16/04/2026

നിഴലായ് : ഭാഗം 40

രചന – ശരണ്യ

രണ്ടാഴ്ച്ചയ്ക്ക് ശേഷം… ഇന്നാണ് കേസ് നടക്കുന്ന ദിവസം… രാവിലെ തന്നെ ആനിയും വൈശാഖും രാമചന്ദ്രനും കോടതിയിലേക്ക് പോകാൻ റെഡിയായി…പോകുന്നതിന് മുൻപ് ആനി അമ്മമ്മയെ കാണാൻ മുറിയിലേക്ക് ചെന്നു… അമ്മമ്മയുടെ പ്രാർത്ഥന മോളുടെ ഒപ്പമുണ്ട്…കേസിൽ നമ്മൾ ,തന്നെ ജയിക്കും…ലക്ഷ്മി എന്റെ മകളൊക്കെ തന്നെയാണ്…പക്ഷെ അവളെ പോലെ ഒരു വിഷവിത്ത് എന്റെ മകളായി പിറന്നത് എനിക്ക് ആലോചിക്കാൻ കൂടി വയ്യ… മോൾ പോയിട്ട് വാ…എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കും… റൂമിൽ തിരികെയെത്തിയ ആനി അവളുടെ ബാഗിൽ നിന്ന് അമ്മയും അവളും ഒന്നിച്ചു നിൽക്കുന്ന ആ പഴയ ഫോട്ടോ കൈയ്യിൽ എടുത്തു… അമ്മേ..അമ്മേടെ മോൾ ദേ കോടതിയിലേക്ക് പോകുവാ…. ഇവിടേക്ക് വരുമ്പോൾ ഇതൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു…

പക്ഷെ അറിയാലോ അമ്മയ്ക്ക്… എന്നെ അനുഗ്രഹിക്കണേ അമ്മാ.. ആനിയെ കാണാതെ തിരക്കി വന്നതായിരുന്നു വൈശാഖ്.. ആനി..കഴിഞ്ഞില്ലേ ഒരുക്കം…?? ഇറങ്ങിയാലോ.. ആഹ്..വിച്ചേട്ടാ…ഞാൻ ദാ വരുന്നു… ആനി ബാഗും എടുത്ത് വിച്ചുവിന്റെ ഒപ്പം പടികൾ ഇറങ്ങി…കാറിലേക്ക് കയറാൻ നേരം എല്ലാ ഡോക്യൂമെന്റ്‌സും എടുത്തിട്ടുണ്ടല്ലോ എന്ന് രാമചന്ദ്രൻ ഒന്ന് കൂടി അവളോട് ചോദിച്ച് ഉറപ്പ് വരുത്തി…. വൈശാഖ് ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്… ഫ്രണ്ട് സീറ്റിൽ രാമചന്ദ്രനും പുറകിൽ ആനിയും…. പുറത്തെ കാഴ്ച്ചകൾ കണ്ട് സീറ്റിൽ ചാരി ഇരിക്കുവായിരുന്നു ആനി..

പതിനൊന്ന് മണിക്കാണ് കേസ് വിളിക്കുന്നത്… സമയം ഒൻപത് കഴിഞ്ഞിട്ടേ ഉള്ളു.. കോടതിയിൽ എത്താൻ ഒരു മണിക്കൂർ പോലും തികച്ചു വേണ്ട.. എങ്കിലും നേരത്തെ കോടതിയിൽ എത്തണമെന്ന് രാമചന്ദ്രന് നിർബന്ധമായിരുന്നു.. അച്ഛാ.. നമ്മൾ എന്തിനാ ഇത്രയും നേരത്തെ പോകുന്നത്.. വക്കീൽ എല്ലാം റെഡിയാക്കിയിട്ട് ഉണ്ടല്ലോ… പിന്നെ എന്താ ? എനിക്ക് ആകെ എന്തോ പോലെ ഒക്കെ തോന്നുന്നു..നല്ലത് അല്ലാത്ത എന്തോ ഒന്ന് നടക്കാൻ പോകുന്ന പോലെ ഒരു തോന്നൽ.. നേരത്തെ കോടതിയിൽ എത്തി കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ലല്ലോ… അമ്മാവന് അയാളെ നല്ല പേടി ഉണ്ടല്ലേ… എങ്ങനെ ഇല്ലാണ്ടിരിക്കും… അവനും അവന്റെ ഭാര്യയും ഉഗ്രവിഷമുള്ള ഇനങ്ങളാ.. കോടതിയിൽ എത്തിയാൽ അവിടെ പോലീസ് ഒക്കെ ഉണ്ടാകുമല്ലോ.. അപ്പോൾ പിന്നെ അവന്റെ കളി ഒന്നും നടക്കില്ല…

കുറച്ചു ദൂരം പോയതും തങ്ങളെ ആരോ ഫോളോ ചെയ്യുന്നതായി വൈശാഖിന് തോന്നി..അവൻ കാറിന്റെ വേഗത കൂട്ടി… അച്ഛാ…ഒന്ന് പുറകോട്ട് നോക്കിക്കേ… എന്താ വിച്ചൂ..? അച്ഛൻ ഒന്ന് നോക്ക്…ആ സ്‌കോർപിയോ കുറെ നേരമായി നമ്മളെ തന്നെ ഫോളോ ചെയ്യുന്നു… മോനെ ഞാൻ പറഞ്ഞില്ലേ… നീ വണ്ടിയുടെ സ്‌പീഡ്‌ കൂട്ട്.. നമുക്ക് ജംഗ്ഷൻ വഴി പോകാതെ പാലത്തിൽ കൂടെ പോകാം… വൈശാഖ് മാക്സിമം സ്‌പീഡിൽ തന്നെ പൊയ്ക്കൊണ്ടിരുന്നു…ഇടയ്ക്ക് വയ്ച്ച് അവൻ നോക്കിയപ്പോൾ പുറകിൽ ആ കാർ കാണാൻ കഴിഞ്ഞില്ല… അച്ഛാ ആ വണ്ടി കാണുന്നില്ല… ആഹ്..അവർ ജംഗ്ഷനിലേക്ക് പോയിട്ട് ഉണ്ടാകും… രാമചന്ദ്രൻ ആശ്വാസത്തോടെ ആനിയെ നോക്കി.. ഇടയ്ക്ക് ആനിയുടെ ഫോണിലേക്ക് മദറിന്റെ കാൾ വന്നു… അമ്മാവാ.. മദർ എത്തിയെന്ന് പറയാനാ വിളിച്ചത്..

ആഹാ നേരത്തെ എത്തിയോ ??ഒറ്റയ്ക്ക് ആണോ വന്നത് ? അതെ ഒറ്റയ്ക്കാ..ഇത്ര ദൂരം എങ്ങനെ വന്നെന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.. പെട്ടെന്ന് റൈറ്റ് സൈഡിൽ നിന്ന് ആ ബ്ലാക്ക് സ്‌കോർപിയോ അവർക്ക് പോകാൻ തടസ്സം സൃഷ്ടിച്ചുകൊണ്ട് റോഡിന് കുറുകെ വന്ന് നിന്നു… അതിൽ നിന്ന് കണ്ടാൽ തന്നെ പേടി തോന്നുന്ന കുറച്ചുപേർ പുറത്തേക്ക് ഇറങ്ങി..പ്രതീക്ഷിക്കാതെ ഉള്ള വരവായത് കൊണ്ട് വൈശാഖിന് ബ്രേക്ക് കിട്ടിയില്ല.. പാലത്തിൽ ഇടിച്ചു ഇടിച്ചില്ലായെന്ന മട്ടിൽ അവരുടെ കാർ നിന്നു… മോനെ… രാമചന്ദ്രനും ആനിയും പേടിയോടെ മുന്നിലേക്ക് നോക്കി..വൈശാഖ് കാറിൽ നിന്നിറങ്ങി അവരോട് സംസാരിച്ചു… നിങ്ങൾ എന്താ ഈ കാണിക്കുന്നത് ?? വണ്ടി മാറ്റിക്കേ….ഞങ്ങൾക്ക് പോകണം.. അയ്യോ സാറെ…നിങ്ങളെ ഞാൻ വിടാം..പക്ഷെ അതിന് മുൻപ് ഞങ്ങളെ ഏല്പിച്ച കാര്യം ഞങ്ങൾക്ക് ചെയ്യണ്ടേ…?

അതിൽ ഒരാൾ വൈശാഖിന് അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു…അയാൾക്ക് പുറകെ കൂടുതൽ പേർ അവരുടെ അടുത്തേക്ക് വന്നു… ഞങ്ങൾക്ക് ദേ ഇവളെ മതി… കൂട്ടത്തിൽ ഒരുത്തൻ ഡോർ തുറന്ന് ആനിയെ പിടിച്ച് പുറത്തേക്ക് ഇറക്കി… ഏയ്.. നിങ്ങൾ എന്താ കാണിക്കുന്നത്..? ആരാ നിങ്ങൾ ?? തടയാൻ ശ്രമിച്ച രാമചന്ദ്രനെയും വൈശാഖിനെയും അവർ പിടിച്ചു വയ്ച്ചു… എടാ..അവളെ വിടാൻ ആണ് പറഞ്ഞത്.. മോനെ… മോനെ.. കിടന്ന് ബഹളം വയ്ക്കാതെ… നിങ്ങളെ രണ്ടുപേരെയും ഞങ്ങൾ കോടതിയിലേക്ക് വിടാം..പക്ഷെ ഇവളെ ഞങ്ങൾ കൊണ്ട് പോകും… ഞങ്ങൾ ജീവിനോടെയുള്ളപ്പോൾ അതിന് സമ്മതിക്കില്ലെടാ..എന്റെ കുഞ്ഞിനെ വിടെടാ ദുഷ്ടന്മാരെ.. അയാൾ ആനിയെ പിടിച്ചു വലിച്ചു കാറിനടുത്തേക്ക് നടന്നു..രാമചന്ദ്രനും വൈശാഖിനും നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു..

അവന്മാരുടെ പിടി വിടുവിക്കാൻ വൈശാഖ് കുറെ നോക്കി.. പക്ഷെ ആ തടിമാടന്മാരുടെ കരുത്തിന് മുന്നിൽ അവന് ഒന്നും ചെയ്യാൻ സാധിച്ചില്ല.. അയാളുടെ കൈയ്യിൽ നിന്ന് രക്ഷപ്പെടാൻ അവൾ ആവുന്നത്ര ശ്രമിച്ചു… ഒടുവിൽ മറ്റ് ഒരു വഴിയും കാണാതെ വന്നപ്പോൾ അവൾ അയാളുടെ കൈയ്യിൽ ആഞ്ഞ് കടിച്ചു.. വേദന കൊണ്ട് അയാൾ കൈ കുടയുന്ന സമയം കൊണ്ട് അവൾ അയാളെ പുറകിലേക്ക് തള്ളി… പക്ഷെ അപ്പോഴേക്കും കൂട്ടത്തിലുള്ള വേറെ രണ്ടുപേർ ആനിയുടെ മുന്നിലേക്ക് വന്നു.. അതിൽ ഒരാൾ അവളുടെ കവിളിൽ അടിച്ചു…കടി കിട്ടിയവൻ ആനിയുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളെ നിലത്തേക്ക് തള്ളിയിട്ടു…

ആനി വേദന കൊണ്ട് പുളഞ്ഞു… എടി..നീ എന്നെ കടിച്ചല്ലേ..നിന്നെ ജീവനോടെ വേണമെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ഒന്നും ചെയ്യുന്നില്ല… അല്ലെങ്കിൽ പൊന്ന് മോളെ… അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു.. അവളുടെ കയ്യിലെ പിടി മുറുക്കുന്നതിന് അനുസരിച്ച് അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകി..അയാൾ കൂടെ ഉള്ള ഒരുത്തനെ നോക്കി കാർ എടുക്കാൻ പറഞ്ഞു.. എടാ..എന്നെ വിടെടാ… ആനി കിടന്ന് കുതറിയപ്പോൾ അയാൾ അവളോട് പുറകോട്ട് നോക്കാൻ ആംഗ്യം കാണിച്ചു..പുറകിലേക്ക് തിരിഞ്ഞു നോക്കിയ ആനി ഞെട്ടിപ്പോയി… വൈശാഖിന്റെയും രാമചന്ദ്രന്റെയും കഴുത്തിൽ കത്തി വയ്ച്ചിരിക്കുന്ന കാഴ്ച്ച കണ്ട് ആനി ആകെ ഭയന്നു.. കരയാൻ അല്ലാതെ മറ്റൊന്നിനും അവൾക്ക് സാധിച്ചില്ല.. നീ മര്യാദയ്ക്ക് ഞങ്ങളുടെ ഒപ്പം വരുന്നതാണ് നല്ലത്… കണ്ടല്ലോ…..നീ ബഹളം വയ്ക്കുംതോറും ആ ചേട്ടന്മാർക്ക് ദേഷ്യം കൂടും..പിന്നെ അവർ.. വേണ്ട…ഞാൻ വരാം… ആനി പുറകിലേക്ക് തിരിഞ്ഞ് നോക്കി കരഞ്ഞുകൊണ്ട് അയാളുടെ കൂടെ നടന്നു..

ആനി മോളെ..പോകരുത്… അടങ്ങി നിൽക്ക് കാർന്നോരെ… കത്തിയുമായി നിന്നവൻ രാമചന്ദ്രനെ നോക്കി പറഞ്ഞു…. കാറിന്റെ ഡോർ തുറന്ന് അയാൾ ആനിയോട് കയറാൻ പറഞ്ഞു…പെട്ടെന്ന് തന്നെ ഏറ്റവും പുറകിലായി കുറെ ബൈക്കുകൾ വന്ന് നിന്നു… ആഹാ..ചേട്ടന്മാർ നേരത്തെ പണി തുടങ്ങിയോ ?? അത് എങ്ങനെ ശരിയാകും ? നിങ്ങൾക്ക് മുന്നേ ഞങ്ങൾ ഏറ്റെടുത്ത കോട്ടേഷനാടാ ഇത്.. നീയൊക്കെ ഏതാടാ..?? പറഞ്ഞുതരാം… ബൈക്കിൽ വന്നവർ വൈശാഖിനെയും രാമചന്ദ്രനെയും പിടിച്ചു വയ്ച്ചിരിക്കുന്നവർക്ക് നേരെ തോക്ക് ചൂണ്ടി. അവരെ വിടുന്നതാ നിനക്ക് ഒക്കെ നല്ലത്… തലയ്ക്ക് പുറകിലായി ചേർത്തു പിടിച്ചേക്കുന്ന തോക്കുകൾ കണ്ട് അവരുടെ പിടി അയഞ്ഞു…

ബൈക്കിൽ വന്നവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ആൾ തോക്കുമായി ആനിയുടെ അടുത്തേക്ക് എത്തി.. കൊച്ചിനെ വിടെടാ… അയാൾ ആനിയെ പിടിച്ചുവയ്ച്ചിരിക്കുന്നവന് നേരെ തോക്ക് ചൂണ്ടി…പതിയെ അയാൾ ആനിയെ വിട്ടു…പക്ഷെ ഒപ്പം തന്നെ അയാൾ തോക്കുമായി നിൽക്കുന്ന ആളെ ചവിട്ടി വീഴ്ത്താൻ നോക്കി…അവർ തമ്മിലുള്ള അടി കണ്ട് ആനി പേടിച്ച് നീങ്ങി നിന്നു.. ആനി..ഇവിടേക്ക് വാ… വൈശാഖിന്റെ വിളി കേട്ട് ആനി അവന്റെ അടുത്തേക്ക് ഓടി ചെന്നു.. മോളെ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.. ഇല്ല അമ്മാവാ…പക്ഷെ എനിക്ക് ഇത് ഒന്നും മനസ്സിലാകുന്നില്ല..എന്താ ഇവിടെ നടക്കുന്നത് ? ആനിയുടെ അതെ അവസ്ഥയിൽ തന്നെയായിരുന്നു അവർ രണ്ടുപേരും… ആനിയെ പിടിച്ചുകൊണ്ട് പോയി കാറിൽ കയറ്റാൻ നോക്കിയവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് നെറ്റിയിൽ തോക്ക് ചൂണ്ടി നിൽക്കുകയാണ് മറ്റേയാൾ..

ടാ..നോക്കി നിൽക്കാതെ കാർ എടുക്കാൻ നോക്ക്…കൊച്ചിനെ കോടതിയിൽ എത്തിക്കെടാ… അയാൾ പറഞ്ഞത് മനസ്സിലാകാതെ വൈശാഖ് ആനിയുടെ മുഖത്തു നോക്കി… ഈ കോട്ടേഷൻ വേറെയാ മക്കളെ…ഇത് ഞങ്ങളെ ഏൽപ്പിച്ച ആൾക്ക് വേണ്ടത് നിങ്ങളെ അല്ല.. ഇവന്മാരെ ഇങ്ങോട്ട് അയച്ച ആ മഹാൻ ഇല്ലേ.. അയാളെയാണ്..ആഹ് നിങ്ങൾ വേഗം ചെന്നാട്ടെ…ഇവരുടെ കാര്യംഞങ്ങൾ നോക്കിക്കൊള്ളാം… അയാൾ പറഞ്ഞത് കേട്ട് ആനി അയാളെ തന്നെ നോക്കി നിന്നു…അവളുടെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്ന് അയാൾക്ക് മനസ്സിലായി..അതിനുള്ള മറുപടി എന്ന പോലെ അയാൾ ആനിയെ നോക്കി ചിരിച്ചു.. മോളെ വാ..നമുക്ക് പോകാം… അച്ഛാ..ഐ-ഫീൽ-സംതിങ്-റോങ്ങ്…ഇവർ പറയുന്നത് കണ്ണടയ്ച്ചു വിശ്വസിക്കരുത്..

ഇല്ല..വിച്ചുവേട്ടാ ഇവർ നമ്മളെ സഹായിക്കാൻ വേണ്ടി വന്നവർ തന്നെയാ…നമുക്ക് പോകാം..സമയം പോകുന്നു..വാ.. ആനീ..നീ എന്തൊക്കെയാ ഈ പറയുന്നത്..?? മോനെ വിച്ചൂ…നീ വണ്ടിയെടുക്ക്… വൈശാഖ് അവരെ എല്ലാം സംശയത്തോടെ നോക്കിക്കൊണ്ട് കാറിൽ കയറി..ആനിയും രാമചന്ദ്രനും കാറിൽ കയറാൻ പോയതും നേരത്തെ വൈശാഖിന്റെ കഴുത്തിന് നേരെ കത്തിയുമായി നിന്നിരുന്ന ആൾ തന്റെ കൈയ്യിൽ ഇരുന്ന കത്തി കൊണ്ട് ആനിയെ എറിഞ്ഞു… അപ്രതീക്ഷിമായിരുന്നു ആ പ്രവർത്തി.. അവളുടെ കൈ മുട്ടിന് മുകളിൽ വരഞ്ഞു കൊണ്ട് കത്തി താഴേക്ക് പതിച്ചു… ആഹ്.. ആനിയുടെ കരച്ചിൽ കേട്ട് രാമചന്ദ്രൻ അവളുടെ അടുത്ത് വന്നു…മുറിവിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു… ഇല്ല അമ്മാവാ കുഴപ്പമില്ല..നമുക്ക് പോകാം.. ചുരിദാറിന്റെ ഷാൾ കൊണ്ട് അവൾ മുറിവിൽ അമർത്തി പിടിച്ചു..

ആനിയുടെ നേരെ കത്തി എറിഞ്ഞവൻ അപ്പോഴേക്കും ഇടി കൊണ്ട് താഴെ വീണിരുന്നു…. ടാ നീ കൊച്ചിനെ തൊടാറായോ ?? നിങ്ങൾ പൊയ്ക്കോ…ഇവന്മാർക്ക് ഉള്ളത് ഞങ്ങൾ കൊടുത്തോളം… വൈശാഖ്‌ വേഗം കാർ റിവേഴ്‌സ് എടുത്തു….അവരുടെ കാർ അവിടുന്ന് മുന്നോട്ട് പോയതും ആനി വിൻഡോയിലൂടെ തല പുറത്തിട്ട് പുറകിലേക്ക് നോക്കി…ഇരു കൂട്ടരും തമ്മിൽ ശക്തമായ സംഘട്ടനം നടക്കുന്നത് അവൾ കണ്ടു… കോടതിയിൽ എത്തിയപ്പോൾ പതിനൊന്ന് മണിയാകാറായിരുന്നു… അച്ഛൻ ഇവളെയും കൂട്ടി വേഗം വക്കീലിനെ ചെന്ന് കാണൂ..ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം.. വരാന്തയിലേക്ക് കയറിയപ്പോഴേ അവരെ കാത്ത് അക്ഷമയായി നിൽക്കുന്ന മദറിനെ അവൾ കണ്ടു..ആനിയും രാമചന്ദ്രനും അവരുടെ അടുത്തേക്ക് ചെന്നു… എന്താ മോളെ താമസിച്ചത്..? അയ്യോ നിന്റെ കൈയ്യിൽ ഇത് എന്ത് പറ്റി ?? അത് മദർ…ചെറിയൊരു ആക്സിഡന്റ്… പേടിക്കാൻ ഒന്നുമില്ല..ബാക്കി ഒക്കെ കേസ് കഴിഞ്ഞിട്ട് സംസാരിക്കാം..

അപ്പോഴേക്കും കാർ പാർക്ക് ചെയത് കഴിഞ്ഞ് വൈശാഖും അങ്ങോട്ടേക്ക് എത്തിയിരുന്നു…. പരിചയപ്പെടലുകൾ ഒക്കെ പിന്നീട്…ആദ്യം നമുക്ക് വക്കീലിനെ കണ്ടിട്ട് വരാം.. അവർ ഒന്നിച്ച് വക്കീലിനെ കാണാൻ പോയി..അയാൾ ആനിയോടും രാമചന്ദ്രനോടും കേസുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്തു. കോടതിയിൽ എന്തൊക്കെ പറയണമെന്നും എങ്ങനെ പറയണമെന്നും അയാൾ ഒന്നുകൂടി അവരെ ഓർമ്മിപ്പിച്ചു.. ഒപ്പം മദറിനെയും…ഏതോ പേപ്പറിൽ മദറിന്റെ സൈൻ മേടിച്ച ശേഷം അവർ കോടതി മുറിയിലേക്ക് നടന്നു.. അവിടെ ഫോണിൽ സംസാരിച്ചു നിൽക്കുന്ന രാജീവനെയും ലക്ഷ്മിയെയും കണ്ട് ആനിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..എന്നാൽ പ്രതീക്ഷിക്കാത്ത എന്തോ കണ്ട പോലെയായിരുന്നു രാജീവന്റെയും ലക്ഷ്മിയുടെയും മുഖ ഭാവം…ആനിയെ കണ്ട് അവർ രണ്ടുപേരും വെട്ടിവിയർത്തു..

അവരെ നോക്കി പുച്ഛിച്ചു കൊണ്ട് വൈശാഖിന്റെ കൈ പിടിച്ച് അവൾ ഉള്ളിലേക്ക് കയറി.. നിങ്ങൾ അല്ലേ മനുഷ്യാ അവൾ കോടതിയിൽ എത്തില്ലെന്ന് പറഞ്ഞത്… എന്നിട്ട് ഇപ്പോൾ കണ്ടത് ആരെയാ..? ലക്ഷ്മീ…എന്തോ എവിടെയോ സംഭവിച്ചിട്ടുണ്ട്..നമ്മുടെ പിള്ളേർക്ക് ഇങ്ങനെ ഒരു അബദ്ധം പറ്റില്ല… മതി…ഇനി എന്തിനാ ഇവിടെ നിൽക്കുന്നത്..? എല്ലാം കൈ വിട്ട് പോകുന്നത് കണ്ട് നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല… ലക്ഷ്മി നീ പോയാൽ എങ്ങനെയാ…അത് കോടതി അലക്ഷ്യമാകും.. പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്…?എന്തായാലും നമ്മൾ കേസ് തോൽക്കും… കേസ് നമ്മൾ തോൽക്കും…പക്ഷെ അത് അനുഭവിക്കാനുള്ള യോഗം അവൾക്ക് ഉണ്ടാകില്ല…അതിന് എന്താ വേണ്ടത് എന്ന് എനിക്ക് നന്നായി അറിയാം.. ഇനിയും നിങ്ങളുടെ വാക്ക് ഞാൻ വിശ്വസിക്കണോ…?? ഇല്ല..ലക്ഷ്മീ ഇനി ഒരു അബദ്ധം പറ്റില്ല..

അത്രയും പറഞ്ഞ് രാജീവൻ കുടിലത നിറഞ്ഞ ചിരിയോടെ ലക്ഷ്മിയെ നോക്കി.. വിച്ചേട്ടാ…ആദ്യമായിട്ടാണ് ഞാൻ കോടതിയിൽ..എനിക്ക് അറിയില്ല…. പേടിയാകുന്നു.. നീ ഇങ്ങനെ നേർവസ് ആകല്ലേ… ചോദിക്കുന്ന ചോദ്യങ്ങൾക്ക് കറക്റ്റ് ആയി ഉത്തരം പറയുക..അവരെ പോലെ നമുക്ക് കള്ളങ്ങൾ പറയേണ്ട ആവശ്യമില്ലല്ലോ.. സൊ ഡോണ്ട് വെറി.. എവെരിത്തിങ് വിൽ ബീ ഓക്കേ.. ആനി ദേവിയുടെ മകളാണെന്ന് തെളിയിക്കുന്ന രേഖകൾ എല്ലാം വക്കീൽ കോടതിയിൽ ഹാജരാക്കി…ആദ്യം അല്പം ടെൻഷൻ ഉണ്ടായിരുന്നെങ്കിലും പിന്നീട് വക്കീലിന്റെയും കോടതിയുടെയും ചോദ്യങ്ങൾക്ക് എല്ലാം ആനി വ്യക്തമായി ഉത്തരം നൽകി.. ഫാദർ പോളിൽ നിന്നും താൻ അറിഞ്ഞിട്ടുള്ള കാര്യങ്ങൾ മദറും കോടതിയെ ബോധിപ്പിച്ചു..

പ്രതി ഭാഗത്തിന്റെ വാദങ്ങളെല്ലാം കള്ളമാണെന്ന് തെളിയിക്കാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല..രാജീവനും ലക്ഷ്മിയും ചേർന്ന് ആനിയോടും അമ്മയോടും ചെയ്ത ദ്രോഹങ്ങളും ഇപ്പോൾ കുടുംബത്തോട് കാണിക്കുന്ന ദുഷ്‌ടത്തരങ്ങളും വക്കീൽ കോടതിയോട് പറഞ്ഞു..വരുന്ന വഴിക്ക് പോലും അവർ ആനിയെ അപായപ്പെടുത്താൻ നോക്കിയ വിവരവും അയാൾ കോടതിയെ അറിയിച്ചു..അതിന് തെളിവായി ആനിയെ നേരത്തെ പിടിച്ചു കൊണ്ട് പോകാൻ നോക്കിയവരെ കുറച്ചു പൊലീസുകാർ ചേർന്ന് കോടതി മുറിയിലേക്ക് കൊണ്ട് വന്നു..അവർ തന്നെ രാജീവൻ ഏൽപ്പിച്ച കൊട്ടേഷനെ പറ്റി കോടതിയോട് പറഞ്ഞു.. കൊട്ടേഷൻകാർ അവിടേക്ക് വരുമെന്ന് രാജീവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അയാൾക്ക് അത് ഒരു അടി തന്നെയായിരുന്നു.

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് രാജീവനും ലക്ഷ്മിയും വേദനയോടെ തിരിച്ചറിഞ്ഞു..വിജയ ചിരിയോടെ തന്നെ നോക്കുന്ന രാമചന്ദ്രനെയും വൈശാഖിനെയും കണ്ട് അയാൾ ദേഷ്യത്തിൽ മുഖം തിരിച്ചു.. പക്ഷെ ആനിയുടെ മുഖത്ത് അയാൾ കണ്ടത് വിജയിയുടെ ഭാവം അല്ലായിരുന്നു…അയാളോടും കുടുംബത്തോടുമുള്ള വെറുപ്പായിരുന്നു.. ഇനി എന്തായാലും തങ്ങൾക്ക് അനുകൂലമായ വിധി വരില്ലെന്ന് മനസ്സിലായതും രാജീവനും ലക്ഷ്മിയും ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി…അവരുടെ കാർ കോടതി പരിസരത്ത് നിന്ന് പോയതും മറ്റൊരു കാറിനുള്ളിൽ ഇരുന്ന് ഒരാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു… ദേവിയുടെ അച്ഛന്റെ വിൽപത്രപ്രകാരം എല്ലാ സ്വത്തുക്കളുടെയും അവകാശി ആനി തന്നെയാണെന്ന് കോടതി വിധിച്ചു…

ആനി രാമചന്ദ്രനെ കെട്ടിപിടിച്ച് കരഞ്ഞു.. അയാൾക്കും സന്തോഷമായി…ഇത്ര നാളും താൻ കഷ്ടപ്പെട്ടത് വെറുതെ ആയില്ല എന്ന് ആലോചിച്ചപ്പോൾ അയാളുടെ സന്തോഷം കൂടി..പുറത്തിറങ്ങിയതും വൈശാഖ് ഉടനെ വീട്ടിൽ വിളിച്ച് ആ സന്തോഷ വാർത്ത അറിയിച്ചു…പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നുവെങ്കിൽ കൂടി അവർക്ക് എല്ലാം ഒത്തിരി സന്തോഷമായി.. ആനി മദറിനോട് സംസാരിക്കുവായിരുന്നു.. എന്നും വിളിക്കും സംസാരിക്കുമെങ്കിലും ഒരുപാട് ദിവസത്തിന് ശേഷം നേരിൽ കാണുന്നതിന്റെ സ്നേഹ പ്രകടനത്തിലായിരുന്നു അവർ ഇരുവരും…ആനി വൈശാഖിനെയും രാമചന്ദ്രനെയും മദറിന് പരിചയപ്പെടുത്തി.. മോളെ നീ കരുണാലയത്തിലേക്ക് വരുന്നില്ലേ…?? ആനിയുടെ മുഖം വാടിയത് കണ്ടപ്പോൾ മദറിന് കാര്യം പിടികിട്ടി..

അത് സാരമില്ല ആനീ…ഇപ്പോൾ കുറെ ലീവ് ഒക്കെ എടുത്തത് അല്ലേ…ഇനി അടുപ്പിച്ച് അവധി കിട്ടുന്ന സമയം വന്നാൽ മതി.. രാമചന്ദ്രൻ അടുത്ത് നിൽക്കുന്നത് കൊണ്ട് അവൾക്ക് എബിയുടെ കാര്യമൊന്നും ചോദിക്കാൻ കഴിഞ്ഞില്ല… മദർ എബിയെ കുറിച്ചൊന്നും പറയാത്തതിൽ അവൾക്ക് വല്ലാത്ത വിഷമം തോന്നി.. ആനി ബാഗിൽ നിന്ന് കുറച്ചു കാശ് എടുത്ത് മദറിന്റെ കൈയ്യിൽ കൊടുത്തു.. ഇപ്പോൾ ഇതേ ഉള്ളു..കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സ്വീറ്റ്‌സ് മേടിച്ചു കൊടുക്കണം… ഞാൻ വരാം മദർ…ആനി ചേച്ചി അവരെയൊക്കെ തിരക്കിയ വിവരം പറയണേ… അവർ സ്നേഹത്തോടെ അവളുടെ നെറുകെയിൽ ഉമ്മ വയ്ച്ചു… അല്ല..മദർ എങ്ങനെയാ പോകുന്നത്..? ശരിയാ..എങ്ങനെ എത്തിയെന്ന് ഞാൻ ചോദിച്ചിട്ടും മദർ ഒന്നും പറഞ്ഞില്ല… അതൊക്കെ എത്തി…ഞാൻ വന്നത് പോലെ തിരികെ പൊയ്ക്കൊള്ളാം… നിങ്ങൾ അത് ഓർത്തു വിഷമിക്കണ്ട. അവർ യാത്ര പറഞ്ഞ് പിരിഞ്ഞു… ・ิω・ิ ・ิω・ิ・ิω・ิ ・ิω・ิ・ิω・ิ

അല്ല വിച്ചേട്ടാ ഒരു ഡൗട്ട്.. എന്താണെന്ന ഭാവത്തിൽ വൈശാഖ് അവളെ നോക്കി… നമ്മളെ രാവിലെ ഉപദ്രവിക്കാൻ വന്ന ആ ഗുണ്ടകൾ ഇല്ലേ..അവർ എങ്ങനെ ഇവിടെ വന്നു…? ഓഹ് അതാണോ…കേസ് കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ ഞാൻ വക്കീലിനോട് ചോദിച്ചു..അയാൾ പറഞ്ഞത് നമ്മൾ കോടതി മുറിയിലേക്ക് കയറി അല്പം കഴിഞ്ഞതും ഒരു പോലീസുകാരൻ അയാളോട് വന്ന് പറയുകയായിരുന്നുവെന്നാണ്… അവന്മാർ തന്നെ സ്വയം കുറ്റം ഏറ്റ് പറഞ്ഞുകൊണ്ട് പോലീസുകാരുടെ അടുത്ത് വരുവായിരുന്നു..കേസ് വിളിക്കാൻ സമയമായത്‌ കൊണ്ട് പിന്നെ അയാൾ കൂടുതൽ ഒന്നും ചോദിച്ചില്ല.. ആനി ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു…അപ്പോഴാണ് മദർ ഒരു കാറിലേക്ക് കയറുന്നത് അവൾ കണ്ടത്…ആനിയുടെ മനസ്സിൽ എല്ലാം ചോദ്യ ചിഹ്നമായി അവശേഷിച്ചു…ആ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള ഉത്തരം ആ കാറിനുള്ളിൽ ഉണ്ടെന്നത് അവൾ അറിഞ്ഞില്ല…