18/04/2026

മയിൽപ്പീലി : ഭാഗം 52

രചന – നെച്ചു നസ്രിൻ

 

തീർത്ഥയ്ക്ക് കഴിക്കാനുള്ള ഭക്ഷണവുമായി രാഹുൽ മുറിയിലേക്ക് വന്നപ്പോൾ അവളെ അവിടെ കണ്ടില്ല. അവൾ ബാൽക്കണിയിലായിരുന്നു. അവൻ പിറകിലൂടെ അവളെ ചേർത്തു പിടിച്ചു.അവൾ ഞെട്ടി തിരിഞ്ഞവനെ നോക്കി.

“എന്താണ് ഡോക്ടറെ ഇങ്ങനെ മൂഡ് ഓഫായിരിക്കുന്നെ?.എല്ലാം ശെരിയാകുമെന്നെ.ചുമ്മാ ഓരോന്ന് ആലോചിച്ചു ഈ കുഞ്ഞി തല പുകയ്ക്കണ്ട”.

“എന്നാലും രാഹുലേട്ടാ ഞങ്ങളെന്ത് ഹാപ്പി ആയിരുന്നെന്നോ. ഇപ്പൊ നോക്കിക്കേ ഒരു സ്വസ്ഥതയുമില്ലാതെ. പാവം എന്റേട്ടൻ. ഒരുപാട് അലഞ്ഞിട്ടുണ്ടാകും. എനിക്കിപ്പോൾ അമ്മയെ കാണാൻ തോന്നുന്നുണ്ട് രാഹുലേട്ടാ”.

“വിഷമിക്കാതെടോ ഇങ്ങനൊരു സിറ്റുവേഷൻ ആയത് കൊണ്ടല്ലേ. നമുക്ക് പരിഹാരമുണ്ടാക്കാം”.

തീർത്ഥ ഫോണിൽ പഴയ ഫോട്ടോസ് എടുത്ത് നോക്കി. പീലിയുടെ തോളിലൂടെ കയ്യിട്ട് ചേർന്ന് നിൽക്കുന്ന തീർത്ഥ. അമ്മയുടെ ഇരുവശവും നിൽക്കുന്ന താനും പീലിയും. എത്ര സന്തോഷമായിരുന്നു. അവളുടെ കണ്ണ് നിറഞ്ഞു. അപ്പോളാണ് രാഹുൽ തീർത്ഥയുടെ കൂടെ നിൽക്കുന്ന പെൺകുട്ടി പീലിയാണെന്ന് മനസ്സിലാക്കുന്നത്. പലതവണ പീലി എന്ന പേര് കേട്ടപ്പോൾ പോലും തനിക്കോർമ്മ വന്നില്ലല്ലോ എന്നവൻ ആലോചിച്ചു.

” ഇത് പീലിയല്ലേ”?.

“അതേ,രാഹുലേട്ടനറിയുമോ?. എന്റെ ചേട്ടൻ സൂരജ് കല്യാണം കഴിച്ച പെൺകുട്ടി. പറഞ്ഞു വരുമ്പോൾ എന്റെ ഏട്ടത്തിയമ്മ”.

“ദൈവമേ ഞാനിത് ശ്രദ്ധിച്ചില്ലല്ലോ. ഇന്നലെയും ഇന്നുമൊക്കെ സൂരജ്,പീലി എന്ന പേര് കേട്ടിട്ട് പോലും നിന്റെ കാര്യത്തിലെ ടെൻഷൻ കൊണ്ട് ഞാനത് ശ്രദ്ധിച്ചില്ല”.

“പീലിയെയും സൂരജേട്ടനെയും രാഹുലേട്ടന് എങ്ങനെ അറിയാം”?.

“പീലിയുടെ ഒരേയൊരു കൂട്ടുകാരി രേഷ്മയുടെ ചേട്ടനാണ് ഈ ഞാൻ”.

“അയ്യോ ഇതൊരു സർപ്രൈസ് ആയല്ലോ. എന്നിട്ട് ഇത്രയും നാൾ നമ്മളിതൊന്നും പറഞ്ഞതുമില്ല”.

“ഞാൻ ആനന്ദിനെ ഒന്ന് വിളിച്ചു കാര്യമെന്താണെന്ന് തിരക്കട്ടെ”.

“ആരാ ആനന്ദ്”?.

“പീലിയുടെയും രേഷ്മയുടെയും ഫ്രണ്ടാണ്. ഞാൻ പറഞ്ഞില്ലേ രേഷ്മയും അവനും ഇഷ്ടത്തിലാണ്.ക്ലാസ്സ്‌ കഴിഞ്ഞാൽ കല്യാണം ഉണ്ടാകുമെന്ന്”.

ഫോണിൽ അപ്പോൾ തന്നെ ആനന്ദിനെ രാഹുൽ വിളിച്ചു.

“ആനന്ദ് പീലിക്ക് എന്താണ് സംഭവിച്ചത്. അവിടെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ഞാൻ അറിഞ്ഞല്ലോ”.

“രേഷ്മ പറഞ്ഞതാണോ”.

“അല്ലടാ. അത് സൂരജിന്റെ സിസ്റ്റർ ഇപ്പോ എന്റെ കൂടെയാണുള്ളത്. ഞാനിപ്പോളാണ് അറിയുന്നത് ഇത് സൂരജിന്റെ പെങ്ങളാണെന്ന്”.

കാര്യങ്ങളുടെ കിടപ്പ് വശം അപ്പോളാണ് എല്ലാവർക്കും മനസിലായത്.

“സൂരജ് ഞാൻ തീർത്ഥയെ കൂട്ടി ഉടനെ അങ്ങോട്ടേക്ക് വരാം. അവനെ എനിക്കുമൊന്ന് കാണണം”.

“വേണ്ട രാഹുൽ നിങ്ങൾ അവിടെ തന്നെ നിന്നാൽ മതി. ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം”.

“തീർത്ഥ വല്ലാതെ അപ്സെറ്റാണ്. അവൾക്ക് വീട്ടിലേക്ക് വരാനാണ് ആഗ്രഹം. അമ്മയെ കാണണമെന്ന് പറയുന്നുണ്ട്.ആ ഇൻസിഡന്റ് അവൾ നന്നായി പേടിച്ചിട്ടുണ്ട് “.

“പക്ഷേ ഐദൻ അവൻ എപ്പോളാണ്, എങ്ങനെയാണ് ആക്രമിക്കുന്നതെന്ന് പറയാൻ കഴിയില്ല രാഹുൽ”.

“അതൊക്കെ ഞാൻ നോക്കിക്കോളാം. അവന്റെ ഒരു അക്രമണവും എന്റടുത്തു നടക്കില്ല. എനിക്കും അവനെയൊന്നു ശെരിക്ക് കാണണം”.

രാത്രിയിലെ ട്രെയിനിൽ തന്നെ നാട്ടിലേക്ക് പോകാമെന്നു തീരുമാനിച്ചു. സ്ലീപ്പർ കമ്പാർട്മെന്റിൽ വിൻഡോ സീറ്റിലാണ് തീർത്ഥ ഇരുന്നത്. തൊട്ടടുത്തു രാഹുലുമുണ്ടായിരുന്നു. തിരക്ക് നന്നേ കുറവാണ് . അങ്ങുമിങ്ങും ഒന്നോ രണ്ടോ പേരിരുപ്പുണ്ട്. രാഹുൽ അവളെ അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. അവളുടെ കണ്ണിൽ മയക്കം പിടിച്ചു. രാഹുലും പതിയെ കണ്ണടച്ചു. മുൻപിലാരോ വന്നു നിൽക്കുന്നത് പാതിയടഞ്ഞ കണ്ണിൽ രാഹുൽ കണ്ടിരുന്നു. പോക്കറ്റിൽ നിന്നൊരു കത്തി വലിച്ചൂരി അവൻ തീർത്ഥയുടെ കഴുത്തിനരികിലേക്ക് കൊണ്ട് വന്നതും രാഹുൽ വലത്തേ കൈ കൊണ്ടാ കത്തി തട്ടി നിലത്തേക്കിട്ടു.

കാല് പൊക്കിയവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. എണീക്കാൻ ശ്രമിച്ചവന്റെ വയറ്റിലേക്ക് വീണ്ടും കാല് മടക്കി കുത്തി അവന്റെ നെഞ്ചിലേക്ക് കൈമുഷ്ടി ചുരുട്ടിയിടിച്ചു.അവൻ കമന്നു വീണതും അവന്റെ മുതുകിൽ ചവിട്ടിപിടിച്ചു കൈ പിറകിലേക്ക് തിരിച്ചു. അവൻ വേദന കൊണ്ടലറി. തീർത്ഥ ഇതെല്ലാം കണ്ട് തരിച്ചിരിക്കുകയായിരുന്നു.അവന്റെ കൈ ഒടിഞ്ഞു തൂങ്ങി. അവനിറങ്ങി ഓടിയതും രാഹുൽ അവന്റെ പിറകെ പോവാൻ തുടങ്ങിയതും തീർത്ഥ അവനെ തടഞ്ഞു. ഐദന്റെ ആ ശ്രമവും അവിടെ പൊളിഞ്ഞു വീണു.

അടുത്ത ദിവസം വൈകിട്ടോടെ രാഹുൽ തീർത്ഥയ്ക്കൊപ്പം വീട്ടിലെത്തി. പീലിയെയും അമ്മയേയും കണ്ടപാടവൾ കരഞ്ഞു. അവരോട് യാത്ര പറഞ്ഞു സൂരജിന്റെ അരികിലേക്കാണ് രാഹുൽ പോയത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തീർത്ഥ അവനരികിൽ വന്നു കൈ ചേർത്തു പിടിച്ചു. ആ കാഴ്ച കണ്ട പീലിയുടെ മനസ് നിറഞ്ഞു. ശരിയായ കൈകളിലാണ് അവളെത്തിപ്പെട്ടിരിക്കുന്നത്.
രാഹുൽ കണ്ണടച്ചു കാണിച്ചു തീർത്ഥയെ നോക്കി ചിരിച്ചു.

” പേടിക്കണ്ട ഡോക്ടറെ. നിന്റെ കൈ കൊണ്ട് ചാകാനാണ് എന്റെ വിധി. അത് തടുക്കാൻ ഒരു ഐദനും കഴിയില്ല”.

“പൊയ്ക്കോണം അല്ലേൽ വിധി ഇപ്പോൾ ഇവിടെ വെച്ചാകും നടക്കുന്നത്”.

അവനൊരു ചിരിയോടെ തന്നെ മടങ്ങി. തീർത്ഥ തിരിഞ്ഞു നോക്കിയതും പീലിയെയാണ് കണ്ടത്. അവൾ മുഖത്തെ ചമ്മൽ ഭംഗിയായി മറച്ചു വെച്ചു.

“ആഹ് ഇനിയിപ്പോ നാത്തൂൻ പോരെനിക്കും എടുക്കാല്ലോ”.

“എന്തോന്ന്”?.

“രേഷ്മ എന്റെ ഫ്രണ്ട്. രാഹുലേട്ടന് ഞാനും അവളുടെ സ്ഥാനത്താണ്.പറഞ്ഞു വരുമ്പോൾ രാഹുലേട്ടൻ എന്റെ ചേട്ടനായിട്ട് വരും.അപ്പോ ഞാനും നിന്റെ നാത്തൂനാണ്.അങ്ങനെയാകുമ്പോൾ നാത്തൂൻ പോര് ഞാനെടുത്തോളം”.

“അയ്യടാ ഇങ്ങു വന്നാൽ മതി പോരെടുക്കാൻ”.

അവൾ പീലിയെ കവിളിൽ പിടിച്ചു വലിച്ചു. അത് കണ്ട് നിന്ന ഭദ്രയുടെ മനസിൽ പ്രാർത്ഥന മാത്രമായിരുന്നു. കുടുംബം ശിഥിലമാകരുതേ എന്ന പ്രാർത്ഥന.

ഐദൻ കണ്ണുകൾ വലിച്ചു തുറന്നു. കാഴ്ച മറയും വിധം ആ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. തോൽവി സമ്മതിക്കാതെ അവൻ വീണ്ടു കണ്ണ് തുറന്ന് ചുറ്റും നോക്കി.താനിപ്പോൾ എവിടെയാണ്. എങ്ങനെയാണു ഇവിടേക്ക് എത്തിയത്. അവനെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. കൈ പിറകിലേക്ക് കെട്ടി വെച്ചിരിക്കുകയാണ്. അനങ്ങാൻ സാധിക്കുന്നില്ല. സർവ്വ ശക്തിയുമെടുത്തു അവനാ കെട്ട് അഴിക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല. കൂട്ടിലടച്ച മൃഗത്തെ പോലെയവൻ മുരണ്ടു.അവന്റെ അരികിലേക്ക് ആരൊക്കെയോ നടന്നു വരുന്നതവൻ മനസിലാക്കി. അവ്യക്തമായ നിഴലുകൾ. അവൻ കണ്ണുകൾ ഇടുക്കി നോക്കി.

വന്നവരുടെ മുഖം വ്യക്തമാകുന്നതനുസരിച്ചു ഐദനിലെ കോപം വർധിച്ചു. അവനിരുന്നിടത്ത് നിന്ന് ചാടിയെണീക്കാൻ ശ്രമിച്ചു. സൂരജിനെയാണ് അവനാദ്യം കണ്ടത്. അവന്റെ കണ്ണിൽ പുച്ഛം നിറഞ്ഞു.സൂരജിന്റെ മുഖത്തവൻ കണ്ട ഭാവം ഒരു വിജയിയുടേതായിരുന്നു.അവന് തൊട്ട് പിറകെ വന്നയാളെ ഐദൻ മനസിലാകാത്തത് പോലെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ട് മറന്ന മുഖം പക്ഷേ ആരാണെന്നു മനസിലാകുന്നില്ല. ഐദൻ അവന്റെ ഓർമയിൽ ആ മുഖം പരതി.” ക്രിസ്റ്റി “. ഐദന്റെ മുന്നിലേക്ക് നീങ്ങി നിന്നു.

“എന്താണ് ഐദൻ എന്നെ മനസിലായില്ലേ നിനക്ക്. നമ്മളിതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ. ഇത്ര പെട്ടെന്ന് നീ എന്നെ മറന്ന് പോയോ. കഷ്ടം”.

“ചിലയ്ക്കാതെ എന്നെ അഴിച്ചു വിടെടാ. അപ്പൊ നിനക്കൊക്കെ മനസിലാകും ഞാൻ ആരാണെന്ന്”.

“നീ ആരാണെന്ന് ഞങ്ങൾക്കെല്ലാം വ്യക്തമായി തന്നെ അറിയാം. നീ അറിയിപ്പിച്ചു ബുദ്ധിമുട്ടേണ്ട”.

“ഏയ്‌ ഇല്ല ജീവൻ. എന്നെയവന് മനസിലായിട്ടില്ല. അതാണ് പ്രശ്നം. ഞാൻ പറഞ്ഞു തരാം. നിന്നെ എല്ലാം ഓർമപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്വമല്ലേ. നീ നിന്റെ പെങ്ങൾക്ക് വേണ്ടി ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയത് ഓർക്കുന്നുണ്ടോ “?.

ഐദൻ അവൻ പറഞ്ഞത് ശ്രദ്ധിക്കാതെയിരുന്നു. പുച്ഛത്തോടെ ക്രിസ്റ്റി വീണ്ടും തുടർന്നു.

“ഓർമ വരാൻ വഴിയില്ലല്ലോ. പെങ്ങൾക്ക് വേണ്ടി നീ കാണിച്ച പോക്രിത്തരങ്ങൾക്ക് കണക്കില്ലല്ലോ. ആറു മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നിന്റെ പെങ്ങൾക്കൊപ്പം പഠിച്ച നാൻസിയെ നീ ഓർക്കുന്നുണ്ടോ. രാത്രി അവളുടെ മുറിയിലേക്ക് ഒരു പുരുഷനെ പറഞ്ഞു വിട്ട് എല്ലാവരുടേയും മുന്നിൽ ഒരു തെറ്റും ചെയ്യാത്ത അവളെ നാണംകെടുത്തുമ്പോൾ നീയും നിന്റെ പെങ്ങളും കൂടി അനുഭവിച്ച ആനന്ദം നീ മറന്നിട്ടുണ്ടാകില്ലല്ലോ”.

ഐദൻ ആ ദിവസം ഓർത്തെടുത്തു. പൈസ വാരിയെറിഞ്ഞു ഒരുവനെ നാൻസി വരും മുൻപ് തന്നെ അവളുടെ മുറിയിൽ ഒളിപ്പിച്ചു. അവൾ മുറിയിലേക്ക് വന്നു കുറച്ച് കഴിഞ്ഞതും വാർഡനോട് പറഞ്ഞു മുറി പരിശോധിപ്പിച്ചു. അന്ന് നാൻസി കരയുന്നത് കണ്ട് അന്ന ഒരുപാട് സന്തോഷിച്ചു. അവളുടെ സന്തോഷമായിരുന്നു തനിക്കും വലുത്. പിന്നീട് അന്ന അവളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് മാനം കെടുത്തി കോളേജിൽ നിന്ന് പറഞ്ഞു വിട്ടു.ഫോണിൽ കൂടി അവളെ മാനസികമായി തളർത്തി അന്ന ജയിച്ചു. അവളുടെ മരണ വാർത്ത അന്ന അറിയിച്ചപ്പോൾ തനിക്കൊന്നും തോന്നിയിരുന്നില്ല.

“എന്താടാ നിനക്കോർമ്മ വന്നോ. അവളുടെ ശവം കണ്ടിട്ട് പോലും നിനക്ക് മതിയായില്ലല്ലോ. നിയമപരമായി മുൻപോട്ടു പോയ ഞങ്ങളെ നീ എല്ലാ രീതിയിലും ഉപദ്രവിച്ചു. നിന്റെ പണവും പദവിയും കൊണ്ട് നീ കേസ് പുഷ്പം പോലെ പറിച്ചു കളഞ്ഞു. നാൻസിയെ സ്വഭാവദൂശ്യമുള്ള പെൺകുട്ടിയായി ചിത്രീകരിച്ചു നീയൊക്കെ വിജയം കണ്ടു. അത് കൊണ്ടൊന്നും മതിയാകാത്ത നീ നാൻസിയുടെ ഒരു തെറ്റും ചെയ്യാത്ത അച്ഛനെയും അമ്മയെയും എങ്ങോട്ടോ നാട് കടത്തി”.

“എല്ലാം ചെയ്ത് നീ നിന്റെ പെങ്ങൾക്കൊപ്പം ഞെളിഞ്ഞു നടന്നില്ലേ എന്റെ മുന്നിൽ കൂടി. സന്തോഷത്തോടെ ജീവിച്ച രണ്ട് കുടുംബങ്ങളെ നീ കാൽ കീഴിൽ ഞെരിച്ചമർത്തിയില്ലേ. എല്ലാം കണ്ട് കേട്ടും മടുത്തു എന്റപ്പനും എന്നെ വിട്ട് പോയി. നിന്റെയൊക്കെ പ്രവർത്തി കൊണ്ട് എനിക്ക് നഷ്ടമായത് എന്റെ ജീവനും ജീവിതവുമായ എന്റെ നാൻസിയെയും എന്റെ അപ്പനെയുമാണ്”.

ഐദൻ രൂക്ഷമായി ക്രിസ്റ്റിയെ നോക്കി. ക്രിസ്റ്റിയുടെ കണ്ണ് രണ്ടും രക്തവർണ്ണമായി.അവൻ ഐദന്റെ കഴുത്തിൽ കുത്തിപിടിച്ചു. അവന്റെ കണ്ണ് പുറത്തേക്ക് തുറിച്ച് വന്നു.

“പണം കൊണ്ട് നീ നേടിയെടുത്തതൊക്കെ നിന്നെ ഇവിടുന്ന് രക്ഷപ്പെടുത്തി കൊണ്ട് പോകാൻ വരുമോടാ. കേൾക്കുന്നവർക്ക് ലോജിക്കില്ലെന്ന് തോന്നുമെങ്കിലും നിന്നെ പോലെയുള്ളവർ ഈ നാട്ടിൽ ജീവനോടെ ഉള്ളിടത്തോളം കാലം ഇത് പോലെയുള്ള കാര്യങ്ങൾ ഇനിയും നടക്കും. ലോ ആൻഡ് ഓർഡറിനെ നോക്കുകുത്തിയാക്കി കാണിച്ചു കൂട്ടുന്നതിനൊരു അവസാനം വേണ്ടേ”.

“നിർത്തെടാ നാ *₹#%&&₹ മക്കളെ. എന്നെ ഇങ്ങനെ കെട്ടിയിട്ടിട്ടല്ല നിന്റെയൊക്കെ ഉശിര് കാണിക്കേണ്ടത്. തന്തക്ക് പിറന്ന ആണാണെങ്കിൽ കെട്ടഴിച്ചു വിട്ടിട്ട് ചിലയ്ക്കെടാ നായെ”.

ക്രിസ്റ്റി അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി. ഐദൻ കസേരയോടെ നിലത്തേക്ക് തെറിച്ച് വീണു. ഐദന്റെ തലയുടെ പിറകിൽ സഹിക്കാനാകാത്ത വേദന തോന്നി.ആ മുഖം കാണെ സൂരജിലും ക്രിസ്റ്റിയിലും ജീവനിലും ആനന്ദിലും ക്രൂരമായൊരു ചിരി വിരിഞ്ഞു. അവരുടെ ഓർമ്മകൾ കുറച്ചു പിറകിലേക്ക് പാഞ്ഞു. ഐദൻ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ മുതൽ ജീവൻ അവന്റെ പിറകിലുണ്ടായിരുന്നു. അവൻ സൂരജിന് ഫോണിൽ വിവരങ്ങൾ കൊടുത്തുകൊണ്ടിരുന്നു. റോഡിനു കുറുകെ കാർ നിർത്തി ഐദനെ കാത്തിരിക്കുകയായിരുന്നു ആനന്ദ്.

കാറിന്റെ പിറകിൽ അവൻ മറഞ്ഞിരുന്നത് ഐദൻ കണ്ടിരുന്നില്ല. ചുറ്റിനും നോക്കിയ അവന്റെ തലയ്ക്കു പിറകിൽ ഇരുമ്പ് കമ്പിക്കൊണ്ട് അടിച്ചത് ക്രിസ്റ്റിയായിരുന്നു. അവൻ തിരിഞ്ഞ് നോക്കും മുൻപ് അടുത്തയടി കൊടുത്തത് സൂരജും. വീണ് കിടന്ന ഐദനെ നാല് പേരും കൂടി താങ്ങി പിടിച്ചു ആ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ട് വന്നു. ക്രിസ്റ്റിയുടെ പഴയൊരു ഫ്രണ്ടിന്റെ പേരിലുള്ള കെട്ടിടമായിരുന്നു അത്. ആളൊഴിഞ്ഞ ഒരു റബ്ബർ തോട്ടത്തിന് നടുവിലെ കെട്ടിടം.

ക്രിസ്റ്റി ഐദനെ നിലത്ത് നിന്ന് പൊക്കിയെടുത്തു നേരെയിരുത്തി. ഐദൻ കെട്ടഴിക്കാൻ കഴിവതും ശ്രമിച്ചു.

“നീ എന്റെ നാൻസിയോട് കാണിച്ചത് പോലെ എത്ര പെൺകുട്ടികളോട് കാണിച്ചിട്ടുണ്ടെടാ. നിനക്ക് നിന്റെ മാത്രം ചിന്തയല്ലേയുള്ളൂ.എത്ര പേരുടെ കണ്ണീർ നീ വീഴ്ത്തിയിട്ടുണ്ട്”.

ക്രിസ്റ്റിക്കവന്റെ രോക്ഷം അടക്കാനായില്ല.

“കെട്ടിയിട്ടിട്ട് അടിക്കാൻ ആരെ കൊണ്ടും പറ്റും. അഴിച്ചു വിടെടാ നീയൊക്കെ. നാണമില്ലല്ലോ. തൂഫ്”.

സൂരജ് അവനെ ചവിട്ടിയിട്ടു അവന്റെ കയ്യിലെ കെട്ടഴിഞ്ഞു.താൻ ആഗ്രഹിച്ചത് നടന്ന സന്തോഷത്തിൽ ഐദൻ അവരെ നോക്കി. അവന്റെ കണ്ണിലേക്കു ചുവന്ന വരകൾ തെളിഞ്ഞു. കൈ ചുരുട്ടി അവൻ നേരെ വന്നത് സൂരജിന്റെ നേരയാണ്. സൂരജ് അവന്റെ കൈ ഇടം കൈ കൊണ്ട് തടഞ്ഞു ആ കയ്യിലേക്ക് ആഞ്ഞിടിച്ചു. ഐദൻ കാൽ മുട്ട് മടക്കി സൂരജിന്റെ വയറിലേക്ക് കയറ്റി. സൂരജ് കുനിഞ്ഞതും ഐദൻ അവന്റെ മുത്തുകത്തിടിച്ചു. ആനന്ദ് പിറകിൽ വന്ന് ഐദനെ പിടിച്ച് വലിച്ചു അവന്റെ മുഖത്തേക്കടിച്ചു. ഐദൻ ആനന്ദിനെ ദൂരേക്കേറിഞ്ഞു.

അടുത്തത് ക്രിസ്റ്റിയുടെ ഊഴമായിരുന്നു. ഐദൻ ക്രിസ്റ്റിയെ പുച്ഛത്തോടെ നോക്കി ചിരിച്ചു. ക്രിസ്റ്റിയുടെ കണ്ണിൽ വിരിഞ്ഞ പക ഐദൻ കണ്ടിരുന്നില്ല. ഐദൻ അവനെ ഇടിക്കാനായി ചെന്നതും ക്രിസ്റ്റി ഒഴിഞ്ഞ് മാറി ഐദനെ ചവിട്ടിയിട്ടു. ക്രിസ്റ്റിയെ ചവിട്ടാനായി ഐദൻ കാലുയർത്തിയതും ക്രിസ്റ്റി അവന്റെ കാലിൽ പിടിച്ചു വലിച്ചു നിലത്തേക്കിട്ടു. ഐദന്റെ നെഞ്ചിലേക്ക് ക്രിസ്റ്റിയുടെ കാൽ ശക്തമായി പതിഞ്ഞു. ഒന്നല്ല രണ്ടല്ല പലതവണ. ഐദന് ശ്വാസം എടുക്കാനായില്ല. സൂരജ് തൊട്ട് പുറകെ വന്ന് കയ്യിൽ കരുതിയ കമ്പി കൊണ്ട് ഐദന്റെ മുതുകത്തേക്കിടിച്ചു.

പീലിയുടെ കവിളിൽ പതിഞ്ഞ വിരൽ പാടിലേക്കും ദിവസങ്ങളോളം തങ്ങൾ അനുഭവിച്ച വിരഹവേദനയും അവനിൽ ഐദനെ ഇല്ലാതാക്കാനുള്ള ശക്തി നൽകി. മറുവശത്തു നാൻസിയുടെ ജോസഫിന്റെയും ജീവനില്ലാത്ത ശരീരമാണ് ക്രിസ്റ്റിയുടെ കണ്ണിൽ വന്നത്. അവൻ ഐദന്റെ കഴുത്തിലേക്ക് കാലമർത്തി. ഐദന്റെ ഇരു കയ്യും ജീവനും ആനന്തും ചവിട്ടിപിടിച്ചു. ഐദനൊന്നും ചെയ്യാനായില്ല.

ഐദന് എഴുന്നേറ്റ് നിൽക്കാനായില്ല. എന്നിട്ടും അവൻ പരാജയമേൽക്കാൻ ആഗ്രഹിക്കാത്ത പോലെ ശ്രമപ്പെട്ടു എണീറ്റു. നെറ്റിയിലൂടെ ചോരയൊലിച്ചു. സൂരജിന്റെ ഇടിയിൽ ഐദന്റെ മോണ പൊട്ടി ചോരയൊഴുകി. ഐദൻ പകയോടെ രക്തം പുറത്തേക്ക് തുപ്പി. അവൻ അണയ്ക്കുന്നുണ്ടായിരുന്നു.

“നാല് %&**₹₹ മാർ ചേർന്നൊരുത്തനെ ഇടിക്കുന്നതാണോടാ തന്റേടം. ഒറ്റ തന്തയ്ക്ക് പിറന്നവനാണേൽ ഒറ്റയ്ക്ക് വാടാ ചെറ്റേ”.

ആനന്ദ് അവന് നേരെ കുതിക്കാൻ പോയതും ക്രിസ്റ്റി അവനെ തടഞ്ഞു.

“ഇത് ഞങ്ങൾ തമ്മിലുള്ള കളിയാണ്. കുടുംബത്തിന് വേണ്ടി ഇവനോട് പ്രതികാരം ചെയ്യേണ്ടത് ഞാനും സൂരജുമാണ്. നിങ്ങൾ പുറത്ത് നിന്ന് കളി കണ്ടാൽ മതി. ഒറ്റ തന്തയ്ക്കുണ്ടായതാണോന്നുള്ള അവന്റെ സംശയമങ്ങ് തീർത്തു കൊടുക്കട്ടെ”.

ആനന്ദ് ഒരു ചിരിയോടെ പിറകിലേക്ക് മാറി.യുദ്ധത്തിൽ സൂരജും ക്രിസ്റ്റിയും ഒന്നിച്ചു ഐദനെ നേരിടാൻ ഒരുങ്ങി.