രചന – റോസാ തോമസ്
ടെക്സ്റ്റൈൽസ് ഷോപ്പിലെ അറ്റൻഡൻസ് രജിസ്റ്റർ നോക്കുകയായിരുന്നു മാലിനി. സാധാരണ ആനി ആണ് ചെക്ക് ചെയ്യുന്നത്. തിരക്കുകൾ ഉള്ളപ്പോൾ മാത്രമേ ഇതൊക്കെ തന്നെ ഏൽപ്പിക്കാറുള്ളു…. ഭദ്രന്റെ ആക്സിഡന്റ് ഉണ്ടായതിനുശേഷം ഇപ്പോൾ മാലിനി ആണ് കൂടുതലും ഇതൊക്കെ നോക്കുന്നത്. കാരണം ആനി ഇപ്പോൾ ഇടയ്ക്കൊക്കെ മാത്രമേ ഷോപ്പിൽ വരാറുള്ളൂ.. വന്നാലും പെട്ടെന്ന് പോവും. ഈവനിങ്, എല്ലാ കാര്യങ്ങളും ഹോസ്പിറ്റലിൽ, ആനിയുടെ അടുത്ത് ചെന്ന് റിപ്പോർട്ട് ചെയ്യുകയാണ് ഇപ്പോൾ മാലിനിയുടെ പതിവ്.റിപ്പോർട്ട് കൊടുക്കുമ്പോൾ വള്ളിപുള്ളി തെറ്റാതെ കൊടുക്കണം.. അതാണ് ഏറ്റവും ബുദ്ധിമുട്ട്.. ആനി എല്ലാം വിശദമായി ചെക്ക് ചെയ്യും. പിന്നെ, ഹോസ്പിറ്റലിലെ കാര്യങ്ങളെല്ലാം എബിൻ ഡോക്ടർ മാനേജ് ചെയ്തോളും.
തിരക്ക് കൂടുമ്പോൾ ഓഫീസ് ജോലികളൊക്കെ ആയിട്ട് ഒരുപാട് ജോലി വരുമ്പോൾ മാലിനി, ആനിയുടെ കൂടെ എബിനെ ഹെൽപ്പ് ചെയ്യുമായിരുന്നു.. ഇപ്പോൾ എല്ലാജോലികളും കഴിഞ്ഞ് ഇടയ്ക്ക് ഹെൽപ്പ് ചെയ്യാൻ ചെല്ലുമ്പോൾ എബിൻ ഡോക്ടർ കുഴപ്പമില്ലെന്നു പറഞ്ഞ് ഓടിച്ചുവിടും..അതുതന്നെ ഒരു സമാധാനം.. അത്രയും ജോലി കുറഞ്ഞല്ലോ… അതുകൊണ്ട് അത് നോക്കണ്ട… പിന്നെ ബാക്കി കാര്യങ്ങളെ ഉള്ളൂ… നേരത്തെ, മാഡത്തിന്റെ കൂടെ നടന്ന് എല്ലാം ചെയ്താൽ മതിയായിരുന്നു.ഇപ്പോൾ സാഹചര്യങ്ങൾ എല്ലാം മാറിയില്ലേ. പക്ഷെ കഴിഞ്ഞ ദിവസം സാലറി വാങ്ങിക്കാൻ ചെന്നപ്പോൾ ശരിക്കും ഞെട്ടി..
മാസാവസാന ദിവസം, ടെക്സ്റ്റ്ൽസിലെയും റസ്റ്റോറന്റ്ലെയും എല്ലാ കാര്യങ്ങളും ബില്ലുകളും എല്ലാ ജോലിക്കാരുടെയും സാലറിയുടെ ഡീറ്റെയിൽസും എല്ലാം എടുത്ത് മടുത്തായിരുന്നു അന്ന്… ഏറ്റവും അവസാനം ആണ് തന്റെ സാലറിവാങ്ങാൻ ചെന്നത്. നോക്കിയപ്പോൾ ശരിക്കും ഞെട്ടി… സാലറി കൂടിയിരിക്കുന്നു.. ഇരട്ടി ശമ്പളം ആക്കിയിരിക്കുന്നു. അതുവരെയുള്ള എല്ലാ സങ്കടങ്ങളും മടുപ്പും ഒരു നിമിഷം തന്നെ വിട്ടു പോയത് പോലെ തോന്നി. അത്രയ്ക്ക് ഇരട്ടിപ്പണി ആയിരുന്നു …ഈയിടെയായിട്ട് ഉണ്ടായിരുന്നത്. ആനി മാഡം അതെല്ലാം മനസ്സിലാക്കിയല്ലോ എന്നോർത്തപ്പോൾ ഒരുപാട് സന്തോഷം തോന്നി.
എംഡി യുടെ ക്യാബിനിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മാലിനി പെട്ടെന്ന് ചാടി എണീറ്റു…മീറ്റിംഗ് കഴിഞ്ഞു എന്ന് തോന്നുന്നു. പുതിയ ഡീലേഴ്സ് ആയിട്ടുള്ള മീറ്റിംഗ് ആണ്.. അന്ന് ഭദ്രന്റെ ആക്സിഡന്റ് ഉണ്ടായ ദിവസം കാഞ്ചിപുരത്തേക്കുള്ള ആനിയുടെ യാത്ര മുടങ്ങിയത് വലിയ നഷ്ടമായിപ്പോയി.. അതിനുശേഷം യാത്ര ഒന്നും നടന്നില്ല.. അതുകൊണ്ട് ഇപ്പോ പുതിയ ഡീലേഴ്സ്മായി കരാറുറപ്പിച്ചു.. അതിനാണ് ഇന്നത്തെ മീറ്റിംഗ്.. ഡീലിന്റെ ഭാഗമായിട്ട്, ഇന്ന് കുറെ പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് മൊത്തത്തിൽ തിരക്കാണ്. മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും പരസ്പരം യാത്ര പറഞ്ഞ് പോയി.. മാനേജർ കോശിയും അക്കൗണ്ടന്റ് മനോജും ജോലിയിൽ പ്രവേശിച്ചു ജോലി തുടർന്നു. മാലിനി വേഗം തന്നെ ആനിയുടെ പുറകെ പോയി.
ആനി പുതിയ സ്റ്റോക്ക് ഇറക്കിയ ഇടത്തേക്ക് ആണ് പോയത്. ഓരോ പായ്ക്കറ്റ് ഒന്നുപോലും വിടാതെ ക്ഷമയോടെ ചെക്ക് ചെയ്യുന്നതാണ് ആനിയുടെ പ്രത്യേകത.. ആരൊക്കെ ചെയ്താലും അവസാനം തന്റെ കൈ കൊണ്ട് ചെക്ക് ചെയ്തില്ലെങ്കിൽ ആനിക്ക് തൃപ്തി ആവില്ല.. ഗുണമേന്മയും കഠിനാധ്വാനവും ആണ് ആനിയുടെ വിജയരഹസ്യം.പാക്കറ്റുകളുടെ അടുത്ത് മുട്ടുകുത്തി ഇരിക്കുന്ന ആനിയുടെ അടുത്ത് മാലിനിയും കൂടി…മഞ്ഞ കളർ ഉള്ള സാധാ കോട്ടൻസാരി ആണ് ആനി ഇട്ടിരിക്കുന്നത്. മുഖത്ത് നല്ല ക്ഷീണം ഉണ്ട്. അത് ഹോസ്പിറ്റൽ വാസത്തിന്റെ ആണെന്ന് തോന്നി.. എന്നാലും മുഖത്തിന് ഗൗരവം കുറവൊന്നുമില്ല… കോശിയോട് വരാൻ പറയു എന്ന് മാലിനിയോട് പറഞ്ഞു ആനി എണീറ്റു. രണ്ടു നിമിഷങ്ങൾക്കുള്ളിൽ കോശി ഓടിവന്നു. ” കഴിഞ്ഞ ഒരുമാസമായി എത്ര രൂപ നഷ്ടമുണ്ടായി എന്ന് കോശിക്ക് അറിയുമോ.. ” ആനി ചോദിച്ചു. അത് മാഡം… കോശി പരുങ്ങി.
നഷ്ടത്തിന്റെ കണക്കോ നഷ്ടം എന്താണെന്നോ ഒന്നും ഞാൻ ചോദിക്കുന്നില്ല.പുതിയ സ്റ്റോക്ക് വന്നിട്ടുണ്ടല്ലോ.. കഴിഞ്ഞ മാസം ഉണ്ടായ നഷ്‌ടത്തിന്റെ ഇരട്ടി ലാഭം ഈ മാസം ഉണ്ടായിരിക്കണം. വേറൊന്നും എനിക്ക് പറയാനില്ല..കോശി പൊയ്ക്കോളൂ.. കോശി ഒന്നും പറയാതെ ചങ്ക് തിരുമ്മികൊണ്ട് ഇറങ്ങിപ്പോയി. മാലിനി.. പ്ലീസ് കം…ഞാൻ ഹോസ്പിറ്റലിലേക്ക് പോകുവാ .. ഇന്ന് ഇനി റസ്റ്റോറന്റ്ലേക്ക് ഇല്ല.. നാളെ ആവാം.. പോകുന്ന വഴി മാലിനി റസ്റ്ററൻഡിലേക്ക ഇറങ്ങിക്കോളു.. പറഞ്ഞുകൊണ്ട് ആനി നടന്നു..പുറകെ മാലിനിയും. ഹാ..ഇതെന്താ..ഇങ്ങോട്ടുള്ള വഴിയോക്കെ അറിയുമോ.. റീന മോളിയോട് ചോദിച്ചു. ഭദ്രനെയും ആനിയെയും കാണാൻ വേണ്ടി രാവിലെ ഇറങ്ങിയതാണ് റോയിയും ഭാര്യ മോളിയും. അവരെ കണ്ട് ഹോസ്പിറ്റലിന്റെ എൻട്രൻസിൽ വച്ച് തന്നെ മോളിയെ പിടിച്ചുനിർത്തി സംസാരിക്കുകയാണ് റീന.
ഇങ്ങോട്ടേക്ക് ഉള്ള വഴി അറിയാൻ ഇത് റീനയുടെ വീട് ഒന്നും അല്ലല്ലോ..ഹോസ്പിറ്റൽ അല്ലേ.. മോളി പുച്ഛിച്ചു. ” അല്ല മോളി ചേച്ചി..ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ.. അതിനു ദേഷ്യപ്പെടുന്നത് എന്തിനാ.. ഒന്നുമില്ലേലും നമ്മൾ ഒരു നാട്ടുകാരല്ലേ..” റീന പറഞ്ഞു. ” നാട്ടുകാരല്ലേ..വീട്ടുകാർ ഒന്നുമല്ലല്ലോ.. “മോളി പറഞ്ഞതും തിരിഞ്ഞുനടന്നു കഴിഞ്ഞു. റീനയുടെ മുഖം വീർത്തു ഇപ്പൊ പൊട്ടുന്ന പോലെ ആയി. ആനിയും ആയിട്ട് വല്ല്യ രസത്തിൽ ഒന്നും അല്ല മോളി.. എന്ന് അറിയാമായിരുന്നു അതുകൊണ്ട് ഒന്ന് എറിഞ്ഞു നോക്കിയതാ… പക്ഷേ നടന്നില്ല. എന്താ റീന മാഡം… ഇവിടെ നിൽക്കുന്നെ… എന്ന് ചോദിച്ചു കൊണ്ട് മറിയാമ്മ സിസ്റ്റർ വന്നു.
ഒന്നും പറയണ്ട എന്റെ മറിയാമ്മ സിസ്റ്ററേ.. ഓരോരുത്തരുടെ ഒക്കെ ഒരു അഹങ്കാരം.. നടന്നു പോകുന്ന മോളിയെ നോക്കി കൊണ്ട് റീന പറഞ്ഞു. ആ പോകുന്നത് ആനി മാഡത്തിന്റെ നാത്തൂന് അല്ലേ.. മറിയാമ്മ സിസ്റ്റർ ചോദിച്ചു. അതെ അതെ.. പറഞ്ഞുകൊണ്ട് മറിയാമ്മ റീനയെ വിളിച്ചുകൊണ്ട് റീനാ മുകളിലത്തെ വാർഡിലേക്ക് നടന്നു. അതുകണ്ട് പരദൂഷണകമ്മിറ്റി തുടങ്ങി എന്നു റിസപ്ഷനിൽ ഇരുന്ന ജിനയും നിമിഷയും അടക്കം പറഞ്ഞു. മറിയാമ്മ സിസ്റ്ററേ..ആനിയുടെ ഏതോ ഫ്രണ്ടിന്റെ മകൾ ഇവിടെ വന്നിട്ടില്ലേ.. ആൾ എങ്ങനെയുണ്ട്.. ഒത്ത് കിട്ടുമ്പോൾ രണ്ട് ഡോസ് കൊടുക്കണം കേട്ടോ.. റീന മറിയാമ്മയുടെ ചെവിയിൽ രഹസ്യമായിട്ട് പറഞ്ഞു.
ആ.. ഡോക്ടർ കൊച്ചോ… അതൊരു പാവമാ.. പിന്നെ പണി കൊടുക്കുന്ന കാര്യം.. വല്ല നേഴ്സുമാർ ആയിരുന്നേൽ നടന്നേനെ..ഡോക്ടർമാർ ആയതുകൊണ്ട് പാടാ..പിന്നെ സൗകര്യം കിട്ടുമ്പോൾ നോക്കാം..അല്ലാ …ആ പെൺകൊച്ച് അല്ലേ ഈ വരുന്നത്.. മറിയാമ്മ സിസ്റ്റർ നടന്നുവരുന്ന അന്നയെ കണ്ടുകൊണ്ട് പറഞ്ഞു. നടന്നുവന്ന അന്നയെ തടഞ്ഞു പിടിച്ചു കൊണ്ട് റീന പറഞ്ഞു. മുതിർന്നവരെ കാണുമ്പോൾ ഒന്ന് വിഷ് ചെയ്യണമെന്ന് അറിയില്ലേ.. മറിയാമ്മേ ചൂണ്ടികാണിച്ചു കൊണ്ട് ചോദിച്ചു. മറിയാമ്മ ആണെങ്കിൽ വേണ്ട എന്നുള്ള ഭാവത്തിൽ റിനയെ നോക്കി.. ഓ സോറി.. മാം.. ഗുഡ്മോർണിംഗ് മാം.. മാം ഏത് ഡിപ്പാർട്ട്മെന്റ് ആണ്.. ഡോക്ടർ ആണെന്ന് കരുതി അന്ന ചോദിച്ചു. മറിയാമ്മ ഒന്ന് പതറി. അത് മനസ്സിലാക്കി റീന സംസാരിച്ചു.
താൻ വന്നിട്ട് ഒരാഴ്ചയായില്ലേ..ഇതുവരെ ആൾക്കാരെ ആരെയും പരിചയപ്പെട്ടു ഇല്ലേ.. മോശം മോശം..തൽക്കാലം പൊക്കോ .. പക്ഷേ ഇനിയും കാണേണ്ടി വരും. ശരി എന്ന് പറഞ്ഞ് അന്ന പോയി. എന്റെ പൊന്നു റീന മാഡം..ഇതെന്താ ഈ കാണിച്ചത്. ആ കുട്ടിക്ക് ഞാൻ ആരാണ് എന്ന് അറിയില്ലായിരിക്കും.. നാണക്കേടായി പോയി. മാത്രവുമല്ല ആനി മാഡത്തിനെ റിക്കമ്മെന്റെഷൻ അല്ലേ.. ആ കുട്ടി ആനി മാഡത്തിനോട് എങ്ങാനും ചെന്ന് പറഞ്ഞാലോ.. മറിയാമ്മ പറഞ്ഞു. ” പിന്നെ പറയാൻ അവൾ ഇങ്ങ് വരട്ടെ..ഞാൻ പറഞ്ഞോളാം നീ പേടിക്കണ്ട…” എന്തെങ്കിലും അവസരം കിട്ടിയാൽ ആ ഡോക്ടർ കൊച്ചിനെ നീ വെറുതെ വിടരുത്.. എനിക്ക് അതേ പറയാനുള്ളൂ…. ശരി എന്നാൽ ഞാൻ പോവാ..ഇനി താമസിച്ചാൽ ആ തള്ളക്ക് അതുമതി …”അതും പറഞ്ഞ് റീന യാത്ര പറഞ്ഞു പോയി.
റോയിയും മോളിയും കയറിച്ചെന്ന് ഭദ്രനെ കണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ആനി വന്നു. ഞാൻ ടെക്സ്റ്റൈൽസ് വരെ പോയതായിരുന്നു. നിങ്ങൾ വന്നിട്ട് കുറച്ചു നേരമായോ? ആനി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ഞങ്ങൾ വന്നിട്ട് പത്തുമിനിറ്റ് ആയി.. അതു കുഴപ്പമില്ല. നീ ഇപ്പോൾ ഇവിടെ തന്നെയാണോ..വീട്ടിൽ പോകാറില്ലേ. റോയ് ചോദിച്ചു. വീട്ടിൽ ഇടയ്ക്ക് ഒന്ന് പോയിട്ട് വരും… അത്രയേ ഉള്ളൂ.. ആനി പറഞ്ഞു. ഇനി എന്താ നിന്റെ പ്ലാൻ… ദദ്രനെ വീട്ടിൽ കൊണ്ട് പോകുന്നില്ലേ… റോയി ചോദിച്ചു. വീട്ടിൽ കൊണ്ടു പോകാം എന്നായിരുന്നു പ്ലാൻ.. എബിൻ ഒരു ഹോം നഴ്സിനെയും റെഡിയാക്കിതായിരുന്നു.. അപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് വഴി അറിഞ്ഞത് കോട്ടയത്ത് ഒരു ആശ്രമം ഉണ്ട് അവിടെ നല്ല ചികിത്സയാണ് എന്ന്. ഇവിടെ ഇനി കുറച്ചു ദിവസം കൂടി ഉള്ളു… അത് കഴിയുമ്പോൾ അങ്ങോട്ടേക്ക് കൊണ്ടു പോകാനാണ് പ്ലാൻ…അവിടെ ചെന്ന് ഞാൻ കുറച്ചു ദിവസം അവിടെ നിൽക്കും.. അതുകഴിഞ്ഞ് ഹോം നേഴ്സിനെ ആക്കി പോരാം… പിന്നെ ഇടയ്ക്കിടയ്ക്ക് പോയി നോക്കിയാൽ മതി.
തന്റെ പ്ലാൻ പൊളിഞ്ഞല്ലോ എന്ന് റോയ് ഓർത്തു.. അത് പറയാനാണ് താൻ ഇവിടെ വന്നത് .. പക്ഷേ അതിനു മുന്നേ… സത്യത്തിൽ ഞങ്ങൾ അത് പറയാനാണ് വന്നത്.. റോയ്ചായന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു ഈ ആശ്രമത്തിന്റെ കാര്യം.. മോളി ചാടി പറഞ്ഞു. ഉം…പിന്നെ വേറെ എന്തൊക്കെയുണ്ട് ..അമ്മച്ചി എന്തുപറയുന്നു.. ആനി ചോദിച്ചു. അമ്മച്ചിക്ക് കുഴപ്പം ഒന്നുമില്ല…റോയി പറഞ്ഞു. ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു. ആനി ചോദിച്ചു. ബിസിനസ്സ് നഷ്ടത്തിലാണ്… കുറച്ചു കടം വന്നപ്പോൾ വീട് ഒന്ന് പണയം വെച്ചിരുന്നു. ആ പണമൊക്കെ നഷ്ടപ്പെട്ടുപോയി… തിരിച്ചടയ്ക്കാൻ പറ്റിയില്ല…. ഇപ്പോൾ കുറച്ചു പൈസ എങ്കിലും തിരിച്ചടച്ചില്ലെങ്കിൽ വീട് നഷ്ടപ്പെട്ടുപോകും എന്ന അവസ്ഥയാണ്. ആനിയുടെ കൈയിൽ പൈസ ഉണ്ടെങ്കിൽ ഒന്ന് മറിക്കാൻ എടുക്കാൻ ഉണ്ടാകുമോ .. റോയ് ചോദിച്ചു. റോയ് എന്താ ഈ പറയുന്നത്.. വീട് പണയത്തിൽ ആണെന്നോ.. എന്നും ചോദിച്ചു കൊണ്ട് ആനി പെട്ടെന്ന് അമ്മച്ചിയുടെ നമ്പർ ഫോണിൽ ഡയൽ ചെയ്തു. ആ അമ്മച്ചി…ആനി യാണ്..ആനി പറഞ്ഞു.
ആ കുഴപ്പമില്ല അമ്മച്ചി.. പിന്നെ റോയിയും മോളിയും ഇവിടെ വന്നിട്ടുണ്ട്. വീട് പണയത്തിൽ ആണെന്ന് ഇവർ പറഞ്ഞല്ലോ നേരാണോ…അമ്മച്ചി അറിഞ്ഞോ.. ആ എന്നാൽ ശരി ..ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു. എന്നിട്ട് റോയിനെ ഒന്ന് നോക്കി.. ആ നോട്ടത്തിൽ റോയി പതറി. അമ്മച്ചിയോട് ഒരു വാക്ക് പറയാതെ ആണോ വീടിന്റെ ആധാരം പണയം വെച്ചത്..ആനി റോയി യോട് ചോദിച്ചു. അത് പിന്നെ… അമ്മച്ചിക്ക് ഒരു വിഷമം ആവണ്ട എന്ന് കരുതി. റോയ് പറഞ്ഞു. അതുപിന്നെ അങ്ങനെയാണല്ലോ റോയ് ഒന്നും മിണ്ടാറില്ലല്ലൊ… അമ്മച്ചി അവിടെ എങ്ങനെയാ കഴിയുന്നത് എന്ന് എനിക്ക് നന്നായി അറിയാം… റോയി പിന്നെ ഒന്നും മിണ്ടാറില്ലല്ലോ.. വീടിന്റെ ആധാരം എടുത്ത് പണയം വച്ചത് റോയി അമ്മച്ചിയോട് മിണ്ടിയില്ല.. 23 വർഷങ്ങൾക്കു മുമ്പ് എന്റെ മകളെ ഉപേക്ഷിക്കേണ്ട അവസ്ഥ എനിക്ക് വന്നപ്പോഴും റോയ് ഒന്നും മിണ്ടിയില്ല… എന്നും മൗനം അല്ലേ ഉള്ളൂ.
അതുകേട്ടപ്പോൾ റോയ് തലതാഴ്ത്തി നിന്നതേയുള്ളൂ.. പക്ഷേ അത് കേട്ടപ്പോൾ ഭദ്രേന്റെ മുഖത്ത് വേദന പടർന്നു… കണ്ണിൽ ചെറിയ നീർത്തിളക്കം.. പഴയ പലതും ഓർത്തു കൊണ്ടുള്ള കുറ്റബോധം കൊണ്ടുള്ള അനുതാപ കണ്ണീർ… ഓ അപ്പോൾ അമ്മച്ചി എല്ലാ കാര്യങ്ങളും ഇവിടെ അറിയിക്കുന്നു ഉണ്ടല്ലോ….അത് കേട്ട് നിന്ന മോളി പറഞ്ഞു. അമ്മച്ചി എന്നെ ഒന്നും അറിയിക്കാറില്ല.. ഇനി അതും പറഞ്ഞ് അമ്മച്ചിയെ ഒരു നുള്ള് എങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എന്ന് ഞാൻ അറിഞ്ഞാൽ….. ആനി കിതപ്പടക്കി….. പിന്നെ ഇപ്പോൾ ഭദ്രന്റെ ചികിത്സയ്ക്ക് എനിക്ക് പണം ആവശ്യമുണ്ട്. അതുകൊണ്ട് ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല. ആനി പറഞ്ഞതും, ശരി എന്ന് പറഞ്ഞ് അവർ രണ്ടുപേരും വേഗത്തിൽ അവിടെനിന്ന് ഇറങ്ങി.
ആനി തിരിഞ്ഞുനോക്കിയപ്പോൾ ആണ് ഭദ്രന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കണ്ടത്..അവൾ അത് ശ്രദ്ധയോടെ തുടച്ചു കളഞ്ഞു. ആന്റീ..റൂമിലേക്ക് ആണോ.. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആനി നടക്കുന്നത് കണ്ടു എബിൻ ചോദിച്ചു. ഉം.. അതെ….എബിൻ… നീ ഇപ്പൊ വീട്ടിൽ പോകാറില്ലേ… തിരക്കാണോ.. ആനി ചോദിച്ചു. കുറച്ചു തിരക്കാണ് ആന്റി.. വീട്ടിൽ പോയിട്ട് രണ്ടുദിവസമായി ഈയാഴ്ച പോണം. നീ പറഞ്ഞ ഹോം നേഴ്സിനോട് വരാൻ പറഞ്ഞു വിളിക്കാമോ…ഇവിടെ കുറച്ചുദിവസം നിന്നിട്ട് അങ്ങോട്ട് പോവുകയാണെങ്കിൽ എല്ലാം ഒന്നു മനസ്സിലാകുമല്ലൊ.. ആനി പ റഞ്ഞു. ശരിയാന്റി…പറയാം.. എന്ന് പറഞ്ഞ് എബിനും ആനിയും നടന്നു. നടന്ന വഴിക്ക് ആനി കണ്ടു.. സ്റ്റൗവിൽ എന്തോ പാകം ചെയ്യുന്ന അന്നയെ. റൂമിന് പുറത്ത് പൊതുവായി ഒരു അടുപ്പ്..വച്ചിട്ടുണ്ട്.
ആവശ്യമുള്ളവർക്ക് ചെറുതായിട്ട് ഉള്ള ഫുഡോക്കെ പാകം ചെയ്യാം. അതെന്താണെന്ന് അറിയാനുള്ള കൗതുകത്തിൽ ആനി അങ്ങോട്ട് നടന്നു. ഹായ് അന്ന…എന്തൊക്കെയുണ്ട്..ആനി ചോദിച്ചു. സുഖം ആന്റി… ഇതെന്താ മുട്ടയാണോ.. ആനി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു. അതെ… ഓംലെറ്റ് ആണ്..അന്ന ജാള്യതയോടെ പറഞ്ഞു. ഇങ്ങനെയാണോ ഓംലറ്റ് ഉണ്ടാക്കുന്നത്…ഇങ്ങനെയാണോ ഷീല പഠിപ്പിച്ചു വെച്ചിരിക്കുന്നത് നിന്നെ… ആനി ദേഷ്യം കൊണ്ട് വിറച്ചു. എബിൻ അത് കണ്ട് ചിരി അടക്കി.. അത്രയ്ക്ക് കോലം ആയിരുന്നു ഓംലെറ്റ്ന്റെ.. ഷീലയെ ഒന്ന് വിളിക്കുന്നുണ്ട് ഞാൻ..എന്നുപറഞ്ഞ് ആനി ദേഷ്യത്തിൽ നടന്നുപോയി.. എബിനും.. അന്നയ്ക്ക് സങ്കടമായി.. എങ്ങനെയോ തട്ടിക്കൂട്ടിയത് ആയിരുന്നു.. അപ്പോഴാണ് അമ്മ വരുന്നത് കണ്ടത്..അമ്മ വരുന്നത് കണ്ട് നോക്കിനിന്നതാണ്…മുട്ട കരി ഞ്ഞുപോയി. വിഷമിച്ച് എല്ലാം വൃത്തിയാക്കി വേസ്റ്റിൽ കളയാൻ തുടങ്ങിയതും ഒരു ശബ്ദം.
ഇതെന്താ.. മുട്ട മണക്കുന്നുണ്ടല്ലോ.. നോൺവെജ് ഒന്നും ഇവിടെ ഇടാൻ പാടില്ല.. മാറ്റിവയ്ക്കണം.. അത്രയ്ക്ക് കോമൺസെൻസില്ലേ..താൻ ഏതാ പുതിയതാണോ.. അന്ന നോക്കിയപ്പോൾ ജീൻസും ടോപ്പും ഇട്ടു മുടി തോളോട്ടൊപ്പം വെട്ടിയിട്ട ഒരു പെൺകുട്ടി…ഡോക്ടർ ആണെന്ന് തോന്നുന്നു. അത് പിന്നെ… ഞാൻ അറിയാതെ.. അന്ന വിക്കി. പുതിയത് ആയതുകൊണ്ട് വെറുതെ വിടുവാ … മേലിൽ ഇത് ആവർത്തിക്കരുത്… എന്ന് പറഞ്ഞ് അവൾ പോയി. എന്താ ജൂലി ദേഷ്യപ്പെടുന്നത് കണ്ടത്… അന്ന് കണ്ട നിഖിൽ ചോദിച്ചു. അത്…ഇവിടെ നോൺവെജ് ഇടാൻ പാടില്ല എന്ന് അറിയില്ലായിരുന്നു അതാ..അതാരാ ഇപ്പൊ പോയത് ജൂലി എന്നാണോ പേര് അവൾ ചോദിച്ചു. അതെ.. ഡോക്ടർ ജൂലി.. ആള് ഇത്തിരിദേഷ്യകാരിയാ…അതാ അങ്ങനെ പറഞ്ഞത്.
അതു പറഞ്ഞതും പുറകിൽ നിന്ന രണ്ടു പെൺകുട്ടികൾ വിളിച്ചതും നിഖിൽ പോയി. നോക്കിയപ്പോൾ അന്ന് കണ്ട പെൺകുട്ടികൾ.. തന്നോട് അയാൾ സംസാരിക്കുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്ത് കാണാം…. എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് അവൾ പോയി. റൂമിലേക്ക് കേറാൻ തുടങ്ങിയപ്പോഴാണ് പുറകീന്ന് ഒരു വലി.. നോക്കിയപ്പോൾ മുമ്മുക്കുട്ടി… ഹായ് മുമ്മുസ്..,.സ്കൂളിൽ പോകുന്നുണ്ടോ…ക്ലാസ്സ് കഴിഞ്ഞു വന്നതാണോ.. അന്ന ചോദിച്ചു. അതേലോ അന്ന ആന്റി.. ഞാൻ യുകെജി യിലാ പഠിക്കുന്നത്. മോളു പറഞ്ഞു. മോളേ ഒന്ന് ഫുഡ് കഴിച്ചേ..എന്നു പറഞ്ഞ് വനജ എത്തി. ഇവൾ ഫുഡ് കഴിക്കാതെ ഓടിയതാണ്…വനജ പറഞ്ഞു. ഇവിടെ നിന്നാണോ സ്കൂളിൽ പോകുന്നത്…. വീട് എവിടെയാണ്… അന്ന ചോദിച്ചു.
ഞാൻ ഇവിടെ നിന്നാണ് മോളെ സ്കൂളിൽ വിടുന്നത്.. വീട്ടിൽ വല്ലപ്പോഴുമേ പോകാറുള്ളൂ.വനജ പറഞ്ഞു. അതെന്താ..വീട് സ്കൂളിൽ നിന്നും ദൂരെ ആയിട്ടാണോ ചേച്ചി.. അന്ന ചോദിച്ചു. ഞാനും മോളുടെ പപ്പയും ഡിവോഴ്സ് കഴിഞ്ഞത് ആണ്. ഞങ്ങൾ ഇപ്പോൾ ഇവിടെ തന്നെയാണ് താമസം. എന്റെ വിവരങ്ങളെല്ലാം അറിയാവുന്നതുകൊണ്ട് ആനി മാഡം ആണ് ഇവിടെ നിന്നോളാൻ പറഞ്ഞത്. ഇവിടെ ആ സൈഡിൽ കാണുന്ന റൂം ആണ് ഞങ്ങളുടെത്. ഞങ്ങൾ വല്ലപ്പോഴും മാത്രമേ എന്റെ വീട്ടിൽ പോകാറുള്ളൂ. ഓ.. സോറി ചേച്ചി..ഞാനറിയാതെ….. അതിന് താൻ എന്നോട് ഒന്നും ചോദിച്ചില്ലല്ലോ.. ഞാൻ തന്നെ പറഞ്ഞതല്ലേ.. വനജ ചിരിച്ചു. അന്ന മുമ്മുവിനെ നോക്കി… ആ കുഞ്ഞിൽ അവൾ അവളെ തന്നെ കണ്ടു.. കുഞ്ഞന്നയെ…

by