16/04/2026

പാർവ്വതി പരിണയം : ഭാഗം 41

രചന – മഴ

“ക്ലാസ്സിൽ പോവണ്ടേ…? ഇങ്ങനെ ഇരുന്നാൽ മതിയോ..?” ജോഷിയുടെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്. ” ഡാ… വണ്ടിയുടെ ചാവി ഇങ്ങ് താ… ” മഹി എഴുന്നേറ്റു കൊണ്ട് കുട്ടനോട് ചോദിച്ചു. ” നീ എവിടെ പോവാ..? ക്ലാസ്സിൽ കയറുന്നില്ലേ..? ” പോക്കറ്റിൽ നിന്നും ചാവി എടുത്തു കൊണ്ട് കുട്ടൻ ചോദിച്ചു. ” ഇന്നിനി ഇല്ലെടാ.. നല്ല തലവേദന.. ഞാൻ വീട്ടിലേക്ക് പോവാ… ” ” വീട്ടിലേക്ക് തന്നെ പോവണം.. ഇന്നലത്തെ പോലെ അടിച്ചു പിമ്പിരി ആയി വന്നാൽ ചവിട്ടു വാങ്ങും നീ…. ” ജോഷി അവനു നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ” മാഷേട്ടൻ കുടിക്കുമോ…? മഹി പോയി കഴിഞ്ഞപ്പോൾ മീര ചോദിച്ചു. “ഈയിടെ തുടങ്ങിയതാ.. പുറമേ ചിരിക്കുമ്പോഴും ഉള്ളിൽ നെഞ്ചു പൊട്ടി കരയുവാ ഓരോ നിമിഷവും അവൻ….” മഹിയുടെ അവസ്ഥ മീരയുടെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടാക്കി.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. പാണ്ഡവരുടെ കലാലയ ജീവിതത്തിലെ അവസാന കോളേജ് ഡേയും വന്നെത്തി. വൈകുന്നേരം 7 മണി കഴിഞ്ഞും പരിപാടികൾ അവസാനിച്ചിരുന്നില്ല. അടി ഉണ്ടാകും എന്ന ഭയത്താൽ എല്ലാ തവണയും പോലെ പോലീസും ഉണ്ടായിരുന്നു. “എടാ.. നീ മീരയെ കണ്ടോ..?” കാന്റീനിലെ പടിക്കെട്ടിൽ തനിച്ചിരിക്കുകയായിരുന്നു മഹിക്ക് അരികിൽ വന്ന് ജോഷി ചോദിച്ചു. ” ഇല്ലടാ…. ” ” നിന്റെ അടുത്തേക്ക് വരികയാണെന്ന് പറഞ്ഞ് അവൾ അവളുടെ ഫ്രണ്ട്സിന്റെ അടുത്തു നിന്നും വന്നതെന്ന്… ” ” ഇവിടേയ്ക്ക് വന്നില്ല…ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.. ” മഹി ചാടിയെഴുന്നേറ്റു കൊണ്ട് പറഞ്ഞു. ” ഇവൾ പിന്നെ ഇതെവിടെ പോയി… ” ജോഷി നെറ്റി ഒഴിഞ്ഞു ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. ” ആഹ് ഡാ… പിന്നെ.. ഞാൻ മുൻപേ സൂരജിന്റെ കൂടെ ലൈബ്രറി ബിൽഡിംഗ് വരെ ഒന്ന് പോയിരുന്നു.

ആ സമയത്ത് എന്നെ കാണാതെ തിരിച്ചു പോയിട്ടുണ്ടാവും… വാ നമുക്ക് അന്വേഷിക്കാം…” മഹി ജോഷിയെയും കൂട്ടി ഓഡിറ്റോറിയത്തിലേക്ക് പോയി. ഇതിനിടയിൽ അക്കുവിനെയും കുട്ടനെയും പ്രിയയെയും കാര്യം അറിയിച്ചിരുന്നു. അഞ്ചുപേരും പല വഴിക്ക് അന്വേഷണം തുടങ്ങി. ലൈബ്രറിക്ക് മുന്നിലായി നിന്ന ഒന്ന് രണ്ട് കുട്ടികളിൽ നിന്നും അവൾ ആർട്സ് ബിൽഡിങ്ങിലേക്ക് പോകുന്നതായി കണ്ടുവെന്ന് അറിഞ്ഞു മഹി അങ്ങോട്ടേക്ക് പോയി. ചില കുട്ടികൾ വരാന്തയിൽ നിൽക്കുന്നത് കണ്ടതും മീര അവിടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ മഹി അവിടേക്ക് നടന്നു. “ഗായത്രി….” അവൻ അവിടെനിന്ന പെൺകുട്ടിയെ വിളിച്ചു. ” നീ മീരയെ കണ്ടിരുന്നോ..? ” ഇല്ലെടാ കണ്ടില്ല.. ഇവിടെ ഇല്ല.. ചിലപ്പോൾ ഫസ്റ്റ് ഫ്ലോറിൽ കാണും.. മ്യൂസിക് ഇൻസ്ട്രുമെൻസ് വെച്ചിരിക്കുന്നത് അവിടെയാ.. ചിലപ്പോൾ അങ്ങോട്ടേക്ക് പോയി കാണും.. ” ” മ്മ്മ്.. ഞാൻ നോക്കട്ടെ… ” മഹി അവരെ നോക്കി ഒരു പുഞ്ചിരി വരുത്തി.

അവൻ വേഗം പടികൾ ചാടിക്കയറി. ” മീരാ………. മീരാ………. ” ഓരോ ക്ലാസ് റൂം കയറി അവൻ വിളിച്ചെങ്കിലും വിജനമായിരുന്നു അവിടം. തിരികെ പോകാൻ പടികൾ ഇറങ്ങും നേരം ഒരു നിമിഷം അവൻ സംശയിച്ചു നിന്നു. സെക്കൻഡ് ഫ്ലോർ മുഴുവൻ ഇരുട്ടാണ്.. മാത്രവുമല്ല.. ആ ഫ്ലോർ പരിപാടിക്കോ അനുബന്ധ കാര്യങ്ങൾക്കോ അലോട്ട് ചെയ്തിട്ടുമില്ല… ഒരു നിമിഷത്തെ ചിന്താ മത്സരങ്ങൾക്ക് ഒടുവിൽ പടികൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്നും എന്തോ ശബ്ദം കേട്ടു. അവന്റെ ഉള്ളിൽ കൊള്ളിയാൻ മിന്നിയതുപോലെ തോന്നി. ” മീരാ…….. ” ഉറക്കെ വിളിച്ചു കൊണ്ട് അവൻ പടികൾ ചാടി കയറിഓരോ ക്ലാസ്സ് റൂം തിരയാൻ തുടങ്ങി. ഒടുവിൽ അങ്ങേയറ്റത്തെ വാതിൽ തുറന്നതും ഒരു നിമിഷം അവൻ തറഞ്ഞു നിന്നു. മാസ്ക് ധരിച്ച ഒരു രൂപം മീരയുടെ ഇരുകൈകളും പിന്നിലേക്ക് പിടിച്ചു വച്ചിരിക്കുന്നു.

മറു കൈയ്യാൽ അവളുടെ വായും പൊത്തി പിടിച്ചിട്ടുണ്ട്. അയാളിൽ നിന്നും കുതറി മാറാൻ അവൾ ശ്രമിക്കുന്നുണ്ട്. മഹിയെ കണ്ടതും ആ രൂപം മീരയെ ഊക്കോടെ സൈഡിലേക്ക് പിടിച്ചുതള്ളി. ഡസ്കിൽ തലയിടിച്ചു അവൾ തറയിലേക്ക് വീണു. “ഡാ………….” മഹി അലറിവിളിച്ചു അവന്റെ അടുത്തേക്ക് പാഞ്ഞുവെങ്കിലും അയാൾ മറുവശത്തെ വാതിലിലൂടെ പുറത്തേക്ക് ഓടി ഇറങ്ങി. പിന്നാലെ മഹി വാതിലിൽ എത്തിയതും വാതിലിനു പുറത്തായി നിന്നിരുന്ന രണ്ടുപേരുടെ കൈകൾ മഹിയെ ഉള്ളിലേക്ക് തള്ളിയിരുന്നു. പെട്ടെന്നുള്ള ആക്രമണത്താൽ മഹി പതറി പിന്നിലേക്ക് വേച്ചു വീണു.

നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഇരുവശങ്ങളിലും ഉള്ള വാതിലുകൾ അടഞ്ഞിരുന്നു. മഹി ചാടിയെഴുന്നേറ്റ് വാതിലിലേക്ക് പോവാൻ തുടങ്ങി. ” മാ…ഷേ…ട്ടാ… ” പാതി ബോധത്തിലും മീര വിളിച്ചു. അവളുടെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. അവൻ ഓടിച്ചെന്ന് അവളുടെ അടുത്തായി മുട്ടുകുത്തിയിരുന്നു. അപ്പോഴേക്കും അവളുടെ ബോധം പൂർണ്ണമായും മറഞ്ഞിരുന്നു. അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു. ” മോളെ…. മീര മോളേ…. ” പൊടുന്നനെ വാതിൽ തുറക്കുകയും അവിടമാകെ വെളിച്ചം നിറയുകയും ചെയ്തു. മഹി തിരിഞ്ഞുനോക്കി. രണ്ട് പൊലീസുകാരും പ്രിൻസിപ്പലും ടീച്ചേഴ്സും കുറച്ചു കുട്ടികളും ഒക്കെയുണ്ട്. അതിൽ ഒരു പോലീസുകാരൻ പാഞ്ഞുവന്ന് മഹിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു ഇരു കവിളിലും മാറി മാറി അടിച്ചു. വീണ്ടും അടിക്കാൻ ആഞ്ഞപ്പോൾ മഹി അയാളുടെ കൈ തടുത്തു. ഇതേസമയം രണ്ടുമൂന്ന് ടീച്ചേഴ്സും പെൺകുട്ടികളും മീരയുടെ അരികിലെത്തി.

” ആ കുട്ടിയെ വേഗം ഹോസ്പിറ്റലിൽ എത്തിക്കു….. ” പ്രിൻസിപ്പൽ പറഞ്ഞു. അവരൊക്കെ ചേർന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മഹി അയാളുടെ കൈ തടുത്തതും ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ കൂടി മഹിക്ക് നേരെ ചെന്നു. ” സാർ.. ഞാൻ പറയുന്നത് കേൾക്ക്… എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്തോ… ” മഹി അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ” ഒരു പെൺകൊച്ചിനെ കേറി പിടിച്ചിട്ട് നിന്റെ വേദാന്തം കൂടി ഞാൻ കേൾക്കാമെടാ… ” മഹിയുടെ കയ്യിൽ ബലമായി പിടിച്ചുകൊണ്ട് പോലീസുകാരൻ പറഞ്ഞു. ” യു #%&#* ” ഇരുവരുടെയും കൈകൾ കുടഞ്ഞെറിഞ്ഞു കൊണ്ട് അവൻ ആ പോലീസുകാരനെ കോളറിൽ പിടിച്ചു. ” മഹി…… ” അത് ഒരു അലർച്ചയായിരുന്നു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവരുടെ എച്ച് ഒ ഡി കൈമൾ സാർ. അദ്ദേഹം വന്ന് അവന്റെ കരണത്ത് ആഞ്ഞടിച്ചു.

” മിണ്ടരുത് നീ… മര്യാദയ്ക്ക് ഇവരുടെ കൂടെ പൊയ്ക്കോ… ” വേദനയോടെ അവൻ അദ്ദേഹത്തെ നോക്കി. ഒന്നും കാണാതെ സാർ അങ്ങനെ പറയില്ല എന്ന് അവന് നന്നായി അറിയാമായിരുന്നു. നിസ്സഹായനായി അവനെ ഒന്ന് നോക്കി അദ്ദേഹം തിരിഞ്ഞു നടന്നു. മഹിയുടെ കയ്യിൽ വിലങ്ങ് വെച്ച് പോലീസുകാർ അവനെയും കൊണ്ട് പുറത്തിറങ്ങി. നിറഞ്ഞു വന്ന നീർത്തുള്ളികൾ പുറത്തേക്ക് ഒഴുകാൻ അനുവദിക്കാതെ അവൻ അവർക്കൊപ്പം ജീപ്പിനരികിലേക്ക് നടന്നു. നിറഞ്ഞൊഴുകിയ കണ്ണുകളുമായി കാണികളിൽ ഒരാളായി ദേവി ഉണ്ടായിരുന്നത് അപ്പോൾ അവൻ അറിഞ്ഞിരുന്നില്ല. അവൻ ജീപ്പിന്റെ പിന്നിലേക്ക് കയറുന്ന നേരം എങ്ങുനിന്നോ വിവരങ്ങൾ അറിഞ്ഞ പാണ്ഡവരിൽ മറ്റു നാല് പേരും അവിടെയെത്തിയിരുന്നു. പോലീസുകാരോടും അധ്യാപകരോടും ഉള്ള സംസാരം മുറുകുമ്പോഴും മഹി മുഖം കുനിച്ച് നിറഞ്ഞ കണ്ണുകളോടെ ജീപ്പിൽ ഇരുന്നു. ഒരു കരസ്പർശം അറിഞ്ഞപ്പോഴാണ് അവൻ മുഖമുയർത്തി നോക്കിയത്.

നിറഞ്ഞൊഴുകിയ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് കഴുത്തിൽ കെട്ടിയ താലി വലിച്ചു പൊട്ടിച്ചു ദേവി മഹിയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു. ” ഇനി ഈ താലി ചുമക്കാൻ എനിക്ക് ആവില്ല…. ” എന്നുപറഞ്ഞ് അവൾ തിരിഞ്ഞു പോയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. അഴികൾക്കുള്ളിൽ ഇരിക്കുമ്പോഴും മഹി താലി ചരടിൽ മുറുക്കി പിടിച്ചിരുന്നു. കൈമൾ സാറും ജോഷിയും മഹിയുടെ അച്ഛനും സർക്കിളിനോട്‌ സംസാരിക്കുകയാണ്. മീരയ്ക്ക് ബോധം വീഴുന്ന വരെയെങ്കിലും അവന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യരുത് എന്ന് അപേക്ഷിക്കുകയാണ്. മഹിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു തെറ്റ് സംഭവിക്കില്ല എന്ന ഉറപ്പ് കൈമൾ സാർ നൽകിയതിനാൽ പുലർച്ചെവരെ നോക്കാം എന്ന് അദ്ദേഹം വാക്കുകൊടുത്തു.

അക്കുവും കുട്ടനും പ്രിയയും ഇതിനകം മീരയ്ക്ക് അരികിലേക്ക് പോയിരുന്നു. ഒടുവിൽ ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം മീരയ്ക്ക് ബോധം വീഴുകയും മറ്റാരോ ആണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നും മാഷേട്ടൻ വന്ന് രക്ഷിക്കുകയാണ് ഉണ്ടായതെന്നും പറഞ്ഞതോടെ മഹിയെ വെറുതെവിട്ടു. മീരയെ പിറ്റേന്ന് തന്നെ അച്ഛൻ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. തന്റെ മകളെ വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ച മഹിയുടെ അവസ്ഥ അറിഞ്ഞപ്പോൾ ആ മനുഷ്യന്റെ നെഞ്ചിലും വേദന പൊടിഞ്ഞു. ആകെ തകർന്ന മഹി മുറിക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടി. മിക്കപ്പോഴും മദ്യത്തിനെ ആശ്രയിച്ചു. ചില സമയങ്ങളിൽ ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചു കരയുകയും മുന്നിൽ കാണുന്നതൊക്കെ തച്ചുടയ്ക്കാനും തുടങ്ങി. കുട്ടനും ജോഷിയും പ്രിയയും അവനു ഒപ്പം തന്നെ നിന്നു. അമ്മയും അച്ഛനും തിരികെ നാട്ടിലേക്ക് തന്നെ പോവാൻ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു ചെയ്യാൻ തുടങ്ങി.

മഹി വീട്ടിലേക്ക് വന്ന നിമിഷം മുതലുള്ള അക്കുവിന്റെ അഭാവം ആരും കാര്യമാക്കിയിരുന്നില്ല. ഒരാഴ്ചയ്ക്കു ശേഷം വന്ന ഒരു ഫോൺകോൾ ആയിരുന്നു ജോഷിയെ കൊണ്ട് അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മഹിയെ യും പ്രിയയെയും കുട്ടനെയും കൂട്ടി ജോഷി കാർ എടുത്തു പോകുമ്പോൾ ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി ഇരുന്നു. ഏകദേശം പതിനഞ്ചു മിനിട്ട് നേരത്തെ യാത്രയ്ക്ക് ശേഷം ഒരു ക്ഷേത്രത്തിനു മുന്നിൽ വണ്ടി നിർത്തുമ്പോൾ കാര്യമറിയാതെ കുട്ടനും മഹിയും പ്രിയയും പരസ്പരം നോക്കി. ഒന്നും മിണ്ടാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ജോഷി ബോണറ്റിൽ ചാരി കൈയും കെട്ടി നിന്നു. അപ്പോഴേക്കും അവരും പുറത്തിറങ്ങിയിരുന്നു. എന്താണെന്ന ഭാവത്തോടെ മൂവരും ജോഷിയുടെ ദൃഷ്ടി പാഞ്ഞടുത്തേക്ക് നോക്കുമ്പോൾ പറഞ്ഞു പോയിരുന്നു. അക്കു കെട്ടിയ താലിയും സിന്ദൂരവും അണിഞ്ഞ് അവന്റെ വലം കയ്യും പിടിച്ചു വരുന്ന ദേവിയെ കണ്ട് മഹിക്ക് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

ഒട്ടൊരു നേരത്തെ അന്ധാളിപ്പിനുശേഷം പരിസരബോധം വീണ്ടെടുത്ത് ദേഷ്യത്തോടെ ചെന്ന് അക്കുവിന്റെ വയറ്റിൽ ചവിട്ടി കുട്ടൻ. “അക്കു ഏട്ടാ….” ദേവി കരഞ്ഞുകൊണ്ട് താഴെവീണ അക്കുവിനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. “#%&# മോനെ.. കൂടെ നിന്ന് ചതിക്കുകയായിരുന്നു നീ അല്ലേ….?” അക്കുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് കുട്ടൻ പറഞ്ഞു. “കുട്ടേട്ടാ… അക്കുവേട്ടനെ ഒന്നും ചെയ്യല്ലേ….” ദേവി തൊഴുകൈയോടെ കുട്ടനെ നോക്കി പറഞ്ഞു. “പ്ഫാ…. ആരാടീ നിന്റെ കുട്ടേട്ടൻ…? മാറി നിൽക്കടീ….” അപ്പോഴേക്കും അക്കുവിന്റെയും ദേവിയുടെയും അച്ഛനമ്മമാരും അവരുടെ അടുത്തെത്തി അവരെ പിടിച്ചുമാറ്റി.

ജോഷി വന്ന് കുട്ടനെ പിടിച്ചു പിറകിലേക്ക് നിർത്തി. ” കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചിട്ട് ഇങ്ങനെ ഒരു ചതി നിന്നിൽ നിന്നും പ്രതീക്ഷിച്ചില്ല… ഇനിയൊരിക്കലും ഒന്നിന്റെ പേരും പറഞ്ഞു നീ ഞങ്ങളുടെ… അല്ല..നിങ്ങൾ…ഞങ്ങളുടെ മുന്നിൽ വന്നു പോയേക്കരുത്…. ഞങ്ങളുടെ ഓർമ്മകളിൽ പോലും ഇനി നീ ഉണ്ടാവില്ല…… ” അക്കുവിനു നേരെ വിരൽചൂണ്ടി പറയുമ്പോൾ വാക്കുകൾ ഇടാതിരിക്കാൻ ജോഷി ശ്രദ്ധിച്ചു. കുട്ടനുമായി തിരിഞ്ഞു നടക്കുമ്പോൾ എല്ലാം കണ്ടു തളർച്ചയോടെ നിൽക്കുന്ന മഹിയെ കണ്ടു അവരുടെ നെഞ്ചു തകർന്നു. അവന്റെ അരികിൽ ചെന്ന് ചുമലിൽ കൈകൾ അമർത്തുമ്പോൾ ഒരു വരണ്ട പുഞ്ചിരി മഹി ഇരുവർക്കും നൽകി അവർക്ക് അരികിലേക്ക് നടന്നു.

ദേവിയുടെ കഴുത്തിൽ കിടക്കുന്ന അക്കുവിന്റെ പേര് എഴുതിയ താലിയിലും അവൻ ചാർത്തിയ സിന്ദൂരത്തിലും മഹിയുടെ മിഴികൾ ചെന്ന് ഉടക്കി. ഒരു പുഞ്ചിരി നൽകി ഇരുവരുടെയും കൈകൾ അവന്റെ കൈകൾക്കുള്ളിൽ ആക്കി. ” വിഷ് യു ഹാപ്പി മാരീഡ് ലൈഫ്… ” ഇരുവർക്കും അവസാനമായി ഒരു പുഞ്ചിരി കൂടി നൽകി തിരിഞ്ഞു നടക്കുമ്പോൾ മഹിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. പ്രാണൻ ആയിരുന്നവന്റെയും പാതിയായവളുടെയും ചതി ഓർത്ത്….. ദേവന്റെ നെഞ്ചിൽ മുഖമമർത്തി അവനെ ഇറുകെ പുണർന്നു പൊട്ടിക്കരയുന്ന പാറുവിനെ അവൻ ഒന്നുകൂടി ചേർത്തു പിടിച്ചു. നനവാർന്ന ആ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കമുണ്ടായിരുന്നു… പാർവതി എന്ന തന്റെ മാത്രം പ്രണയത്തിന്റെ…..