22/04/2026

നിവേദ്യ : ഭാഗം 06

രചന – രോഹിണി ആമി

ആദിത്യൻ അടുത്തു വന്നു നിവേദ്യയുടെ കൈ രണ്ടു കൈക്കുള്ളിലാക്കി പിടിച്ചു……

ഞാനൊന്നും ചോദിച്ചിട്ടില്ല തന്നോട്…. എന്നെങ്കിലും മനസ്സിൽ ഉള്ള വിഷമം ഒന്ന് പറഞ്ഞു തീർക്കണമെന്ന് തോന്നിയാൽ ഈ ഫ്രണ്ട് ഉണ്ടാവും കേൾക്കാൻ……. അറിയാം… എന്തൊക്കെയോ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ടെന്നു……. വിഷമിക്കണ്ടടോ…… ഉരൽ ചെന്നു മദ്ദളത്തിനോട് പരാതി പറഞ്ഞതു പോലുണ്ട്……

നിവേദ്യ പതിയെ ചിരിച്ചു…… കൂടെ ആദിത്യനും…..

നീതു തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവില്ലേ….. വേറാരും അവളുടെ മനസ്സിലേക്ക് ഇത്രയും ആഴത്തിൽ ഇറങ്ങിയിട്ടില്ല…… തന്നെ തേടുന്നുണ്ടാവും…..

ഉണ്ടാവും……. അറിയാം….. എനിക്കിനി അവളെ കാണാൻ പറ്റുമോന്ന് തന്നെ അറിയില്ല……. എന്റെ വീട്ടിലേക്കാണ് വന്നത്…… അതിൽ സന്തോഷമുണ്ട്……. പക്ഷേ ആ കുടുംബത്തിൽ ഇപ്പോൾ ഞാൻ ഒരംഗമല്ലല്ലോ …..

തന്നെ തേടി വന്നാലോ…… നീതു ആയതുകൊണ്ട് വരും…… ഉറപ്പ്‌…..

ഇനി ഓടാൻ വയ്യ ആദിത്യാ….. ഞാൻ വിചാരിച്ചു എന്റെ വിഷമങ്ങൾ എല്ലാം തീർന്നുവെന്നു….. പക്ഷേ……

സാരമില്ലെടോ….. താൻ വിഷമിക്കാതെ…… എല്ലാം……..

മുഴുമിച്ചില്ല….. അതിനു മുൻപ്…..

അപ്പാ………

വിളി കേട്ടു രണ്ടാളും തിരിഞ്ഞു നോക്കി…….

നന്ദൂട്ടൻ ആണ്…… കൂടെ ചേച്ചിയും ഇച്ചായനുമുണ്ട്……… മൂന്നാളും വന്നത് അറിഞ്ഞതേയില്ല…….

ഇത് അപ്പാ അല്ല നന്ദു……. അമ്മുവിന്റെ ഫ്രണ്ട് ആണ്…….. നിവേദ്യ പറഞ്ഞു…….

ഇല്ല…… എനിക്ക് അപ്പായുടെ സൗണ്ട് കേട്ടാൽ അറിയാം…… ഞാൻ കേട്ടതാ ഇപ്പോ…… അമ്മു എന്നെ കളിപ്പിക്കുവാ…..

അമ്മു പറയുന്നത് വിശ്വസിക്കാനാവാതെ നന്ദു കരയാറായി……..

എന്റെ അപ്പാ അല്ലേ……. പറഞ്ഞേ….. അപ്പായല്ലേ……. എന്നെ ഉടനെ കാണാൻ വരാമെന്ന് സത്യം ചെയ്തതല്ലേ…… മിണ്ടിക്കേ എന്നോട്……

ആദിത്യന്റെ കയ്യിൽ പിടിച്ചു ചോദിച്ചു……നന്ദുവിന്റെ കണ്ണു നിറഞ്ഞൊഴുകി…….

അവന്റെ ചോദ്യം കേട്ടു നിവേദ്യ വീണ്ടും തളർന്നു……. അന്നയുടെയും ജോസഫിന്റെയും കണ്ണു നിറഞ്ഞു……. ആദിത്യൻ എന്തു ചെയ്യണമെന്നറിയാതെ നന്ദുവിന്റെ മുഖത്തു നോക്കാനാവാതെ നിന്നു……

പറ…… അപ്പായല്ലേ……അമ്മു കള്ളം പറയുവല്ലേ…….. ആദിത്യന്റെ കയ്യിൽ പിടിച്ചു കുടഞ്ഞു നന്ദു……

ആദിത്യൻ നന്ദുവിനെ കയ്യിൽ എടുത്തു ചേർത്തു പിടിച്ചു…….. അവൻ ആദിത്യന്റെ കഴുത്തിൽ കൈ ചുറ്റി ഇറുക്കി കെട്ടിപ്പിടിച്ചു…….

മോനൂസേ…….. ആദിത്യൻ വിളിച്ചു……

പിന്നെ കേട്ടത് ഒരു കരച്ചിൽ ആയിരുന്നു…… നന്ദൂട്ടൻ ആണ്……. എല്ലാവരും അവനെത്തന്നെ നോക്കി നിൽകുവാണ്……..

തന്റെ കുഞ്ഞിന്റെ മനസ്സിൽ ഇത്രയും വിഷമം ഉണ്ടായിരുന്നോ…… ആഗ്രഹമുണ്ടായിരുന്നോ അപ്പായെ കാണാൻ….. ഈശ്വരാ ഇത്രയും നാൾ എങ്ങനെയൊക്കെ പറഞ്ഞു പറ്റിച്ചു താനവനെ………. നിവേദ്യ മുഖം പൊത്തിയിരുന്നു……… അപ്പോൾ അവനല്ലേ തന്നെ പറ്റിച്ചുകൊണ്ടിരുന്നത്…… അമ്മു പറയുന്നത് എല്ലാം വിശ്വസിക്കുന്നുവെന്ന് അവൻ തന്നെയല്ലേ വിശ്വസിപ്പിച്ചു കൊണ്ടിരുന്നത്………

കരയല്ലേ മോനൂസേ……… അപ്പാ തന്നെയാ…. അമ്മു കള്ളം പറഞ്ഞതാ……..

നന്ദുവിന്റെ ചങ്കിടിപ്പിന്റെ ശക്തി അറിഞ്ഞപ്പോൾ ആദിത്യന്റെ നാവിൽ നിന്നും അങ്ങനെയാണു പുറത്തേക്കു വന്നത് ……

നന്ദുവിന്റെ കണ്ണു തുടച്ചു കൊടുത്തു…….

കരയണ്ടാട്ടോ……. അപ്പാ തന്നെയാ….

തിരിച്ചു ആദിത്യന്റെ മുഖം നിറയെ ഉമ്മ കൊടുത്തു നന്ദു….. എല്ലാവരും ആദിത്യനെയും നന്ദുവിനെയും നോക്കി നിന്നു…….

എന്തു നടക്കരുതെന്നു വിചാരിച്ചോ അതു തന്നെ നടന്നിരിക്കുന്നു……. ആരുടേയും മുഖത്തു നോക്കാതെ നിവേദ്യ മുറിയിലേക്ക് പോയി…….ഇന്നത്തെ ദിവസം തനിക്കു ഒരു സന്തോഷം പോലും ഉണ്ടായിരുന്നില്ല….. എല്ലാം കൊണ്ടും അഴിക്കാൻ വയ്യാത്ത കുരുക്കാണ്… നീതുവും ആദിത്യനും നന്ദുവും…….. തലയിണയിലേക്കു മുഖം അമർത്തി പിടിച്ചു…… കുറെയേറെ നേരം ആരുടേയും അനക്കം കേൾക്കാഞ്ഞു നിവേദ്യ താഴേക്കിറങ്ങി ചെന്നു…..

എല്ലാവരും ഡൈനിങ്ങ് ഹാളിൽ ഇരുപ്പുണ്ട്…… ആദിത്യന്റെ മടിയിൽ നിന്നും ഇതുവരെ ഇറങ്ങിയില്ല നന്ദു…….. നിവേദ്യ നേരെ കിച്ചണിലേക്കു പോയി……. മുഖം കഴുകി തിരിഞ്ഞപ്പോഴേക്കും പിറകിൽ അന്നേച്ചി ഉണ്ടായിരുന്നു……..

നിങ്ങൾ സംസാരിക്കുന്നത് കേട്ടുകൊണ്ടാ ഞങ്ങൾ വന്നത്…….. ആദിത്യന്റെ ശബ്ദം കേട്ടതും അപ്പാ വന്നുവെന്നും പറഞ്ഞു അകത്തേക്ക് ഒരോട്ടം ആയിരുന്നു നന്ദുമോൻ……
ആദിത്യന്റെ കയ്യിൽ നിന്നും ഇതുവരെ താഴെ ഇറങ്ങിയിട്ടില്ല അവൻ…… ഇനി വിടില്ലെന്ന് പറഞ്ഞിരിക്കുവാ…… അവന്റെ ഉള്ളിൽ അപ്പായോടുള്ള സ്നേഹം ഇത്രയും ആഴത്തിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ വിചാരിച്ചില്ല……..

ഇനിയെന്താ മോളെ ചെയ്യുക…… ആദിത്യൻ നല്ല ഒരു പയ്യനാണ്……. അയാൾക്ക് നന്ദുവിന്റെ വിഷമം താങ്ങാൻ പറ്റുന്നുണ്ടാവില്ല …… അതുകൊണ്ടാവും അപ്പാ ആണെന്നു സമ്മതിച്ചത് തന്നെ……. നീ ഒരു തീരുമാനം പറ….

നന്ദൂട്ടന് എന്നേക്കാൾ ഇഷ്ടമാണോ അന്നേച്ചീ അപ്പായെ…….. ഞാൻ എത്ര നേരം മുറിയിൽ വിഷമിച്ചു കിടന്നു……. ഒന്നു വന്നു നോക്കുക കൂടി ചെയ്തില്ല…… നിവേദ്യയുടെ ശബ്ദം ഇടറി………

തല കുനിച്ചു നിൽക്കുന്ന നിവേദ്യയോട് അന്ന പറഞ്ഞു…… അതങ്ങിനെയെ വരൂ മോളെ….. അമ്മയെ അവൻ എപ്പോഴും കാണുന്നതല്ലേ…… നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല……. അപ്പായെ കൂടുതൽ സ്നേഹിക്കുന്നതു കൊണ്ടുമല്ല…….. നന്ദൂട്ടൻ അമ്മയെയും അപ്പയെയും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്……. കുഞ്ഞല്ലേ അവൻ…… അവന്റെ കൂടെയുള്ള കൂട്ടുകാരെ പാരന്റ്സിന്റെ കൂടെ കാണുമ്പോൾ അവന്റെ മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടാവും…… നീയൊന്നു ചിന്തിച്ചു നോക്ക്……. എന്നിട്ടും ഒന്നും ചോദിച്ചു നിന്നെ അധികം ബുദ്ധിമുട്ടിച്ചിട്ടില്ല അവൻ……. ഇതു കൂടുതൽ കുഴപ്പങ്ങളിലേക്കു പോകും മുൻപ് നിനക്കൊന്നു നന്ദൂട്ടന്റെ അപ്പായെ കണ്ടുകൂടെ…….. നിന്നെ വിഷമിപ്പിക്കാൻ ഞങ്ങൾക്ക് വയ്യ മോളെ….. എങ്കിലും ഇതേയുള്ളു ഇതിനൊരു പോംവഴി……

വേണ്ട അന്നേച്ചീ…… ഇത്രയും വർഷം ആയില്ലേ…….. എന്നെ തേടി ഇതുവരെ വരാത്ത ഒരാളോട് ഞാനെങ്ങനെ………തേടിപ്പിടിക്കാൻ പറ്റാഞ്ഞിട്ടൊന്നുമല്ലല്ലോ……….ചിലപ്പോൾ ഇങ്ങനൊരു മകൻ ഉള്ള കാര്യം പോലും അറിയില്ലായിരിക്കും……… ചെറിയ പ്രായത്തിൽ പറ്റിയ ഒരബദ്ധം…….. അതാവും അയാൾക്കത്‌….. ഞാനായിട്ട് ആരുടേയും ഇമേജും കരിയറും നശിപ്പിക്കില്ല ……… ഷോപ്പിൽ നിവേദ്യക്കൊരു വിസിറ്റർ ഉണ്ടെന്നു പറയുമ്പോൾ ആശിക്കാറുണ്ട്……. അദ്ദേഹം ആവണേന്ന് പ്രാർത്ഥിച്ചിട്ടുണ്ട്……. വെറുക്കാൻ സാധിച്ചിട്ടില്ല ഇന്നുവരെ…… മറക്കാനും……. ഇനിയെനിക്ക് തേടിച്ചെല്ലാനും കഴിയില്ല…….
നിവേദ്യയുടെ കണ്ണു നിറഞ്ഞൊഴുകി……..

ഞാൻ പറഞ്ഞാൽ നന്ദൂട്ടൻ കേൾക്കില്ലേ ചേച്ചീ……. അന്നയുടെ മുഖത്തേക്ക് നോക്കി നിവേദ്യ ചോദിച്ചു……..

ഇനി നീ ആദിത്യൻ അവന്റെ അപ്പാ അല്ലെന്നു പറഞ്ഞാലും നിന്നെ വെറുക്കുകയൊന്നുമില്ല അവൻ…… പക്ഷേ മോളെ…… അവൻ അവന്റെ അപ്പായെ വളരെയധികം ആഗ്രഹിക്കുന്നുണ്ട്…… എപ്പോഴായാലും അവൻ തേടിപ്പോകും…. ഉറപ്പാണ്……… ഇന്നല്ലെങ്കിൽ നാളെ……

നിവേദ്യ തിരിഞ്ഞു പോകാൻ തുടങ്ങവേ പിറകിൽ ആദിത്യൻ നിൽക്കുന്നത് കണ്ടു….. എല്ലാം കേട്ടുവെന്നു മനസ്സിലായി…….. നന്ദൂട്ടൻ തോളിൽ കിടന്നുറങ്ങിയിരിക്കുന്നു…… അവനെ എടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു…… ഉറക്കത്തിലും മുറുകെ പിടിച്ചിരിക്കുകയാണ് ആദിത്യനെ…….

എവിടെയാ കിടത്തണ്ടത്…… ഞാൻ കിടത്തിക്കോളാം……. ആദിത്യൻ പറഞ്ഞു…..

നിവേദ്യ പതിയെ മുകളിലേക്ക് നടന്നു……. പിറകെ ആദിത്യനും……..

കർത്താവേ…… ഇങ്ങനെ ഒരു പൂർണ്ണത എന്റെ മോൾക്ക്‌ കൊടുക്കണേ….. അവളുടെ വിഷമങ്ങൾ എല്ലാം മാറ്റിക്കൊടുക്കണേ…….. അവരെ നോക്കി അന്ന കഴുത്തിൽ കിടന്ന കൊന്തയിൽ മുത്തി പ്രാർത്ഥിച്ചു……….

നന്ദുവിനെ ബെഡിൽ കിടത്തിയിട്ട് ആദിത്യൻ നിവേദ്യയുടെ അരികിലേക്ക് ചെന്നു……

സോറി നിവേദ്യ…….. പെട്ടെന്ന് മോനൂസിന്റെ കരച്ചിലും വിഷമവും കണ്ടപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്………. ഇനിയെന്താ ചെയ്യുകാന്നു പോലും ചിന്തിച്ചില്ല ഞാൻ …. താൻ പറ…… ഈ നാട്ടിലേക്ക് പോലും വരണ്ട എന്നു പറഞ്ഞാൽ അതു ചെയ്യാനും ഞാൻ തയ്യാറാണ്…….. സ്വന്തമായി ആരുമില്ലാത്തവന് ഏതു നാടായാലെന്ത്……..

നിവേദ്യ വേദനയോടെ ആദിത്യനെ നോക്കി…..

ഞാൻ പോകുവാണ്……. ഇപ്പോൾ തന്നെ നേരം ഒരുപാടായി……. മോനൂട്ടൻ എഴുന്നേറ്റു കഴിഞ്ഞാൽ…….. ചിലപ്പോൾ…… എനിക്കു വിട്ടു പോകാൻ കഴിഞ്ഞെന്നു വരില്ല…….നിവേദ്യക്കു മുഖം കൊടുക്കാതെ ആദിത്യൻ വെളിയിലേക്കു നടന്നു……

നന്ദൂട്ടനെ നേരെ കിടത്തി ഒരുമ്മ കൊടുത്തിട്ട് നിവേദ്യ പതിയെ വെളിയിലേക്കിറങ്ങി……

താഴെ ആദിത്യൻ അന്നേച്ചിയോടും അച്ചായനോടും സംസാരിക്കുകയാണ്…….. അതിനിടയിൽ അച്ചായൻ ചോദിച്ചു…….

ഇന്ന് ആദിത്യന് പോകണോ…. ഇവിടെ കൂടിക്കൂടേ…….. നന്ദൂട്ടൻ എഴുന്നേൽക്കുമ്പോൾ ആദ്യം അന്വേഷിക്കുക ആദിത്യനെയാവും….. കുഞ്ഞല്ലേ……. വിഷമിക്കും….. അതുമല്ല…. അവിടെ ചെന്നിട്ട് എന്തിനാ…. തനിച്ചല്ലേ താൻ….
എന്താ വേണ്ടതെന്നു നമുക്ക് ആലോചിക്കാം….. പതിയെ…… എന്താ മോളെ……. എന്തു പറയുന്നു……..

ആദിത്യൻ നിവേദ്യയുടെ മുഖത്തേക്ക് ഒരു മറുപടിക്കായി നോക്കി…….

തുടരും