23/04/2026

വാണി ലക്ഷ്മി : ഭാഗം 03

രചന – ജ്വാലാമുഖി

“വാണിമോളെ അവരൊക്കെ വന്നു… താഴേക്കു ഇറങ്ങി വാ… ”

അമ്മ വിളിച്ചതും ഞാൻ ഞെട്ടി തരിച്ചു തിരിഞ്ഞു..

“ആ അമ്മ നടന്നോ… ഞാൻ വരാം.. ”

അമ്മയുടെ പിന്നാലെ നടക്കുമ്പോൾ എനിക്ക് ജീവൻ ഇല്ലാത്ത പോലെ തോന്നി…

വല്യച്ഛൻ വന്നവരെ സ്വീകരിച്ചു ഇരുത്തി .. എല്ലാവരെയും പരിചയപ്പെടുത്തി…

“ഇത് എന്റെ അനിയന്റെ ഭാര്യ ഗൗരി.. മകൾ വാണി ലക്ഷ്മി… അനിയൻ ദേവൻ, സൗദിയിൽ ആണ്… മോൾ ഇപ്പൊ Bsc സൂവോളജി.. സെക്കന്റ്‌ ഇയർ… ”

ഞാൻ എല്ലാവരുടെയും മുഖത്തു നോക്കി ചിരിച്ചു…
ആ കണ്ണുകൾ എന്റെ കണ്ണുകളിൽ കോർത്തു വലിച്ചത് പോലെ എനിക്ക് തോന്നി…

എന്തോ പരിജയഭാവം ആ മുഖത്തുണ്ട്…

വല്യമ്മ അവർക്കുള്ള ചായ ഒക്കെ കൊണ്ടു കൊടുത്തു…

വിഭവങ്ങൾ ടീപ്പോയിൽ നിറഞ്ഞു…

“അമ്മേ ഇതാട്ടോ പയ്യൻ… ”

വല്യച്ഛൻ എന്റെ ബുള്ളറ്റ് നെ ചൂണ്ടി അച്ഛമ്മയോടു പറഞ്ഞതും എനിക്ക് സങ്കടം വന്നു…

ഞാൻ താഴേക്കു നോക്കി നിന്നു…

“മാലതി… മോളെ വിളിക്കു… ”

ചിപ്പി ചേച്ചി ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്… എന്നാലും എന്നോളം വരില്ലാട്ടോ…

ചേച്ചി വന്നു അവരുടെ മുന്നിൽ നിന്നു…

“ഇതാണ് എന്റെ മകൾ ചന്ദന… ഞങ്ങൾ ചിപ്പി എന്ന് വിളിക്കും… മോളെ ഇതാണ് വിഷ്ണു… ”

ആ പേര് എന്റെ ചങ്കിൽ തുളഞ്ഞു കയറി…

ഞാൻ അപ്പുറത്തെ അച്ചമ്മേടെ മുറിയിലേക്കു കയറി നിന്നു .. വാതിലിനോട് ചേർന്ന് നിന്നു എന്റെ കണ്ണുനീർ ഞാൻ മറച്ചു പിടിച്ചു…

“പരസ്പരം സംസാരിക്കണേൽ ആ മുറിയിലേക്കു പൊക്കൊളു… ”

എന്നവർ പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു…

അച്ചമ്മേടെ റൂമിന്റെ തൊട്ടു തന്നെ ഉള്ള റൂമിലേക്ക്‌ ചേച്ചി കടന്നു നിന്നു എന്ന് തോന്നുന്നു…

ഞാൻ അങ്ങോട്ട്‌ നോക്കാനേ പോയില്ല…

“ടോ…. ”

ഞാൻ ഞെട്ടി തരിച്ചു തല ഉയർത്തി നോക്കി…

“അയ്യോ… ചേച്ചി അപ്പുറത്തെ റൂമിലാ… ”

“ഓഹ്.. സോറി… ”

അയാൾ എന്തോ പറയാൻ വന്നതും വല്യമ്മ അങ്ങോട്ട്‌ വന്നു..

“ആ മുറി ആണ് മോനെ… ”

വിഷ്ണുവെട്ടൻ ആ മുറിയിലേക്ക് പോകുന്നത് നോക്കി ചങ്ക് തകർന്നു ഞാൻ നിന്നു…

കുറച്ചു കഴിഞ്ഞു അവർ പുറത്തു വന്നു…

എല്ലാവരും കൂടെ കുറച്ചു നേരം സംസാരിച്ചു നിന്നു… അതുകഴിഞ്ഞു അവർ മടങ്ങി…

ടീപ്പോയിൽ ഉള്ള പലഹാരങ്ങളിൽ ഞാൻ ശ്രദ്ധ തിരിച്ചു വിട്ടു…

പക്ഷെ ഇടയ്ക്കിടെ കുഞ്ഞേട്ടൻ എന്നെ ശ്രദ്ധിക്കുന്നുണ്ട്…

ചിപ്പി ചേച്ചിയേക്കാൾ കുഞ്ഞേട്ടന് ഇഷ്ടം എന്നോട് തന്നാ… അതോണ്ട് എന്റെ മുഖം ഒന്ന് മാറിയാൽ അത് കുഞ്ഞേട്ടന് മനസിലാകും…

എങ്കിലും ഞാൻ പിടി കൊടുത്തില്ല…

വീട്ടിൽ എല്ലാവർക്കും ചേട്ടനെ നല്ല ഇഷ്ടം ആയി… നല്ല ജോലി… നല്ല സ്വഭാവം… പിന്നെ ഒടുക്കത്തെ ഗ്ലാമർ… പിന്നെ എന്തു വെണം….

******

രാവിലെ കുളിച്ചു യാത്രയായി ഞാൻ എന്റെ ആക്ടിവ എടുത്തു കോളേജിലേക്ക് വിട്ടു ..

“ഇന്നെന്താ മോളു… ബസ് നു പോണില്ലേ… ”

“ഏയ്… ബസിൽ ഭയങ്കര തിരക്കാണ് അമ്മേ… ഞാൻ വണ്ടിമേ പൊക്കോളാം… ”

വണ്ടിയെടുത്തു ഞാൻ പോന്നു കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ആണ് പെട്രോൾ റെഡ് ലൈൻ കഴിഞ്ഞു താഴേക്കു ആയി നില്കുന്നത് കണ്ടത്…

വിഷ്ണു ചേട്ടൻ നിൽക്കാറുള്ള സ്റ്റോപ്പിന്റ സൈഡിൽ ആണ് പമ്പ്…

പെട്രോൾ അടിച്ചു കഴിഞ്ഞു.. അങ്ങോട്ട്‌ നോക്കിയതും പുള്ളി അവിടെ നില്പുണ്ട്…

ബസ് പോകേണ്ട സമയം കഴിഞ്ഞു.. അനിയത്തിയെയും കാണുന്നില്ല … എന്നിട്ടും ഓരോ ബസിലേക്കും നോക്കി പുള്ളി അവിടെ നിൽക്കുന്നുണ്ട്…

ഞാൻ വേഗം ഹെൽമെറ്റും കൂളിംഗ് ഗ്ലാസും എടുത്തു വച്ചു…

പക്ഷെ നമ്മൾ എവിടെ പോയാലും ചതിക്കാൻ ഈ നശിച്ച യൂണിഫോം കാണുമല്ലോ…

ഞാൻ ഒരു എൺപത്തിൽ വണ്ടി എടുത്തു… ഒരു മിന്നൽ പോലെ പുള്ളിടെ മുന്നിലൂടെ പാഞ്ഞു പോയി…

അവിടം കടന്നതും കള്ളത്തരം നമുക്ക് കൂടപ്പിറപ്പ് ആണല്ലോ ഞാൻ ഗ്ലാസ്സിലൂടെ പുള്ളിയെ നോക്കി… പക്ഷെ കാണുന്നില്ല… ഞാൻ തിരിഞ്ഞു നോക്കി.. ഇല്ല… !!!

ഇനി എനിക്ക് തോന്നിയതാണോ… !!!

ഞാൻ പയ്യെ ഒരു അറുപതിൽ പോന്നു… കറക്റ്റ് സിഗ്നൽ എത്തിയതും റെഡ് കത്തി…

സിഗ്നലിനെ മനസ്സിൽ ധ്യാനിച്ച് പല തെറിയും സ്മരിച്ചു.. ഞാൻ അവിടെ തന്നെ നിന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ആണ് അടുത്ത് നിൽക്കുന്ന ബുള്ളറ്റ് ലേക്ക് എന്റെ കണ്ണുകൾ പാഞ്ഞത്… ഈശ്വര.. വിഷ്ണുവേട്ടൻ… !!!

എന്റെ എല്ലാ കിളിയും ഒന്നിച്ചു പറന്നു… സിഗ്നൽ ലെ കൗണ്ട് ഡൌൺ നോക്കി ഞാൻ നിന്നു..

ഗ്രീൻ കത്തിയതും ഞാൻ നല്ല സ്പീഡിൽ പെടച്ചു.. നമ്മുടെ ആക്ടിവ ഹൈവേ കേറിയാൽ ഒരു വിറയൽ പിടിച്ച അപ്പാപ്പന്റെ പോലെ ആകൂലോ… അത്ര നല്ല സർവീസ് ആണ് ഞാൻ കൊടുക്കുന്നത്.. നമ്മുടെ ബുള്ളറ്റ് അണ്ണന്റെ വണ്ടി ഹൈവേയിൽ ബെൻസ് പോലെ മിന്നിച്ചു എന്റെ ഒപ്പം എത്താൻ അധികം ടൈം വേണ്ടി വന്നില്ല…

ഹൈവേ ഇറങ്ങി ലെഫ്റ്റ് വഴി പോണം കോളേജിലേക്ക്… പക്ഷെ നമ്മുടെ ബുദ്ധി ഒന്നും ഇവിടെ ഇല്ലാലോ… ഞാൻ വളക്കാൻ മറന്നു…

ഒടുവിൽ ഏതോ വഴി എത്തിയപ്പോൾ അപ്രോച് റോഡിൽ കേറി ഞാൻ… ഇനി എങ്ങോട്ടാ എന്ന് ആലോചിച്ചു നിൽകുമ്പോൾ നമ്മുടെ ചേട്ടൻ വണ്ടി അടുത്ത് കൊണ്ടു നിർത്തി…

“എന്താ വാണി… കോളേജിലേക്കുള്ള വഴി ഒക്കെ താൻ മറന്നോ… ”

ഞാൻ ഒരു ചമ്മിയ ചിരി പാസ്സാക്കി….

“ആ വിഷ്ണു ചേട്ടനോ…?? “”

“താനിന്ന് കോളേജിൽ പോണില്ലേ… ”

“ഉം… ”

“താൻ എന്തിനാ എന്നെ കണ്ടപ്പോൾ വേഗം എസ്‌കേപ്പ് ആകാൻ നോക്കിയേ… ”

“ഏയ് ചേട്ടന് തോന്നിതാ.. ലേറ്റ് ആകണ്ട എന്ന് കരുതി സ്പീഡിൽ പോന്നതാ.. ”

“ഇനി ഇവിടന്ന് കുറച്ചു അധികം ഉണ്ട് കോളേജിലേക്ക്… ”

“ഉം… ”

“ഇനി ഇപ്പൊ ഇന്ന് പോണോ തനിക്ക്… ”

“അയ്യോ പോണം… ”

“താൻ ലീവ് എടുക്കെടോ… ഒന്നില്ലേൽ തന്റെ ചേച്ചിയെ കെട്ടാൻ പോണ ചേട്ടൻ അല്ലെ പറയണേ… ”

അത് കേട്ടതും എന്റെ നെഞ്ചിൽ ആരോ പാറക്കല്ല് കൊണ്ടു ഇട്ടപോലെ തോന്നി എനിക്ക്…

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…

“ഇന്നലെ താൻ എന്തിനാ ആ റൂമിലേക്ക്‌ മാറി നിന്നു കരഞ്ഞത്.. ”

“കരയെ.. ഞാനോ.. എന്തിന്… ”

“നുണ പറയണ്ട… ഞാൻ കണ്ടു കരയണത്.. എന്നും ബസിൽ നിന്നു താൻ എന്നെ ശ്രദ്ധിക്കുന്നതും ഒക്കെ എനിക്ക് അറിയാം… ”

നിന്ന നില്പിൽ ആകെ ചൂളി പോയി ഞാൻ…

“തനിക്ക് വിരോധം ഇല്ലെങ്കിൽ ഇവിടന്ന് ഇത്തിരി പോയാൽ ഒരു ബീച് ഉണ്ട് നമുക്ക് അങ്ങോട്ട്‌ പോകാം… എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്.. ”

വിഷ്ണു അത് പറയുമ്പോൾ എതിർത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല… കാരണം അയാളേക്കാൾ മുന്നേ ഞാൻ അത് ആഗ്രഹിച്ചിരുന്നു…

വണ്ടി ഒരു ഉൾവഴി കടന്നു ഒരു രണ്ടു കിലോമീറ്റർ കടന്നതും വിശാലമായ കടൽ കണ്ടു തുടങ്ങി… അധികം ആരും വരാത്ത ഒരു കടപ്പുറം… ഒന്ന് രണ്ടു വഞ്ചികൾ ഓരോ തെങ്ങിലും കെട്ടിയിട്ടിട്ടുണ്ട്…

വണ്ടി അവിടെ വച്ചു ഞാൻ വിഷ്ണുന്റെ കൂടെ നടന്നു…

ഈ യൂണിഫോമിൽ ആരെങ്കിലും കണ്ടാൽ പണി ആകും എന്നെനിക്കു തോന്നി… ഞാൻ വേഗം വണ്ടിയിൽ നിന്നും എന്റെ ജാക്കറ്റ് എടുത്തു ഇട്ടു.. യൂണിഫോം പാന്റ് ബ്ലാക്ക്‌ ആയോണ്ട് ഇനി ആരും അത്ര പെട്ടന്ന് കണ്ടു പിടിക്കില്ല…

“വാണി….. ”

“ഉം.. ”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ… ”

“ഉം.. ”

“താൻ ഒരു നേരമ്പോക്കിന് നോക്കിയതാണോ എന്നെ.. ”

“അല്ല… ”

“എങ്കിൽ എന്താ എന്നോട് പറയാഞ്ഞത്… ”

“ആരാ എന്താ എന്നോ… അറ്റ്ലീസ്റ്റ് പേര് പോലും അറിയാത്ത ഒരാളോട് ഞാൻ എങ്ങനെ അതൊക്കെ പറയും… ”

“ഉം…ഓക്കേ ഓക്കേ… ”

“ചിപ്പി ചേച്ചി…”

“രണ്ടു വീട്ടുകാർക്കും ഓക്കേ ആണ്… ”

“ചേട്ടനോ…?? ”

“എനിക്കും ഇഷ്ടക്കുറവൊന്നും ഇല്ല… ”

“അപ്പൊ എന്നെ ഇവിടെ കൊണ്ടു വന്നതിന്റെ അർത്ഥം… ”

അതിലുള്ള മറുപടി.. ആ കൈകൾ എന്റെ നേരെ നീണ്ടു വന്നു എന്നെ വട്ടം വലിച്ചു അടുപ്പിച്ചു എന്റെ കവിളുകളിൽ ആ അധരങ്ങൾ പതിപ്പിച്ചു കൊണ്ടായിരുന്നു……

എന്തോ ആ നിമിഷത്തിൽ കുതറാൻ എനിക്ക് തോന്നിയില്ല…

പക്ഷെ പെട്ടന്ന് ഞാൻ പിന്നോട്ട് മാറി..

“ച്ചി… ചേച്ചിയെ മനസ്സിൽ ഭാര്യയായി സങ്കല്പിച്ചു… .. എന്നെ… നിങ്ങൾ .. ചെ… … നിങ്ങൾ ഇത്ര ചീപ്പ്‌ ആണെന്ന് അറിഞ്ഞില്ല ഞാൻ… ”

“ഷട്ട് അപ്പ്‌… അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ… ”

“പിന്നെ എന്താ നിങ്ങളുടെ മനസ്സിലിരിപ്പ്… എനിക്ക് അതറിയണം… ”

“നിന്നെ കൊണ്ടു പോയി വിൽക്കാൻ… അല്ലേലും ഈ പ്രേമോം തേങ്ങയും ഒന്നും നല്ല ആൺപിള്ളേർക്ക് പറ്റില്ല… ”

“അതെന്താ ഞാൻ അത്ര മോശക്കാരി ആണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നേ….”

“നിനക്ക് അല്ലാടി തെറ്റ് പറ്റിയത് എനിക്കാണ്… സുഭദ്ര ടീച്ചർ ടെ മകന്റെ മകൾ ആണ് നീ എന്ന് അറിഞ്ഞപ്പോൾ ബ്രോക്കർ വഴി ആലോചിച്ചു പക്ഷെ നിന്റെ വീട്ടിൽ കെട്ടു പ്രായം തികഞ്ഞ കുറെ എണ്ണം ഉണ്ടെന്നു എങ്ങിനെ ഞാൻ അറിയാനാ… ആളു മാറി പെണ്ണ് കണ്ടു പോയി… ഇനി ഇപ്പൊ അത് തന്നെ നടക്കട്ടെ…. ”

എന്നും പറഞ്ഞു വിഷ്ണു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു…

എനിക്ക് എന്തു പറയണം എന്ന് അറിയാത്ത അവസ്ഥ ആയിപോയി…

ആ കാല് പിടിക്കണോ… വിഷ്ണു ഇല്ലെങ്കിൽ ഞാൻ ചത്തു പോകും എന്ന് പറയണോ…

സകല ശക്തിയും വീണ്ടെടുത്ത് ഞാൻ ഓടി ചെന്നു അയാളുടെ പിന്നിലൂടെ വട്ടം പിടിച്ചു…

“സോറി… അപ്പോളത്തെ വിഷമത്തിൽ പറഞ്ഞതാ ഞാൻ…. ”

പക്ഷെ എന്റെ കൈകൾ വിടുവിച്ചു വിഷ്ണു വണ്ടി എടുത്തു പോയി…

തുടരും…