രചന – അയിഷ അക്ബർ
നിലാവ് പരക്കുന്ന നേരം ഇരുട്ടിന്റെ മറവിൽ അമ്മയെ കാണാനെത്തുന്ന അവൻ തന്നെ നോക്കി മുഖം കനപ്പിക്കുന്നത് അവളിലൊരു നനവ് തീർത്തിരുന്നു….. എന്തെന്നില്ലാത്തൊരു നോവ്….. കണ്ണുകളെ അവളിൽ നിന്ന് പറിച്ചെടുക്കാൻ ശ്രമിക്കും തോറും അവളിലേക്ക് പാറി വീണു പോകുന്ന നോട്ടങ്ങളെ വിലക്കാൻ അവനശക്തനായിരുന്നു…. രണ്ട് പേർക്കുമിടയിൽ കിടന്നു വീർപ്പു മുട്ടുന്ന ആ പ്രണയത്തിന്റെ ഗന്ധം അവരറിയാതെ തന്നെ യശോധയിലേക്കെത്തുന്നുണ്ടായിരുന്നു…… എന്നാൽ ആ ഹൃദയം മുഴുവൻ ഭയമായിരുന്നു…. അന്ധമായ ഒരു പ്രണയത്തിന്റെ നോവുള്ള അവശിഷ്ടമാണല്ലോ താനും….. അത് കൊണ്ടായിരിക്കാം ഒരുപക്ഷെ…… ഋഷിയുടെ സാമീപ്യം യാശോധയിലുണ്ടാക്കിയ മാറ്റം ഭാമക്ക് വല്ലാത്ത സന്തോഷം നൽകിയിരുന്നു…. അവരുടെ കണ്തടങ്ങളിലെ കറുപ്പ് പതിയേ മാഞ്ഞു തുടങ്ങി…. അധരങ്ങൾ മറന്ന് തുടങ്ങിയ പുഞ്ചിരി വീണ്ടെടുത്തു….. ഋഷിയുടെ മുടിയിഴകളിൽ തലോടി വാത്സല്യം പ്രകടിപ്പിക്കുമ്പോൾ ഇത് വരെയുള്ള അവരുടെ കാത്തിരിപ്പാ കണ്ണുകളിൽ തെളിഞ്ഞു കണ്ടിരുന്നു……
അമ്പലത്തിലേക്ക് പോകും വഴി വഴിയോരത്തു നിന്നും അല്പം മുല്ലപ്പൂ വാങ്ങി അവൾ മുടിയിൽ ചൂടി….. അമ്പല മുറ്റത്തു നിന്നും തന്നെ കടന്നു പോകുമ്പോൾ ഋഷിയിലേക്കാ വളുടെ കണ്ണുകൾ പതിഞ്ഞു….. കുസൃതിയോടെ പുഞ്ചിരി നിറച്ച അവന്റെ ഒരു നോട്ടത്തിനായ് ഹൃദയം അത്ര മേൽ ആഗ്രഹിച്ചത് കൊണ്ടായിരിക്കാം….. എന്നാൽ തന്നെ കാണാത്ത ഭാവത്തിൽ നടന്നകലുന്നവൻ അവളിലൊരു നിരാശ നിറച്ചു….. ആരോരും കാണാതെ കൈകളിൽ പിടിച്ചു തന്നിലേക്കടുപ്പിച്ചിരുന്നവൻ അവളുടെ ഓർമയിൽ ബാക്കിയായി….. ശരീരം കൊണ്ടവനിൽ നിന്നകന്നു നിൽക്കുമ്പോഴും ഹൃദയം എന്തിനാനവനോട് ചേരാൻ കൊതിക്കുന്നതെന്ന് അവൾക്കറിയുന്നില്ലായിരുന്നു……
കുളക്കരയിൽ നിന്നും കുളി കഴിഞ്ഞു ഭാമ വരും വഴിയിൽ അവൻ നിൽപ്പുണ്ടായിരുന്നു….. മുടി അടക്കി കെട്ടി വെച്ച തോർത്തിൽ നിന്നുംഅവളുടെ ദാവണിയിലേക്ക് വെള്ളം ഇറ്റി വീഴുന്നത് അവനല്പ നേരം നോക്കി നിന്നു…… മ്മ്….. അവൾ എന്തെന്ന ഭാവത്തിൽ മിഴികളുയർത്തി….. അവൻ കയ്യിൽ കരുതിയിരുന്ന കവറവൾക്ക് നേരെ നീട്ടി… ഇത് അമ്മക്ക് കൊടുക്കണം….. പറയുന്നതോടൊപ്പം അവൻ പിന്തിരിഞ്ഞു നടന്നിരുന്നു…… അതേയ്…… തിരിഞ്ഞു നടന്ന അവന്റെ കാലുകൾ നിശ്ചലമായി…. മ്മ്…..? അവന്റെ ശബ്ദം അല്പം ഗൗരവത്തിൽ തന്നെയായിരുന്നു….. എന്നോട്…. എന്നോട് ദേഷ്യമാണോ….. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…. അവനൊന്നും മിണ്ടാത്തെ അതേ ഗൗരവത്തിൽ നിൽപ്പ് തുടർന്നു…. നമ്മൾ തമ്മിൽ ഒരുപാട് ദൂരമുണ്ട്…. മനസ്സിലുള്ള ഇഷ്ടത്തിനു ആ ദൂരത്തെ താണ്ടാൻ കഴിയുമോയെന്ന് ഭയന്നത് കൊണ്ടാണ് ഞാൻ….. പക്ഷെ….. എനിക്ക്…. എനിക്കീ അവഗണന നൽകുന്ന വേദന അതിനേക്കാൾ വലുതായി തോന്നുന്നു…..
അവളുടെ കവിളുകൾ ചുവന്നു വന്നിരുന്നു…. കണ്ണുകൾ നിറഞ്ഞു തുടങ്ങി….. തന്നോടുള്ള ഇഷ്ടം അവൾ പറയാതെ പറയുകയാണെന്ന് അവന് മനസ്സിലായിരുന്നു…. ചില ഇഷ്ടങ്ങൾ അങ്ങനെയാണ്…. അകലാൻ നോക്കും തോറും നമ്മെ വീണ്ടും വീണ്ടും വലിച്ചടുപ്പിച്ചു കൊണ്ടിരിക്കും…. പരിഭവങ്ങളും അവഗണനകളും അത്രമേൽ നമ്മെ ഉരുക്കി തീർക്കും….. അവന് മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയിരുന്നു…. അവൾക്ക് തന്നോടുള്ള ഇഷ്ടം ആ കണ്ണുകളിൽ കണ്ടത് കൊണ്ടാണ് അവൾ തന്നെ തൊട്ട് അകലരുതെന്ന് കരുതിയാണ് അന്നാ ഇഷ്ടത്തെ താൻ തുറന്ന് പറയാൻ ശ്രമിച്ചത്…. എന്നാൽ അന്നവളുടെ ചിന്തകൾ സഞ്ചാരിച്ചത് എനിക്കും അവൾക്കും ഇടയിലുള്ള വ്യത്യാസങ്ങളിലെക്കും ഉയർച്ച താഴ്ചകളിലേക്കുമായിരുന്നു……. അന്നെനിക്കൊരു തെറ്റ് പറ്റി….. അത് ഞാൻ തിരുത്തുകയും ചെയ്യുന്നു… അത്ര മാത്രം പറഞ്ഞ് കൊണ്ട് അതേ ഗൗരവത്തോടെ അവൻ തിരിഞ്ഞു നടന്നു……
വിതുമ്പി വന്ന കണ്ണുനീർ കയ്യിലെ കവറിലേക്കിറ്റ് വീഴുമ്പോഴാണ് അവളുടെ കണ്ണുകൾ അതിലേക്ക് നീണ്ടു പോയത്. അവനത് തന്നത് മുതൽ തന്റെ നോട്ടം അവന്റെ മുഖത്തേക്കായത് കൊണ്ട് തന്നെ ആ കവറവൾ ശ്രദ്ധിച്ചിരുന്നില്ല….. അവൾ പതിയേ അതെടുത്തു…. മനോഹരമായ ഒരു പട്ടു സാറിയോടൊപ്പം ഒരു ദാവണിയുമുണ്ടായിരുന്നു… സാരി അവന്റെ അമ്മക്ക് വേണ്ടിയാവും…. എന്നാലീ ദാവണി…. അവളുടെ കണ്ണുകൾ ഉയർന്നു…. നടന്നു പോകുന്നതിനിടയിൽ തിരിഞ്ഞു നിന്നു തന്നെ നോക്കി ചിരിക്കുന്നവനെ അവളപ്പൊഴാണ് കാണുന്നത്…… കണ്ണുനീർ നിറഞ്ഞു നിൽക്കുന്നതിനിടയിലും അവളുടെ ചൊടിയിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു…. ശെരിയാണ്…. ചില ഇഷ്ടങ്ങൾ അങ്ങനെയാണ്….. തിരിച്ചു കിട്ടില്ലെങ്കിലും കൊടുക്കാനാവുന്നിടത്തോളം കൊടുക്കാൻ ശ്രമിക്കും….
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കാനും അത് നമ്മെ ശക്തരാക്കും….. നീ എന്നിൽ നിന്നെത്രത്തോളം അകലുന്നുവോ അത്രത്തോളം ഞാൻ നിന്നോടൊപ്പം ഓടിയെത്തും…… അവൻ അവളോട് ചേർന്ന് നിന്നവളുടെ മുഖം കയ്കുമ്പിളിലെടുത്തു…. അവന്റെ മുമ്പിൽ താൻ കീഴ്പ്പെട്ട് പോകുകയാണെന്ന് അവളറിയുന്നുണ്ടായിരുന്നെങ്കിലും അതായിരുന്നു അവളുടെ മനസ്സിന്റെ സന്തോഷം…… അവന്റെ കൈകൾ വിടുവിച്ചു അവൾ നടന്നകലുമ്പോൾ ചെയ്യുന്നത് ശെരിയോ തെറ്റോ എന്നവൾക്ക് തന്നെ അറിയില്ലായിരുന്നു…. അപ്പോഴും തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഋഷി നിൽക്കുന്നത് അവൾ കണ്ടിരുന്നു……
അമ്പലത്തിലേക്ക് പോകും വഴി മുല്ലപ്പൂ വാങ്ങി തരാൻ ഋഷി കാത്തു നിൽക്കുക പതിവായി മാറി…. വിടർത്തിയിട്ട ഈ മുടിയിൽ മുല്ലപ്പൂ കാണുന്നത് വല്ലാത്ത ഭംഗിയാണ്…. കുസൃതിയോടെയുള്ള അവന്റെ വാക്കുകൾക്ക് നാണത്തിൽ കലർന്ന പുഞ്ചിരി അവൾ പകർന്നു നൽകി….. 🔹🔹🔹 ആ തറവാടിനുള്ളിൽ ആരോരുമറിയാതെ അവരുടെ ഇഷ്ടം ഒഴുകി നടന്നു….. അവരിൽ മാത്രമായൊതുക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….. ആരെങ്കിലും സംസാരിച്ചു നിൽക്കുന്നത് കാണുമോയെന്ന അവന്റെ ഭയം അവളിലും ആശങ്ക നിറച്ചു…. ഏത് സമയത്തും ഇരു ദിശയിലേക്ക് നീങ്ങി പോകാവുന്ന രണ്ട് വഞ്ചികളായി അവൾക്ക് തോന്നി…. 🔹🔹🔹 എന്താ സുജ ചേച്ചീ നാളെ…..അടുക്കളയിൽ എന്തോ വലിയ പരിപാടി നടക്കുന്നതിന്റെ മുന്നോടിയായി ബഹളങ്ങളും തീർക്കുകളും തോന്നിയത് കൊണ്ടാണ് ഭാമ സുജ ചേച്ചിയോടത് ചോദിച്ചത്….. നാളെ….. നാളെ ഋഷി മോന്റെ പിറന്നാളാണ്…. ഇവിടുത്തെ വലിയ ആഘോഷമാണത്…. രാജേഷ്വരി തമ്പുരാട്ടി ഇന്നലെ മുതൽ ഓടി നടക്കുന്നത് അതിനായിരുന്നോ…… ഭാമ ആലോചിച്ചു….. 🔹
രാവിലെ കുളി കഴിഞ്ഞവൾ ചുവപ്പ് നിറത്തിലുള്ള ആ ദാവണി ചുറ്റി….. അവന്റെ കൈയാൽ തനിക്ക് വാങ്ങി തന്നത്… തന്റെ ചിത്രം മനസ്സിൽ വരച്ചു ചേർത്ത് തനിക്കത്രയേറെ ഇണങ്ങുമെന്ന് കരുതി അവൻ വാങ്ങിയത്…. ശെരിയാണ്… ഇതുടുത്തു കാണാൻ നല്ല ഭംഗിയുണ്ട്…. കണ്ണാടിയിൽ നോക്കി അവൾ സ്വയം പിറുപിറുക്കുമ്പോഴും അവളുടെ ചൊടികളിലൊരു പുഞ്ചിരിയുണ്ടായിരുന്നു….. അവന് കിട്ടിയ വില കൂടിയ സമ്മാനങ്ങളുടെയിടയിലേക്ക് താൻ വാങ്ങിയ വില കുറഞ്ഞ ഷർട്ടെങ്ങനെ കൊണ്ട് പോകുമെന്നത് അപ്പോഴും അവളുടെ മനസ്സിനെ ഞെരുക്കി….. അവനതൊന്നിട്ട് കാണാൻ കണ്ണ് വല്ലാതെ തുടിക്കുമ്പോഴും ഇത്രയും വില കുറഞ്ഞ ഷർട്ട് അവൻ ജീവിതത്തിൽ ഇട്ടിട്ടുണ്ടാകില്ലെന്നത് അവളെ സങ്കടപ്പെടുത്തി… അവൾ പതിയേ ആ ഷർട്ടുമെടുത് അവന്റെ മുറിയിലേക്ക് നടന്നു…. മുറിയിലാരും ഇല്ലെന്ന് കണ്ടത് കൊണ്ട് തന്നെ കയ്യിലുള്ള ഷർട്ടവിടെ വെച്ചവൾ വേഗം മുറിയിൽ നിന്നും പുറത്ത് കടക്കാനൊരുങ്ങിയതും കൈകളിലൊരു പിടി വീണതും ഒരുമിച്ചായിരുന്നു….
വാതിലിനു മറവിൽ നിന്നും അവന്റെ മുഖം കണ്ടതും അവൾ ചമ്മി പ്പോയിരുന്നു…. ഇതെന്താ…. അവൻ ചോദിക്കുമ്പോൾ അവൾ തല താഴ്ത്തി നിന്നു…. പിറന്നാളുകാരനുള്ള ചെറിയൊരു സമ്മാനമാണ്…. പറയുമ്പോൾ അവൾക്ക് സ്വയം ഒരു ജാള്യത തോന്നി… എന്നിട്ടിത്തിങ്ങനെ ഇട്ടിട്ട് പോകുകയാണോ ചെയ്യേണ്ടത്….. കയ്യിലല്ലേ തരേണ്ടത്….. അവൻ ചെറുപുഞ്ചിരിയാൽ ചോദിക്കുമ്പോഴും അവളതേ നിൽപ്പ് തുടർന്നു….. കയ്യിൽ തരാൻ മാത്രം വില പിടിപ്പുള്ളതായി തോന്നിയില്ല….. അവൾ തല കുനിച്ചു…. ഈ പണം വെച്ച് ഉച്ചനീച്ചത്വങ്ങളുണ്ടാക്കുന്നത് എന്നാണ് താൻ നിർത്തുക…. ഒന്നിന്റെയും മൂല്യം അതിന്റെ വിലയിലല്ല … മറിച് അത് തരുന്നവരുടെ സ്നേഹത്തിനാണ്…. അവനത് പറയുമ്പോൾ അവൾക്കൊരാശ്വാസം തോന്നി…..
അവനാ ഷർട്ടെടുത് ഉയർത്തി….. നിനക്കെന്റെ മനസ്സിലുള്ള സ്നേഹം പോലെ നീ തരുന്ന എന്തിനും എന്നിൽ മൂല്യം കൂടുതലാണ് സത്യാ…. മുന്തിരി നിറത്തിലുള്ള ആ ഷർട്ടവൻ അവിടെ വെച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു നെറുകെയിൽ ചുണ്ടുകളമർത്തുമ്പോൾ അവളും അവനോട് ചേർന്ന് നിന്നിരുന്നു…… ഋഷി….. മഠത്തിൽ തറവാടിനെ നടുക്കുന്ന ആ വിളി രാജേഷ്വരിയുടേതാണെന്ന് മനസ്സിലാക്കാൻ അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല….. ഞെട്ടി വിറച്ചു കൊണ്ടവർ പരസ്പരം വിട്ട് നിന്നു….. അഗ്നിയാളുന്ന രാജേഷ്വരിയുടെ കണ്ണുകളിൽ നോക്കി ഭാമ വിറച്ചു…. തെറ്റ് ചെയ്തത് പോൽ ഋഷിയും തല കുനിച്ചു നിന്നു……. (തുടരും )

by