രചന – നിള നന്ദ
പെട്ടന്ന് എന്താ ശിവാ പറ്റിയത്..? ” അരവിന്ദ് ശിവന്റെ അടുത്തേക്ക് ദൃതിയിൽ വന്ന് ചോദിച്ചു. ” പേടിക്കാൻ മാത്രം ഒന്നും ഇല്ലെടാ… പെട്ടന്ന് ഒന്ന് തലചുറ്റി വീണു അത്രേ ഉള്ളൂ.. ” അരവിന്ദനെ സമാധാനിപ്പിക്കുമ്പോഴും ശിവന്റെ മനസ്സിൽ ബോധം മറയുന്നതിന് മുൻപ് നയന പറഞ്ഞ വാക്കുകൾ ആയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ ഡോർ തുറന്ന് പുറത്തിറങ്ങി. ” ഡോക്ടർ നയനക്ക്…? ” അരവിന്ദ് ചെയറിൽ നിന്ന് എഴുനേറ്റ് ഡോക്ടറുടെ അടുത്തേക്ക് ചെന്നു. പുറകെ ശിവനും. ” പേടിക്കാൻ ഒന്നും ഇല്ല… പെട്ടന്ന് എന്തോ കണ്ട ഷോക്കിൽ ആണ്. ഒരു ഡ്രിപ് ഇട്ടിട്ടുണ്ട്. കുറച്ച് കഴിയുമ്പോൾ കണ്ണ് തുറക്കും. കയറി കണ്ടോളൂ… ” ഡോക്ടർ അരവിന്ദന്റെ തോളിൽ ഒന്ന് തട്ടി പറഞ്ഞ് മുന്നോട്ട് നടന്നു. ശിവനും അരവിന്ദും അകത്തേക്ക് കയറിയപ്പോൾ നയന മയക്കത്തിൽ ആയിരുന്നു. അരവിന്ദ് അവളുടെ അടുത്തേക്ക് ചെന്ന് നെറുകയിൽ തലോടി. ഒരു ഏട്ടന്റെ സ്നേഹവും വാത്സല്യവും കരുതലും നിറഞ്ഞ തലോടൽ… ശിവൻ കട്ടിലിന്റെ സൈഡിൽ കിടന്നിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്ന് നയനയെ നോക്കി. നയനയ്ക്ക് പറഞ്ഞ് മുഴുവനാകാൻ കഴിയാതെ പോയ വാക്കുകൾ ആയിരുന്നു അപ്പോഴും അവന്റെ മനസ്സിൽ..
” നീ എന്താ ശിവാ ആലോചിക്കുന്നത്..? ” അരവിന്ദ് നയനയിൽ നിന്ന് മുഖം തിരിച്ച് ശിവനെ നോക്കി.. ” ഏയ്യ് ഒന്നും ഇല്ലെടാ ഞാൻ വെറുതെ… ദേവകിയമ്മയോടും രാമച്ഛനോടും ഒക്കെ പറഞ്ഞോ നീ…? ” ശിവൻ അത് ചോദിച്ചതും അവർ ഡോർ തുറന്ന് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു… ” എന്താ ശിവാ എന്റെ മോൾക്ക് പറ്റിയത്..? ” ദേവകി ശിവന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.. ” പേടിക്കാൻ മാത്രം ഒന്നും ഇല്ലെന്റെ ദേവകിയമ്മേ അവളൊന്ന് തലചുറ്റി വീണതാ… ” ശിവന്റെ മറുപടി കേട്ടതും നിറഞ്ഞു വന്ന കണ്ണ് തുടച്ച് ദേവകി നയനയ്ക്ക് അരികിൽ ചെന്നിരുന്ന് അവളുടെ വലം കൈ എടുത്ത് തന്റെ കൈക്കുള്ളിലാക്കി… ജന്മം കൊണ്ടല്ലെങ്കിലും തന്റെ മകളായവൾ.. ഉള്ളിൽ ആളിക്കത്തിയിരുന്ന തീയെ തല്ലി കെടുത്തിയവൾ… നഷ്ടപ്പെട്ടെന്ന് കരുതിയ പലതും തനിക്ക് തിരികെ കിട്ടാൻ കാരണം ആയവൾ… നിഷ്കളങ്കമായ സ്നേഹം കൊണ്ട് തന്റെ ഹൃദയത്തിന്റെ ഭാഗമായവൾ… ഓരോന്ന് ഓർക്കും തോറും ദേവകിയുടെ കണ്ണ് വീണ്ടും നിറഞ്ഞു… ” എന്താ അമ്മേ ഇത്.. നയനയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞില്ലേ.. പിന്നെന്തിനാ ഇങ്ങനെ കരയുന്നത്..” മഹി ദേവകിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു.
” എന്റെ കുട്ടിക്ക് എന്തെങ്കിലും വന്നാൽ എനിക്കത് സഹിക്കാൻ പറ്റില്ല.. ഒരുപാട് വേദന സഹിച്ചതാ എന്റെ മോള്.. ” ഇനിയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നിട്ടും ദേവകിക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല.. ” ദേവി.. താൻ ഇങ്ങനെ കരയാതെ. മോൾക്ക് ഒന്നും ഇല്ലല്ലോ.. താൻ കരഞ്ഞതെങ്ങാനും മോള് എണീക്കുമ്പോൾ അറിഞ്ഞാൽ അവൾക്ക് വിഷമം ആവും.. വന്നേ നമുക്ക് അപ്പുറത്തേക്ക് പോവാം. ” രാമനാഥൻ വന്ന് ദേവകിയെ എഴുന്നേൽപ്പിച്ചു. നയനയെ ഒന്നൂടെ തിരിഞ്ഞ് നോക്കി പുറത്തേക്ക് പോയി. ദേവകി പോയതും മീനു നയനയുടെ അരികിൽ വന്നിരുന്നു… ” അടുത്ത റൗണ്ട് കരച്ചിലിന് ഉള്ളതും ആയിട്ടാണോ മോള് ഇവിടെ ഇരിക്കുന്നത്.. ” അരവിന്ദ് മീനുവിനെ നോക്കി. തിരികെ അവനെ നോക്കി അവളൊന്ന് ചിരിച്ചു. ” ഞാൻ കരഞ്ഞിട്ടുണ്ട് ഏട്ടാ ഒരുപാട്… ഒരു അനാഥയായി പോയതോർത്… വരില്ലെന്ന് അറിയാമായിരുന്നിട്ടും ആരെയൊക്കെയോ പ്രതീക്ഷിച്ച് വേദനിച്ചതോർത്… അപ്പോഴൊക്കെ കരയാതിരിക്കാൻ എന്നെ ശീലിപ്പിച്ചത് എന്റെ നയന ആണ്.. ഒരു കൂടപ്പിറപ്പായി ചേർത്ത് പിടിച്ച്. ” മീനുവിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ” നയന എങ്ങനെ ആയിരുന്നു…?
” ശിവനാണ് ചോദിച്ചതെങ്കിലും അരവിന്ദനും മഹിയും ഒരുപോലെ ഉത്തരത്തിനായി കാതോർത്തു. ” ആരോരും ഇല്ലാത്തതിൽ ഞാനടക്കം അവിടെ പലരും വേദനിച്ചിട്ടുണ്ട്. ആരെങ്കിലും അനേഷിച്ച് വന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ നയനയെ ഒരിക്കലും അങ്ങനൊരു അവസ്ഥയിൽ ഞങ്ങൾ ആരും കണ്ടിട്ടില്ല. എനിക്കത് ഭയങ്കര അതിശയം തന്നെ ആയിരുന്നു. ഓർഫനേജിലുള്ള എല്ലാവരുമായി അവൾ നല്ല അടുപ്പം ആയിരുന്നു. എങ്കിലും അധികം ഒന്നും സംസാരിക്കില്ലായിരുന്നു. എഴുത്തും വായനയും ഒക്കെയായിരുന്നു അവളുടെ ലോകം. കുറച്ച് നേരം അവളുടെ ഒപ്പം ചിലവിട്ടാൽ നമുക്ക് പെട്ടന്ന് ഇഷ്ട്ടപെട്ടു പോവും.. അത്രേം പാവം ആണ് അവൾ. ജോലി കിട്ടി അവൾ എറണാകുളത്തേക്ക് പോയപ്പോൾ വല്ലാതെ ഒറ്റപെട്ട പോലെ തോന്നിയിരുന്നു എനിക്ക്… ” മീനു പറഞ്ഞ് നിർത്തിയതും ശിവൻ നയനയുടെ മുഖത്തേക്ക് ഒന്ന് നോക്കി. മീനു പറഞ്ഞ് കേട്ട നയനയും തനിക്ക് അറിയാവുന്ന നയനയും രണ്ടാണെന്ന് അവനോർത്തു… ശിവൻ മീനുവിനോട് എന്തോ ചോദിക്കാൻ തുടങ്ങിയതും മദർ അങ്ങോട്ട് വന്നു.
” മീനു… അധിക നേരം ഇവിടെ ഇരിക്കണ്ട. പോയി റസ്റ്റ് എടുത്തോ… നയനയുടെ അടുത്ത് ഞാൻ ഇരുന്നോളാം. അവളുണർന്നാൽ പിന്നെ പരിചയം ഇല്ലാത്ത എന്നെ അടുത്ത് കണ്ടാൽ ചോദ്യം ആവില്ലേ.. അത് വരെയെങ്കിലും എനിക്ക് അടുത്ത് ഇരിക്കാലോ… ” മദറിന്റെ വേദനയ്ക്ക് മുന്നിൽ ഒന്നും പറയാനാവാതെ എല്ലാവരും മൗനം പാലിച്ചു ” മദർ കുറച്ച് നേരം നയനയുടെ അടുത്ത് ഇരുന്നോട്ടെ. നമുക്ക് ലച്ചു മോൾടെ റൂമിൽ പോവാം.. ” അരവിന്ദിന്റെ അഭിപ്രായത്തോട് യോചിച്ച് എല്ലാവരും റൂമിൽ നിന്ന് ഇറങ്ങി.. പോകും വഴിക്ക് ശിവൻ നയനയെ ഒന്ന് നോക്കാൻ മറന്നില്ല. നയനയുടെ അടുത്തിരിക്കുമ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് ജനിച്ച് മൂന്നാല് ദിവസം മാത്രം പ്രായം ഉള്ള ഒരു കുഞ്ഞനെ കിട്ടിയ ദിവസം മദറിന്റെ ഓർമയിൽ തെളിഞ്ഞു.. ശാന്തമായി ഉറങ്ങുകയായിരുന്നു ആ കുഞ്ഞ്.. നയനയുടെ മുഖത്ത് ഇപ്പോഴും ആ ശാന്തതയും നിഷ്കളങ്കതയും അത് പോലെത്തന്നെ ഉണ്ടെന്ന് മദറിന് തോന്നി… ” ഒരു ഗതിയും ഇല്ലാത്ത തന്തയും തള്ളയും ആരെന്ന് അറിയാത്ത നിന്നെ പോലൊരുത്തിയെ കെട്ടാൻ മാത്രം മണ്ടനല്ലടി ഞാൻ.
” മയങ്ങി കിടന്നിരുന്ന നയനയുടെ ഓർമകളിൽ ദേവിന്റെ വാക്കുകൾ കടന്ന് വന്നു.. പിന്നീടുള്ള ഓരോന്നും അവളോർക്കുമ്പോൾ അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവമാറ്റങ്ങൾ മദറിനെ ആശങ്കയിലാക്കി.. ” നോ… ” ഒരു ഞെട്ടലോടെ അവൾ എഴുന്നേറ്റിരുന്നു.. ദേവ് അവളെ കീഴ്പ്പെടുത്തുന്നത് ഓർത്തപ്പോൾ സങ്കടം കൊണ്ടവൾ മുഖം ഒരുവശത്തേക്ക് തിരിച്ച് കണ്ണുകൾ ഇറുക്കിയടച്ചു.. ” എന്ത് പറ്റി മോളെ…? ” മദർ നയനയുടെ തോളിൽ കൈ വെച്ച് പതിയെ ചോദിച്ചു… ” മദർ..” തിരിഞ്ഞ് നോക്കിയ അവൾ മദറിനെ കണ്ടതും ആശ്വാസത്തോടെ കെട്ടിപ്പിച്ച് കരഞ്ഞു. ആ വിളി കേട്ടതും മദർ ഒന്ന് ഞെട്ടി. ” മദർ… അവൻ… അവൻ എന്നെ… ഞാൻ അവനെ ഒരുപാട് സ്നേഹിച്ചതാണ്. ഒരുപാട് വിശ്വസിച്ചതാണ്. എന്നിട്ടും അവൻ എന്നെ ചതിച്ചു. എന്നെ അവൻ….. ” പൂർത്തിയാകാൻ കഴിയാതെ തേങ്ങലോടെ അവൾ മദറിനെ ഒന്നൂടെ ഇറുക്കി പിടിച്ചു. മദർ ഇതെല്ലാം കേട്ട് ഞെട്ടലോടെ നയനയെ അടർത്തി മാറ്റി.
” എന്തൊക്കെയാ മോളെ ഈ പറയുന്നത്..? നിനക്ക് എന്താ പറ്റിയത്..? ” മദറിന്റെ ചോദ്യത്തിന് മുന്നിൽ ഒരുനിമിഷം ഉത്തരം ഇല്ലാതെ അവൾ മൗനം പാലിച്ചു. ” നിന്നോടാ ചോദിച്ചത് എന്താ ഉണ്ടായതെന്ന്.. ” മദറിന്റെ ശബ്‌ദം ഉയർന്നതും അവൾ ഒന്ന് ഞെട്ടി. നിറഞ്ഞ് തൂവിയ കണ്ണുകൾ തുടച്ച് ഇടർച്ചയോടെ അവൾ ഉണ്ടായതെല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മദർ തളർച്ചയോടെ നയനക്കരികിൽ ഇരുന്നു… ” അവിടന്ന് രക്ഷപെട്ട് പോരുന്ന വഴിക്കാ എനിക്ക് ആക്‌സിഡന്റ് പറ്റിയത്…. പിന്നെ എങ്ങനെയാ ഇവിടെ എത്തിയതെന്ന് എനിക്ക് അറിയില്ല…” തലയ്ക്കകത്ത് ഒരു ഭാരം തോന്നുന്നത് പോലെ തോന്നി അവൾ തലയ്ക്ക് പിന്നിൽ കൈ വെച്ചു… ” മോളെ ആ ആക്‌സിഡന്റ് കഴിഞ്ഞിട്ട് ഇപ്പൊ രണ്ട് മാസത്തിലും മേലെ ആയി.. ” മദർ പറഞ്ഞത് കേട്ട് നയന ഒന്ന് ഞെട്ടി. ” രണ്ട് മാസമോ…? അപ്പൊ ഇത്രയും നാൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നോ..? ” വിശ്വാസം വരാതെ അവൾ മദറിനെ നോക്കി. ” അല്ല… ” ” പിന്നെ..? ” നയനയുടെ സംശയം ഓരോന്നായി മദർ തീർത്ത് കൊടുത്തു… ഓർമ്മകളിൽ ഒന്നും ഇല്ലാത്ത ദേവകിയെയും അരവിന്ദനെയും ശിവനെയും ഒക്കെ മദറിന്റെ വാക്കുകളിൽ നിന്നവൾ അറിഞ്ഞു.
” നിന്നോടുള്ള സ്നേഹം കൊണ്ടാ അരവിന്ദ് മീനുവിന്റെ ഓപ്പറേഷന് ഉള്ള പണം തന്നത്. മോളെ കാണാൻ അവിടെ വന്നപ്പോഴാ ഞാൻ അവരുടെ ലച്ചുവിന്റെ ഫോട്ടോ കണ്ടത്… അത്… അത് നമ്മുടെ മീനു ആയിരുന്നു.. ” മദർ പറഞ്ഞ് നിർത്തിയതും നയനയുടെ കണ്ണുകൾ വിടർന്നു. മീനുവിന് അവളുടെ വീട്ടുകാരെ തിരികെ കിട്ടിയത് ആ അവസ്ഥയിലും അവളിൽ സന്തോഷം നിറച്ചു. ” പക്ഷേ മദർ ഇവരെ ആരെയും എനിക്ക് ഓർമ ഇല്ല… ദേവ്… അവന്റെ നാശം മാത്രേ ഇപ്പൊ എന്റെ മനസ്സിൽ ഉള്ളൂ… ” എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെയായിരുന്നു അവളുടെ വാക്കുകൾ. ” അതിന് നീ അവന്റെ മുന്നിൽ ചെന്ന് നിന്ന് കൊടുക്കാൻ പോവണോ… തൽക്കാലത്തേക്ക് അവൻ അറിയാതെ മാറി നിലക്കാണ് വേണ്ടത്. അതിന് പറ്റിയ ഇടം നീ അരവിന്ദന്റെ വീട് തന്നെയാണ്. നിന്നെ ചതിച്ചവനെ വെറുതെ വിടണം എന്നല്ല. അതിന് പറ്റിയ സമയം ഇതല്ല.. ” ” പക്ഷേ മദർ… ഞാൻ എങ്ങനെ എനിക്ക് ഒരു പരിചയവും ഇല്ലാത്തവരുടെ കൂടെ.. ” ” മോളെ അവരൊക്കെ നല്ല ആളുകൾ ആണ്. മോൾക്ക് അതിനേക്കാൾ താമസിക്കാൻ അതിനേക്കാൾ നല്ലൊരിടം വേറെ കിട്ടില്ല. ഇനി ആണെങ്കിൽ മീനുവും കൂടെ ഉണ്ടാവില്ലേ..തൽക്കാലത്തേക്ക് മോൾക്ക് ഓർമ്മ വന്ന കാര്യം അവരാരും അറിയണ്ട.. ” മദർ പറഞ്ഞത് കേട്ടപ്പോൾ അത് ശരിയാണെന്ന് അവൾക്കും തോന്നി. എന്നാൽ എന്തോ ഒന്ന് അവളെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു…. ………………………..
” അച്ചു.. എനിക്ക് നാളെ സ്കൂളിൽ ഒരു മീറ്റിംഗ് ഉണ്ട്. പോവാതിരിക്കാൻ പറ്റില്ല.. ” മീനുവിന്റെ റൂമിൽ ഇരിക്കുന്ന നേരത്ത് ശിവൻ അരവിന്ദന്റെ അടുത്ത് പറഞ്ഞു. ” എന്നാ നീ പൊയ്ക്കോ ശിവാ… കൂടെ അച്ഛനെയും മഹിയെയും കൊണ്ട് പൊയ്ക്കോ. അച്ഛൻ ഇവിടെ നിന്നാൽ ശരിയാവില്ല. മറ്റന്നാൾ ലച്ചുവിനെ ഡിസ്ചാർജ് ചെയ്യും ഞാനും അമ്മയും ലച്ചുവിനെയും നയനയെയും കൂട്ടിട്ട് അന്ന് വരാം.. ” അരവിന്ദ് പറഞ്ഞപ്പോൾ ശിവനൊന്ന് മൂളി.. ” ഞാൻ ഒന്ന് നയനയെ കണ്ടിട്ട് വരാം.. ” ശിവൻ പുറത്തിറങ്ങി നയനയുടെ റൂം ലക്ഷ്യമാക്കി നടന്നു.. ശിവൻ ചെല്ലുമ്പോൾ നയന കണ്ണടച്ച് കിടക്കുകയായിരുന്നു. റൂമിൽ മദർ ഉണ്ടായിരുന്നില്ല. ശിവൻ നയനയുടെ അടുത്ത് ചെന്ന് വിരലുകളിൽ സ്പർശിച്ചു… നയന പെട്ടന്ന് ഞെട്ടലോടെ കണ്ണ് തുറന്നു.. തന്റെ മുന്നിൽ നിൽക്കുന്നത് ആരാണെന്ന് അറിയാതെ അവൾ സൂക്ഷിച്ച് നോക്കി.. ” താൻ ഉണർന്ന് കിടക്കുകയായിരുന്നോ… ഇപ്പൊ എങ്ങനെ ഉണ്ട്..? ” ” കുഴപ്പം ഒന്നും ഇല്ല.. ഒക്കെ ആണ്.. ” മദർ പറഞ്ഞ കൂട്ടത്തിലെ തന്നെ അറിയുന്ന ആരോ ആണ് അതെന്ന തോന്നലിൽ അവൾ ശിവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.
” ഞാനും രമച്ഛനും മഹിയും വീട്ടിലേക്ക് പോവാ… ലച്ചുവിനെ ഡിസ്ചാർജ് ചെയ്യുമ്പോൾ താൻ അച്ചുവിന്റെ ദേവകിയമ്മയുടെയും ഒപ്പം വന്നാൽ മതി. റസ്റ്റ് എടുത്തോളൂ.. ” ശിവൻ അത് പറഞ്ഞപ്പോൾ അവളൊന്ന് തലയാട്ടി… പിന്നെ ഒന്നും പറയാൻ നിൽക്കാതെ ശിവൻ അവിടന്ന് പോയി. ശിവൻ അകന്ന് പോവുന്നത് അനുസരിച്ച് നയനയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.. അത്രമേൽ വേണ്ടപ്പെട്ട ആരോ അകന്ന് പോവുമ്പോൾ ഉള്ള ഒരു വേദന….. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് അന്ന് മുഴുവൻ നയന അവിടെ കിടന്നു.. അതിനിടയിൽ ദേവകിയും അരവിന്ദും ആയി നയന അടുത്തിരുന്നു… അത് വരെ ഉണ്ടായിരുന്ന അപരിചിതത്വം പകുതിയും മാറി കിട്ടി.. മീനുവിനെ കാണുമ്പോൾ ഓടി ചെന്ന് ചേർത്ത് പിടിക്കാനും തന്റെ സങ്കടം എല്ലാം പറയാൻ അവൾ കൊതിച്ചെങ്കിലും അവൾ തനിക്കിപ്പോൾ ലച്ചു ആണെന്ന ഓർമ്മ അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു… പിറ്റേന്ന് മീനുവുനെ ഡിസ്ചാർജ് ആയി.. അവരുടെ കൂടെ തിരികെ പോകാൻ നേരത്ത് നയനക്ക് എന്തോ അസ്വസ്ഥത തോന്നി. ചെയ്യുന്നത് തെറ്റാണെന്ന ചിന്ത അവളെ അലട്ടിക്കൊണ്ടിരുന്നു…
” എന്താ മോളെ ആലോചിക്കുന്നത് സമാധാനമായി പൊയ്ക്കോ ഒന്നും ഉണ്ടാവില്ല.” പോവാൻ നിൽക്കുന്ന നേരത്ത് മദർ നയനയോട് പറഞ്ഞു. ” അവിടെ ഉണ്ടായിരുന്നപ്പോൾ ഉള്ളതൊന്നും എനിക്ക് ഓർമ്മ ഇല്ല മദർ.. ഈ അവസരത്തിൽ ഞാൻ അങ്ങോട്ട് പോയാൽ .. എനിക്ക് എന്തോ അത് ശരിയായി തോന്നുന്നില്ല.. ” നയന നിസ്സഹായതയോടെ പറഞ്ഞു. “മോളെ ഞാൻ എല്ലാം നിന്നോട് പറഞ്ഞത് അല്ലേ.. ഇപ്പൊ ഇതല്ലാതെ വേറെ വഴി ഇല്ല. ആ ദേവ് ഇപ്പൊ മോളെ അനേഷിക്കുന്നുണ്ടാവും. ഓർഫനേജിനെ പറ്റി അവന് അറിയുന്ന കാരണം മോൾ അവിടെ എത്തിയാൽ അവൻ അറിയും.. അരവിന്ദന്റെ വീട്ടിൽ ആവുമ്പോൾ മോൾ സേഫ് ആണ്. ബാക്കിയൊക്കെ നമുക്ക് ആലോചിക്കാം.. ” മദർ നയനയെ ചേർത്ത് പിടിച്ചു. ഓർത്തപ്പോൾ മദർ പറഞ്ഞത് ശരിയാണെന്നു അവൾക്കും തോന്നി. എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്ന ചിന്തയിൽ അവൾ അരവിന്ദന്റെ ഒപ്പം കാറിൽ കയറി. ആരിൽ നിന്നാണോ ഒളിക്കാൻ ശ്രെമിക്കുന്നത് അവന്റെ അടുത്തേക്ക് ആണ് പോവുന്നതെന്ന് അറിയാതെ.. (തുടരും ) ബാക്കി വൈന്നേരം.. 🙂

by