20/04/2026

ലയനം : ഭാഗം 19

രചന – നിള നന്ദ

പാടി കഴിഞ്ഞതും മാനവ് കണ്ണ് തുറന്ന് ലനയെ നോക്കി.. അവളുടെ നോട്ടവും അവനിൽ ആയിരുന്നു.. ഒരുനിമിഷം രണ്ടാളുടെയും കണ്ണുകൾ കോർത്തു..

” മാനു അടിപൊളി.. ”

ശ്രെയയുടെ ശബ്‌ദം കേട്ട് രണ്ടാളും ഞെട്ടികൊണ്ട് മുഖം മാറ്റി.. ലനയ്ക്ക് എന്തോ ഒരു ചമ്മൽ തോന്നി.. പിന്നെ മാനവിനെ നോക്കാതെ അവൾ മറ്റെങ്ങോ നോക്കി ഇരുന്നു..

” പായസം ആയെന്ന് തോന്നുന്നു.. ഞാൻ പോയി നോക്കിയിട്ട് വരാം.. ”

രോഹിണി എഴുനേറ്റുകൊണ്ട് പറഞ്ഞു..

” ഹോ ഇങ്ങനെ ഒരു കൊതിച്ചി.. ”

രോഹൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു..

” ഹോ കൊതി ഇല്ലാത്ത ഒരാളെ.. പായസം കുടിച്ച് കഴിഞ്ഞാൽ ഗ്ലാസിലെ ബാക്കി വിരലോണ്ട് തോണ്ടി എടുത്ത് കഴിക്കുന്നവനല്ലെടാ നീ.. ”

രോഹിണി അവനെ കൂർപ്പിച്ചു നോക്കി..

” ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളത് പോലെ കഴിക്കും.. അതിന് നിനക്ക് എന്താടി.. ”

രോഹൻ കലിപ്പായി..

” എനിക്ക് കുഴപ്പം ഒന്നുമില്ല.. പക്ഷേ നീ എന്നെ കൊതിച്ചി എന്ന് വിളിച്ചാ ഉണ്ടല്ലോ.. ”

” വിളിച്ചാ നീ എന്ത് ചെയ്യുമെടി.. ”

രണ്ടാളും കലിപ്പായി..
സനയും ലനയും നിസ്സഹായതയോടെ മുഖത്തോട് മുഖം നോക്കി..

” എന്താ രണ്ടിന്റെയും ഉദ്ദേശം..? ”

മാനവിന്റെ ചോദ്യം കേട്ടതും രണ്ടാളും മുഖം തിരിച്ച് നോക്കി..

” ഒന്നുമില്ല ഏട്ടാ.. ”

പറഞ്ഞ് തീർന്നതും അവൾ പുറത്തേക്ക് ഓടി.. പുറകെ രോഹനും.. ലനയും സനയും അത് കണ്ട് വാ പൊത്തി ചിരിച്ചു.

” എന്തായാലും ഇങ്ങനെ എസ്‌കേപ്പ് ആവുന്ന കാര്യത്തിൽ രണ്ടാളും ഒറ്റകെട്ട് ആണ്.. ”

സന ചിരി അടക്കികൊണ്ട് ലനയുടെ കാതിൽ പറഞ്ഞു.. ശരിയെന്ന അർത്ഥത്തിൽ അവളൊന്ന് ചിരിച്ചു..

മുക്ത റൂമിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ നിഖിലും അവൾക്ക് പുറകെ പോയി.. അവൾക്ക് മുന്നിൽ അവൻ തടസമായി നിന്നു.. മുഖം ഉയർത്തി അവൾ അവനെ നോക്കി..

” രാവിലെ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ.. എന്താ നിന്റെ പ്രശ്നം..? ”

നിഖിലിന്റെ ചോദ്യം കേട്ടതും മുക്ത പെട്ടെന്ന് മുഖം തിരിച്ചു..

” പ്രശ്നോ.. എന്ത് പ്രശ്നം.. ”

ശബ്‌ദം ഇടറാതിരിക്കാൻ ശ്രെമിച്ചുകൊണ്ട് അവൾ പറഞ്ഞു..

” ഒന്നുമില്ലേ.. നിന്റെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നില്ലല്ലോ.. ”

നിഖിൽ അവളുടെ മുഖം തനിക്ക് നേരേ പിടിച്ചുകൊണ്ടു ചോദിച്ചു..

” എന്തോ മനസിന് ഒരു അസ്വസ്ഥത.. എന്താണെന്ന് അറിയില്ല.. ”

മുക്ത അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.. അവളുടെ ഹൃദയം എന്തിനോ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു..

” അങ്ങനെ തോന്നാൻ ഇപ്പോ എന്താ ഉണ്ടായത്.. ”

” അറിയില്ല.. ചിലപ്പോൾ വെറുതെ തോന്നുന്നത് ആവും.. ഞാൻ ചെല്ലട്ടെ ”

ആ സംഭാഷണം നീട്ടികൊണ്ട് പോവാൻ താല്പര്യം ഇല്ലാതെ മുക്ത പെട്ടന്ന് അവനെ കടന്ന് പോയി..
മനസ്സിൽ മുളപൊട്ടിയ കാരണമറിയാത്ത വേദനയോടെ നിഖിൽ അവൾ പോവുന്നത് നോക്കി നിന്നു..

*****************************

ലാപ്പിൽ കാര്യമായ എന്തോ പണിയിൽ ആയിരുന്നു മാനവ്.. മുക്ത അവനടുത്തായി ചെന്നിരുന്നു..

” ഏട്ടൻ തിരക്കിൽ ആണോ.. ”

നേർത്ത ശബ്‌ദത്തിൽ അവൾ ചോദിച്ചു..

” തിരക്ക് ഒന്നും അല്ല.. ഒന്ന് രണ്ട് മെയിൽ ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു.. ”

ലാപ്പിൽ നിന്ന് കണ്ണെടുത്ത് അവൻ മുക്തയെ നോക്കി.. പതിയെ അവളൊന്ന് മൂളി..

” എന്താ മുമ്മൂസ് എന്തെങ്കിലും പറയാൻ ഉണ്ടോ..”

മുക്തയുടെ ഇരുപ്പ് കണ്ട് അവൻ മുഖം ചുളിച്ച് നോക്കി..

” അത് ഏട്ടാ.. എനിക്ക്.. ഞാൻ.. ”

അവനോട് ഒന്നും പറയാൻ കഴിയാതെ അവൾ ബുദ്ധിമുട്ടി..

” നിനക്കിത് എന്താ പറ്റിയത് മുമ്മൂ.. എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്‌.. ”

മാനവിന് ചെറുതായി ടെൻഷൻ ആയി..

” അത് ഏട്ടാ.. ഇന്നലെ അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടതാ.. എനിക്കൊരു പ്രൊപോസലിന്റെ കാര്യം.. ശ്രേയ ചേച്ചീടെ കല്യാണം കഴിഞ്ഞിട്ട് എല്ലാരോടും പറയാമെന്നാ അച്ഛൻ പറഞ്ഞേ.. ”

” ഓഹോ.. ഇതിനിടയ്ക്ക് അങ്ങനെ ഒരു കാര്യം ഉണ്ടോ.. അല്ല അതിന് എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആവുന്നേ.. ”

” അത്.. എനിക്കിപ്പോ കല്യാണത്തിന് ഒന്നും താല്പര്യം ഇല്ലാ ഏട്ടാ.. ”

” അതിന് അത് ഉറപ്പിച്ചിട്ടൊന്നും ഇല്ലല്ലോ.. അച്ഛനും അമ്മയും ജസ്റ്റ്‌ ഒന്ന് അതെ പറ്റി സംസാരിച്ചതല്ലേ ഉള്ളൂ.. ”

മാനവ് അവളെ ആശ്വസിപ്പിക്കാൻ എന്നപോലെ പറഞ്ഞു..

” എന്നാലും വേണ്ടാ ഏട്ടാ.. എനിക്ക് അതിന് കഴിയില്ല.. ”

” നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ട്ടം ഉണ്ടോ.. ”

മാനവ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ഉണ്ടെന്ന അർത്ഥത്തിൽ അവൾ മെല്ലെ തലയാട്ടി..

” ആരാ ആള് നിഖിൽ ആണോ..? ”

മാനവ് പെട്ടന്ന് ചോദിച്ചതും കണ്ണുകൾ വിടർത്തി അതിശയത്തോടെ മുക്ത അവനെ നോക്കി..

” ഏട്ടന് എങ്ങനെ..? ”

” അതൊക്കെ മനസിലായി.. അല്ല അവന് നിന്നെ ഇഷ്ട്ടം ആണോ.. ”

മാനവ് ചിരിയയോടെ ചോദിച്ചു..

” അറിയില്ല.. ”

” അപ്പോ വൺ സൈഡ് ആണ്.. ഇങ്ങനെ തന്നെ പോവാൻ ആണോ പരിപാടി.. ”

” പറയണം.. പക്ഷേ എങ്ങനെ എന്ന് അറിയില്ല.. അവന് എന്നോട് അങ്ങനെ ഒരിഷ്ട്ടം ഇല്ലെങ്കിൽ.. ”

” ഇഷ്ട്ടം ഉണ്ടോ ഇല്ലായോ എന്ന് പറഞ്ഞാൽ അല്ലേ അറിയൂ.. മിക്ക പ്രണയവും എവിടെയും എത്താതെ പോവുന്നത് പറയാനുള്ളത് തുറന്ന് പറയാത്തതിന്റെ പേരിൽ ആവും.. എന്റെ മോള് എന്തായും പറയ്‌.. എന്നിട്ട് ബാക്കി ആലോചിക്കാം”

മാനവിനെ നോക്കി ശരിയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.. റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുക്തയുടെ മനസ്സിലെ അസ്വസ്ഥത പാടെ മാറിയിരുന്നു.. മുക്ത പോയതും കണ്ണുകൾ അടച്ച് മാനവ് എന്തോ ആലോചിച്ചിരുന്നു..

*************************

” ഗീതു.. ”

ഞെട്ടി കൊണ്ട് ലന ബെഡിൽ എഴുന്നേറ്റിരുന്നു..
മുകളിൽ ഫാൻ സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിലും കണ്ട സ്വപ്നത്തിന്റെ ഓർമയിൽ അവൾ ആകെ വിയർത്തു.. മുഖം തിരിച്ച് അവൾ ഇരുവശത്തും കിടന്ന് ഉറങ്ങുന്ന സനയെയും രോഹിണിയെയും നോക്കി.. ശബ്‌ദം ഉണ്ടാക്കാതെ അവൾ എഴുനേറ്റ് മേശയ്ക്ക് മുകളിൽ ഇരിക്കുന്ന ഫോൺ കയ്യിൽ എടുത്തു.. ഗീതുവിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെക്കുമ്പോൾ ലനയുടെ ഹൃദയമിടിപ്പ് ഉയർന്നിരുന്നു.. രണ്ടാം തവണ വിളിച്ചപ്പോൾ ആണ് ഗീതു കാൾ എടുത്തത്..

” ഹലോ.. ”

ഉറക്കപ്പിച്ചയിൽ ആണ് ഗീതു സംസാരിച്ചത്..

” മോളെ ഗീതു… ”

ലനയുടെ കണ്ണ് നിറഞ്ഞു..

” ചേച്ചി.. ”

ലനയുടെ ശബ്‌ദം തിരിച്ചറിഞ്ഞതും ഗീതുവിനും സങ്കടം വന്നിരുന്നു..

” ചേച്ചി.. ചേച്ചിക്ക് സുഖമല്ലേ.. ചേച്ചി ഇപ്പോ എവിടെയാ.. ഇത്രയും ദിവസം എന്താ വിളിക്കാതിരുന്നത്.. ”

ഒറ്റ ശ്വാസത്തിൽ ഗീതു ചോദിച്ചു..

” ചേച്ചിക്ക് കുഴപ്പം ഒന്നുമില്ല മോളെ.. ചേച്ചി ഇപ്പോ സാരംഗിന്റെ ഒപ്പം ആണ്.. അവന്റെ ഒരു ഫ്രിണ്ടിന്റെ വീട്ടിൽ.. മോൾക്ക് സുഖം അല്ലേ.. ”

” അതേ ചേച്ചി.. ഇവിടെ എല്ലാരും ചേച്ചിയെ തിരക്കി നടക്കുവാണ്.. എന്നോട് കുറേ തിരക്കി ചേച്ചി എവിടെ പോവാൻ ആണ് സാധ്യത എന്നറിയാൻ.. ഞാൻ ഒന്നും പറഞ്ഞില്ല.. ”

” മ്മ്.. അറിയാം.. എവിടെ പോയാലും അയാൾ എനിക്കൊരു സ്വസ്ഥത തരില്ലെന്ന്.. ഒരിക്കലും അയാളെന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല.. ”

നിറഞ്ഞ കണ്ണുകൾ ഉള്ളം കൈ കൊണ്ട് അവൾ തുടച്ചു..

” സമാധാനമായിരിക്ക് ചേച്ചി.. അയാൾക്ക് ചേച്ചിയെ ഒന്നും ചെയ്യാൻ കഴിയില്ല.. അവിടെ സാരംഗ് ചേട്ടനൊക്കെ ഇല്ലേ.. എന്തെങ്കിലും ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.. ”

” മ്മ്.. മോള് ഉറങ്ങിക്കോ.. സൂക്ഷിക്കണം.. എന്നെ കിട്ടാൻ മോളെ അവർ ചിലപ്പോ ഉപദ്രവിക്കും..”

കണ്ട സ്വപ്നത്തിന്റെ ഞെട്ടലിൽ ലനയുടെ ഉള്ള് വിറച്ചു..

” ചേച്ചി ടെൻഷൻ ആവണ്ട.. എനിക്ക് ഒന്നും പറ്റില്ല.”

ഗീതു അവളെ ആശ്വസിപ്പിച്ചു..

കാൾ കട്ട്‌ ചെയ്ത് എന്തോ ആലോചിച്ച് അവൾ അവിടെ തന്നെ നിന്നു.. കിടന്നാൽ ഉറക്കം വരില്ലെന്ന് അറിയാവുന്നത് കൊണ്ട് ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി.. താഴെ ലൈറ്റ് തെളിയുന്നതും മാനവ് അടുക്കളയിലേക്ക് പോവുന്നതും കണ്ട് ലന നെറ്റി ചുളിച്ചു.. റൂമിന്റെ ഡോർ ചാരിയിട്ട് അവൾ താഴേക്ക് ഇറങ്ങി ചെന്നു..

” ഈ നേരത്ത് ഇവിടെ എന്താ പരിപാടി..? ”

ലനയുടെ ശബ്‌ദം കേട്ടതും മാനവ് മുഖം തിരിച്ച് നോക്കി..

” താനോ.. എന്താ ഉറക്കം ഇല്ലേ..? ”

” ഉറങ്ങിയത് ആയിരുന്നു.. ഇടയ്ക്ക് ഉറക്കം മുറിഞ്ഞു.. പിന്നെ കിടന്നിട്ട് ഉറക്കം കിട്ടിയില്ല.. വെറുതെ ഒന്ന് പുറത്ത് ഇറങ്ങിയപ്പോഴാ ഇയാള് ഇങ്ങോട്ട് വരുന്നത് കണ്ടത്.. ”

കുറച്ച് മുന്നോട്ട് നീങ്ങി അവൾ പറഞ്ഞു..

” എനിക്ക് ചെറിയൊരു തൊണ്ട വേദന.. ഒരു ചുക്കുകാപ്പി ഇട്ട് കുടിക്കാമെന്ന് കരുതി.. ”

ഗ്യാസ് ഓൺ ചെയ്ത് പാത്രം അടുപ്പിലേക്ക് വെച്ചുകൊണ്ട് അവൻ പറഞ്ഞു..

” ഞാൻ ഉണ്ടാക്കി തരാം.. ”

മുഖം ഉയർത്തി അവൾ അവനെ നോക്കി..

” അതൊന്നും വേണ്ടടോ.. ഇതൊക്കെ എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ.. അടുക്കളപ്പണി അത്ര മോശം ഒന്നും അല്ലല്ലോ.. പിന്നെ എഞ്ചിനീയറിംഗിന് പഠിക്കുമ്പോൾ ഞാൻ തനിച്ച് ആയിരുന്നു കുക്കിംഗ്‌ ഒക്കെ.. അതോണ്ട് വല്ല്യ തരക്കേടില്ലാതെ ഉണ്ടാക്കാൻ എനിക്ക് അറിയാം..”

മാനവ് അവളെ നോക്കി കണ്ണ് ചിമ്മി..

” എന്താലും തനിക്ക് ഉറക്കം വരുന്നില്ലെന്ന് അല്ലേ പറഞ്ഞേ.. അപ്പോ ഇരിക്ക് ഒരു ഗ്ലാസ് കാപ്പി കുടിച്ചിട്ട് പോവാം.. ”

മാനവ് പറഞ്ഞതും ലന അടുത്തുള്ള ചെറിയ ടേബിളിന് ഉള്ളിൽ കിടന്ന കസേര വലിച്ചിട്ടിരുന്നു..
അവൻ കാപ്പി ഉണ്ടാക്കുന്നത് കണ്ണെടുക്കാതെ അവൾ നോക്കി.. ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി തെളിഞ്ഞത് അവൾ അറിഞ്ഞിരുന്നില്ല..

” ദാ കാപ്പി.. കുടിക്ക്.. ”

ഒരു ഗ്ലാസ്‌ കാപ്പി അവൾക്ക് നേരേ നീട്ടി അവൻ പറഞ്ഞു.. ചിരിയോടെ അത് വാങ്ങി അവൾ മെല്ലെ ഊതി ഊതി ചുണ്ടോട് ചേർത്തു..

” മ്മ്.. നല്ല ടേസ്റ്റ് ഉണ്ട്.. ”

മുഖം തിരിച്ച് അവൾ അവനെ നോക്കി.. ചിരിച്ചതല്ലാതെ അവൻ ഒന്നും മിണ്ടിയില്ല..

” ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ”

കുറച്ച് നേരം കഴിഞ്ഞതും അവൻ അവളെ നോക്കി ചോദിച്ചു..

” ചോദിക്ക്.. ”

പ്രതേക ഈണത്തിൽ അവൾ പറഞ്ഞു..

” ഞാൻ അത്രയ്ക്ക് ജാഡ ആണോ..? ”

നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു പോയി..

” ആഹ്.. കുറച്ചൊക്കെ ആയിരുന്നു.. ഇപ്പോ പക്ഷേ അതിന് കുറച്ച്. മാറ്റം വന്ന പോലെ ഉണ്ട്.. ഇങ്ങനെ തന്നെ പോയാൽ നല്ലത്.. ”

” ഹോ ആയിക്കോട്ടെ.. ”

മാനവ് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് ചുണ്ടോട് ചേർത്ത് ബാക്കി കാപ്പി കുടിച്ചു.. ലന അവനെ തന്നെ നോക്കി ഇരുന്നു..
താനെന്റെ ആരൊക്കെയോ ആണെന്ന് വെറുതെ തോന്നി പോവുന്നു മാനവ്..
അവളുടെ ഹൃദയം ആർദ്രമായി മന്ത്രിച്ചു..

ഉറക്കം വിട്ട് എണീറ്റപ്പോൾ ലനയെ കാണാതെ തിരക്കി വന്ന രോഹിണി അടുക്കളയിൽ ലനയെയും മാനവിനെയും കണ്ട് വാ പൊളിച്ച് നിന്നു..

( കാത്തിരിക്കുമല്ലോ.. )