രചന – നിള നന്ദ
” നയനക്ക് ഓർമ്മ തിരികെ കിട്ടുന്നതിന്റെ ലക്ഷണം ആണെങ്കിലോ ഇത്.. എല്ലാം ഓർമ്മ വന്നാൽ അവളെങ്ങനെ പ്രതികരിക്കും.. ചിലപ്പോ നമ്മളെ ഒക്കെ മറന്ന് പോയാലോ..? ”
അച്ചുവിന്റെ സംശയങ്ങൾ ശിവന്റെ ഉള്ളിൽ അമ്പ് പോലെ തറഞ്ഞു കയറി. ഓർമ്മ വന്നാൽ നയന എല്ലാം മറന്നാൽ എന്ത് ചെയ്യും…? അത് ഓർക്കുമ്പോൾ തന്നെ ശിവന്റെ ഉള്ള് പിടഞ്ഞു..
” അച്ചു.. ഞാൻ.. ”
ശിവൻ പറഞ്ഞ് തുടങ്ങുമ്പോഴേക്കും അരവിന്ദന്റെ ഫോൺ റിംഗ് ചെയ്തു..
” മദർ ആണ്.. ”
അരവിന്ദ് ശിവനെ നോക്കി പറഞ്ഞ് ഫോൺ അറ്റൻഡ് ചെയ്ത് ഫോൺ കാതോട് ചേർത്ത് മാറി നിന്നു.
ശിവൻ അവിടെ ഇരുന്ന് അരവിന്ദ് പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു.
നയനക്ക് ഓർമ്മ വന്നാൽ സംഭവിക്കാൻ പോവുന്നതിനെ കുറിച്ചോർത്ത് അവൻ ദൂരേക്ക് നോക്കിയിരുന്നു.
” ശിവാ നീ എന്താ ആലോചിക്കുന്നത്…? ”
ഫോൺ ചെയ്ത് കഴിഞ്ഞ് ശിവന്റെ അടുത്തേക്ക് വന്ന് അരവിന്ദ് ചോദിച്ചു.
” ഒന്നുല്ലടാ ഞാൻ വെറുതെ…
മദർ എന്താ വിളിച്ചത്…? ”
ശിവൻ അരവിന്ദനെ നോക്കി ചോദിച്ചു.
” എന്തോ ഒരു അത്യാവശ്യ കാര്യം പറയാൻ ഉണ്ട് നാളെ അങ്ങോട്ട് ഒന്ന് ചെല്ലാമോ എന്ന് ചോദിച്ചു.. ചിലപ്പോ നയനയെ കുറിച്ച് എന്തെങ്കിലും പറയാൻ ആവും. നാളെ നിനക്ക് ഓഫ് അല്ലേ നമുക്ക് ഒരുമിച്ച് പോവാം.. ”
അരവിന്ദ് ശിവന്റെ അടുത്തിരുന്ന് തോളിലൂടെ കയ്യിട്ടു.. ശിവൻ വരാമെന്ന അർത്ഥത്തിൽ മൂളി.
” എന്താടാ നിന്റെ മുഖത്ത് ഒരു വാട്ടം.. നയനയെ കുറിച്ച് ഓർത്തിട്ട് ആണോ…? ”
” നയനക്ക് ഓർമ്മ തിരിച്ച് കിട്ടുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ… എന്നാൽ അവൾ നമ്മളെ ഒക്കെ മറന്ന് പോയാൽ…? അതിലുപരി ഓർമ്മ തിരികെ വന്നാൽ അവൾ തകർന്ന് പോവില്ലേ..? ”
അത് പറയുമ്പോൾ ശിവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു..
” ശിവാ ഇതിനെ കുറിച്ചൊക്കെ ഞാനും ചിന്തിച്ചതാണ്.. പക്ഷേ ഈ കാര്യത്തിൽ നമുക്കൊന്നും ചെയ്യാനില്ല.. സംഭവിക്കാനുള്ളതൊക്കെ സംഭവിക്കും. അതിനെ നേരിടുക മാത്രമാണ് ഒരു വഴി. ”
അരവിന്ദ് പറഞ്ഞതാണ് ശരിയെന്ന് ശിവനും തോന്നി.
” എന്നാ ഞാൻ ചെല്ലട്ടെ നാളെ കാണാം. ”
ശിവൻ എഴുനേറ്റ് അരവിന്ദനെ നോക്കി പറഞ്ഞു. അരവിന്ദും തിരികെ ശിവനോട് യാത്ര പറഞ്ഞ് എഴുന്നേറ്റു.
വീട്ടിലേക്ക് നടക്കും വഴി ശിവന്റെ മനസ്സിൽ നിറയെ നയന ആയിരുന്നു… നയനക്ക് ഓർമ്മ വന്നാൽ എന്താ സംഭവിക്കാൻ പോവുന്നതെന്നോർത്ത് ശിവന്റെ മനസ്സ് അസ്വസ്ഥം ആവാൻ തുടങ്ങി. എത്രയും പെട്ടന്ന് മനസ്സിൽ ഉള്ള കാര്യങ്ങൾ നയനയോട് തുറന്ന് പറയണം എന്നവൻ തീരുമാനിച്ചു.
വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും ഒപ്പം അത്താഴം കഴിക്കുമ്പോഴും ശിവൻ ഭയങ്കര സൈലന്റ് ആയിരുന്നു. കൃഷ്ണൻ മാഷും മാലതിയും അത് ശ്രെദ്ധിച്ചെങ്കിലും അവർ ഒന്നും പറഞ്ഞില്ല. ശിവൻ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി പെട്ടന്ന് എഴുനേറ്റ് പോയി.
ശിവൻ കൈ കഴുകി നേരേ ചെന്ന് കിടന്നു. നെറ്റിയിൽ ഒരു ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ ശിവൻ കണ്ണ് തുറന്ന് നോക്കി.
” എന്താ അമ്മേ…? ”
തന്റെ മുഖത്തേക്ക് നോക്കി അരികിൽ ഇരിക്കുന്ന മാലതിയോട് ശിവൻ ചോദിച്ചു.
” എന്താണെന്ന് ഞാൻ അല്ലേ ചോദിക്കേണ്ടത്.. ”
മാലതിയുടെ ചോദ്യം കേട്ടപ്പോൾ ശിവൻ നെറ്റി ചുളിച്ച് അമ്മയെ നോക്കി.
” വന്നിട്ട് ഇത്രയും നേരം ആയിട്ടും അമ്മയോടും അച്ഛനോടും ഒന്നും സംസാരിച്ചിട്ടില്ല.. ഭക്ഷണം കഴിച്ചില്ല.. പാതിരാത്രി വരെ ഇരുന്ന് വായിക്കുന്ന ആള് നേരത്തെ കിടന്നു… എന്താടാ അമ്മേടെ മോന്..? ”
മാലതി ശിവന്റെ കവിളിൽ വാത്സല്യത്തോടെ തലോടി..
” എന്തോ എനിക്കൊരു സുഖം ഇല്ല അമ്മേ. ”
ശിവൻ മാലതിയുടെ മടിയിൽ കിടന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” ഒരാളോട് ഇഷ്ട്ടം തോന്നിയാൽ അത് തുറന്ന് പറയണം.. അല്ലെങ്കിൽ ഇങ്ങനെ സുഖക്കുറവ് ഒക്കെ ഉണ്ടാവും… ”
മാലതി ശിവന്റെ മുടിയിഴകളിൽ തലോടി..
” അമ്മയ്ക്ക് ഇത് എങ്ങനെ..? ”
ശിവൻ ആചര്യത്തോടെ മുഖം ഉയർത്തി മാലതിയെ നോക്കി..
” അമ്മയ്ക്ക് മാത്രം അല്ല അച്ഛനും ഇതൊക്കെ അറിയാം. നയന നല്ല കുട്ടി ആണ്. എന്റെ മോന് നന്നായി ചേരും. മനസ്സിൽ കൊണ്ട് നടക്കാതെ മോൻ എത്രയും വേഗം ഇഷ്ട്ടം തുറന്ന് പറഞ്ഞ് ഞങ്ങടെ മോളെ കൂട്ടികൊണ്ട് വരണം കേട്ടോ… ”
മാലതിയുടെ വാക്കുകൾ കേട്ട് ശിവൻ സന്തോഷത്തോടെ മാലതിയുടെ കവിളിൽ ചുംബിച്ചു. വാതിലിനരികിൽ ആ കാഴ്ച കണ്ട് നിന്ന കൃഷ്ണൻ മാഷിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…
………………………………
രാവിലെ തന്നെ അരവിന്ദ് പോവാൻ റെഡി ആയി ശിവനെ കാത്ത് നിന്നു. രാമനാഥനോടും ദേവകിയോടും മദറിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. മദറിനെ പറ്റി നയനക്ക് ഒന്നും അറിയാത്തത് കാരണം ശിവനൊപ്പം ഒരു അത്യാവശ്യ കാര്യത്തിന് പോവാണെന്നാണ് പറഞ്ഞത്.
” ഛെ അച്ചുവേട്ടനും പോവാണല്ലേ.. ഇനിയിപ്പോ എനിക്ക് തനിച്ചിവിടെ ഇരുന്ന് ബോറടിക്കും. മഹിയെട്ടനും കൃത്യ സമയത്ത് ഇവിടെ നിന്ന് മുങ്ങിയല്ലോ.. ”
ശിവനെ കാത്ത് പുറത്ത് നിന്ന അരവിന്ദന്റെ അടുത്തേക്ക് വന്ന് നയന വിഷമത്തിൽ പറഞ്ഞു.
” ഏട്ടൻ പെട്ടന്ന് ഇങ്ങ് വരില്ലേ മോളെ. മഹി ആരെയോ കാണാൻ പോയത് അല്ലെ. അവൻ കുറച്ച് കഴിയുമ്പോൾ ഇങ്ങ് വരും. പിന്നെ കുഴപ്പം ഇല്ലല്ലോ.. ”
അരവിന്ദന്റെ മറുപടി കേട്ട് നയന തിരിച്ചെന്തോ പറയാൻ തുടങ്ങുന്ന നേരത്താണ് അവളുടെ കണ്ണുകൾ ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്ന ശിവനിൽ ഉടക്കിയത്..
” അച്ചുവേട്ടന് എവിടെയെങ്കിലും പോകണം എങ്കിൽ തനിച്ച് പോയാൽ പോരേ.. ഈ വെട്ടുപോത്തിനെ ഒക്കെ കൂടെ കൊണ്ട് പോവുന്നത് എന്തിനാ..? ”
ശിവനെ നോക്കി അൽപ്പം ഗൗരവത്തിൽ നയന പറഞ്ഞു..
” അച്ചു.. നിന്റെ പെങ്ങള് രാവിലെ തന്നെ ഭദ്രകാളിയെ പോലെ തുള്ളി എന്റെ കയ്യിന്ന് വാങ്ങിക്കുന്ന ലക്ഷണം ഉണ്ടല്ലോ.. ”
ശിവനും വിട്ട് കൊടുക്കാതെ അവളെ കനപ്പിച്ചൊന്ന് നോക്കി..
” ഭദ്രകാളി ഇയ്യാളുടെ കെട്ട്യോള് ആണ്.. ”
” കെട്ട്യോള് ആയിട്ടില്ല.. ആവുമ്പോൾ എന്തായാലും ഞാൻ ഇങ്ങനെ തന്നെ വിളിക്കുള്ളു.. ”
ശിവൻ മുഖം തിരിച്ച് കുറച്ച് പതിയെ ആണ് പറഞ്ഞതെങ്കിലും നയന അത് കേട്ടിരുന്നു..
” എന്തെങ്കിലും ഉണ്ടെങ്കിൽ അത് മുഖത്ത് നോക്കി പറയണം മിസ്റ്റർ വെട്ട്പോത്തേ.. ”
നയന വീണ്ടും ചൊടിപ്പിക്കുന്നത് കണ്ടപ്പോൾ ശിവൻ അവളെ രൂക്ഷമായൊന്ന് നോക്കി എന്തോ പറയാൻ വന്നതും അരവിന്ദ് അവർക്കിടയിലേക്ക് കയറി.
” ശിവാ അവൾക്കോ വെളിവ് ഇല്ല. നീയും കൂടെ ഇങ്ങനെ തുടങ്ങിയാലോ. സമയം ഇപ്പൊ തന്നെ വൈകി വാ നമുക്ക് പോവാം. ”
അരവിന്ദ് പറഞ്ഞത് കേട്ട് ശിവൻ ഒന്ന് അയഞ്ഞെങ്കിലും നയന നല്ല ചൂടിൽ ആയിരുന്നു.
” ആർക്ക് തലക്ക് വെളിവ് ഇല്ലാത്ത കാര്യം ആണ് ഏട്ടൻ ഇപ്പൊ പറഞ്ഞത്..? ”
നയന മുന്നിൽ കേറി നിന്ന് ചോദിക്കുന്നത് കേട്ടപ്പോൾ പെട്ടുവെന്ന് അരവിന്ദന് മനസ്സിൽ ആയി.
” അച്ചുവേട്ടൻ ഇതെങ്ങോട്ടാ രാവിലെ തന്നെ..? ”
ദത്തനെ കണ്ടതും അരവിന്ദ് രക്ഷപെട്ട ഭാവത്തിൽ ഒന്ന് ചിരിച്ചു..
” എനിക്ക് അത്യാവശ്യം ആയി തൃശൂർ വരെ ഒന്ന് പോണം. ഇറങ്ങാൻ നിൽക്കുവാ.. ”
അരവിന്ദ് ദത്തനെ നോക്കി പറഞ്ഞു.
” ഓഹ്.. ഞാൻ ഇതിലെ പോയാപ്പോൾ വെറുതെ കയറിയതാ.. മഹി ഇല്ലേ..? ”
ദത്തൻ അകത്തേക്ക് നോക്കി ചോദിച്ചു.
” ഇല്ല. അവൻ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് ഇന്നലെ രാത്രി പോയാതാ. വൈകിട്ടെ വരൂ.. ”
” ഞാൻ ഇരുന്ന് ബോറടിച്ചപ്പോൾ അവനെ കൂട്ടി ഒന്ന് കറങ്ങാമെന്നു കരുതിയത് ആണ്. എന്നാ ശരി വരട്ടെ.. ”
തിരിഞ്ഞ് നടക്കുന്നതിനിടയിൽ ദത്തൻ നയനയെ ഒന്ന് നോക്കാൻ മറന്നില്ല.
” ദത്താ നീ എന്തായാലും വന്നത് അല്ലേ. പോവുമ്പോൾ നയനയെ കൂടെ കൂട്ടിക്കോ. അവളും ബോറടിക്കും എന്ന് പറഞ്ഞിരിക്കാ.. ”
അരവിന്ദ് പറഞ്ഞത് കേട്ട് ദത്തൻ നടത്തം നിർത്തി തിരിഞ്ഞ് നോക്കി.
” അച്ചുവേട്ടാ അത്.. ”
താല്പര്യം ഇല്ലാത്ത മട്ടിൽ നയന അരവിന്ദനെ നോക്കി.
” മോള് പോയിട്ട് വാ. ഇവിടെ അടുത്ത് അല്ലേ. മോൾടെ മുഷിച്ചിലും മാറും രാധികക്ക് അതൊരു സന്തോഷവും ആവും. ”
രാമനാഥൻ അവിടേക്ക് കയറി വന്ന് പറഞ്ഞു. പിന്നെ നയന എതിർത്തൊന്നും പറയാതെ ദത്തന്റെ കൂടെ ചെന്ന് ബൈക്കിൽ കയറി.
ദത്തന്റെ ബൈക്ക് അകന്ന് പോകുന്ന കാഴ്ച്ച നോക്കി നിൽക്കേ ശിവന്റെ നെഞ്ചോന്നു പിടഞ്ഞു. അത്രമേൽ പ്രിയപ്പെട്ട എന്തോ ഒന്ന് അകന്ന് പോകുന്ന വേദന.
……………………………….
പരമാവധി ഗ്യാപ് ഇട്ടാണ് നയന ദത്തന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നത്. മിററിൽ കൂടി നയനയെ നോക്കുമ്പോൾ മനസ്സിൽ വിരിയുന്ന ഗൂഢമായ ചിരി മുഖത്ത് തെളിയാതിരിക്കാൻ അവൻ ശ്രെദ്ധിച്ചിരുന്നു.
” അമ്മയ്ക്ക് നയനയെ വല്ല്യ കാര്യം ആണ്. എപ്പോഴും പറയും തന്നെ പറ്റി. ”
ഡ്രൈവിങ്ങിന് ഇടയിൽ ദത്തൻ പറഞ്ഞത് കേട്ട് അവളൊന്ന് മൂളി.
” അപ്രതീക്ഷിതമായി നയനയെ കാണുമ്പോൾ അമ്മയ്ക്ക് സന്തോഷം ആവും. തന്റെ ഈ ബോറടിയൊക്കെ അവിടെ ചെല്ലുമ്പോൾ മാറും ”
ദത്തൻ ഓരോന്ന് പറഞ്ഞ്കൊണ്ടിരിക്കുമ്പോഴും അർത്ഥമില്ലാത്ത ഒരു പുഞ്ചിരിക്കപ്പുറം അവളൊന്നും പറഞ്ഞില്ല.. എന്തെന്നറിയാത്ത ഒരു പേടി അവളുടെ ഉള്ളിൽ നിറഞ്ഞു.
” ആരിത് നയന മോളോ.. ”
നയനയെ കണ്ടതും രാധിക ഓടി വന്ന് വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു.
” ഞാൻ അത് വഴി പോയപ്പോൾ നയന ബോറടിച്ച് ഇരിക്കുവാണെന്ന് പറഞ്ഞപ്പോൾ കൂട്ടി കൊണ്ട് വന്നതാണ്. ”
ദത്തൻ രാധികയെ നോക്കി പറഞ്ഞു.
” മോള് വാ.. ”
രാധിക നയനയെയും കൂട്ടി അകത്തേക്ക് നടന്നു. പുറകെ ദത്തനും.
ദത്തനോടുള്ള അകൽച്ച ഒഴിച്ചാൽ രാധികയും ദത്തന്റെ അച്ഛൻ രവിയും ആയി നയന നല്ല അടുപ്പം ആയിരുന്നു. പരമാവധി ദത്തന്റെ മുന്നിൽ ചെന്ന് പെടാതെ നയന രാധികയുടെ ഒപ്പം സമയം ചിലവിട്ടു.
ഇരയെ അടുത്ത് കിട്ടിയ സന്തോഷത്തിൽ ദത്തൻ അവളെ കഴുകൻ കണ്ണുകളോടെ ചുറ്റി പറ്റി നിന്നു. നയന രാധികയുടെ കൂടെ സംസാരിക്കുന്ന നേരത്ത് ദത്തൻ അവളറിയാതെ ഒരു പിക് എടുത്ത് സെൽവരാജിന്റെ നമ്പറിലേക്ക് അയച്ച് കൊടുത്തു.
ടേബിളിൽ ഇരുന്ന് ഫോണിൽ മെസ്സേജിന്റെ ശബ്ദം കേട്ടതും സെൽവരാജ് അതെടുത്ത് തുറന്ന് നോക്കി. നിമിഷങ്ങൾക്കകം ലോഡ് ആയ നയനയുടെ ഫോട്ടോയിലേക്ക് അയാൾ
വശ്യമായി നോക്കി.
” എനക്ക് തെരിയും.. നീ സീക്രമാ എങ്കിട്ട് വന്ദിടുവെന്ന്.. അയാം വെയ്റ്റിങ് ചെല്ലം.. ”
പറഞ്ഞതിന് ഒപ്പം അയാൾ ആ ഫോട്ടോയിലേക്ക് അമർത്തി ചുംബിച്ചു.
…………………
മണിക്കൂറുകളുടെ യാത്രക്ക് ശേഷം അരവിന്ദും ശിവനും ഓർഫനേജിൽ എത്തി ചേർന്നു. അവരെ കാത്തെന്ന പോലെ മദർ ഇരുന്നിരുന്നത്..
” എന്താ മദർ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞത്..? ”
മദറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അൽപ്പം പേടിയോടെ ആണ് അരവിന്ദ് ചോദിച്ചത്.
” ഞാൻ ഇപ്പൊ പറയാൻ പോകുന്ന കാര്യം അരവിന്ദനെയും നിങ്ങളുടെ കുടുംബത്തെയും ഒരുപോലെ സന്തോഷം തരുന്ന ഒന്നാണ്. ”
മദർ അത് പറഞ്ഞ് മേശ വിരിപ്പിൽ നിന്ന് ഒരു ആൽബം എടുത്ത് അരവിന്ദന് നേരേ നീട്ടി. കൈ നീട്ടി അത് വാങ്ങുന്നതിനിടയിൽ അരവിന്ദ് ശിവനെ ഒന്ന് നോക്കി.
” പലരീതിയിൽ ഇവിടെ എത്തിയവർ ആണ് ഇവിടെ ഉള്ള എല്ലാവരും. ചിലരൊക്കെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുരുന്നുകളും ചിലർ വഴിയരികിൽ ഉപേക്ഷിക്കപെട്ടവരും. ഇവിടെ കിട്ടുന്ന കുരുന്നുകൾ ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണം തിരക്കി ആരും പോകാറില്ല. കർത്താവ് സംരക്ഷിക്കാൻ തന്നതായി മാത്രമേ കരുതിയിട്ടുള്ളു. അത് പോലെ കർത്താവ് ഏല്പിച്ച് തന്നതായിരുന്നു അവളെ.. ”
മദർ പറയുന്നത് ശ്രെദ്ധിച്ച് കൊണ്ട് തന്നെ ആൽബം മറിക്കുന്നതിന് ഇടയിൽ ഒരു അഞ്ചു വയസുകാരിയുടെ ചിത്രം കണ്ട് അരവിന്ദ് ഞെട്ടലോടെ ശിവനെ നോക്കി അവന്റെ മുഖത്തും അതെ ഭാവം ആയിരുന്നു.
” മദർ ഇത്…? ”
ആ ഫോട്ടോയിലേക്ക് ഒരിക്കൽ കൂടി നോക്കി അരവിന്ദ് മദറിനെ നോക്കി.
” വർഷങ്ങൾക്ക് മുമ്പ് റോഡരികിൽ നിന്ന് ആർക്കോ കിട്ടി ഇവിടെ എത്തിപ്പെട്ടതാണ് ഇവൾ. നിങ്ങളുടെ ലച്ചു.. ഞങ്ങളുടെ മീനു.. ”
മദർ അരവിന്ദനെ നോക്കി വേദനയോടെ പറഞ്ഞു. അരവിന്ദന്റെ കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ ലച്ചുവിന്റെ കുഞ്ഞു മുഖത്തെ മുഴുവൻ നനച്ചു.
( തുടരും )

by