19/04/2026

മയിൽപ്പീലി : ഭാഗം 46

രചന – നെച്ചു നസ്രിൻ

ബസിന്റെ വിൻഡോ സീറ്റിൽ ജനൽ കമ്പിയിലേക്ക് തല ചേർത്ത് പീലിയിരുന്നു.തണുത്ത കാറ്റ് അവളുടെ മുടിയിഴകളിൽ തട്ടി മുഖത്തേക്കടിച്ചു.നേരം വെളുത്തു വരുന്നതേയുള്ളൂ. പ്രാണൻ വിട്ട് പിരിയുന്ന വേദനയോടെ അവളാ വീടിന്റെ പടി ഇറങ്ങുമ്പോൾ ഇരുട്ടായിരുന്നു.മുന്നിൽ കണ്ട ഏതോ ബസിലേക്കവൾ മറ്റൊന്നും ചിന്തിക്കാതെ കയറി. കണ്ണ് നിറഞ്ഞൊഴുകുന്നതും ബസ് ഒരുപാട് ദൂരങ്ങൾ താണ്ടുന്നതും അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു. സൂരജേട്ടനോടും തന്നെ അത്രയേറെ സ്നേഹിക്കുന്ന അച്ഛനോടും അമ്മയോടുമൊക്കെ താൻ ചെയ്യുന്നത് പൊറുക്കാനാകാത്ത തെറ്റ് തന്നെയാണെന്നറിയാം. പക്ഷേ തന്റെ മുൻപിലിപ്പോൾ ഇതൊക്കെയാണ് ശെരികൾ.

അവൾക്ക് മുൻപിൽ അന്ന് രാത്രിയിലെ സംഭവങ്ങൾ ഒരു തിരശീലയിലെന്ന പോലെ തെളിഞ്ഞു. സൂരജിനൊപ്പം പോയ ഐദൻ കുറെ നേരം കഴിഞ്ഞ് മടങ്ങി വന്നു. പീലി പകപ്പോടെ ഇരുന്നിടത്ത് നിന്നെണീറ്റു. അവൻ രൂക്ഷമായി പീലിയെ നോക്കി. അവൾക്കവന്റെ മുൻപിൽ നിൽക്കാൻ ഭയം തോന്നി. കൊല്ലാനും മടിക്കില്ല. കൊന്നോട്ടെ പക്ഷേ സൂരജേട്ടനെ ഒന്നും ചെയ്യാതിരുന്നാൽ മതി. ഐദൻ പീലിയെ തന്നെ നോക്കി.തന്റെ അന്നയുടെ അത്ര പോലും ഭംഗി ഇവൾക്കില്ല. പണവുമില്ല. പിന്നെ എന്തിനാണ് സൂരജ് ഇവളെ മാത്രം മതിയെന്ന് പറഞ്ഞു നടക്കുന്നതെന്ന് അവൻ ആലോചിച്ചു.

” നിന്നെ വീട്ടിലെത്തിക്കണമെന്ന് മാത്രമാണ് സൂരജിന് പറയാനുള്ളത്. അവനത്രയും പറയുമ്പോൾ ഞാനത് ചെയ്യണ്ടേ. അതല്ലേ മര്യാദ. നിന്നെ വീട്ടിലെത്തിക്കാം. പക്ഷേ അതിന് മുൻപ് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട് “.

” എന്നോടെന്തു കാര്യമാണ് പറയാനുള്ളത്”?.

” സൂരജ് ഇപ്പോ എവിടെയാണെന്ന് നിനക്കറിയുമോ. അവനിപ്പോൾ ഹോസ്പിറ്റലിൽ ആണ് “.

” അയ്യോ സൂരജേട്ടന് എന്ത് പറ്റി. നിങ്ങളദ്ദേഹത്തെ എന്താണ് ചെയ്തത്? “.

പീലി ഐദനെ ഷർട്ടിൽ പിടിച്ചുലച്ചു. ഐദൻ പരിഹാസത്തോടെ അവളുടെ പിടുത്തം വിടുവിച്ചു.

” അവനെ ഞാനിത് വരെ ഒന്നും ചെയ്തിട്ടില്ല. എന്ന് വെച്ച് ഇനിയൊന്നും ചെയ്യില്ലെന്നൊരു അർത്ഥമില്ലതിന് .അന്ന ഇപ്പോ ഹോസ്പിറ്റലിൽ ആണ്. അവളുടെ സ്നേഹം കാണാതെ പോയതിനു അവൾ സ്വയം ശിക്ഷിച്ചതാണ്. നിങ്ങളെല്ലാം ചേർന്നവളെ കൊല്ലാൻ ശ്രമിച്ചു എന്ന് വേണം പറയാൻ “.

” എല്ലാത്തിനും കാരണം നീയാണ്. നീ സൂരജിന്റെ ലൈഫിൽ വന്നില്ലായിരുന്നുവെങ്കിൽ എന്റെ അന്നയെ അവൻ സ്വീകരിച്ചേനെ. എല്ലാം തകർത്തെറിഞ്ഞപ്പോൾ നിനക്ക് സമാധാനം ആയല്ലോ. എന്റെ കൊച്ചിന്റെ മനസ് വേദനിപ്പിച്ചവരെ ആരെയും ഞാൻ വെറുതെ വിട്ടിട്ടില്ല. കൊന്ന് കളയാനും എനിക്കൊരു മടിയുമില്ല”.

” സർ ഞങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല”.

” മിണ്ടരുത് നീ. എന്റെ അന്നയുടെ അവസ്ഥ അവൻ കാണാൻ വേണ്ടിയാണു അവനെ ഞാൻ അവളുടെ അടുത്തേക്ക് കൂട്ടികൊണ്ട് പോയത്. അവനൊരിക്കലും ഇനിയൊരു മടക്കമുണ്ടാകില്ല. അവൻ അവൾക്കുള്ളതാണ്. അതിനൊരു തടസമുണ്ടാകാനും ഞാൻ സമ്മതിക്കില്ല. ഇപ്പോഴത്തെ തടസം നീയാണ്. നീയിനി അവന്റെ ലൈഫിൽ ഉണ്ടാകാൻ പാടില്ല”.

പീലിയുടെ നെഞ്ചിൻകൂടിൽ വല്ലാത്ത വേദന നിറഞ്ഞു. സൂരജേട്ടൻ ഇല്ലാതെ തനിക്കെങ്ങനെ ജീവിക്കാനാകും. ഞാനാണോ അവർക്കിടയിലെ തടസ്സം?. ഞാനില്ലാതായാൽ അവർ ഒന്നിച്ച് ജീവിക്കുമോ?. അവൾ താലിയിൽ മുറുക്കെ പിടിച്ചു. ഐദൻ വീണ്ടും അവൾക് മുന്നിലേക്ക് വന്നു.

” എന്നെ കൊന്നേക്ക് സർ. ഞാനാണ് അവർക്കിടയിൽ തടസ്സമെങ്കിൽ ഇപ്പോ തന്നെ എന്നെ കൊന്നോളൂ “.

” നിന്നെ കൊല്ലാൻ ഞാനിത് വരെ ചിന്തിച്ചിട്ടില്ല. പകരം നീ തന്നെ അവരുടെ ലൈഫിൽ നിന്ന് ഒഴിഞ്ഞു മാറണം. എത്ര പണം വേണമെങ്കിലും ഞാൻ തരാം. ദൂരെ എവിടെയെങ്കിലും പോയി ആരും അറിയാതെ നിനക്ക് സുഖമായി ജീവിക്കാം. യു കെ, യു എസ്, എവിടെയാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി “.

പീലിയുടെ മുഖത്ത് നിറഞ്ഞ പുച്ഛം ഐദൻ മനസിലാക്കി.

” സർ. എനിക്ക് നിങ്ങളോടിപ്പോൾ സഹതാപമാണ് തോന്നുന്നത്. എന്നെ കൊന്നേക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല. എനിക്ക് സൂരജേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്റെ ഭർത്താവാണ്. അത് ഉപേക്ഷിച്ചു പോകുന്ന എനിക്കെന്തിനാണ് സർ നിങ്ങളുടെ പണം. ഒരു കാര്യം ഞാൻ പറയാം ഞാൻ ഈ ലോകത്ത് നിന്ന് പോയാൽ പോലും സൂരജേട്ടൻ എന്നെ മറന്ന് ജീവിക്കില്ല.ഞാനാണ് അവർക്കിടയിലെ തടസമെന്ന് നിങ്ങൾ പറഞ്ഞില്ലേ , ഇനി നിങ്ങൾ എന്ത് തന്നെ ചെയ്താലും സൂരജേട്ടന്റെ ജീവിതത്തിൽ എന്നെയല്ലാതെ മറ്റാരെയും അദ്ദേഹം സ്നേഹിക്കില്ല. ഈ താലിയിലും പ്രണയത്തിലുമുള്ള എന്റെ വിശ്വാസമാണത് “.

ഐദൻ കോപം കൊണ്ട് ജ്വലിച്ചു. ഒരു പീറ പെണ്ണ് തന്നെ പുച്ഛിച്ചു തനിക്ക് മുന്നിൽ ഞെളിഞ്ഞു നിന്ന് സംസാരിക്കുന്നു. അവൻ പീലിയുടെ കവിളിൽ കുത്തിപിടിച്ചു.

” പന്ന %&₹*&&&₹** മോളെ. നീയിപ്പോൾ എന്റെ മുന്നിലിങ്ങനെ നിൽക്കുന്നത് എന്റെ കരുണകൊണ്ട് മാത്രമാണ്. നിന്നെ സൂരജിൽ നിന്നകറ്റാൻ എനിക്കാകുമെന്ന് ഞാൻ കാണിച്ചു തരാം. പണം വേണ്ടെന്ന് വെച്ചതൊക്കെ സമ്മതിച്ചു പക്ഷേ അടവ് കാണിച്ചു വീണ്ടും കടിച്ച് തൂങ്ങാമെന്ന് നീ കരുതേണ്ട. എന്റെ പെങ്ങളെ നോവിച്ചവന്റെ പെങ്ങളെ തിരിച്ച് നോവിക്കാനും എനിക്കറിയാം. ബാംഗ്ലൂരിൽ അവളെവിടാണ് താമസമെന്നും എവിടെയൊക്കെ പോകുന്നുണ്ടെന്നും എനിക്കിവിടിരുന്നു കൊണ്ട് തന്നെ അറിയാം. എന്നെ എതിർക്കാനാണ് ഉദ്ദേശമെങ്കിൽ നിന്നെ ഞാനൊന്നും ചെയ്യില്ല. പക്ഷേ നീ കാരണം അനുഭവിക്കാൻ പോകുന്നത് നിനക്ക് ചുറ്റിനുമുള്ളവരായിരിക്കും. നിന്റെ ജീവനും ജീവിതവുമായ സൂരജിന് അച്ഛനെയും അമ്മയെയും പെങ്ങളെയും എല്ലാവരെയും നഷ്ടമാകും. നീ ശെരിക്കും ആലോചിക്ക് അത് വേണോ വേണ്ടയോ എന്ന്”.

പീലിക്ക് എന്ത് ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അവളുടെ മുന്നിൽ അമ്മയും അച്ഛനും തീർത്ഥയും സൂരജും കടന്നു വന്നു. അപ്പോളേക്കും അവളെ തിരികെ വീട്ടിലാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നിരുന്നു. കാറിലേക്ക് കയറിയ പീലിയെ ഐദൻ നോക്കി. അവൻ ചൂണ്ട് വിരൽ അവന്റെ നെറ്റിയുടെ വലത് വശത്തേക്ക് തട്ടി അവളെ കാണിച്ചു. ചിന്തിച്ചൊരു മറുപടിയായിരുന്നു അവനാവശ്യം. അതൊരിക്കലും പറ്റില്ല എന്നാകരുതെന്നും അവന് നിർബന്ധമുണ്ടായിരുന്നു.

വീട്ടിലെത്തി ഇതൊന്നും ആരോടും പറയാതെ അവൾ ഉള്ളിലൊതുക്കി. അവൾ വീട് വീട്ടിറങ്ങിയാൽ മാത്രമേ സൂരജിനെ തിരികെ വിടൂ എന്ന് ഐദൻ പറഞ്ഞിരുന്നു. അവസാനമായി ഭദ്രയുടെ മടിയിൽ അവൾ മതിവരുവോളം കിടന്നു. അന്ന് രാത്രി അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. ഈ വീട്ടിലേക്ക് വന്നതിനു ശേഷമാണു താൻ സന്തോഷം എന്താണെന്നറിഞ്ഞത്. മനസ് തുറന്ന് ചിരിച്ചത്. പ്രണയമെന്താണെന്ന് അറിഞ്ഞത്. ജീവിക്കാൻ ഒരു പ്രേരണ ഉണ്ടായത് പോലും ഇവിടെ വന്നതിനു ശേഷമാണു. ആ ഭാഗ്യമാണ് തനിക് നഷ്ടമാകാൻ പോകുന്നത്. അവൾ ചങ്ക് പൊട്ടി നിലവിളിച്ചു. സൂരജിന്റെ ഒരു ഫോട്ടോയും അവൻ അണിയിച്ച താലിയും മാത്രം കയ്യിലെടുത്താണ് അവളാ വീട്ടിന്റെ പടിയിറങ്ങിയത്.

പറഞ്ഞത് വീണ്ടും ഓർമ്മപ്പെടുത്താൻ ഐദൻ വിളിച്ചിരുന്നു. സൂരജിനെ ഹോസ്പിറ്റലിൽ പിടിച്ച് നിർത്താൻ കഴിയില്ലെന്ന് അവൻ ഉള്ളാലെ ഭയപ്പെട്ടിരുന്നു. അതിന് മുൻപേ അവന് പീലിയെ നഷ്ടമാകണം എന്ന് ഐദൻ തീരുമാനിച്ചിരുന്നു.ഇരുട്ടിൽ എങ്ങോട്ടെന്നില്ലാതെ പീലി ഇറങ്ങിനടന്നു. ഇത് വരെ നടന്നതെല്ലാം ഒരു സ്വപ്നമാണെന്നവൾ സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.

ഐദൻ ഫോൺ ചെവിയോട് ചേർത്തു പിടിച്ചു നിൽക്കുകയായിരുന്നു. പീലി വീട് വിട്ടിറങ്ങിയതും ബസിൽ കയറി പോകുന്നതും അവനെ സമയാ സമയം വിളിച്ചറിയിപ്പിക്കാൻ ആളുകളെ ചട്ടം കെട്ടിയിരുന്നു. അവന്റെ മുഖത്തു കൗശലം നിറഞ്ഞു. സിസ്റ്റർ വന്ന് ഡോക്ടർ കാണാൻ വിളിക്കുന്നു എന്ന് പറഞ്ഞതും ഫോൺ തിരികെ പോക്കറ്റിലേക്ക് വെച്ച് ഐദൻ നടന്നു.

” ഐദൻ അന്നയ്ക്ക് ബോധം വന്നിട്ടുണ്ട്. അവൾ കണ്ണ് തുറന്നു. ഐ തിങ്ക് സൂരജും അന്നയും ഒന്ന് മീറ്റ് ചെയ്തോട്ടെ. അതൊരു പക്ഷേ നമുക്ക് നല്ലൊരു റിസൾട്ട്‌ തരാനും വഴിയുണ്ട്. കാണാൻ ആഗ്രഹിക്കുന്നുണ്ടാകും അന്ന ഇപ്പോൾ. എന്താണ് തന്റെ ഓപീനിയൻ?”.

” യെസ് ഡോക്ടർ അവൾക്കവനെ ഒരുപാടിഷ്ടമാണ്. അവന് വേണ്ടിയാണു അവളിതൊക്കെ അനുഭവിക്കുന്നത്. ഉറപ്പായും എന്റെ അന്ന തിരിച്ച് വരും ഡോക്ടർ”.

അന്നയ്ക്ക് മുന്നിൽ ഒട്ടും താല്പര്യമില്ലാതെയാണ് സൂരജ് നിന്നത്. ഡോക്ടർ പറഞ്ഞത് കൊണ്ട് മാത്രം. അവൾ മടങ്ങി വന്നാൽ ഐദന് ഇപ്പോഴുള്ള ദേഷ്യം മാറിയാലോ എന്നവൻ വെറുതെ മോഹിച്ചു. അന്ന പാതിയടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു. മുന്നിൽ സൂരജ്. മൂടൽ മഞ്ഞിന്റെ മറവിൽ അവൾ സൂരജിനെ കണ്ടു. അവനൊരു പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്നത് പോലെ തോന്നി. ഒരു വെള്ള ഗൗൺ ആണ് അന്നയുടെ വേഷം. അവൾ അവനരികിലേക്ക് ഓടിയടുത്തതും അവൻ നോക്കുന്നത് തന്നെയല്ലെന്നവൾ തിരിച്ചറിഞ്ഞു. അന്നയുടെ കാലിന്റെ വേഗത കുറഞ്ഞു. മുന്നിൽ പീലി. വളരെ മനോഹരമായി പുഞ്ചിരി തൂകി പീലി സൂരജിനോട് ചേർന്നു നിൽക്കുന്നു.

അന്നയെ ആരോ തട്ടി വിളിക്കുന്നു. അവൾ വീണ്ടും കണ്ണ് വലിച്ചു തുറന്നു.സൂരജിനെ കണ്ട അന്നയുടെ കണ്ണിലൊരു തിളക്കം ഐദൻ ശ്രദ്ധിച്ചു. എന്നാൽ പെട്ടെന്നാ തിളക്കം നഷ്ടമായി. അവളുടെ തളർച്ചയേറിയ കണ്ണുകൾ സൂരജിന്റെ മുറിവുകളിൽ അലഞ്ഞു നടന്നു ഒടുവിൽ ആ കണ്ണുകൾ ഐദനിൽ എത്തി ചേർന്നു . അവൾ ഐദനെ എരിയുന്ന കണ്ണുകളോടെ നോക്കി. ഐദൻ തല കുനിച്ചു നിന്നു. വീണ്ടും വീണ്ടും അന്ന സൂരജിന്റെ മുറിവുകളിലേക്ക് നോക്കി . അവളുടെയുള്ളിൽ എന്തെല്ലാമോ എരിഞ്ഞു കത്തി. പെട്ടെന്നാണ് മോണിറ്ററിലെ റീഡിങ്ങിൽ വേരിയേഷൻ ഉണ്ടായത്. അന്ന തളർന്ന സ്വരത്തിൽ ഐദനെ നോക്കി എന്തോ പറയാനാഞ്ഞു. ഐദൻ ഓടി അവൾക്കരികിലെത്തി.

” ഇച്ഛാ… നീ എന്റെ സൂ.. ര.. ജിനെ ”

ഡോക്ടർ വാസുദേവ് വെപ്രാളത്തിൽ ഓക്സിജൻ മാസ്ക് അന്നയുടെ മുഖത്തേക്ക് വെച്ച് കൊടുത്തു. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് സൂരജിന്റെ മനസ് പറഞ്ഞു. അന്ന അവസാനമായി സൂരജിന്റെ കണ്ണുകളിലേക്ക് നോക്കി. അവന് നേരെ അവളുടെ കൈ നീട്ടി. സൂരജിന് പക്ഷേ ആ കയ്യിലേക്ക് അവന്റെ കൈ ചേർക്കാൻ തോന്നിയില്ല. പതിയെ അന്നയുടെ കൈ ചലനമില്ലാതെയായി. ഒരു നീണ്ട ബീപ് ശബ്ദത്തോടെ ആ മെഷീനുകൾ നിലച്ചു.

ഐദൻ അന്നയുടെ കൈ അവന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു. സൂരജ് അന്നയിൽ നിന്ന് പ്രാണൻ പിരിഞ്ഞു പോകുന്നത് നേരിട്ട് കണ്ട ഞെട്ടലിലായിരുന്നു. വാസുദേവിന്റെ ചെന്നിയിലൂടെ വിയർപ്പ് തുള്ളി ഒഴുകി.

” കൊച്ചേ ഇച്ഛനെ നോക്കെടി. ഇച്ഛൻ ഇത്രയും നേരം കാത്തിരുന്നത് ഈ കാഴ്ച കാണാനായിരുന്നോ. ഇച്ഛനെ വിട്ടിട്ട് എന്റെ കൊച്ചിന് പോകാൻ പറ്റുമോ. ഇച്ഛനിനി മേലാൽ ദേ ഇവനെ തൊട്ട് നോവിക്കില്ല. ഒന്ന് കണ്ണ് തുറന്ന് നോക്കെടി “.

ഐദൻ ചേതനയറ്റ അന്നയുടെ ശരീരം അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു. ദ്രോഹങ്ങൾ മാത്രമാണ് തന്നോട് ചെയ്തിട്ടുള്ളതെങ്കിലും സൂരജിന് ഐദന്റെ അവസ്ഥയിൽ സങ്കടം തോന്നി.അന്നയോട് മനസിൽ വെറുപ്പ് തോന്നിയിരുന്നുവെങ്കിലും അവളൊരിക്കലും മരിച്ചു പോകണമെന്ന് അവനാഗ്രഹിച്ചിരുന്നില്ല. എല്ലാം മനസിലാക്കി അവൾ നന്നായി ജീവിക്കണമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. അതിനു വേണ്ടിയാണു ഐദനെ അന്ന് നേരിൽ കണ്ട് സംസാരിക്കാൻ ശ്രമിച്ചതും. അവൾ സ്വയം നേടിയെടുത്ത വിധിയാണിതെന്ന് അവൻ വിശ്വസിച്ചു. ഈ വിവരം അറിയുമ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് പീലിയായിരിക്കും എന്നവന് ഉറപ്പുണ്ടായിരുന്നു.

കുന്നുമ്മേൽ വീട്ടിന്റെ അകത്തളത്തിൽ അന്ന ഒരു മാലാഖയെ പോലെ നിദ്ര പൂകി കിടന്നു. ഒരു വശത്തു വർഗീസ് കണ്ണീർ വാർത്തിരിപ്പുണ്ട്. ഐദൻ അന്നയോട് ചേർന്ന് അവളിൽ മാത്രം ദൃഷ്ടിയൂന്നി ഇരിക്കുന്നു. സൂരജ് പതിയെ വീട്ടിലേക്ക് മടങ്ങി. ഐദൻ ചുറ്റും നടക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല.അവന്റെ മനസിൽ കുഞ്ഞ് അന്നയെ എടുത്ത് കൊണ്ട് നടക്കുന്ന ചിത്രമായിരുന്നു. കുറുമ്പുകൾ ഓരോന്ന് ചെയ്തിട്ട് കുഞ്ഞരിപ്പല്ല് കാട്ടി മനോഹരമായി ചിരിക്കുന്ന അന്ന മാത്രമായിരുന്നു.

സൂരജ് ക്ഷീണിതനായി വീട്ടിലെത്തിയതും ഹാളിൽ തല കയ്യിൽ താങ്ങിയിരിക്കുന്ന അമ്മയേയും അച്ഛനെയുമാണ് കണ്ടത്. അവനെ കണ്ടതും ഭദ്ര അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. കാര്യം തിരക്കിയ അവനു മുന്നിലേക്ക് പീലിയുടെ മുറിയിൽ അവളെഴുതി വെച്ച പേപ്പർ നീട്ടി. അവളുടെ ആ വരികളിലൂടെ സൂരജ് കണ്ണോടിച്ചു.

” സൂരജേട്ടാ എന്നോട് ക്ഷമിക്കണം. എന്നെ അന്വേഷിച് വരരുത്. ആരും. എനിക്കിനി നിങ്ങളെ ആരെയും നേരിടാനുള്ള ശക്തിയില്ല. അമ്മയോട് എന്നോട് ദേഷ്യം തോന്നരുതെന്ന് പറയണം. ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് മാത്രമാണ് സൂരജേട്ടാ”.

സൂരജ് വിശ്വാസം വരാതെ വീണ്ടും ആ പേപ്പറിലേക്ക് നോക്കി. അവൻ ദേഷ്യത്തിൽ ആ പേപ്പർ ചുരുട്ടിയെറിഞ്ഞു.എല്ലാം നഷ്ടമായിരിക്കുന്നു. എല്ലാം സഹിച്ചത് അവൾക്ക് വേണ്ടിയായിരുന്നില്ലേ. ഒടുവിൽ താനോടി വന്നപ്പോളേക്കും എങ്ങോട്ടാ പോയി മറഞ്ഞിരിക്കുന്നു. സൂരജ് ഇരുകൈകളാൽ മുഖം പൊത്തിയിരുന്നു.

ബസിലെ പ്രായം ചെന്ന കണ്ടക്ടർ തട്ടി വിളിച്ചപ്പോളാണ് പീലി ഉറക്കം വിട്ടുണർന്നത്. അവൾ കണ്ണ് തുറന്ന് ചുറ്റിനും നോക്കി. എവിടെയാണെന്ന് വ്യക്തമാകുന്നില്ല. തമിഴും മലയാളവും കൂട്ടികലർത്തിയ നെയിം ബോർഡുകൾ.പീലി പതിയെ ബസിനു വെളിയിലേക്കിറങ്ങി. അവൾക്ക് ഇനിയെന്ത് എന്നറിവുണ്ടായിരുന്നില്ല. പരിചയമില്ലാത്ത നാടും ആളുകളും. ആദ്യം തോന്നിയ ധൈര്യം എങ്ങോ പോയ്മറഞ്ഞിരുന്നു.ടൌൺ എന്ന് തോന്നിക്കുന്നിടത്ത് നിന്നവൾ കുറച്ച് നടന്നു മാറി. ഒരു ചെറിയ പെട്ടിക്കടയിലെ ചെറിയ കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങളിൽ എഴുതിയിരുന്ന വാക്കുകളിലേക്ക് പീലി സൂക്ഷിച്ചു നോക്കി “ഊട്ടി “. അവൾക്ക് വിശ്വാസം വന്നില്ല. താനിങ്ങോട്ടേക്കാണോ വന്നത്?.

പീലി അവിടെയെത്തിയപ്പോൾ ഉച്ചയോടടുത്തിരുന്നു. വെയിലിന്റെ ചൂടും വിശപ്പും ദാഹവും കൊണ്ട് പീലി ക്ഷീണിതയായിരുന്നു. തലേ ദിവസം രാത്രി ഒന്നും തന്നെ കഴിച്ചിരുന്നില്ല. ആളൊഴിഞ്ഞ ഒരു വഴിയിലേക്ക് പീലി നടന്നു. പെട്ടെന്നാണ് പീലിക്ക് തലച്ചുറ്റുന്നതായി തോന്നിയത്. അവൾ കണ്ണ് തുറക്കാൻ ശ്രമിക്കുന്തോറും അവ അടഞ്ഞു പോയി. അവൾ തളർന്നു നിലത്തേക്ക് പതിച്ചു.

മുഖത്തേക്ക് വീണ വെള്ളത്തുള്ളികളാണ് പീലിയെ ഉണർത്തിയത്. അധിക നേരം പിടിച്ച് നിൽക്കാൻ അവളുടെ ശരീരത്തിനായില്ല. കണ്ണുകൾ വീണ്ടും അടഞ്ഞു പോകുന്നതിനു മുൻപ് അവൾ അവ്യക്തമായി ആരെയൊക്കെയോ കണ്ടു. പിന്നീട് കണ്ണ് തുറക്കുമ്പോൾ അവളേതോ ഹോസ്പിറ്റലിൽ ആയിരുന്നു. അവൾ ചുറ്റിനും നോക്കി.അവളെ തന്നെ നോക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനെ അവളപ്പോളാണ് കണ്ടത്.മുഖത്തിന്റെ കൂടുതൽ ഭാഗവും താടിരോമങ്ങൾ. കട്ടിയുള്ള പുരികക്കൊടികൾ. വെള്ളാരം കണ്ണുകളിൽ ഒരു പ്രത്യേക തീക്ഷണത.കഴുത്തിലൊരു വെള്ളി മാല അതിലൊരു കുരിശ് രൂപം. മുടിയാകെ അലസമായി വളർന്നു കിടക്കുന്നു. ആരാണിയാൽ???. പീലി മനസിലോർത്തു.

കഥ ആർക്കും ഇഷ്ടപ്പെടുന്നില്ല എന്നറിയാം. എന്റെ മനസിലുള്ളത് പോലയെ ഈ കഥ മുൻപോട്ടു പോകൂ. എല്ലാവരോടും കാത്തിരിക്കൂ എന്ന് മാത്രമേ ഇപ്പോ പറയാനാകൂ. സ്നേഹം❤️. അടുത്തത് നാളെ.