20/04/2026

മയിൽപ്പീലി : ഭാഗം 51

രചന – നെച്ചു നസ്രിൻ

 

ആനന്ദിന്റെ വീട്ടിലായിരുന്നു ക്രിസ്റ്റി താമസിച്ചത്. ഹോട്ടലിൽ മുറിയെടുക്കാമെന്ന് അവൻ പറഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല. എല്ലാവരും വൈകിട്ട് ഒത്തുകൂടി. ഐദനെ ഏത് രീതിയിലാണ് പൂട്ടാൻ കഴിയുക എന്നാണ് അവരാദ്യം ആലോചിച്ചത്. പൂട്ടിയാൽ ഒരിക്കലും പൊട്ടിച്ചു പുറത്ത് കടക്കാൻ കഴിയാത്ത വിധമായിരിക്കണം. നാല് പേരും പല അഭിപ്രായങ്ങൾ പറഞ്ഞു. മറുവശത്തു അതൊന്നും അറിയാതെ അപ്പോളും ഐദൻ പീലിയെ അന്വേഷിച്ചു നടക്കുകയായിരുന്നു.

പിറ്റേന്ന് നേരം പുലരും മുൻപ് പീലിയുണർന്നു. അവൾ സൂരജിന്റെ നെഞ്ചിൽ പറ്റിച്ചേർന്നാണ് കിടന്നിരുന്നത്. കുളിച്ച് ഈറൻ മുടി കുളിപ്പിന്നൽ കെട്ടി അവൾ അടുക്കളയിലേക്ക് വന്നു. ഭദ്ര ഊർജ്ജസ്വലതയോടെ ഓരോ കാര്യങ്ങൾ ചെയ്യുകയാണ്. പീലിയ്ക്കൊന്ന് അമ്പലത്തിലേക്ക് പോകാൻ തോന്നി.ഭദ്രയ്ക്കും വഴിപാടുകൾ കഴിക്കാനുണ്ടായിരുന്നു.അവൾ ഭദ്രയോടൊപ്പം അമ്പലത്തിലേക്ക് പോയി.കുറേ ദിവസങ്ങൾക്കു ശേഷം ഭഗവാനെ കൺ കുളിർക്കെ കണ്ട് പ്രാർത്ഥിച്ചു.

“ഭഗവാനെ ഏറ്റവും അപകടം നിറഞ്ഞ കാര്യത്തിലേക്കാണ് സൂരജേട്ടൻ ഇറങ്ങുന്നത്. അവർക്ക് നാല് പേരിലാർക്ക് എന്ത് സംഭവിച്ചാലും അതൊരു വലിയ ദുഃഖം തന്നെയായിരിക്കും. ഈശ്വരാ അസുരനിഗ്രഹണത്തിന് ശക്തി കൊടുക്കണേ. എന്റെ താലി അവിടുന്ന് സംരക്ഷിക്കണേ.ആ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സൂരജേട്ടന് കഴിയണേ “.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ പീലി വാ തോരാതെ ഭദ്രയോട് എന്തൊക്കെയോ സംസാരിച്ചു. ഉറക്കം വിട്ടുണർന്ന സൂരജ് പീലിയെ അന്വേഷിച്ചു.അമ്മയേയും കാണാതായപ്പോൾ അമ്പലത്തിൽ മറ്റും പോയിട്ടുണ്ടാകും എന്നവൻ ഊഹിച്ചു.കയ്യിൽ ചായയുമായാണ് പീലി സൂരജിനരികിലേക്ക് വന്നത്.

“സൂരജേട്ടൻ എഴുന്നേറ്റ് കുറേ നേരമായോ”?.

“ആഹ് കുറച്ച്.തന്നെ കാണാതായപ്പോൾ ഞാൻ കരുതി വീണ്ടും ഓടി പോയെന്ന്”.

“സൂരജേട്ടാ എല്ലാം അറിയുന്ന ഏട്ടൻ തന്നെ എപ്പോളുമിങ്ങനെ കളിയാക്കാതെ”.

” ആഹ് ശെരി ഇനിയില്ല. അത് പോട്ടെ ഭഗവാന് സ്വസ്ഥത കൊടുത്തിട്ടുണ്ടാകില്ലല്ലോ ഇന്ന്”.

“എന്റെ പ്രാർത്ഥന മുഴുവനും നിങ്ങൾക്ക് വേണ്ടിയായിരുന്നു. അവനെ സൂക്ഷിക്കണം സൂരജേട്ടാ. ഞാൻ വന്നതവൻ അറിഞ്ഞിട്ടുണ്ടേൽ ഉടനെ തന്നെ എന്തെങ്കിലും സംഭവിക്കുമെന്ന് ഭയക്കണം”.

“അറിയാം പീലി. കഴിഞ്ഞ തവണത്തെ പോലെ അബദ്ധം ഉണ്ടാകില്ല. പിന്നെ ഞാൻ കുറച്ച് കഴിഞ്ഞ് ക്രിസ്റ്റിയെ കാണാൻ പോകും. നീ എന്നോട് പറയാതെ എങ്ങും പോകരുത്. അറിയാല്ലോ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ പിന്നൊരിക്കലും അവനെ നമുക്ക് കിട്ടില്ല. ഇവിടെ അമ്മയ്ക്കൊപ്പം തന്നെ ഉണ്ടാകണം നീ”.

” മ്മ്മ്”.

“പേടിക്കണ്ടെടോ ഒന്നും സംഭവിക്കില്ല നമ്മളിലാർക്കും”.

ഐദൻ ഓഫീസിലെ ഫയലുകൾ നോക്കുന്നതിനിടയിലാണ് അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്. മറുപുറത്തു നിന്നറിഞ്ഞ വിവരം അവനിൽ സ്ഫോടനം സൃഷ്ടിച്ചു. കഴുത്തിലെ നീല ഞരമ്പുകൾ വലിഞ്ഞു മുറുകി.

“അപ്പൊ നീ എന്റെ വാക്ക് ധിക്കരിച്ചു വീണ്ടും അവനൊപ്പം ചേർന്നല്ലേ. നിനക്കിനിയൊരു അവസരം ഞാൻ തരില്ല. ഒരിക്കൽ കാണിച്ച ദയ ഇനിയെന്നിൽ നിന്ന് നീ പ്രതീക്ഷിക്കരുത്. എന്നെ കൊണ്ട് എന്ത് ചെയ്യാനാകുമെന്ന് നീയറിയാൻ പോകുന്നതേയുള്ളൂ”.

അവൻ ആരെയോ ഫോണിൽ വിളിച്ചു നിർദ്ദേശങ്ങൾ കൊടുത്തു.അവന്റെ ചുണ്ടിൽ വികൃതമായൊരു ചിരി സ്ഥാനം പിടിച്ചു. വെള്ള വസ്ത്രത്തിൽ ജീവനില്ലാതെ കിടന്ന അന്നയുടെ മുഖം മനസിലേക്ക് വന്നതും അവൻ കണ്ണുകൾ ഇറുക്കെയടച്ചു.വിറയാർന്ന കൈകളാൽ മുഖം പൊത്തി ചെയറിലേക്കമർന്നു.

” ഏട്ടത്തിയമ്മ ഏട്ടത്തിയമ്മ എന്നൊരു സാധനം എനിക്കുണ്ടായിരുന്നു. കുറേ ദിവസമായി വിളിച്ചിട്ട് ഫോൺ പോലും എടുക്കാൻ പറ്റാത്ത അത്ര തിരക്കായി പോയെന്നാണ് ഞാനറിഞ്ഞത്. അമ്മയോട് ചോദിച്ചാലും ഏട്ടനോടും ചോദിച്ചാലും എവിടെയും തട്ടാതൊരു മറുപടി തരും. അല്ല എന്താ ഉദ്ദേശം. നാത്തൂൻ പോരെടുക്കണോ ഞാൻ”?.

കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് നടക്കും വഴിയാണ് തീർത്ഥ പീലിയെ ഫോണിൽ വീളിച്ചത്. സൂരജും ഭദ്രയും പീലിയുടെ കാര്യമൊന്നും അവളെ അറിയിച്ചിരുന്നില്ല.

“എന്റെ ഫോൺ എന്തോ കംപ്ലയിന്റ് ആരുന്നു തീർത്ഥ”.

പീലി ഒരു കള്ളം പറഞ്ഞൊഴിയാൻ ശ്രമിച്ചു.

“എന്തൊക്കെയോ കള്ളത്തരം മണക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് വരട്ടെ. ഞാനറിയാതെ നിങ്ങളിനി വല്ല ഹണിമൂൺ ട്രിപ്പിൽ ആയിരുന്നോ പീലി”?.

“ഹണിമൂണോ നിനക്ക് വട്ടാ. ഞാനിവിടെ തന്നെയുണ്ടായിരുന്നു”.

“ആഹ് ഉണ്ടായാൽ മതി. പിന്നെ എന്തൊക്കെയാണ് വിശേഷങ്ങൾ”?.

തീർത്ഥ ചിരിച്ച് കളിച് സംസാരിച്ചു നടന്നു വരുന്നതാണ് രാഹുൽ കണ്ടത്. അവനവളെ കാണാനായി ഹോസ്റ്റലിന് മുന്നിൽ വന്നതാണ്. പെട്ടെന്നാണ് അവന്റെ കണ്ണ് തീർത്ഥയുടെ പിറകിൽ വരുന്ന ഒമ്നി വാനിലേക്ക് പതിച്ചത്. അത്രയും നേരം വഴിയരികിൽ നിർത്തിയിട്ടിരുന്ന ആ വണ്ടി തീർത്ഥ കടന്ന് പോയപ്പോൾ സ്റ്റാർട്ട്‌ ആക്കിയതവന്റെ ശ്രദ്ധയിൽ പെട്ടു. വണ്ടിയുടെ വേഗത കൂടി വരുന്നതറിഞ്ഞതും അവനിൽ ഭയം നിറഞ്ഞു. വാൻ മിന്നൽ വേഗത്തിൽ തീർത്ഥയെ ലക്ഷ്യമാക്കി വന്നു. തീർത്ഥയെ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ പാഞ്ഞു പോയി. അവളുടെ ദേഹത്തു തട്ടുന്നതിനു സെക്കന്റുകൾ മുൻപ് രാഹുലവളെ പിടിച്ച് വലിച്ചു റോഡരികിലേക്ക് ചാടി.

തീർത്ഥയ്ക്ക് ദേഹമാകെ വേദനിച്ചു. എന്താണ് നടക്കുന്നതെന്നവൾക്ക് മനസിലായില്ല.മുൻപിലേക്ക് പാഞ്ഞു പോയ ആ വാൻ അതേ വേഗതയിൽ റിവേഴ്‌സ് വന്നു. രാഹുൽ അവളെയുമായി ഒന്ന് തിരിഞ്ഞ് അടുത്തുള്ള കാട്ടിലേക്ക് മറിഞ്ഞു വീണു. വണ്ടിയിലുള്ളവരുടെ മുഖമവന് വ്യക്തമായില്ല. തീർത്ഥ നടുങ്ങി പോയിരുന്നു. രാഹുലിന്റെ ശരീരത്തോടമർന്നാണ് അവൾ കിടന്നിരുന്നത്. വാൻ തിരികെ പോയതറിഞ്ഞതും രാഹുൽ അവളെയും കൊണ്ട് അവന്റെ ബൈക്കിനരികിലേക്ക് വന്നു.

വീഴ്ചയിൽ തീർത്ഥയുടെ കൈ മുട്ട് മുറിഞ്ഞു ചോര വന്നു.

“ആരാ തീർത്ഥ അത്?. മനപ്പൂർവ്വം തന്നെ അപകടപ്പെടുത്താനായി വന്നതാണവർ”.

“എനിക്കറിയില്ല രാഹുലേട്ടാ. അവരെ കണ്ടതായി എനിക്കോർമ്മ പോലുമില്ല. എന്തിനാ അവരെന്നെ”?.

തീർത്ഥ കരഞ്ഞു പോയി. രാഹുലവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോളാണ് തീർത്ഥ അവളുടെ ഫോൺ അന്വേഷിച്ചത്. വീഴ്ചയിൽ എവിടെയോ വീണു പോയിരുന്നു. അവൾ അവിടെ മുഴുവൻ ഫോൺ പരതി. ഒടുവിൽ തറയിൽ കിടന്ന ഫോൺ അവൾ കയ്യിലെടുത്തു. പീലിയുടെ കുറേ മിസ്സ്ഡ് കാൾസ്.

തീർത്ഥയോട് സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് പെട്ടെന്നവളുടെ നിലവിളി കേട്ടത്. കാൾ അപ്പോൾ തന്നെ കട്ട്‌ ആകുകയും ചെയ്തു. പലയാവർത്തി അവളെ വിളിച്ചെങ്കിലും കാൾ എടുത്തില്ല. പീലി ഭയത്തിൽ സൂരജിനെ വിളിച്ചു വിവരം അറിയിച്ചു. പീലിയെ സമാധാനപ്പെടുത്താൻ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും സൂരജിന്റെയുള്ളിലും ഭയമായിരുന്നു. അവൻ തീർത്ഥയെ കുറിച്ചന്വേഷിച്ചു. എന്നാലവന് ഒരു വിവരവും അറിയാൻ സാധിച്ചില്ല.

സൂരജ് വീണ്ടും വീണ്ടും തീർത്ഥയുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു. തുടരെ തുടരെ കാൾ വന്നതറിഞ്ഞപ്പോൾ തീർത്ഥ ഫോൺ അറ്റൻഡ് ചെയ്തു.

“തീർത്ഥ നിനക്കെന്ത് പറ്റി. എത്ര നേരമായി ഞാൻ വിളിക്കുന്നു. നിനക്കെന്താ സംഭവിച്ചത്. പീലി വിളിച്ചപ്പോൾ പറഞ്ഞല്ലോ”.

“എനിക്കൊന്നും പറ്റിയില്ല ഏട്ടാ. ഒരു വണ്ടി ഇടിക്കാനായി വന്നു. പക്ഷേ വണ്ടി എന്നെ തട്ടും മുൻപേ ഞാൻ മാറി. കൈ മുട്ട് ചെറുതായി മുറിഞ്ഞു. ഞാൻ അതൊന്ന് ഡ്രസ്സ് ചെയ്യുകയായിരുന്നു. അതാ കാൾ എടുക്കാഞ്ഞേ. പീലിയോടും പറഞ്ഞേരെ പേടിക്കാനൊന്നുമില്ലെന്ന്”.

“ഇല്ല തീർത്ഥ നീ അവിടെ നിൽക്കണ്ട വേഗം നാട്ടിലേക്ക് പോരെ. അല്ലെങ്കിൽ വേണ്ട ഞാൻ വന്നു കൂട്ടികൊണ്ട് പോരാം. നീ റെഡി ആയിരിക്ക്. ഞാൻ നാളെ രാവിലെ അവിടെയെത്തും”.

“ഏട്ടാ എന്താ പറ്റിയത്. എന്തൊക്കെയാ നമ്മുടെ വീട്ടിൽ നടക്കുന്നത് ഞാനറിയാതെ. ആ വണ്ടിയിലുണ്ടായിരുന്നവർ മനഃപൂർവ്വമാണ് എന്നെ ഇടിക്കാനായി വന്നത്. ഇപ്പോൾ ഏട്ടന്റെ ടെൻഷൻ. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എനിക്ക് ഭയമാകുന്നു.എന്താ ഏട്ടാ”?.

“തീർത്ഥ ഇനിയും നിന്നോടൊന്നും ഞാൻ മറച്ചു വെക്കുന്നില്ല. നീ ഇപ്പോൾ അവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് അപകടമാണ്”.

സൂരജ് ഒറ്റശ്വാസത്തിൽ നടന്നതെല്ലാം തീർത്ഥയോട് പറഞ്ഞു.ഫോണിൽ സംസാരിക്കുന്നതിനിടയിൽ തീർത്ഥയുടെ കണ്ണിൽ തെളിഞ്ഞ ഭയം രാഹുൽ ശ്രദ്ധിച്ചു. അവൻ അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സൂരജിനോട് സംസാരിച്ചു.

“സൂരജ് എന്റെ പേര് രാഹുൽ.ഞാൻ തീർത്ഥയുടെ ഫ്രണ്ടാണ്.വണ്ടിയിടിക്കാനായി വന്നപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു.ഞാനപ്പോൾ അവിടെയില്ലായിരുന്നെങ്കിൽ ഇന്ന് തീർത്ഥ ജീവനോടെ ഇരിക്കില്ലായിരുന്നു”.

സൂരജ് നടന്നതെല്ലാം അവനോട് പറഞ്ഞു. രാഹുൽ അവൾക്കൊപ്പമുള്ളത് സൂരജിന് ആശ്വാസമായിരുന്നു.രാഹുലവളെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റാമെന്ന് സൂരജിന് വാക്ക് കൊടുത്തു.തീർത്ഥ രാഹുലിനൊപ്പം അവന്റെ ഫ്ലാറ്റിലേക്കാണ് പോയത്.

“എന്തൊക്കെയാ രാഹുലേട്ടാ ഈ നടക്കുന്നത്. എനിക്ക് പേടിയാകുന്നു”.

“പേടിക്കണ്ട തീർത്ഥ. നാട്ടിലേക്ക് ഇപ്പോ പോകുന്നത് അപകടമാണ്. ഇപ്പോ ഇതാണ് സേഫ്. നീ ഒന്നും ആലോചിക്കേണ്ട. ഞാനുണ്ടല്ലോ”.

“എനിക്ക് ഭ്രാന്ത് പിടിക്കുന്നു രാഹുലേട്ടാ. എന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ പീലിയും അമ്മയുമൊക്കെ എന്തായിരിക്കും അനുഭവിക്കുന്നത് . പീലിയെ പിടിച്ച് കൊണ്ട് പോയതല്ലേ.എനിക്ക് വീട്ടിലേക്ക് പോകണം രാഹുലേട്ടാ. എന്നെയൊന്നു കൊണ്ട് പോകുമോ പ്ലീസ്”.

“തീർത്ഥ ഞാൻ പറയുന്നത് നീയൊന്ന് മനസിലാക്ക്. പീലിയ്ക്കും അമ്മയ്ക്കും ഒന്നും സംഭവിക്കില്ല. അവർ സേഫ് ആണ്. നമുക്കിപ്പോൾ അങ്ങോട്ട് പോകണ്ട. സൂരജ് അങ്ങനെയാണ് പറഞ്ഞത്. നിനക്കെന്നെ വിശ്വാസമില്ലേ”.

“രാഹുലേട്ടാ”.

അവളവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. രാഹുലിന്റെ വാക്കുകളൊന്നും അവൾക്ക് ആശ്വാസം പകരാൻ ആയില്ല. തീർത്ഥയുടെ ഫോണിലേക്ക് പീലിയുടെ കാൾ തേടിയെത്തി.

“തീർത്ഥ നിനക്കൊന്നും പറ്റിയില്ലല്ലോ. നീ സേഫ് അല്ലെ”?.

“അതേ പീലി ഞാനിപ്പോൾ എന്റെ ഫ്രണ്ടിന്റെ വീട്ടിലാണ്. നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. അമ്മയെവിടെ പീലി. എനിക്ക് നിങ്ങളുടെ കാര്യം ഓർത്തിട്ട് ഒരു സമാധാനവുമില്ല പീലി”.

“ഇല്ല തീർത്ഥ ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല. ദേ അമ്മ ഇവിടെ എന്റെ കൂടെ വീട്ടിൽ തന്നെയുണ്ട്”.

കുറച്ച് നേരം ഭദ്ര തീർത്ഥയോട് സംസാരിച്ചു. അപ്പോളാണ് തീർത്ഥക്ക് ശ്വാസം നേരെ വീണത്. കാര്യങ്ങൾ വീണ്ടും വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ് എന്ന് ക്രിസ്റ്റിയും സൂരജും മനസിലാക്കി. അവരുടെ പ്ലാനുകൾ ഒട്ടും താമസിപ്പിക്കാതെ നടപ്പിലാക്കണം എന്നവർ തീരുമാനിച്ചു. അതിന് പറ്റിയ സമയത്തിനായി അവർ നാലാളും കാത്തിരുന്നു.

ഐദൻ നിരാശയും രോക്ഷവും നിറഞ്ഞ ഭാവത്തോടെ കയ്യിലിരുന്ന ഫോൺ താഴേക്ക് വലിച്ചെറിഞ്ഞു. ഫോൺ തറയിലേക്ക് വീണു പല കഷ്ണങ്ങളായി ചിതറി.തീർത്ഥ രക്ഷപെട്ടു എന്നതവന് ഉൾകൊള്ളാനായില്ല. റൂമിലെ സകല സാധനങ്ങളും അവൻ തല്ലി പൊട്ടിച്ചു അവന്റെ കലി തീർത്തു.മുകളിലെ മുറിയിലെ ബഹളമെല്ലാം താഴെയിരുന്നു വർഗീസ്‌ അറിയുന്നുണ്ടായിരുന്നു. അയാൾ അതിനെ കുറിച്ച് മകനോട് ചോദിക്കാമെന്ന് കരുതിയെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചു.നന്മയിലൂടെ കുറേ കഷ്ടപ്പാടുകൾ സഹിച്ചാണ് വർഗീസ്‌ കുന്നുമ്മേൽ എന്ന സാമ്രാജ്യം കെട്ടിപ്പടുത്തത്. ഐദൻ എന്നാൽ നേരെ വിപരീതമാണ്. തനിക്ക് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും പലതും വെട്ടിയടക്കിയുമാണവന് ശീലം.

ഐദന്റെ രീതികളിൽ ഇഷ്ടക്കേടുള്ള വർഗീസ്‌ അവനെ വിലക്കിയിട്ടുണ്ട്. ഐദൻ അതൊന്നും ചെവിക്കൊള്ളാറില്ല.രാത്രി സൂരജും ക്രിസ്റ്റിയും തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാനുള്ള അവസാന വട്ട ചർച്ചയിലായിരുന്നു. ഓരോരുത്തരും ഏറ്റെടുത്ത ജോലികൾ കൃത്യമായി തന്നെ പൂർത്തിയാക്കി കഴിഞ്ഞിരുന്നു. ഇരയെ കുടുക്കാനുള്ള വല വിരിച്ചവർ കാത്തിരുന്നു. ഇരയുടെ വരവിനായി.

ഐദനൊരിക്കലും ഉയിർത്തെണീപ്പ് സാധ്യമാകാത്ത വിധത്തിലാണ് അവർ കാര്യങ്ങൾ നിശ്ചയിച്ചുറപ്പിച്ചത്. അടുത്ത പകൽ പക വീട്ടലിന്റേതായിരുന്നു. നേരം ഇരുട്ടാനായി അവർ നാല് പേരും കാത്തിരുന്നു. സമയം രാത്രി 11 ആകുന്നു. ഐദൻ അവന്റെ ഓഫീസിലായിരുന്നു. തിരിച്ച് മടങ്ങും വഴി അവൻ ചെറുതായി മദ്യപിച്ചിട്ടുണ്ടായിരുന്നു.കാറിൽ കയറി കുറച്ചു ദൂരം വണ്ടിയോടിച്ചതും വിജനമായ ഒരു പ്രദേശത്തെത്തി. അത് കഴിഞ്ഞാണ് ടൗണിലേക്കെത്തുന്നത്. ഇരുവശവും ആൾ താമസമില്ലാത്ത ആ റോഡിലൂടെ ഐദന്റെ കാർ നീങ്ങി. കുറച്ച് മുൻപിലേക്ക് പോയപ്പോളാണ് ഒരു കാർ റോഡിനു കുറുകെ കിടക്കുന്നതവൻ കണ്ടത്.

അവന്റെ പുരികക്കൊടികൾ വില്ല് പോലെ വളഞ്ഞു. കാർ നിർത്തിയിട്ട് ഹോണടിച്ചു. ഒരു പ്രതികരണവും ഇല്ലെന്ന് കണ്ട ഐദൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. മുന്നിൽ കണ്ട കാറിനുള്ളിലേക്ക് നോക്കിയെങ്കിലും അതിലാരെയും കണ്ടില്ല.അവൻ ചുറ്റിനും നോക്കി.എങ്ങും കറുത്ത ഇരുട്ട് മാത്രം.പെട്ടെന്നാണ് അവന്റെ തലക്ക് പിന്നിൽ എന്തോ കൊണ്ട് അടി കൊണ്ടത്. അവൻ തിരിഞ്ഞ് നോക്കും മുൻപ് അടുത്ത അടി കിട്ടിക്കഴിഞ്ഞിരുന്നു. കാഴ്ച മറയും മുൻപ് അവൻ അവ്യക്തമായി ഒരു നിഴൽ രൂപം കണ്ടു.