രചന – ജ്വാലാമുഖി
കസേരയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു കുറച്ചു നേരം കിടന്നു ഞാൻ…
വയ്യ… ഒരുപാട് ചില്ലുകൊട്ടാരങ്ങൾ എനിക്ക് മുന്നിൽ ചിതറി വീണു..
ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചു പോകുക… അവർ നമ്മളെ സമർത്ഥമായി ചതിക്കുക… ഇതൊക്കെ പ്രതീക്ഷിക്കാതെ ജീവിതത്തിൽ സംഭവിക്കുമ്പോൾ ആരായാലും ഇതുപോലെ ഒരു അവസ്ഥയിൽ എത്തില്ലേ…
“ജീന.. ”
“എന്താടോ.. ”
“എനിക്കിന്നൊരു ഏർളി എക്സിറ്റ് അടിച്ചു ഇട്ടേക്കു.. ഞാൻ ഇറങ്ങുവാ… വയ്യ.. ”
“എന്തുപറ്റി തനിക്കു…? ”
“നല്ല തലവേദന… ഒന്ന് കിടക്കണം.. ”
“വേണ്ട… നമുക്ക് കാന്റീനിൽ പോയി ഒരു കോഫി കഴിക്കാം.. അപ്പോളേക്കും നീ ഓക്കേ ആകും.. റൂമിൽ പോയുള്ള കരച്ചിൽ അത് വേണ്ട മോളെ.. ”
“കരയാനോ.. ഇനിയും കരയാൻ കണ്ണുനീർ വേണ്ടെടോ… ”
“സത്യത്തിൽ നിങ്ങൾ എന്തിനാ പിരിഞ്ഞത്.. ”
“അതൊക്കെ ഇനി പറഞ്ഞിട്ട് എന്തിനാ… ”
“നിനക്ക് ബുദ്ധിമുട്ടാനെൽ പറയണ്ട.. ”
“ഏയ്.. പിന്നീട് എപ്പോളെങ്കിലും പറയാം.. ”
“നിന്റെ ഇഷ്ടം.. ”
“നീന്റെ ആൽബി എന്ത് പറയുന്നു.. ”
“ഹോ അച്ചായൻ പാവം ആട.. ഞാൻ ആണ് അല്പം പ്രശ്നക്കാരി.. ”
ഇവിടെ ജോയിൻ ചെയ്ത അന്നുമുതൽ തനിക്കു കിട്ടിയ ഏക ആശ്വാസം ആയിരുന്നു ജീന..
എന്തും പറയാം.. അവളോളം തന്നെ മനസിലാക്കാൻ ഗൗരിക്ക് പോലും ആയില്ലല്ലോ എന്ന് താൻ പല വട്ടം ചിന്തിച്ചിട്ടും ഉണ്ട്…
“ശ്രീ… താൻ ഇച്ചിരി കൂടെ ബോൾഡ് ആകണം… ഈ നാടൻ തണുപ്പൻ ലുക്ക് ഒക്കെ ഒന്നു മാറ്റി… നല്ല സ്റ്റൈൽ ആകണം… ”
“ആരെ കാണിക്കാൻ ആട.. പണ്ടേ കോലം കെട്ടി നടക്കാൻ എനിക്ക് താല്പര്യമില്ല… ”
“വെറുതെ അല്ല ശിവ നിന്നെ ഇട്ടിട്ടു പോയെ.. ”
“നീയും തുടങ്ങിയോ.. ”
“ഞാൻ ചുമ്മാ പറഞ്ഞതാ മുത്തേ… ”
“അവനു എല്ലാ പെണ്ണുങ്ങളും അവന്റെ കാമുകിമാർ ആണ് ജീന.. ”
“നീ അത് വിട്ടുകള… ”
“നെക്സ്റ്റ് മന്ത് അവന്റെ വിവാഹം ആണ്… ”
“നീ പോണ്ട.. വെറുതെ സീൻ ആക്കണ്ട.. ”
“പോകും ജീന.. എനിക്ക് പോണം.. അവന്റെ മുന്നിൽ ഞാൻ തൊറ്റിട്ടില്ല എന്ന് എനിക്ക് കാണിച്ചു കൊടുക്കണം.. ”
“ആ വാശി നല്ലതാ… ”
“എന്തായലും വിവാഹം അവൻ എന്നെ വിളിക്കും… നീയും പോരുന്നോ… ”
“വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ പോണ ശീലം ഇല്ല.. എങ്കിലും വരാം ഞാൻ… ”
മനസ്സിൽ ഒരു വലിയ പക എരിഞ്ഞടങ്ങി… !!
****
രാവിലെ ഓഫിസിൽ ഞങ്ങൾ എത്തുന്നതിനു മുന്നേ എം ഡി എത്തിയിരുന്നു…
പതിവുപോലെ ഒരു ഇളം നീല സാരി ആയിരുന്നു ഞാൻ അണിഞ്ഞിരുന്നത്.. നിറങ്ങളോട് പോലും ഒരു തരം മരവിപ്പാണ് മനസ്സിൽ…
“ഗുഡ് മോർണിംഗ് ഓൾ.. ”
“ഗുഡ് മോർണിംഗ് സർ… ”
ക്യാബിനിൽ നിന്നും സർ ഇറങ്ങി വന്നു ഞങ്ങളുടെ അടുത്തായി നിന്നു…
“ഈ വരുന്ന സൺഡേ എന്റെ സിസ് ന്റെ എൻഗേജ്മെന്റ് ആണ്.. നാട്ടിൽ വച്ചാണ് നടത്തുന്നത്.. സൊ നിങ്ങൾക്ക് എല്ലാർക്കും ഉള്ള അപ്പ് ആൻഡ് ഡൌൺ ടിക്കറ്റ്സ് ഞാൻ എടുത്തിട്ടുണ്ട്…കമ്പനി മെയിൽ ലേക്ക് കോപ്പി അയച്ചിട്ടുണ്ട്… അപ്പൊ ടൈമില്ല.. നാട്ടിൽ വച്ചു കാണാം.. ”
സർ അത്രയും പറഞ്ഞു കൊണ്ടു തിരിച്ചു കാർ എടുത്തു പോയി..
നാട്ടിലേക്കു പോകേണ്ട കാര്യം ഓർത്തപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പ് കൂടി…
അപ്പൊ തന്നെ അമ്മയെ വിളിച്ചു ഞാൻ..
“അമ്മാ.. ”
“നീ എന്താ രാവിലെ തന്നെ വിളിച്ചേ.. ”
“ഞായറാഴ്ച ഞങ്ങൾ എല്ലാരും അങ്ങോട്ട് വരുന്നുണ്ട്.. ”
“എന്തിന്.. പോയിട്ട് രണ്ടാഴ്ച അല്ലെ ആയുള്ളൂ.. ”
“സർ ന്റെ സിസ് ന്റെ എന്ഗേജ്മെന്റ് ആണ്… എല്ലാർക്കും ഉള്ള ടിക്കറ്റ് സർ എടുത്തു.. ”
“പിള്ളേരൊക്കെ ഇങ്ങോട്ട് വരോ മോളെ.. ”
“മിക്കവാറും… ”
“പറഞ്ഞത് നന്നായി.. ഞാൻ ഇച്ചിരി ഉണ്ണിയപ്പോം കായുപ്പേരിയും ഒക്കെ ഉണ്ടാക്കി വക്കാം… മനയ്ക്കലെ പ്ലാവിൽ നല്ല വരിക്ക ചക്ക കിടപ്പുണ്ട്.. വരട്ടി അട ചുട്ടു വക്കാം.. ”
“ഉം.. ഞാൻ വൈകിട്ട് വിളിക്കാം… ”
ഫോൺ വച്ചതും ഞാൻ തിരുമേനിയെ വിളിച്ചു..
“ദേവികുട്ടിടെ കാര്യം ഇപ്പൊ ഞാൻ ഓർത്തുള്ളു.. ”
“അതെന്താ.. ”
“ശിവേടെ വിവാഹനിശ്ചയം ആണ് ഞായറാഴ്ച.. വല്ല്യ കേമായിട്ട് ഉണ്ടത്രേ… ”
“ഉം…. ഞാൻ വരുന്നുണ്ട് നാട്ടിലേക്ക്.. ഞായറാഴ്ച എനിക്കും ഒരു ഫങ്ക്ഷൻ ഉണ്ട്… ”
“ആഹാ.. എന്നാ ഇതും കൂടാലോ.. ”
“ഏയ്… പിന്നെ അമ്പലത്തിലെ കാര്യങ്ങൾ ഒക്കെ എങ്ങനെ പോണു… ദേവിയെ കത്തിവച്ചു ബോറടിപ്പിക്കാനുണ്ടൊ… ”
“നമുക്ക് ദേവി അല്ലെ ഉള്ളു മോളെ… അല്ലാതെ ആരുണ്ട്… ”
“ഉവ്വ്.. ഇപ്പോളും എന്റെ വീട്ടിലേക്ക് ഒരു കണ്ണുള്ളത് ക്ക് അറിയാട്ടോ… ”
“ശിവ ശിവ.. വയസ്സായി മോളെ.. വെറുതെ നീ അതും ഇതും പറയല്ലേ.. പണ്ടേ അവൾക്കു എന്നെ കണ്ണിൽ പിടിക്കില്ല.. പിന്നെ എന്തിനാ വെറുതെ.. ”
“സെന്റി ആകണ്ട.. ഞാൻ വെറുതെ പറഞ്ഞതാ… ഇനി പിന്നെ വിളിക്കാട്ടോ.. ഫോണിലെ കാശു കഴിഞ്ഞാലേ തിരുമേനിടെ ഇല്ലത്തുന്നു റീചാർജ് ചെയ്തു തരില്ലല്ലോ.. ”
“ഓഹ്.. ഇല്ലത്തെ ചൂട്ടും തെങ്ങേo ചക്കേം ഒക്കെ നിന്റെ അമ്മ ഇവിടുന്നു കൊണ്ടു പോണുണ്ട് ഇനി മോൾടെ ഫോണിന്റെ പൈസ കൂടി ഞാൻ അടക്കേണ്ടു… ”
“പിറക്കാതെ പോയ മകൾ അല്ലെ.. അപ്പൊ അതൊക്കെ വേണം… ”
“എന്നാ ആയിക്കോട്ടെ.. ഇനി വരുമ്പോൾ അതിനുള്ള പൈസ തന്നേക്കാം.. ഈ ഒറ്റത്തടിക്ക് എന്തിനാ ഇനി കാശ്… ”
അതും പറഞ്ഞു തിരുമേനി ഫോൺ വെക്കുമ്പോൾ നിസ്വാർത്ഥമായ ആ സ്നേഹം എന്നെ അത്ഭുതപ്പെടുത്തി…
സ്നേഹം അത് പല തരത്തിൽ നമ്മിലേക്ക് ഇറങ്ങുന്നു.. ചിലത് ചില നിമിഷങ്ങൾ കൊണ്ടു തീരുന്നു.. ചിലത് മരണം വരെ കൂടെ കൂടുന്നു… ചിലത് ജീവനുണ്ടായിട്ടും മരിച്ച പോലെ നടത്തുന്നു… താൻ അതിൽ ഏതാണ്… ആദ്യത്തെ അല്ലെ.. അതെ… !
****
ഇന്നാണ് എം ഡി യുടെ വീട്ടിലെ ഫങ്ക്ഷൻ… ഫങ്ക്ഷൻ എന്ന ടെൻഷനേക്കാൾ ആദ്യായിട്ട് ഫ്ലൈറ്റിൽ കയറുന്ന പേടി ആയിരുന്നു എനിക്ക്…
ഫ്ലൈറ്റ് റൺവേ പാസ്സ് ചെയ്യുമ്പോളെല്ലാം കാവിലമ്മയെ വിളിച്ചു ഇരിക്കുവായിരുന്നു ഞാൻ.. ശരിക്കും ഗട്ടറിൽ ഒക്കെ ചാടി ചാടി മേഘങ്ങൾക്കിടയിലൂടെ പറന്നു വന്നതും ഇറങ്ങാറായിത്രേ…. അമ്പത് മിനിറ്റ്..പേടി മാറി ആസ്വദിച്ചു വന്നപ്പോളേക്കും എയർപോർട്ട് എത്തിയെന്നു എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല… ചെക്ക് ഔട്ട് കഴിഞ്ഞു ഇറങ്ങിയതും ഞങ്ങൾക്കുള്ള വണ്ടിയും റെഡി ആയിരുന്നു…
നേരെ സർ ന്റെ വീട്ടിലേക്ക്…
മൊത്തം അലങ്കരിച്ച ഒരു പടുകൂറ്റൻ ബംഗ്ലാവ്.. അതിന് മുന്നിൽ ആർച് പോലെ നിറയെ റോസാപ്പൂക്കൾ… ഒരു കൊട്ടാരം പോലെ തോന്നിയെനിക്ക്…
“ആഹാ ഭദ്ര മോൾ എത്തിയല്ലോ… യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു… ”
ഈ മുഖം ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എങ്കിലും ഓർമ കിട്ടുന്നുമില്ല…
“ഞാൻ ജോണിന്റെ മമ്മ ആണ്.. ജൂലി.. ”
“സർ പറഞ്ഞിട്ടുണ്ട്.. ”
“എല്ലാവരും അകത്തേക്കു കയറി വരൂ… ”
അപ്പോളാണ് ഗേറ്റ് കടന്നു വരുന്ന അമ്മയെ ഞാൻ കാണുന്നത്..
“എന്താ ഭദ്ര ഞെട്ടിയോ… ”
“അമ്മ.. ”
“ശോഭ എന്റെ കൂട്ടുകാരി അല്ലെ അപ്പൊ എന്റെ മകളുടെ എന്ഗേജ്മെന്റിനു ഞാൻ അവളെ വിളിക്കാതിരിക്കോ… ”
എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നി തുടങ്ങിരുന്നു..
എനിക്ക് വേണ്ടി കാണിച്ചു തന്ന മുറിയിലേക്ക് ഞാനും ജീനയും കൂടെ നടന്നു… ഡ്രസ്സ് എല്ലാം ഒന്നുടെ സെറ്റ് ചെയ്തു.. കണ്ണാടിയിൽ നോക്കി ആത്മനിർവൃതി അടഞ്ഞു പുറത്തേക്ക് ഇറങ്ങി ഞങ്ങൾ..
“വരനും കൂട്ടരും എത്തിട്ടോ.. ”
ആരോ വിളിച്ചു പറയുന്നത് കേട്ടു ഞാനും ജീനയും ഉമ്മറത്തേക്ക് ഓടിയെത്തി.. തൊട്ടരികിൽ ഒരു മണവാട്ടിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും എന്റെ സകല ശക്തിയും ഒലിച്ചു പോയി… എയ്ഞ്ചൽ.. അവൾ…. “!!
അവളായിരുന്നോ ജോണിന്റെ പെങ്ങൾ… ഈശ്വര… ഈ ജോലി എനിക്ക് വേണ്ടായിരുന്നു കൃഷ്ണ… എന്തൊരു പരീക്ഷണം…
കാലുകൾ നിലത്തുറഞ്ഞപോലെ ഞാൻ നിന്നു… കാറിൽ നിന്നും ഇറങ്ങി വരുന്ന മണവാളന്റെ മുഖത്തു നോക്കാതെ ഞാൻ താഴേക്കു നോക്കി നിന്നു…
“ഇത് ഭദ്ര.. ജോണിന്റെ വുഡ് ബി ആണ്… ”
അടികിട്ടിയപോലെ ഞാൻ മുഖമുയർത്തി തുറിച്ചു നോക്കുമ്പോൾ അതെ എന്ന മട്ടിൽ എന്റെ അമ്മയത് ചിരിച്ചു തള്ളുന്നു…
അല്ലേലും കാശുകണ്ടാൽ അമ്മയുടെ കണ്ണു മഞ്ഞളിക്കും എന്നെനിക്ക് പണ്ടേ മനസിലായതാണല്ലോ…
ജോൺ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നു നിന്നു…
നിന്ന നില്പിൽ ഭൂമി താഴേക്കു പതിച്ചെങ്കിൽ എന്ന് തോന്നിയ നിമിഷങ്ങൾ..
ആ നശിച്ച നിമിഷങ്ങളിൽ എപ്പോളോ ഞാൻ ആ മുഖത്തേക്ക് നോക്കിപോയി… കനലെരിയുന്ന പക ആളിക്കത്തുന്ന കണ്ണുകളോടെ എന്റെ ശിവ എന്നെ നോക്കുന്നുണ്ടായിരുന്നു…
ശിവ… ഞാൻ ഒന്നും അറിഞ്ഞിട്ടില്ല.. നീ എന്നെ ചതിച്ചാലും എനിക്ക് നിന്നെ മറക്കാനോ വെറുക്കാനോ കഴിയില്ല… എന്നെ ഒന്നു വിശ്വസിക്കു ശിവ… നിന്റെ ചുടു ചുംബനം ഏറ്റ ഈ അധരങ്ങളിൽ ഇനി ഒരിക്കലും മറ്റൊരാൾക്കായി മധു പടരില്ല.. എന്നെ വിശ്വാസിക്ക് ശിവ….
വാക്കുകൾ തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നു.. തനിക്കു ചുറ്റും നടക്കുന്ന നാടകങ്ങൾക്കിടയിൽ കഥയറിയാതെ ആട്ടം കാണുകയായിരുന്നു ഞാൻ..
തോളിൽ നനുത്ത ഒരു സ്പർശം ഏറ്റു തിരിഞ്ഞു നോക്കുമ്പോൾ ജീന…
“ജീന… ”
“ശ്രീ കൂൾ ഡൌൺ.. നമുക്ക് പരിഹാരം ഉണ്ടാക്കാം.. ഇപ്പൊ നീ തളരരുത്… ”
തുടരും…

by