20/04/2026

പല്ലവി : ഭാഗം 18

രചന – അമ്മു സജീവ്

പ്രിയപ്പെട്ടവരുടെ പിറന്നാൾ മുൻകൈ എടുത്തു ആഘോഷിക്കുമെങ്കിലും സ്വന്തം പിറന്നാൾ ആഘോഷിക്കുന്നതിനോട് അമ്മുവിനു പൊതുവെ താല്പര്യമില്ല.

എന്നാലും അച്ചുവിന്റെ വാക്ക് കേട്ട് ഒരു ചാഞ്ചാട്ടം ഒക്കെ ഉണ്ടായിട്ടുണ്ട്.

പിറ്റേന്ന് രാവിലെ അച്ചുവിന്റെ നിർദേശപ്രകാരം കുളിച്ചൊരുങ്ങി രണ്ടു പേരും കൂടി അമ്പലത്തിൽ പോയി.
കസവിന്റെ ധാവണി ആണ് അമ്മുവിന്റെ വേഷം..
ജിത്തുവിനോട്‌ ഉള്ളിലുള്ളതൊക്കെ തുറന്നു പറയാൻ ധൈര്യം തരണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു.

പ്രസാദവും വാങ്ങി ഇറങ്ങിയപ്പോഴാണ് അനിരുധ് സാർ അങ്ങോട്ട്‌ വരുന്നത് കണ്ടത്.

” ആഹ് പല്ലവി.. എന്തൊക്കെയുണ്ട് വിശേഷം??വെക്കേഷൻ ഒക്കെ പോകുന്നു?? “( അനി )

” ആഹ് നന്നായി പോകുന്നു സാർ.. “( പല്ലവി )

” താൻ ഇവിടെ സ്ഥിരം വരാറുണ്ടോ? “( അനി )

” ഇല്ല സാർ “( പല്ലവി )

” ഇന്ന് ചേച്ചിയുടെ പിറന്നാൾ ആയതുകൊണ്ട് വന്നതാ.. “(അച്ചു )

” നിന്നോടാരാ ഇതിപ്പോ ഇവിടെ പറയാൻ പറഞ്ഞത് ”

അച്ചുവിന് മാത്രം കേൾക്കാൻ പാകത്തിന് അമ്മു അവളുടെ ചെവിയിൽ ചോദിച്ചു. അതിനു മറുപടിയായി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.

” ആണോ?? ഹാപ്പി ബർത്ഡേ പല്ലവി… “( അനി )

” താങ്ക് യൂ സാർ “(പല്ലവി )

” അല്ല ഇതാരാ “അച്ചുവിനെ ചൂണ്ടി കാട്ടി അനി പല്ലവിയോട് ചോദിച്ചു.

” ഇത് ആരതി. എന്റെ ഫ്രണ്ട് ആണ്. ഞങ്ങൾ അയൽക്കാരും ആണ്. “(പല്ലവി )

” ആഹ് ഒക്കെ.താൻ ഇറങ്ങുവാണോ?? “( അനി )

” ഇറങ്ങുവാണു സാർ “(പല്ലവി )

” എങ്കിൽ ശെരി പിന്നെ കാണാടോ.. “( അനി )

അങ്ങനെ സാറിനോട് യാത്ര പറഞ്ഞു അവർ വീട്ടിലേക്ക് പോയി.

വീട്ടിൽ ചെന്നപ്പോൾ അച്ചു വീണ്ടും ജീനിയസ് ആയി.
ഓപ്പറേഷൻ ജിത്തുവിലെ അടുത്ത സ്റ്റെപ്പ്.

വീട്ടിൽ വന്നിട്ട് അമ്മു ഒരു പാത്രം പായസവുമായി അച്ചുവിന്റെ വീട്ടിലേക്ക് പോയി.

മുറ്റത്തിരിക്കുന്ന ബുള്ളറ്റ് കണ്ടപ്പോൾ ജിത്തു പോയിട്ടില്ല എന്ന് മനസിലായി.

അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു എന്തോ സംസാരിച്ചിരിക്കുന്ന ദേവൻ അങ്കിളിനെയും ലക്ഷ്മി ആന്റിയെയും..

സംസാരിച്ചു തിരിഞ്ഞപ്പോഴാണ് കയ്യിലൊരു പാത്രവും പിടിച്ചു അവിടെ നിന്ന് കറങ്ങുന്ന അമ്മുവിനെ കണ്ടത്.

” ആഹ് പിറന്നാളുകാരി എന്താ അവിടെ നിൽക്കുന്നത്. കയറി വാ മോളെ.. “( ദേവൻ )

കയറി വന്നപാടെ രണ്ടും പേരും അവളെ വിഷ് ചെയ്തു.

“ദാ ആന്റി, പായസം. അമ്മ തന്നു വിട്ടതാ..”( പല്ലവി )

“മോൾ ഇരിക്ക് കേട്ടോ… ഞാൻ ചായ എടുക്കാം “( ലക്ഷ്മി )

” ഞാൻ കുടിച്ചിട്ടാ വന്നത് ആന്റി.. അച്ചു എന്തിയെ? “( പല്ലവി )

” അവൾ മുകളിൽ റൂമിൽ കാണും “( ലക്ഷ്മി )

അമ്മു നേരെ അച്ചുവിന്റെ റൂമിലേക്ക് പോയി.
അവിടെ ചെന്ന് അച്ചു കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു പഠിപ്പിച്ചു കൊടുത്തു.

ഇപ്പൊ ചെറിയ ഒരു ആത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട്.
രണ്ടും കല്പ്പിച്ചു ജിത്തുവിന്റെ റൂമിലേക്ക് പോകാൻ തീരുമാനിച്ചു.

” ചേച്ചി പേടിക്കണ്ട. ഒന്ന് ശ്വാസം നീട്ടി വലിച്ചിട്ടു ധൈര്യമായിട്ട് പോയിട്ട് വാ.. ഞാൻ ഇല്ലേ കൂടെ?? “( അച്ചു )

” അതാ എന്റെ പേടി. എന്നൊക്കെ നിന്റെ വാക്ക് കേട്ട് ഇറങ്ങിയിട്ടുണ്ടോ അന്നൊക്കെ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട് “( പല്ലവി )

” ദേ ചേച്ചീന്ന് വിളിച്ച വാ കൊണ്ട് വേറൊന്നും വിളിപ്പിക്കല്ല്. വികട സരസ്വതി വിളയാടുന്ന നാവാ എന്റേത് പറഞ്ഞേക്കാം… “( അച്ചു )

” അച്ചു കൂൾ… ബേബി കൂൾ… ഞാൻ വെറുതെ പറഞ്ഞേയല്ലേ.. നീ മുത്തല്ലേ.. “( പല്ലവി )

ധൈര്യം സംഭരിച്ചു അമ്മു നേരെ ജിത്തുവിന്റെ റൂമിലേക്കു പോയി.
ചെന്ന് കയറിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.
വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ അവൻ ബാത്‌റൂമിൽ ആണെന്ന് മനസിലായി.

അച്ചു പറഞ്ഞു തന്നതൊക്കെ ഒന്നൂടി കാണാപ്പാഠം പഠിച്ചിട്ട് അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് അമ്മു.

ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ടവൽ മാത്രം ഉടുത്തു കൊണ്ട് ഇറങ്ങുന്ന ജിത്തുവിനെയാണ്..

” അയ്യോ.. ”

അമ്മു പെട്ടന്ന് കണ്ണും പൊത്തി തിരിഞ്ഞു നിന്നു.

ശബ്ദം കേട്ട് നോക്കിയപ്പോൾ ആണ് അവിടെ തിരിഞ്ഞു നിക്കുന്ന അമ്മുവിനെ ജിത്തു കാണുന്നത്.

പെട്ടന്ന് അവൻ ഡ്രെസ്സിങ് റൂമിൽ കയറി ഒരു ടീ ഷർട്ടും മുണ്ടും എടുത്തുടുത്തു.

” നീയെന്താ ഇവിടെ?? “( ജിത്തു )

” അത് പിന്നെ ഞാൻ.. “( പല്ലവി )

” ഞാൻ??? “( ജിത്തു )

” ഞാൻ പാ..പായസം കൊണ്ട് വ.. വരാൻ വന്നതാ… “( പല്ലവി )

” നിനക്കെന്നു മുതലാ വിക്ക് തുടങ്ങിയത്?? “( ജിത്തു )

” എനിക്ക് വിക്കൊന്നുമില്ല… “( പല്ലവി )

” എന്നാ പറ, നിനക്കെന്താ ഇവിടെ കാര്യം?? “(ജിത്തു )

( ഭഗവാനെ, പഠിച്ചോണ്ട് വന്നത് മൊത്തം മറന്നു പോയല്ലോ..

ഇങ്ങേരെ കാണുമ്പോൾ മാത്രം എന്താ എന്റെ നെഞ്ച് ഇങ്ങനെ കിടന്നു പിടയ്ക്കുന്നെ..

കഷ്ടപ്പെട്ട് ചോറ് കൊടുക്കുന്നത് ഞാനാ,
എന്നിട്ട് ഇങ്ങേരെ കാണുമ്പോൾ നിന്ന് സല്യൂട്ട് ചെയ്യുന്നോ..
ബ്ലഡി ഫൂൾ ഹൃദയമേ ….)

“അത് പിന്നെ ഞാൻ അച്ചുവിനെ കാണാൻ, പായസം കൊണ്ട് വന്നതാ..”( അമ്മു )

അതും പറഞ്ഞു തിരിഞ്ഞു പോകാൻ തുടങ്ങിയതും പാവാട തുമ്പിൽ ചവിട്ടി വീഴാൻ പോയി.

പക്ഷെ വീഴുന്നതിനു മുന്നേ തന്നെ ജിത്തു അവളെ താങ്ങിപ്പിടിച്ചിരുന്നു.

വീഴണ്ട സമയം കഴിഞ്ഞിട്ടും വീഴാത്തത് കൊണ്ടാണോ അതോ ഇനി ഹിന്ദി സീരിയലിൽ അടിയുറച്ചു വിശ്വസിക്കുന്നത് കൊണ്ടാണോ എന്നറിയില്ല അമ്മു മെല്ലെ കണ്ണ് തുറന്നു.

( അത് പിന്നെ അങ്ങനാണല്ലോ. ഞാനും കണ്ടിട്ടുള്ളതാ ഇതൊക്കെ…)

കണ്ണ് തുറന്നതും കാണുന്നത് അവളെ തന്നെ നോക്കി നിക്കുന്ന ജിത്തുവിനെയാണ്.

ആ കാപ്പിക്കണ്ണുകളിലേക്ക് നോക്കും തോറും ഹൃദയമിടിപ്പ് പതിവിലും വേഗത്തിൽ ആവുന്നതവൾ അറിഞ്ഞു.

തൊണ്ട വറ്റി വരളുന്നതുപോലെ തോന്നിയവൾക്ക്.
ചെന്നിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി.

” അമ്മു, ആർ യൂ ഓക്കെ?? “( ജിത്തു )

” ആഹ് ഞാൻ ഓക്കേ ആണ്.. ”
അതും പറഞ്ഞു കൊണ്ടവൾ വേഗത്തിൽ പടിയിറങ്ങി താഴേക്കു ചെന്നു.

ഇതെല്ലാം ഒരു കള്ളചിരിയോടെ ജിത്തു നോക്കി നിന്നു.

താഴെ അച്ചു അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
അവൾ കാണുന്നത് സ്റ്റെപ് ഓടി ഇറങ്ങി വരുന്ന അമ്മുവിനെയാണ്.

” ചേച്ചി എല്ലാം ഓക്കേ ആയോ?? “( അച്ചു )

“വെള്ളം… വെള്ളം..”( പല്ലവി )

അച്ചു എടുത്തു കൊടുത്ത വെള്ളം മുഴുവൻ അമ്മു ഒറ്റ വലിക്ക് കുടിച്ചു തീർത്തു.

” അച്ചുസേ.. എനിക്ക് പറ്റിയില്ലെടാ..
പുള്ളിയെ കാണുമ്പോൾ തന്നെ എന്റെ കയ്യും കാലും ഒക്കെ വിറയ്ക്കുന്നു. “( അമ്മു )

” ശേ… നശിപ്പിച്ചു.. ആ സാരമില്ല. പ്ലാൻ എ പോയാൽ പ്ലാൻ ബി… അത്രതന്നെ.. “( അച്ചു )

” ഇനി പ്ലാൻ ബി യും ഉണ്ടോ??. നീ എന്റെ പുക കണ്ടേ അടങ്ങത്തൊള്ളോ പെണ്ണെ… “( അമ്മു )

” ചേച്ചിക്ക് ചേട്ടനെ വേണേൽ ഇപ്പൊ ഞാൻ പറയുന്നത് കേട്ടെ പറ്റു… “(അച്ചു )

” ആഹ് ഒക്കെ “( അമ്മു )

തുടരും….