം അന്ന പുഞ്ചിരിച്ചപ്പോഴും അവളുടെ ഭംഗിയിൽ ലേശം ആശ്ചര്യത്തിലായിരുന്നു ആമി….
അന്ന വാ…. ഇരിക്ക്….. അടുക്കളയിലെ തിണ്ണയിൽ കയറിയിരിക്കുന്ന അവൾ അവളുടെ അരികിലേക്ക് ചൂണ്ടിയാണത് പറഞ്ഞത്… അന്ന ആമിക്കരികിലായി ഇരുന്നിരുന്നു…. അന്നയെക്കുറിച്ചു അപ്പച്ചിക്ക് പറഞ്ഞാൽ തീരൂല്ല….. അന്നയും മനോഹരമായോന്ന് പുഞ്ചിരിച്ചു….. പെട്ടെന്നാണ് സിദ്ധു അവിടേക്ക് കയറി വന്നത്… സിദ്ദുവിനെ കണ്ടതും അന്ന പെട്ടെന്നെഴുന്നേറ്റു….. ആമീ….. അവൻ അത്രേമേൽ സ്നേഹത്തോടെ വിളിച്ചു…. അവനെ കണ്ടതും അവളുടെ മിഴികൾ വിടർന്നിരുന്നു….. സിദ്ധൂ…. അവളവനെ ചേർത്ത് പിടിച്ചു…. എത്ര നാളായെടീ കണ്ടിട്ട്… അതിന് ഞാൻ വരുമ്പോൾ നീയുണ്ടാവില്ലല്ലോ….. പരിഭവങ്ങളുടെ കെട്ടഴിക്കുമ്പോഴും രണ്ടാളുടെയും മുഖത്ത് കണ്ടതിലുള്ള സന്തോഷം നിറഞ്ഞു നിന്നിരുന്നു….. നിന്റെ അരുണോടീ…. സുഖമാണോ അവന്… എന്റെ ചോദ്യം അവളിലുണ്ടാക്കിയ നൊമ്പരം എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…. എന്താടീ….. ഇപ്പോഴും പ്രശ്നം തന്നെയാണോ… അത് ശെരിയാവില്ല സിദ്ധൂ…. ഇനിയൊരു തിരിച്ചു പോക്കില്ല….. ഡിവോഴ്സിനുള്ള ഒരുക്കങ്ങൾ നോക്കണം…. മിഴികളിൽ മിഴിനീർ തളം കെട്ടിയപ്പോഴും അവൾ പറഞ്ഞു തീർത്തു…..
എല്ലാവരുടെ മുഖങ്ങളിലും ഒരു സഹതാപം തളം കെട്ടി നിന്നു…. അവളുടെ ദുഖത്തിൽ പങ്കു ചേരുന്നെന്ന പോൽ…. എല്ലാവരുമൊത്തു ഭക്ഷണം കഴിച്ചിട്ടാണവൾ പോയത്….. അവളുടെ കണ്ണുകളിലെ നിരാശ എല്ലാവരും വായിച്ചെടുത്തത് കൊണ്ട് തന്നെ ആരും ഒന്നും ചോദിച്ചവളെ വേദനിപ്പിച്ചില്ല…. അവര് കളിക്കൂട്ടുകാരാ മോളേ…. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നവർ….എനിക്ക് സിദ്ധു മാത്രമായത് പോലെ അവർക്കും ആമി ഒറ്റ മോളാ… അവര് തമ്മിൽ കല്യാണം കഴിച്ചാൽ രണ്ടു പേരും അടുത്തുണ്ടാകുമെന്നൊക്കെ ആശ്വസിച്ചതാണ് ഞങ്ങൾ….. എന്തു പറയാൻ…. രണ്ടാളും ജീവിതത്തിൽ തോറ്റു പോയി…. മുറ്റത്തെ മാവിൻ ചുവട്ടിലിരുന്ന് ആമിയും സിദ്ദുവും സംസാരിക്കുന്നത് ജനാലയിലൂടെ നോക്കി നിൽക്കുമ്പോഴാണ് സീത വന്നവളോടത് പറഞ്ഞത്…. പറഞ്ഞു നിർത്തുമ്പോഴും ആ ഹൃദയത്തിലേ നോവവളറിഞ്ഞിരുന്നു…. അപ്പോൾ സാറിന്റെ ഭാര്യയോ.. ചോദിക്കാൻ മടിച്ച ആ ചോദ്യം ഞാനറിയാതെ തന്നെ എന്റെ വായിൽ നിന്നും വീണു പോയിരുന്നു…..
അവള് ജീവിച്ചിരിപ്പില്ല മോളേ.. കല്യാണം കഴിഞ്ഞ് രണ്ടു വർഷം തികയുന്നതിനു മുന്പേ അവൾ പോയി …..അവളുടെ ഓർമകളിൽ അവനിപ്പോഴും മരിച്ചു ജീവിക്കുകയാ…. കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അമ്മയെ തന്നെ നോക്കി നിന്നിരുന്നു….. എവിടെയോ ഒരു നോവ് പടർന്നെങ്കിലും അവളെപ്പോ വേണമെങ്കിലും തിരിച്ചു വരാമെന്ന ചിന്തയിൽ സിദ്ധുവേട്ടനെ നഷ്ടപ്പെടുമോയെന്ന ഭയത്തിലിരുന്ന എനിക്കാ വാർത്ത ഒരാശ്വാസം നൽകിയത് ഞാനറിഞ്ഞിരുന്നു …. നീയിപ്പോഴും മാധുവിനെ തന്നെ ആലോചിച്ചിരിക്കുകയാണോ സിദ്ധൂ…… ചോദ്യങ്ങൾ അവന്റെ ഹൃദയത്തിൽ കൊളുത്തി വലിക്കുമ്പോഴും ഓർമകൾ നനവുകളായവന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു….. കോളേജ് അവസാനിക്കാറായപ്പോഴേക്കും ഇഷ്ടമാണെന്ന് പറയാൻ ഞാൻ തീരുമാനിച്ചിരുന്നു….
എങ്ങനെ പറഞ്ഞു തുടങ്ങണമെന്നെനിക്കറിയില്ലായിരുന്നു…. അവളെപ്പോ എങ്ങനെ പ്രതികരിക്കുമെന്ന ഭയം എന്റെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു… അത് കൊണ്ട് തന്നെയാണ് ഞാനതിനായി ആമിയെ തിരഞ്ഞെടുത്തത്… ഞാൻ പറയാതെ തന്നെ അവൾക്കറിയാവുന്ന കാര്യമാണെങ്കിലും കോളേജ് കഴിയാനായത് കൊണ്ട് കാത്തിരിക്കണമെന്നൊരു വാക്കെങ്കിലുമെനിക്ക് കൊടുക്കണമായിരുന്നു…. ആമി അക്കാര്യം അവളോട് സംസാരിച്ചപ്പോൾ അവള് നേരെ വന്നത് എന്റെ നേർക്കായിരുന്നു…. എടൊ…. തനിക്കെന്നോടെന്തെങ്കിലും പറയണമെങ്കിൽ അതിനു ആമിയുടെ ആവശ്യമുണ്ടോ…. അവൾക്ക് ദേഷ്യം വന്നിട്ടുണ്ടെന്നെനിക്ക് മനസ്സിലായിരുന്നു….. ഞാൻ ഒന്നും മിണ്ടിയില്ല…. ഇത്രയും അടുത്തിട പഴകിയിട്ടും എന്നോട് സംസാരിക്കാൻ പോലും ധൈര്യമില്ലാത്ത നീയെങ്ങനാടാ പോലീസ് ആവുന്നത്….. മാധു…. എനിക്ക് നീയില്ലാതെ പറ്റില്ല…. വീണ്ടും എന്തോ ചീത്ത എന്നെ പറയാനൊരുങ്ങുമ്പോഴാണ് ഞാനത് പറഞ്ഞത്….
പറഞ്ഞു തീരുമ്പോഴും അവളിലൊരു കനൽ ഞാൻ കണ്ടിരുന്നു…. പെട്ടെന്ന് ഞാൻ പറഞ്ഞത് കൊണ്ട് തന്നെ അവള് മൗനയായി…. കാത്തിരിക്കണം എന്റെ ലക്ഷ്യത്തിലേക്ക് ഞാൻ എത്തുന്നത് വരെ…… അവളുടെ കൈകൾ ചേർത്ത് പിടിച്ചു ഞാനത് പറയുമ്പോൾ അത്ര മേൽ പ്രണയാതുരമായിരുന്നെന്റെ മിഴികൾ…. പോലീസ് എന്ന സ്വപ്നം എനിക്കുണ്ടായിരുന്നെങ്കിലും അതിനെ ഊതി പെരുപ്പിച്ചതവളായിരുന്നു… എന്റെ എല്ലാ സ്വപ്നങ്ങൾക്കും കൂട്ട് നിന്ന് എന്റെ എല്ലാ സന്തോഷങ്ങളിലേക്കും കൈ പിടിച്ചെത്തിച്ചതും അവളായിരുന്നു…. എനിക്ക് പലപ്പോഴും നല്ലൊരു സുഹൃതും വഴി കാട്ടിയും അവളായിരുന്നു…..
ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്ന എന്റെ ശബ്ദമായിരുന്നവൾ…. അവൾ കൂടെയുണ്ടെങ്കിൽ എനിക്കെത്തി പിടിക്കാൻ പറ്റാത്തതായൊന്നുമില്ലെന്നെന്റെ മനസ്സ് പറഞ്ഞിരുന്നു…. എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല… വീട്ടിൽ പറയാതെ ഞാനൊരു തീരുമാനങ്ങളും എടുക്കാറില്ല…. നീ വീട്ടിൽ വന്ന് പപ്പയോടു സംസാരിക്ക്….. അവളത് പറഞ്ഞു നിർത്തുമ്പോൾ എന്റെ മിഴികൾ വിടർന്നിരുന്നു…. പപ്പ എങ്ങനാ.. ദേഷ്യപ്പെടുമോ….. പുഞ്ചിരിച്ചു കൊണ്ട് ഞാനത് ചോദിക്കുമ്പോൾ അവള് പൊട്ടിച്ചിരിച്ചിരുന്നു…. ദേഷ്യമോ…. എന്തിനു…. നിന്നോട് സഹതാപം ആയിരിക്കും……. അവൾ തമാശ രൂപത്തിൽ പറയുമ്പോഴും അത് സത്യമാണെന്നത് അവിടെ എത്തുന്നത് വരെയെനിക്കറിയില്ലായിരുന്നു……..

by