19/04/2026

സൈരന്ദ്രി : ഭാഗം 26

രചന – രജിഷ അജയ്ഘോഷ്

“എടാ… ആ മലയാളി വനിത നമ്മുടെ സൈറക്കൊച്ചാണെന്നാ കേട്ടേ…” സാം വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു…

സൈരന്ദ്രി മാധവ് എന്ന പേര് ടി വി സ്ക്രീനിൽ തെളിയുന്നത് കേശു കണ്ടു..
കണ്ണൊന്ന് അടച്ച് തുറന്നവൻ.. ശ്വാസം വിലങ്ങിപ്പോയ നിമിഷം..

“എടാ സാമേ…സൈറ…. അവൾ… ” വാക്കുകൾ തൊണ്ടയിൽക്കിടന്ന് വീർപ്പുമുട്ടി..
സാം അവനെ ചേർത്ത് പിടിച്ചു..

കേശു എന്തോ ഓർത്തത് പോലെപെട്ടന്ന് തന്നെ
ടി വി ഓഫാക്കി…
“അമ്മമ്മയൊന്നും അറിയണ്ട… കുട്ടി വിളിച്ചോന്ന് ഒരു നൂറു തവണയെങ്കിലും ചോദിച്ചിട്ടുണ്ടാവും..”കേശു വെപ്രാളത്തോടെ മുഖമൊന്ന് അമർത്തിത്തുടച്ചു…

“ടാ… അവൾക്ക്… അവൾക്ക് കൊഴപ്പമൊന്നും ഉണ്ടാവില്ലാലേ….” പ്രതീക്ഷയോടെ ചോദിച്ചു കൊണ്ട് തൻ്റെ മുഖത്തേക്ക് നോക്കുന്നവനോട് ഒന്നും പറയാതെ തല താഴ്ത്തി നിന്നു സാം…

“എല്ലാരെയും സ്നേഹിച്ച് കൊതിപ്പിച്ചിട്ട് അങ്ങനെ പോവാനൊന്നും അവൾക്കാവില്ല..
ഇങ്ങനെ സങ്കടപ്പെടുത്താനാണെങ്കിൽ അവളിങ്ങോട്ട് വരണ്ടായിരുന്നു അല്ലേടാ….”
കേശുവിൻ്റെ സ്വരം ഇടറി…

“കേശൂ….ടാ…” സാം അവൻ്റെ പുറത്ത് തട്ടി….
ഫോണടിച്ചത് കേട്ട് നോക്കുമ്പോൾ മാധവൻ മാമയാണ്…
ഓണാക്കിയതും അങ്ങേ തലക്കൽ നിന്നും തേങ്ങൽ കേട്ടു….
” കേശൂ…. സൈറമോൾക്ക്…. ”

“ഒന്നൂണ്ടാവില്ല മാമേ… ഞാൻ… ഞാൻ വിളിക്കാം..”
കേശു വേഗം ഫോണോഫാക്കി..

ഉമ്മറത്തെ തിണ്ണയിൽ സാമിനൊപ്പം ഇരിക്കുമ്പോൾ
കേശുവിൻ്റെ ചുണ്ടുകൾ വിറച്ചു.. കൈ ചുരുട്ടിപ്പിടിച്ച് കാലിൻ്റെ തുടയിൽ തട്ടിക്കൊണ്ടിരുന്നു…

വിവരമറിഞ്ഞ് പലരും വിളിച്ച് തുടങ്ങിയപ്പോൾ ഫോൺ സാമിനെ ഏൽപ്പിച്ചു നടന്നു..
ആ നടത്തം അവസാനിച്ചത് കുന്നിനു മുകളിലെ തമ്പ്രാട്ടിക്കാവിലാണ്..
കൈ കൂപ്പി നിൽക്കുമ്പോൾ അത് വരെ പിടിച്ചു വെച്ചതെല്ലാം തുറന്ന് വിട്ടു… ഉറക്കെക്കരഞ്ഞു. മനസ് ശാന്തമാവുന്നത് വരെ..

“ദേവീ….സൈറയുടെ ജീവന് ഒരാപത്തും വരുത്തരുതേ… അവളില്ലാതാവുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെനിക്ക്.. ഇപ്പോഴാണ് പറിച്ചെറിയാനാവാത്ത വിധം ആഴത്തിൽ അവൾഎന്നിൽ പതിഞ്ഞിട്ടുണ്ടെന്ന് തിരിച്ചറിയുന്നത് പോലും…
അവളെ ജീവനോടെ തിരികെ തന്നാൽ
ഇനി വരുന്ന ഉത്സവത്തിന് ദേവീടെ നടയിൽ
കൊണ്ടുവരാം ഞാൻ..
ഇത്തവണത്തെ ഉത്സവം ഞാൻ നടത്തിക്കോളാം…”
കൈകൂപ്പി പ്രാർത്ഥിച്ചവൻ…
മനസ്സിനൊരു ഉണർവ്വ് തോന്നി..

തിരികെയെത്തുമ്പോൾ മാധവൻമാമയും
സായുവും വന്നിരുന്നു..
“കേശുവേട്ടാ എൻ്റെ ചേച്ചി.. ” സായൂട്ടൻ
ഓടി വന്ന് കേശുവിനെ കെട്ടിപ്പിടിച്ചു.
അവനെ ചേർത്ത് പിടിച്ച് പുറത്ത് തലോടി ആശ്വസിപ്പിച്ചു.. കണ്ണ് കലങ്ങി നിക്കുന്ന
മാധവമാമയോട് ഒന്നൂണ്ടാവില്ലെന്ന് വെറുതെ പറഞ്ഞു…

“ഇപ്പോൾ കിട്ടിയത്…സൈനീക സംഘത്തിലുണ്ടായിരുന്ന ആറുപേരിൽ
നാലുപേർ വീരമൃത്യു വരിച്ചു.. രണ്ടു പേരുടെ നില അതീവ ഗുരുതരം… മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.. ഗുരുതരമായി പരിക്കേറ്റ
രണ്ടുപേരെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റി…”
വാർത്തകൾ മാറി മാറി വന്നുകൊണ്ടിരുന്നു..

പത്മാവതിയമ്മയെ ആരും ഒന്നും അറിയിച്ചില്ല.
ആ രാത്രി ദൈർഘ്യമേറിയതാണെന്ന് കേശുവിന് തോന്നി…

രാവിലെ നേരത്തെ തന്നെ ശ്രേയയും ദീപക്കും വന്നു.. ദേവരാജനെ വീട്ടിലേക്ക് കൊണ്ടുപോവാനാണ് വന്നതെന്ന് ദീപക്കാണ് പറഞ്ഞത്..
“ആ കുട്ടിയുടെ ബോഡി കൊണ്ടു വരുമ്പോ കാണാൻ വരുന്നവര് അച്ഛനെ കൂടി നോക്കാൻ കയറും.. അത് ശരിയാവില്ല.. ” ശ്രേയ പറഞ്ഞപ്പോൾ
കേശു വല്ലാതായി..

“അതിന് സൈറക്കൊന്നും സംഭവിച്ചില്ലല്ലോ?” അവൻ സംശയത്തോടെ ശ്രേയയെ നോക്കി..

“എൻ്റെ കേശുവേട്ടാ… നിങ്ങള് ന്യൂസൊന്നും കാണുന്നില്ലേ..അവര് പോയ വണ്ടി തന്നെ കത്തിക്കരിഞ്ഞുപോയി.. അതിൽ നിന്ന് കിട്ടിയവരെ തിരിച്ചറിഞ്ഞിട്ടില്ല.. ഈ സ്ഥിതിയിൽ ഇപ്പൊ ഈ ഗുരുതരാവസ്ഥയിലാണെന്ന് പറയുന്നവർ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ?
അത് തന്നെയുമല്ല സൈറ ഇപ്പൊ ജീവനോടെ ഉണ്ടോന്ന് ആർക്കറിയാം…
എന്തായാലും പ്രതീക്ഷിക്കേണ്ടെന്നാണ് ആളുകളും പറയണത്…”ശ്രേയ പറഞ്ഞ മറുപടിയിൽ കേശു ഒന്നുകൂടി തളർന്നു പോയി..

പത്മാവതിയമ്മയോട് ദേവനെ കൊണ്ടു പോവുന്ന കാര്യം പറഞ്ഞതും അവര് തന്നെയാണ്..
ഇന്നലെ വിവരം അറിഞ്ഞപ്പോൾ മുതൽ അമ്മമ്മയുടെ മുന്നിലേക്ക് കേശു പോയിട്ടില്ല…
അമ്മമ്മയെ കണ്ടാൽ ഉള്ളിലുള്ള സങ്കടം മുഴുവൻ പുറത്തേക്ക് വരുമെന്ന പേടി തോന്നിയവന്….
ദീപക്കും കേശുവും കൂടി ദേവരാജനെ എടുത്ത് വണ്ടിയിലേക്ക് കയറ്റി… വല്യ യാത്ര പറയലില്ലാതെ അവർ പോയി….

സൈറ ഗുരുതരമായ പരിക്കുകളോടെ ജമ്മുവിലെ സൈനിക ഹോസ്പിറ്റലിൽ ആണെന്നും കൂടുതൽ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റുകയാണെന്നും പറഞ്ഞ് ഉച്ചയോടടുത്താണ് മാധവനെ ഒരു ഓഫീസർ വിളിച്ചത്..
മാധവൻ വേഗം ഫോണെടുത്ത് കേശുവിന് നേരെ നീട്ടി… വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം മാധവനോട് ഡൽഹിക്ക് പോവാമെന്ന് പറഞ്ഞു..

സാമാണ് ട്രാവൽ ഏജൻസിയിൽ വിളിച്ച് കോഴിക്കോടു നിന്നും ഡൽഹിയിലേക്കുള്ള
രണ്ട് അർജൻ്റ്ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്കു ചെയ്തത്..
7 മണിക്കാണ് ഫ്ലൈറ്റ്.. അമ്മമ്മയോട് എന്ത് പറഞ്ഞു പോവുമെന്നതോർത്താണ് കേശുവിന് ടെൻഷനായത്..
കുമാരേട്ടനോട് കൃഷി കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചു.. വരുന്നത് വരെ കുമാരേട്ടനൊപ്പം സത്യേച്ചിയും അഭിക്കുട്ടനും ഇവിടെ കൂട്ടിന് നിൽക്കാമെന്നും സമ്മതിച്ചു..
സാമുള്ളത് കൊണ്ട് എല്ലാം ശ്രദ്ധിച്ചോളും..

നിർമ്മല തനിച്ചായത് കൊണ്ട് സായു തിരിച്ച് പോയി..
കുറച്ച് ഡ്രസ്സുകൾ ബാഗിലാക്കി വെച്ച ശേഷമാണ് കേശു അമ്മമ്മയെ കാണാൻ പോയത്..

” അമ്മമ്മേടെ ക്ഷീണമൊക്കെ കുറഞ്ഞോ…” ആ കൈയ്യെടുത്ത് ചേർത്ത് പിടിച്ചാണ് ചോദിച്ചത്..

” ഉം.. കുറവുണ്ട്.. ഇന്നലെത്തൊട്ട് നിന്നെയിങ്ങോട്ട് കണ്ടതേയില്ലല്ലോ കേശൂട്ടാ…” അവരവൻ്റെ മുഖത്തേക്ക് നോക്കി..

“ഞാനിവിടൊക്കെത്തന്നെ ഉണ്ടായിരുന്നല്ലോ.. ”

എങ്ങനെ പോവുന്ന കാര്യം പറയുമെന്നറിയാതെ
മൗനമായിരുന്നു.. അമ്മമ്മയോട് കള്ളം പറയാറില്ല..
സത്യം പറയാനും വയ്യ.. ഇനിയൊരു ഷോക്കുകൂടി ആ പാവം താങ്ങില്ല…

” സൈറമോൾക്ക് എന്താ പറ്റിയേ… ” അമ്മമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അമ്പരപ്പോടെ നോക്കി..

“എന്തോ ഉണ്ടായിട്ടുണ്ടെന്ന് ഇന്നലെ മുതലേ എനിക്ക് തോന്നണതാ.. എൻ്റടുത്തേക്ക് മാത്രം ആരും വരുന്നുമില്ല ഒന്നും പറയുന്നുമില്ല..
മാധവൻ്റെ വിഷമം കൂടി കണ്ടപ്പോ കുട്ടിക്കെന്തോ സംഭവിച്ചതാണെന്നന്ന് തോന്നി..” പത്മാവതിയമ്മ പറഞ്ഞു തീരും മുൻപേ കേശു അവരെ ചേർത്തു പിടിച്ചു..

“സൈറക്ക് ചെറിയൊരു അപകടം ഡൽഹിയിലാ.. മാമക്കൊപ്പം പോയി അവളെയൊന്ന് കണ്ടിട്ടു വരാം ഞാൻ..”കേശു അമ്മമ്മയെ നോക്കി…

“കുട്ടിയെ ഇങ്ങട്ട് കൂട്ടിയിട്ട് വാ…” അമ്മമ്മയുടെ വാക്കുകൾക്ക് തലയാട്ടിയവൻ..

“ടെൻഷനാവണ്ടാട്ടോ.. മരുന്നൊക്കെ സമയത്ത് കഴിക്കണം.. ഞാൻ
വിളിക്കാം.. “ആ കവിളിലൊന്ന് ചുണ്ടമർത്തിയവൻ…

ടാക്സി വിളിച്ചാണ് എയർപോർട്ടിലേക്ക് പോയത്..
ഫ്ലൈറ്റിൽ കയറിയിരിക്കുമ്പോഴും എത്രയും വേഗം എത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ..

മൂന്നര മണിക്കൂറുകൊണ്ട് ഡൽഹിയെത്തി..
എയർപോർട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക്
ടാക്സി വിളിച്ചു.. അലങ്കാര ബൾബുകളും ചീറിപ്പായുന്ന വാഹനങ്ങളുമായി ഡൽഹിയപ്പോഴും ഉറങ്ങിയിട്ടില്ലായിരുന്നു..

ഹോസ്പിറ്റലിലെത്തി എൻക്വയറി ഡിപ്പാർട്ട്മെൻ്റിലെ ലേഡിയോട് ചോദിച്ചപ്പോൾ വൈകുന്നേരം സൈറയെയും കിഷൻ ചന്ദ് എന്നൊരു സൈനികനെയും ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു..
അച്ഛനും കസിനുമാണ് ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ അവർ മറ്റാരെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു..

അകത്ത് വിദഗ്ധരായ ഡോക്ടർമാരുടെ സംഘം പേഷ്യൻ്റ്സിനെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും രാവിലെയേ കാണാനാവൂ എന്നും ആ ലേഡി അറിയിച്ചു..
അടുത്ത് ലോഡ്ജുകളും വീടുകളും താമസിക്കാനായി കിട്ടുമെന്ന് അവർ തന്നെ പറഞ്ഞു തന്നു…

കേശു നോക്കുമ്പോൾ ടെൻഷനും യാത്രാ ക്ഷീണവും കാരണം മാധവൻ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്.. മാമയെ കൂട്ടി ഹോസ്പിറ്റലിലെ ക്യാൻ്റീനിൽ പോയി രണ്ട് ചായ വാങ്ങി…
രണ്ടാൾക്കും കഴിക്കാനൊന്നും തോന്നിയില്ല..

അടുത്തുള്ളൊരു ചെറിയ ലോഡ്ജിൽ റൂമെടുത്ത്
കുളിച്ചിറങ്ങുമ്പോൾ മാധവൻ ജനൽ വഴി പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്..

“മാമ കുളിക്കുന്നോ? ക്ഷീണമൊന്ന് കുറഞ്ഞ് കിട്ടും..” കേശു പറഞ്ഞതിനൊന്ന് മൂളിക്കൊണ്ട് അയാൾ തോർത്തും വാങ്ങി ബാത്റൂമിലേക്ക് നടന്നു..
മാമ നോക്കിയിടത്തേക്ക് നോക്കുമ്പോൾ ഹോസ്പിറ്റലിൻ്റെ മുൻഭാഗം കാണാം…
കൈയ്യെത്തും ദൂരത്തുണ്ടവൾ..
ഒന്നു കാണാൻ പോലും കഴിയാതെ…
ഒന്നു നിശ്വസിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു..

മാധവൻ കുളിയും കഴിഞ്ഞ് വന്നു കേശുവിനടുത്ത് കിടന്നു..
ശരീരത്തിനും മനസിനും ക്ഷീണമുണ്ട് പക്ഷേ ഉറക്കം മാത്രം വരുന്നില്ല…
“മാമ ഉറങ്ങിയില്ലേ?”ഏറെ നേരത്തിന് ശേഷവും തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന മാധവനെ കണ്ടാണ് ചോദിച്ചത്..

“ഉറക്കം വന്നില്ല മോനെ… എൻ്റെ കുട്ടിയവിടെ
വേദന സഹിച്ച് കിടക്കണുണ്ടാവും…
ചെറുതിലെ ഒത്തിരി കരഞ്ഞതാ പിന്നെ അവള് കരഞ്ഞ് കണ്ടിട്ടേയില്ല… സങ്കടങ്ങളൊക്കെ ഉള്ളിലൊതുക്കി നടക്കും.. എന്നും
തനിച്ചായിരുന്നവള്…
അടുത്ത ലീവിന് വരുമ്പോ അവളുടെ കല്യാണക്കാര്യം സംസാരിക്കണമെന്ന് അമ്മയോട് പറഞ്ഞിരുന്നു ഞാൻ…” മാധവൻ വിതുമ്പി..

“അവള് സുഖായി വരും മാമേ… “കേശു അയാളെ ചേർത്തു പിടിച്ചു… മാധവൻ എന്ന അച്ഛൻ അതുവരെ ഉള്ളിലൊതുക്കിയ സങ്കടമെല്ലാം കരഞ്ഞു തീർത്തു..
നിറഞ്ഞൊഴുകിയ കണ്ണുകൾ പുറം കൈയ്യാലെ തൂത്തുവിട്ടു കേശു….

എപ്പോഴോ ഒന്നുറങ്ങി കണ്ണു തുറന്നപ്പോൾ താൻ ചേർത്ത് പിടിച്ചത് പോലെ തന്നോട് ചേർന്ന് തന്നെ മാമ ഉറങ്ങുന്നുണ്ടായിരുന്നു.. ഉണർത്തേണ്ടെന്ന് കരുതി അനങ്ങാതെ തന്നെ കിടന്നു..

മാമ ഉണർന്നതും ഏഴ് മണി കഴിഞ്ഞപ്പോഴേക്കും ഹോസ്പിറ്റലിലേക്ക് പോയി…
രാത്രിയിലേതിനേക്കാൾ ബഹളവും തിരക്കും കൂടുതലുള്ളത് പോലെ..
പത്രക്കാരും ടി വി ക്കാരും ഹോസ്പിറ്റലിനു മുന്നിൽ അക്ഷമയോടെ നിൽക്കുന്നു..

ഒരാൾ കൂടി വീരമൃത്യു വരിച്ചിരിക്കുന്നു..അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായവന്…

തുടരും