20/04/2026

പ്രണയമഴ : ഭാഗം 26

രചന – മിത്രവിന്ദ

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….”

“എന്താ…”

“എന്റെ ഒരു കാര്യത്തിലും നിങ്ങൾ ഇട പെടാൻ വന്നേക്കരുത്… എനിക്ക് അത് ഇഷ്ടം അല്ല…”

“നിന്റെ ഒരു കാര്യത്തിലും ഞാൻ വരില്ല… പിന്നെ ഞാൻ ചാർത്തിയ ഈ താലി ഇട്ടുകൊണ്ട് നി കണ്ടവന്റെ കൂടെ പോകാൻ ഞാൻ സമ്മതിക്കില്ല…അതു ഒരു വർഷം കഴിഞ്ഞു ലീഗലി നമ്മൾ ഡിവോഴ്സ് ആയതിനു ശേഷം… സമ്മതം ആണോ…”

“അത്രയ്ക്ക് നിങ്ങളെ പോലെ തരം താഴ്ന്നവൾ അല്ല ഈ ഗൗരി…”അവൾ വീറോട് പറഞ്ഞു.

“അത് ഒന്നും നീ എന്നോട് പറയണ്ട… ഞാൻ കെട്ടിയ ഈ താലിയിൽ നിനക്ക് അവകാശം ഇല്ലെങ്കിലും എനിക്ക് ഉണ്ട്… അതുകൊണ്ട് ഞാൻ പറഞ്ഞു എന്നെ ഒള്ളൂ… അതിൽ നിന്നിലുള്ള അവകാശം സ്ഥാപിക്കാനും അല്ല.. കേട്ടല്ലോ…”അത് പറഞ്ഞു കൊണ്ട് അവൻ വണ്ടി എടുത്തു..

പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടു കൊണ്ട് ഗൗരി ഇരുന്നു..എന്നാലും ഹൃദയം നീറി പുകയുന്നുണ്ട്..

വീടെത്തിയപ്പോൾ അച്ഛനും മുത്തശ്ശിയും സിറ്റ് ഔട്ടിൽ ഇരിപ്പുണ്ട്..

കാർ വരുന്നത് കണ്ടതും മുത്തശ്ശി ചിരിച്ചു കൊണ്ട് എഴുനേറ്റു.

ഗൗരി കാറിൽ നിന്നു ഇറങ്ങി മുത്തശ്ശിയുടെ അടുത്തേക്ക് വന്നു..

“മിടുക്കി കുട്ടി… ഇങ്ങനെ വേണം…. കാലത്തെ തന്നെ അമ്പലത്തിൽ പോയി ഭഗവാനെ കണ്ടു ഇല്ല്യേ….”

“ഉവ്വ്…”അവൾ മെല്ലെ പറഞ്ഞു..

ഗോപിനാഥമേനോനും അവളെ ഒരുപാട് ഇഷ്ടപ്പെട്ടു..

“മോളു കേറി ചെല്ല്..”
അയാൾ പറഞ്ഞു… അവൾ ഭാവ്യതയോടെ മുത്തശ്ശിയുമായി അകത്തേക്ക് കയറി പോയി.

അപ്പോളേക്കും ഹരി ഇറങ്ങി അച്ഛന്റെ അടുത്തേക്ക് വന്നു..
പെട്ടന്ന് ഒരു ഫോൺ വന്നതും അയാൾ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി..

അവിടെ കിടന്ന ഒരു ചെയറിൽ അവൻ ഇരുന്നു..
ന്യൂസ്‌ പേപ്പർ ഒന്ന് എടുത്തു അവൻ ഓടിച്ചു നോക്കി..

“ഹരി… ഇന്ന് എന്താണ് പ്രോഗ്രാം.”

കണ്ണൻ ആയിരുന്നു അത്.

“അങ്ങനെ ഒന്നും തീരുമാനിച്ചില്ല ഏട്ടാ… ഇന്നലത്തെ ഫങ്ക്ഷന് കൂടെ കഴിഞ്ഞപ്പോൾ ആകെ മടുത്തു പോയി എല്ലാവരും.. “അവൻ ഒന്ന് മൂരി നിവർന്നു കൊണ്ട് എഴുനേറ്റു.

നീലിമ കണ്ണന് ഉള്ള കോഫിയുമായിട്ട് വന്നു..

“വാവ ഉണർന്നില്ലേ ഏടത്തി…”

“മ്മ്.. ഉണർന്ന് ഹരി…. രേണു ചേച്ചിയുടെ കയ്യിൽ ആണ്..”

“ഏടത്തി.. എനിക്ക് ഒരു സ്ട്രോങ്ങ്‌ കോഫി വേണം….”

“അയ്യടാ… അതൊക്ക ഇനി നിന്റെ ഭാര്യയോട് പറഞ്ഞാൽ മതി….”നീലിമ ചിരിച്ചു കൊണ്ട് പറഞ്ഞു.

“Ok… അങ്ങനെ എങ്കിൽ അങ്ങനെ… എനിക്ക് ഒരു കോഫി കിട്ടിയാൽ മതി…”

അവൻ തന്റെ റൂമിലേക്ക് കയറി പോയി.

അവൻ ചെന്നപ്പോൾ ഗൗരി ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് താഴേക്ക് ഇറങ്ങി വരാൻ തുടങ്ങുക ആയിരുന്നു..

“നിന്നോട് പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ…. നമ്മൾ അല്ലാതെ ആരും ഒന്നും അറിയരുത്… അറിഞ്ഞാൽ…”

“നിങ്ങൾ കൂടെ കൂടെ എന്നെ അത് ഓർമ്മിപ്പിക്കണ്ട… എനിക്ക് എല്ലാം അറിയാം…”

അവൾ വെളിയിലേക്ക് ഇറങ്ങി പോയി..

അവൻ ഒരു നിമിഷം അവളുടെ പോക്കും നോക്കി നിന്നു.

എന്നിട്ട് ഡ്രസിങ് റൂമിലേക്ക് പോയി..

“ഹരി…. മോനെ… ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വരൂ….”ദേവി പതിവ് പോലെ അവനെ ഉറക്കെ വിളിച്ചു.

അവൻ ഇറങ്ങി ചെന്നപ്പോൾ നച്ചു വാവയെ എടുത്തു കൊണ്ട് വരുന്ന ഗൗരിയെ ആണ് കണ്ടത്..

കുഞ്ഞിന്റെ വയറിൽ ഇക്കിളി പെടുത്തി കൊണ്ട് അവൾ കുഞ്ഞിനെ ചിരിപ്പിക്കുക ആണ്.

കുഞ്ഞ് ചിരിച്ചപ്പോൾ അവളും കിലു കിലെ ചിരിച്ചു..

നിര തെറ്റാത്ത അവളുടെ പല്ലുകൾ കാണാൻ ഒരു പ്രേത്യേക ഭംഗി ആണല്ലോ എന്ന് അവൻ ഓർത്തു.

ഹരിയെ കണ്ടതും കുഞ്ഞു കൈ കാൽ ഇട്ടു ഇളക്കാൻ തുടങ്ങി…

അവൻ അപ്പോൾ ഗൗരിയുടെ അടുത്തേക്ക് ചെന്നു കുഞ്ഞിനെ മേടിച്ചു..

കരങ്ങൾ തമ്മിൽ സ്പർശിച്ചു എങ്കിലും ഗൗരി പെട്ടന്ന് തന്നെ അകന്നു മാറി നിന്നു…

“ഗൗരി… എനിക്ക് ഒരു കോഫി വേണം…”

അവൻ ഗൗരിയോട് ആവശ്യപ്പെട്ടു.

അപ്പോളാണ് അമ്മാളു ഉണർന്ന് വന്നത്.

പിന്നിൽ നിന്നു ഒരാൾ വന്നു കെട്ടിപിടിച്ചത്തും ഗൗരി ഞെട്ടി പോയി.

“എന്റെ ഏടത്തി.. ഇങ്ങനെ പേടിക്കാതെ… എന്തൊരു ഞെട്ടൽ ആണ്… ഈ ഏട്ടൻ ഇതുവരെ ആയിട്ടും ഇത് ഒന്നും മാറ്റിയില്ലേ..”

“ഞാൻ പെട്ടന്ന്….. അമ്മാളു ആണ് എന്ന് ഓർത്തില്ല ”

“പിന്നെ ആരാകും എന്നാണ് ഓർത്തത്.. ”

അമ്മാളു ചോദിച്ചതും
ഗൗരി പെട്ടന്ന് വല്ലാതെ ആയി പോയി.അവൾ കിച്ചണിലേക്ക് പോകുന്നത് കണ്ടു അമ്മാളു ചിരി കടിച്ചു പിടിച്ചു.
. ഹരിയും അത് കണ്ടു ചിരിച്ചു പോയി.

ദേവി യും രേണുവും കൂടെ ബ്രേക്ഫാസ്റ്റിനു ഉള്ളത് എല്ലാം എടുത്തു വെയ്ക്കുക ആണ്. അപ്പവും ചിക്കൻ സ്റ്റുവും ആണ് കഴിക്കാൻ ഉള്ളത്. ഗൗരി യും അവർക്കരികിലേക്ക് ചെന്നു..

“അമ്മേ ഞാൻ എന്തെങ്കിലും സഹായിക്കണോ ”

“വേണ്ടാ മോളെ…. മോളു വാ.. നമ്മൾക്ക് കഴിക്കാം ”

“അച്ഛനും ഏട്ടന്മാരും കഴിച്ചിട്ട് മതി അമ്മേ… ദൃതി ഇല്ല ”

“ഹേയ് അങ്ങനെ ഒന്നും ഒരു നീയമവുംഇവിടെ ഇല്ല… ഇവിടെ എല്ലാവരും ഒരുമിച്ചു ഇരുന്നു ആണ് കഴിക്കുന്നത്..”അവർ ഊണ് മുറിയിലേക്ക് എല്ലാം എടുത്തു വേച്ചു.

ഗൗരി അപ്പോൾ ആണ് ആ മുറി കാണുന്നത്.

നല്ല വലുപ്പം ഉള്ള ഒരു ഡൈനിംഗ് ടേബിൾ ആണ് അവിടെ കിടന്നത്. മക്കൾക്ക്‌ എല്ലാവർക്കും ഒരേ നിമിഷം ഇരിക്കാം… പുറത്തെ മുറ്റത്തു നിറയെ കട്ട റോസയും ജമന്തിയും വാടാമല്ലിയും ആണ്…കോണിലായി ഒരു ചെമ്പകം പൂത്തു നിൽക്കുന്നത് കണ്ടപ്പ്പോൾ ഗൗരിയുടെ ഉള്ളം തുടിച്ചു പോയി….. റൂമിന്റെ ഒരു വശത്തായി ഒരു ഗ്ലാസ്‌ ഡോർ ആണ് സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്. അതിലൂടെ പൂക്കൾ മുഴുവനും നിൽക്കുന്നത് കാണാം… ഡോറിന്റ ഇരു വശത്തുമായി ജനാലകൾ ഉണ്ട്.. അമ്മാളു അത് പോയി പതിയെ തുറന്നിട്ട്‌.

പൂക്കളുടെ മതിപ്പിക്കുന്ന സുഗന്ധം അവിടേക്ക് അരിച്ചു കയറി വന്നു…പ്രേത്യേകിച്ചു ചെമ്പകത്തിന്റ…

“മോളെ… വാ ഇരിക്ക്…”ദേവി വിളിച്ചപ്പോൾ ആണ് ഗൗരി താൻ ഈ ലോകത്തു എങ്ങും അല്ലായിരുന്നു എന്ന് ഓർത്തത്.

അവൾ അമ്മാളുവിന്റെ അരികിലായ് വന്നു നിന്നു..
.”ദേ കൊച്ചേ…. ഈ മനുഷ്യന്റെ തണലാകാൻ ആണ് കൊച്ചിനെ ഇങ്ങോട്ട് കൊണ്ട് വന്നത്… അതുകൊണ്ട് ഇങ്ങേരുടെ അടുത്ത് പോയി ഇരുന്നോണം കെട്ടോ.. എന്നും…. ഞാൻ എപ്പോളും ഇത് ഒന്നും പറഞ്ഞു തരാൻ ഇവിടെ കാണണം എന്ന് ഇല്ല.. അതുകൊണ്ട് ആണ്..”അല്പം ഗൗരവത്തിൽ അമ്മാളു പറഞ്ഞു.

എന്നിട്ട് ഹരിയുടെ അരികിൽ കിടന്ന കസേരയിൽ അമ്മാളു അവളെ പിടിച്ചു ഇരുത്തി.

പെട്ടന്ന് ഗൗരി ഒരു വശത്തേക്ക് ചെരിഞ്ഞു പോയി.

ഹരി അപ്പോളേക്കും അവളെ താങ്ങിയിരുന്നു..

അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചു ഇരുന്നു ആണ് ഭക്ഷണം ഒക്കെ കഴിച്ചത്..

ഒരുപാട് തമാശകൾ ഒക്കെ അമ്മാളു പറയുന്നുണ്ട്…

ഭക്ഷണം കഴിക്കുമ്പോൾ മിണ്ടാതെ ഇരുന്നു കഴിക്കുവാൻ അവളോട് അപ്പോൾ മുത്തശ്ശി ആവശ്യപ്പെട്ടു..

ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം ഗൗരി വീണ്ടും അമ്മയുടെ അരികിലേക്ക് ചെന്നു. അപ്പോൾ അമ്മിണിയമ്മ വന്നിട്ടുണ്ട്..

“അമ്മിയമ്മേ….”ഗൗരി അവരുട അരികത്തേക്ക് വന്നു..

“ആഹ്.. ഞാൻ മോളെ ചോദിക്കുവാരുന്നു….”

“മ്മ്.. ഞാൻ അമ്മാളുവിൻറെ അടുത്ത് ആയിരുന്നു..”

“അമ്മ കാലത്തെ എന്റെ അടുത്ത് വന്നു… മോളുടെ ഫോൺ തന്നു വിട്ടു കെട്ടോ “ഗൗരിക്ക് അവളുടെ ഫോൺ കൈമാറി കൊണ്ട് അവർ പച്ചക്കറികൾ ഒക്കെ ഫ്രിഡ്ജിൽ നിന്നു എടുത്തു വെച്ച്…

അവൾ അപ്പോൾ അത് എല്ലാം കഴുകുവാനായി വെള്ളത്തിലേക്ക് എടുത്തു ഇട്ടു…

സാoബാറും അച്ചിങ്ങ മെഴുക്കുപുരട്ടിയും വെയ്ക്കാം അല്ലെ അമ്മിണിയമ്മേ….

ശരി ദേവി കുഞ്ഞേ…..

കാബേജ് കഷ്ണങ്ങൾ ചോപ്പറിൽ ഇട്ടു അരിയുക ആണ് ദേവി….

ഗൗരി അപ്പോൾ നാളികേരം ചിരകാൻ ആയിട്ട് എടുത്തു….

“ഞാൻ ചിരകിക്കോളാം മോളെ.. അത് അവിടെ വെച്ചേക്കു…”അമ്മിണിയമ്മ പറഞ്ഞു എങ്കിലും ഗൗരി അത് എടുത്തു ചിരകി തുടങ്ങിയിരുന്നു.

രേണുവും നീലിമയും കുഞ്ഞിനേയും കളിപ്പിച്ചു ഹാളിന്റെ അടുത്ത് ഉള്ള മുറിയിൽ ഇരിക്കുക ആണ്….

“ഗൗരി ഏടത്തി എവിടെ….”അമ്മാളു അവർക്കരികിലേക്ക് വന്നു..

“പുതുമോടി അല്ലെ…. മുകളിൽ അവന്റെ അടുത്ത് കാണും…”രേണു പറഞ്ഞു

“അതിന് ഏട്ടൻ അച്ഛനും ആയിട്ട് എന്തോ ഡിസ്കഷനിൽ ആണ്… ഞാൻ വിചാരിച്ചു ഏടത്തി ഇവിടെയുണ്ടെന്ന്….

അമ്മാളു മുറിയിൽ നിന്ന് ഇറങ്ങിപ്പോയി…

” ഗൗരി വന്നപ്പോൾ നമ്മളൊക്കെ ഔട്ടായി അല്ലേ ചേച്ചി…. “നീലിമ രേണുവിനെ നോക്കി..

“ഹേയ്… അതൊക്കെ നീലിമയ്ക്ക് തോന്നുന്നത് ആണ്.. ആ കുട്ടി ഒരു പാവം ആണ്.. പിന്നെ ഹരിയോട് എല്ലാവർക്കും ഒരു പ്രേത്യേക വാത്സല്യം ഉണ്ടല്ലോ… അതു കുറച്ചു ഗൗരിയോടും നമ്മൾക്ക് തോന്നും… അധികം പ്രായവും ഇല്ലാലോ അവൾക്ക്…”

“ആഹ് മുട്ടേന്നു വിരിയുന്നതിനു മുന്നേ പ്രേമിച്ചു വന്നാൽ പ്രായം ഒന്നും ആകത്തില്ല…”നീലിമ പറഞ്ഞു.

അവൾക്ക് ഗൗരിയോട് എന്തോ ഒരു കുശുമ്പ് ഉണ്ടെന്ന് രേണുവിന് തോന്നി.. പക്ഷെ അവൾ ഒന്നും നീലിമയോട് ചോദിച്ചുമില്ല..

അമ്മാളു അടുക്കളയിൽ ചെന്നപ്പോൾ ഗൗരി നാളികേരം എല്ലാം ചിരകി കഴിഞ്ഞിരുന്നു..

“എന്റെ അമ്മേ ഈ പാവം കൊച്ചിനെ വന്നപ്പോൾ തന്നെ അടുക്കളയിലേക്ക് കയറ്റിയോ….”അവൾ താടിക്ക് കയ്യും കൊടുത്തു നിന്നു.എന്നിട്ട് ഗൗരി ചിരകി വെച്ച കുറച്ചു നാളികേരം എടുത്തു വായിലേക്ക് ഇട്ടു..

“അയ്യോ… അമ്മ പറഞ്ഞിട്ട് ഒന്നും അല്ല.. ഞാൻ വെറുതെ നിന്നപ്പോൾ ചെയ്തത് ആണ് അമ്മാളു…”

“മ്മ്… ശരി… ശരി… ഏടത്തി ഇങ്ങോട്ട് വന്നെ… എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് “അവൾ ഗൗരിയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി..

മുറ്റത്തു കോണിൽ നിൽക്കുന്ന ചെമ്പക മരത്തിന്റെ ചോട്ടിലേക്ക് ആണ് അവളെ അമ്മാളു കൊണ്ട് പോയത്..പച്ചപുൽത്തകിടിയിന്മേൽ കൂടെ രണ്ടാളും നടന്നു..

അവിടെ ഓരത്തു ഒരു ബെഞ്ച് പണിതു ഇട്ടിട്ടുണ്ട്..

അവർ രണ്ടാളും അവിടെ പോയി ഇരുന്നു.

പല തരം റോസ്, ആണ് അവിടെ നിറഞ്ഞു നിൽക്കുന്നത്..

എന്ത് ഭംഗി ആണ് ഈ പൂക്കൾ കാണുവാൻ…. ഗൗരി പറഞ്ഞു.

“മ്മ്… എല്ലാം ഹരി ഏട്ടന്റെ ആണ്… ഏട്ടന് ഈ പൂക്കൾ എല്ലാം ജീവന്റെ ജീവനാ… ഏട്ടത്തിയിം അതുപോലെ ആണല്ലോ…”

ഗൗരി അതിന് മറുപടി ഒന്നും പറഞ്ഞില്ല..

എന്നാൽ ഏടത്തിക്ക് വേറൊരു കൂട്ടം കാണണോ…?

“എന്താണ്…. ”

“വരൂ….”അവൾ അമ്മാളുവിന്റര് പിറകെ പോയി..

വീടിനോട് അല്പം മാറി ഒരു കുളം… അതിൽ നിറയെ താമരയും…

“ഹാവു…. ബ്യൂട്ടിഫുൾ….”ഗൗരി കണ്ണുകൾ നിറച്ചു കാണുക ആണ്…

“മ്മ്… ഇതാണ് ഹരിയേട്ടന്റെ ഫേവറേറ്റ് പ്ലേസ്…… ഏട്ടത്തിക്കു നീന്തൽ അറിയാമോ…”

“മ്മ്.. കുറേശെ….”

“ഒരു ദിവസo നമ്മമൾക്ക് ഇറങ്ങാം….”

“ഒരുപാട് ആഴം ഉണ്ടോ…”

“ഒരുപാട് ഒന്നും ഇല്ല…. പക്ഷെ ഈ വശത്തു കൂടെ ഒക്കെ നീന്തം…. പിന്നെ അമ്മ ഒക്കെ ഇല്ലാത്തപ്പോൾ മതി… അമ്മ അറിഞ്ഞാൽ സമ്മതിക്കില്ല….”

“മ്മ്…”

“ഈ കുളത്തിന്റെ കാര്യം ഒന്നും ഏട്ടൻ പറഞ്ഞിട്ടില്ലേ….. ”

അമ്മാളു വിന്റെ ചോദ്യം കേട്ട് ഗൗരി ഒന്ന് പകച്ചു. പക്ഷെ അവൾ അത് പുറമെ കാണിച്ചില്ല….

“ഇടക്ക് പറഞ്ഞിട്ടുണ്ട്..പക്ഷെ ഞാൻ ഇത്രയും വിചാരിച്ചില്ല….”അവൾ പറഞ്ഞു ഒപ്പിച്ചു…

തിരികെ രണ്ടാളും കൂടി വീട്ടിലേക്ക് നടന്നു പോയി..

“നിങ്ങൾ ഇത് എവിടെ ആയിരുന്നു…”

“ഞാൻ ഏട്ടത്തിയ ഇവിടെ ഒക്കെ ചുറ്റി കാണിക്കുക ആയിരുന്നു മുത്തശ്ശി..

“മ്മ്…. ആ സർപ്പകാവിന്റെ അടുത്തേക്ക് ഒന്നും പോകരുത് കെട്ടോ മക്കളെ…”മുത്തശ്ശി പറഞ്ഞു

“ങേ… ഇവിടെ കാവ് ഉണ്ടോ..”

“ഉണ്ട് ഏടത്തി… ഇതും ഏടത്തിക്ക് അറിയില്ലാരുന്നു ”

“ഇല്ല്യ… എന്നോട് ഹരി ഇത് ഒന്നും പറഞ്ഞിട്ടില്ല….”

“ആഹ് ബെസ്റ്റ്… ഇവിടെ ഒരു കാവ് ഉണ്ട്…. എല്ലാ മാസവും ആയില്യത്തിന് പൂജ ഉണ്ട്.. പിന്നെ ചിങ്ങത്തിലെ ആയില്യത്തിന് ഇവിടെ ഉത്സവം ആണ്…. നാഗരാജാവും നാഗയ്ക്ഷി അമ്മയും ആണ്.. ഇവിടെ വിവാഹം കഴിഞ്ഞ സ്ത്രീകൾ എല്ലാവരും നോയമ്പ് എടുത്തു ആണ് അന്ന് കാവിൽ വരുന്നത്.. കുറെ പൂജയും, ഹോമവും.. പാന വായനയും ഒക്കെ ഉണ്ട്….”

ഇതൊക്ക കേട്ട് ഗൗരി നിൽക്കുക ആണ്..

“പിന്നെ തിരുവാതിര ക്ക് ഇവിടെ ക്ഷേത്രത്തിൽ ഉത്സവം.. ഏടത്തി ഇന്ന് പോയില്ലേ… ഉമാ മഹേശ്വരക്ഷേത്രം…. ”

“ഉവ്..”

“മ്മ്… അവിടെയും എല്ലാവരും പോകും… എന്ത് രസം ആണെന്നോ….അന്ന് ഏട്ടങ്ങാടി നേദിക്കലും പാതിരാപൂചൂടലും തിരുവാതിരയും…. പിന്നെ ഇവിടെ കുളത്തിൽ അമ്മയും ഏടത്തിമാരും ഒക്കെ തുടിച്ചു കുളിക്കും…. ചെറിയമ്മമാരൊക്കെ വരും.. നല്ല രസം ആണ്…”

അമ്മാളു പറയുന്നത് കേട്ട് ഗൗരി ഇരിക്കുക ആണ്…

“ഇനി ധനു മാസത്തിൽ ആണ് തിരുവാതിര… നിങ്ങളുടെ പൂത്തിരുവാതിര അല്ലേ…. ”

“മ്മ്…”അവൾ യന്ത്രികമായി മൂളി.

തുടരും