19/04/2026

മയിൽപ്പീലി : ഭാഗം 34

രചന – നെച്ചു നസ്രിൻ

തീർത്ഥ മൂന്നു ദിവസത്തേക്ക് നാട്ടിലേക്ക് തിരികെ വന്നു. പീലിക്ക് അവളോടൊപ്പം അധിക സമയം ചിലവഴിക്കാൻ കിട്ടി. അവർ രണ്ട് പേരും തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു കഴിഞ്ഞു. രാത്രി ആഹാരം കഴിച്ച് റൂമിലേക്ക് വന്നപ്പോളാണ് തീർത്ഥയുടെ ഫോണിലേക്ക് രാഹുലിന്റെ കാൾ വന്നത്. “എവിടാണ് കുട്ടി ഡോക്ടറെ. മെസ്സേജ് ഒന്നും കാണുന്നേയില്ലല്ലോ. ഈ പാവപ്പെട്ടവനെ മറന്നു പോയോ”?. “ഞാനിപ്പോ വീട്ടിലുണ്ട്”. “ഏഹ് വീട്ടിലോ , അതൊക്കെ എപ്പോ പറഞ്ഞതേയില്ലല്ലോ.എന്ത് പറ്റി പെട്ടെന്ന്”?. “എന്ത് പറ്റിയെന്ന് ചോദിച്ചാൽ പെട്ടെന്ന് അമ്മയെ കാണാൻ തോന്നി. ഹോം സിക്ക്നെസ്.ഒന്നും ചിന്തിച്ചില്ല കിട്ടിയ ലീവ് വാങ്ങി ഓടിയിങ് പോന്നു”. “തിരിച്ചു ഇനി എന്നാണ്”?. “ലീവ് മൂന്നു ദിവസത്തേക്കുള്ളൂ”. പിന്നെയും കുറച്ച് നേരം അവർ സംസാരിച്ചു. ഫോൺ കട്ട്‌ ആക്കി ബെഡിലേക്ക് വീണവൾ. അവളുടെ മനസ്സിൽ രാഹുലിന്റെ ചോര പുരണ്ട മുഖം വന്നു. അവളുടെ ഉള്ളിൽ വല്ലാത്ത വേദന നിറഞ്ഞു. അന്ന് മുതലാണ് അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. മനസിനെ പിടിച്ചുലയ്ക്കാൻ മാത്രം ആ കണ്ണുകൾക്കും ‌ ചിരിക്കുമൊക്കെ കഴിവുണ്ടെന്ന് പിന്നീട് ഓരോ ദിവസവും അവൾ തിരിച്ചറിയുകയായിരുന്നു.

ഹാളിൽ ഫോണിലെന്തോ വീഡിയോ കാണുകയാണ് തീർത്ഥ. പീലി അടുക്കളയിൽ നിന്ന് വന്നപ്പോളാണ് തീർത്ഥ പീലിയെ അടുത്തേക്ക് വിളിച്ചത്. “പീലി നീ ഇങ്ങു വന്നേ. ഇതൊന്ന് നോക്കിക്കേ”. ഒരു പെൺകുട്ടി മൂക്ക് കുത്തുമ്പോ കിടന്ന് അലറി വിളിക്കുന്ന വീഡിയോ ആയിരുന്നു അത്. “ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ. അവളുടെ കരച്ചിൽ കണ്ടാൽ തോന്നും നമ്മൾ പറഞ്ഞിട്ടാണ് അവൾ മൂക്ക് കുത്തുന്നെ എന്ന്”. “ശെരിക്കും അത്രക്ക് വേദന കാണുമോ”?. “വേദന കാണും. പക്ഷേ ഈ കാണിക്കുന്നതൊക്കെ പ്രഹസനമാണ്.എന്റെ ഫ്രണ്ട്‌സ് ഒക്കെ മൂക്ക് കുത്തിയിട്ടുണ്ട്. അവർ പറഞ്ഞു എനിക്കറിയാം”. “മ്മ്മ്”. ” ഈ കുഞ്ഞ് പിള്ളേരൊക്കെ കാത് കുത്തിയാൽ പോലും ഇങ്ങനെ കരയാറില്ല. അപ്പോളാണ് ചില മുതുക്കികൾ ഇറങ്ങുന്നത്. എനിക്കിഷ്ടമല്ല അങ്ങനെയുള്ളവരെ”. “സത്യം പറഞ്ഞാൽ എനിക്ക് മൂക്ക് കുത്തിയിടാൻ വലിയ ആഗ്രഹമായിരുന്നു. പണ്ട് ചെറിയമ്മയോട് പറഞ്ഞപ്പോൾ എന്നെ ഓടിച്ചു.

ഒരു നീലക്കല്ലിന്റെ കുഞ്ഞി മൂക്കുത്തി. നല്ലതായിരിക്കില്ലേ”. “ഓഹ് ഇനി ഈ സൗന്ദര്യത്തിന്റെ കൂടെ ആ നീലക്കല്ല് മൂക്കുത്തി കൂടി അയാലേ ചിലപ്പോ എന്റെ ഏട്ടൻ ബോധം കെട്ട് വീഴും”. “പോ അവിടുന്ന്”. “അയ്യോടാ പീലിപ്പെണ്ണിന് നാണം ഒക്കെ വന്നല്ലോ. മൂക്കുത്തി ഇല്ലാതെ തന്നെ എന്റെ കൊച്ചു സുന്ദരിയാണ്. ആഹ് പിന്നെ നാളെ നമുക്കൊന്ന് കറങ്ങാൻ പോകണം കേട്ടോ.ആദ്യം കുറച്ച് ഷോപ്പിംഗ് പിന്നെ ബീച്ചിലും പാർക്കിലും ഒക്കെ പോകണം”. “ഏയ്‌ ഞാനില്ല”. “പിന്നെ ഞാനൊറ്റക്ക് പോകുമോ. നല്ലയാളാ കല്യാണം കഴിഞ്ഞിട്ട് എനിക്കിവിടെ നിൽക്കാൻ പറ്റിയില്ലല്ലോ. അതോണ്ടാ ഞാൻ ലീവ് എടുത്ത് ഓടി വന്നത്. ഒറ്റയ്ക്ക് പോകാനാണേൽ ഞാൻ അവിടെ അങ്ങ് പോകില്ലേ”. “ഹ ഓക്കേ നമുക്ക് പോകാം”. “അതാണ്. ഗുഡ് ഗേൾ. ഉച്ച കഴിഞ്ഞ് നമുക്ക് പോകാം ഏട്ടനേം കൂട്ടാം”. രാത്രി കിടക്കാൻ പോകും മുൻപ് തീർത്ഥ നാളെ പോകുന്ന കാര്യം സൂരജിനോട് പറഞ്ഞു സമ്മതം വാങ്ങാനും മറന്നില്ല.

പിറ്റേന്ന് ഉച്ച കഴിഞ്ഞ് അവർ പോകാനിറങ്ങി. ഒരു ഡാർക്ക്‌ മെറൂൺ ബ്രോക്കയ്ഡ് വർക്കുള്ള ഒരു ചുരിദാർ ആയിരുന്നു പീലി ധരിച്ചിരുന്നത്. ഓഫ്‌ വൈറ്റ് ടോപ്പും ബ്ലാക്ക് ജീൻസുമാണ് തീർത്ഥയുടെ വേഷം. ആദ്യം അവരൊരു ഷോപ്പിംഗ് മാളിലേക്കാണ് പോയത്. തീർത്ഥയ്ക്കു സ്കോളർഷിപ് കിട്ടിയത് കൊണ്ട് തന്നെ അവളുടെ വകയാണ് എല്ലാവർക്കും ഡ്രസ്സ്‌ എടുത്തത്. സാരീ സെക്ഷനിൽ വെറുതെ നിക്കുമ്പോളാണ് സൂരജിന്റെ കണ്ണുകൾ ഒരു സാരിയിൽ പതിഞ്ഞത്.മാമ്പഴ മഞ്ഞ നിറത്തിൽ സിൽവർ വർക്ക്‌ വരുന്നൊരു ജോർജെറ്റ് സാരിയായിരുന്നു അത്. അവനതെടുത്തു നോക്കി. പെട്ടെന്ന് മുഖത്തൊരു പുഞ്ചിരി കടന്നു വന്നു. അതെ പുഞ്ചിരിയോടെ തന്നെ സൂരജ് അത് പാക്ക് ചെയ്യാനായി സെയിൽസ് ഗേളിനോട്‌ പറഞ്ഞു. തീർത്ഥയും പീലിയും അതറിഞ്ഞിരുന്നില്ല. ബീച്ചിലെ മണൽ തരിയിൽ ഇരുന്ന് പീലിയും തീർത്ഥയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. സൂരജ് പീലിയെ നോക്കിയിരുന്നു.

അവന്റെ ലോകം അവളിലേക്ക് മാത്രം ചുരുങ്ങി പോയത് എത്ര പെട്ടെന്നാണ്. അവന് അതാലോചിച്ചപ്പോൾ അത്ഭുതം തോന്നി. പീലി അനുസരണയില്ലാതെ കാറ്റിൽ പാറിക്കളിക്കുന്ന മുടിയിഴകളെ ഒതുക്കി വെയ്ക്കാൻ ഒരു പാഴ് ശ്രമം നടത്തി.ബീച്ചിൽ പലയിടത്തായി കുറച്ചധികം ആളുകൾ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം വൈകുന്നേരം ചിലവഴിക്കാനിറങ്ങിയവരും കാമുകി കാമുകന്മാരും കൂട്ടുകാരും അവരിലുൾപ്പെടും.കുട്ടികളിൽ പലരും അങ്ങിങ്ങായി ഓടി കളിക്കുന്നുണ്ട്.ആ കാഴ്ച പീലിയുടെ കണ്ണ് നിറച്ചു. ഏകാന്തതയിൽ തളയ്ക്കപ്പെട്ട തന്റെ ബാല്യം അവളിൽ ഒരു ഭീതിയുടെ ചിത്രം കോറിയിട്ടു. ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടു കൊണ്ട് പീലി തീർത്ഥയുടെ വാക്കുകൾക്ക് കാതോർത്തു. തിരികെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുമ്പോളാണ് സൂരജ് , കാർ ടൗണിലെ ഒരു വലിയ ജുവലറിയുടെ മുന്നിൽ നിർത്തിയത്. കാര്യം അറിയാതെ തീർത്ഥയും പീലിയും പരസ്പരം നോക്കി. ” ഇതെന്താ ഏട്ടാ ഇവിടെ”?. “നിങ്ങളിറങ്ങു ഇവിടൊരാവശ്യമുണ്ട്”. മൂന്നു പേരും ശീതീകരിച്ച കടയ്ക്കുള്ളിലേക്ക് കയറി. തെറ്റില്ലാത്ത രീതിയിൽ തിരക്കുണ്ടായിരുന്നു.

സൂരജിനൊപ്പം മുകളിലെ നിലയിലേക്ക് സ്റ്റെപ് കയറി പോകുമ്പോൾ പീലിയ്ക്കും തീർത്ഥയ്ക്കും എന്തിനാണ് വന്നതെന്നറിവുണ്ടായിരുന്നില്ല. സൂരജ് സെയിൽസ്മാനോട് പീലിയെ ചൂണ്ടി എന്തോ പറഞ്ഞതും അയാൾ പുഞ്ചിരിയോടെ ഒരു ബോക്സ്‌ പീലിക്ക് കാണാൻ പാകത്തിന് നീട്ടി. അവർക്കൊന്നും മനസിലായില്ല. “ഏട്ടാ എന്താ ഇവിടെ നടക്കുന്നെ. പൊട്ടന്മാർ ആട്ടം കാണും പോലെ ഞങ്ങളെ ഇങ്ങനെ ഇരുത്തണോ”?. “ഒന്ന് സമാദാനപ്പെടു തീർത്ഥ”. തൊട്ട് പുറകെ മറ്റൊരാൾ പീലിക്കരികിലേക്ക് വന്നു. അവൾ സൂരജിനരികിലുള്ള കസേരയിലാണ് ഇരുന്നത്. അവൾ അന്താളിച്ചു സൂരജിനെ നോക്കി. എന്നാൽ സൂരജ് ചിരിച്ചു കാണിച്ചതേയുള്ളൂ. “മാഡം ലെഫ്റ്റ് സൈഡ് ആണോ റൈറ്റ് സൈഡ് ആണോ. പൊതുവെ എല്ലാരും ലെഫ്റ്റ് ആണ് പറയുന്നത്. മാഡത്തിന് ഏതാണ് ഇഷ്ട്ടം”?. ” എന്ത്”?. “അല്ല മൂക്ക് കുത്തുന്നത്. ലെഫ്റ്റ് സൈഡ് വേണോ റൈറ്റ് സൈഡ് വേണോന്ന്”?. “മൂക്ക് കുത്താനോ. ഇതൊക്കെ എപ്പോ”?. തീർത്ഥക്ക് വിശ്വസിക്കാനായില്ല. പീലിയിലും അതെ ഭാവമായിരുന്നു. എന്നാൽ സൂരജ് എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു.

“ലെഫ്റ്റ് മതി ചേട്ടാ”. “ആഹ് അപ്പൊ കുത്തിയേക്കാം”. പേന വെച്ചൊരു അടയാളം ഇട്ടു അവിടെ കുത്തിയാൽ മതിയോന്ന് ചോദിച്ചതും പീലി യാന്ത്രികമായി തലയാട്ടി. അവൾക്ക് നടക്കുന്നതൊന്നും സത്യമാണോ എന്ന് സംശയമായിരുന്നു. മൂക്കിലേക്ക് സൂചി ആഴ്ന്നിറങ്ങുന്ന വേദന പീലി ശെരിക്കും അറിഞ്ഞു. അവളുടെ കണ്ണിൽ നിന്നു വെള്ളം ധാര ധാരയായി ഒഴുകി. അവൾ വേദനയാൽ ഒന്ന് പുളഞ്ഞതും സൂരജ് അവളുടെ കൈ കവർന്നിരുന്നു. അവന്റെ കയ്യിലവൾ അമർത്തി പിടിച്ചു. ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് ഒരു കണ്ണാടി അവൾക്ക് നേരെ നീട്ടി എങ്ങനുണ്ടെന്ന് നോക്കാൻ പറഞ്ഞതും അവൾ വേദനയോടെ അത് കയ്യിൽ വാങ്ങി. ആദ്യ നോട്ടത്തിൽ തന്നെ അവളുടെ കണ്ണിൽ അത്ഭുതവും സന്തോഷവും നിറഞ്ഞു. ചെറുതായി ചോര പൊടിഞ്ഞ തന്റെ മൂക്കിലൊരു മൂക്കുത്തി. അതും ഒരു കുഞ്ഞ് നീല കല്ലിന്റെ മൂക്കുത്തി. അവൾ സൂരജിനെ തന്നെ നോക്കി. അവൻ കണ്ണെടുക്കാതെ അവളെ നോക്കി.

“എങ്ങനുണ്ട് പീലി. നന്നായിട്ടില്ലേ”?. “ആഹാ അടിപൊളി ആയിട്ടുണ്ട്. പീലി , നിനക്ക് ശെരിക്കും ചേരുന്നുണ്ട്. എന്നാലും എന്റെ ഏട്ടാ ഇതൊരു വലിയ സർപ്രൈസ് ആയി പോയി എനിക്ക്. അല്ല നിങ്ങൾ പ്ലാൻ ചെയ്ത് വന്നെയാണോ ഇനി”?. “ഏയ്‌ നിന്നെ പോലെ പീലിയ്ക്കും ഇത് സർപ്രൈസ് ആണ്”. തിരികെ കാറിലേക്ക് കയറി അവർ വീട്ടിലേക്ക് പുറപ്പെട്ടു. യാത്രയിലുടനീളം സൂരജിന്റെ നോട്ടം പീലിയിലേക്ക് പാളി വീണു. അത് തിരിച്ചറിഞ്ഞ തീർത്ഥ അവരെ ശല്യപ്പെടുത്താൻ പോയില്ല. വീട്ടിലേക്ക് കയറിയതും പീലിയുടെ മൂക്കും കവിളുമൊക്കെ ചുവന്നിരിക്കുന്നത് കണ്ടതും ഭദ്രയുടെ ഉള്ളിലൊരു ആളൽ വന്നു. അവർ വേഗം പീലിയ്ക്കടുത്തേക്ക് വന്നു. “അയ്യോ എന്റെ മോൾക്ക് എന്ത് പറ്റി. നീ കരഞ്ഞോ കുഞ്ഞേ? മുഖമൊക്കെ വല്ലാതെ”. “അത് അമ്മ അമ്മയുടെ മോനോട് ചോദിക്ക്. എല്ലാം ഒപ്പിച് വെച്ചിട്ട് നിക്കുവാ”. “ടാ നി എന്റെ കൊച്ചിനെ വീണ്ടും കരയിച്ചോ”?. സൂരജിനെ തല്ലാൻ ആയി കയ്യൂങ്ങി കൊണ്ടാണ് ഭദ്ര അവനടുത്തേക്ക് ചെന്നത്. അത് തടഞ്ഞത് പീലിയാണ്. ” സൂരജേട്ടൻ എന്നെ ഒന്നും ചെയ്തില്ല അമ്മേ. ഞാൻ മൂക്ക് കുത്തി അതാ”. “ശെരിയാണല്ലോ മൂക്ക് കുത്തിയിട്ടപ്പോ വല്ലാത്ത ചന്തം തോന്നിണ്ട്”.

“എന്റമ്മേ ഈ ഏട്ടനാ. ഞങ്ങളോട് പറയാതെ കടയിൽ കൊണ്ടിരുത്തി മൂക്ക് കുത്തിച്ചത്”. “നിനക്കെന്താ വട്ടായോ. എന്റെ മോൾക്ക് ശെരിക്കും വേദന ഉണ്ടായി കാണും. ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ”?. “അതമ്മേ പീലിക്ക് ഇഷ്ടാണ് മൂക്കുത്തിയിടാൻ. അപ്പോ ഞാനോർത്തു”. “ആഹ് എല്ലാരും കറക്കമൊക്കെ കഴിഞ്ഞെങ്കിൽ കഴിച്ച് കിടക്കാൻ നോക്ക്. മോൾ വാ അമ്മ ഉഴിഞ്ഞിടട്ടെ അല്ലെങ്കിൽ ഇനി അത് മതി വല്ല അസുഖവും വരാൻ”. “അമ്മേ എനിക്കും കൂടി”. “നിന്നെ ആർക്കും വേണ്ടെടി പെണ്ണെ”. “ആഹ് മരുമോൾ വന്നപ്പോ ഞാൻ ഔട്ട്‌. എനിക്കും വരും അമ്മേ ടൈം”. സൂരജ് മുകളിലേക്ക് പോകാനായി വന്നതും തീർത്ഥ അവനെ തടഞ്ഞു കൊണ്ട് മുന്നിൽ കയറി നിന്നു. “എന്നാലും ഏട്ടൻ പൊളിച്ചു. ഇങ്ങനൊരു നീക്കം ആരും പ്രതീക്ഷിച്ചില്ല. പീലി ഇന്നലെ പറഞ്ഞു ഇന്ന് അത് ഏട്ടൻ നടത്തി കൊടുത്തു. ഏട്ടൻ എന്തായാലും അൺറൊമാന്റിക് മൂരാച്ചിയല്ല. ശെരിക്കും റൊമാന്റിക് തന്നെയാണ്”. “എടീ ഞാൻ നിന്റെ ഏട്ടനാണ്. അതിടയ്ക്ക് മറന്നു പോകുന്നോ എന്നൊരു സംശയം”. “ഏട്ടനല്ല അച്ഛനോടായാലും ഞാൻ പറയാനുള്ളത് പറയും”. കിടക്കാനായി മുറിയിലേക്ക് പോകാനായി വന്നപ്പോളാണ് സൂരജിനെ അമ്മ വിളിച്ചത്.

“മോനെ ദാ ഈ വെളിച്ചെണ്ണ മോൾടെ മൂക്ക് കുത്തിയിടത്തു ഇട്ടു കൊടുക്കണേ. എങ്കിലേ പെട്ടെന്നുണങ്ങൂ. അല്ലേൽ ചിലപ്പോ പഴുക്കും. പീലി മോൾ മുറിയിലുണ്ട്. ഞാൻ മറന്നു ഇത് കൊടുക്കാൻ”. സൂരജ് മുറിയിലേക്ക് വന്നതും പീലി ബെഡിലിരിക്കുന്നതാണ് കണ്ടത്. ഇന്നലെ തീർത്ഥയോട് മൂക്ക് കുത്തിയുടെ കാര്യം പീലി പറയുന്നത് സൂരജ് കേട്ടിരുന്നു. അവൾക് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു എന്നും ഇത് വരെ അത് നടന്നിട്ടിലെന്നും അറിഞ്ഞതും സൂരജിന് അതൊന്ന് നടന്നു കാണാൻ ആഗ്രഹം തോന്നി. തീർത്ഥ പുറത്ത് പോകുന്ന കാര്യം പറഞ്ഞതും അവൻ തീരുമാനിച്ചു. “എടൊ അമ്മ ദേ ഈ എണ്ണ മൂക്കിലെ മുറിവിലിടാൻ പറഞ്ഞു. പെട്ടെന്ന് ഉണങ്ങുമെന്ന്”. “അയ്യോ വേണ്ട ചിലപ്പോ നീറിയാലോ”?. “ഏയ്‌ നീറില്ല ഇതുണങ്ങാൻ വേണ്ടിയാ”. “ഇല്ല ചിലപ്പോ വേദനിക്കും എനിക്ക് പേടിയാ”. “ഇല്ലെടോ ഞാൻ പതിയെ ഇട്ടു തരാം താൻ വാ “. ആട്ടുകട്ടിലിൽ പീലിയോട് ചേർന്നാണ് സൂരജ് ഇരുന്നത്. എണ്ണ കൈവിരൽ കൊണ്ട് അവളുടെ മൂക്കിൽ തൊട്ട് കൊടുത്തു. സൂരജ് പീലിയുടെ മുഖം അത്ര അടുത്ത് ആദ്യമായാണ് കാണുന്നത്. വീണ്ടും എണ്ണ ഇട്ട് കൊടുത്തപ്പോൾ ചെറുതായി മൂക്കുത്തി ഒന്ന് കറക്കി. എണ്ണ ഉള്ളിൽ വീഴാൻ വേണ്ടിയാണത് ചെയ്തത്. പീലി വേദനയാൽ ഒന്നെരിവ് വലിച്ചു. സൂരജ് കുറച്ചൂടി അടുത്തേക്ക് ചെന്ന് അവളുടെ മൂക്കിലേക്ക് ഊതി കൊടുത്തു.

അവന്റെ ശ്വാസം മുഖത്തേക്ക് വന്നടിച്ചതും പീലിയിൽ എന്തോ ഒരു കുളിർമ ചൊരിഞ്ഞിറങ്ങി. അവനും അവളുടെ കണ്ണിലെ പിടച്ചിൽ ഒരു കൗതുകത്തോടെ നോക്കി കണ്ടു. “ശെരിക്കും മൂക്കുത്തി നല്ല ഭംഗിയുണ്ട് നിനക്ക്”. അവളുടെ കണ്ണിലേക്ക് പ്രണയാതുരമായി നോക്കിയാണ് സൂരജതു പറഞ്ഞത്. പീലി നാണത്താൽ മിഴികൾ താഴ്ത്തി. “അല്ല സൂരജേട്ടന് എങ്ങനെ അറിയാം എനിക്ക് മൂക്കുത്തി ഇഷ്ടമാണെന്ന്”. “അത് ഇന്നലെ തീർത്ഥയോട് താൻ പറയുന്നത് ഞാൻ കേട്ടു”. “പക്ഷേ ഞാൻ കണ്ടില്ലല്ലോ അവിടെ സൂരജേട്ടൻ നിൽക്കുന്നത്”. “അത് ഞാൻ നടന്നു വന്നപ്പോളാ കേട്ടത്”. “മ്മ്മ് മറഞ്ഞു നിന്ന് മറ്റുളളവര് പറയുന്നത് കേൾക്കുന്നത് അത്ര നല്ലതല്ല”. “മറ്റുള്ളവരല്ലല്ലോ താൻ അല്ലെ”!. പീലിയുടെ കവിളിൽ നാണം , ചുവന്ന രാശികൾ വിരിയിക്കുന്നത് നോക്കി നിന്നു. പരസ്പരം പറയാതെ പങ്കിടാതെ ഇരു ഹൃദയങ്ങൾ അത്രമേൽ ആർദ്രമായി പ്രണയിച്ചു കൊണ്ടിരുന്നു. അവന് ആശ്ചര്യം തോന്നി. മുൻപൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നു. സ്വാർത്ഥതയുടെ രൂപത്തിൽ പ്രണയം അതിന്റെ സൂചനകൾ കാട്ടി തന്നു.

ഇപ്പൊ അവളല്ലാതെ മറ്റൊന്നും മനസിലേക്ക് കടന്നു വരുന്നില്ല. “ഇതാണ് പ്രണയം. നീയില്ലാതെ ഞാനില്ലെന്ന തോന്നലാണ് എനിക്ക് നിന്നോടുള്ള പ്രണയം. ഉറവ വറ്റാത്ത ഒരു പുഴ പോൽ എന്നിൽ നിന്ന് നിന്നിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു”. ഒരാഴ്ചയ്ക്കിപ്പുറം സാധിക വേദനകൾ മറന്നു തുടങ്ങിയിരുന്നു. അവൾ ഫോണിൽ ഏതോ നമ്പർ ഡയൽ ചെയ്തു. മറുപുറത്തു കാൾ എടുത്തു. “ഞാനോർത്തത് നീയിനി ഒരിക്കലും എന്നെ വിളിക്കില്ലെന്നാണ്. എന്താണ് പ്രതികാരമാണോ എന്നോട്”?. “നിന്നോട് പ്രതികാരം ചെയ്യാൻ എനിക്ക് കഴിവില്ലെന്ന് നിനക്കറിയില്ലേ പവൻ. പിന്നെ അന്ന് അങ്ങനൊരു അവസ്ഥയിൽ ഞാനാകെ തകർന്നു പോയി എന്നുള്ളത് സത്യമാണ്. എന്ന് വെച്ച് എനിക്ക് നിന്നെ ഒഴിവാക്കാൻ കഴിയില്ലല്ലോ”. “ആഹാ ഒഴിവാക്കാൻ പറ്റാത്ത വിധം എന്നെ നിനക്ക് പിടിച്ചോ”. “അത് കൊണ്ടല്ലേ ഇപ്പൊ ഞാൻ വിളിച്ചതും. എനിക്കിനിയും നിന്നെ വേണം പവൻ. പക്ഷേ അതൊരിക്കലും ഒരു പങ്കിടൽ ആകാൻ ഞാനാഗ്രഹിക്കുന്നില്ല. നിന്നെ , നിന്നെ മാത്രമാണ് ഞാൻ ചോദിക്കുന്നത്”. “നീ എന്നെ ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു സാധിക.

നിനക്ക് മാത്രമേ ഇതിന് കഴിയൂ. എന്നെ നിനക്ക് അത്ര ആവശ്യമാണെങ്കിൽ നിനക്ക് വരാം. വേണ്ടതെല്ലാം ഞാൻ തരും നിനക്ക്”. “വേണം പവൻ. ആണൊരുത്തന്റെ കഴിവാണ് എനിക്കാവശ്യം. അതിന് നിന്നെക്കാൾ മികച്ചൊരു ഓപ്ഷൻ വേറെയില്ല”. “അങ്ങനെ എങ്കിൽ നാളെ നീ വാ. നമുക്ക് കാണാം”. ” നിന്റെ വീട്ടിലേക്ക് വരാം ഞാൻ. അതല്ലേ നല്ലത്. ആരുടെയും ശല്യം ഉണ്ടാകില്ലല്ലോ”. ” നാളെ വൈകിട്ട്. ഞാൻ കാത്തിരിക്കും”. പവന്റെ മനസ്സിൽ അവളുടെ ഉടലഴക് നിറഞ്ഞു നിന്നു. സാധികയുടെ മുഖത്ത് കല്ലിച്ച ഭാവമായിരുന്നു. അവൾ പോകാനായി തയ്യാറായി. ബാഗും എടുത്തവൾ ഒരു ഓട്ടോയിൽ പവന്റെ വീടിനു മുന്നിലിറങ്ങി. അവളെയും കാത്തു പവൻ വാതിലിൽ ഉണ്ടായിരുന്നു. അവളടുത്തേക്ക് വന്നതും അവൻ ഇടുപ്പിൽ പിടിച്ചവളെ ചേർത്തു. സാധിക വശ്യമായ ചിരിയോടെ അവന്റെ കണ്ണിലേക്കു നോക്കി. അവളുടെ നോട്ടം അവന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. അവനൊപ്പം മുകളിലെ മുറിയിലേക്കവൾ നടന്നു.

“ഇന്നുമുണ്ടോ നിന്റെ കൂട്ടുകാർ”?. ” ഏയ്‌ ആരുമില്ല. അന്ന് കാണിച്ച മണ്ടത്തരം ഇനി ഞാൻ കാണിക്കില്ല. അവർക്കൊന്നും നിന്നെ രുചിക്കാൻ വിട്ട് കൊടുക്കില്ല”. “ഇന്ന് രാത്രി എനിക്ക് മാത്രമായിട്ടുള്ളതാണ് അല്ലെ. ഞാനും നീയും മാത്രം”. “നീ എന്നെ മത്ത് പിടിപ്പിക്കുന്നു സാധിക. നിന്നെ ഇനി ഒരിക്കലും ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. എനിക്ക് തോന്നുമ്പോളൊക്കെ നി ഇവിടുണ്ടാകണം”. “നിനക്ക് മാത്രമോ !. അപ്പോ എനിക്ക് വേണമെന്നുള്ളപ്പോഴോ”?. അവൻ സാധികയെ ചേർത്തു പിടിച്ച് അവളുടെ മുടിയിഴകളിൽ മുഖം വെച്ച് ആ ഗന്ധം ആഞ്ഞു വലിച്ചു. “പവൻ എനിക്ക് ദാഹിക്കുന്നു”. “യസ് നിനക്ക് ഞാൻ കുടിക്കാൻ എടുക്കാം. ഇവിടിപ്പോ സ്കോച്ചും വിസ്കിയുമൊക്കെയുള്ളൂ. നിനക്കതൊന്നും പറ്റില്ലല്ലോ”. “അതെന്താ ഞാൻ അതൊക്കെ കുടിച്ചാൽ. എനിക്കും അത് മതി. നി ഒഴിക്ക് നമുക്കൊരുമിച്ചു കുടിക്കാം”. രണ്ട് വലിയ ഗ്ലാസ്സിലേക്ക് കുപ്പിയിലെ മദ്യം ഒഴിച്ച് മൂന്നാല് ഐസ് കൂടിയിട്ട് അവൾക്ക് നേരെ നീട്ടി.

അവളൊന്ന് ചുണ്ടോടാടുപ്പിച്ചു സിപ് ചെയ്തു. പവൻ അതിനിടക്ക് രണ്ട് മൂന്ന് തവണ ഗ്ലാസ്‌ കാലിയാക്കി. പവൻ അവളെ മടിയിലേക്ക് പിടിച്ചിരുത്തി. അവളുടെ മുഖത്ത് കൂടി വിരലോടിച്ചു. വീണ്ടും പലയാവർത്തി അവൻ ഗ്ലാസ്‌ വായിലേക്ക് കമഴ്ത്തി. മേശമേൽ ഇരുന്ന ബാഗിൽ നിന്നൊരു കുഞ്ഞു കുപ്പി സാധിക പവനറിയാതെ എടുത്തു. അവൾ മടിയിലിരുന്ന് കൊണ്ട് തന്നെ ആ കുപ്പിയിലുണ്ടായിരുന്ന മഞ്ഞ നിറത്തിലെ ദ്രാവകം അവന്റെ ഗ്ലാസ്സിലെ മദ്യത്തിലേക്ക് ഒഴിച്ചു . പവൻ ഒന്നുമാലോചിക്കാതെ അതും കുടിച്ചു. സാധിക കയ്യിലുണ്ടായിരുന്ന മദ്യം മേശമേൽ തിരികെ വെച്ചു. കുറച്ച് സമയം കൂടി പവൻ എന്തൊക്കെയോ പുലമ്പി. അത് കഴിഞ്ഞതും സാധിക കട്ടിലിൽ ചെന്ന് അവന് മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്നു. “അല്ല നീ എന്താ അവിടിരിക്കുന്നെ. ഓഹ് ഞാൻ വരാൻ കാത്തിരിക്കുവാണല്ലേ ഞാൻ ഫിറ്റ്‌ ആണെന്നൊന്നും നീ നോക്കണ്ട. നിന്നെ ഞാൻ എല്ലാ രീതിയിലും സുഖിപ്പിക്കും.

വാ”. “തൂഫ് .സുഖം , അത് നീ ആവോളം എനിക്ക് തന്നതാണല്ലോ. ഇനി കുറച്ച് ഞാൻ തരാമെടാ. നീ എന്താ എന്നോട് ചോദിച്ചത് നിന്നോട് പ്രതികാരം ചെയ്യാൻ ആണോന്നോ. നീ ആ ചോദിച്ചതേ തെറ്റാ.നിന്നോട് എനിക്ക് പ്രതികാരം അല്ലാതെ എന്ത് വികാരമാണ് തോന്നേണ്ടത്”. സാധികയുടെ കണ്ണിൽ പകയാളി. “ടാ നീ പെണ്ണിന്റെ പക എന്താണെന്ന് അറിഞ്ഞിട്ടുണ്ടോ ?. ഇല്ലല്ലേ എങ്കിൽ നീ അറിയും , അതികം വൈകാതെ തന്നെ. നീ എനിക്ക് തന്ന വേദനയും അപമാനവും , സമ്മതിച്ചു മറ്റൊരു പെണ്ണിനെ ചതിക്കാൻ കൂട്ട് നിന്നതിനുള്ള ശിക്ഷയാണ്. പക്ഷേ നീ ചെയ്തത് എനിക്കങ്ങനെ മറക്കാൻ പറ്റുന്നില്ലല്ലോടാ. എന്ത് ചെയ്യും”. പവൻ അടഞ്ഞു പോകുന്ന കണ്ണുകൾ ശ്രമപ്പെട്ടു വലിച്ചു തുറന്നു. അവന് ശരീരം തളരും പോലെ തോന്നി. തൊണ്ടയുണങ്ങുന്നു. അടഞ്ഞ കണ്ണുകളിലൂടെ തന്നിലേക്ക് അടുക്കുന്ന സാധികയെ ഭയത്തോടെ പവൻ നോക്കി കണ്ടു. തുടരും