രചന – നിള നന്ദ
അടി കിട്ടിയ കവിളിൽ കൈ വെച്ച് സന സാരംഗിനെ മുഖം ഉയർത്തി നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ” സാരംഗ് ഞാൻ.. ” അവളുടെ ശബ്ദം ഇടറി.. ” മിണ്ടി പോവരുത്.. ” സാരംഗ് സനയ്ക്ക് നേരേ കൈ ഉയർത്തി.. അവന്റെ വലിഞ്ഞു മുറുകിയ മുഖവും കണ്ണുകളിലെ ദേഷ്യവും ശബ്ദത്തിന്റെ തീവ്രതയും അറിഞ്ഞപ്പോൾ സന ഭയത്തോടെ മുഖം താഴ്ത്തി. അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി സാരംഗ് അവളുടെ കയ്യിൽ അമർത്തി പിടിച്ച് മുന്നോട്ട് നടന്നു.. ” സാരംഗ്.. അവളെ ഒന്നും ചെയ്യരുത്.. ഞാൻ ഒന്ന് പറയട്ടെ.. ” ലന അവർക്ക് മുന്നിലേക്ക് കയറി നിന്നു.. ” മാറിനിക്ക്.. ” സാരംഗ് ലനയെ അമർഷത്തോടെ നോക്കി.. ” സാരംഗ്.. സന.. ” ” മാറി നിൽക്കാൻ.. ” ലന പിന്നെയും എന്തോ പറയാൻ വന്നതും അവൻ ശബ്ദം കൂടുതൽ ഉയർത്തി.. ലന ഞെട്ടികൊണ്ട് വഴിയിൽ നിന്ന് മാറി നിന്നു.. സാരംഗ് കാറിന്റെ ഡോർ തുറന്ന് സനയെ ഉള്ളിലേക്ക് പിടിച്ച് തള്ളി ഡോർ വലിച്ചടച്ച് ഡ്രൈവിംഗ് സീറ്റിൽ കയറി..
നിമിഷങ്ങൾക്കുളിൽ കാർ അതിവേഗത്തിൽ മുന്നോട്ട് പോയി.. ഫോൺ ചെയ്ത് കഴിഞ്ഞ് തിരികെ വരുമ്പോൾ എല്ലാവരും കൂട്ടം കൂടി നിൽക്കുന്നത് കണ്ട് മാനവ് സംശയത്തോടെ നെറ്റി ചുളിച്ചു.. ” എന്താ എല്ലാവരും ഇങ്ങനെ കൂട്ടം കൂടി നിൽക്കുന്നേ..? ” മാനവ് എല്ലാവരെയും നോക്കി.. അവസാനം അവന്റെ നോട്ടം നനഞ്ഞ് നിൽക്കുന്ന ലനയിൽ എത്തി.. അവന്റെ നോട്ടം കണ്ടതും അവൾ പെട്ടന്ന് മുഖം തിരിച്ചു.. ” ചെറിയ ഒരു പ്രശ്നം ഉണ്ട് ഏട്ടാ.. നമുക്ക് പെട്ടന്ന് പോവാം.. ” മുക്ത മാനവിനെ നോക്കി പറഞ്ഞു.. അപ്പോഴേക്കും നിഖിലിയും കൂട്ടി ലന മുന്നോട്ട് നടന്നിരുന്നു.. പുറകെ ബാക്കി ഉള്ളവരും.. ലന നിഖിലിനോപ്പം അവന്റെ കാറിൽ ആണ് കയറിയത്.. അത് കണ്ട് രോഹനും രോഹിണിയും അവരുടെ ഒപ്പം കയറി.. കാറിൽ കയറാം നേരം മാനവ് മുഖം തിരിച്ച് ലനയെ ഒന്ന് നോക്കി.. അവൾ അവനെ ശ്രെദ്ധിക്കുന്നെ ഉണ്ടായിരുന്നില്ല.. എന്തോ വേദന ഹൃദയത്തെ പിടിമുറുക്കിയതായി അവന് തോന്നി..
എന്തോ ഓർത്ത് ടെൻഷനായി ഇരിക്കുന്ന ലനയെ ഡ്രൈവിന് ഇടയിൽ നിഖിൽ പാളി നോക്കി.. ” ഏയ്യ്.. കൂൾ ഡൌൺ.. ഇങ്ങനെ ടെൻഷൻ ആവാനൊന്നും വേണ്ടാ.. സാരംഗ് സനയെ ഉപദ്രവിക്കൊന്നും ഇല്ല.. അവന് അതിനൊന്നും കഴിയില്ല.. ” നിഖിൽ ലനയെ ആശ്വസിപ്പിക്കാൻ എന്നപോലെ പറഞ്ഞു.. നിഖിലിനെ ഒന്ന് നോക്കി ലന ഒന്നും മിണ്ടാതെ മുഖം തിരിച്ചു.. ശരിയാണ് സാരംഗിന് ആരോടും അങ്ങനെ ഒന്നും ആവാൻ കഴിയില്ല.. പക്ഷേ.. എന്തോ ഓർമയിൽ സീറ്റിലേക്ക് ചാരി അവൾ കണ്ണുകൾ അടച്ചു.. അന്നൊരിക്കൽ ഡീഗ്രി തേർഡ് ഇയർ പഠിക്കുന്ന സമയത്ത് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു.. അപ്പുറം മാറി നിന്ന കുറച്ച് ചെറുപ്പക്കാരിൽ ഒരാൾ തന്റെ അടുത്തേക്ക് വന്നതും എന്തോ അനാവശ്യം പറഞ്ഞു തന്റെ കയ്യിൽ കയറി പിടിച്ചു.. അത് കണ്ട് കൊണ്ട് വന്ന സാരംഗ് അവനെ ചവിട്ടിയത് കണ്ടപ്പോൾ തന്നെ താൻ ഞെട്ടി.. ആദ്യമായാണ് അവനെ അങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്.. അവന്റെ ഇടി കിട്ടി ആ പയ്യൻ മൂക്കിൽ നിന്ന് രക്തം വന്ന് കിടന്ന കാഴ്ച ഇപ്പോഴും ഓർമയുണ്ട്.. കവിളിലേക്ക് ഒഴുകി ഇറങ്ങിയ കണ്ണുനീർ അവൾ ഇടം കൈ കൊണ്ട് തുടച്ചു.. അവൻ പാവമാണ്.. ആരെയും വേദനിപ്പിക്കാൻ ഇഷ്ട്ടപെടാത്തവൻ.. പക്ഷേ തന്നെ ആരെങ്കിലും വേദനിപ്പിച്ചാൽ അവനൊരിക്കലും ക്ഷമിക്കാൻ പറ്റില്ല.. ഈ ഭൂമിയിൽ എന്നെ ഇങ്ങനെ സ്നേഹിക്കാൻ നിനക്ക് മാത്രമേ കഴിയൂ സാരംഗ്.. അവളുടെ ഹൃദയം തേങ്ങി..
വീടിന്റെ മുറ്റത്ത് കാർ നിർത്തി സാരംഗ് സനയെ പിടിച്ച് ഇറങ്ങി.. അവൻ കയ്യിൽ മുറുക്കെ പിടിച്ച് വലിച്ച് മുന്നോട്ട് നടക്കുമ്പോൾ വേദനിച്ചിട്ടും സന ഒന്നും മിണ്ടിയില്ല.. കയ്യിനെക്കാൾ ഹൃദയം വല്ലാതെ നോവുന്നുണ്ടായിരുന്നു അവൾക്ക്.. റൂമിന്റെ ഡോർ തുറന്ന് അവളെ ഉള്ളിലേക്ക് തള്ളിയിട്ട് സാരംഗ് ഡോർ ലോക്ക് ചെയ്തു.. ” നീ എന്തിനാ ലനയോട് അങ്ങനെ ചെയ്തത്.. ” അവൻ അവളുടെ നേരേ നിന്ന് ചോദിച്ചു.. മറുപടി പറയാതെ സന അവന്റെ കണ്ണിലേക്ക് തന്നെ നോക്കി.. ” ചോദിച്ചത് കേട്ടില്ലേ നീ.. അവളോട് അങ്ങനെ ചെയ്യാൻ മാത്രം നിനക്ക് എന്തായിരുന്നു പ്രശ്നം എന്ന്.. ” അവന്റെ ഉയർന്ന ശബ്ദം ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.. ” നിനക്ക് അറിയണമല്ലേ.. ഞാൻ എന്തിനാ അവളെ തള്ളി ഇട്ടതെന്ന് നിനക്ക് അറിയണമല്ലേ.. എന്നാ കേട്ടോ.. നീ തന്നെയാ അതിന് കാരണം.. ” അവളുടെ സ്വരം ഭ്രാന്തമായി.. ” ഞാനോ.. ” വിശ്വാസം വരാതെ സാരംഗ് അവളെ ഉറ്റുനോക്കി.. ” അതെ നീ തന്നെ.. നീ എന്തിനാ അവളെ കൂടുതൽ സ്നേഹിക്കുന്നേ.. എന്തിനാ എപ്പോഴും അവളെ ചുറ്റിപറ്റി നടക്കുന്നേ.. എന്തിനാ അവളെ ചേർത്ത് നിർത്തി ചുംബിക്കുന്നേ.. ഒന്നും.. ഒന്നും എനിക്ക് ഇഷ്ട്ടമല്ല.. ഒന്നും എനിക്ക് സഹിക്കാൻ കഴിയുന്നില്ല… ” മുന്നോട്ട് നീങ്ങി സന അവന്റെ ഷർട്ടിന്റെ കോളറിൽ രണ്ട് കൈ കൊണ്ടും മുറുക്കെ പിടിച്ചു..
” ഞാൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയോ സാരാംഗ് നിനക്ക്.. ഈ ഹൃദയം മുഴുവൻ നീ ആണ്.. എന്റെ നിശ്വാസത്തിൽ പോലും നിന്നോടുള്ള സ്നേഹം ആണ്.. എന്നിട്ട് നീ.. എന്നെ ഒരിക്കൽ പോലും മനസിലാക്കാതെ അവളോടൊപ്പം.. ഞാൻ എങ്ങനെ സഹിക്കും.. അതാ ഞാൻ അവളെ തള്ളിയിട്ടത്.. ” അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.. എല്ലാം കേട്ട് ഞെട്ടലോടെ നിൽക്കുകയായിരുന്നു അവൻ.. അവളുടെ കണ്ണീർ ഷർട്ടിൽ നനവ് പടർത്തുന്നത് അറിഞ്ഞാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.. അവളെ അവൻ ബലമായി പിടിച്ചു മാറ്റി.. ” ഞാൻ എപ്പോഴെങ്കിലും നിന്നെ എനിക്ക് ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടുണ്ടോ.. പിന്നെ എന്ത് അർത്ഥത്തിലാ നീ ഇതൊക്കെ കാട്ടി കൂട്ടിയത്.. ഇങ്ങനെ ഒക്കെ ചെയ്താൽ ഞാൻ നിന്നെ സ്നേഹിക്കുമെന്ന് കരുതിയോ.. ” അവന്റെ വാക്കുകൾ ശാന്തമായിരുന്നു.. മറുപടി പറയാതെ അവൾ മുഖം തിരിച്ചു..
” നീ പറഞ്ഞത് ശരിയാ.. ഞാൻ അവളെ മാറ്റാരെക്കാളും കൂടുതൽ സ്നേഹിക്കുന്നുണ്ട്.. അവളെ ചുറ്റിപറ്റി നടക്കുന്നുണ്ട്.. അവളെ ചെർത്ത് പിടിച്ച് ചുംബിച്ചിട്ടുണ്ട്.. അതെന്റെ ഇഷ്ട്ടം.. നീ എന്നെ സ്നേഹിച്ചത് തെറ്റാണെന്ന് ഞാൻ പറയില്ല.. പക്ഷേ ആ സ്നേഹം എന്നോട് തുറന്ന് പറയണമായിരുന്നു.. അല്ലാതെ ഇങ്ങനെ ഓരോ പ്രാന്ത് കാണിക്കുകയല്ല വേണ്ടത്.. ” അവൻ അവളെ വെറുപ്പോടെ നോക്കി.. ” എന്റെ സ്നേഹത്തിന് വേണ്ടി അല്ലേ നീ ഇതൊക്കെ ചെയ്തത്.. എന്നാ കേട്ടോ.. നിന്നോട് എനിക്കിപ്പോൾ വെറുപ്പാണ്.. ഒരിക്കലും നിന്നെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല.. നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാണ്.. ” സാരംഗ് അവളെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.. ഹൃദയത്തിൽ കടാര കുത്തി കയറ്റും പോലെ തോന്നി അവൾക്ക്.. അവളെ വെറുപ്പോടെ നോക്കി അവൻ പിന്തിരിഞ്ഞു.. രണ്ടടി വെച്ച് അവൻ മുഖം പാതി ചെരിച്ച് അവളെ നോക്കി.. ” നീ എന്നെ സ്നേഹിച്ചിരുന്നേൽ എന്നെ മനസിലാക്കുകയായിരുന്നു വേണ്ടത്.. ” മറുപടിക്ക് കാക്കാതെ അവൻ വേഗത്തിൽ പുറത്തേക്ക് നടന്നു… *
ലന ദൃതിയിൽ മുകളിലേക്ക് കയറി വരുമ്പോൾ കാണുന്നത് സാരംഗ് ദേഷ്യത്തിൽ താഴേക്ക് ഇറങ്ങുന്നതാണ്.. അടുത്ത് എത്തിയതും അവൾ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.. ആ കണ്ണിൽ ഇതുവരെ അവൾ കാണാത്ത മറ്റെന്തോ ഭാവം.. ” വാ.. ” ലനയുടെ കയ്യും പിടിച്ച് അവൻ അവളുടെ റൂമിലേക്ക് പോയി.. ” എടുക്കാൻ ഉള്ളതൊക്കെ പെട്ടെന്ന് എടുത്തോ.. നമ്മൾ ഇവിടുന്ന് പോവുന്നു.. ” പെട്ടന്ന് അവൻ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവൾ അവനെ നോക്കി.. ” സാരംഗ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. നമ്മൾ ഇപ്പൊ… ” ” എനിക്ക് അറിയാം നീ എന്താ പറയാൻ പോവുന്നത് എന്ന്.. നീ ഇവിടെ സുരക്ഷിത ആയിരിക്കും എന്ന് കരുതിയാണ് ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്.. പക്ഷേ.. നിന്റെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാൻ ആവില്ല.. നമുക്ക് ഇവിടുന്ന് പോവാം.. എന്റെ വീട്ടിലേക്ക്.. അവിടെ നിനക്ക് ഒരമ്മ ഉണ്ട്.. അച്ഛൻ ഉണ്ട്.. അവർക്ക് നിന്നോട് സ്നേഹം മാത്രേ ഉള്ളൂ.. ” സാരംഗ് അവളുടെ രണ്ട് കവിളിലും കൈ ചേർത്തു.. അവൾക്ക് അവനോട് എതിർത്ത് പറയാൻ കഴിഞ്ഞില്ല.. അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു..
താഴേക്ക് ഒഴുകിയ കണ്ണുനീർതുള്ളികൾ തള്ള വിരൽകൊണ്ട് അവൻ തുടച്ച് കൊടുത്ത് അവൻ പുറത്ത് ഇറങ്ങി അവന്റെ റൂമിലേക്ക് പോയി.. ” നീ ഇത് എങ്ങോട്ടാ സാരംഗ് ഈ ഡ്രസ്സ് ഒക്കെ എടുത്ത്..? ” സാരംഗ് ഡ്രസ്സ് പാക്ക് ചെയുന്നത് കണ്ട് റൂമിലേക്ക് വന്ന നിഖിൽ നെറ്റി ചുളിച്ച് അവനെ നോക്കി.. ” ഞനും ലനയും പോവുന്നു.. എന്റെ വീട്ടിലേക്ക്.. ” നിഖിലിനെ ശ്രെദ്ധിക്കാതെ ബാഗിൽ ഡ്രസ്സ് എടുത്ത് വെച്ചുകൊണ്ട് സാരംഗ് മറുപടി പറഞ്ഞു.. ” പോവാനോ.. എന്തിന്.. അതിനും മാത്രം ഇവിടെ ഇപ്പോ എന്ത് പ്രശ്നം ആ ഉണ്ടായത്..? ” ” ഇവിടെ നടന്നതൊന്നും ഒരു പ്രശ്നമായി നിനക്ക് തോന്നുന്നില്ലേ നിഖിൽ.. ഇല്ലെങ്കിൽ വേണ്ടാ.. എനിക്ക് ഇതൊക്കെ വലിയ പ്രശ്നങ്ങൾ തന്നെ ആണ്.. ഇവിടെ ഇനിയും നിന്ന് കൂടുതൽ പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ” സാരാംഗ് മുഖം തിരിച്ച് നിഖിലിനെ നോക്കി.. ” സന ചെയ്തതിനെ ഞാൻ ന്യായീകരിക്കുകയല്ല.. ഞങ്ങൾ അവളോട് ഒന്ന് സംസാരിക്കട്ടെ.. എന്താ അവളുടെ പ്രശ്നം എന്ന് അറിയാലോ.. ” നിഖിൽ അവനെ അനുനയിപ്പിക്കാൻ ശ്രെമിച്ചു.. ” അവളുടെ പ്രശ്നം എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാ ഞാൻ സംസാരിക്കുന്നത്.. അവളുടെ പ്രാന്തിന് നിന്ന് കൊടുക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.. നീ പോയെ.. ” സാരംഗിന്റെ വാക്കുകളിൽ ചെറുതായി ദേഷ്യം നിറഞ്ഞു.. ഇനിയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് തോന്നി നിഖിൽ റൂമിന് പുറത്തേക്ക് ഇറങ്ങി..
” നീ എന്തൊക്കെയാ ഈ ചെയ്ത് വെച്ചേക്കുന്നേ.. നിനക്ക് അവനെ ഇഷ്ട്ടം ഉണ്ടെന്ന് കരുതി ഇങ്ങനെ ആണോ ചെയ്യേണ്ടേ..? ” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മുക്ത സനയെ കുറ്റപ്പെടുത്തി.. ഒന്നും മിണ്ടാതെ സന ബെഡിൽ മുട്ടുകാലിൽ മുഖം അമർത്തി ഇരുന്നു.. ” നിന്നിൽ നിന്ന് ഞാൻ ഇങ്ങനെ ഒന്നും പ്രതിഷിച്ചില്ല സന.. ” മുക്ത ദേഷ്യത്തിൽ മുഖം തിരിച്ചു.. റൂമിലേക്ക് കയറി വന്ന നിഖിൽ രണ്ടാളെയും മാറി മാറി നോക്കി.. ” സാരംഗ് ലനയെയും കൂട്ടി അവന്റെ വീട്ടിലേക്ക് പോവാണെന്ന്.. ” നിഖിൽ പറഞ്ഞത് കേട്ടതും സന പെട്ടന്ന് മുഖം ഉയർത്തി നോക്കി.. കരഞ്ഞു ചെറുതായിരുന്നു അവളുടെ കണ്ണുകൾ.. ” പോവേ.. ” മുക്ത വിശ്വാസം വരാതെ ചോദിച്ചു.. ” അതെ.. ഇനിയും ഇവിടെ നിൽക്കാൻ അവന് ബുദ്ധിമുട്ട് ഉണ്ടെന്ന്.. എന്താ ശരിക്കും ഇവളുടെ പ്രശ്നം.. ഇവളെന്തിനാ ഇങ്ങനെയൊക്കെ ചെയ്തത്.. ” നിഖിൽ സനയെ നോക്കി.. മറുപടി പറയാതെ അവൾ മുഖം തിരിച്ചു.. ” ഭ്രാന്തമായ പ്രേമം എന്ന് ഞാൻ കേട്ടിട്ടേ ഉള്ളൂ.. ഇവൾടെ പ്രശ്നം അതാ.. ” മുക്ത അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി.. നിഖിലിന്റെ കണ്ണുകൾ സനയിൽ തറഞ്ഞു നിന്നു..
” ചേച്ചി.. ചേച്ചി ശെരിക്കും പോവാണോ.. ” ലനയുടെ അടുത്ത് നിന്ന് ചോദിക്കുമ്പോൾ രോഹിണി വിതുമ്പി പോയി.. മുഖം ഉയർത്തി അവളെ നോക്കി ലന അതെയെന്നർത്ഥത്തിൽ തലയാട്ടി.. ” സോറി ചേച്ചി ഞങ്ങൾ കാരണം അല്ലേ.. പെട്ടന്ന് ചേച്ചിയെ അങ്ങനെ കണ്ടപ്പോൾ.. ഇങ്ങനെ ഒന്നും ഉണ്ടാവുമെന്ന് കരുതിയില്ല.. ” രോഹന്റെ കണ്ണിൽ നനവ് പടർന്നു.. ലന അവരുടെ അടുത്ത് ചേർന്ന് നിന്ന് രണ്ട് പേരുടെ കവിളിലും കൈ വെച്ചു.. ” എനിക്ക് അറിയാം.. ചേച്ചിയോട് ഇഷ്ട്ടം ഉള്ളത് കൊണ്ടാണ് നിങ്ങൾ അങ്ങനെ പറഞ്ഞതെന്ന്.. സാരമില്ല.. നിങ്ങളെ ചേച്ചിക്കും വല്ല്യ ഇഷ്ട്ടം ആണ്.. ” ലന അവരെ നോക്കി ചെറുതായി പുഞ്ചിരിച്ചു.. ” പോവാം.. ” സാരംഗിന്റെ ശബ്ദം കേട്ടതും മൂന്നാളും മുഖം തിരിച്ച് നോക്കി.. മറുപടി പറയാതെ അവൾ ബെഡിൽ വെച്ചിരുന്ന ബാഗ് എടുത്തു.. ” സാരംഗ്.. എടാ നീ ഇപ്പോ ദൃതി പിടിച്ച് പോവല്ലേ.. നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം.. ” മുക്ത അവരുടെ അടുത്തേക്ക് വന്ന് പറഞ്ഞു..
” ഇത് നിന്റെ വീട് ആണ് മുക്ത.. അവളെ ഇവിടുന്ന് ഇറക്കി വിടാൻ പറയാൻ എനിക്ക് പറ്റില്ലല്ലോ.. ഞങ്ങൾ ഇവിടുന്ന് പോവുന്നത് തന്നെയാ നല്ലത്.. ” സാരംഗ് മുക്തയെ നോക്കി.. ” സാരംഗ് അവള്.. ” മുക്ത പറഞ്ഞ് പൂർത്തിയാക്കുമ്പോഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു.. ഫോൺ എടുത്ത് നോക്കി അത് കട്ട് അവൻ ലനയെ നോക്കി.. ” വാ.. പോവാം.. ” ആരെയും ശ്രെദ്ധിക്കാതെ അവൻ ലനയുടെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി.. സങ്കടം കൊണ്ട് രോഹിണി രോഹന്റെ കയ്യിൽ മുറുക്കെ പിടിച്ച് വിതുമ്പി.. ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു.. രണ്ടാളും എല്ലാവരെയും നോക്കി.. പുറകെ വന്ന മുക്തയും രോഹനും രോഹിണിയും ഒന്നും മിണ്ടാതെ നിന്നു.. ” ഇത്രയും ദിവസം ഇവിടെ നിന്നിട്ട് എന്റെ കല്യാണം കൂടാതെ പോവാണോ.. ” ശ്രേയ സാരംഗിനെയും ലനയെയും നോക്കി.. ” പോവണം ചേച്ചി.. അതാ നല്ലത്.. ” സാരംഗ് ശ്രേയയെ നോക്കി പറഞ്ഞു..
” സംഭവിച്ചത് നിസ്സാരമായി കാണുകയല്ല.. എന്നാലും ഇത്രയും ദിവസം ഇവിടെ നിന്നിട്ട് പെട്ടന്ന് പോവാണെന്ന് പറയുമ്പോൾ.. ശ്രെയേടെ കല്യാണം കഴിയുന്ന വരെ പോവാതിരുന്നൂടെ.. ” ലത വാത്സല്യത്തോടെ രണ്ടാളെയും നോക്കി.. എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും സാരംഗിന്റെ ഫോൺ പിന്നെയും ശബ്ദിച്ചു.. കാൾ എടുത്ത് അവൻ ചെവിയോട് ചേർത്തു.. ” എന്താ അമ്മേ.. പറയ്.. ” മറുപുറത്ത് നിന്നും മായ പറഞ്ഞത് കേട്ട് അവന്റെ പുരികം ചുളിഞ്ഞു.. ( കാത്തിരിക്കുമല്ലോ..)

by