രചന – അയിഷ അക്ബർ
മഹാദേവൻ അങ്ങോട്ട് കയറി വരുമ്പോൾ കാണുന്നത് അപരിചിതരായ ആളുകളെയായിരുന്നു….. എന്നാലവർക്കിടയിൽ മഹേഷിനെ മാത്രം അയാൾ തിരിച്ചറിഞ്ഞു…. അമ്മയുടെ കൈകളിലേക്ക് അവർ വെച്ചു കൊടുത്ത ഫോട്ടോയിൽ തന്റെ കണ്ണുകളുടക്കിയതും മഹാദേവനാകെ അസ്വസ്തനായത് മുഖത്ത് പ്രകടമായിരുന്നു….. ആ ഫോട്ടോകളിലേക്ക് കണ്ണും നട്ട് തന്റെയടുത്തേക്ക് വന്നതും അവർ അയാൾക്ക് നേരെ അത് നൽകി… അതിൽ പുഞ്ചിരിച്ചു നിൽക്കുന്നത് തന്റെ ലക്ഷ്മിയായിരുന്നു…. തനിക്കത്രയേറെ പ്രിയപെട്ടവൾ…. താൻ ഹൃദയത്തിൽ മകളുടെ സ്ഥാനം നൽകിയ അവളുടെ ഓരോ വളർച്ചയും ആ ചിത്രങ്ങൾക്ക് തനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു…. അവിടിരിക്കുന്ന ഓരോരുത്തരുടെയും കൂടെ പുഞ്ചിരി ച്ചു കൊണ്ട് നിൽക്കുന്നവൾ അയാളുടെ നെഞ്ചിലൊരു നീറ്റലായി….. അതൊരു തിരിച്ചറിവായിരുന്നു…. തന്റെ ലക്ഷ്മി ഇനിയില്ലെന്നുള്ള തിരിച്ചറിവ്….. അവൾ തോളിലൂടെ കയ്യിട്ട് നിൽക്കുന്ന ഒരാള് അവളുടെ അച്ഛനായിരിക്കുമെന്നയാളൂഹിച്ചു….. അയാളോട് വെറുതെ ഹൃദയം ഒരു അസൂയ പ്രകടിപ്പിക്കുന്നത് പോലെ…..
ദേവാ…. അമ്മയുടെ ആ വിളിയിലാണ് അയാൾ ഓർമകളെ കുടഞ്ഞെറിഞ്ഞത്…. അവർ വന്നത് അവളെ കൂട്ടിക്കൊണ്ട് പോകാനാണ്…. പറയുമ്പോൾ ആ വാക്കുകളിലെ വേദന അയാൾക്കറിയുന്നുണ്ടായിരുന്നെങ്കിലും മിഴികൾ പെയ്യാതെ അവർ പിടിച്ചു നിർത്തുകയാണെന്ന് അയാൾക്ക് തോന്നി….. അയാൾ അവിടെയിരിക്കുന്ന ഓരോരുത്തരിലേക്കും നോക്കി എല്ലാവരുടെയും കണ്ണുകളിൽ പ്രതീക്ഷ…. ലക്ഷ്… മീ…. വിളിക്കുമ്പോൾ അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു….. തന്റെ മകന്റെ നോവോരിക്കൽ കൂടെ കാണാൻ കഴിയാത്തത് കൊണ്ടാവണം അവരുടെ കണ്ണുകൾ ദൂരേക്ക് നീണ്ടു പോയത്….. മഹാദേവന്റെ ശബ്ദം കേട്ടതും അവളോടി വന്നു… നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ അവളുടെ വേദനയുടെ ആഴം അയാൾക് കാണിച്ചു കൊടുത്തിരുന്നു….
അവളെ തന്നെ നോക്കി നിൽക്കുന്ന അയാളുടെ നെഞ്ചിലേക്ക് വന്നവൾ ചാഞ്ഞത് അയാളോടും പ്രതീക്ഷിച്ചിരുന്നില്ല…. ഇരുകയ്കൾ കൊണ്ടും അയാളെ ചേർത്ത് പിടിച് കരയുമ്പോൾ അവളുടെ ഹൃദയത്തിന്റെ നോവയാളറിയുന്നുണ്ടായിരുന്നു…… എന്നെ പറഞ്ഞ് വിടല്ലേ ഡോക്ടർ….. എനിക്കെങ്ങോട്ടും പോകേണ്ട….. അവളുടെ കണ്ണുനീരിനിടയിൽ ആശ്വാസം പകരാനെന്ന പോൽ മഹദേവൻ അവളുടെ മുടിയിഴകളിലൂടെ തലോടുന്നുണ്ടായിരുന്നു….. ആ കാഴ്ച കണ്ട് അത്ഭുതതതോടെ നിൽക്കുകയായിരുന്നു ശാരതാമ്മ….. മോളേ….. അവർ എഴുന്നേറ്റ് നിന്ന് വിളിച്ചതും അവൾ മുഖമുയർത്തി അവരെ നോക്കി…. മുത്തശ്ശിയെയും നിനക്ക് വെറുത്തോ….. അവർ ദയനീയമായി അത് ചോദിക്കുമ്പോൾ മഹേഷ് ജയയുടെ മുഖത്തേക്ക് നോക്കി…..
തങ്ങളോടുള്ള അവളുടെ ദേഷ്യം ശാരതാമ ഇവരെ കൂടി അറിയിക്കുമോ എന്ന് കരുതിയാവണം അത്….. നിങ്ങളൊക്കെ ആരാ…. എന്തിനാ എന്നെ തേടി വന്നത് … നിങ്ങളുടെ സത്യ ഭാമ ഞാനല്ല…. ഞാൻ ലക്ഷ്മിയാണ്….. ഒന്ന് വിശ്വസിക്കു…….. അവൾ ശാരതാമ്മക്ക് നേരെ കൈകൂപ്പി നിന്നത് പറയുമ്പോൾ അവരുടെ മിഴികളിൽ നീർതുള്ളികൾ ഉരുണ്ട് കൂടി….. ഭാമേ…. യാത്ര ചെയ്യാൻ പ്രയാസമുണ്ടായിട്ട് കൂടി മുത്തശ്ശി വന്നത് നിന്നെ കൂടെ കൂട്ടാൻ വേണ്ടി മാത്രമാണ്….. ആരാണെന്നോ എന്താണെന്നോ അറിയാതെ ഇവിടെ നിന്നെ നിർത്തി പോകാൻ ഞങ്ങൾക്കാകില്ല….. മഹേഷ് അത്രയും പറയുമ്പോൾ വാക്കുകളിൽ അല്പം ഈർഷ്യം കലർന്നിരുന്നു…. അവൾ കൂടെ പോരാതിരിക്കാൻ വേണ്ടി അഭിനയിക്കുകയാണോയെന്ന് പോലും അവനൂഹിച്ചു….. അവന്റെ വാക്കുകൾക്കൊന്നും ചെവി കൊടുക്കാതെ അവൾ വീണ്ടും അകത്തേക്കൊടി…..
മഹാദേവൻ മുത്തശ്ശിക്കരികിലായിരുന്നു…. ആരോടും പെട്ടെന്ന് അടുപ്പം കാണിക്കാത്ത ഒരു കുട്ടിയായിരുന്നെന്റെ ഭാമ…… ആരോരുമല്ലാത്ത നിങ്ങളോട് അവളിത്ര പെട്ടെന്നെങ്ങനെ ഇണങ്ങിയെന്ന് എനിക്കറിയില്ല….. ശാരതാമ്മ അത് പറയുമ്പോൾ മഹാദേവൻ ദൂരേക്ക് നോക്കിയിരുന്നു…. അവളെ അവരുടെ കൂടെ വിടുകയല്ലാതെ മറ്റു മാർഗങ്ങളെതുമില്ലെന്ന് അയാൾക്കും മനസ്സിലായി…. അയാൾ പതിയേ അവളുടെയെടുത്തേക്ക് നടന്നു….. ലക്ഷ്മി….. മോളേ… അയാൾ പതിയേ വിളിച്ചു…. മുഖം കൈ കൊണ്ട് പൊത്തി കരയുകയായിരുന്ന അവൾ പതിയേ മുഖമുയർത്തി….. പോകാൻ പറയാനാണെങ്കിൽ ആരും എന്റടുത്തേക്ക് വരണ്ട…. നിങ്ങൾക്ക് ഞാനൊരു ബാധ്യതയാണെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം…. എന്നാലും ആരെന്നോ എന്തെന്നോ അറിയാത്ത അവരുടെ കൂടെ ഞാൻ പോകില്ല…… അവൾ തറപ്പിച്ചത് പറയുമ്പോൾ അവളുടെ ഓർമ്മകൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നയാൾ ആലോചിച്ചു….
അവരാണ് മോളേ നിന്റെ യഥാർത്ഥ രക്ത ബന്ധങ്ങൾ…. ആരും… ഒന്നുമല്ലാത്തത് ഞങ്ങളല്ലേ … അയാൾ പറഞ്ഞപ്പോഴേക്കും വിങ്ങി പൊട്ടിയിരുന്നു….. നിന്നെ ഇവിടെ നിന്നെന്നല്ല എവിടെ നിന്ന് കൊണ്ട് പോകാനുള്ള അവകാശവും അവർക്കുണ്ട്…. നിനക്കവരുടെ കൂടെ പോകുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല….. പറയുമ്പോൾ ആ മിഴികൾ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു…. ഭാമ പെട്ടെന്ന് കരച്ചിൽ നിർത്തി…. പോകേണ്ടത് അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാവും അവൾക്ക് മനസ്സ് തുറന്ന് കരയാൻ പോലും കഴിയാതെ അതെയിരിപ്പ് ഇരിക്കേണ്ടി വന്നത്…. ഇനിയൊരുപക്ഷെ നിനക്ക് ഓർമ്മകൾ തിരിച്ചു കിട്ടുന്ന നിമിഷം നിന്റെ ബന്ധങ്ങളിൽ നിന്ന് നിന്നെ അകറ്റിയതിനു നിനക്കെന്നോട് ദേഷ്യമുണ്ടാവില്ലേ…… അയാൾ കുസൃതിയോടെ അത് ചോദിക്കാൻ ശ്രമിക്കുമ്പോഴും ആ മിഴികൾ പെയ്യുന്നത് അവൾ കണ്ടിരുന്നു…. അവൾക്കൊന്നും മറുത്തു പറയാനുണ്ടായിരുന്നില്ല….
അവളുടെ സാധങ്ങളൊക്കെ ബാഗിലാക്കി കൊടുത്തത് മഹാദേവൻ തന്നെയായിരുന്നു….. അപ്പോഴും അവൾ നിർവികാരയായിരുന്നു….. അവളുടെ ബാഗ് മഹേഷ് വന്നു മഹാദേവന്റെ കയ്യിൽ നിന്നും വാങ്ങി….. അവളെ കെട്ടിപ്പിടിച്ചു യാത്രയാക്കുമ്പോൾ മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞത് മഹാദേവനെയും കൂടി ഓർത്തിട്ടായിരുന്നു…. അവളുടെ വേർപാടിന്റെ വേദനയിൽ വെന്തുരുകുന്ന അയാളെ കാണേണ്ടി വരില്ലെയെന്ന ഭയമായിരിക്കാം ആ മുഖത്ത് നിറഞ്ഞു നിന്നത്….. അവൾ പതിയേ മഹാദേവന്റെ അടുത്തേക്ക് നീങ്ങി…… അവൾക്ക് മുഖം കൊടുക്കാൻ അയാളുടെ നിറഞ്ഞ മിഴികൾക്കോട്ടും ഇഷ്ടമുണ്ടായിരുന്നില്ല…. ഞാൻ…. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…. നനഞ്ഞ അവളുടെ ചോദ്യത്തിന് അയാൾ പതിയേ തല കുലുക്കി…..
അടുത്ത ജന്മത്തിൽ ഞാൻ നിങ്ങളുടെ മകളായി ജനിച്ചോട്ടെ …. ആർക്കും പറിച്ചെടുക്കാൻ അവകാശമില്ലാതെ ഈ അച്ഛനോട് ചേർന്ന് ഞാൻ നിന്നോട്ടെ….. അവളുടെയാ ചോദ്യം അയാളെ പാടേ ഉരുക്കി തീർക്കാൻ കഴിവുള്ളതായിരുന്നു…. അയാൾ പെട്ടെന്ന് തന്നെ അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു…. ഇരുവരും കെട്ടിപ്പിടിച്ചു കരയുന്നത് കണ്ട് നിൽക്കുന്നവരിൽ കൂടി ഒരു നോവിനെയുണർത്തി…. അടുത്ത ജന്മത്തിലല്ല…. ഈ ജന്മം തന്നെ നീയെനിക്ക് മകളായി പിറന്നവളാണ്….. എന്റെ ഹൃദയം മകളെന്ന സ്ഥാനം നൽകിയത് നിനക്ക് മാത്രമാണ് ലക്ഷ്മി….. എന്നും നീ ഈ അച്ഛന്റെ ലക്ഷ്മി തന്നെയായിരിക്കും….. നിനക്ക് ഓർമ്മകൾ തിരിച്ചു കിട്ടിയിട്ട് നിനക്കവിടെ സന്തോഷമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും നിനക് ഞങ്ങളിലേക്ക് തിരിച്ചു വരാം…. ഈ വീടിന്റെ വാതിൽ ഒരിക്കലും നിനക്ക് മുമ്പിൽ അടയുകയില്ല…… അവളുടെ നെറുകെയിൽ ചേർത്ത് പിടിച് ചുംബിച്ചു കൊണ്ട് അവളുടെ കയ്യിലൊരു മാല നൽകി… അത്രയേറെ പ്രിയപ്പെട്ട ഒരാൾക്കായി കൊടുക്കാൻ ഞാൻ വർഷങ്ങൾക് മുന്നേ വാങ്ങി വെച്ചതാണ്… വിധി അതിനു സമ്മതിച്ചില്ല….
അതിനു ശേഷം അത്രയേറെ പ്രിയപ്പെട്ടതായി നീയാണെനിക്ക് പകരം വന്നിട്ടുള്ളത്…. മറന്ന് പോയ സന്തോഷങ്ങളെ തിരികെ തരാൻ…… ഇനി ഈ രണ്ട് പേരെ പോലെ മറ്റൊരാൾ വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല….. അവളാ മാലയിലേക്ക് നോക്കി…. പിന്നേ കയ്യിൽ ചുരുട്ടി പിടിച്ചു….. കാറിലേക്ക് കയറുമ്പോൾ അവൾ തിരിഞ്ഞു നോക്കിയില്ല….. ആർത്തലച്ചു പെയ്യുന്ന അവരുടെ ദുഖങ്ങളെ ബാക്കിയാക്കിയാണ് താൻ പോകുന്നതെന്ന് മനസ്സ് വീണ്ടും ഓർക്കാതിരിക്കാനായിരുന്നത്…… അവൾ കയ്യിൽ ചുരുട്ടി പിടിച്ച മാല കഴുത്തിലണിഞ്ഞു….. ജീവൻ രക്ഷിച്ച മാലാഖയിൽ നിന്നും ഹൃദയം അച്ഛനിലേക്ക് മാറ്റിയെടുത്ത ആ മനുഷ്യൻ തന്റെ കൂടെ എപ്പോഴുമുണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ….. അപ്പോഴും അവളുടെ ഹൃദയം തീചൂളയിലെന്ന പോൽ വെന്തുരുകുന്നുണ്ടായിരുന്നു……. (തുടരും ) Aysha Akbar

by