രചന – അരുന്ധതി
അവർ ആ തോക്ക് അവന് നേരെ ഉയർത്തി വലിച്ചു. ഒരു ശബ്ദത്തോടെ അവൻ എന്ന അധ്യായം അടഞ്ഞു
“ഇവനെ കൊണ്ട് പോയി കൊക്കയിൽ തള്ളിയേക്ക്. മൃഗങ്ങള് അവരുടെ വിശപ്പ് മാറ്റട്ടെ ”
മുന്നിലൂടെ ചലനമറ്റ അവന്റെ ശരീരം അകന്ന് പോകുന്നത് കാൺകെ അവളിൽ ഒരു ചെറു കുളിരുണ്ടായി.
ഒരു നിമിഷം സ്തബ്ധയായി നിന്ന ശേഷം സ്വബോധം വീണ്ടെടുത്തവൾ ശബ്ദത്തിൽ ആ സ്ത്രീയെ വിളിച്ചു.
“എനിക്ക് പോകണം…..
എനിക്കിവിടുന്ന് പോകണം.
നിങ്ങളോടാണ് പറഞ്ഞത്,
ചെവി കേൾക്കാൻ വയ്യാന്നുണ്ടോ”?
പറഞ്ഞു തീർന്നതും ആ സ്ത്രീ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.
“ഡി കിളുന്ത് കൊച്ചേ നീ ഒരുപാട് കിടന്നങ്ങ് ചിറയാതെ. എന്റെ സ്വഭാവം നിനക്കറിയില്ല. എന്റെ നേരെ ആജ്ഞാപിച്ച നിന്നെ കൊന്ന് കുഴിച്ചു മൂടേണ്ടതാ.
ഇവിടെ ആദ്യമല്ലേ എന്നോർത്താ വെറുതെ വിടുന്നത്. മര്യാദക്ക് ഞാൻ പറയുന്നതനുസരിച്ച് ഇവിടെ നിന്നോളണം. അതല്ല അഭ്യാസമെടുക്കാനാണ് നിന്റെ പ്ലാൻ എങ്കിൽ.”
അത് പറഞ്ഞ സമയത്തെ അവരുടെ കണ്ണിലെ തീക്ഷ്ണതയിൽ അവൾ വല്ലാതെ ഭയന്നു പോയി.
അവര് പോയ ശേഷം അവള് നിലത്തൂർന്നിരുന്ന് മുഖമമർത്തി കരഞ്ഞു.
അൽപ സമയം കഴിഞ്ഞപ്പോൾ തലയിലാരോ തലോടുന്നത് പോലെ തോന്നിയവൾ ഭയത്തോടെ മുഖമുയർത്തി നോക്കി. കാഴ്ച്ചയിൽ നല്ല ഐശ്വര്യമുള്ള ഒരു പെൺകുട്ടി. കണ്ടാൽ തനിക്ക് സമപ്രായമെന്ന് തോന്നിക്കും.
“വാ എഴുന്നേൽക്ക്…”
ആ പെൺകുട്ടി ദേവിയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
“ദാ ഇതാണ് തനിക്കുള്ള മുറി”
ദേവി ആ മുറിയാകെ ഒന്ന് നോക്കി. കുറേ വസ്ത്രങ്ങൾ, ചമയക്കൂട്ടുകൾ ഒക്കെ കാൺകെ അവളിൽ ചോദ്യങ്ങളുയർന്നു.
“താൻ ഒത്തിരി ആലോചിച്ചു കൂട്ടണ്ട ഇതൊക്കെ എന്റെ സാധനങ്ങളാ.ഞാനും തന്റെ കൂടെ ഈ മുറിയിലുണ്ട്. ”
“ഇവിടെ എല്ലാവർക്കും മുറികളുണ്ടോ? ”
“എല്ലാവർക്കുമില്ല പക്ഷേ എനിക്കുണ്ട്. കാരണം എനിക്കാണിപ്പോൾ ഇവിടെ പ്രാധാന്യം. ഒക്കെ ഞാൻ വഴിയേ പറഞ്ഞ് തരാം. ഇപ്പോൾ ഞാൻ പോയി തനിക്ക് ഭക്ഷണം എടുത്ത് വരാം”.
“എനിക്കൊന്നും വേണ്ട. ഒന്ന് കിടക്കണം”
ശെരി എന്ന് പറഞ്ഞ് ആ കുട്ടി മുറി വിട്ടു പോയി .
പിറ്റേന്നും അതിന്റെ പിറ്റേന്നും ഒന്നും ദേവി ആ മുറി വിട്ട് പുറത്തിറങ്ങിയില്ല. ആരും അവളെ ശല്യപ്പെടുത്താനും പോയില്ല.
മെത്തയിൽ കമഴ്ന്ന് കിടക്കുന്ന ദേവിയുടെ അടുത്ത് ചെന്ന് പതിയെ ആ പെൺകുട്ടി മുടിയിൽ തലോടി.
“താൻ എഴുന്നേൽക്ക് എത്ര ദിവസമായി ഇതിനുള്ളിൽ തന്നെ. ഭക്ഷണവും വെള്ളവും ഒന്നുമില്ലാതെ. എഴുന്നേൽക്ക് എന്നിട്ട് ഈ ഭക്ഷണം വന്ന് കഴിക്ക് “.
എനിക്ക് വേണ്ട എന്ന് പറഞ്ഞ് ദേവി എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
“മതിയെടോ ഇനി ഇങ്ങനെ ഇരുന്നിട്ടെന്താ കാര്യം ഇവിടെ പെട്ടു പോയില്ലേ.
താൻ വന്ന് ഇത് കഴിക്ക് ”
ദേവി ജനാലക്ക് പുറത്തേക്ക് നോക്കിയിരുന്നു.
“ഇവിടെ ഭക്ഷണം നല്ലത് തരും. കാരണം ഇവർക്ക് വേണ്ടത് നമ്മുടെ ശരീരമാണ് അത് വെച്ച് ഇവരുണ്ടാക്കുന്ന പണത്തിന് നമുക്ക് തരുന്ന പ്രതിഫലമാണ് ഈ രുചികരമായ ഭക്ഷണം.
താനിത് കഴിക്ക് അപ്പോഴേക്കും ഞാൻ വരാം. ”
അവള് പോകുന്നത് നോക്കി അൽപ്പ നേരം അങ്ങനെ തന്നെ ഇരുന്നു ദേവി. ശേഷം മൂടി വെച്ച പാത്രം മാറ്റി അതിൽ നിന്നും കുറച്ചെടുത്ത് അവൾ വായിലേക്ക് വച്ചു.
തനിക്ക് അച്ഛൻ ഭക്ഷണം വായിൽ വെച്ച് തരുന്നതും, തനിക്കാദ്യം തരാത്തതിൽ മുഖം വീർപ്പിച്ചിരിക്കുന്ന ദേവൂനെയും ഒടുക്കം തമ്മിൽ തല്ല് കൂടുമ്പോൾ വഴക്ക് പറയുന്ന അമ്മയെയും ഒക്കെ ആലോചിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വായിലേക്ക് വെച്ച ഭക്ഷണം അവൾ തിരിച്ചു പാത്രത്തിലേക്ക് വെച്ച് എഴുന്നേറ്റു.
“എനിക്കറിയാരുന്നു താനിത് കഴിക്കില്ലന്ന്.
താൻ വാ നമുക്ക് പുറത്തൊക്കെ ഒന്ന് നടക്കാം ”
“ഞാനില്ല. എനിക്കൊന്നിനും വയ്യ ”
അതൊന്നും പറഞ്ഞാൽ പറ്റില്ല എന്നും പറഞ്ഞ് ദേവിയുടെ കൈ പിടിച്ച് വലിച്ച് അവളെ പുറത്ത് കൊണ്ടുപോയി.
അവിടെ ഉണ്ടായിരുന്ന പൂന്തോട്ടത്തിൽ കൂടി നടന്നു തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ദേവിക്ക് ചെറുതായി തല ചുറ്റും പോലെ തോന്നി. പെട്ടെന്ന് അവളെ അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുത്തി.
ശേഷം പോയി ഭക്ഷണവും വെള്ളവും കൊണ്ട് വന്നു.
“ഒന്നും കഴിക്കാതെ ഇങ്ങനെ ഇരിക്കാൻ വാശി സമ്മതിക്കും. പക്ഷേ ശരീരം അതിന് സമ്മതിക്കില്ല. അതുകൊണ്ടാ ഈ തലകറക്കം ഇപ്പോൾ വന്നത്. അതുകൊണ്ട് ഇത് കഴിക്ക് ”
അവൾ അനുസരണയോടെ പറഞ്ഞതനുസരിച്ചു.
“ദേവിക്ക് എന്റെ പേരറിയുമോ. ഇല്ലല്ലോ? .
എന്റെ പേര് സീത ”
“അതൊന്നും ചോദിക്കാനുള്ള മാനസ്സികാവസ്ഥയിലായിരുന്നില്ല ഞാൻ അതുകൊണ്ടാ. ”
” എനിക്ക് മനസ്സിലാവും തന്നെ പോലെ ഇവിടെ വന്നു പെട്ടതാ ഞാനും. ആദ്യമൊക്കെ ഇങ്ങനെ തന്നെ ആയിരുന്നു. പിന്നെ പിന്നെ എല്ലാത്തിനോടും പൊരുത്തപ്പെട്ടു.
ആട്ടെ താനെങ്ങനെ അവന്റെ കയ്യിൽ ചെന്ന് പെട്ടു. അവന്റെ പ്രണയ നാടകത്തിൽ പെട്ടതാണോ. അല്ലാ, സാധാരണ എല്ലാവരെയും അവൻ അങ്ങനെയാ ഇവിടെ എത്തിക്കാറ്”.
“അല്ലാ എനിക്കയാളെ കണ്ട നാള് മുതൽ വെറുപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ ”
“പിന്നെ എങ്ങനെ? ”
അവളെ നോക്കിയൊന്ന് ചിരിച്ച ശേഷം ദേവി എല്ലാം തുറന്നു പറഞ്ഞു. ഇടക്കിടക്ക് കരയുന്നുണ്ടായിരുന്നു. പറഞ്ഞു തീർന്നതും അവൾ മുഖം പൊത്തിയിരുന്നു.
“കരയണ്ടടോ ഇനി കരഞ്ഞിട്ട് എന്താ കാര്യം. ”
അതും പറഞ്ഞ് ദേവിയുടെ മുഖം തുടക്കുമ്പോഴാണ് സീതയുടെ കയ്യിൽ എന്തോ ഒരു മുറിവ്.
“ഇതെന്താടി പറ്റിയത് പൊള്ളിച്ചത് പോലെ ഉണ്ടല്ലോ “?
“ഓ ഇത്,,
ഇതിന്നലെ വന്ന ആളുടെ സ്നേഹമാ. സിഗരറ്റ് വെച്ച് കുത്തിയതാ. വേദനിച്ച് ഞാൻ കരയുമ്പോൾ ആ വേദനയും അയാൾക്ക് ആനന്ദമാണത്രെ “.
കുറച്ച് സമയം ദേവി അവളെ തന്നെ നോക്കിയിരുന്നു. എത്ര എളുപ്പത്തിലാ പറഞ്ഞു തീർത്തത് എന്ന് ചിന്തിച്ചു.
“നീ എന്നെ അതിശയപ്പെട്ട് നോക്കണ്ട. ഇതൊക്കെ ഞാൻ ശീലിച്ചു. ആദ്യമാദ്യം ഒത്തിരി കരഞ്ഞിരുന്നു എന്റെ അവസ്ഥയോർത്ത്. പക്ഷേ അനുഭവിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ അതുകൊണ്ട് ഒക്കെയും സഹിക്കുന്നു. പുറമെ ചിരിയുടെ മുഖം മൂടിയണിഞ്ഞ് അകമേ ഓരോ നിമിഷവും കരഞ്ഞു കൊണ്ട് ജീവിക്കുന്നു.
മരിച്ചാലോ എന്ന് ആലോചിച്ചു. പക്ഷേ എന്റെ കണ്ണനെ എനിക്ക് കണ്ടെത്തണം അതിന് വേണ്ടി മാത്രമാണ് ഞാൻ ജീവനോടെ ഇരിക്കുന്നത്. ഇതെല്ലാം സഹിക്കുന്നത് ”
“കണ്ണനോ,,, അതാരാ? ”
ദേവിയെ ഒന്ന് നോക്കി അവൾ അകലേക്ക് നോക്കി പറഞ്ഞു തുടങ്ങി.
“പ്രണയവിവാഹമായിരുന്നു അച്ഛന്റെയും, അമ്മയുടെയും. വീട്ടുകാരുടെ എതിർപ്പ് കാരണം അവര് നാട് വിട്ട് ആരും അറിയാത്ത ഒരു സ്ഥലം തേടി തമിഴ് നാട് കേരള ബോർഡറിൽ താമസമാക്കി.
ഞാനും എന്റെ അനിയൻ കണ്ണനും ഉണ്ടായി.
ഒത്തിരി സന്തോഷകരമായിരുന്നു ഞങ്ങൾടെ ജീവിതം. എന്റെ അച്ഛൻ ചരക്ക് കൊണ്ടുപോകുന്ന ലോറി ഡ്രൈവറായിരുന്നു. ഒരു ദിവസം ചരക്കിറക്കാൻ പോയ അച്ഛൻ പിന്നെ വന്നില്ല. ലോറി മറിഞ്ഞ് കൊക്കയിലേക്ക് വീണ് മരിച്ചു എന്ന് പിന്നീടറിഞ്ഞു.
പിന്നീട് അമ്മ ജീവിച്ചത് എനിക്കും കണ്ണനും വേണ്ടിയാ. ഒരു ദിവസം അമ്മയുടെ കൂടെ കൂപ്പിൽ ഞാൻ പണിക്ക് പോയി അവിടെ വെച്ച് ഒരാൾ എന്റെയും അമ്മയുടെയും അടുത്ത് വന്നു എന്നെ ഒന്നടി മുടി നോക്കി അയാൾ അമ്മയോട് ഞാൻ ആരാണെന്ന് ചോദിച്ചു. മകളാണെന്ന് അമ്മ ഉത്തരം പറഞ്ഞ് എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. പിന്നീട് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയോ അയാൾ അമ്മയോട് സംസാരിക്കുന്നു.
അന്ന് വൈകിട്ട് വന്ന അമ്മ എന്നോടും അവനോടും ഒന്നും മിണ്ടിയില്ല. അന്നവൻ എട്ടാംക്ലാസ്സിൽ പഠിക്കുവാ.
അതുകൊണ്ട് അവനതൊന്നും കാര്യമാക്കിയില്ല. കുറച്ച് കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ എന്റെ അമ്മ ഇരുന്ന് കരയുന്നു. കാര്യം തിരക്കിയപ്പോൾ അമ്മക്ക് ജീവനുണ്ടെങ്കിൽ എന്നെ അവർക്ക് കൊടുക്കില്ല എന്നൊക്കെ പറഞ്ഞു. എനിക്ക് വല്ലാതെ പേടി തോന്നി. പിന്നെ 2ദിവസം അമ്മ കൂപ്പിൽ പണിക്ക് പോയില്ല.
മൂന്നാം ദിവസം രാത്രി ഒരു പതിനൊന്നു മണി ആയപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു.
അമ്മ വാതിൽ തുറന്നു. നോക്കുമ്പോൾ അന്ന് എന്നെ കുറിച്ച് തിരക്കിയ ആളും പിന്നെ വേറെ രണ്ട് പേരും. അവര് അമ്മയോട് എന്തോ പറഞ്ഞു. അമ്മ എതിർക്കുന്നതൊക്കെ കണ്ടു. പെട്ടെന്ന് ഒരാൾ അകത്തു വന്നു എന്നെ പിടിച്ച് കൊണ്ട് പോകാൻ നോക്കി. അവരെ ഞെട്ടിച്ചു കൊണ്ട് എന്റെ അമ്മ വാക്കത്തി അവർക്ക് നേരെ എടുത്തു. പക്ഷേ പിറകിൽ നിന്ന് അയാള് എന്റെ അമ്മയെ വെട്ടി. അമ്മ നിലത്ത് വീണു. കണ്ണടയുമ്പോഴും സ്വന്തം മകളെ രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം ആ മുഖത്തുണ്ടായിരുന്നു.
അതുകണ്ട് കണ്ണനെയും ചേർത്ത് പിടിച്ച് പകച്ചു നിന്ന എന്നെ അവനിൽ നിന്നും അടർത്തി മാറ്റി പിടിച്ച് വലിച്ച് കൊണ്ട് പോയി കാറിലിട്ട് അവിടെ നിന്ന് പോന്നു. കാറിന് പിന്നാലെ ഓടിയ എന്റെ കണ്ണൻ ഇന്നും എന്റെ ഓർമ്മയിലുണ്ട്. ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ടവളാണ് ഞാനും നീയും “.
പറഞ്ഞു തീർന്നതും അവള് കരഞ്ഞു പോയി.
“നീ വിഷമിക്കാതെ കണ്ണനെ നമ്മള് കണ്ടുപിടിക്കും.
വാ എഴുന്നേൾക്ക് നമുക്ക് മുറിയിൽ പോകാം “.
മുറിയിലെത്തി സീത ഒരു ബുക്ക് തുറന്നു
“ദേവീ നിനക്ക് കാണണോ എന്റെ അനിയനെ ദാ നോക്ക് ഞാൻ വരച്ചതാ ”
കണ്ണന്റെ മുഖത്തേക്ക് നോക്കുംതോറും സീതയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ദേവി കണ്ടു. പരസ്പരം ആശ്വസിപ്പിച്ച് രണ്ടാളും കുറേ സമയം മുറിയിലിരുന്നു
കുറച്ച് നാളുകൾക്ക് ശേഷം അന്ന് ദേവി സമാധാനത്തോടെ ഉറങ്ങി.
…………………………….
“സീതേ ആരാടി അത് നമ്മളെ തന്നെ കുറേ നേരമായി ശ്രദ്ധിക്കുന്നു”.
“അതോ അത് രാഘവൻ. ലോറി ഡ്രൈവർ ആണ്. ഞാൻ രാഘവേട്ടൻ എന്നാ വിളിക്കുന്നെ.
ഇവിടെ ഇവർക്ക് മറ്റെന്തൊക്കെയോ വ്യാപാരങ്ങളുണ്ട് അതെല്ലാം ഈ ലോറി വഴിയാ കടത്തുന്നത്. അതുകൊണ്ട് 3മാസം കൂടുമ്പോഴേ പുള്ളി വീട്ടിൽ പോകാറുള്ളൂ. ”
“ആള് എങ്ങനെയാ? ”
“നല്ല മനുഷ്യനാ. ലോറി ഡ്രൈവർ ആയത് കൊണ്ടാവും എനിക്ക് വല്ലാത്തൊരു അടുപ്പമാ പുള്ളിയോട്. നിന്നെ കുറിച്ച് എല്ലാം അറിയാം. ഇന്നലെ ഞാൻ പറഞ്ഞു കൊടുത്തു മുഴുവൻ. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഭയങ്കര സങ്കടത്തിലായിരുന്നു.
വാ നിനക്ക് പരിചയപ്പെടണ്ടേ?”
“രാഘവേട്ടോ… എന്താ പരുപാടി”
“ഓ ഒന്നൂല്ലടി കാന്താരി …
ആഹാ, ഇതാണല്ലേ നീ പറഞ്ഞ ആള്. മോളുടെ വിഷമമൊക്കെ മാറിയോ ”
“എവിടുന്ന്, ഒരു വിധം ശെരിയായി വരുന്നുണ്ട്. ”
കുറച്ച് നാളുകൾ കൊണ്ട് തന്നെ ദേവി അവര് രണ്ടുപേരുമായി നന്നായി തന്നെ അടുത്തു.
“ഞങ്ങളുടെ ജീവിതം ഇങ്ങനെ ആയി പോയല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ഒരു സങ്കടമാ രാഘവേട്ടാ.”
“മക്കളെ നിങ്ങളോടൊരു കാര്യം എനിക്ക് പറയാനുണ്ട്. 2ദിവസം കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്ന് പോകും.”.
“പിന്നെ വരില്ലേ? ”
ദേവിയാണത് ചോദിച്ചത്
“ഇല്ലാ.
ഈ ജോലി ഞാൻ നിർത്തുവാ. ഇനി നാട്ടിൽ പോയി അവിടെ എന്തെങ്കിലും ചെയ്ത് ജീവിക്കാനാ വിചാരിക്കുന്നെ ”
“അപ്പോൾ ഞങ്ങളെ ഇവിടെ വിട്ട് പോകുവാണോ ”
“അതിന് നിങ്ങളെ ഇവിടെ വിട്ടിട്ട് പോകുന്നു എന്ന് ഞാൻ പറഞ്ഞോ. നിങ്ങള് വിഷമിക്കണ്ട എല്ലാത്തിനും ഒരു വഴി ഞാൻ കണ്ടിട്ടുണ്ട്. ”
തുടരും,,,

by