19/04/2026

വേനൽമഴ : ഭാഗം 04

രചന – ഭദ്ര ശ്രീ

“ലൈറ്റ്…….” അനു വിക്കലോടെ നിരഞ്ജനെ നോക്കി. “ആടോ എനിക്ക് ലൈറ്റ് കിടന്നാ ഉറക്കം വരില്ല, തനിക്ക് വേണേ ലൈറ്റ് ഇട്ട് കിടന്നോളൂട്ടോ…. പിന്നെ വാതിൽ അടക്കാൻ മറക്കണ്ട. നീരുന്റെ പൂച്ച ചിലപ്പോ കേറി വരും….” “പൂച്ചയോ…..” “ആഹ് പൂച്ച, അവൾക്കൊരു വെള്ളപൂച്ചയുണ്ട്, മിക്കവാറും ഞാൻ കതക് തുറന്നിട്ട്‌ ഉറങ്ങുന്ന ദിവസങ്ങളിൽ എല്ലാം അത് ഇവിടെ വന്നു ബെഡിൽ കേറി കിടന്നാ ഉറങ്ങാ….” അതും പറഞ്ഞു പിറകോട്ടു നടന്ന നിരഞ്ജൻ അനാമികയുടെ പെട്ടിയിൽ കാൽതട്ടി ബെഡിലേക്ക് മറിഞ്ഞുവീണു. അവൻ വീണത് കണ്ട് അനുവും പേടിച്ചു ഓടിചെന്നു. “ഇതേതാ പുതിയ പെട്ടി…?” കട്ടിലിൽ നിവർന്നിരുന്ന് അനാമികയെ നോക്കി നിരഞ്ജൻ ചോദിച്ചു. “ഇത് എന്റെയാ… വീട്ടിൽ നിന്ന് കൊണ്ടുവന്നതാ….. എന്റെ ഡ്രസ്സ്‌ ഒക്കെ…..” “അതെന്തിനാടോ താൻ ഇവിടെ വച്ചേക്കുന്നേ….

എടുത്തു കബോർഡിൽ വച്ചൂടാരുന്നോ…..?” “അത്….. ചോദിക്കാണ്ട് എങ്ങനെയാ…..?” “ആ പഷ്ട്…..” നിരഞ്ജൻ ബെഡിൽ നിന്നെഴുന്നേറ്റ് അനുവിന്റെ നേരെ നിന്ന്കൊണ്ട് പറഞ്ഞു. “എടോ താൻ എന്റെ വൈഫ് ആണ്, അതായത് ഈ വീട് ഇനി തന്റെയും കൂടിയാണെന്ന്…. തനിക്ക് എന്ത് വേണമോ അത് ചെയ്യാം, എന്തേലും ആവശ്യം ഉണ്ട് ഞങ്ങളോട് ചോദിക്കാം…. തന്റെ വീട്ടിൽ താൻ എങ്ങനെയായിരുന്നോ അത് പോലെ മതി ഇവിടെയും, മനസ്സിലായോ….?” അവൾ തലകുലുക്കി. നിരഞ്ജനും അനുവും കൂടി ഡ്രെസ്സുകൾ എല്ലാം കബോർഡിൽ ആക്കി, അവളുടെ ബാഗിൽ നിന്ന് കുടഞ്ഞിട്ട പാവകളെ നോക്കി നിരഞ്ജൻ അവളോട് ചോദിച്ചു. “നീ ഇപ്പൊ എന്തിനാ പഠിക്കുന്നെന്നാ പറഞ്ഞത്…. ഡിഗ്രിക്കൊ….” ടെഡിബിയറും ബാർബിഡോളും മിക്കിമൗസും മിനിയനും ഒക്കെയായി ഒരു ഡസൻ പാവകളെ അവർ റൂമിൽ അങ്ങിങ്ങായി നിരത്തി വച്ചു,

അപ്പോഴേക്കും രണ്ടാളുടെയും ഉറക്കം പമ്പാനദി കടന്നിരുന്നു. “ഇത്രേം ഡോൾസ് നിനക്കാരാ വാങ്ങിതരുന്നേ അമ്മൂ…..?” “അമ്മു…..?” “ആ അമ്മു, തന്റെ അച്ഛന് അമ്മാളുനെ പറ്റി പറയാനല്ലേ നേരമുള്ളൂ, ഞാൻ അത് ഒന്നൂടി ഷോർട് ആക്കി അമ്മു എന്നാക്കി, എന്താടോ എനി പ്രോബ്ലം….?” “ഏയ്‌ ഇല്ല…. അച്ഛയാ എനിക്ക് ഇതൊക്കെ വാങ്ങി തരുന്നേ…. ഇനീം ഉണ്ടാരുന്നു പക്ഷെ അതൊക്കെ അമ്മേച്ചിടെ ആയോണ്ട്……” അനുവിന്റെ വാക്കുകൾ പാതിവഴി മുറിഞ്ഞു. മനഃപൂർവം അല്ല, അറിയാതെ പറഞ്ഞുപോയതാണ്. ചേച്ചിയെ കുറിച്ചോർത്തപ്പോൾ അവളിൽ കണ്ണുനീർ പൊടിഞ്ഞു. “സോറി അമ്മു… ഞാൻ…..” “ഏയ്‌ എന്തിനാ സോറി…. അതൊന്നും സാരല്ല്യ….” “താൻ ഇവിടെ വന്നിരിക്ക്…. ” മേശമേൽ ചാരി നിന്ന അനുവിനെ നിരഞ്ജൻ ബെഡിൽ പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു. “ആക്ച്വലി എന്റെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്, തന്റെ ചേച്ചിയെ എൻഗേജ്മെന്റിന് മുൻപോ ശേഷമോ ഒരു പ്രാവശ്യം പോലും വിളിക്കുകയോ കാണുകയോ ചെയ്തില്ല.

ഇന്ട്രെസ്റ്റ് ഇല്ലായിരുന്നു, പിന്നെ കേസ്ന്റെ ടെൻഷൻ…… സംസാരിച്ചിരുന്നെങ്കിൽ ആം ഷുവർ, ആൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞേനെ. പിന്നെ എല്ലാത്തിനും ഓരോ നിമിത്തം ഇല്ലേ… ഇതിപ്പോ ഇങ്ങനൊക്കെ ആയിതീരണം എന്നാവും വിധി….” അവൻ പറഞ്ഞു നിർത്തി, അപ്പോഴും അനു കുനിഞ്ഞു തന്നെയിരിക്കുകയായിരുന്നു. “ഡോ…. താൻ എന്താ ഒന്നും മിണ്ടാത്തെ…..” “ഞാൻ….. എനിക്ക്….. എനിക്ക്……” “എന്തിനാ വിക്കുന്നേ….. പറഞ്ഞോ….” “എനിക്ക്….. എനിക്കൊരാളെ ഇഷ്ടായിരുന്നു.” നിരഞ്ജൻ വെറുതെ ചിരിച്ചു കൊണ്ട് അവളെ നോക്കി ചോദിച്ചു, “അതിന്റെ ഇടയിലാ ചേച്ചി ഇറങ്ങിപോയതും ഇപ്പൊ ഈ കല്യാണം നടന്നതും ഒക്കെ…. അല്ലേ…..” “മ്മ്മ്മ്…” “അതൊന്നും സാരല്ല്യടോ എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം… അതിപ്പോഴോന്നും അല്ലാട്ടോ നാലഞ്ചു വർഷങ്ങൾക്ക് മുൻപ്… ഹാ അതൊക്കെ ഒരു കാലം….” “എന്നിട്ട്……?” “എന്നിട്ടെന്താ…. അവള് തേച്ചിട്ട് പോയി അത്രന്നെ….” തേപ്പെന്ന് കേട്ടതും അനുവിന്റെ മുഖം വല്ലാണ്ടായി. “അപ്പൊ ഞാനും തേച്ചു എന്നായിരിക്കും അവർ കരുതിയിട്ടുണ്ടാവാ…. അല്ലേ…..” “ഏയ്‌ താൻ ഇങ്ങനെ സില്ലി ആവാതെടോ….. പുള്ളിക്കാരനെ പോയ്‌ ഒന്ന് കണ്ടു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ……. ദെൻ തന്റെ സ്റ്റഡീസ് കംപ്ലീറ്റ് ചെയ്യണം ട്ടോ, തന്റെ അച്ഛൻ ആകെ എന്നോട് ആവശ്യപ്പെട്ടൊരു കാര്യാ അത്…….”

“എനിക്കിനി ഒന്നിനും വയ്യ…. എനിക്ക് പറ്റില്ല ഇനി കോളേജിലേക്ക് പോവാൻ…..” “ആഹാ അത് നല്ല കഥയായി…. ആദ്യം താൻ ഒന്ന് റിലാക്സ് ആവട്ടെ, ബാക്കിയൊക്കെ പിന്നെ സംസാരിക്കാം, ഇപ്പൊ താൻ കിടക്ക്, എനിക്ക് കുറച്ചു പെന്റിങ് വർക്ക്‌ കൂടിയുണ്ട്…..” “ആ ഫോൺ കാൾ ആണോ…..?” “ഹ്മ്മ് അത് തന്നെ, ഒന്നര കൊല്ലം മുൻപത്തെ ഒരു സൂയിസൈഡ് കേസ് ആണ്, ഇപ്പൊ അത് റീഓപ്പൺ ചെയ്യുവാ, ആ കുട്ടീടെ ബ്രദർ കംപ്ലയിന്റ് ചെയ്തിരുന്നു…… താൻ പോയ്‌ ഉറങ്ങിക്കോട്ടോ….. ഗുഡ് നൈറ്റ്‌….” അവളുടെ തോളിൽ തട്ടി ഫോണും ലാപ്ടോപ്പും എടുത്തു നിരഞ്ജൻ ബാൽകെണിയിലേക്ക് പോയി. കുറച്ചു നേരം അവനെ നോക്കി നിന്ന് അനു കബോർഡിൽ നിന്ന് ഒരു ചുരിദാറുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു. മുഖം കഴുകി ഡ്രെസ്സും മാറ്റി വന്നു കിടന്ന അവൾ പെട്ടെന്ന് തന്നെ ഉറങ്ങിപോവുകയും ചെയ്തു.

അനു ഉറങ്ങിയ ശേഷമാണ് നിരഞ്ജൻ റൂമിലേക്ക് വന്നത്, അവൾ ഉറങ്ങിക്കോട്ടെ എന്ന് കരുതിതന്നെയാണ് അവൻ മാറിയിരുന്നതും. ബാൽക്കെണി ഡോർ അടച്ചു കർട്ടനും ഇട്ട് അവൻ അവളെയൊന്നുനോക്കി. ഉറങ്ങുമ്പോൾ അവളൊരു കൊച്ചുകുഞ്ഞിനെ പോലെ അവന് തോന്നി, ബെഡ്ഷീറ്റ് എടുത്തു അവളെ പുതപ്പിച്ച് അവൻ ലൈറ്റ് ഓഫ് ആക്കി. മുറിയിൽ ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചം മാത്രം. ബെഡിൽ വന്നു കിടക്കുമ്പോൾ നിരഞ്ജൻ അനുവിന്റെ മുഖത്തേക്ക് നോക്കി, വല്ലാത്തൊരു വാത്സല്യം തോന്നി അവനവളോട്. രണ്ടുമൂന്ന് ദിവസത്തെ ക്ഷീണം കൊണ്ടാവും അവനും പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി. ഇടക്ക് അനുവിന്റെ ഒച്ച കേട്ട് നിരഞ്ജൻ ഉണർന്നു, വീട് മാറികിടന്നത് കൊണ്ടാവും അനു ഇടയ്ക്കിടെ ഞെട്ടുന്നുണ്ട്. അവൾ കിടക്കയിൽ കൈകൾ കൊണ്ട് പരതി, നിരഞ്ജന്റെ കൈത്തലം അവളുടെ കഴുത്തോട് ചേർത്ത് വച്ചു കിടന്നു അനാമിക. അവൾ തുടർച്ചയായി ഉറക്കത്തിൽ ഞെട്ടുന്നത് കൊണ്ട് നിരഞ്ജന് പിന്നെ ഉറക്കവും വന്നില്ല, അവൻ കണ്ണുതുറന്നു അങ്ങനെ കിടന്നു. അല്പം കഴിഞ്ഞപ്പോൾ അനു പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞ് അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു, ഉറക്കത്തിൽ അവളെന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു, നിരഞ്ജൻ ശ്രദ്ധയോടെ കാതോർത്തു. “അച്ഛേ…. അമ്മേച്ചിയോട് പോണ്ടാ ന്ന് പറ അച്ഛേ… അമ്മാളു ഇവിടെ തനിച്ചാ അച്ഛേ…..” അച്ഛനെന്നു കരുതി അവൾ കൂടുതൽ തന്നോട് പറ്റിച്ചേരുന്നുണ്ടെന്ന് നിരഞ്ജന് മനസിലായി, അവൻ ഒരു കൈകൊണ്ട് അവളുടെ തലയിൽ തലോടി. അവന് അനുവിനോട് വല്ലാത്തൊരിഷ്ടം തോന്നി. എപ്പോഴോ അവനും ഉറങ്ങിപ്പോയിരുന്നു.

രാവിലെ അനു ഉണരുമ്പോൾ ബെഡിൽ നിരഞ്ജൻ ഉണ്ടായിരുന്നില്ല. റൂമിൽ ലൈറ്റ് ഉണ്ട്, അവൾ ക്ലോക്കിലേക്ക് നോക്കി. അഞ്ചേമുക്കാലാകുന്നതേയുള്ളൂ, ഈ നേരം പുലർന്നു വരുന്ന നേരത്ത് നിരഞ്ജൻ ഇതെവിടെ പോയെന്ന് അവൾ ചിന്തിച്ചു. അവൾ ഉറക്കച്ചടവോടെ തന്നെ കുളിമുറിയിലേക്ക് പോയി, കുളിച്ചിറങ്ങിയപ്പോൾ അവൾക്ക് വല്ലാത്തൊരുന്മേഷം തോന്നി. പഴയതൊന്നും വിചാരിച്ചിരുന്നിട്ടോ സങ്കടപ്പെട്ടിട്ടോ ഒരു കാര്യവുമില്ല, ഇനി ഇതാണ് തന്റെ ജീവിതം, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും താൻ പൊരുത്തപ്പെട്ടേ മതിയാവൂ…. സ്റ്റെയർ ഇറങ്ങി താഴേക്ക് പോകുമ്പോൾ അനു മനസ്സിൽ ഓരോന്നും ചിന്തിച്ചു. ഹാളിലും അടുക്കളയിലും വെട്ടമുണ്ട്, അവൾ അടുക്കളയിലേക്ക് നടന്നു. അനു അടക്കളയിലെത്തിയപ്പോൾ അമ്മ ചായയിടുകയായിരുന്നു. “ആ, മോളുണർന്നോ…. കുറച്ചു നേരം കൂടി ഉറങ്ങായിരുന്നില്ലേ…..?” “ഇല്ലമ്മേ… ഞാൻ വീട്ടിലും ഈ നേരത്താ ഉണരാറ്….” “മോള് കുളിച്ചുല്ലേ, ദേ… ചായ കുടിക്ക് അപ്പൊ ആ തണുപ്പങ്ങു വിടും….” അമ്മ രണ്ട് മഞ്ഞകപ്പുകളിൽ ചായ പാർന്ന് വച്ചു.

“ഇതെന്താ രണ്ട് കപ്പ്….?” “ഒന്ന് അവനാ… പിള്ളേരൊക്കെ ഇനിയെ എണീക്കൂ….” “പക്ഷെ ഇവിടെങ്ങും ആളെ കാണാനില്ലല്ലോ….” “ആഹ് അവൻ ജോഗിംഗിന് പോയേക്കുവാ, ഇപ്പൊ വരും. അല്ല വന്നിട്ടുണ്ടാകും. ആറു മണിയായില്ലേ… മോള് മുറിയിലേക്ക് ചെല്ല്….” അനു രണ്ട് ചായക്കപ്പുമായി മുറിയിലേക്ക് നടന്നു, നിരഞ്ജൻ വന്നിട്ടുണ്ടായിരുന്നു. അവൾ വാതിൽക്കൽ നിന്നുകൊണ്ട് തന്നെ പറഞ്ഞു, “അച്ചുവേട്ടാ ചായ…..” “ങെ ഏട്ടനോ…. അത് കൊള്ളാല്ലോ, നിന്റെന്നും ഇളയതാ എന്റെ അനിയനും അനിയത്തിയും…. അവര് വരെ എന്നെ പേരാ വിളിക്കണേ…. എന്തായാലും കൊള്ളാം… അച്ചുവേട്ടാന്ന്…. ആ വിളി എനിക്കിഷ്ടായി….” അവൻ അവളുടെ കൈയിൽ നിന്ന് ചായ വാങ്ങിക്കൊണ്ട് പറഞ്ഞു. “നീ ചായ കുടിക്ക്, ഈ കപ്പ് എങ്ങനെയുണ്ട്… ഭംഗിയുണ്ടോ….. ” “ഹ്മ്മ്….” “ഇതിന്റെ പിന്നിൽ വലിയൊരു കഥയുണ്ട്, ഞാനത് പിന്നീട് പറഞ്ഞു തരാം. ഇപ്പൊ എനിക്കൊന്ന് ഓഫിസിൽ പോണം, സംഭവം ഇന്നും നാളെയും ഒക്കെ ഞാൻ ലീവാ. പക്ഷെ അത്യാവശ്യം ആയിട്ട് ചില വർക്ക്‌സ് പെന്റിങ് ഉണ്ട്. പോയിട്ട് പെട്ടെന്നു വരാൻ നോക്കാട്ടോ…..നീ അമ്മയോട് ബ്രേക്ക്ഫാസ്റ്റ് എടുത്തു വക്കാൻ പറ” ചായകപ്പ് അവളുടെ കൈയിൽ തിരികെ കൊടുത്ത് നിരഞ്ജൻ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു, അനു താഴേക്കും പോന്നു, ഭക്ഷണം ഉണ്ടാക്കാനും മറ്റും അമ്മയെ ഹെല്പ് ചെയ്തു. അരമണിക്കൂർ കഴിഞ്ഞപ്പോൾ നിരഞ്ജൻ പോവാൻ റെഡിയായി വന്നു, അമ്മായിയും പോകാൻ നിക്കുവായിരുന്നു.

അമ്മയും അനുവും കൂടി ഭക്ഷണം ടേബിളിൽ എടുത്തു വച്ചു. നിരുപമ എണീറ്റിട്ടില്ല, നീരവ് സോഫയിൽ ഉറക്കം തെളിയാതെ വന്നിരിപ്പുണ്ട്. “നിനക്ക് ഇന്നെങ്കിലും വീട്ടിൽ നിന്നൂടെ അച്ചൂ…..” “ഞാനെന്തോ ചെയ്യാനാ അമ്മേ ന്റെ ജോലി അങ്ങനല്ലേ….” “ഇങ്ങനത്തെ മാരണങ്ങളെ കെട്ടികൊണ്ട് വന്നാ എങ്ങനെ വീട്ടിൽ ഇരിക്കാൻ തോന്നും…?” അമ്മായി മുറുമുറുപ്പ് തുടങ്ങി . “അമ്മായി ഇന്ന് പോവല്ലേ….” നിരഞ്ജൻ ചോദിച്ചു. “ആ പോവാ മോനെ ഇറങ്ങാൻ തുടങ്ങുവായിരുന്നു…” “അപ്പൊ റെഡിയായിക്കോളുട്ടോ… ഞാൻ ആ വഴിക്കാ പോണേ… ഞാൻ ആക്കാം…” അപ്പോഴേക്കും മുറ്റത്ത് പോലീസ് വാൻ വന്നു നിന്നു, നിരഞ്ജൻ അമ്മായിയെം കൂട്ടി ഇറങ്ങാൻ തുടങ്ങവേയാണ് സോഫയിൽ കിളി പോയി ഇരിക്കുന്ന നീരവിനെ നിരഞ്ജൻ കണ്ടത്, “എണീറ്റ് പോയി പല്ല്തേക്കെടാ വേട്ടാവുളിയാ….” “ഒന്ന് പോയെ ഏട്ടാ… എന്നാ ഈ പല്ലൊക്കെ ഉണ്ടായത് …. ലക്ഷക്കണക്കിന് രൂപ കൊടുത്തു വാങ്ങുന്ന ആന പല്ല് തേക്കാറുണ്ടോ… ഉണ്ടോ… ഉണ്ടോ…..” “എടാ നീ ന്താ ഇപ്പൊ വിളിച്ചത്…. ഏട്ടാ ന്നോ…. ഇനി എനിക്ക് ചത്താലും വേണ്ടൂലാ…. പിന്നെ പല്ലിന്റെ കാര്യം…, അമ്മൂ…. പല്ല് തേക്കാതെ ഇവന് പച്ചവെള്ളം കൊടുക്കരുത് ട്ടാ…..” അനുവിനോട് അങ്ങനെ പറഞ്ഞ് നിരഞ്ജൻ അമ്മായിയെം കൂട്ടി പോയി, അമ്മയും അനുവും നീരവിനെ നോക്കി ചിരിച്ചു…

നിരുപമ ഏറെ വൈകിയിട്ടാണ് ഉണർന്നത്, അവൾക്കും കൂടി ആഹാരം കൊടുത്തിട്ടാണ് അമ്മയും അനുവും കഴിക്കാനിരുന്നത്. കഴിച്ചു കഴിഞ്ഞു അനു അമ്മയോടൊപ്പം അടുക്കളയിൽ അല്ലറചില്ലറ പണിക്കൊക്കെ കൂടി. ഉച്ചയൂണൊക്കെ റെഡിയാക്കി അവൾ അമ്മേടെ കൂടെ ഹാളിൽ വന്നിരുന്നു, നിരഞ്ജൻ അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. “അമ്മേടെ ഫോൺ ഒന്ന് തരാവോ… ഒരു കാൾ വിളിച്ചോട്ടെ ഞാൻ…..” “മോൾടെ അടുത്ത് ഫോണില്ലേ…..” ഫോൺ അനുവിന് നേരെ നീട്ടിക്കൊണ്ട് അമ്മ ചോദിച്ചു, “എന്റടുത്തു ഫോൺ ഇല്ലമ്മേ….” അമ്മേടെ കൈയിൽ നിന്ന് ഫോണും വാങ്ങി അനു മുറിയിലേക്ക് പോയി, അച്ഛന്റെ നമ്പർ ഡയൽ ചെയ്തു. “ഹലോ….” മറുവശത്ത് അച്ഛന്റെ സൗണ്ട് കേട്ടതും അനുവിന്റെ കണ്ണുകൾ അവളറിയാതെ നിറഞ്ഞൊഴുകി 💗തുടരും 💗