രചന – ഭദ്ര രുദ്ര
അഭിയേട്ടാ ………….. ”
ആർത്തു വിളിച്ചു കൊണ്ട് ശ്രുതി അഭിക്കരികിൽ ചെന്നിരുന്നു . അവൾ എത്ര കുലുക്കി വിളിച്ചിട്ടും അവൻ കണ്ണുകൾ തുറന്നില്ല . അതു കണ്ടതോടെ സ്വാതിക്കും ആകെ വെപ്രാളമായി . അവർക്കിടയിലേക്ക് പോകാൻ തുടങ്ങിയ സ്വാതിയെ കിച്ചു തടഞ്ഞു .
” അഭിയേട്ടാ , കണ്ണു തുറക്കു …. പ്ലീസ് അഭിയേട്ടാ ദൈവത്തെ ഓർത്ത് കണ്ണുതുറക്കു … എന്നെ ഇങ്ങനെ വേദനിപ്പിക്കല്ലേ ”
അവൾ എത്രയൊക്കെ വിളിച്ചിട്ടും അനക്കമില്ലാതെ കിടക്കുന്ന അഭിയെ കണ്ടതോടെ അവൾക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി . ഏറ്റവും വിലപ്പെട്ടത് എന്തോ തന്നെ വിട്ടു പോകുന്നത് പോലെ അവളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു . ഉറക്കെ അലറി കരഞ്ഞു കൊണ്ട് അവൾ ഒരു സഹായത്തിന് ചുറ്റും നോക്കി .
” ആരെങ്കിലും ഒന്ന് വരുമോ പ്ലീസ് ….. അഭിയേട്ടാ …. കണ്ണ് തുറക്ക് …
ഈശ്വരാ ഞാൻ എത്ര വലിയ പാപമാണ് ചെയ്തത് … ഇല്ല അഭിയേട്ടാ , എന്നെ തനിച്ചാക്കി പോകാൻ ഞാൻ സമ്മതിക്കില്ല .
അഭിയേട്ടാ പ്ലീസ് എന്നോട് വാശി കാണിക്കല്ലേ , എനിക്കത് സഹിക്കാൻ കഴിയില്ല .
ഐ ആം സോറി അഭിയേട്ടാ , ഇത്രയും കാലം ഞാൻ വേദനിപ്പിച്ചിട്ടേയുള്ളു … പക്ഷെ , അതൊരിക്കലും ഇഷ്ടമില്ലാഞ്ഞിട്ടല്ല . ഒത്തിരി ഇഷ്ടം ഉള്ളതുകൊണ്ട് ആയിരുന്നു . എന്റെ ജീവനേക്കാളേറെ ഞാൻ സ്നേഹിച്ചിരുന്നു …
എന്റെ അമ്മ കാരണം പിരിഞ്ഞ കുടുംബം വീണ്ടും ഞാൻ കാരണം പിരിയരുതെന്ന് ആഗ്രഹിച്ചിരുന്നു … അതുകൊണ്ടാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് … കണ്ണുതുറക്ക് അഭിയേട്ടാ , ഓരോ തവണ തള്ളിപ്പറയുമ്പോഴും ഞാൻ എത്രത്തോളം സ്വയം വേദനിച്ചിട്ട്ണ്ടെന്ന് അറിയോ …. അത്രയ്ക്കു ഞാൻ സ്നേഹിച്ചിരുന്നു അഭിയേട്ടാ ,
ഐ ലവ് യു അഭിയേട്ടാ , ലവ് യു ലോട്ട് …. അഭിയേട്ടനില്ലാതെ എനിക്ക് പറ്റില്ല , കണ്ണ് തുറക്ക് അഭിയേട്ടാ പ്ലീസ് … ”
അവൾ എത്രയൊക്കെ വിളിച്ചിട്ടും അവനിൽ ഒരു അനക്കവും കാണാതായതോടെ നെഞ്ചു പൊട്ടിക്കരഞ്ഞുകൊണ്ട് അവളവന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് മുഖം പൊത്തി കരഞ്ഞു .
” ശ്രുതി ”
പെട്ടന്നാ ശബ്ദം കേട്ടപ്പോൾ അവൾ പതിയെ മുഖത്ത് നിന്ന് കൈ എടുത്തുനോക്കി , അവളെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുകയാണ് അഭി .
കരഞ്ഞു കലങ്ങിയ കണ്ണുകളും വിറയൽ മാറാത്ത ചുവന്ന ചുണ്ടുകളും ചുവന്നുതുടുത്ത മൂക്കിൻ തുമ്പിലെ ക്കും നോക്കിയവനൊന്ന് ചിരിച്ചു . ഒന്നും മനസ്സിലാകാതെ അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി .
” ഇപ്പോൾ ഈ പറഞ്ഞതൊക്കെ കുറച്ചു മുമ്പേ പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ നാടകം കളിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ”
അവൻ പറയുന്നത് കേട്ടതോടെ അവൾ ദേഷ്യവും സങ്കടവും കരച്ചിലും എല്ലാംകൂടെ അവനെ തല്ലി തീർക്കാൻ തുടങ്ങി . ആ തല്ല് എല്ലാം അവൻ ഒരു ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങി . പരിഭവം നടിച്ച് അവനിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ ശ്രുതിയെ അവൻ ഇരുകൈകൾകൊണ്ടും അവനിലേക്ക് ആവാഹിച്ചു . എന്നാൽ ഇത്തവണ അവൾ അവന്റെ കൈകൾ തട്ടി മാറ്റിയില്ല . പകരം അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു .
സകല സങ്കടങ്ങളും കരഞ്ഞു തീർത്തതിനുശേഷം അവൾ ഒന്ന് അവനെ മുഖമുയർത്തി നോക്കി . കരഞ്ഞ് ചുവന്ന അവളുടെ മുഖം അവൻ കൈക്കുമ്പിളിൽ ആക്കി പതിയെ അവളുടെ കണ്ണുകളിലേക്ക് ചുണ്ടുകൾ അമർത്തി . പെട്ടെന്ന് പൊള്ളിയത് പോലെ അവൾ ഒന്നു പിടഞ്ഞു . അതുകണ്ട് നിന്ന് കിച്ചുവും സ്വാതിയും പെട്ടെന്ന് കണ്ണുപൊത്തി . അഭി അവളിലേക്ക് ഒന്ന് കൂടി മുഖം അടുപ്പിച്ച് അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി വന്നപാടെ അവൾ ഒരു ചെറു പുഞ്ചിരിയോടെ അവനെ പിടിച്ചു തള്ളി മാറ്റി . അപ്പോൾ തന്നെ കിച്ചുവും സ്വാതിയും അങ്ങോട്ട് വന്നു .
” അപ്പൊ ഇതാണല്ലേ രണ്ടുപേർക്കും പരിപാടി ? ”
സ്വാതി ഒരു കള്ളച്ചിരിയോടെ ശ്രുതിയെ നോക്കി , അവളുടെ മുഖം ആണെങ്കിൽ നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു .
” പറയുന്ന ആൾക്കാർ ഒട്ടും മോശമല്ല ല്ലോ , എനിക്കും എല്ലാം മനസ്സിലായി കേട്ടോടി ഏടത്തിയമ്മേ ”
ശ്രുതി ഒരു കള്ളച്ചിരിയോടെ അങ്ങനെ പറഞ്ഞപ്പോൾ കിച്ചുവും സ്വാതിയും പല്ലു കാണിച്ചുകൊണ്ട് വെടിപ്പായി ഒന്ന് ചിരിച്ചു കാണിച്ചു .
” എങ്ങനെയുണ്ട് എന്റെ ഡ്യൂപ്ലിക്കേറ്റ് പോയ്സൺ – മഞ്ഞൾപ്പൊടിയും തേനും മിക്സ് ചെയ്താൽ ഇതുപോലെ ഉണ്ടാകും . ഒറിജിനൽ രക്തത്തെ തോൽപ്പിക്കുന്ന രീതിയിലുള്ള കളർ . ”
കിച്ചു അതു പറഞ്ഞപ്പോൾ ശ്രുതി വായ പൊത്തി അവനെ നോക്കികൊണ്ട് ചോദിച്ചു .
” ഡാ , അപ്പോ ഇത് രണ്ടുപേരും ചേർന്നുള്ള ഒത്തുകളി ആണല്ലേ ”
” അതേ മോളെ , നിന്റെ മനസ്സിൽ ഉള്ളത് പുറത്തുകൊണ്ടുവരാൻ വേറെ വഴിയില്ലായിരുന്നു ”
കിച്ചു അത് പറഞ്ഞപ്പോൾ ശ്രുതി നാണത്തോടെ സ്വാതിയുടെ പിറകിൽ പോയി നിന്നു .
” അല്ല ഇതിന് നാണം ഒക്കെ വരുമോ ? ”
അഭി അത്ഭുതത്തോടെ ശ്രുതിയെ നോക്കി കളിയാക്കി ചിരിച്ചു . ശ്രുതി അവന്റെ കയ്യിലൊരു നുള്ള് വെച്ചു കൊടുത്തു . അപ്പോഴാണ് കിച്ചുവിന് ഒരു ഫോൺ വന്നത് . അവൻ വേഗം ഫോൺ എടുത്ത് അല്പം മാറിനിന്നു സംസാരിച്ചു . അല്പസമയത്തിനു ശേഷം അവൻ ശ്രുതിയുടെ അടുത്തേക്ക് വന്നു .
” കിച്ചു ഏട്ടൻ എവിടെ പോയതായിരുന്നു ? ”
തിരികെ വന്ന കിച്ചുവിനോട് ശ്രുതി ചോദിച്ചു .
” ഞാൻ നിനക്ക് ഒരു സർപ്രൈസ് കൊണ്ടുവരാൻ പോയതാ ”
അതും പറഞ്ഞ് അവൻ രണ്ട് സ്റ്റെപ്പും മാറിനിന്നപ്പോൾ അവന് പിറകിൽ നിൽക്കുന്ന ആളെ കണ്ടു ശ്രുതി അമ്പരന്നു .
” പപ്പ ”
അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചിരുന്നു . അപ്പോൾ തന്നെ അയാൾ കയ്യിലുള്ള സമ്മാനപ്പൊതിയുമായി അവളുടെ അടുത്തേക്ക് വന്നു . അയാൾ ഓരോ സ്റ്റോപ്പ് മുന്നോട്ടുവയ്ക്കുംതോറും അവൾ ഓരോ ചുവട് പിറകോട്ടു നിന്നു .
” മോളെ … ”
” വേണ്ട , എന്നെ അങ്ങനെ വിളിക്കരുത് . അതെനിക്കിഷ്ടമല്ല . ”
” മോളെ അമ്മുട്ട്യേ പപ്പ പറയണത് മോളൊന്ന് കേൾക്ക് ”
” ഇല്ല്യ , എനിക്കൊന്നും കേൾക്കണ്ട . മര്യാദയ്ക്ക് പൊയ്ക്കോ … ”
” മോളെ പപ്പ … ”
” ഇറങ്ങിപ്പോകാൻ അല്ലേ പറഞ്ഞത് , എനിക്ക് നിങ്ങളെ കാണണ്ടാ … അത്രയ്ക്ക് വെറുപ്പാണ് എനിക്ക് … ഐ ഹേറ്റ് യു … ”
അത്രയും പറഞ്ഞ് ഉറക്കെ കരഞ്ഞു കൊണ്ട് ശ്രുതി അവിടെ നിന്ന് ഓടി മറഞ്ഞു . തന്റെ കണ്ണിൽ നിന്ന് ഓടി അകലുന്ന മകളെ കണ്ട് വിശ്വനാഥനും കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു . അഭി അപ്പോൾ തന്നെ ശ്രുതിയുടെ പിറകെ ഓടി .
” ചെറിയച്ചാ , ”
” വേണ്ട മോനെ , ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ . ഞാൻ വരുന്നില്ലെന്ന് . എനിക്കറിയാമായിരുന്നു വന്നാൽ ഇതായിരിക്കും അവളുടെ പ്രതികരണം എന്ന് . കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ മോള് എന്നോട് ഇങ്ങനെയാണ് . അവള് ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെയാണ് . ഇന്ന് ഞാൻ വരാതിരുന്നെങ്കിൽ ഒരു പക്ഷേ അവൾ സന്തോഷമായി തന്നെ ഇരുന്നേനെ . ഇപ്പോൾ ഞാൻ കാരണം അവളുടെ സന്തോഷം മുഴുവൻ പോയി . അവളെ ഒന്ന് കാണാനുള്ള കൊതി കൊണ്ട് ഓടി വന്നതാ ”
അത്രയും പറഞ്ഞ് കണ്ണുകൾ തുടച്ചുകൊണ്ട് വിശ്വനാഥൻ അവിടെ നിന്നും ഇറങ്ങിപ്പോയി . നിസ്സഹായനായി നിൽക്കാനേ കിച്ചുവിന് കഴിഞ്ഞുള്ളൂ .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഓഡിറ്റോറിയത്തിന്റെ മറ്റൊരു സൈഡിലുള്ള പൂന്തോട്ടത്തിൽ ഒറ്റയ്ക്കിരുന്ന് കരയുകയാണ് ശ്രുതി . അപ്പോഴാണ് അഭി അങ്ങോട്ട് വന്നത് . അവൻ അവളുടെ അടുത്ത് ചെന്നിരുന്നു അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു . ഒരു പൊട്ടി കരച്ചിലോടെ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു . ഇത്രയും കാലം മനസ്സിൽ അടക്കി വെച്ചിരുന്ന ദുഃഖങ്ങൾ എല്ലാം ഒരു പേമാരി കണക്കെ അവൾ അവന്റെ തോളിൽ പെയ്തുതീർത്തു .
അൽപനേരത്തെ മൗനത്തിനൊടുവിൽ അവൾ ഒന്ന് തലയുയർത്തി അവനെ നോക്കി . അവനിൽ നിന്നും പല ചോദ്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല .
” അഭിയേട്ടാ ”
” എന്താ ശ്രുതി ? ”
” അതാരാണെന്ന് മനസ്സിലായോ ? ”
” നിന്റെ പപ്പ അല്ലേ ? ”
” മ്മ് … എന്തുകൊണ്ടാ ഞാൻ അങ്ങനെ ചെയ്തതെന്ന് ചോദിക്കാത്തത് ? ”
” ഞാൻ ഒരിക്കൽ നിന്നോട് പറഞ്ഞതല്ലേ നീ ആയിട്ട് നിന്നെ കുറിച്ച് എന്ന് എന്നോട് പറയുന്നുവോ അന്ന് എനിക്ക് അറിഞ്ഞാൽ മതി . ”
അത് കേട്ടപ്പോൾ അവൾ അവിടെനിന്നും എഴുന്നേറ്റു ആകാശം നോക്കി നിന്നു പറയാൻ തുടങ്ങി .
” എന്റെ പപ്പയും അമ്മയും ഒത്തിരി വർഷങ്ങൾ പ്രണയിചതിനുശേഷമാണ് വിവാഹം കഴിച്ചത് . അതും നാട്ടുകാരെയും വീട്ടുകാരെയും എല്ലാം വേണ്ടെന്നുവച്ചു ഒളിച്ചോടി പോയിട്ട് . രണ്ടുപേരും നല്ല വിദ്യാഭ്യാസമുള്ള ആളുകൾ ആയതിനാൽ ബിസിനസ് ഫീൽഡിലേക്ക് തിരിഞ്ഞു . രണ്ടു വർഷം അവർ നല്ല കഠിനമായി പരിശ്രമിച്ചു . അതിന്റെ ഫലമായി അവർ സ്വന്തമായി ഒരു കമ്പനി തുടങ്ങി . അവിടുന്നങ്ങോട്ട് പിന്നെ വെച്ചടി വെച്ചടി ഉയർച്ച യായിരുന്നു . ഇന്ത്യയിലെതന്നെ ടോപ് മോസ്റ്റ് ബസ് ഗ്രൂപ്പുകളിൽ ഒന്നായി ദേവ് ഗ്രൂപ്പ്സ് വളർന്നു .
അമ്മയുടെ പേരിൽ ആയിരുന്നു ബിസിനസ് തുടങ്ങിയിരുന്നത് . അതുകൊണ്ടാണ് ശ്രീദേവിയുടെ എന്നതിനുപകരം ദേവ എന്ന് എടുത്തത് . അവർക്ക് ഒരു ആൺകുട്ടി ജനിക്കുകയാണ് എങ്കിൽ ദേവ് എന്ന് പേരിടണം എന്നായിരുന്നു ആഗ്രഹം . പക്ഷേ അവരുടെ മൂന്നാം വിവാഹ വാർഷികത്തിന്റെ അന്നാണ് എന്റെ ജനനം . പപ്പ അമ്മയെ ഉള്ളം കയ്യിൽ വച്ച് കൊണ്ടായിരുന്നു നടന്നത് . അത്രയും നന്നായി നോക്കിയിരുന്നു , അമ്മ തിരിച്ചു പപ്പയെ സ്വന്തം ജീവനേക്കാൾ ഏറെ സ്നേഹിച്ചിരുന്നു .അമ്മയുടെ ഡയറിയിൽ നിന്നാണ് ഞാൻ ഇതെല്ലാം പറഞ്ഞത് .
പിന്നെ എപ്പോഴാണെന്നറിയില്ല അമ്മയും പപ്പയും തമ്മിൽ വഴക്ക് തുടങ്ങിയത് . വല്ലപ്പോഴും വഴക്ക് കൂടുന്നതും അത് സോൾവ് ചെയ്യുന്നതും ഞാൻ കണ്ടിട്ടുണ്ട് . പക്ഷേ , എന്റെ ന്റെ ജീവിതത്തിലെ സകല സന്തോഷവും നശിച്ച ദിവസം ആയിരുന്നു അന്ന് . എനിക്ക് വെറും നാലോ അഞ്ചോ വയസ്സ് മാത്രം പ്രായമുള്ള സമയം . അന്ന് പപ്പയും അമ്മയും എന്തോ പറഞ്ഞു വഴക്കുണ്ടാക്കിരുന്നു . വഴക്കുണ്ടാക്കി പപ്പ പുറത്തേക്ക് പോയതിനുശേഷം അമ്മ വാതിൽ അടച്ചിരുന്നു ഒത്തിരി കരഞ്ഞിരുന്നു .
പിന്നെ , പപ്പാ തിരകെ വന്നു അമ്മയുടെ റൂമിലേക്ക് പോകുമ്പോൾ ഞാൻ താഴെ ഇരുന്നു കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മയുടെ നിലവിളി കേട്ടത് . ശബ്ദം കേട്ട് ഞാൻ ഓടിപ്പോയി നോക്കുമ്പോൾ നിന്ന് ആളിക്കത്തുന്ന എന്റെ അമ്മയെയാണ് ഞാൻ കണ്ടത് . അപ്പോൾ ഞാൻ കണ്ടത് മമ്മിയുടെ അടുത്തേക്ക് ഓടി അടുക്കുന്ന പപ്പയെയാണ് . പക്ഷേ അപ്പോഴും അമ്മ പപ്പയെ പിടിച്ച് തള്ളുകയാണ് ചെയ്തത് . കത്തിക്കരിഞ്ഞ നിലത്ത് വീഴുന്നതുവരെ എന്റെ അമ്മയെ നോക്കി കരയാനെ എനിക്കന്ന് കഴിഞ്ഞുള്ളൂ . ”
അത്രയും പറഞ്ഞ് ശ്രുതി പൊട്ടിക്കരയാൻ തുടങ്ങി . അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ അഭി തരിച്ചു നിന്നു .
” അന്നുമുതൽ വെറുത്തു പോയതാണ് ഞാനെന്റെ പപ്പയെ , പിന്നീട് അവിടുന്ന് അങ്ങോട്ട് എന്നും അകറ്റി നിർത്തിട്ടേ ഉള്ളൂ . എന്റെ പാരൻസ് മീറ്റിംഗ്ന് ഞാൻ ഹരി മാമയെ ആണ് കൂട്ടിക്കൊണ്ടുപോകാറ് . എന്റെ ഒരു കാര്യത്തിനും ഞാൻ പപ്പയെ ഇടപെടുത്തിരുന്നില്ല . ”
അത്രയും പറഞ്ഞ് കരഞ്ഞുകൊണ്ട് അഭിയെ തിരിഞ്ഞുനോക്കിയ ശ്രുതി തരിച്ചു നിന്നുപോയി . ഇതെല്ലാം കേട്ടുകൊണ്ട് ചെമ്പകശ്ശേരി തറവാട്ടുകാരും ശ്രീമംഗലം തറവാട്ടുകാരും അവിടെ ഉണ്ടായിരുന്നു . അവർ അവളുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും അവൾ അവരെ തടഞ്ഞു .
” ആരും ഇപ്പൊ ഇങ്ങോട്ട് വരണ്ട , എനിക്ക് കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കണം . ”
അത്രയും പറഞ്ഞ് അവൾ അവിടെനിന്നും പുറത്തേക്കിറങ്ങി . അവൾക്ക് പുറകെ പോകാൻ തുടങ്ങിയ കിച്ചുവിനെ യും അഭിയെയും മുത്തശ്ശൻ തടഞ്ഞു .
” അവൾ അല്പസമയം ഒറ്റയ്ക്കിരുന്ന് കരഞ്ഞോട്ടെ , അപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസം കിട്ടും ”
മുത്തശ്ശൻ പറഞ്ഞതിന് എല്ലാവരും ശരിവെച്ചു . എല്ലാവരും അവളെ അല്പനേരത്തേക്ക് തനിച്ചു വിട്ടു . പക്ഷേ അഭിക്ക് അവളെ അങ്ങനെ വിട്ടുകളയാൻ പറ്റില്ലല്ലോ , അവൻ അവളുടെ ഫോണിലേക്ക് വിളിച്ചു . മൂന്നുതവണ ബെൽ അടിച്ചതിനുശേഷം ഫോൺ കട്ടായി . വീണ്ടും വീണ്ടും വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു , പക്ഷേ കരച്ചിൽ കാരണം അവൾക്ക് അവനോട് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല . അവനും ഒന്നും പറഞ്ഞില്ല മൗനമായി തന്നെ ഇരുവരും തുടർന്നു .
ശ്രുതി പതിയെ വിജനമായ റോഡിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി . രാത്രിയുടെ ഇരുട്ട് എല്ലായിടങ്ങളിലും പരന്നിരിക്കുന്നു . ചെറുപ്പം മുതലേ ഇരുട്ടിനെ പേടിയായിരുന്ന അവൾക്ക് അന്ന് എന്തുകൊണ്ടോ ഭയം തോന്നിയില്ല . അവൾ മുന്നോട്ടു നടന്നു കൊണ്ടിരുന്നു . അവളുടെ കാലൊച്ച യുടെ ശബ്ദം മാത്രം അഭിക്ക് ഫോണിലൂടെ കേൾക്കാമായിരുന്നു .
പെട്ടെന്നാണ് അവളുടെ അടുത്ത് ഒരു ബ്ലാക്ക് സ്കോർപിയോ കാർ വന്ന്നിന്നത് . കാറിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ , അഭി ഫോൺ സ്പീക്കറിൽ ഇട്ടു . കാറിൽ നിന്നും മുഖം മൂടി വെച്ച കുറച്ചുപേർ ഇറങ്ങി അവൾക്കു ചുറ്റും നിന്നു . അവർ അവളെ ബലമായി പിടിച്ച് കാറിനുള്ളിൽ കയറ്റി . അവൾ കിടന്ന് ബഹളം വെക്കാൻ തുടങ്ങി . അത് ഫോണിലൂടെ കേട്ടതോടെ എല്ലാവരും അസ്വസ്ഥമായി . ശ്രുതിക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായ ഉടനെ കിച്ചു വിശ്വനാഥനെ അങ്ങോട്ട് വിളിച്ച് വരുത്തി . എല്ലാവരുടെ മുഖത്തും വിശ്വനാഥ് നോടുള്ള ദേഷ്യം നന്നായി തന്നെ ഉണ്ടായിരുന്നു . എന്നാൽ അയാൾ അതൊന്നും ശ്രദ്ധിക്കാൻ തയ്യാറല്ലായിരുന്നു , തന്റെ മകൾക്ക് എന്തുപറ്റി എന്ന് ടെൻഷനിലായിരുന്നു അയാൾ .
” നിങ്ങളൊക്കെ ആരാ ? എന്നെ ഇതെങ്ങോട്ടാ കൊണ്ടുപോകുന്നത് ? ”
ശ്രുതിയുടെ ശബ്ദം ഫോണിലൂടെ വ്യക്തമായി തന്നെ കേൾക്കാമായിരുന്നു . അപകടമാണെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ ഇരു കൂട്ടരും പോലീസിന്റെ സഹായം തേടി . ശ്രുതിയുടെ ഫോൺ പോലീസ് ട്രേസ് ചെയ്യാൻ തുടങ്ങി .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *
അല്പ സമയത്തിനു ശേഷം ആ കാർ ചെന്നത് ഒരു പഴയ ബംഗ്ലാ വിന്റെ മുന്നിലാണ് . അവിടെ എത്തിയപ്പോൾ ആ ഗുണ്ടകൾ അവളെ കാറിൽ നിന്നും ബലമായി പിടിച്ചു പുറത്തേക്കിറക്കി . കാറിൽ നിന്ന് ഇറങ്ങിയതും അവൾ ചുറ്റും നോക്കി , മൊത്തത്തിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലം . അപ്പോൾ തന്നെ അവർ അവളെ അകത്തേക്ക് കൈപിടിച്ച് വലിച്ചു കൊണ്ടുപോയി . അവൾ എത്രതന്നെ കുതറിമാറാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല . മൂന്ന് തടിമാടന്മാരായ ഗുണ്ടകളോട് താൻ ഒറ്റയ്ക്ക് എങ്ങനെ പിടിച്ചു നിൽക്കാനാണ് .
ആ ബംഗ്ലാവിലെ മുകളിലെ ഹോളിലേക്ക് അവർ അവളെ പിടിച്ചു തള്ളി .
” ആഹ് ”
ഒട്ടും പ്രതീക്ഷിക്കാത്ത തള്ള് ആയതിനാൽ അവൾ തെറിച്ചുവീണു . അവളുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ അവിടെയുണ്ടായിരുന്ന സോഫയുടെ മുകളിലേക്കാണ് തെറിച്ച് പോയത് . പക്ഷേ അപ്പോഴും ഫോൺ കട്ട് ആയിരുന്നില്ല .
അപ്പോഴാണ് കാതടപ്പിക്കുന്ന രീതിയിൽ വെടി ശബ്ദം കേട്ടത് അവൾ ഒരു ഞെട്ടലോടെ നിലത്തു നിന്ന് തല ഉയർത്തി നോക്കി . അപ്പോൾ അവൾ കണ്ടു മുകളിൽനിന്നു സ്റ്റേയർസ് ഇറങ്ങിവരുന്ന കോട്ടിട്ട ആ മനുഷ്യനെ , അയാൾ തന്റെ കയ്യിലിരിക്കുന്ന തോക്കുകൊണ്ട് ആ മൂന്നു ഗുണ്ടകളെയും വെടിവെച്ചുകൊന്നു . ആ കാഴ്ച കണ്ടത് ശ്രുതി പേടിയോടെ കാതുകൾ പൊത്തി . അപ്പോഴും വിളിയുടെ ശബ്ദം തന്റെ ചെവി തുളച്ചു കയറുന്നത് പോലെ അവൾക്ക് തോന്നി . ഫോണിലൂടെ കേട്ട വെടിയൊച്ചയുടെ ശബ്ദം അഭിയേയും അസ്വസ്ഥമാക്കി .
അയാൾ ശ്രുതിക്ക് മുന്നിൽ വന്നു നിന്നു . അവളുടെ ചെവിയോട് ചേർന്ന് പതിഞ്ഞസ്വരത്തിൽ അവളെ വിളിച്ചു .
” അമ്മുട്ട്യേ ”
ആ ശബ്ദം അവളിൽ ഒരു ഞെട്ടൽ ഉളവാക്കി . അപ്പോൾ തന്നെ വിശ്വനാഥനും ശബ്ദത്തിനുടമയായ മനസ്സിലാക്കിയിരുന്നു .
( തുടരും )

by