രചന – ഭദ്ര ശ്രീ
“എന്താ ഇത്…..?” “അത് വാങ്ങി ഓപ്പൺ ചെയ്തു നോക്കിയാലെ മനസിലാവൂ…..” അനു അവനരികിലേക്ക് വന്ന് ആ പേപ്പർ കവർ വാങ്ങി അതിനുള്ളിൽ കൈകടത്തി ഒരു ബോക്സ് പുറത്തെടുത്തു. അവൾ സംശയത്തോടെ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി, അവനാണെങ്കിൽ അവളെക്കാൾ ആകാംഷയോടെ നോക്കി നിൽപ്പുണ്ട്. അനു ആ ബോക്സ് തുറന്ന് രണ്ട് ഷൂ പുറത്തെടുത്തു. “എങ്ങനെയുണ്ട്, കൊള്ളാവോ…. പിങ്ക് കളർ തന്നെ ചോദിച്ചു വാങ്ങിയതാ, നിന്റെ വയ്യായ്ക ഒക്കെ മാറട്ടെ. ഇതിട്ട് നമുക്ക് ജോഗിങ്ങിന് പോവാം….” കൈയിൽ കിട്ടുന്നത് വച്ച് അവന്റെ തലക്കടിക്കാൻ തോന്നിപ്പോയി അനുവിന്. ന്റെ ദേവീ….ഇങ്ങേർക്ക് എന്ത് പറഞ്ഞാലും ഈ ഓടാൻ പോണതെ പറയാനുള്ളോ…. കൈതലം നെറ്റിയിലടിച്ച് ആത്മഗതാഗതിച്ചു പോയി അനു. പിന്നൊരു നിമിഷം പോലും അവിടെ നിക്കാതെ അനു നേരെ അടുക്കളയിൽ പോയി, നിരഞ്ജൻ റൂമിലെക്കും. അടുക്കളയിൽ എത്തിയപ്പോൾ ദേവകിയമ്മ അവിയലിനു പച്ചക്കറി നുറുക്കുകയായിരുന്നു.
അനു അവരുടെ ഓരം ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു. “അമ്മേ…. ഈ സമയത്ത് അടുക്കളയിൽ കേറാമോ….” “അതെന്താ നീ അങ്ങനെ ചോദിച്ചേ…..?” അമ്മയുടെ മറുചോദ്യം. “ഞങ്ങള് വീട്ടിൽ അങ്ങനെ പണിയൊന്നും എടുക്കാൻ പാടില്ലാരുന്നു, അതാ…..” “ഇവിടെ അങ്ങനത്തെ പ്രശ്നങ്ങൾ ഒന്നൂല്ല കേട്ടോ….” “അപ്പൊ ഞാനും കൂടട്ടെ….?” “ഈ സമയങ്ങളിൽ പ്രശ്നം ഇല്ലാന്നേ പറഞ്ഞുള്ളൂ, വയ്യാതെ ഇരിക്കുമ്പോൾ പ്രശ്നാ… നീ പോയ് റസ്റ്റ് എടുക്ക്…. നാളെ ഞാൻ റസ്റ്റ് എടുക്കാം, അപ്പൊ നീ പണിയെടുത്തോ….” അതും പറഞ്ഞ് അനുവിനെ അമ്മ അടുക്കളയിൽ നിന്നും ഓടിച്ചു വിട്ടു. എങ്കിലുമവൾ കറിക്കുള്ള പച്ചക്കറി നുറുക്കലൊക്കെയായി അടുക്കളയിൽ അമ്മയെ ചുറ്റിപ്പറ്റി നിന്നു. ഈ സമയങ്ങളിലൊക്കെ നിരഞ്ജൻ പ്രിയയുടെ നോട്ട് അനാമികയുടെ ബുക്കുകളിലേക്ക് പകർത്തിയെഴുതുകയായിരുന്നു. പപ്പടം കാച്ചുന്നതിന്റെ ഇടയിൽ കുറച്ചു എണ്ണ വീണ് അനുവിന്റെ കൈയൊന്നു പൊള്ളി.
“ആ….. അമ്മേ…..” വേദന കൊണ്ട് നിലവിളിച്ചുപോയി അനു, ഹാളിൽ നിന്നും അവളുടെ ഒച്ച കേട്ട് നിരഞ്ജനും മുറ്റത്ത് നിക്കുകയായിരുന്ന അമ്മയും ഓടിപ്പാഞ്ഞെത്തി. “എന്താ അമ്മൂ…. ന്താടി പറ്റിയെ…..” പൊള്ളിയ കൈനീട്ടിക്കാണിച്ച് അനു നിരഞ്ജനെ നോക്കി, അപ്പോഴേക്കും അമ്മയും എത്തിയിരുന്നു. വലതുകൈയിലെ തള്ളവിരലിനോട് ചേർന്ന് നീളത്തിൽ പൊള്ളിയിരിക്കുന്നു, കൈ പുകഞ്ഞിട്ട് കണ്ണിൽ നിന്നും ധാരപോലെ ഒഴുകുന്നുണ്ട് കണ്ണുനീർ… “ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അമ്മുമോളെ ഒന്നും ചെയ്യണ്ട എവിടേലും പോയി ഒതുങ്ങി ഇരിക്കാൻ…..” “അത് സാരല്ല്യമ്മാ… നിക്ക് കുഴപ്പം ഒന്നൂല്ല്യ….” നിയന്ത്രണം വിട്ട് കണ്ണുനീർ ഒഴുകുമ്പോഴും അനു ചിരിക്കാൻ ശ്രമിച്ചു. “ഇളിക്കല്ലേ അമ്മൂ നീയ്യ്…. നീ വന്നേ….” അവളെ ചേർത്ത് പിടിച്ചു നിരഞ്ജൻ ഹാളിലെക്ക് നടന്നു, അവന്റെ നെഞ്ചോട് അങ്ങനെ ചേർന്ന് നിൽക്കുമ്പോൾ അനു വേദന പോലും മറന്നുവെന്ന് തോന്നി.ഏതൊക്കെയോ ശക്തികൾ തന്നെ അവനോട് ചേർക്കാൻ ശ്രമിക്കുന്നുവോ എന്നൊരു തോന്നൽ അവളുടെ മനസ്സിൽ ഒരു കെടാകനലായി എരിഞ്ഞുകൊണ്ടേയിരുന്നു. സോഫയിൽ അവളെ ഇരുത്തി നിരഞ്ജൻ മുറിയിൽ പോയ് ഓയിൽമെന്റുമായി വന്നു.
തിളച്ച എണ്ണ വീണത് കൊണ്ടാവും കൈ പൊള്ളിവീങ്ങിയിരുന്നു, നിരഞ്ജൻ അവൾക്ക് വേദനിക്കാതെ പൊള്ളലിന്റെ മേലെ ഐസ് വച്ചു, ഓയിൽമെന്റ് പുരട്ടി. കുട്ടികളുടെ സ്നേഹം കണ്ടുമാറി നിന്ന അമ്മയുടെ മനസും നിറഞ്ഞിരുന്നു. ഉച്ചക്ക് അനുവിന് ചോറ് വാരിക്കൊടുത്തത് നിരഞ്ജനാണ്, അവൾക്ക് വാരികഴിക്കാൻ കൈകൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും അവൾ വേണ്ടെന്ന് നിർബന്ധം പിടിച്ചു. അതൊന്നും കാര്യമാക്കാതെ അവൻ അനുവിന് ചോറ് ഉരുളകളാക്കി വായിൽ വച്ചു കൊടുത്തു. അവൾക്ക് ചോറ് കൊടുത്ത ശേഷമാണ് നിരഞ്ജൻ കഴിക്കാനിരുന്നത്. പ്ലേറ്റിൽ നിന്ന് രണ്ട് പിടി വാരികഴിക്കുമ്പോഴേക്കും അവന്റെ ഫോൺ ചിലക്കാൻ തുടങ്ങി. “ഹലോ…. അതെയോ…. കിട്ടിയോ…. ആഹ്…. ഓക്കേ…. ഞാൻ ഇപ്പൊ എത്താം…..” കൈകഴുകിയെഴുന്നേൽക്കുന്ന അവനെ സങ്കടത്തോടെ നോക്കുന്ന അനുവിന്റെ കവിളിൽ വിരലുകൾ കൊണ്ട് മൃദുവായി തട്ടിക്കൊണ്ട് നിരഞ്ജൻ പറഞ്ഞു, “ഞാൻ ഇപ്പൊ വരാടോ, വന്നിട്ട് കഴിക്കാം.. താൻ ഇങ്ങനെ സെഡ് ആവാതെ…..” നിരഞ്ജൻ മുറിയിലേക്ക് പോയി, അനു ഒരു കൈകൊണ്ടു പാത്രങ്ങൾ എടുക്കാൻ നോക്കിയ അവളെ ദേവകിയമ്മ തടഞ്ഞു കൊണ്ട് പറഞ്ഞു.
“ഇതൊക്കെ ഞാൻ എടുത്തു വച്ചോളാം, നീ മുറിയിലേക്ക് ചെല്ല്….” അനു നിരഞ്ജന്റെ പിന്നാലെ മുറിയിലേക്ക് പോയി, അവൻ ഡ്രസ്സ് ചെയ്തു ഇറങ്ങാൻ തുടങ്ങുകയായിരുന്നു. “എവിടെക്കാ ധൃതിപിടിച്ച്…..?” “ഹ്മ്മ്, പോയിട്ട് ഇച്ചിരി പണിയുണ്ട്….” “ഭക്ഷണം കഴിച്ചു പോയാ മതിയായിരുന്നില്ലേ…..?” “ഞാൻ പെട്ടെന്നു വരാടോ….,അടങ്ങിയൊതുങ്ങി ഇതിന്റെയുള്ളിൽ തന്നെ ഇരിക്ക് ട്ടൊ, നിന്റെ നോട്ട് ഒക്കെ കംപ്ലീറ്റ് ആക്കീട്ടുണ്ട്…..” “ഹ്മ്മ്മ്…..” “നിനക്കെന്തേലും കൊണ്ടരണോ…..?” “ഏയ് എനിക്കൊന്നും വേണ്ടേട്ടാ…. ” “ആഹ്… നിനക്ക് ഒരു സൂത്രം കരുതി വച്ചിട്ടുണ്ട്, ഞാൻ അതങ്ങ് മറന്നേ പോയി…..” നിരഞ്ജൻ കപ്ബോർഡ് തുറന്ന് ഒരു വലിയ മഞ്ഞ ടെഡിബിയർ എടുത്തു അവൾക്ക് കൊടുത്തു, അനു ഒറ്റകൈകൊണ്ട് അത് വാങ്ങി അവന്റെ മുഖത്തേക്ക് നോക്കി,
“നീ ചോദിച്ചിട്ട് ഇനി വാങ്ങിതന്നില്ലാന്ന് വേണ്ട, പിന്നേ ഞാൻ വരാൻ ചിലപ്പോൾ ലേശം വൈകും ട്ടൊ, നിനക്ക് ഉറക്കം വരുവാണേൽ കിടന്നോ ട്ടൊ, പിന്നെ ഈ കൈയും വച്ച് പണിയൊന്നും എടുക്കാൻ നിക്കണ്ട, നീരു വന്നിട്ട് ചെയ്തോളും ട്ടൊ….” അവൻ പറഞ്ഞതിനൊക്കെ അനു തലയാട്ടി, അവൾ പറഞ്ഞ ടെഡിബിയറിന്റെ കാര്യം അനു തന്നെ മറന്നു തുടങ്ങിയിരുന്നു. നിരഞ്ജൻ പോയതും പഞ്ഞിപോലുള്ള ആ മഞ്ഞ കരടിക്കുട്ടനെ അനു പൂണ്ടടക്കം കെട്ടിപിടിച്ചു, അതിന്റെ പതുപതുത്ത രോമങ്ങൾ അവളുടെ മുഖത്തു മൃദുവായി ഉരസിയപ്പോൾ അനുവിന് ഇക്കിളി തോന്നി, അതിനെ ബെഡിന്റെ അരികിൽ ഇട്ട് അനു സമീപം കിടന്നു. എപ്പോഴോ മയങ്ങിപോവുകയും ചെയ്തു. ഏറെ വൈകിയാണ് അനു ഉണർന്നത്, ചോറ് കഴിച്ചു കിടക്കാനായപ്പോഴും നിരഞ്ജൻ വന്നിട്ടുണ്ടായിരുന്നില്ല. 💜💜💜💜💜💜💜💜💜💜💜💜💜 ഒരു വലിയ ലോറി നിരഞ്ജന്റെ വണ്ടി ഇടിച്ചു തെറിപ്പിക്കുന്നതും സ്വപ്നം കണ്ട് അനു നടുരാത്രിയിൽ ഞെട്ടിയുണർന്നു, കണ്ണു തുറക്കുമ്പോഴും നിരഞ്ജന്റെ ചോരയിൽ കുളിച്ച മുഖവും വിറക്കുന്ന വിരലുകളുമായിരുന്നു അവളുടെ കണ്ണിൽ. വല്ലാതെ വിയർത്തു കുളിച്ചിരുന്ന അവൾക്ക് അരികിൽ അവൻ കിടക്കുന്നത് കണ്ടപ്പോഴാണ് ഒരു സമാധാനമായത്.
ടേബിൾ ലാമ്പിന്റെ അരണ്ടവെളിച്ചത്തിൽ സുഖമായ് ഉറങ്ങുന്ന അവന്റെ മുഖം കണ്ടപ്പോൾ അനുവിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരുൾപ്രേരണയാൽ നിരഞ്ജനോട് ചേർന്നു കിടന്നു അനു. അവന്റെ വിടർത്തി വച്ചിരുന്ന കൈകളിൽ തലയും വച്ച് കഴുത്തിൽ മുഖം പൂഴ്ത്തി അങ്ങനെ കിടക്കുമ്പോൾ മനസിലുള്ള ഭയം മൊത്തം ചോർന്നു പോകും പോലെ അവൾക്ക് തോന്നി. ഉറക്കത്തിലാവണം, നിരഞ്ജൻ ഒരു കൈയാൽ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു കിടന്നു. അവന്റെ നെഞ്ചിന്റെ മിടിപ്പും കേട്ട് അനു തന്നെ ഉറക്കത്തിനുവിട്ടുകൊടുത്തു. 💛💛💛💛💛💛💛💛💛💛💛 രാവിലെ എഴുന്നേൽക്കുമ്പോൾ അരികിൽ നിരഞ്ജനില്ല. അമ്മയോട് ചോദിച്ചപ്പോൾ അവൻ നേരത്തെ ഡ്യൂട്ടിക്ക് പോയെന്നഅറിഞ്ഞു. എന്നോടൊന്നു പറയാരുന്നില്ലേ, വിളിച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെല്ലോ….. അവൾ സ്വയം പരിഭവം പറഞ്ഞു. കോളേജിൽ വന്നിട്ടും ഇടക്കിടക്ക് അവൾ ഫോൺ എടുത്തു നോക്കുന്നുണ്ടായിരുന്നു, നിരഞ്ജന്റെ കാളോ മെസ്സേജോ ഉണ്ടാവാത്തത് അവളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. അവൾ പോലുമറിയാതെ അവളുടെ മനസിലും ജീവിതത്തിലും അവൻ കുടിയേറിയിരുന്നു.
ക്ലാസ്സ് കഴിഞ്ഞിറങ്ങിയപ്പോൾ അർജുൻ അവൾക്ക് നേരെ നടന്നുവന്നു, പ്രിയയെയും കൊണ്ട് ഒഴിഞ്ഞു മാറാൻ അനു ഒരു ശ്രമം നടത്തിയെങ്കിലും അത് നടന്നില്ല. “നീ വൈരാഗ്യം തീർക്കുവാല്ലേ…..കെട്ടിയോൻ പോലീസിൽ ആണെന്നുള്ള അഹങ്കാരം ആണേൽ അത് ഏട്ടായി മടക്കി പെട്ടീൽ വച്ചു പൂട്ടിയേക്ക്…. പറഞ്ഞില്ലെന്നു വേണ്ട….” അർജുൻ എന്താണ് പറയുന്നതെന്ന് പോലും മനസിലാവാതെ അനു തരിച്ചു നിന്നുപോയി. എങ്കിലും സമനില കൈവിടാതെ അവൾ തിരിച്ചു ചോദിച്ചു. “കിച്ചേട്ടൻ മുന്നീന്ന് മാറ് എനിക്ക് പോണം….” “ഓ ഇപ്പോഴും ആ വിളിക്ക് കുറവൊന്നും ഇല്ലല്ലേ, നിനക്കെന്ത് യോഗ്യതയുണ്ടെടി ഒരുമ്പെട്ടവളേ എന്നെ അങ്ങനെ വിളിക്കാൻ…..” “മാറി നിൽക്ക് എനിക്ക് പോണം….” അനുവിന്റെ സ്വരം ഒന്നുകൂടി കനത്തു. “ഞാൻ മാറാം, അല്ലാതെ കണ്ടവന്റെ വിഴുപ്പ് ചുമക്കുന്ന ശീലം ഈ അർജുനില്ലെടി, പിന്നെ എന്നോട് എന്തേലും ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് തീർക്കണം അല്ലാതെ ഭർത്താവ് പോലീസിൽ ആണെന്ന് കരുതി എന്നെ കള്ളക്കേസിൽ കുടുക്കാനാണ് ഉദ്ദേശമെങ്കിൽ നീ ഒരു വെള്ളത്തുണി കരുതി വച്ചോ, പെട്ടിയിൽ കുളിപ്പിച്ച് കിടത്തി വീട്ടിൽ എത്തിക്കും ഈ അർജുൻ…. ഓർമിച്ചോ നീ…..” കൊടുങ്കാറ്റ് പോലവൻ മുന്നിൽ നിന്ന് മറഞ്ഞതും നോക്കി നിന്നുപോയി അനു,
അവൻ പറഞ്ഞ ഓരോ വാക്കുകളിലും അവൾ നീറിപ്പുകഞ്ഞു. അനു പ്രിയയെ നിസ്സഹായതയോടെ നോക്കി, അവൾ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമലുകളുയർത്തി അനുവിനെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു. പ്രിയയാണ് അവളെ വീട്ടിലാക്കിയത്, ഒരു നിമിഷം പോലും താമസിപ്പിക്കാതെ അനു റൂമിലേക്ക് പാഞ്ഞു. ഊഹം തെറ്റിയില്ല, നിരഞ്ജൻ അവിടെ ഉണ്ടായിരുന്നു. അവനെ കണ്ടപാടെ അനാമിക പൊട്ടിത്തെറിച്ചു. “എനിക്ക് വേണ്ടി ആരും ആരോടും സംസാരിക്കാനോ ഭീഷണിപ്പെടുത്താനോ പോണമെന്നില്ല, അതിനുള്ള അധികാരമൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല. എന്റെ കാര്യം നോക്കാൻ എനിക്കറിയാം, കഴുത്തിൽ ഒരു ചരട് കിട്ടിയെന്ന് കരുതി എന്തും കാട്ടാമെന്നൊന്നും ആരും കരുതണ്ട…..” ദേഷ്യം കൊണ്ട് വിറക്കുകതന്നെയായിരുന്നു അനു. പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം അവനെയും ആകെ കുഴപ്പിച്ചു. അവൻ അവളുടെ മുഖത്തേക്ക് നോക്കി, അനു അപ്പോഴാണ് നിരഞ്ജന്റെ ലാപ്ടോപ്പിലേക്ക് നോക്കിയത്. ആ കണ്ട കാഴ്ച അവളുടെ മനസികനിലയെ തന്നെ നിർജീവമാക്കാൻ പോന്നവയായിരുന്നു. കൈയിലിരുന്ന ബാഗ് ഊർന്ന് നിലത്തേക്ക് വീണു,
ബാലൻസ് കിട്ടാതെ അനുവും വീഴാൻ തുടങ്ങവേ നിരഞ്ജൻ ബെഡിൽ നിന്നെഴുന്നേറ്റോടിവന്നു അവളെ താങ്ങിപ്പിടിച്ചു അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു അവൾ ലാപ്ടോപ് സ്‌ക്രീനിലേക്ക് നോക്കി. ദേഹം തളരുന്നപോലെ തോന്നിയപ്പോൾ അവൾ നിരഞ്ജന്റെ നെഞ്ചിലെക്ക് തല ചായ്‌ച്ചു, അവളുടെ കണ്ണുനീർ വീണു നിരഞ്ജന്റെ ഷർട്ട് നനഞ്ഞു കുതിർന്നു. “അത്…. അത്…. കിച്ചേട്ടൻ… ധന്യേച്ചിടെ കൂടെ….. എനിക്കൊന്നും മനസിലാവണില്ലല്ലോ ന്റെ ദേവീ…..” അനു കണ്ണീരോടെ പുലമ്പി. “താൻ ആദ്യം സമാധാനപ്പെട്ട് ഇവിടെ വന്നിരിക്ക്…. ഇങ്ങനെ ടെൻഷൻ ആവാതെടോ….” നിരഞ്ജൻ അവളെ ബെഡിൽ തനിക്ക് സമീപം പിടിച്ചിരുത്തി, അവൾ ഏങ്ങുന്നുണ്ടായിരുന്നു, അർഹത ഇല്ലാത്ത ഒരുവന് വേണ്ടി ഇത്രയും നാൾ കണ്ണീരൊഴുക്കിയതോർത്ത്…. “ഇന്നലെ ഞാൻ താൻ പഠിക്കുന്ന കോളേജിൽ വന്നിരുന്നു, അർജുനെ കണ്ടിട്ടുണ്ടായിരുന്നു, പക്ഷെ അത് തന്റെ കാര്യം സംസാരിക്കാൻ വേണ്ടിയല്ല…. തന്നെ കേസിലേക്ക് വലിച്ചിഴക്കാൻ ഞാൻ ഉദ്ദേശിക്കുന്നതുമില്ല…..” എന്ത് പറയണമെന്നറിയാതെ അനു മൗനമായിരുന്നു,ആഗ്രഹങ്ങളും സങ്കല്പങ്ങളും പലപ്പോഴും സമ്മാനിക്കുക വേദനകൾ മാത്രമാവും, ദേഹം തളരുന്ന പോലെ തോന്നി അവൾക്ക്.
നിരഞ്ജന്റെ നെഞ്ചിൽ തല ചായ്ച്ച് അങ്ങനെയിരുന്നപ്പോൾ അവൾക്ക് അച്ഛനെ ഓർമവന്നു, അമ്മയെ കാണണമെന്ന് കരഞ്ഞുതളർന്നപ്പോൾ ചേർത്തുപിടിച്ച കൈകളുടെ സംരക്ഷണവും നെഞ്ചിലെ ചൂടും അവൾ നിരഞ്ജനിൽ അനുഭവിച്ചറിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിക്കിടന്ന് അവൾ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ അനാമികയെ കോളേജിൽ ആക്കിയിട്ടാണ് നിരഞ്ജൻ ഓഫിസിലേക്ക് പോയത്. കോളേജിലേക്ക് താനിനി ഇല്ലായെന്ന് പറഞ്ഞെങ്കിലും അവൻ അവളെ നിർബന്ധിച്ച് അയക്കുകയായിരുന്നു. സ്റ്റേഷനിൽ അർജുനെ തലേദിവസം രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടായിരുന്നു, ഒപ്പം വിഷ്ണുവിനെയും. നിരഞ്ജൻ എത്തി പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്രിസ്റ്റിയും രാഹുലും ശരത്തും രണ്ട് ബൈക്കുകളിലായി അങ്ങോട്ടെത്തി. അഞ്ചുപേരെയും നിരത്തി നിർത്തി നിരഞ്ജൻ വിഷ്ണുവിന്റെ നേരെ നോക്കി ചോദിച്ചു.
“ഇന്നലെ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു, ധന്യകേസ് അവസാനിപ്പിക്കണം ഇല്ലേൽ കുടുംബത്തോടെ ഇല്ലാതാക്കും എന്നൊക്കെ പറഞ്ഞ്…. നിങ്ങളിലൊരാളുടെ ഫോണിൽ നിന്നാ ആ കാൾ വന്നത്, അത് നിങ്ങളായിട്ട് പറയുന്നതാവും നന്നാവാ….” അഞ്ചുപേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. “ആരാ വിഷ്ണുവർദ്ധൻ….” “ഞാനാണ് സാർ….” വിക്കലോടെ വിഷ്ണു പറഞ്ഞു. “എന്തിനാ വിഷ്ണു അങ്ങനൊരു ഫോൺകാൾ….?” “എനിക്കറിയില്ല സാർ……” മുഖമടച്ചൊരു അടിയായിരുന്നു നിരഞ്ജന്റെ അടുത്ത പ്രതികരണം
💫തുടരും💫

by