രചന – പ്രണയം
നിനക്കായി
“ഡി ദാ ആ ചേട്ടൻ നിന്നെ തന്നെയാ നോക്കുന്നത് ..”
വീണ അവളുടെ പതിവ് പല്ലവി തന്നെ പറയാൻ തുടങ്ങി..
” ഒന്നു ചുമ്മാതിരിക്കുവോ എന്റെ വീണേ .. പിന്നെ എന്നെ നോക്കുന്നു .. ഈ നാട്ടിൽ ആവിശ്യത്തിന് നീളമുള്ള കാണാൻ കൊള്ളാവുന്ന വേറെ പെൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോ എന്നെ നോക്കാൻ .. ”
അവളോട് അല്പം ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു ..
ഇതിപ്പോ പല തവണയായി ഇക്കാര്യം തന്നെ അവൾ എന്നോട് പറയുന്നു.. എനിക്ക് അകെ അസ്വസ്ഥത തോന്നാൻ തുടങ്ങിയിരുന്നു ..
” നീ എന്നോട് ചൂടാകുന്നത് എന്തിനാ ഞാൻ സത്യം തന്നെയാ പറഞ്ഞത് ആ ചേട്ടൻ നിന്നെ തന്നെയാ നോക്കുന്നത് ..”
അവൾ വിടുന്ന മട്ടില്ല ..
ഞാൻ തല കുമ്പിട്ടു ഇടം കണ്ണിട്ടു അയാളെ ഒന്ന് നോക്കി ..
എന്റെ കണ്ണുകൾ വിടർന്നു..
” ശരത്തെട്ടൻ..”
അറിയാതെ തന്നെ എന്റെ ചുണ്ടുകൾ മൊഴിഞ്ഞു ..
” ശരത്തെട്ടനോ.. നിനക്കെങ്ങനെ അ ചേട്ടന്റെ പേരൊക്കെ അറിയാം.?”
വീണ സംശയത്തോടെ ചോദിച്ചു ..
” ഡീ നിനക്ക് ഓർമയില്ലേ.. മുൻപ് നമ്മളുടെ അനു ഒരു ചേട്ടന്റെ പിറകെ നടന്ന ഒടുക്കം ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ കുട്ടിയെ അങ്ങനെ കണ്ടിട്ടില്ല എന്ന് പറഞ്ഞു അവളെ തിരിച്ച് അയച്ച എട്ടനില്ലെ.. ആ ഏട്ടൻ..”
” ആ ഇപ്പോ എനിക്ക് ഓർമ വന്നു .. പക്ഷേ ഒരു വട്ടമല്ലെ നമ്മൾ അതിനു ആ ചേട്ടനെ കണ്ടിട്ടുള്ളൂ.. പിന്നെ നീ എങ്ങനെയാ ഇത്ര കൃത്യമായി മുഖം ഓർത്തിരിക്കുന്നത് ..?”
വീണ ചോദിച്ചതും അച്ചു ഒന്ന് പരുങ്ങി ..
” എങ്ങനെ മറക്കും മോളെ.. അന്ന് അനുവിനോട് മറുപടിയും പറഞ്ഞു പുള്ളിക്കാരൻ എന്നെ നോക്കിയ ഒരു നോട്ടമുണ്ട് .. അ നോട്ടത്തിൽ ദേഷ്യമാണോ പരിഭവമാണോ അങ്ങനെ നിർവചിക്കാൻ പറ്റാത്ത എന്തൊക്കെയോ ഭാവങ്ങൾ ആയിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത് ..”
അച്ചു മനസ്സിൽ ചിന്തിച്ചു.. അറിയാതെ ഒരു ഇളം പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചു..
“നീ ഇതേത് ലോകത്താണ്.. ഞാൻ ചോദിച്ചത് നീ കേട്ടില്ലേ.. നിനക്കെങ്ങനേയ ആ ചേട്ടന്റെ മുഖം ഇത്ര ഓർമ..?”
വീണ അച്ചുവിനെ ആകമാനം ചുഴിഞ്ഞ് നോക്കി..
” ഞാൻ ആ ചേട്ടനെ അതിനു ശേഷവും പലയിടത്തും വച്ച് കണ്ടിട്ടുണ്ട്.. അതാ..”
പെട്ടെന്ന് വായിൽ വന്ന കള്ളം ഞാൻ അവളോട് പറഞ്ഞു.. അവളുടെ മുഖഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ വിശ്വസിച്ചു എന്ന്… ഞാൻ അശ്വാസപൂർവം നെടുവീർപ്പിട്ടു..
“അതെന്തെങ്കിലും ആകട്ടെ.. പക്ഷേ ആ ചേട്ടൻ ധാ ഇങ്ങോട്ട് തന്നെയാ നോക്കുന്നത്..”
അവൾ വിടാനുള്ള ഭാവം ഇല്ലായിരുന്നു..
ഞാൻ തല ചെരിച്ചൊന്ന് പുറകിലോട്ട് നോക്കി.. വേറെയും കുറെ പെൺകുട്ടികൾ കൂട്ടം കൂട്ടമായി ഇരിക്കുന്നു.. എന്നിട്ട് ഒരിക്കൽ കൂടി ആരും കാണാതെ തലകുമ്പിട്ട് തന്നെ ഇടം കണ്ണാലെ നോക്കി..
ശരിയാ ശരത്തേട്ടൻ ഇങ്ങോട്ടേക്കു തന്നെയാ നോക്കുന്നത് .. പക്ഷെ ഒരു കൂട്ടം പെൺകുട്ടികൾക്കിടയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ആ മിഴികൾ എന്റെ നേർക്കാണ് ആണെന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല ..
” ഡീ..”
വീണ എന്നെ തട്ടി വിളിച്ചു..
” ഇവിടിപ്പോ ഞാൻ മാത്രമല്ലല്ലോ വേറെയും കുട്ടികൾ ഉണ്ടല്ലോ.. അവരിൽ ആരെയെങ്കിലുമായിരിക്കും ..”
അവൾ വീണ്ടും ചോദ്യം അവർത്തിക്കുന്നതിന് മുൻപ് തന്നെ ഞാൻ ചാടി കേറി പറഞ്ഞു… ..
” അതെന്താ നിന്നെ ആയാൽ ..?”
അവൾ ചുണ്ടു കൂർപ്പിച്ചു കൊണ്ട് ചോദിച്ചു .
ഞാൻ അവളെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു .. എനിക്ക് അറിയാം ഞാൻ പറയാൻ പോകുന്ന കാരണം അറിഞ്ഞാൽ അവളുടെ വായിൽ നിന്ന് പൂരപ്പാട്ട് കേൾക്കേണ്ടി വരും എന്നു ..
അവളെന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി ..
” അച്ചു .. നിന്നോട് ഒരായിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട് .. ഇങ്ങനുള്ള കോംപ്ലക്സും മനസ്സിൽ വച്ച് നടക്കരുത് എന്നു.. ആരാടി പറഞ്ഞത് എന്റെ അച്ചൂന് നീളമില്ല
എന്ന് … ആവിശ്യത്തിന് നീളമൊക്കെയുണ്ട് എന്റെ അച്ചൂന് … ഇനി എന്റെ മോള് അങ്ങനത്തെ കോംപ്ലെക്സൊ മറ്റോ മനസ്സിൽ കൊണ്ട് നടന്നാൽ അറിയാലോ നിനക്ക് വീണയെ ..”
വീണ ദേഷ്യത്തോടെ പറഞ്ഞു മുഖം തിരിച്ചു ..
അവളുടെ ദേഷ്യം കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത് .. എന്നെ ഭയങ്കര ഇഷ്ടമാണ് പെണ്ണിന്.. ചെറുപ്പം മുതലേയുള്ള കൂട്ടാണ് ഞങൾ രണ്ടാളും തമ്മിൽ.. എന്റെ വീട്ടിന്റെ തൊട്ടപ്പുറത്ത് തന്നെയാ അവളുടെ വീട്.. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ ഒരു മനസ്സും രണ്ടു ശരീരവും ആണ് ഞങ്ങൾക്കിടയിൽ ..
” എന്റെ വീണ കുട്ടി… അതു കൊണ്ടൊന്നും അല്ല.. നിനക്ക് അറിയുന്നതല്ലെ ഇൗ പ്രായത്തിനിടയ്ക്ക് നീളക്കുറവിന്റെ പേരിൽ ഞാൻ നേരിടേണ്ടി വന്നിട്ടുള്ള കളിയാക്കലുകൾ ഒക്കെ.. ശരിക്കും പറഞ്ഞാൽ നീയും വീട്ടുകാരും വിളിക്കുമ്പോഴാണ് എന്റെ പേര് അശ്വതി എന്നാണ് എന്ന് തന്നെ എനിക്ക് ഓർമ വരുന്നത്.. മറ്റുള്ളവർ ഒക്കെ ചോട്ടു എന്നും പൊടിക്കുപ്പി എന്നൊക്കെ അല്ലേ വിളിച്ചൊണ്ടിരുന്നത്.. നിന്റെ മുമ്പിൽ നിന്നു വിളിച്ചാൽ നിന്റെ വായിൽ നിന്ന് ആവിശ്യതിനു കേൾക്കേണ്ടി വരും എന്നുള്ളത് കൊണ്ട് നിന്റെ മുൻപിൽ നിന്ന് ആരും വിളിക്കാറില്ല എന്ന് മാത്രം.. കേട്ടു കേട്ടു ശീലിച്ചത് കൊണ്ടാണോ എന്തോ ഇപ്പോ അതൊന്നും കേൾക്കുമ്പോ വലിയ സങ്കടം തോന്നാറില്ല.. എന്നാൽ പോലും ഇങ്ങനെയുള്ള അവസരങ്ങളിൽ അറിയാതെ ആണെങ്കിലും നീ പറഞ്ഞ പോലൊരു കോംപ്ലക്സ് പുറത്ത് വരും.. വേണ്ടെട.. അർഹതയില്ലാത്ത തൊന്നും ആഗ്രഹിച്ചു കൊമാളിയാകാൻ ഇൗ അച്ചുവിന് വയ്യ..”
അവസാന വാക്കുകൾ പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു..
” നിനക്ക് വിഷമമായോ..Sorry മോളെ.. ”
അതും പറഞ്ഞു വീണ അവളെ ചുറ്റി പിടിച്ചു ഉമ്മ കൊടുത്തു.. അച്ചു അവളെ നോക്കി പുഞ്ചിരിച്ചു.. അവന്റെ കണ്ണുകൾ അപ്പോഴും പ്രണയാതുരമായി അവളുടെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന തിരക്കിൽ ആയിരുന്നു..
………………………………………
“അച്ചാ… എനിക്ക് കല്യാണം വേണ്ട അച്ചാ..”
പേടിയോടെ അവളത് പറഞ്ഞപ്പോ അദ്ദേഹം സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു..
“അവരു ഒന്ന് വന്നു കണ്ട് പോയിക്കോട്ടെ .. അതിനിപ്പോ എന്താ.. എന്റെ മോള് എന്തിനാ വിഷമിക്കുന്നത് .. എന്റെ മോൾക്ക് എന്ത് കുറവാ ഉള്ളത്.. എന്റെ മോള് സുന്ദരി കുട്ടിയല്ലേ.. ”
അവളുടെ തലയിൽ തലോടി കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ ഒട്ടും ജീവനില്ലാത്ത ചിരി അദ്ദേഹത്തിന് നൽകി റൂമിലേക്ക് നടന്നു.. ഹാളിന്റെ വാതിൽക്കൽ ഇതൊക്കെ കേട്ട് നിന്ന ആ അമ്മയുടെ കണ്ണ് നിറഞ്ഞു.. ഓരോ കളിയാക്കലുകൾ കേൾക്കുന്ന ദിവസങ്ങളിൽ അവൾ വീട്ടിൽ വന്നു തന്റെ മടിയിൽ കിടന്നു കരഞ്ഞു കൊണ്ട് പരിഭവങ്ങൾ പറയുന്നത് ആ അമ്മ നിറ കണ്ണാലേ ഓർത്തു..
…………………………………..
അമ്മ അടുക്കളയിൽ വന്നു ചായ എടുക്കാൻ പറയുമ്പോഴെ കാലും കൈയ്യും വിറയ്ക്കാൻ തുടങ്ങി.. വിയർപ്പ് കണങ്ങൾ മുഖത്ത് രൂപപ്പെട്ടു..
ഹാളിലേക്ക് ചായയും കൊണ്ട് നടക്കുമ്പോൾ കൈയ്യുടെ വിറയൽ കാരണം ചായ തുളുമ്പി ട്രേയിലേക്ക് വീഴുന്നുണ്ടായിരുന്നു.. ഹാളിൽ ഇരിക്കുന്ന എല്ലാവർക്കും ചായ കോടുത്തപ്പോഴും ആരുടെയും മുഖത്ത് നോക്കാനുള്ള ധൈര്യ മുണ്ടായിരുന്നില്ല… ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഷാളിൽ മുറുകെ പിടിച്ചു അമ്മയുടെ അരികത്തായി പോയി നിന്നു..
അടുത്തേക്ക് ആരോ വന്നു തലയിൽ തലോടിയപ്പോൾ ആണ് മുഖം ഉയർത്തി നോക്കിയത്.. സെറ്റ് മുണ്ടും നെറ്റിയിൽ ചന്ദക്കുറിയുമോക്കെയായ് ഐശ്വര്യമുളള മുഖത്തോട് കൂടിയ ഒരു സ്ത്രീ മുന്നിൽ ചിരിയോടെ നിൽക്കുന്നു ..
” മോളെ അമ്മക്ക് ഒരുപാട് ഇഷ്ടമായി…
രണ്ടു ദിവസം മുൻപ് ഇവൻ വന്നു മോളോടുള്ള ഇഷ്ടത്തെ കുറിച്ച് ഞങ്ങളോട് പറയുമ്പോൾ എല്ലാ രക്ഷിതാക്കൾക്കും ഉണ്ടാകുന്ന വേവലാതി തന്നെ ഞങ്ങൾക്കും തോന്നിയിരുന്നു.. പക്ഷേ ഇവിടെ വന്ന് മോളെ കണ്ടപ്പോൾ അതെല്ലാം മാറി..”
ആ അമ്മയത് പറഞ്ഞതും ഞാൻ ഞെട്ടലോടെ വന്നിരിക്കുന്ന ആളുകളിലേക്ക് നോക്കി.. അവിടെ കറുത്ത ഷർട്ടും മുണ്ടും ഉടുത്ത് ചിരിയോടെ എന്നെ നോക്കിയിരിക്കുന്ന ശരത്തെട്ടനെ കണ്ടതും ഞാൻ ഞെട്ടി.. സ്വപ്നമല്ല എന്ന് ഉറപ്പു വരുത്താൻ ഞാൻ കണ്ണുകൾ ഒന്ന് ഇറുകെ പൂട്ടി തുറന്നു.. വീണ്ടും ആ ചിരി കണ്ടപ്പോൾ മനസ്സിൽ ആയി സ്വപ്നമല്ല എന്ന്..
” കല്യാണ കാര്യം പറയുമ്പോൾ ഒക്കെ ഇവൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമായിരുന്നു.. പിന്നീട് ഇവൻ വന്ന് പറഞ്ഞപ്പൊഴല്ലെ കാരണം അറിഞ്ഞത്..”
ഒരുചിരിയോടെ ആ അമ്മ അത് പറയുമ്പോഴും ഞാൻ കൺമുന്നിൽ നടക്കുന്നതൊന്നും വിശ്വസിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു..
“കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ…”
എന്റെ അവസ്ഥ മനസ്സിലാക്കിയ എന്ന വണ്ണം അച്ഛൻ പറഞ്ഞു ..
ശരത്തേട്ടൻ എന്നോട് കണ്ണു കൊണ്ട് വരാൻ ആംഗ്യം കാണിച്ചു പുറത്തേക്കു പോയി..
കിണറിന് അരികിലായുള്ള മാവിൻ ചുവട്ടിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു..
ഒന്ന് ആ മുഖത്ത് പോലും നോക്കാൻ പറ്റാതെ ഞാൻ തലകുനിച്ചു നിന്നു..
എന്റെ അവസ്ഥ മനസ്സിലായ പോലെ ആൾ തന്നെ സംസാരിച്ചു തുടങ്ങി..
” പെട്ടെന്ന് ഇങ്ങനൊന്ന് അച്ചു പ്രതീക്ഷിച്ചു കാണില്ല അല്ലേ.. എനിക്ക് അച്ചൂട്ടിയെ ഇഷ്ടമായോ ഇല്ലയോ എന്ന് പ്രത്യേകിച്ച് പറയേണ്ട ആവിശ്യമില്ലല്ലോ.. ഇനി അറിയേണ്ടത് തന്റെ മറുപടിയാണ്.. “.
കുസൃതി ചിരിയോടെ അതു പറഞ്ഞപ്പോൾ ഞാൻ ഞെട്ടി ആ മുഖത്തേക്ക് നോക്കി..
എന്റെ മറുപടി കേൾക്കാനുള്ള ആകാംക്ഷയിൽ ആണ് ആളെന്ന് ആ മുഖം വിളിച്ചോതുന്നു ന്നുണ്ടായിരുന്നു..
അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..
എന്റെ നോട്ടം കണ്ടിട്ടാകണം എന്നെ നോക്കി പിരികം പൊക്കി എന്താ എന്ന് ചോദിച്ചു ..
ഞാൻ ചെറു നാണത്തിൽ കുതിർന്ന ചിരിയോടെ മുഖം കുനിച്ചു..
“ഇൗ നാണം മറുപടിയായി എടുക്കുവാണുട്ടോ..”
ചിരിയോടെ അതും പറഞ്ഞു ആൾ ഉള്ളിലേക്ക് കയറി പോയി..
കാര്യങ്ങൾ ഒക്കെ എല്ലാരും കൂടി തീരുമാനിക്കുന്നത് ചെറുചിരിയോടെ ഞാൻ അകത്തെ മുറിയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു..
……………………………………,
പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു.. രണ്ടാഴ്ച കഴിഞ്ഞുള്ള മുഹൂർത്തത്തിൽ കല്യാണം തീരുമാനിച്ചു.. കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ എന്നെക്കാളും സന്തോഷം വീണയ്ക്കായിരുന്നു.. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ അവൾ എന്നെ വിട്ടു മാറാതെ കൂടെ തന്നെ നിന്നു.. തിരക്കുകൾ കാരണം തമ്മിലുള്ള ഫോൺ വിളിയിക്കെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിയിരുന്നു..
………………………………………………
ശരത്തേട്ടന്റെ പാതിയായി വിളക്ക് വാങ്ങി ആ വീട്ടിലേക്ക് വലം കാൽ വച്ച് കയറുമ്പോൾ എന്നും ഇൗ താലിയും സിന്ദൂരം തോടാനുള്ള ഭാഗ്യം ഉണ്ടാകണെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു ഞാൻ..
രാത്രി ഒരു പുതപ്പിനുള്ളിൽ വിയർത്തോട്ടിയ ശരത്തെട്ടന്റെ നെഞ്ചില് തല ചായ്ച്ചു കിടക്കുമ്പോൾ ഇൗ ലോകത്തെ ഏറ്റവും സന്തോഷമുള്ള സ്ത്രീ ഞാൻ ആയിരിക്കും എന്ന് തോന്നി പോയി..
” അച്ചുട്ടിയെ..”
” മും..”
” ഇന്ന് ഞാൻ എത്ര ഹാപ്പിയാണെന്നറിയോ.. ആറ് വർഷത്തെ എന്റെ പ്രണയമാണ് ഇന്ന് എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നത്..”
അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ ഞെട്ടി ശരത്തെട്ടൻറെ മുഖത്തേക്ക് നോക്കി … ആളുടെ കണ്ണിലും ചുണ്ടിലുമെല്ലാം കുസൃതി.. ശരത്തെട്ടണെ കേൾക്കാനായി ഞാൻ ആ മുഖത്തേക്ക് തന്നെ ആകാംഷയോടെ നോക്കിനിന്നു…
” ഞാൻ നിന്നെ ആദ്യായിട്ടു കാണുന്നത് എവിടെ വച്ചാണെന്നറിയോ..?”
ഞാൻ ഇല്ല എന്ന പോലെ തലയാട്ടി …
” നിങ്ങളുടെ വീടിൻറെ അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വച്ച്.. കൂട്ടുകാരന്റെ ഒപ്പം വന്നതായിരുന്നു…
നടയ്ക്കു മുന്നിൽ ചെന്ന് പ്രതിക്ഷിണം വയ്ക്കുന്നതിനിടയിൽ ആണ് നടയ്ക്കു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന മണിയിലേക്ക് പരിഭവത്തോടെ നോക്കുന്ന ഒരു പട്ടുപാവാടക്കാരി എന്റെ കണ്ണിൽ പതിഞ്ഞത് …
എന്താണ് കാര്യം എന്നറിയാൻ ഞാൻ അവിടെ തൂണിനു മറവിൽ ആയി നിന്നു.. അവൾ ഒന്നു തിരിഞ്ഞു ചുറ്റും നോക്കി .. ചുറ്റും ആരുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം തിരിഞ്ഞു ആ മണിയെ ഒന്നു കൂടി നോക്കി .. പിന്നെ കൈയുയർത്തി ഒറ്റ ചാട്ടമായിരുന്നു ആ മണിയൊന്നടിക്കാൻ… പക്ഷേ ആ ശ്രമവും വിഫലമായി … പുറത്തേക്കു ചുണ്ട് മലർത്തി പരിഭവത്തോടെ നിൽക്കുന്ന ആ പെൺകുട്ടിയോട് വാത്സല്യം ആണ് എനിക്കാദ്യം തോന്നിയത്.. ഇനി അവൾ എന്താ ചെയ്യാൻ പോകുന്നത് എന്നറിയാൻ ഞാൻ ആകാംഷയോടെ നോക്കി നിന്നു .. അവൾ അതെ പരിഭവത്തോടെ തന്നെ ഉള്ളിലെ കൃഷ്ണ വിഗ്രഹത്തിലേക്ക് നോക്കി..
“ദെ … ഒരു മാതിരി മറ്റെടത്തെ പണി കാണിക്കരുത് .. ഇതിപ്പോ എത്രാമത്തെ തവണയായി .. എന്നെങ്കിലും ആ മണി എനിക്ക് മുട്ടാൻ പറ്റുമോ.. എന്തൊക്കെ പരീക്ഷിച്ചു .. തൂങ്ങാൻ കാണുന്ന സ്ഥലത്തോക്കെ തൂങ്ങി .. കോംപ്ലാൻ വാങ്ങിച്ചു കുടിച്ചു കുടിച്ചു കമ്പനി വളർന്നതല്ലാണ്ട് ഇൗ അച്ചുവിനു ഒരു കുലുക്കവും ഉണ്ടായിട്ടില്ല .. എല്ലാം നിന്റെ വേലയാണെന്ന് എനിക്കറിയാം.. ഇനിയിപ്പോ അങ്ങനെ വിടാൻ ഇൗ അച്ചു ഉദ്ദേശിച്ചിട്ടില്ല .. നോക്കിക്കോ.. നല്ല നീളമുള്ള ഒരു ചെക്കനെ തന്നെ ഞാൻ അങ്ങ് കെട്ടും .. എന്നിട്ട് ഞാൻ നിന്റെ മുന്നിൽ വരും .. അവനെ കൊണ്ട് എന്നെ പോക്കിയിട്ട് ഞാൻ ഇൗ മണിയടിക്കും .. നോക്കിക്കോ .. ”
അതും പറഞ്ഞു നടയിൽ വച്ചിരുന്ന ഇലചീന്തിൽ നിന്ന് ചന്ദനവും തൊട്ട് അവൾക് പുറത്തേക്കു നടന്നു.. അപ്പോഴും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു ..
അന്ന് നീ നടന്നു കേറിയത് എന്റെ ഇൗ നെഞ്ചിനകത്താണ് പെണ്ണേ… അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത് ആണ് എന്റെ ജീവിതത്തിൽ ഒരു പെണ്ണു ഉണ്ടെങ്കിൽ അത് നീയായിരിക്കും എന്ന്.. പിന്നീട് എന്റെ എല്ലാ രാത്രികൾക്കും നിറം പകർന്നത് നിന്റെ മുഖമാണ്.. നീ കാണാതെ അറിയാതെ നിന്നെ കണ്ടു പോകുമായിരുന്നു … കല്യാണത്തിന്റെ സമയമാകുമ്പോൾ നേരിട്ട് വന്ന് ചോദിക്കാം എന്നാണ് ഉണ്ടായത് …. പിന്നീട് മനസ്സ് കൈപ്പിടിയിൽ നിൽക്കാതെയായപ്പോൾ ആണ് ബസ് സ്റ്റോപ്പിലോക്കെ വന്നു നീ കാൺകെ തന്നെ നോക്കാൻ തുടങ്ങിയത് .. പക്ഷേ നീ എന്നെ നോക്കിയത് ഒരു വട്ടം മാത്രമാണ്…. വീട്ടിൽ കല്യാണത്തിന്റെ തിരക്കു കൂട്ടാൻ തുടങ്ങിയപ്പോൾ ആണ് മുന്നും പിന്നും നോക്കാതെ നിന്റെ കാര്യം അങ്ങ് പറഞ്ഞത്..”
ചിരിയോടെ അവൻ പറഞ്ഞു നിർത്തി… അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി .. അത്യധികം പ്രണയത്തോടെ അവൾ അവനെ മുറുകെ പുണർന്നു.. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു..
…………………………………………..
അവൾ പറഞ്ഞ പോലെ തന്നെ ആ നടയ്ക്കു മുന്നിലെ മണി അവന്റെ കൈകളിൽ എടുത്ത് പൊക്കി തന്നെ അവൾ അടിച്ചു .. എന്നിട്ട് ചിരിയോടെ കൃഷ്ണ വിഗ്രഹത്തിലേക്ക് നോക്കി ഒന്ന് സൈറ്റ് അടിച്ചു …
” എനിക്കറിയാം ഇതൊക്കെ നിന്റെ ലീലാവിലാസങ്ങൾ ആണെന്ന്..”
ചിരിയോടെ അവൾ അത് പറഞ്ഞപ്പോൾ
അത് ശരിവയ്ക്കുന്ന വിധത്തിൽ നടയ്ക്കുള്ളിലെ തിരികൾ ഒന്ന് കൂടി പ്രകാശ പൂരിതമായി..
അവസാനിച്ചു…..

by